എ.സി ബ്രൌണ്‍ ഹദീസുകളെ വായിക്കുന്നത് ഇങ്ങനെയാണ്

ഹദീസിന്റെ പ്രാമാണികതയെകുറിച്ചുള്ള വേറിട്ടൊരു വായന സമ്മാനിക്കുന്ന ഗ്രന്ഥമാണ്, ജൊനാഥൻ എ.സി ബ്രൗണിന്റെ 'ഹദീഥ്: പ്രൊഫറ്റിക് ലെഗസി ഇൻ മിഡീവൽ ആന്റ് മോഡേൺ വേൾഡ് ' എന്ന പുസ്തകം. നമുക്ക് അതൊന്ന് പരിചയപ്പെടാം.
അപൂർവ്വമായതും കാലപ്പഴക്കമുള്ളതുമായ നാണയങ്ങൾ ശേഖരിക്കുന്നവരെ കണ്ടിട്ടില്ലേ, നാണയങ്ങളുടെ വിനിമയ മൂല്യം നോക്കിയല്ല അവർ അതു സൂക്ഷിച്ചു വെക്കുന്നത് , മറിച്ച് അതിന പ്പുറം അവയ്ക്ക് അവരുടെ കണ്ണിൽ ഒരു മൂല്യമുണ്ട്. അത് അതിന്റെ അപൂർവ്വത അല്ലെങ്കിൽ വൈചിത്രം ഒക്കെയാവാം. അതൊന്നു മാത്രമാണ് അവർ കാണുന്നത്.  ഹദീസ് ക്രോഡീകരണ ഘട്ടത്തിനു ശേഷം സനദു കൊണ്ട് ഹദീസ് സ്വീകരിക്കുന്ന രീതി നിന്നു പോയിട്ടുണ്ടെങ്കിലും അപൂർവ്വങ്ങളായ സനദുകൾ തേടി പിടിച്ചു കണ്ടെത്തി തിരുനബിയിലേക്ക് ചേരുന്ന ആ മഹത്തായ  കണ്ണിയിലെ അംഗമാവുന്ന സംസ്കാരത്തെ താരതമ്യം ചെയ്യാൻ ബ്രൗൺ  കൊണ്ടുവന്ന നരേറ്റീവാണ് മുകളിൽ കൊടുത്തത്.
ഇനി ഹദീസ് നിരൂപണത്തെയും ജേർണലിസത്തെയും താരതമ്യപ്പെടുത്തുന്നത് കാണുക. സമൂഹത്തിൽ വ്യാജ വാർത്തകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. വ്യാജ വാർത്തകൾക്ക് തടയിടാനുള്ള ടൂളുകൾ ഇന്ന് ജേണലിസ്റ്റുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഹദീസുകളിലും ഇത്തരം വ്യാജന്മാർ വന്നതു കൊണ്ടാണ്  ഹദീസ് നിരൂപണ ശാസ്ത്രമെന്ന വിജ്ഞാന ശാഖ പണ്ഡിതര്‍ വികസിപ്പിച്ചെടുത്തത്.  ഇങ്ങനെ ഹദീസ് വിജ്ഞാനീയത്തിലെ അതി സങ്കീർണ്ണമായ സാങ്കേതിക പദപ്രയോഗങ്ങളെയും വിജ്ഞാനശാഖകളെയും വളരെ ലളിതവല്‍കരിച്ച് സമകാലികമായ ഉദാഹരണങ്ങൾ സഹിതം ചിത്രീകരിക്കുന്ന ഒരു ആഖ്യാന വിസ്മയമാണ് ബ്രൗണിന്റെ രചനയിലുടനീളം കാണുന്നത്.

Also read:https://islamonweb.net/ml/Waheeduddin-Khan-The-man-of-peace-and-knowledge
പടിഞ്ഞാറൻ സന്ദേഹവാദികൾ ഉന്നയിക്കുന്ന, നമുക്ക് ലഭ്യമായിട്ടുള്ള ഹദീസുകളെല്ലാം നബിയുടെ യഥാർത്ഥ വചനങ്ങളാണോ എന്ന ബാലിശമായ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള ഒരു ജ്ഞാന യാത്രയാണ് മൂന്നൂറിലധികം പേജുകളിലൂടെ അദ്ധേഹം നടത്തുന്നത്. തിരുനബി(സ), സ്വഹാബികൾക്കിടയിൽ ജീവിക്കുമ്പോൾ ഒരു പിതാവിന്റെ സ്ഥാനത്താണെന്നു പറയാം. നന്മയിലേക്ക് നയിക്കുന്ന പ്രവാചകന്റെ സന്മാർഗ്ഗ നിർദേശങ്ങൾ ശിരസ്സാവഹിക്കുക എന്നതിലപ്പുറം അതു രേഖപ്പെടുത്തി വെക്കുന്നതിന്റെ  ചിന്ത  ഒരു പക്ഷേ അവരെ പിടികൂടിയിട്ടുണ്ടായിരിക്കില്ല. നമ്മളിൽ ഇന്ന് എത്രപേർ ദിനേന നമ്മുടെ ഉപ്പമാരും വല്യുപ്പ മാരുമൊക്കെ പറയുന്നത് രേഖപ്പെടുത്തിവെക്കുന്നുണ്ട്? ഇങ്ങനെയാണ് സ്വഹാബികൾ ഹദീസ് രേഖപ്പെടുത്തി വെക്കാത്തതിനോടുള്ള ബ്രൗണിന്റെ അതിലളിതവും സ്വാഭാവികവുമായി പ്രതികരണം.


പുസ്തകത്തിൽ , പതിനൊന്നാം നൂറ്റാണ്ടോടെ പൂർത്തിയാകുന്ന ആറ് പ്രമുഖ രചനാ ഘട്ടങ്ങളെ ചരിത്രപരമായി അദ്ദേഹം വിലയിരുത്തുന്നു. അതിൽ തന്നെ ആദ്യം ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥമായ മുവത്വയെക്കുറിച്ചും മുഹമ്മദ് ഇബ്നു ഹസന്‍ ശൈബാനിയുടേതടക്കമുള്ള ശറഹുകളെകുറിച്ചും ചരിത്രപരമായി ഇഴകീറി പരിശോധിക്കുന്നു. 


ഹദീസിലെ പടിഞ്ഞാറൻ ഡിബേറ്റുകളെപ്പറ്റി പറയുന്ന ഒരു പ്രധാനപ്പെട്ട ഭാഗം പുസ്തകത്തിന്റെ അവസാനത്തിലുണ്ട്. ചരിത്രരചനാ ശാസ്ത്രത്തിൽ വികസിപ്പിച്ചെടുത്ത HCM അഥവാ ഹിസ്റ്റോറിക്കൽ ക്രിറ്റിക്കൽ  മെത്തേഡിന്റെ അടിസ്ഥാനത്തിൽ   ഷാക്ത്, ഗോൽ ഡ്സിഹ്ർ, മൂർ, ജോൺ ബോൾ തുടങ്ങിയ പഴയ കാല ഒറിയന്റലിസ്റ്റുകൾ ഉന്നയിച്ച അരോപണങ്ങൾ ഹദീസ് നിരൂപണ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ  പരിശോധിക്കുന്നതാണ് അത്. തികഞ്ഞ അവിശ്വാസത്തോടെയും സന്ദേഹത്തോടെയും (Skepticism) മത്രം ഇസ്‍ലാമിക പ്രമാണങ്ങളെ നോക്കിക്കണ്ട ഇവരുടെ വാദഗതികൾ അതീവ ഗുരുതരവും കൂടുതൽ പഠനവിധേയമാക്കേണ്ടതുമാണ്.    


ആധുനികതയുമായി (modernity) സംവദിക്കുമ്പോൾ വിവിധ ധാരയിലുള്ള മുസ്‍ലിം പണ്ഡിതന്മാർ സ്വീകരിച്ച പ്രതികരണങ്ങളെപ്പറ്റി അദ്ധേഹം വാചാലനാകുന്നു. ഇത്തരുണത്തിൽ  പണ്ഡിതന്മാരുടെ പ്രതികരണങ്ങളെ നാല് കാറ്റഗറികളിലായി അദ്ധേഹം പ്രതിഷ്ഠിക്കുന്നു. ഹദീസ് പ്രമാണത്തെ പാടെ നിഷേധിച്ചു കളഞ്ഞ 'ഖുർആൻ ഒണ്‍ലി മൂവ്മെന്റ് 'മായി മുന്നോട്ടുവന്ന ചിറാഗ് അലി, ഗുലാം അഹ്മദ് പർവേസ്, ഹൈക്കൽ തുടങ്ങിയവരുടെ പ്രതികരണമാണ് അതിലൊന്നാമത്തേത്. കേരളത്തിലെ ചേകന്നൂർ മൗലവിയൊക്കെ ഇതിന്റെ ഭാഗമാവുമെന്ന് തോന്നുന്നു. സർ സയ്യിദ്, മുഹമ്മദ് അബ്ദു , റഷീദ് രിദാ തുടങ്ങിയ 'മോഡേണിസ്റ്റ് സലഫികളാ' ണ് രണ്ടാമത്തെ കാറ്റഗറിയിൽ വരുന്നത്. 'ട്രഡീഷണലിസ്റ്റ് സലഫികളായ ' ഇബ്നു അബ്ദുൽ വഹാബ്, ഷൗകാനി, അൽബാനി തുടങ്ങിയവരെ മൂന്നാം വിഭാഗത്തിലും എണ്ണുന്നു. അവസാനമായി സഈദ് റമദാൻ ബൂത്വി, അലി ജുമുഅ തുടങ്ങിയ 'സുന്നീ ട്രഡീഷണലിസ്റ്റു'കളുടെ സമീപന രീതികളെ കുറിച്ചും സവിസ്തരം പറയുന്നുണ്ട്.  


ഇന്ന് മുസ്‍ലിം വൈജ്ഞാനിക രംഗത്ത് ഏറെ ജനകീയനായി ക്കൊണ്ടിരിക്കുന്ന അമേരിക്കൻ പണ്ഡിതനാണ് ബ്രൗൺ. 2012 മുതൽ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റീവ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ക്ലാസിക്കൽ ഹദീസ് ഗ്രന്ഥങ്ങളെ ആസ്പദിച്ചെഴുതിയ അദ്ധേഹത്തിന്റെ രചനകൾ  തികഞ്ഞ വൈജ്ഞാനിക പ്രഭാവം പ്രകടിപ്പിക്കുന്നവയാണ്. The Canonization of al-Bukhari and Muslim: the Formation and Function of the Sunni Hadith Canon, Misquoting Muhammad, Slavery and Islam തുടങ്ങിയ അദ്ദേഹത്തിന്റെ മറ്റു രചനകളും നല്ലപോലെ വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളുടെ പട്ടികയിലാണുള്ളത്. അതു കൂടാതെ ഇസ്‍ലാമിക നിയമ സംഹിത, സലഫിസം സൂഫിസം, അറബി ഭാഷ തുടങ്ങിയവയെല്ലാം അദ്ധേഹത്തിന്റെ രചനാ വിഷയങ്ങളായിട്ടുണ്ട്.


മുൻ ധാരണളെ മാറ്റി നിർത്തി, പ്രമാണബദ്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി പലപ്പേഴും അമ്പരപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ ഇസ്‌ലാം വിമർശകരെന്ന് സ്വയം ചമയുന്ന ചില യുക്തിയില്ലാത്ത യുക്തിവാദികളോട് സഹതാപമാണ് തോന്നുക. 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter