നദ്‌വത്തുല്‍ മുജാഹിദീന്‍

പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിക സന്ദേശം എത്തിയ നാടാണ് കേരളം. സ്വഹാബികളും താബിഉകളും അവര്‍ക്കു ശേഷം സൂഫികളും ഔലിയാക്കളുമായിരുന്നു ഇവിടെ ഇസ്‌ലാമിക പ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സമുദായത്തിനു വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാന്‍ മാത്രം സമ്പന്നമായ ഒരു പണ്ഡിതനിര കേരളീയ മുസ്‌ലിം ഉമ്മത്തിനു നേതൃത്വം നല്‍കി. അതുകൊണ്ട് തന്നെ മതത്തിന്റെ തനിമയും തെളിച്ചവും നിറഞ്ഞു നില്‍ക്കുന്ന ഒരു മാതൃകാ സമൂഹമായി കേരള മുസ്‌ലിംകള്‍ ജ്വലിച്ചു നിന്നു. അവരുടെ സംസ്‌കാരത്തിനും പ്രതാപത്തിനും കോട്ടം സൃഷ്ടിക്കുന്ന സര്‍വ്വ കാര്യങ്ങളും അവര്‍ തിരസ്‌കരിച്ചു.
ഖവാരിജിസം, ശീഇസം, മുഅ്തസിലിസം തുടങ്ങിയ മതനവീകരണ പ്രസ്ഥാനങ്ങള്‍ മുസ്‌ലിം ലോകത്ത് വിവാദങ്ങളുടെ കൊടുങ്കാറ്റുകളഴിച്ചുവിട്ട് പ്രകമ്പനം സൃഷ്ടിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഭരണകൂടങ്ങളും ബൗദ്ധിക കേന്ദ്രങ്ങളും അവര്‍ക്ക് ശക്തി പകര്‍ന്നിരുന്ന കാലം. കലുഷിതമായ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ബിദ്അത്തിന്റെ വിഷക്കാറ്റ് കേരളക്കരയില്‍ അടിച്ചുവീശിയില്ല. ഒറ്റപ്പെട്ട ചിലര്‍ ശീഈ ചിന്തകളും മറ്റും ഇവിടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിതാന്ത ജാഗ്രതയോടെ സമുദായത്തിനു കാവലിരുന്ന പണ്ഡിത വ്യൂഹം അതിനനുവദിച്ചില്ല. പൊന്നാനിയിലെ മഖ്ദൂമുമാര്‍, കോഴിക്കോട്ടെ ഖാസിമാര്‍, സയ്യിദ് കുടുംബങ്ങള്‍, സൂഫീ ചിന്തകര്‍… ഇവരെല്ലാവരും ചേര്‍ന്ന് മലയാള മണ്ണിനെ ഇസ്‌ലാമിന്റെ മലര്‍വാടിയാക്കി മാറ്റി. വിശ്വാസ വഴിയില്‍ അശ്അരീ മാര്‍ഗവും കര്‍മ്മ സരണിയില്‍ ശാഫിഈ മദ്ഹബും പിന്തുടര്‍ന്നു ഏകോതര സഹോദരങ്ങളായി മുസ്‌ലിം ഉമ്മത്ത് ഇവിടെ ജീവിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെ ഇതായിരുന്നു അവസ്ഥ. എന്നാല്‍ 1921-ലെ മലബാര്‍ കലാപം ഇതിനൊരു മാറ്റം സൃഷ്ടിച്ചു. എഴുപതിനായിരത്തിലധികം മുസ്‌ലിംകള്‍ കൊല്ലപ്പെട്ട പ്രസ്തുത കലാപം മുസ്‌ലിംകളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളര്‍ത്തി. ഒരു ഭാഗത്ത് അരപ്പട്ടിണിയും മുഴുപട്ടിണിയും മറുഭാഗത്ത് വസൂരിയും കോളറയും വേട്ടയാടാന്‍ തുടങ്ങി. ഈ കലുഷിതാന്തരീക്ഷത്തെ ചൂഷണം ചെയ്തുകൊണ്ട് ചിലര്‍ മതനവീകരണ വാദത്തിന്റെ വിഷവിത്തുമായി ഇവിടെ രംഗപ്രവേശം ചെയ്തു. ഇബ്‌നു അബ്ദില്‍ വഹാബിന്റെയും ഈജിപ്ഷ്യന്‍ ത്രിമൂര്‍ത്തികളുടെ മതനവീകരണ ചിന്തകള്‍ മുസ്‌ലിം സമൂഹത്തില്‍ കടത്തിവിടാനുള്ള അവസരമായി അവര്‍ കലാപാനാന്തര കാലത്തെ കണ്ടു. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
മലബാര്‍ കലാപത്തിലേക്ക് മാപ്പിള സമൂഹത്തെ ഇളക്കിവിടാന്‍ നേതൃത്വം നല്‍കുകയും കലാപാനന്തരം സ്വന്തം തടി രക്ഷപ്പെടുത്തി കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടുകയും ചെയ്ത കെ.എം. മൗലവി, ഇ.കെ. മൗലവി, എം.സി.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. വക്കം മൗലവിയെപോലുള്ളവര്‍ അവര്‍ക്ക് സര്‍വ്വ പ്രചോദനങ്ങളും നല്‍കി. ആദ്യം ഐക്യ സംഘമെന്നും പിന്നീട് മുജാഹിദ് പ്രസ്ഥാനമെന്നും അവര്‍ അറിയപ്പെട്ടു.
ഐക്യസംഘം
1922-ല്‍ കൊടുങ്ങല്ലൂരില്‍ വെച്ചാണ് ‘ഐക്യസംഘം’ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കപ്പെടുന്നത്. കൊടുങ്ങല്ലൂരിലെ ചില കുടുംബങ്ങള്‍ക്കിടയില്‍ നിന്നിരുന്ന വഴക്കുകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു വേദി എന്ന നിലക്കാണ് സംഘം പ്രത്യക്ഷപ്പെടുന്നത്. ‘നിഷ്പക്ഷ സംഘം’ എന്നാണ് ആദ്യം അതിനു പേര് വെച്ചിരുന്നത്. പിന്നീട് ഇതൊരു താല്‍ക്കാലിക സംവിധാനമായാല്‍ പേരെന്നും കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും ഏറിയാട്ട് ചേര്‍ന്ന നിഷ്പക്ഷ സംഘത്തിന്റെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അങ്ങനെയാണത് ‘കേരള മുസ്‌ലിം ഐക്യ സംഘം’ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്നത്. കെ.എം. സീതി സാഹിബ്, കെ.എം. മൗലവി, മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി, ഇ.കെ. മൗലവി തുടങ്ങിയവരാണ് അന്നതിന്റെ തലപ്പത്തുണ്ടായിരുന്നത്.
ഐക്യസംഘത്തിന്റെ നയനിലപാടുകളെ കുറിച്ച് ആദ്യമൊന്നും പൊതുസമൂഹത്തിന്, അഭിപ്രായങ്ങള്‍ പറഞ്ഞു തീര്‍ക്കുന്ന ഒരു വേദി എന്നതിനപ്പുറം യാതൊന്നുമറിയില്ലായിരുന്നു. 1923-ല്‍ ഏറിയാട്ടു വെച്ചു നടന്ന പ്രഥമ വാര്‍ഷിക സമ്മേളനത്തോടെയാണ് അതിന്റെ തനിനിറം പുറത്തുവരാന്‍ തുടങ്ങിയത്. പ്രസ്തുത സമ്മേളനത്തില്‍ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു അധ്യക്ഷന്‍. മധ്യപൗരസ്ത്യ ദേശങ്ങളില്‍ വഹാബിസം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച റശീദ് രിളയുടെ അല്‍മനാറിന്റെ സ്ഥിരം വായനക്കാരനും അതിന്റെ പ്രബോധകനുമായിരുന്നു മൗലവി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം പല പണ്ഡിതന്മാരിലും ഐക്യസംഘത്തിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ച് സംശയം സൃഷ്ടിച്ചു. സംഘത്തിനു കീഴില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘മുസ്‌ലിം ഐക്യം’, ‘അല്‍ ഇര്‍ശാദ്’ എന്നീ മാസികകളിലൂടെ വഹാബീ ആശയങ്ങള്‍ പുറത്തു വരാന്‍ തുടങ്ങി. ഇതും ജനങ്ങള്‍ക്കിടയില്‍ സംശയം വര്‍ദ്ധിപ്പിക്കുകയും എതിര്‍പ്പുകള്‍ സൃഷ്ടിക്കുകയും ചെയ്തു. അതില്ലാതെയാക്കാനുള്ള ഏക പോംവഴി കേരള മുസ്‌ലിംകള്‍ക്കിടയില്‍ പൊതു സമ്മതനായ ഒരു പണ്ഡിതന്റെ നേതൃത്വത്തില്‍ മറ്റൊരു സമ്മേളനം സംഘടിപ്പിക്കുകയാണെന്ന് ഐക്യസംഘം തീരുമാനിച്ചു. അങ്ങനെയാണ് വേലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പളായിരുന്ന ശൈഖ് അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്തിനെ 1924 മെയ് 10,11,12 തിയ്യതികളില്‍ ആലുവായില്‍ നടന്ന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്.
സംഘത്തിനു നേരെ എതിര്‍പ്പുകള്‍ വന്നുതുടങ്ങിയ ഘട്ടത്തില്‍, കേരളത്തിലെ തലമുതിര്‍ന്ന പണ്ഡിതന്മാരുടെയെല്ലാം പിന്തുണ തങ്ങള്‍ക്കുണ്ടെന്നു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഐക്യസംഘക്കാര്‍ ശ്രമിച്ചു. അതിനു വേണ്ടിയവര്‍ ആലുവാ സമ്മേളനത്തോടനുബന്ധിച്ച് ഒരു ഉലമാ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള ഐക്യസംഘക്കാര്‍ കേരളത്തിലുടനീളം സഞ്ചരിച്ചു യാത്ര-ഭക്ഷണ ചെലവുകളെല്ലാം സംഘം വഹിക്കാമെന്ന ഓഫര്‍ നല്‍കി ഉലമാ കോണ്‍ഫ്രന്‍സിലേക്ക് മതപണ്ഡിതന്മാരെ ക്ഷണിക്കുകയായിരുന്നു. അവിടെ വെച്ചവര്‍ ‘കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന പേരില്‍ ഒരു പണ്ഡിത സഭക്കു രൂപം നല്‍കി. ഐക്യസംഘം പുറത്തുവിടുന്ന മതനവീകരണ ചിന്തകള്‍ക്ക് പണ്ഡിതന്മാരുടെ മേലൊപ്പ് ഉണ്ടെന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഐക്യസംഘത്തിനു കീഴില്‍ ഇങ്ങനെ ഒരു പണ്ഡിത സഭ തട്ടിക്കൂട്ടിയത്. ഐക്യസംഘത്തിന്റെ ഒരു ഉപദേശക സമിതി എന്നതില്‍ കവിഞ്ഞ്, ജംഇയ്യത്തിന് സ്വന്തമായി ഒരു പ്രവര്‍ത്തന പരിപാടിയോ നിര്‍വ്വാഹക സമിതിയോ ഉണ്ടായിരുന്നില്ല. പിന്നീട് ഐക്യ സംഘം പൊളിഞ്ഞുപോയതിനു ശേഷമാണ് ‘കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന പേരില്‍ ഇവര്‍ രംഗത്തു വരുന്നത്.
1925-ല്‍ സംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് വെച്ച് നടത്തപ്പെട്ടു. അതോടെയാണ് കൊടുങ്ങല്ലൂരില്‍ നിന്ന് നജ്ദിയന്‍ ചിന്ത മലബാറില്‍ എത്തുന്നത്. അഹ്‌ലുസുന്നയുടെ പാതയില്‍ നിന്ന് പതുക്കെ വ്യതിചലിച്ചു തുടങ്ങിയ ഐക്യസംഘം പിന്നീട് ഗുരുതരമായ പല വാദങ്ങളും എഴുന്നള്ളിക്കുവാന്‍ തുടങ്ങി. ആദ്യമൊക്കെ സംഘത്തോട് സഹകരിച്ചിരുന്ന പല പണ്ഡിതന്മാരും അവരുടെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞതോടെ അതില്‍ നിന്നും രാജിവെച്ചു തുടങ്ങി. അവസാനം ഇസ്‌ലാം ഹറാമാക്കിയ പലിശ പോലും ഐക്യസംഘക്കാര്‍ ഹലാലാക്കി. അതിനു വേണ്ടി എറണാകുളത്ത് അവര്‍ ഒരു ബാങ്ക് സ്ഥാപിച്ചു. ആദ്യകാലത്ത് ഐക്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നി അവരോട് സഹകരിക്കാന്‍ തയ്യാറായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ളവര്‍ സംഘത്തിന്റെ ചതിക്കുഴി തിരിച്ചറിഞ്ഞും അതിനെ എതിര്‍ത്തതും അപ്പോഴായായിരുന്നു. പ്രബോധനം എഴുതുന്നു:
”ഐക്യസംഘം നേതാവ് കെ.എം. സീതി സാഹിബ് മുന്‍കയ്യെടുത്ത് എറണാകുളത്ത് മുസ്‌ലിം ബാങ്ക് സ്ഥാപിച്ചു. മിതമായ പലിശ വാങ്ങുന്നത് ഹറാം അല്ല എന്ന് ഐക്യസംഘത്തിലെ ചില മൗലവിമാര്‍ ഫത്‌വയിറക്കി. ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളില്‍ നിന്ന് അണുപോലും വ്യതിചലിക്കരുതെന്ന നിര്‍ബന്ധക്കാരനായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന് ഇതു സഹിച്ചില്ല” (കേരള മുസ്‌ലിം നവോത്ഥാന ചരിത്രം: 58) ഇസ്‌ലാമില്‍ ഇല്ലാത്തത് കൊണ്ടുവരികയും ഉള്ളവ ഇല്ലാതെയാക്കുകയുമാണ് ഐക്യസംഘത്തിന്റെ സ്വഭാവമെന്ന് തിരിച്ചറിഞ്ഞ ജനം കൂട്ടത്തോടെ കൂടാരം വിട്ടു. ”മുസ്‌ലിം ബഹുജനങ്ങള്‍ ഒന്നടങ്കം ഐക്യസംഘത്തിനെതിരായി. ബാങ്കിന്റെയും ഐക്യസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കേരള മുസ്‌ലിം ഐക്യസംഘം നേതാക്കള്‍ നിര്‍ബന്ധിതരായി.” (Ibid: 58)
ഏതായാലും രൂപീകരിച്ച് ഒരു വ്യാഴവട്ടം കഴിയുന്നതിനു മുമ്പ് തന്നെ ഐക്യസംഘം പിരിച്ചുവിടേണ്ടിവന്നു. 1922-ല്‍ രൂപീകൃതമായ സംഘം 1934-ല്‍ ഇല്ലാതെയായി. ഐക്യസംഘം എന്ന ലേബളിലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും ജനം അംഗീകരിക്കില്ലെന്ന് അതിന്റെ നേതാക്കള്‍ തിരിച്ചറിഞ്ഞു.
കേരള ജംഇയ്യത്തുല്‍ ഉലമ
ഐക്യസംഘം ദുര്‍ബലപ്പെടുത്തിയതോടെ പഴയ ഉപദേശക സമിതിയായിരുന്ന ‘കേരള ജംഇയ്യത്തുല്‍ ഉലമ’യെ ഒരു പുതിയ സംഘടനയുടെ രൂപത്തില്‍ അവര്‍ രംഗത്തിറക്കുകയായിരുന്നു. 1933 ജനുവരി 23-ന് പുളിക്കല്‍ അല്‍ മദ്‌റസത്തു മുനവ്വറയില്‍ വെച്ചു ചേര്‍ന്ന സംഘത്തിന്റെ ഒരു യോഗത്തില്‍ ‘കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന പേര് എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി നിര്‍ദേശിക്കുകയും പി.കെ. മൊയ്തീന്‍ മൗലവി പിന്താങ്ങുകയുമായിരുന്നു. 1925 മുതല്‍ ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ’ എന്ന പേരില്‍ ബഹുജന പിന്തുണയുള്ള ഒരു പണ്ഡിത സംഘടന പ്രവര്‍ത്തിക്കുന്നതും ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ അതിനു ജനകീയാടിത്തറയുണ്ടാവുകയും ചെയ്തത് ജംഇയ്യത്തുല്‍ ഉലമയായി രംഗത്തു വരാന്‍ ഐക്യസംഘത്തെ പ്രേരിപ്പിച്ചു.
എന്നാല്‍ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രമെഴുതുന്നവര്‍ പലപ്പോഴും അതിനെ കേരളത്തിലെ പ്രഥമ പണ്ഡിത സഭയായി അവതരിപ്പിക്കാറുണ്ട്. വസ്തുതാപരമായി അതു ശരിയല്ല. 1933-നു ശേഷമാണ് കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1925-ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അപ്പോഴേക്കും മലയാളക്കരയിലെ ആധികാരിക പരമോന്നത പണ്ഡിതസഭയായി വളര്‍ന്നിട്ടുണ്ടായിരുന്നു. 1922-ല്‍ ആലുവയില്‍ വെച്ച് ഐക്യസംഘത്തിന്റെ ഒരു ഉപദേശക സമിതിയായി കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒന്ന് രൂപീകരിച്ചിട്ടുണ്ടായിരുന്നു. സ്വന്തമായി ഒരു കമ്മിറ്റിയോ പ്രവര്‍ത്തന മേഖലയോ ഇല്ലാത്ത കേവലമൊരു സമിതി മാത്രമായിരുന്നു അത്. അതിനെ ഒരു പണ്ഡിത സംഘടന എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് ശരിയല്ല. സമസ്ത 1927 ഫെബ്രുവരി 7-ന് താനൂരില്‍ അതിവിപുലമായി ഒന്നാം സമ്മേളനവും 1927 ഡിസംബര്‍ 31-ന് പാലക്കാട് ജില്ലയില്‍ മോളൂരില്‍ രണ്ടാം സമ്മേളനവും 1929 ജനുവരി 7ന് ചെമ്മന്‍കുഴിയില്‍ മൂന്നാം വാര്‍ഷിക സമ്മേളനവും അതേ വര്‍ഷം ഡിസംബറില്‍ ‘അല്‍ ബയാന്‍’ മുഖപത്രവുമെല്ലാം നടത്തിയതിനും സജീവമായി പ്രവര്‍ത്തന ഗോദയിലിറങ്ങിയതിനുമെല്ലാം രേഖകളുണ്ട്. എന്നാല്‍ 1933-നു മുമ്പുള്ള കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊരു തെളിവുകളുമില്ല. അതേകുറിച്ച് അവരുടെ തന്നെ രേഖകള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുക.
1. മുജാഹിദ് പ്രസ്ഥാനത്തിന്റെ പഴയകാല നേതാക്കളില്‍ പ്രമുഖനായിരുന്ന പി.പി. അബ്ദുല്‍ ഗഫൂര്‍ മൗലവി എഴുതുന്നു: ”കേരള ജംഇയ്യത്തുല്‍ ഉലമ 1924 മുതല്‍ 1933 വരെ ഐക്യസംഘത്തിന്റെ ഒരു ഉപദേശക സമിതി എന്ന നിലക്കായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജംഇയ്യത്തിനു സ്വന്തമായി ഒരു പ്രവര്‍ത്തന പരിപാടിയോ നിര്‍വാഹ സമിതിയോ ഉണ്ടായിരുന്നില്ല. എന്നാല്‍ 1933-ല്‍ ഐക്യസംഘത്തിന്റെ ചുമതലകള്‍ ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുക്കുകയും സജീവവും ശാസ്ത്രീയവുമായ ഒരു പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുകയുമുണ്ടായി.” (ശബാബ് സെമിനാര്‍ പതിപ്പ് 1997)
2. അബ്ദുല്‍ ഗഫൂര്‍ മൗലവി തുടരുന്നു: ”ഇതിനുവേണ്ടി 1933 ജനുവരിയില്‍ പുളിക്കല്‍ മദ്‌റസത്തുല്‍ മുനവ്വറ ഹാളില്‍ ഉലമാക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടുകയുണ്ടായി. പ്രസ്തുത ഉലമാ യോഗത്തിന്റെ പ്രോസീ ഡിംഗ്‌സിലെ ഇതു സംബന്ധമായ ഭാഗം ഇവിടെ ഉദ്ധരിക്കാം: കെ.പി.കെ. മൊയ്തീന്‍ മൗലവി, പി.പി. ഉണ്ണീന്‍കുട്ടി മൗലവി, പി.കെ. മൂസ മൗലവി, പി.എന്‍. മുഹമ്മദ് മൗലവി, പി.പി. ഉബൈദുല്ല മൗലവി എന്നിവര്‍ ഒപ്പിട്ട് അയച്ച ക്ഷണമനുസരിച്ച് 1933 ജനുവരി 23 പുളിക്കല്‍ അല്‍ മദ്‌റസത്തുല്‍ മുനവ്വറ ഹാളില്‍ ഉലമാക്കളുടെ ഒരു പൊതുയോഗം ചേരുകയുണ്ടായി. ആദ്യമായി യോഗ ഉദ്ദേശ്യം വിവരിച്ചുകൊണ്ട് ക്ഷണക്കാരില്‍ ഒരാളായ പി.കെ. മൂസ മൗലവി ഒരു പ്രസംഗം ചെയ്തു. അതിന്റെ രത്‌നച്ചുരുക്കം: ‘ഐക്യ സംഘത്തിന്റെ രണ്ടാം വാര്‍ഷിക യോഗം ആലുവയില്‍ കൂടിയ അവസരത്തില്‍ ഹാജി മൗലാനാ മൗലവി അബ്ദുല്‍ ജബ്ബാര്‍ സാഹിബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കുകയും, അനന്തരം ഐക്യ സംഘത്തിന്റെ കഴിഞ്ഞ വാര്‍ഷിക യോഗാവസരങ്ങളില്‍ ചിലപ്പോള്‍ അതിന്റെ ഓരോ യോഗം കൂടുകയും ഉണ്ടായെങ്കിലും സ്ഥിരമായി അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കമ്മിറ്റി ഇല്ലാത്തത് കാരണം വളരെ ശോചനീയമാണ്. ശരിയായി പ്രവര്‍ത്തിക്കുന്ന ഒരു കമ്മനറ്റി രൂപീകരിക്കണം. പ്രവര്‍ത്തന പദ്ധതി രൂപീകരിക്കണം. ഈ ആവശ്യങ്ങള്‍ക്കാണ് ഞങ്ങള്‍ ഈ യോഗത്തിനു നിങ്ങളെ ക്ഷണിച്ചത്. (1933-ലെ ഉലമാ പൊതുയോഗ പ്രൊസീസിംഗ്‌സില്‍ നിന്ന്) മേല്‍ കാണിച്ച ഉദ്ധരണിയില്‍ നിന്ന് മനസ്സിലാകുന്നത് കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തന ക്ഷമമാകുന്നത് 1933 ജനുവരി മുതല്‍ക്കാണ്.” (ശബാബ് സെമിനാര്‍ പതിപ്പ് 1997)
3. ”ഈ സംഘത്തിന്റെ പേര് കേരള ജംഇയ്യത്തുല്‍ ഉലമ (അഹ്‌ലു സുന്നത്തി വല്‍ ജമാഅത്ത് സംഘം) എന്നായിരിക്കേണ്ടതാണ് എന്ന് പ്രസ്തുത സമ്മേളനത്തില്‍ വെച്ച് എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി അഭിപ്രായപ്പെടുകയും പി.കെ. മൊയ്തീന്‍ മൗലവി പിന്താങ്ങിയതുമനുസരിച്ച് സര്‍വ്വ സമ്മതമായി പാസാക്കുകയും ചെയ്തു. മെമ്മോറാണ്ടവും ചട്ടവും വായിച്ചു പാസാക്കുകയും നിര്‍വ്വാഹക സമിതി രൂപീകരിക്കുകയും ചെയ്യുന്നതിനായി അടുത്തുതന്നെ ഉലമാക്കളുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടേണ്ടതാണെന്ന് പ്രമേയം മുഖേന പാസാക്കിയതിനനുസരിച്ച് പി. പോക്കര്‍ മൗലവി വിളിച്ചു ചേര്‍ത്ത അടുത്ത യോഗത്തിലാണ് പ്രവര്‍ത്തക സമിതിയും ഭാരവാഹികളും ഭരണ ഘടനയും രജിസ്‌ട്രേഷനുമെല്ലാം ഉണ്ടാവുന്നത്.” (ശബാബ് സെമിനാര്‍ പതിപ്പ് 132)
4. കെ.ജെ.യു. പ്രസിഡണ്ടായിരുന്ന പി.കെ. അലി അബ്ദുര്‍റസാഖ് മദനി എഴുതുന്നു: ”1924-ല്‍ സ്ഥാപിതമായെങ്കിലും ഏറെക്കുറെ ഐക്യ സംഘത്തിന്റെ ഉപദേശക സമിതിയായി മാത്രം പ്രവര്‍ത്തിച്ചിരുന്ന കേരള ജംഇയ്യത്തുല്‍ ഉലമ 1933 മുതല്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തന രംഗത്ത് സജീവമായി.” (മുജാഹിദ് 7-ാം സമ്മേളനം 2008, സോവനീര്‍: 17)
5. കെ.ജെ.യു. സെക്രട്ടറി എം. മുഹമ്മദ് മദനി തുടരുന്നു: ”കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ശ്രമഫലമായി 1924-ല്‍ ഉണ്ടായി. ആലുവയില്‍ രൂപംകൊണ്ടതാണെങ്കിലും 1933 മുതല്‍ക്കാണ് വ്യവസ്ഥാപിതമായ പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയത്. കെ.എം. മൗലവി പ്രസിഡണ്ടും എം.സി.സി. അബ്ദുര്‍റഹ്മാന്‍ മൗലവി സെക്രട്ടറിയുമായിരുന്നു.” (മുജാഹിദ് 7-ാം സമ്മേളനം 2008, ചങ്ങരംകുളം സോവനീര്‍: 149)
കേരളത്തിലെ ആദ്യത്തെ ആധികാരിക പണ്ഡിത സഭ കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നും സമസ്ത ഉള്‍പ്പെടെയുള്ളവ അതില്‍ നിന്നു വിഘടിച്ചു പോയതാണെന്നും ചിലര്‍ അവകാശപ്പെടാറുണ്ട്. അതു വസ്തുതാപരമല്ലെന്നു സൂചിപ്പിക്കാണിത്രയും വിശദീകരിച്ചത്. 1933-ല്‍ പുതിയ പേരും കമ്മിറ്റിയും സമിതിയും ഉണ്ടാക്കിയാണ് നിലവിലെ കെ.ജെ.യു പ്രവര്‍ത്തന മാരംഭിച്ചത് എന്ന് അതിന്റെ നേതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയാണല്ലോ.
1933-ല്‍ കെ.ജെ.യു. രൂപീകൃതമായതു മുതല്‍ 1950 വരെ കേരളത്തില്‍ മതനവീകരണ ചിന്തകള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതിന് അവരായിരുന്നു. എന്നാല്‍ 1950-ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരില്‍ ഒരു ബഹുജന സംഘടന രൂപീകരിക്കപ്പെട്ടതോടെ കെ.ജെ.യു പൊതുരംഗത്തു നിന്നും മാറുകയായിരുന്നു. 1947 ഏപ്രില്‍ 12നു ചേര്‍ന്ന കെ.ജെ.യു വര്‍ക്കിംഗ് കമ്മിറ്റി ഇങ്ങനെയൊരു ബഹുജന സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. കെ.ജെ.യു.വിന്റെ ആശങ്കകള്‍ ശരിവെക്കുന്ന വിധത്തിലായിരുന്നു പിന്നീട് നദ്‌വത്തുല്‍ മുജാഹിദീനിന്റെ പ്രവര്‍ത്തനം. ആശയ പ്രചരണങ്ങളുടെ നേതൃത്വംവും നിയന്ത്രണവുമെല്ലാം നദ്‌വത്തിന്റെ കയ്യിലായി. പണ്ഡിതസഭ വെറും നോക്കുകുത്തിയും. ഇരു സംഘടനകളും പരസ്പരം പിണങ്ങി നില്‍ക്കാന്‍ ഇതു കാരണമായി. 16 വര്‍ഷം നീണ്ടുനിന്ന പ്രസ്തുത പിണക്കം 1967 മാര്‍ച്ചില്‍ നടന്ന ഒരു ചര്‍ച്ചയിലൂടെയാണ് അവസാനിച്ചത്. അപ്പോഴേക്കും കെ.ജെ.യു. ഒരു കടലാസ് സംഘടനയായി മാറിയിട്ടുണ്ടായിരുന്നു. അതിനു ശേഷം കെ.എന്‍.എമ്മിന്റെ ഒരു ഉപഘടകത്തെ പോലെയാണ് കെ.ജെ.യു പ്രവര്‍ത്തിച്ചുപോരുന്നത്. മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് പോലും അവരുടെ പണ്ഡിത സഭയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വിധത്തിലാണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ. ടി.കെ. മുഹ്‌യദ്ദീന്‍ ഉമരി പ്രസിഡണ്ടും എം. മുഹമ്മദ് മദനി സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോള്‍ സംഘത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.

(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter