വെക്കേഷന്‍ കാല ചിന്തകള്‍

സ്‌കൂളുകളിലും കോളേജുകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നീണ്ട വെക്കേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. വളരെ ഫലപ്രദമായും ശ്രദ്ധയോടെയും സുചിന്തിതമായും ഇക്കാലയളവ് വിനിയോഗിക്കുവാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗുരുനാഥന്മാരും പ്രത്യേകം മനസ്സു വെച്ചേ പറ്റൂ. സാധാരണമായ അര്‍ത്ഥത്തിലുള്ള ഒഴിവുസമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കില്ല. ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് പഠനത്തിനും വിജ്ഞാന സമ്പാദനത്തിനും മനനഗവേഷണങ്ങള്‍ക്കുമായാണ് അവരുടെ സമയം വ്യയം ചെയ്യപ്പെടേണ്ടത്.

ഔപചാരിക വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും വിദ്യാര്‍ത്ഥികള്‍ മേല്‍പറഞ്ഞ വഴിക്ക് മുന്നേറണം. ഒഴിവുസമയം മഹത്തായ ഒരനുഗ്രഹമാണെന്നാണ് തിരുനബി(സ)യുടെ അധ്യാപനം. മിക്കവരും ഈ അനുഗ്രഹത്തില്‍ വഞ്ചിതരാകുമെന്ന് അവിടന്ന് താക്കീത് നല്‍കിയിട്ടുണ്ട്. ഈ അമൂല്യാധ്യാപനം മുഖവിലക്കെടുത്ത് ഒഴിവുസമയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ നാം ശ്രദ്ധിക്കണം. വിനോദയാത്ര, സ്റ്റഡീ ടൂര്‍ എന്നൊക്കെയുള്ള പേരില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഒഴിവുസമയങ്ങളില്‍ പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അപകടകരമായ പല ദുഷ്പ്രവണതകളിലേക്കും കുട്ടികള്‍ക്ക് വാതില്‍ തുറന്ന് കൊടുക്കുന്നത് ഇത്തരം യാത്രകളാണെന്നത് അനുഭവയാഥാര്‍ത്ഥ്യങ്ങളാണ്. ദുഷിച്ച കൂട്ടുകാരെയും വൃത്തികെട്ട സ്വഭാവരീതികളോടുള്ള പ്രതിപത്തിയുമൊക്കെയാണ് പലപ്പോഴും ഇവ മുഖേന വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കാറുള്ളത്.

രക്ഷിതാക്കളും ഗുരുനാഥന്മാരും ഇതേപറ്റി കൂടുതല്‍ ബോധവാന്മാരാകണം. നാട്ടില്‍ തന്നെ കഴിഞ്ഞുകൂടുന്ന യുവാക്കളും ടീനേജുകാരും തന്നെ പലപ്പോഴും ദുഷ്ടവലയങ്ങളില്‍ വീഴുന്നു. പാടത്തും പറമ്പുകളിലും ഫുട്‌ബോളും ക്രിക്കറ്റും മറ്റും കളിച്ചും ധൂര്‍ത്തും ദുര്‍വ്യയവുമായി കുബേരകുമാരന്മാരോടൊപ്പം ബൈക്കുകളില്‍ കറങ്ങിയും സമയം തുലക്കുന്ന നമ്മുടെ പ്രിയപ്പെട്ട മക്കള്‍ മതപരമായും ധാര്‍മികമായും സാംസ്‌കാരികമായും നശിക്കുകയാണ് ഫലം. സ്വന്തം മക്കളുടെ ശോഭന ഭാവിയില്‍ താല്‍പര്യമുള്ള ഒരു രക്ഷിതാവിനും ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനാകില്ല. സമ്മര്‍ വെക്കേഷനും മറ്റു നീണ്ട ലീവുകളുമൊക്കെ നമ്മുടെ കുട്ടികളുടെ ഉത്തമ സംസ്‌കൃതിക്കായി ബോധപൂര്‍വം വിനിയോഗിക്കപ്പെടണം. അവര്‍ക്ക് പ്രത്യേകമായ ക്ലാസുകളും കോച്ചിംഗുകളും ഉല്‍ബോധനങ്ങളും സര്‍ഗശേഷി വികസനവേദികളും സംഘടിപ്പിക്കണം. സംസ്‌കാര സമ്പന്നവും പഠനസഹായകവുമായ യാത്രകള്‍ ഏര്‍പ്പെടുത്തണം. അങ്ങനെ സ്വന്തത്തിനും വീട്ടിനും നാട്ടിനും സമൂഹത്തിനുമൊക്കെ അഭിമാനിക്കാന്‍ പറ്റിയ വിധം അവര്‍ വളര്‍ത്തപ്പെടണം. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter