ഇമാം അശ്അരി: ബിദഈ വിരുദ്ധ പോരാട്ടത്തിന്‍റെ മുന്നണിപ്പോരാളി
ഹിജ്റ മുന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ഉദയം കൊള്ളുകയും ബലക്ഷയം സംഭവിച്ച സുന്നത്ത് ജമാഅത്തിനെ പൂര്‍വ്വാര്‍ധം ശക്തി പകരുകയും ചെയ്ത് ചരിത്രത്തില്‍ മൂന്നാം നൂറ്റാണ്ടിന്‍റെ മുജദ്ദിദായി പണ്ഡിത ലോകം വാഴ്ത്തിയ മഹാപ്രതിഭാശാലിയായിരുന്നു ഇമാം അശ്അരി. അബുല്‍ ഹസനുല്‍ അശ്അരിയെന്നാണ് പൂര്‍ണ്ണ നാമം. നാസിറുദ്ധീന്‍ എന്നാണ് സ്ഥാനപ്പേര്. ഹിജ്റ 260 ല്‍ സ്വഹാബിയായ അബൂമുസല്‍ അശ്അരിയുടെ കുടുംബ പരമ്പരയിലാണ് ഇമാം അശ്അരി ഭൂജാതനാവുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ അശ്അരി തറവാടിന് മഹത്തായ പ്രാധാന്യമാണുള്ളത്. അവരെ പ്രശംസിച്ച് കൊണ്ടുള്ള ഹദീസുകള്‍ ഏറെ പ്രസിദ്ധമാണ്. പ്രാവാചകന്‍ (സ്വ) പറയുന്നു: അശ്അരികള്‍ യുദ്ധക്കളം വിട്ടോടുകയോ വഞ്ചിക്കുകയോ ചെയ്യുകയില്ല. അവരെന്നിലും ഞാന്‍ അവരിലും പെട്ടവനാകുന്നു. മറ്റൊരിക്കല്‍ റസൂല്‍ (സ്വ) പറഞ്ഞു: ഖുര്‍ആനുമായുള്ള അശ്അരികളുടെ ബന്ധം എനിക്കറിയാം പകലില്‍ അവരുടെ വീടുകള്‍ തിരിച്ചറിയാന്‍ എനിക്ക് പ്രയാസമുണ്ടാവാറുണ്ടെങ്കിലും രാത്രി പരിശുദ്ധ ഖുര്‍ആന്‍ പാരായണം വഴി അവരുടെ വീടുകള്‍ എനിക്ക് അനായാസം മനസ്സിലാക്കാനാവും. സത്യ വിശ്വാസികളെ, നിങ്ങളില്‍ നിന്നാരെങ്കിലും സത്യമതത്തില്‍ നിന്ന് വ്യതിചലിച്ച് കഴിഞ്ഞാല്‍ അല്ലാഹു ഇഷ്ടപ്പെടുന്ന, അല്ലാഹുവിനെ ഇഷ്ടപ്പെടുന്ന ഒരു സമൂഹത്തെ അവന്‍ കൊണ്ട് വരുക തന്നെ ചെയ്യുമെന്നര്‍ഥം വരുന്ന മാഇദ സൂറത്തിലെ സൂക്തം അവതീര്‍ണ്ണമായ ഉടന്‍ അടുത്തുണ്ടായിരുന്ന അബൂ മൂസല്‍ അശ്അരിയുടെ ചുമലില്‍ കൈ വച്ച് റസൂല്‍ പറഞ്ഞു: അവര്‍ ഇദ്ധേഹത്തിന്‍റെ സമൂഹമാണ്. സത്യവിശ്വാസികളില്‍ ദീനില്‍ നിന്ന വ്യതിചലിച്ച ഒരു വിഭാഗമുണ്ടാവുമെന്നും അവരെ പ്രതിരോധിക്കാന്‍ അശ്അരി തറവാട്ടില്‍ നിന്ന് ഒരു പണ്ഡിത സൂര്യന്‍ ഉദിച്ചുയരുമെന്നുള്ള പ്രവാചക വചനം മഹാനായ ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെ മുഅ്തസിലി വിരുദ്ധ പോരാട്ടത്തിലൂടെ പുലരുന്നതാണ് ചരിത്രം ദര്‍ശിച്ചത്. പിതാവായ ഇസമാഈല്‍ എന്നിവരില്‍ നിന്ന് തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹം കരസ്ഥമാക്കിയത്. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് മുഅ്തസിലീ നേതാവായ അബൂ അലിയ്യുല്‍ ജുബ്ബായി അദ്ദേഹത്തിന്‍റെ മാതാവിനെ വിവാഹം കഴിച്ചു. ശേഷം ജുബ്ബായിയുടെ പ്രവര്‍ത്തന മണ്ഡലമായ ബാഗ്ദാദിലെത്തുകയും ജുബ്ബായിയുടെ ശിഷ്യത്വം ്സ്വീകരിച്ച് തന്നെ പഠനം തുടരുകയും ചെയ്തു. വിജ്ഞാനത്തിന്‍റെ സര്‍വ്വ മേഖലകളിലും വിശിഷ്യാ തര്‍ക്കശാസ്ത്രത്തിലും തത്വചിന്തയിലും അദ്ദേഹം അഗ്രേസരനായിത്തീര്‍ന്നു. മുഅ്തസിലീ ആശയങ്ങളുടെ പ്രചാരകനും ജുബ്ബായിയുടെ തണലില്‍ ശക്തനായൊരു നേതാവുമായി അശ്അരി ഉയര്‍ന്നു വന്നു. ഖുര്‍ആന്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും സൃഷ്ടികള്‍ക്ക് നന്മ വരുന്നതേ അല്ലാഹു ചെയ്യുകയുള്ളൂവെന്നും വിധിയുടെ മാനദണ്ഡം ബുദ്ധിയാണെന്നും തുടങ്ങി പല പുത്തന്‍ വാദങ്ങളും അവതരിപ്പിച്ച മുഅ്തസിലുകളുടെ സുവര്‍ണ കാലഘട്ടമായിരുന്നു അബ്ബാസി ഖലീഫ മന്‍സൂറിന്‍റെ ഭരണകാലം. ഈ ആശയങ്ങളെ ചോദ്യം ചെയ്തവരെല്ലാം ഭരണകൂട പീഢനത്തിനിരയായി. അവസാന മദ്ഹബിന്‍റെ ഇമാം, അഹ്മദ് ബ്നു ഹന്‍ബല്‍ ഖുര്‍ആന്‍ വിഷയത്തില്‍ ഏറെ പീഡനത്തിനിരയായതായി ചരിത്രത്തില്‍ കാണാം. വര്‍ഷങ്ങള്‍ നീണ്ട മുഅ്തസിലീ ബാന്ധവത്തിലൂടെ ജുബ്ബായിയേക്കാള്‍ കേമനായ നേതാവായിത്തീര്‍ന്നു അശ്അരി. മനം മാറ്റം 40-ാം വയസ്സില്‍ റമളാന്‍ 10 ന് രാത്രി പ്രവാചകന്‍ (സ്വ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതം മാറ്റി മറിച്ചത്. പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: "അലീ എന്നില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട സരണികളെ നീ സഹായിക്കുക. തീര്‍ച്ചയായും ആ മാര്‍ഗങ്ങളാണ് സത്യം" ഇത് കേട്ടതും അദ്ദേഹം ഞെട്ടിയുണര്‍ന്നു. ഒരു പാട് ചിന്താ നിമഗ്നനായി. പക്ഷേ പ്രവാചകന്‍റെ വാക്കുകള്‍ അദ്ദേഹത്തിന് അശേഷം മനസ്സിലായില്ല. പുണ്യ റമാളാനിന്‍റെ അടുത്ത പത്തിലും പ്രവാചകനെ അദ്ദേഹം സ്വപ്നം കണ്ടു. റസൂല്‍ അദ്ദേഹത്തോട് പറഞ്ഞു: "അലീ, ഞാന്‍ പറഞ്ഞ കാര്യം നീ ചെയ്തോ? അദ്ദേഹം പറഞ്ഞു: "പ്രവാചകരെ അങ്ങയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട മാര്‍ഗ്ഗത്തില്‍ തന്നെയാണല്ലോ ഞാന്‍ നില കൊള്ളുന്നത്". ആദ്യ സ്വപ്നത്തില്‍ പറഞ്ഞ അതേ വാക്കുകള്‍ പ്രവാചകന്‍ ആവര്‍ത്തിച്ചു: "അലീ, എന്നില്‍ നിന്ന് നിവേദിതമായ സരണികളെ നീ സഹായിക്കുക കാരണം അവയാണ് യഥാര്‍ത്ഥ നേര്‍വഴി". ഞെട്ടിയുണര്‍ന്ന അശ്അരി ഇമാം ഇല്‍മുല്‍ കലാം ഉപേക്ഷിക്കാനും ഹദീസ് പഠനങ്ങളിലേക്ക് ശ്രദ്ധപതിപ്പിക്കാനും തീരുമാനിച്ചു. റസൂല്‍ (സ്വ) തങ്ങളുടെ വാക്കുകള്‍ കൊണ്ടുദ്ധേശിച്ചത് ഇത് തന്നെയായിരിക്കുമെന്നദ്ധേഹം ഉറച്ച് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ആ റമദാനിലെ 27-ാം രാവില്‍ അദ്ദേഹം പ്രവാചകനെ ഒരിക്കല്‍ കൂടി സ്വപ്നത്തില്‍ ദര്‍ശിച്ചു. സാധാരണ ഗതിയില്‍ 27ാംരാവില്‍ ഉറക്കമൊഴിവാക്കാറുണ്ടായിരുന്നുവെങ്കിലും അന്ന് അദ്ദേഹം അറിയാതെ ഉറങ്ങിപ്പോയിരുന്നു. പ്രവാചകന്‍ (സ്വ) തങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു: "ഞാന്‍ പറഞ്ഞ കാര്യം നിങ്ങള്‍ ചെയ്തോ? അദ്ദേഹം പറഞ്ഞു: "ഞാന്‍ ഇല്‍മുല്‍ കലാം ഉപേക്ഷിക്കുകയും ഹദീസ് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ടല്ലോ" ഉടന്‍ റസൂല്‍ പറഞ്ഞു: "ഞാനതല്ല മറിച്ച് അത്തരം സരണികളെ ശക്തിപ്പെടണമെന്നാണ് പറഞ്ഞത്" ഇമാം അശ്അരിക്ക് കാര്യം പിടികിട്ടി. തന്‍റെ ജീവശ്വാസമായി മാറിയ മുഅ്തസിലീ മദ്ഹബ് ഉപേക്ഷിക്കാനാണ് പ്രവാചകന്‍ ആവശ്യപ്പെടുന്നത്. ഒരു വേള അദ്ദേഹം തന്‍റെ പഴയ കാലങ്ങളിലേക്ക് ഓര്‍മ്മകള്‍ തിരിച്ചു വിട്ടു. ഈ ആശയങ്ങളിലായി താന്‍ എന്ത് മാത്രം അധ്വാനിച്ചു. എത്ര സംവാദങ്ങളില്‍ സജീവ സാന്നിധ്യമായി എത്ര മോശമായി അഹ്ലുസ്സുന്നതി വല്‍ ജമാഅയെ അപമാനിച്ചു. അതിനായി തനിക്കും മറ്റു സഹായികള്‍ക്കും ഭരണകൂടത്തിന്‍റെ കലവറയില്ലാത്ത സഹായവും ശക്തമായ പിന്തുണയും ലഭിച്ചു. ആ മാര്‍ഗ്ഗത്തിലേക്ക് താനെങ്ങനെ തിരിച്ച് പോവും. ഉടന്‍ പ്രവാചകനോട് അശ്അരി പറഞ്ഞു: "30 വര്‍ഷമായി ഞാന്‍ പ്രചരിപ്പിക്കുകയും തെളിവുകള്‍ ശക്തിയുക്തം അവതരിപ്പിക്കുയും ചെയ്ത ഒരു പ്രസ്ഥാനത്തെ എങ്ങനെ ഉപേക്ഷിക്കാനാകും" ഉടന്‍ പ്രവാചകന്‍ പറഞ്ഞു: "നീ പേടിക്കേണ്ടതില്ല, അല്ലാഹുവില്‍ നിന്നുള്ള സഹായം നിന്നോടൊപ്പമുണ്ടാവും" അന്ന് അത്യധികം ശാന്തതയോടെ പലതും തീരുമാനിച്ചുറച്ച് അദ്ദേഹം സുഖസുഷുപ്തിയിലാണ്ടിറങ്ങി. ജുബ്ബായിയുടെ സദസ്സില്‍ തന്‍റെ വളര്‍ത്ത് പിതാവും പ്രിയഗുരുവുമായ ജുബ്ബായിയുടെ സദസ്സില്‍ നിന്ന് തന്നെ തന്‍റെ പ്രയാണമാരംഭിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സൃഷ്ടികള്‍ക്ക് അനുഗുണമായതേ പടച്ച തമ്പുരാന്‍ ചെയ്യുകയുള്ളൂ അതേ ചെയ്യാന്‍ പാടുള്ളൂ എന്ന അല്ലാഹുവിന്‍റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന മുഅ്തസിലി വാദത്തില്‍ നിന്നുള്ള ഒരു സംശയം മഹാനവര്‍കള്‍ ജുബ്ബായിയുടെ സദസ്സില്‍ അവതരിപ്പിച്ചു. അദ്ദേഹം ചോദിച്ചു: ഒരു സത്യ വിശ്വാസി, സത്യ നിഷേധി ഒരു പിഞ്ചു ബാലന്‍ ഈ മൂന്ന് പേരുടെയും പരലോകം എങ്ങനെയായിരിക്കും? ജുബ്ബായി ഉടന്‍ പ്രതികരിച്ചു: "സത്യവിശ്വാസിക്ക് ശാശ്വത സ്വര്‍ഗവും സത്യനിഷേധിക്ക് ശാശ്വത നരകവും കുട്ടിക്ക് ശാശ്വത രക്ഷയും ലഭിക്കും" അശ്അരി ഇമാം വീണ്ടും ചോദിച്ചു: "തനിക്കും സത്യവിശ്വാസിയെപ്പോലെ അല്‍പ കാലം കൂടി ജീവിക്കാന്‍ അവസരം നല്‍കിയാല്‍ സല്‍ കര്‍മ്മങ്ങള്‍ ചെയ്ത് സ്വര്‍ഗം സ്വന്തമാക്കാമായിരുന്നില്ലെ എന്ന് കുട്ടി ചോദിച്ചാല്‍ അല്ലാഹു എന്ത് മറുപടിയാണ് നല്‍കുക? ജുബ്ബായി പറഞ്ഞു: "അല്ലാഹു പറയും: കുട്ടീ നീ വളര്‍ന്ന് വലുതായി കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കില്‍ നീ എന്നെ ധിക്കരിക്കാനാണ് തുനിയുക. അങ്ങനെ വന്നാല്‍ നിനക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രക്ഷ പോലും കിട്ടാതെ നീ നരകാവകാശിയായി തീര്‍ന്നേനെ. അതറിഞ്ഞ് കൊണ്ട് നിന്‍റെ നന്മ ഉദ്ദേശിച്ചത് കൊണ്ടാണ് ഞാന്‍ നിനക്ക് മരണം നേരത്തെ വിധിച്ചത്" അവസരം മുതലെടുത്ത് കൊണ്ട് അശ്അരി ഇമാം ചോദിച്ചു: "തനിക്കും കുട്ടിയെപ്പോലെ അല്‍പായുസ്സ് വിധിച്ചിരുന്നെങ്കില്‍ നരകത്തില്‍ നിന്ന് മോചനം ലഭിക്കുമായിരുന്നേനെ എന്ന് സത്യ നിഷേധി അല്ലാഹുവിനോട് ചോദിച്ചാല്‍ എന്ത് മറുപടിയാണ് അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുക? അശ്അരി ഇമാമിന്‍റെ യുക്തി പൂര്‍ണ്ണമായ ഈ ചോദ്യം അല്‍ അസ്ലഹ് വതഅ്ലീല്‍ എന്ന മുഅ്തസിലുകളുടെ പ്രധാന വാദമുഖങ്ങളിലൊന്നില്‍ അതി ശക്തിയേറിയ ഒരാഗ്നേയാസ്ത്രമായി തറച്ചു. ആ ചോദ്യത്തിന് മുമ്പില്‍ യുക്തി രാക്ഷസന്മാരായ മുഅ്തസിലി നേതാവിന് ഉത്തരം മുട്ടി. ഉടന്‍ അശ്അരി ഇമാം ആ സദസ്സില്‍ നിന്നിറങ്ങിപ്പോന്നു. അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗവും മുഅ്തസിലി ആശയം ഉപേക്ഷിച്ചു. മിമ്പറില്‍ നിന്നുള്ള പ്രഖ്യാപനം. താന്‍ നിലയുറപ്പിച്ച പ്രസ്ഥാനം തെറ്റാണെന്ന് തോന്നിത്തുടങ്ങിയത് മുതല്‍ അദ്ദേഹം ചിന്താനിമഗ്നനായിത്തീര്‍ന്നിരുന്നു. അവസാനം ആളുകള്‍ നിന്നകന്ന് വീട്ടില്‍ വാതിലടച്ചു ഏകാന്തവാസം നയിക്കാന്‍ തുടങ്ങി. 15 ദിവസത്തിന് ശേഷമാണ് മഹാനവര്‍കള്‍കളെ പുറം ലോകം കാണുന്നത്. ഏകാന്തവാസം അവസാനിപ്പിച്ചത് ഒരു വെള്ളിയാഴ്ചയായിരുന്നു. പള്ളിയില്‍ പ്രവേശിച്ചയുടന്‍ തിങ്ങി നിറഞ്ഞ സദസ്സിന് മുന്നില്‍ മിമ്പറില്‍ കയറി അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ പ്രസംഗമാരംഭിച്ചു: "ജനങ്ങളെ, ഞാന്‍ നിങ്ങളില്‍ നിന്ന് അകന്ന് നിന്നത് ഞാന്‍ വിശ്വസിക്കുന്ന ആദര്‍ശത്തെ കുറിച്ച് എനിക്കുദിച്ച സംശയത്തിന്‍റെ പേരിലായിരുന്നു. അതിന്‍റെ പല തെളിവുകളും ഇളകിയാടുന്നതായി എനിക്കനുഭവപ്പെട്ടു. തുടര്‍ന്ന് സത്യമാര്‍ഗ്ഗം നല്‍കണേ എന്ന് അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചു. അല്ലാഹു എന്‍റെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. ഈ കാണുന്ന പുസ്തകത്തില്‍ ഞാന്‍ സമാഹരിച്ച ആശയങ്ങളിലേക്കാണ് പടച്ച തമ്പുരാന്‍ എന്നെ വഴി നടത്തിയത്. ഇതിനാല്‍ ഞാന്‍ ധരിച്ച ഈ വസ്ത്രം ഈരിയെറിയുന്നത് പോലെ മുഅ്തസിലി പ്രത്യയശാസ്ത്രത്തില്‍ നിന്ന് ഞാന്‍ മുക്തനാകുന്നു. തുടര്‍ന്ന് അദ്ദേഹം ധരിച്ച് മേല്‍വസ്ത്രം എടുത്തെറിയുകയും 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ പുസ്തകം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. മുഅ്തസിലുകള്‍ക്കെതിരെ. ഇമാം അശ്അരിയുടെ കടന്ന് വരവ് ഭരണകൂടഭീകരതയില്‍ അടിച്ചമര്‍ത്തപ്പെട്ട് കൊണ്ടിരുന്ന അഹ്ലുസ്സുന്നവല്‍ജമാഅത്തിന് പൂര്‍ണ്ണ കരുത്തേകി. മുഅ്തസിലി വിരുദ്ധപോരാട്ടം പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു. തെരുവ് തെരുവാന്തരം അശ്അരി അനുയായികള്‍ മുഅ്തസിലി ആശയത്തിന്‍റെ നട്ടെല്ലൊടിച്ചു. അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗത്തില്‍ അണി ചേരാന്‍ പതിനായിരങ്ങള്‍ സന്തോഷപൂര്‍വ്വം കടന്ന് വന്നു. അബുല്‍ ഹസന്‍ അല്‍ ബാഹിലി അബൂ അബ്ദില്ലാ ബ്ന്‍ മുജാഹിദ് അല്‍ ബസ്വരി. അബൂ സഹല്‍ അലൂക്ക് തുടങ്ങിയ പ്രഗത്ഭരായ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം നല്‍കി. മുഅ്തസിലികളോട് മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ പോരാട്ടം മറിച്ച്, അഹ്ലുസ്സുന്നത് വല്‍ജമാഅത്തിനെതിരെ വാളോങ്ങിയ മുഴുവന്‍ ബിദഇ കക്ഷികളും (നജാരിയ്യ, ബഹ്മിയ്യ, ജിസ്മിയ്യ, റവാഫിള്, ഖവാരിജ്, ലാ അദ്രിയ്യ) അദ്ദേഹത്തിന്‍റെ പോരാട്ടവീര്യമറിഞ്ഞു. മഹാനവര്‍കളുടെ ജീവിത കാലത്ത് സ്വഫാഇയ്യ എന്ന പേരിലറിയപ്പെട്ട ഈ ആശയം വഫാത്താനന്തരം അശ്അരിയ്യ എന്ന പേരിലാണ് പ്രസിദ്ധമായത്. ഇമാം അശ്അരി യെപ്പോലെ മുഅ്തസിലി ആശയങ്ങളെ ശക്തമായി പ്രതിരോധിച്ച പണ്ഡിതനായിരുന്നു ഇമാം അബൂ മന്‍സൂറുല്‍ മാതുരീദി. അശ്അരി,മാതുരീദി ആശയങ്ങളില്‍ നേരിയ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും ബിദഈ കക്ഷികളെ തൂത്തെറിഞ്ഞ് അഹ്ലുസ്സുന്നതി വല്‍ജമാഅത്തിന്‍റെ ശക്തരായ വാക്താക്കളായിരുന്നു ഇമാം മാതുരീദിയും സംഘവും. കര്‍മ്മശാസ്ത്ര പരമായി 4 മദ്ഹബുകളെ അംഗീകരിക്കുന്ന മുസ്ലിം ലോകം വിശ്വാസപരമായി ഈ രണ്ട് മദ്ഹബുകളില്‍ വിഭജിതമാണ്. എതിരാളികളോട് അനുഭാവപൂര്‍വ്വം മുഅ്തസിലികളോടും മറ്റു ബിദഈ കക്ഷികളോടും സന്ധിയില്ലാ സമരം നടത്തിയെങ്കിലും അവരെ അപ്പാടെ പിഴച്ചവരായി മുദ്രകുത്തുവാന്‍ അദ്ദേഹം തയ്യാറായില്ല. 'ദഹബി' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നു. "ഖിബ്ലയിലേക്ക് തിരിഞ്ഞ് നിസ്കരിക്കുന്ന ഒരാളെയും കാഫിറാക്കന്‍ ഞാന്‍ തയ്യാറല്ല. കാരണം സര്‍വ്വതും ഒരൊറ്റ ആരാധ്യനെയാണ് വണങ്ങുന്നത്. അതിനാല്‍ അവര്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കേവലം അഭിപ്രായാന്തരങ്ങളാണ്. മദ്ഹബ്. കര്‍മ്മ ശാസ്ത്ര പരമായി ഇമാം അശ്അരി ഏത് മദ്ഹബാണ് സ്വീകരിച്ചതെന്നതില്‍ പണ്ഡിതന്മാര്‍ക്ക് വിഭിന്ന വീക്ഷണങ്ങളാണുള്ളത്. നാല്‍ മദ്ഹബിന്‍റെ വക്താക്കളും അദ്ദേഹം തങ്ങളുടെ മദ്ഹബുകാരനായിരുന്നുവെന്ന് അവകാശ വാദമുന്നയിക്കുന്നുണ്ടെങ്കിലും ശാഫിഈ മദ്ഹബുകാരനാണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ജാമിഉല്‍ ബഗ്ദാദില്‍ ഇമാം അബൂ ഇസ്ഹാഖ് അല്‍ മര്‍സമിയില്‍ നിന്ന് എല്ലാ വ്യാഴായ്ചയും ശാഫിഈ ഫിഖ്ഹ് പഠിക്കാന്‍ ഇമാം അശ്അരി എത്താറുണ്ടെന്നതാണ് ഇതിന് തെളിവ്. കര്‍മ്മശാസ്ത്രം പഠിപ്പിക്കുന്നതിന് പകരമെന്നോണം ഇമാം അശ്അരി മര്‍സവിക്ക് ഇല്‍മുല്‍ കലാം പഠിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ജീവ ചരിത്രത്തില്‍ കാണാനാവും.അതേ സമയം ചെറുപ്പത്തില്‍ അദ്ദേഹം ഹനഫി മദ്ഹബ് അനുസരിച്ചാണ് ജീവിതം ചട്ടപ്പെടുത്തിയതെന്നും അതില്‍ തന്നയാണ് പിന്നീട് തുടര്‍ന്നതെന്നും ഹനഫി മദ്ഹബിന്‍റെ വക്താക്കള്‍ അവകാശ വാദമുന്നയിക്കുന്നുണ്ട്. 60 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന് ശേഷം ഹിജ്റ 330 ല്‍ മഹാനവര്‍കള്‍ ഇഹലോകവാസം വെടിഞ്ഞു. രചനകള്‍ ബിദഈ കക്ഷികളെ തൂത്തെറിഞ്ഞ് കൊണ്ട് ഇമാം അശ്അരിയുടെ ഗ്രന്ഥങ്ങള്‍ ഏറെ ശ്രദ്ധ നേടി. ഈ ലക്ഷ്യം മുന്നില്‍ കണ്ട് അസംഖ്യം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് തൂലികയില്‍ വിരചിതമായി. ഇബ്നു അസ്കര്‍ എന്ന അദ്ദേഹത്തിന്‍റെ സമകാലികന്‍ ഏകദേശം 3004 ല്‍ പരം ഗ്രന്ഥങ്ങള്‍ ഇമാം അശ്അരിയുടെതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ ആശയങ്ങളെ നിശ്പ്രയാസം തകര്‍ത്തെറിയുന്ന ഈ ഗ്രന്ഥങ്ങള്‍ നശിപ്പിച്ച് കളയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പലതും പിന്നീട് പുറം ലോകം കണ്ടില്ല. 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ അല്‍ ലാഅ് ഫി റദ്ദി അലാ അഹ്ലില്‍ ഗൈബ് വല്‍ ബിദഅ് എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്‍റെ മാസ്റ്റര്‍ പീസായി ഗണിക്കപ്പെടുന്നത്. റിസാലത്ത് ഇലാ അഹ്ല് സഹ്ര്‍, അല്‍ ഇബാനത്ത് അല്‍ ഉസൂലിദിയാനത്ത്, ഇസ്തിഹാസാനുല്‍ ഖൗല്‍ ഫീ ഇല്‍മില്‍ കലാം തഫ്സീറുല്‍ ഖുര്‍ആന്‍ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. ഇമാം അശ്അരി മികച്ച ഒരു ഖുര്‍ആന്‍ വ്യഖ്യാതാവ് കൂടിയായിരുന്നു. 80 വാള്യങ്ങളിലായി പുറത്തിറങ്ങിയ മഖ്തസിന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം തഫ്സീറുകളില്‍ പ്രഥമസ്ഥാനങ്ങളിലൊന്ന് അലങ്കരിച്ചിരുന്നു. ദാറുല്‍ ഖിലാഫത്ത് എന്ന പ്രശസ്ത ലൈബ്രറിയില്‍ ലഭ്യമായിരുന്ന ഈ വിജ്ഞാന കലവറ 10,000 ദീനാര്‍ നല്‍കി ഒരു മുഅ്തസിലി സ്വന്തമാക്കുകയും അത് നിഷ്കരുണം കത്തിച്ച് കളയുകയുമാണുണ്ടായത്. മദ്റസ നിസാമിയ്യ. അനുദിനം ശക്തിയാര്‍ജ്ജിച്ച് കൊണ്ടിരുന്ന അശ്അരി സരണി സല്‍ജൂഖികളുടെ ഭരണത്തില്‍ അജയ്യമായിത്തീര്‍ന്നു. അലബ് അര്‍സലാന്‍റെ മന്ത്രിയായിരുന്ന നിസാമുല്‍ മുല്‍ക് അശ്അരി മദ്ഹബില്‍ ആകൃഷ്ടനാവുകയും തുടര്‍ന്ന് മദ്റസ നിസാമിയ്യ എന്ന പേരില്‍ ഈ സരണി പഠിപ്പിക്കാനായി ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി. ഇസ്ലാമിക ലോകത്തെ പ്രശസ്തരായ പണ്ഡിത കേസരികള്‍ ഇവിടെ അധ്യാപകരാവുകയോ ഇവിടെ നിന്ന് അറിവ് നുകരുകയോ ചെയ്തിട്ടുണ്ട്. 5ാംനൂറ്റാണ്ടില്‍ നവോത്ഥാന നായകനായി ഇസ്ലാമിക ലോകം അഖണ്ഡമായി തെരഞ്ഞെടുത്ത ഇമാം ഗസ്സാലി നിസാമിയ്യയില്‍ അധ്യാപകനായിരുന്നു. ഈ സ്ഥാപനം പിന്നീട് അഹ്ലുസ്സുന്നത് വല്‍ ജമാഅത്തിന്‍റെ കെടാ വിളക്കായി ഇസ്ലാമിക ലോകത്ത് പ്രോജ്വലിച്ചു നിന്നു. കാലയവനികയില്‍ ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ട സര്‍വ്വ ബിദഇകക്ഷികളെയും ഇവിടെ നിന്നിറങ്ങിയ പ്രത്യുല്‍പന്നമതികളായ പണ്ഡിതന്മാര്‍ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിച്ച് പരിശുദ്ധ ദീനിനിന്‍റെ തനിമയും പൈതൃകവും സംരക്ഷിച്ച് നിര്‍ത്തി. തദ്ഫലമായി ഇന്നും ലോക മുസ്ലികളില്‍ മഹാഭൂരിപക്ഷവും അഹ്ലുസ്സുന്നത്ത് വല്‍ജമാഅത്തിന്‍റെ ആശയങ്ങള്‍ ഉള്‍കൊണ്ട് ജീവിക്കുന്നു. ഇതിനിടയാക്കിയ മഹാനായ ഇമാം അശ്അരിയോടൊപ്പം നാളെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂടാന്‍ അല്ലാഹു തൗഫീക് നല്‍കട്ടെ ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter