ഇസ്‌ലാമിക് ഫിലോസഫി: ചില പ്രാഥമിക ചിന്തകള്‍

പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തെ കുറിച്ച അന്വേഷണമാണ് തത്വചിന്ത അഥവാ ഫിലോസഫി. അസ്തിത്വം, അറിവ്, ഭാഷ, മൂല്യങ്ങള്‍ തുടങ്ങി ലോകത്തെ കുറിച്ചുള്ള ഓരോ മനുഷ്യന്റെയും കാഴ്ചപ്പാടുകളുടെ ആകെത്തുകയാണ് ഓരോരുത്തരുടെയും ഫിലോസഫിയെന്ന് പറയാം. മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ഗ്രസിച്ച് നില്‍ക്കുന്ന സമ്പൂര്‍ണ ജീവിത പദ്ധതി എന്ന നിലയില്‍ ഇസ്‌ലാമിന് അതിന്റേതായ ഫിലോസഫിയും ജീവിത ദര്‍ശനവും ഉണ്ട്. ഫിലോസഫിയും ഇസ്‌ലാമും തമ്മിലുള്ള ബന്ധം, മുസ്‌ലിം ലോകം ഫിലോസഫിക്ക് നല്‍കിയ സംഭാവനകള്‍, ഫിലോസഫിക്ക് ഇസ്‌ലാം നല്‍കുന്ന അര്‍ത്ഥം, അതിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ ഇന്നും അക്കാദമിക ലോകത്തെ ചൂടേറിയ ചര്‍ച്ചകളില്‍ ചിലതാണ്. മുസ്‌ലിം പണ്ഡിതര്‍ ഫിലോസഫിക്ക് നല്‍കിയ അര്‍ത്ഥം എന്തായിരുന്നു എന്ന ചെറിയ അന്വേഷണം നടത്തുകയാണ് ഇവിടെ.

നിര്‍വചനം
ഫല്‍സഫ, ഹിക്മ, എന്നീ രണ്ട് പദങ്ങളാണ് പൊതുവെ മുസ്‌ലിം പണ്ഡതിന്മാര്‍ ഫിലോസഫിക്ക് ഉപയോഗിച്ചതായി കാണുന്നത്. ഫല്‍സഫ എന്ന പദം ഗ്രീക്ക് സ്വാധീനത്തില്‍ നിന്ന് വന്നതാവാം. ഹിക്മ എന്ന പദം ഖുര്‍ആനികമാണ്. 'താനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ജ്ഞാനം നല്‍കുന്നു, ഏതൊരാള്‍ക്ക് ജ്ഞാനം ലഭിക്കുന്നുവോ അവന് ഒട്ടേറെ നന്മ നല്‍ക്കപ്പെട്ടു. ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ' എന്ന സൂറത്തുല്‍ ബഖറയിലെ 269-ാം ആയത്തിലെ ജ്ഞാനം (ഹിക്മ) എന്ന പദത്തില്‍ നിന്നാണ് ഇതിന്റെ പ്രചോദനം. 

അസ്തിത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക സപര്യ എന്ന പാശ്ചാത്യന്‍ നിര്‍വചനത്തിനപ്പുറത്തേക്ക് വലിയ മാനങ്ങളാണ് മുസ്‌ലിം ചിന്തകര്‍ ഫിലോസഫിക്ക് നല്‍കിയത്. 'വസ്തുക്കളുടെ വസ്തുതകളെക്കുറിച്ച് മനുഷ്യമനസ്സിന് സാധ്യമാവുന്ന രീതിയിലുള്ള അന്വേഷണമാണ് ഫിലോസഫി. കാരണം, താത്വികമായി സത്യത്തെ തൊട്ടറിയുക എന്നും പ്രായോഗികമായി അവന്‍ കണ്ടെത്തിയ സത്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുക എന്നുമാണ് മനുഷ്യന്റെ ധര്‍മം' എന്നാണ് അല്‍-ഫല്‍സഫത്തുല്‍ ഊലാ എന്ന തന്റെ കൃതിയില്‍ പ്രസിദ്ധ മുസ്‌ലിം ചിന്തകന്‍ അല്‍-കിന്ദി ഫിലോസഫിയെ കുറിച്ച് പറയുന്നത്.

ഫിലോസഫിയെ നിര്‍വചിച്ച പില്‍ക്കാല മുസ്‌ലിം ചിന്തകരും 'മനുഷ്യ മനസ്സിന് സാധ്യമാവുന്ന പരിധി', 'കണ്ടെത്തിയ സത്യത്തിന് അനുസൃതമായ പ്രവൃത്തി' എന്നീ രണ്ട് ഘടകങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നതായി കാണാം. മനുഷ്യന്‍ ആത്യന്തികമായി ഒന്നിന്റെയും ഉടമസ്ഥനോ അധികാരിയോ അല്ലെന്നും ജഗന്നിയന്താവ് നിര്‍ണയിച്ച അതിര്‍വരമ്പുകള്‍ മനുഷ്യന്റെ യുക്തിവിചാരം അടക്കമുള്ള മുഴുവന്‍ മേഖലകളിലും ഉണ്ടെന്നുമുള്ള കീഴടങ്ങല്‍ കൂടിയായിരുന്നു അതെന്ന് മനസ്സിലാക്കാം.

ഇസ്‌ലാമിക് ഫിലോസഫിയിലെ രണ്ട് പ്രധാന ധാരകളാണ് അരിസ്റ്റോട്ടിലിയന്‍ ഫിലോസഫിയും (അല്‍ ഫല്‍സഫത്തുല്‍ മശ്ശാഇയ്യ) ഇല്ലൂമിനേഷന്‍ ഫിലോസഫിയും (ഫല്‍സഫത്തുല്‍ ഇശ്‌റാഖ്). അല്‍-കിന്ദി, അല്‍-ഫാറാബി, ഇബ്‌നു സീന ത്രയങ്ങള്‍ പ്രതിനിധീകരിക്കുന്ന അരിസ്റ്റോട്ടിലിയന്‍ തത്വചിന്തകര്‍ മുന്നോട്ട് വെച്ച ഫല്‍സഫയുടെ നിര്‍വചനങ്ങളില്‍ മനനത്തിലൂടെയും ചിന്തയിലൂടെയും വസ്തുതകളിലേക്ക് എത്തിച്ചേരുന്നതിനെ ഊന്നിപ്പറഞ്ഞതായി കാണാം. അതേസമയം, ശിഹാബുദ്ധീന്‍ സുഹറവര്‍ദിയുടെ നേതൃത്വത്തിലുള്ള ഇല്ലൂമിനേഷന്‍ ചിന്തകര്‍ ആത്മജ്ഞാത്തിന് (ഇന്റ്യൂഷന്‍) കൂടുതല്‍ ഊന്നല്‍ നല്‍ക്കുന്നവരായിരുന്നു. അരിസ്‌റ്റോട്ടിലിയന്‍ വിഭാഗം ചിന്തയിലൂടെ വസ്തുതകളിലെത്താന്‍ ശ്രമിക്കുമ്പോള്‍ ധ്യാനാത്മകതയിലൂടെ അറിവിലേക്കെത്തണം എന്നാണ് ഇല്ലൂമിനേഷനിസ്റ്റുകള്‍ വാദിച്ചത് എന്നര്‍ത്ഥം. പില്‍ക്കാലത്ത് വന്ന മുല്ലാസ്വദ്റ ഈ രണ്ട് ചിന്താധാരകളെയും കൂട്ടിയിണക്കിയാണ് ഫല്‍സഫയെ നിര്‍വചിച്ചത്.

ഇസ്‌ലാമിക് ഫിലോസഫി എത്രത്തോളം 'ഇസ്‌ലാമിക'മാണ്??
ഇസ്‌ലാമിക് ഫിലോസഫിയെ കുറിച്ച ചര്‍ച്ചകളില്‍ പ്രധാനമായും കടന്ന് വരുന്ന ഒരു ചോദ്യം ആണിത്. യഥാര്‍ത്ഥത്തില്‍ ഫിലോസഫി ഇസ്‌ലാമികം ആണോ, 'ഇസ്‌ലാമിക്' എന്ന് ഫിലോസഫിയോട് ചേര്‍ത്ത് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്, ആദ്യകാല പണ്ഡിതര്‍ക്കും നേതാക്കള്‍ക്കും ഈ വിഷയത്തിലുള്ള നിലപാട് എന്തായിരുന്നു എന്നൊക്കെയാണ് പ്രസ്തുത ചോദ്യത്തിന്റെ താത്പര്യം. 

ഈ ചോദ്യത്തിന് രണ്ട് തലങ്ങളില്‍ നിന്ന് കൊണ്ടാണ് ഇവിടെ ഉത്തരം തേടാന്‍ ശ്രമിക്കുന്നത്. ഒന്ന്, ഇസ്‌ലാമിക് ഫിലോസഫി എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന പഠന ശാഖയില്‍ ഇസ്‌ലാമിക വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉണ്ടോ, ഉണ്ടെങ്കില്‍ ഇസ്‌ലാമിക് എന്ന് പറയുന്നതിന്റെ താത്പര്യം എന്താണ്, ട്രഡീഷണല്‍ പണ്ഡിതന്മാര്‍ ഇതിനെ സമീപിച്ചത് എങ്ങനെയാണ് എന്ന അന്വേഷണം. രണ്ട്, ഇസ്‌ലാമിക് ഫിലോസഫിയെ ഇസ്‌ലാമിക് എന്നാണോ വിളിക്കേണ്ടത് അതോ മറ്റെന്തെങ്കിലും പേരാണോ കൂടുതല്‍ സംഗതം എന്ന അന്വേഷണം.

ഒന്ന്
ഉമവി സുല്‍ത്താന്‍മാര്‍ തുടങ്ങി വെച്ച് പിന്നീട് അബ്ബാസികളുടെ കാലത്ത് ശക്തിപ്രാപിച്ച ഭാഷാന്തര പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഫിലോസഫി ഇസ്‌ലാമിക ലോകത്തേക്ക് കടന്ന് വരുന്നത്. ഗ്രീക്ക്, പേര്‍ഷ്യന്‍, ഇന്ത്യന്‍ ഫിലോസഫിക്കല്‍ കൃതികള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലൂടെ അവക്ക് മുസ്‌ലിംകള്‍ക്കിടയില്‍ വലിയ പ്രചാരം കിട്ടിയെന്ന് മാത്രമല്ല പില്‍ക്കാലത്ത് വന്ന പല അവാന്തര വിഭാഗങ്ങളും തങ്ങളുടെ വാദങ്ങള്‍ക്ക് പിന്‍ബലമായി അവയെ ഉപയോഗിക്കാനും തുടങ്ങി.

ആദ്യ കാലങ്ങളില്‍ 'പുറത്ത്' നിന്ന് വന്ന ഒരു ജ്ഞാന ശാഖ എന്ന നിലയില്‍ വിഭിന്നങ്ങളായ നിലപാടുകളാണ് ഫിലോസഫിയോട് പണ്ഡിതര്‍ സ്വീകരിച്ചത്. അരിസ്റ്റോട്ടിലിന്റെയും ഫാറാബിയുടെയും വ്യക്തി വൈഭവവും ചിന്തയിലെ വ്യക്തതയും സ്വാധീനിച്ച ഒരു കൂട്ടം പണ്ഡിതര്‍ അവരുടെ വലിയ 'ആരാധകര്‍' ആയി മാറി. പ്രത്യക്ഷത്തില്‍ ഇസ്‌ലാമിക തത്വങ്ങളോട് വിരുദ്ധമാവുന്ന ചില നിലപാടുകള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക വരേ ചെയ്തു. അതേ സമയം, ഫിലോസഫി തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമാണെന്നും നബിയും അവിടുത്തെ അനുചരരും ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണിതെന്നുമുള്ള സൂക്ഷ്മതയുടെ നിലപാട് സ്വീകരിച്ച പണ്ഡിതരും അക്കാലത്തുണ്ടായിരുന്നു.

ഇവ രണ്ടിന്റെയും ഇടയിലെ മധ്യമ നിലപാടാണ് അഹ്‌ലുസ്സുന്നഃയുടെ നിലപാടായി പില്‍ക്കാലത്ത് മാറിയത്. തങ്ങളുടെ ആശയങ്ങളെ ഫലവത്തായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു 'ടൂള്‍' ആയിട്ടായിരുന്നു അഹ്‌ലുസ്സുന്നയുടെ പല പണ്ഡിതരും ഫിലോസഫിയെയും അതിന്റെ ഉപവിഭാഗമായ ലോജികിനേയും ഉപയോഗിച്ചത്. അതേസമയം, ഫിലോസഫര്‍മാര്‍ എന്ന് അറിയപ്പെട്ടിരുന്ന ചിലരുടെ ഭാഗത്ത് നിന്നുണ്ടായ ഇസ്‌ലാമിക വിരുദ്ധ ആശയങ്ങളെ ഫിലോസഫി ഉപയോഗിച്ച് കൊണ്ട് തന്നെ നേരിടാനും അത്തരം ആശയങ്ങള്‍ ഫിലോസഫിയുടെ തന്നെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തെളിയിക്കാനും ഈ പണ്ഡിതര്‍ക്ക് സാധിച്ചു. ഫിലോസഫിയോടും ഫിലോസഫര്‍മാരോടും അശ്അരീ-മാതുരീദീ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട് ഇവിടെ പ്രസക്തമാണ്. കാലത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞ മുതകല്ലിമുകള്‍ (അശ്അരീ-മാതുരീദീ അഖീദ പണ്ഡിതര്‍) ഫിലോസഫിയോട് അയിത്തം കാണിക്കാതെ വേണ്ട തിരുത്തലുകള്‍ വരുത്തി സ്വീകരിക്കുകയായിരുന്നു. അന്ന് മുസ്‌ലിം ലോകത്ത് വ്യാപകമായിരുന്ന അരിസ്റ്റോട്ടിലിയന്‍ ഫിലോസഫര്‍മാരുടെയും ഫിലോസഫിയുടെ സഹായത്തോടെ ഇസ്‌ലാമിന്റെ പാരമ്പര്യ മൂല്യങ്ങളെ ചോദ്യം ചെയ്ത അവാന്തര വിഭാഗങ്ങളുടെയും ഇസ്‌ലാമിക വിരുദ്ധ ആശയങ്ങളെ ഫിലോസഫിയുടെ മൂശയിലിട്ട് തന്നെ അവര്‍ ചോദ്യം ചെയ്തു. മുതകല്ലിമുകളുടെ ഈ ഇടപെടലുകള്‍ ഇസ്‌ലാമിക ലോകത്തെ ഫിലോസഫിയുടെ ഗതിയെ നിര്‍ണയിക്കുന്നതായിരുന്നു എന്ന് ഹുസൈന്‍ നസ്ര്‍ നിരീക്ഷിക്കുന്നുണ്ട്. ഇമാം ഗസ്സാലിയുടെ 'തഹാഫുതുല്‍ ഫലാസിഫ' ഈ മേഖലയിലെ ശ്രദ്ധേയമായ ഒരു കാല്‍വെപായിരുന്നു. പിന്നീട് ഇമാം റാസിയിലൂടെയും ഇമാം ഈജി, ഇമാം തഫ്താസാനി തുടങ്ങിയ ഇല്‍മുല്‍ കലാമിനോളം തന്നെ ഫിലോസഫിയും ചര്‍ച്ച ചെയ്ത മുതകല്ലിമുകളിലൂടെയും ഈ പാരമ്പര്യം സൂക്ഷിക്കപ്പെടുകയും ഫിലോസഫി ആത്യന്തികമായി ഇസ്‌ലാമിക വിരുദ്ധമല്ലെങ്കിലും ഫിലോസഫര്‍മാര്‍ മുന്നോട്ട് വെക്കുന്ന മുഴുവന്‍ ആശയങ്ങളും ഇസ്‌ലാമികം ആവണമെന്നില്ല എന്ന് പൊതുജനങ്ങളെ ധരിപ്പിക്കാന്‍ പണ്ഡിതര്‍ക്ക് സാധിക്കുകയും ചെയ്തു.

രണ്ട്
ഇസ്‌ലാമിക ലോകത്ത് നിന്ന് വന്ന ഫിലോസഫിക്കല്‍ സംഭാവനകളെ എന്ത് പേരിട്ട് വിളിക്കണം എന്നാണ് രണ്ടാമത്തെ ചര്‍ച്ച. സാങ്കേതികതയുമായി ബന്ധപ്പെട്ട ഈ ചോദ്യം താരതമ്യേന പുതിയതുമാണ്. ഇസ്‌ലാമിക് ഫിലോസഫി, മുസ്‌ലിം ഫിലോസഫി, അറബിക് ഫിലോസഫി, ഇസ്‌ലാമികേറ്റ് ഫിലോസഫി, ഫിലോസഫി ഇന്‍ ഇസ്‌ലാമിക് വേള്‍ഡ് എന്നിവയാണ് ഇന്ന് ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങള്‍.

1. ഇസ്‌ലാമിക് ഫിലോസഫി എന്ന പ്രയോഗമാണ് ഈ അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിലെ ഫിലോസഫിയുടെ വളര്‍ച്ചയിലും കൈമാറ്റത്തിലും 'ഇസ്‌ലാം' സ്വാധീനം ചെലുത്തി എന്ന യാഥാര്‍ത്ഥ്യത്തെ വിളിച്ചോതുന്നത് കൂടിയാണ് ഈ പ്രയോഗം. സയ്യിദ് ഹുസൈന്‍ നസ്ര്‍, സയ്യിദ് നഖീബുല്‍ അത്താസ് തുടങ്ങിയ അക്കാദമീഷ്യന്‍സ് ഈ പ്രയോഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇസ്‌ലാമിക് ഫിലോസഫി 'ഇസ്‌ലാമിക്' ആവുന്നത് മുസ്‌ലിം സമൂഹത്തില്‍ വളര്‍ന്നു എന്നത് കൊണ്ട് മാത്രമല്ല, ഇസ്‌ലാമിക മൂല്യങ്ങളും ഖുര്‍ആനും ഹദീസും അതിന്റെ ഉറവിടങ്ങളും ഊര്‍ജ്ജമായി പ്രവര്‍ത്തിച്ചതിനാല്‍ കൂടിയാണ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇസ്‌ലാമിക വിരുദ്ധമെന്ന് പണ്ഡിതര്‍ വിധിയെഴുതിയ ഫിലോസഫിക്കല്‍ സംഭാവനകളെ ഈ പ്രയോഗം റദ്ദ് ചെയ്യുന്നുവെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ ന്യായം.

2. മധ്യകാല മുസ്‌ലിം നാഗരികതയുടെ പ്രധാന വാക്താക്കള്‍ മുസ്‌ലിം പണ്ഡിതര്‍ ആയതിനാല്‍ 'മുസ്‌ലിം ഫിലോസഫി' എന്ന് വിളിക്കണമെന്നാണ് മറ്റൊരു വാദം. പാകിസ്താനി പണ്ഡിതനായ എം.എം ശരീഫ് എഡിറ്റ് ചെയ്ത പ്രശസ്ത കൃതിക്ക് അദ്ദേഹം നല്‍കിയ പേര് 'എ ഹിസ്റ്ററി ഓഫ് മുസ്‌ലിം ഫിലോസഫി' എന്നാണ്. ഇസ്‌ലാമിക തത്വങ്ങള്‍ക്കെതിരായ മുസ്‌ലിം പണ്ഡിതരുടെ അന്വേഷണങ്ങളെ ഉള്‍ക്കൊളളുന്നു എങ്കിലും ജൂത ക്രൈസ്തവരടങ്ങുന്ന അമുസ്‌ലിം പണ്ഡിതരുടെ സംഭാവനകളെ ഈ പ്രയോഗം പ്രതിനിധീകരിക്കുന്നില്ല എന്നതാണ് ഇതിന് എതിരായി ഉയരുന്ന വാദഗതി.

3. ഇസ്‌ലാമിക ലോകത്തെ ഫിലോസഫിക്കല്‍ പഠനങ്ങള്‍ അധികവും അറബി ഭാഷയില്‍ ആയതിനാല്‍ അറബിക് ഫിലോസഫി എന്ന് വിളിക്കണം എന്നാണ് മറ്റൊരു പക്ഷം. പേര്‍ഷ്യന്‍ ഭാഷ അടക്കമുള്ള ഇതര ഭാഷകളുടെ പങ്കിനെ നിരാകരിക്കുന്നു എന്നും മുസ്‌ലിംകളുടെ ഫിലോസഫിക്കല്‍ സംഭാവന ഗ്രീക്ക് ഭാഷയില്‍ നിന്ന് അറബിയിലേക്ക് ഫിലോസഫി വിവര്‍ത്തനം ചെയ്യുകയും അത് പിന്നീട് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സൗകര്യപ്പെടും വിധം സംരക്ഷിക്കുകയും ചെയ്തു എന്ന് മാത്രമാണെന്ന യൂറോ-കേന്ദ്രീകൃത ഓറിയന്റലിസ്റ്റ് വാദങ്ങളെ ശരി വെക്കുന്നതും ആണെന്നാണ് ഈ പ്രയോഗത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങള്‍.

4. ഇസ്‌ലാമിക സാംസ്‌കാരിക നാഗരിക ഭൂപടത്തിലെ എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന 'ഇസ്‌ലാമിക്കേറ്റ് ഫിലോസഫി' എന്നതാണ് മറ്റൊരു പ്രയോഗം. മാര്‍ഷല്‍ ഹോഡ്‌സന്റെ 'ദി വെന്‍ച്വര്‍ ഓഫ് ഇസ്‌ലാം' എന്ന കൃതിയാണ് ഈ പ്രയോഗത്തിന് കൂടുതല്‍ പ്രചാരം നല്‍കിയത്.
5. History of Philosophy without any gap എന്ന കൃതിയുടെ കര്‍ത്താവ് പീറ്റര്‍ ആഡംസണ്‍ മുന്നോട്ട് വെച്ച പ്രയോഗമാണ് 'ഫിലോസഫി ഇന്‍ ഇസ്‌ലാമിക് വേള്‍ഡ്'. നടേ സൂചിപ്പിച്ച മുഴുവന്‍ പ്രയോഗങ്ങളുടെയും പരിമിതികളെ തന്റെ പ്രയോഗം മറികടക്കുന്നതോടൊപ്പം 'ഇസ്‌ലാമിക്കേറ്റ്' എന്ന പദത്തെ പോലെ സങ്കീര്‍ണവുമല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമായ, ഇല്‍മുല്‍ കലാമും തസ്വവ്വുഫും ഉസ്വൂലുല്‍ ഫിഖ്ഹും അടങ്ങുന്ന തനതായ ഇസ്‌ലാമിക ഫിലോസഫിക്കല്‍ പാരമ്പ്യത്തെ വിലകുറച്ച് കാണുന്നതാണ് ഈ പ്രയോഗം എന്നാണ് ഇതിനെതിരെ ഉള്ള പ്രധാന ആക്ഷേപം.

ചുരുക്കത്തില്‍ ഫിലോസഫി പൂര്‍ണ്ണമായും തള്ളുന്നതല്ല ഇസ്‍ലാമിക സമീപനം എന്ന് തന്നെ പറയാം. അതേ സമയം, ശരിയും തെറ്റും വിവേചിച്ചറിഞ്ഞാവണം അതിനെ സമീപിക്കേണ്ടതെന്ന് മാത്രം.


പ്രധാന അവലംബം:
The meaning and role of philosophy in Islam- Syed Hossein Nasr
Islamic Philosophy; an introduction; Syed Muhammed Naquib al-Attas
The Beginning of Islamic Philosophy; Yunizzar Ramadhani
A Terminological Issue: Islamic Philosophy or -Philosophy in The Islamic World??, Megawati Moris
A Histroy of Muslim Philosophy, MM Sharif
Sharhul Aqaid, Imam al-Taftazani
മുസ്‌ലിം തത്വചിന്ത; ചരിത്രം, ഉള്ളടക്കം, എ.കെ അബ്ദുല്‍ മജീദ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter