നന്മയുടെ തുടക്കക്കാരന്‍
നന്മയുടെ തുടക്കക്കാരന്‍


ജരീറുബ്‌നു അബ്ദില്ലാഹ്(റ) പറയുന്നു: ''അല്ലാഹുവിന്റെ പ്രവാചകര്‍(സ) പറഞ്ഞു: ''നല്ല ചര്യയെ ഇസ്‌ലാമില്‍ ഒരാള്‍ നടപ്പാക്കിയാല്‍ അവനതിന്റെ പ്രതിഫലം ലഭിക്കും. ശേഷം ആ ചര്യ ചെയ്യുന്നവരുടെ പ്രതിഫലവും ലഭിക്കും; ചെയ്യുന്നവരുടെ പ്രതിഫലത്തില്‍ നിന്ന് ഒന്നും കുറയാതെ തന്നെ. ഒരു ചീത്ത സമ്പ്രദായം ഒരാള്‍ നടപ്പിലാക്കിയാല്‍ അതിന്റെ ശിക്ഷയും അത് പ്രാവര്‍ത്തികമാക്കിയവരുടെ ശിക്ഷയും-അവരുടെ ശിക്ഷയില്‍ നിന്നും ഒന്നും കുറയാതെ തന്നെ- അവനു ലഭിക്കും.''(മുസ്‌ലിം)

നല്ല സമ്പ്രദായത്തിന് ഒരാള്‍ തുടക്കം കുറിച്ചാല്‍ അവന് പ്രതിഫലമുണ്ട്. അതു മാതൃകയാക്കി ആരെങ്കിലും ചെയ്താലും തുടക്കം കുറിച്ച വ്യക്തിക്ക് പ്രതിഫലമുണ്ട്. മാതൃകയാക്കി പ്രവര്‍ത്തിച്ചവരുടെ പ്രതിഫലത്തില്‍ ഒരു കുറവ് വരാതെയാണ് തുടങ്ങിവച്ചവനു പ്രതിഫലം ലഭിക്കുന്നത്. ചീത്ത കാര്യത്തിലാണ് ഒരാള്‍ തുടക്കമിട്ടതെങ്കില്‍ ശിക്ഷയുടെ കാര്യവും അപ്രകാരം തന്നെ. നന്മയുടെയോ തിന്മയുടെയോ നിമിത്തമായി എന്നതാണ് രണ്ടു കാര്യത്തിലും പ്രധാനം.
Also read:https://islamonweb.net/ml/31-May-2017-76
മുളര്‍ ഗോത്രക്കാരായ കുറച്ച് വ്യക്തികള്‍ നബി(സ)യുടെ സന്നിധിയില്‍ വന്നു. കീറിപ്പറിഞ്ഞ പരുക്കന്‍ പുതപ്പുകളാണ് അവര്‍ ധരിച്ചിരുന്നത്. വാളുകള്‍ അണിഞ്ഞ യോദ്ധാക്കളാണവര്‍. അവരുടെ ദരിദ്രാവസ്ഥ കണ്ട നബി(സ)ക്ക് വളരെ സങ്കടം തോന്നി. നബിയുടെ മുഖം വിവര്‍ണ്ണമായി. നിസ്‌കാരത്തിനുള്ള സമയമായി. ബിലാല്‍(റ)നോട് വാങ്കും ഇഖാമത്തും വിളിക്കാന്‍ കല്‍പ്പിച്ചു. നിസ്‌കാരം നിര്‍വഹിച്ചു. ശേഷം നബി(സ) എഴുന്നേറ്റു നിന്ന് സദസ്യരോട് പ്രസംഗിച്ചു. പ്രസംഗത്തില്‍ സൂറത്തുന്നിസാഇലെ ഒന്നാമത്തെ സൂക്തവും  സൂറത്തുല്‍ ഹശ്‌റിലെ പതിനെട്ടാം സൂക്തവും ഓതി ആഗതരായ പാവപ്പെട്ട ഈ സ്വഹാബികളെ സഹായിക്കാന്‍ സൂചന നല്‍കി. സദസ്യര്‍ ദീനാറുകളും ദിര്‍ഹമുകളും വസ്ത്രങ്ങളും ഗോതമ്പും കാരക്കയും സംഭാവന ചെയ്തു. ചിലര്‍ സംഭാവനകളുടെ ചുമട്ടുകളുമായാണ് നബി(സ)യുടെ നിര്‍ദേശം സ്വീകരിച്ചത്. ഭക്ഷ്യ വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും കൂമ്പാരങ്ങള്‍ തന്നെ നബി(സ)യുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഇതു കണ്ട് നബി(സ) വളരെ സന്തുഷ്ടനായി. ഈ സന്ദര്‍ഭത്തിലാണ് തിരുമേനി(സ) മേല്‍ പ്രസ്താവം നടത്തിയത്. സാധാരണയില്‍ ഇല്ലാതിരുന്ന ഒരു പുതിയ സമ്പ്രദായമാണ് സ്വഹാബികളുടെ ഈ നടപടി. ഇത് സ്തുത്യര്‍ഹമായ നൂതന മാതൃകയാണ്. വേണ്ട പുതിയ കാര്യങ്ങള്‍ നടപ്പാക്കാമെന്നും അവ മാതൃകയാക്കി അനുകരിക്കുന്നതും പുണ്യവും പ്രതിഫലാര്‍ഹവുമാണെന്നുമാണ് നബി തിരുമേനി(സ) തന്റെ അനുയായികളെ ഓര്‍മ്മപ്പെടുത്തിയത്. തെറ്റായ കാര്യമാണ് പുതിയതായി നടപ്പാക്കുന്നതെങ്കില്‍ അത് ശിക്ഷാര്‍ഹമാണെന്നും നബി(സ) വ്യക്തമാക്കി.
Also read:https://islamonweb.net/ml/31-May-2017-66
നബി(സ)യുടെ ജീവിതകാലത്ത് നടപ്പിലാക്കുന്ന നല്ല സമ്പ്രദായത്തെ കുറിച്ച് മാത്രമല്ല തിരുമേനി(സ) പറഞ്ഞത്. തന്റെ കാലശേഷത്തെ കാര്യവും ഈ പരാമര്‍ശം ഉള്‍കൊള്ളുന്നുവെന്ന് ഹദീസിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമില്‍ നല്ല കാര്യം എന്നു ഹദീസില്‍ പരാമര്‍ശിച്ചതിന്റെ താല്‍പര്യം ദീനിന്റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്തത് എന്നാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ്, ഇസ്തിസ്വ്ഹാബ് തുടങ്ങിയവയാണല്ലോ ലോക മുസ്‌ലിംകള്‍ അംഗീകരിച്ചുവരുന്ന ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങള്‍. ഇവക്ക് അനുയോജ്യമായി വരുന്ന ഏത് നല്ല കാര്യങ്ങളും അവ പുതിയതായി വരുന്നു എന്നതു കൊണ്ട് നിഷിദ്ധമാകുന്നില്ല. അത്തരം ചില കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതും പ്രവര്‍ത്തിക്കുന്നതും ചിലപ്പോള്‍ ഇസ്‌ലാമിക ദൃഷ്ട്യാനിര്‍ബന്ധം തന്നെയായിവരുന്നുണ്ടെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബാദത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും നബി(സ)യുടെ കാലത്തില്ലാത്തത് സമുന്നതരായ സ്വഹാബികള്‍ നടപ്പാക്കിയത് മുസ്‌ലിം ലോകം ഏകാഭിപ്രായത്തോടെ പിന്തുടര്‍ന്നുവന്നിട്ടുണ്ട്. ഉമര്‍(റ) തറാവീഹ് നിസ്‌കാരം ഒരു ഇമാമിന്റെ കീഴില്‍ ഒറ്റ ജമാഅത്തായി നടപ്പാക്കിയത്, ഉസ്മാന്‍(റ) വെള്ളിയാഴ്ചയിലെ ജുമുഅഃ വാങ്ക് ഒന്ന് വര്‍ധിപ്പിച്ചത് തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. ലക്ഷത്തിലധികം സ്വഹാബികള്‍ ജീവിച്ചിരുന്ന കാലത്താണ് ഉമര്‍(റ)വും ഉസ്മാന്‍(റ)വും അവ നടപ്പാക്കിയത്. സ്വഹാബികളിലാരും അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് പ്രസ്താവ്യമാണ്.

ദീനിന്റെ പ്രമാണങ്ങള്‍ക്ക് നിരക്കാത്ത നൂതന കാര്യങ്ങളാണ് തള്ളപ്പെടേണ്ടത്. പ്രമാണങ്ങള്‍ക്ക് അനുസൃതമായവ അത് പുതിയ കാര്യങ്ങളാണെന്നു വെച്ച് തിരസ്‌കരിക്കപ്പെടേണ്ടവയല്ല. ഇക്കാര്യം ആഇശ(റ) നിവേദനം ചെയ്ത തിരുവാക്യത്തില്‍നിന്ന് വ്യക്തമാണ്. ആഇശ(റ) പറയുന്നു: നബി(സ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''നമ്മുടെ ഈ കാര്യത്തില്‍(മതത്തില്‍) പെടാത്ത വല്ല കാര്യവും ഒരാള്‍ പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടുന്നതാണ്.'' (ബുഖാരി-മുസ്‌ലിം)
മുന്‍കാലത്ത് നടപ്പിലില്ലാത്തതും ദീനിന്റെ പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതുമായ സല്‍കാര്യങ്ങള്‍ കണ്ടെത്തി നടപ്പില്‍വരുത്തി മാതൃക സൃഷ്ടിക്കാന്‍  തുടക്കത്തില്‍ പരാമര്‍ശിച്ച  തിരുവാക്യം സത്യവിശ്വാസികള്‍ക്ക് പ്രേരണ നല്‍കുന്നു. ചീത്ത കാര്യങ്ങള്‍ തുടങ്ങിവെക്കുന്നതിനെ കുറിച്ച് താക്കീതും നല്‍കുന്നുണ്ടെന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകാതെ പോകുന്ന കാര്യമല്ല. നന്മയുടെ വഴികള്‍ ധാരാളമുണ്ട്. അവ കണ്ടെത്തി നടപ്പാക്കുന്നവര്‍ക്ക് എല്ലാവിധ ഗുണങ്ങളുമുണ്ടെന്ന് നബി(സ)യുടെ തിരുവചനം ഇതിന്ന് ഉപോല്‍ബലകമാണ്.

സഹ്‌ലുബ്‌നു സഅ്ദ്(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതര്‍(സ) പറഞ്ഞു: തീര്‍ച്ചയായും ഈ നന്മ(ചില) ഖജനാവുകളാണ്. അവയ്ക്ക് ചില താക്കോലുകളുണ്ട്. ആ നന്മകളുടെ താക്കോലായും തിന്മയെ പൂട്ടുന്നവനായും അല്ലാഹു നിശ്ചയിച്ച അടിമക്കാണ് എല്ലാ ഗുണങ്ങളും. തിന്മയെ തുറക്കുന്നവനും നന്മയെ അടച്ചുകളയുന്നവനുമായ അടിമക്കാണ് എല്ലാനാശങ്ങളും.''(ഇബ്‌നുമാജ)
ഖജനാവുകളില്‍ പൂട്ടപ്പെട്ട നിരവധി നന്മകളും തിന്മകളുമുണ്ട്. അഥവാ മുമ്പില്ലാത്ത പലതരത്തിലുള്ള നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളുമുണ്ട്. അവയില്‍ നല്ല കാര്യങ്ങള്‍ തുറന്നെടുത്ത് നടപ്പാക്കുന്നത് പുണ്യമാണെന്നും ചീത്ത കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നത് കുറ്റകരമാണെന്നുമാണ് ഈ തിരുവാക്യത്തിന്റെ പൊരുള്‍.

ചുരുക്കത്തില്‍, പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് മതത്തിന്റെ പ്രമാണങ്ങളുടെ അംഗീകാരവും പിന്തുണയുമുള്ളതാണോ അല്ലേ എന്നതാണ് മാനദണ്ഡമായി സ്വീകരിക്കേണ്ടത്. ഉള്ളതാണെങ്കില്‍ അഭികാമ്യമായ കാര്യമാണ്. അല്ലെങ്കില്‍ നിഷിദ്ധമായ ബിദ്അത്തുമാണ്. ദീനിന്റെ ഇമാമുകളും മുന്‍കാല പണ്ഡിതരും പിന്തുടര്‍ന്നുപോന്ന നിലപാടതാണ്.അതിന്നെതിരെയുള്ള അപശ്ശബ്ദങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter