പരീക്ഷക്കാലം, മക്കളെ ആത്മവിശ്വാസത്തിന്‍റെ തുരുത്തിലേക്ക് കൈപിടിച്ച് കൂട്ടുക
പരീക്ഷക്കാലമാണിത്. അധ്യയന വര്‍ഷത്തിന്‍റെ അവസാന നാളുകള്‍. നമ്മുടെ വീട്ടിലെ കുട്ടികള്‍ തങ്ങളുടെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിനായി ആഞ്ഞുപിടിക്കുന്ന ദിനങ്ങള്‍. ഒരു വര്‍ഷം മൊത്തം പഠിച്ച കാര്യങ്ങളുടെ കണക്കെടുപ്പ് ഈ ദിനങ്ങളിലായി നടക്കുകയാണ്.
വിദ്യാര്‍ഥി ഏത് ക്ലാസുകാരനാണെങ്കിലും പരീക്ഷ ഭാരമായി തോന്നുന്നത് സ്വാഭാവികമാണ്. ചെറിയ കുട്ടികള്‍ മുതല്‍ ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നവുരം ഡോക്ടറേറ്റിന് ടെസ്റ്റെഴുതുന്ന വിദ്യാര്‍ഥിക്കും വരെ പരീക്ഷ ചൂട് തന്നെയാണ്. കാരണം അതവനെ അളക്കുന്ന ഒരേര്‍പ്പാടാണ്.
മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയത്തെ കൂടുതല്‍ പ്രകടിപ്പിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. വിദ്യാര്‍ഥികളാകുമ്പോള്‍ അത് ആ ത്വര ആവശ്യമായി വരികയും ചെയ്യുന്നു. അര മാര്‍ക്കന്‍റെ വ്യത്യാസത്തില്‍ മാത്രം അറിയപ്പെട്ട കോളജ് കാമ്പസിലെ എന്ജിനീയറിങ്ങ് പഠനം മുടങ്ങി പോകുന്ന പുതിയ കാലത്ത് പ്രത്യേകിച്ചും.
എങ്കില് പോലും പരീക്ഷക്കാലം അനാവശ്യമായ ഒരു ഭാരമായി പോകുന്നുണ്ടോ നമ്മുടെ മക്കള്‍ക്ക് എന്ന് സംശയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥിയുടെ മനസ്സില്‍ നേരത്തെയുണ്ടാകുന്ന ഇത്തിരി പോന്ന സമ്മര്‍ദത്തെ ചില ബാഹ്യഘടകങ്ങള്‍ ചേര്‍ന്ന് സങ്കീര്‍ണമായ ഒരു ഏങ്കോണിപ്പാക്കി തീര്‍ക്കുന്നുണ്ട്.
വര്‍ഷാവസാനം വരെ പഠിച്ചത് മനസ്സിന്‍ ഒരു മൂലയില് ഒതുക്കിവെച്ചു വേണം വിദ്യാര്‍ഥിക്ക് പരീക്ഷറൂമില് കയറാന്‍. അതെ കുറിച്ചുള്ള ചിന്ത അവനെ ആദ്യമെ ഭയത്തിലാക്കുന്നു. ആ ഭയത്തില് നിന്ന് രക്ഷപ്പെടാനായി പുസ്തകം ഒരിക്കല് പോലും മറിച്ചു നോക്കതെ പരീക്ഷ അറ്റന്‍ഡു ചെയ്തിരുന്ന ചില സുഹൃത്തുക്കളുണ്ടായിരുന്നു കൂടെ പഠനകാലത്ത്.
പരീക്ഷാറൂമിന്‍റെ പൊതുഘടനയും റൂമിലെ തന്‍റെ ഇരിപ്പിടവും വിദ്യാര്‍ഥിക്ക് ഭയമുണ്ടാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. പരീക്ഷറൂമില് മുന്‍ബെഞ്ചിലിരിക്കുന്നത് ഭയമായത് കാരണം പിന്‍ബെഞ്ചില് സീറ്റ് ലഭിച്ച വിദ്യാര്‍ഥികളുമായി രഹസ്യക്കരാറുണ്ടാക്കി സ്ഥലം മാറിയിരുന്ന വിദ്വാന്മാരെ മാസ്റ്റേഴ്സ് കാലത്ത് പോലും കണ്ടിട്ടുണ്ട്. നിയമവിരുദ്ധമായ ഈ നീക്കം നടത്തി പിന്നില് പോയി ഇരുന്നിട്ട് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഒരുപക്ഷേ, കോപ്പിയടിക്കണമെങ്കില്‍, അതിനേക്കാളും സൌകര്യം മുന്‍ബെഞ്ച് തന്നെയായിരിക്കും. എന്നാലും ക്ലാസിന്‍റെ പിന്‍ബെഞ്ചിലായി കഴിഞ്ഞാല്‍ തന്നെ അതൊരു സമാധാനമാണ് അവര്‍ക്ക്.
പരീക്ഷക്ക് നോക്കാന്‍ വരുന്ന ഇന്‍വിജിലേറ്ററാണ് പിന്നെ മറ്റൊരു ഘടകം. ഇപ്പോഴും ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ ചില ആളുകള് പരീക്ഷ നടത്താന്‍ വരുന്നത് തന്നെ വെറുപ്പാണ്. പല കാരണങ്ങള് കൊണ്ടാണ് ഈ വെറുപ്പുണ്ടാകുന്നത്. ചിലര്‍ ഹാളില് കയറി വന്ന ഉടനെ ഒരു ‘പൂട്ട്’ നടത്തും. അതുവരെയുണ്ടായിരുന്ന ക്ലാസിന്‍റെ ഘടന തന്നെ മാറ്റി മറിച്ചെ അവര് പരീക്ഷ തുടങ്ങൂ. ഇന്ത്യാപാകിസ്ഥാന്‍ വിഭജന രേഖ വരച്ച റാഡ്ക്ലിഫിനെ ഓര്‍മിപ്പിക്കുന്നതാണ് അവരുടെ രീതി. അത് വരെ അവിടെ തുടര്‍ന്നിരുന്ന ഇരിപ്പിട രീതികളുടെ ഘടന ശരിയല്ലെന്നും അതും പരീക്ഷക്ക് പറ്റിയതല്ലെന്നും പരീക്ഷ ഏതോ അപാര സംഭവമാണെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള ഏര്‍പ്പാട്.
പരീക്ഷക്ക് ഏര്‍പ്പെടുത്തുന്ന സമയക്രമീകരണത്തിന്‍റെ കാര്യത്തില് അനാവശ്യ വാശി കാണിക്കുന്ന ചിലരുണ്ടാകാറുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിപ്പൂര്‍ത്തിയാക്കണമെന്നതു നേരത്തെ ഒരു വിദ്യാര്‍ഥിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. അതിനു പുറമെയാണ് ചില ഇന്‍വിജിലേറ്റര്‍മാരുടെ വക പ്രത്യേക സമ്മര്‍ദം. അല്‍പം സമയം വൈകി പരീക്ഷാറൂമില്‍ വന്ന വിദ്യാര്‍ഥിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. തീര്‍ത്തും ആവശ്യമായ രീതിയില്‍ അവര്‍ നടത്തുന്ന ചില ഇടപെടലുകളെ കുറിച്ചല്ല ഈ പറയുന്നത്.
മൊത്തത്തില്‍ പരീക്ഷ കഴിഞ്ഞ റൂമില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥി നിരവധി സമ്മദര്‍ദങ്ങളുടെ ഭാണ്ഡക്കെട്ടിനെയാണ് നിലത്തിറക്കിവെക്കുന്നത്. സ്വാഭാവികമായും ഒരു വിദ്യാര്‍ഥി നേരിടുന്ന ഇത്തരം സമ്മര്‍ദങ്ങളുടെ കാര്യത്തില്‍ നമുക്കൊന്ന് ചെയ്യാനില്ല. എന്നാല്‍ ഇതിനെല്ലാം പുറമെ രക്ഷിതാക്കളായ നമ്മള്‍ അവരിലുണ്ടാക്കുന്ന സമ്മദര്‍ദമുണ്ട്. അക്കാര്യത്തെ കുറിച്ച് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. സത്യത്തില്‍ ഒരു വിദ്യര്‍ഥിയെ സംബന്ധിച്ചിടത്തോളം അവനെ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നത് തന്റെ രക്ഷിതാക്കളുടെ സമ്മര്‍ദമാണ്.
പരീക്ഷ കഴിഞ്ഞാലും മക്കള്‍ നമ്മുടെതായി അടുത്ത് വേണം, ആരോഗ്യത്തോടെ എന്ന ബോധം അടിയന്തിരമായി പല രക്ഷിതാക്കള്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. പരീക്ഷയെ നേരിടാനുള്ള മക്കളുടെ ആത്മവിശ്വാസത്തെ നാമായി ഇല്ലാതാക്കരുത്. പരീക്ഷക്കാലത്തിന് മുമ്പെ അവരോട് വായിക്കാനോ എഴുതാനോ പറഞ്ഞിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഭാരമാണ് പരീക്ഷക്കാലത്തെ നമ്മുടെ ഒറ്റത്തവണത്തെ പറച്ചില്‍ മക്കളിലുണ്ടാക്കുക. നേരത്തെ പഠിക്കുന്ന ശീലമുള്ള മക്കളാണെങ്കില്‍ പരീക്ഷക്കാലത്ത് നാം അവരുടെ പാട്ടിന് വിടണം. അതുവരെ അവര്‍ നടത്തിയ ശ്രമത്തിന്‍റെ അവസാനഘട്ടം അവര്‍ക്ക് വിട്ടുകൊടുക്കണം. നമ്മളായിട്ട് ഇടപെട്ട സമ്മര്‍ദത്തിലാക്കിക്കൂടാ. അറിയാതെ അവന്‍ നമുക്ക് മുന്നില്‍ പ്രകടിപ്പിക്കുന്ന പേടിയെ പോലും ആത്മവിശ്വാസത്തിന്‍റ തുരുത്തിലേക്ക് കൂട്ടി ധൈര്യം പകരാന്‍ രക്ഷിതാക്കള്‍ക്കാകണം.
പഠനത്തിലും പുറമെയുള്ള സമ്മര്‍ദത്തിലും പെട്ട് മനസ്സും ചിന്തയും നന്നായി വര്‍ക്കു ചെയ്യുന്ന കാലമാണ് പരീക്ഷക്കാലം. സാധ്യമെങ്കില്‍ അതനുസരിച്ചുള്ള പോഷകാഹാരം പ്രത്യേകം നല്‍കുക. പഠിക്കാനും ചിന്തിക്കാനും ഉതകുന്ന സ്വസ്ഥത നിറഞ്ഞ അന്തരീക്ഷം ഒരുക്കൊക്കു, സന്ദര്‍ഭോചിതമായി ആത്മവിശ്വാസം പകരുക തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. ഓര്‍ക്കുക, പലപ്പോഴും മക്കളുടെ പഠനക്കുറവല്ല, അവരെ കൈകാര്യം ചെയ്യുന്നതിലുള്ള നമ്മുടെ പോരായ്മയാണ് അവസാന റിസല്‍ട്ടിനെ ബാധിക്കുന്നത്.



Leave A Comment