മുസ്‌ലിം ലോകം പ്രാമാണികമായി അംഗീകരിക്കുന്ന ഒരുപാട് ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അസ്സ്വിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന ആറു ഗ്രന്ഥങ്ങളാണ് ഇതില്‍ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനു അബീദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു നസാഈ, സുനനു ഇബ്‌നുമാജ: എന്നിവയാണിവ. കൂടാതെ പ്രാമാണികമായി അംഗീകരിക്കുന്ന ദാറഖുഥ്‌നി, മുസ്തദ്‌റക്, മുവഥ്ഥ തുടങ്ങിയ ഗ്രന്ഥങ്ങള്‍ വേറെയും. സ്വഹീഹുല്‍ ബുഖാരി 'അല്‍ജാമിഉ സ്സ്വഹീഹുല്‍ മുസ്‌നദ് ബിന്‍ ഹദീസി റസൂലില്ലാഹി(സ) വസുനനിഹി വ അയ്യാമിഹീ' എന്നാണ് ഗ്രത്തിന്റെ മുഴുവന്‍ പേര്. അബൂഅബ്ദുല്ല മുഹമ്മദ്ബ്‌നു ഇസ്മാഈലിബ്‌നി ഇബ്രാഹീമിബ്‌നി അല്‍ മുഗീറ ഇബ്‌നി ബര്‍ദിസ്ബ അല്‍ജുഅ്ഫി അല്‍ ബുഖാരി (ഹി. 194-250) ആണ് ഈ ക്രോഡീകരണം നടത്തിയത്. ആറു ലക്ഷം ഹദീസുകളില്‍നിന്ന് സ്വഹീഹാണെന്നു തനിക്ക് ബോധ്യപ്പെട്ടവ മാത്രമാണ് ഇതിലുള്ളത്. മൊത്തം പതിനാറ് വര്‍ഷത്തെ അധ്വാനഫലമാണ് ഈ ക്രോഡീകരണം. ഓരോ ഹദീസ് രേഖപ്പെടുത്തുമ്പോഴും വുദു ചെയ്ത്, രണ്ട് റക്അത്ത് നന്മ തേടി നിസ്‌കരിച്ച് അത് സ്വഹീഹാണെന്ന് സമ്പൂര്‍ണമായും ബോധ്യപ്പെടുത്തിയിരുന്നുവെന്നാണ് ചരിത്രം. ബുഖാരിയിലെ ഹദീസുകളുടെ എണ്ണത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇമാം ഇബ്‌നു ഹജറില്‍ അത്ഖലാനീ രേഖപ്പെടുത്തിയത് ഇതില്‍ പ്രബലമായതെന്ന് പറയപ്പെടുന്നു. 7275 ഹദീസുകളാണ് ആവര്‍ത്തനങ്ങളടക്കം ഗ്രന്ഥത്തിലുള്ളതെന്നും ആവര്‍ത്തനം ഒഴിവാക്കിയാല്‍ നാലായിരം ഹദീസുകളാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പല പണ്ഡിതന്‍മാരും ഹദീസുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ സ്വഹീഹായവയും അല്ലാത്തവയും കടന്നുകൂടിയെന്നും അതിനാലാണ് സ്വഹീഹുകള്‍ മാത്രം ക്രോഡീകരിക്കാന്‍ തീരുമാനിച്ചതെന്നും ഇമാം ബുഖാരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
മൊത്തം പത്തൊമ്പത് നുസ്ഖകളും പ്രചുരപ്രചാരം നേടിയ അഞ്ചു ശാഹുകളും ഇതിനുണ്ട്. സ്വഹീഹു മുസ്‌ലിം അബുല്‍ ഹുസൈന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജി അല്‍ ഖുശൈരി അന്നൈസാബൂരി (ഹി. 204-261) യുടെ ഹദീസ് സമാഹാരമാണിത്. നീണ്ട പതിനഞ്ചു വര്‍ഷമാണ് ഇതിനായി അദ്ദേഹം ചെലവഴിച്ചത്. പ്രത്യേകമായ തലക്കെട്ടുകളില്ലാതെയാണ് ഇതിന്റെ ഘടന. പില്‍ക്കാലത്ത് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമെഴുതിയ പണ്ഡിതന്‍മാരാണ് തലക്കെട്ടുകള്‍ നല്‍കിയത്. പന്ത്രണ്ടായിരം ഹദീസുകളുണ്ടെന്ന് കണക്കാക്കുന്നു. ഇമാം നവവി(റ)യുടെ ശറഹുമുസ്‌ലിം ഏറെ പ്രസിദ്ധമായ വ്യാഖ്യാനമാണ്. സുനനു അബീദാവൂദ് അബൂദാവൂദ് സുലൈമാനുബ്‌നു അല്‍ അശ്അസ്ബ്ന്‍ ബശീര്‍ ബ്ന്‍ ശദ്ദാദ് ബിന്‍ ഉമര്‍ ഇബ്‌നി ഇംറാന്‍ അല്‍ അസ്ദീ അസ്സിജിസ്താനീ (ഹി. 202-275) ആണ് ഈ ക്രോഡീകരണത്തിന്റെ കര്‍ത്താവ്. അഞ്ചു ലക്ഷം ഹദീസുകളില്‍ നിന്ന് നാലായിരത്തി എണ്ണൂറ് ഹദീസുകളെയാണ് ഇതില്‍ തെരഞ്ഞെടുത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം സുയൂഥി(റ)യുടെ മിര്‍ഖാതുസ്സ്വുഊദ് ഇലാ സുനനി അബീദാവൂദ്, ഖഥാബി(റ)യുടെ മആലിമുസ്സുനന്‍, ഹാഫിസ് ഇബ്‌നു ഖയ്യിമിന്റെ ശാഹ്, ഇമാം നവവി(റ)യുടെ പൂര്‍ത്തിയാവാത്ത ശറഫ് എന്നിവയെല്ലാം സുനനു അബീദാവൂദിന്റെ വ്യാഖ്യാനങ്ങളാണ്. ജാമിഉത്തിര്‍മിദി അല്‍ഇമാം അബൂഈസ മുഹമ്മദ് ബിന്‍ ഈസ ബ്‌നി സൗറബ്‌നി മൂസ അത്തിര്‍മിദി (ഹി. 209-279) യുടെ ക്രോഡീകരണമാണിത്.
ഹദീസുകള്‍ക്ക് ശേഷം അതിന്റെ ഇനങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണിതിന്റെ പ്രത്യേകത. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ ഇബ്‌നി അബ്ദുല്‍റഹീം അല്‍മുബാറക് ഫൂരിയുടെ തുഹ്ഫതുല്‍അഹ്‌വദിയാണ് അറിയപ്പെടുന്ന ഒരു ശറഹ്. സുനനുന്നസാഈ അബൂഅബ്ദിര്‍റഹ്മാന്‍ അഹ്മദുബ്‌നു ശുഐബ് ബിനി അലിയ്യിബ്‌നി സിനാനിബ്‌നി ബഹ്ര്‍ ബ്‌നി ദീനാര്‍ അല്‍ഖുറാസാനീ അന്നസാഈ (റ)യുടെ ക്രോഡീകരണമാണ് സുനനുന്നസാഈ. ഹിജ്‌റ 214 ലോ 215-ലോ ആണ് മഹാനവര്‍കളുടെ ജനനം. ഹി. 303ല്‍ വഫാതായി. തന്റെ സുനനുസ്സ്വുഗ്‌റയും സുനനുല്‍ കുബ്‌റയും പ്രസിദ്ധമാണ്. സനനുസ്സ്വുഗ്‌റയാണ് സ്വിഹാഹുസ്സിത്തയില്‍ എണ്ണപ്പെടുന്നത്. അല്‍മുജ്തബാ എന്നും അല്‍ മുജ്തനാ എന്നും ഇതിനു പേരുണ്ട്. സുനനു ഇബ്‌നിമാജ: അബൂ അബ്ദിശ മുഹമ്മദ്ബ്‌നു യസീദി ബ്‌നി മാജ അല്‍ ഖസ്‌വീതി (ഹി. 209-273) യുടേതാണ് ഈ ക്രോഡീകരണം. മാജ: എന്ന പേര് തന്റെ പിതാവ് യസീദിന്റേതാണെന്നും മാതാവിന്റേതാണെന്നും അഭിപ്രായമുണ്ട്. മഹാനായ മുഹമ്മദ് ബ്ന്‍ ഥാഹിര്‍ അല്‍മഖ് ദാസിയാണ് ഇതിനെ സ്വിഹാഹുസ്സിത്തയില്‍ എണ്ണിയത്. തല്‍സ്ഥാനത്ത് ഇമാം മാലികി (റ)ന്റെ മുവഥ്ഥയെ പരിഗണിക്കുന്നവരുമുണ്ട്. മിസ്വ്ബാഹുസ്സുജാജ അലാ സുനനി ഇബ്‌നു മാജ എന്ന പേരില്‍ ഇമാം സുയൂഥി (റ) ഒരു വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്. മുവഥ്ഥ്വ മാലിക്ബ്‌നു അനസിബ്‌നി മാലിക് ബ്‌നി അബീ ആമിര്‍ (ഹി. 93-179) ന്റേതാണ് പ്രസ്തുത ഗ്രന്ഥം. ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമാണിതെന്ന സവിശേഷത ഇതിനുണ്ട്. 'മാലികിന്റെ ഗ്രന്ഥത്തെക്കാള്‍ പ്രബലമായ മറ്റൊന്നും ഭൂലോകത്തില്ല' എന്ന് ഇമാം ശാഫിഈ(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബുഖാരിയും മുസ്‌ലിമും ക്രോഡീകൃതമാവുന്നതിന് മുമ്പാണ് ഈ അഭിപ്രായപ്രകടനമെന്നത് ശ്രദ്ധേയമാണ്. 'ഔജസുല്‍ മസാലിക്' ഇതിന്റെ ശറഹുകളില്‍ മുഖ്യമായതാണ്. സുനനുദാരിമി അബ്ദുല്ലാഹിബ്‌നു അബ്ദിര്‍റഹ്മാനിബ്‌നി ഫദ്‌ലി ബ്‌നി ബഹ്‌റാം (ഹി. 181-255) ആണ് ഈ സുനനിന്റെ കര്‍ത്താവ്. ബുഖാരിയൊഴികെ മറ്റു സ്വിഹാഹുകള്‍ക്കും മുമ്പാണ് ഇത് പിറവിയെടുത്തത്. മുസ്‌നദ് അഹ്മദ് ഇമാം അഹ്മദുബ്‌നു ഹന്‍ബലി (ഹി. 164-241) ന്റേതാണ് ഈ ക്രോഡീകരണം. തന്റെ വഫാതിനു ശേഷം പുത്രന്‍ അബ്ദുല്ലയാണ് ഇന്നു കാണുന്ന രീതിയില്‍ മുസ്‌നദ് അഹ്മദ് അവരിപ്പിച്ചത്. മുസ്തദ്‌റക് അല്‍ ഹാകിം അബൂ അബ്ദില്ല മുഹമ്മദ് ബ്‌നി അബ്ദുല്ലബ്‌നി മുഹമ്മദ് (ഹി. 321- 405) ന്റേതാണീ ഗ്രന്ഥം. 'അല്‍മുസ്തദ്‌റകു അലസ്സ്വഹീഹൈന്‍' എന്ന അതിന്റെ നാമം കുറിക്കുന്ന പോലെ, ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടാത്ത, എന്നാല്‍ ഉള്‍പ്പെടുത്താവുന്ന ഹദീസുകളുടെ ക്രോഡീകരണമാണിത്. ബൈഹഖി, ഥബ്‌റാനി, ബസ്സാര്‍, ദാറഖുഥ്‌നി തുടങ്ങിയ മറ്റനേകം പ്രാമാണിക ഹദീസ് ക്രോഡീകരണങ്ങളും ഉണ്ട്.
സ്വിഹാഹുകളില്‍ ചിലത് ഇവയാണ്: 1- സ്വഹീഹു ബ്‌നു ഖുസൈമ. (അബൂബക്‌റ് ബ്‌നു മുഹമ്മദ് ബ്‌നു ഇസ്ഹാഖ് ബ്‌നു ഖുസൈമ. ഹി. 223-311). 2- സ്വഹീഹു ബ്‌നു ഹിബ്ബാന്‍: (അബൂഹാതിം മുഹമ്മദ്ബ്‌നി ഹിബ്ബാനിബ്‌നി അഹ്മദ് ബ്‌നി ഹിബ്ബാന്‍ -വ. 354 ഹി.). 3- സ്വഹീഹു അബീ അവാന: (യഅഖൂബ് ബ്‌നി ഇസ്ഹാഖ് ബ്‌നി ഇബ്രാഹീമബ്‌നി യസീദ് അല്‍ ഇവ്ഫറായനി -വ. 316). 4- സ്വഹീഹുബ്‌നിസ്സകന്‍ (അബൂ അലി സഈദുബ്‌നു ഉസ്മാന്‍, 194-353 ഹി.). 5- സ്വഹീഹുല്‍ ഇസ്മാഈലീ (അബൂബക്ര്‍ അഹ്മദ് ബ്ന്‍ ഇബ്രാഹീമിബ്‌നി ഇസ്മാഈല്‍ അല്‍ ജുര്‍ജാനി, ഹി. 277-371). 6- അല്‍മുഖ്താറ -സിയാഉദ്ദീന്‍ മുഹമ്മദ് ബ്‌നി അബ്ദില്‍ വാഹിദ് അല്‍ മഖ്ദസി (596-643). സ്വഹീഹാനിയും വിമര്‍ശകരും സ്വഹീഹുല്‍ ബുഖാരിയെയും സ്വഹീഹു മുസ്‌ലിമിനെയും കുറിച്ച് സ്വഹീഹാനി എന്നു പറയുന്നു. ഹദീസില്‍ 'ശൈഖാനി' (രണ്ടു ഗുരുക്കള്‍) എന്നു പരിചയപ്പെടുത്തുന്നതും ഇമാം ബുഖാരിയെയും ഇമാം മുസ്‌ലിമിനെയുമാണ്. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്വഹീഹായ ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയാണ് എന്ന് മുസ്‌ലിം ലോകം അംഗീകരിച്ച വസ്തുതയാണ്. ഒരു പക്ഷേ, സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം പോലുള്ള ഗ്രന്ഥങ്ങില്ലായിരുന്നെങ്കില്‍ ഹദീസുകള്‍ക്ക് ഇത്രത്തോളം പ്രാമാണികത കല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ഹദീസിന്റെ സംരക്ഷണം അല്ലാഹു നിര്‍വഹിച്ചത് ഇത്തരം മഹാരഥന്‍മാരിലൂടെയാണ്. സ്വഹീഹുല്‍ ബുഖാരിയെ മുസ്‌ലിമിനെക്കാള്‍ പ്രബലമാക്കുന്ന ഘടകങ്ങള്‍ ഇവയാണ്. 1- നിവേദക ശൃംഖല മുഴുവന്‍ മുത്തസ്വില്‍ ആണ്. 2- ബുഖാരിയിലെ ഹദീസുകള്‍ മുഴുവനും ഇല്ലത്തി (ഹദീസിന്റെ സാധുതയെ ബാധിക്കുന്ന കാര്യങ്ങള്‍) ല്‍ നിന്ന് മുക്തമാണ്. 3- നിവേദകന്‍മാര്‍ അതിവിശ്വസ്തര്‍ (സിഖാത്) ആണ്. എന്നാല്‍ ഗ്രന്ഥത്തിന്റെ രൂപീകരണത്തിലും ഘടനയിലും സ്വഹീഹുല്‍ ബുഖാരിയേക്കാള്‍ സ്വഹീഹു മുസ്‌ലിം മുന്നിട്ടു നില്‍ക്കുന്നു. മുവഥ്ഥ്വയില്‍ നിവേദക ശൃംഖലയിലെ നിവേദകന്‍മാര്‍ കുറവാണെന്ന കാരണത്താല്‍ ഈ രണ്ടു ഗ്രന്ഥങ്ങളുടെ സമാനമായി മുവഥ്ഥ്വയെ എണ്ണുന്നവരുമുണ്ട്. ബുഖാരിയും മുസ്‌ലിമും സംയോജിതമായി നിവേദനം ചെയ്ത ഹദീസുകളാണ് ഏറ്റവും പ്രബലമായി കണക്കാക്കുന്നത്. 2326 ഹദീസുകളാണ് ഇങ്ങനെ സംയോജിച്ച് നിവേദനം ചെയ്യപ്പെട്ടവ. ഇതു കഴിഞ്ഞാല്‍ പിന്നെ ബുഖാരി മാത്രം നിവേദനം ചെയ്ത ഹദീസുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. ഇതിനു ശേഷമാണ് മുസ്‌ലിം(റ) മാത്രം നിവേദനം ചെയ്ത ഹദീസിന്റെ സ്ഥാനം. ബുഖാരിയുടെയും മുസ്‌ലിമിന്റെയും വ്യവസ്ഥകള്‍ക്കനുസൃതമായി മറ്റു പണ്ഡിതന്‍മാര്‍ ഉദ്ധരിച്ചവ, ബുഖാരിയുടെ മാത്രം വ്യവസ്ഥയില്‍ നിവേദനം ചെയ്യപ്പെട്ടവ, മറ്റുള്ള പണ്ഡിതന്‍മാര്‍ സ്വന്തം വ്യവസ്ഥക്കനുസൃതമായി സ്വഹീഹായിപ്പറഞ്ഞവ എന്നിങ്ങനെയാണ് പിന്നീടുള്ള മുന്‍ഗണനാ ക്രമം.
ലോകത്തുള്ള സര്‍വസ്വഹീഹായ ഹദീസുകളും ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടില്ല. എന്നാല്‍, ബുഖാരിയും മുസ്‌ലിമും സ്വീകരിച്ച കണിശമായ വ്യവസ്ഥക്കനുസൃതമായി തെരഞ്ഞെടുത്ത ഹദീസുകള്‍ മാത്രമേ അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ സ്വഹീഹാനി നിവേദനം ചെയ്തവ മാത്രമേ സ്വഹീഹായ ഹദീസാവുകയുള്ളൂ എന്നും വാദിക്കാനാവില്ല. ശൈഖാനിയുടെ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമായതിനാല്‍ സ്വഹീഹാനിക്ക് കൂടുതല്‍ സ്ഥാനം നല്‍കുന്നു എന്നു മാത്രം. പൂര്‍വ്വീകന്‍മാരായ ചില ഹദീസ് പണ്ഡിതന്‍മാര്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ചില ഹദീസുകളില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ വിമര്‍ശനമായി വിലയിരുത്തുന്നത് തന്നെ അപരാധമാണ്. ശൈഖാനി സ്വീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ഇവ സ്വഹീഹൈനിയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ല എന്ന രീതിയിലാണ് ചില അഭിപ്രായപ്രകടനങ്ങള്‍. എന്നാല്‍ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്‍മാര്‍ നിര്‍വചിച്ച 'സ്വഹീഹ്' എന്ന വിഭാഗത്തില്‍ ഈ ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദാറുഖുഥ്‌നി(റ) യെപ്പോലുള്ള ഈ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ പൊക്കിപ്പിടിച്ച് ബുഖാരിയെയും മുസ്‌ലിമിനെയും വിമര്‍ശിക്കാനും, അതിന്റെ പ്രാമാണികതയില്‍ സംശയം ജനിപ്പിക്കാനും ചിലര്‍ കരുതിക്കൂട്ടി ചെയ്യുന്ന വേണ്ടാത്തരമായിക്കാണുകയാണ് വേണ്ടത്.
മൊത്തം ഇരുന്നൂറ്റിപ്പത്ത് (210) ഹദീസുകളിലാണ് ഇങ്ങനെ അഭിപ്രായാന്തരം വന്നിട്ടുള്ളത്. അവയില്‍ മുപ്പത്തിരണ്ടെണ്ണം ബുഖാരിയും മുസ്‌ലിമും യോജിച്ച് റിപ്പോര്‍ട്ട് ചെയ്തവയാണ്. എഴുപത്തിയെട്ട് ഹദീസുകള്‍ ബുഖാരിയും ബാക്കി വന്ന നൂറ് ഹദീസുകള്‍ മുസ്‌ലിം തനിച്ചും നിവേദനം ചെയ്തിരിക്കുന്നു. ബുഖാരിയിലെ ഇത്തരം ഹദീസുകള്‍ക്ക്, ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനി മറുപടി പറയുന്നുണ്ട്. മുസ്‌ലിമിലേതിന് ശറഹു മുസ്‌ലിമില്‍ ഇമാം നവവി(റ)യും മറുപടി പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, ഈ ഹദീസുകളില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഹദീസിന്റെ സാധുതയെ ബാധിക്കുന്നവയല്ല. ഈ ഹദീസുകള്‍ മുന്നില്‍ വെച്ച്, ബുഖാരിയിലും മുസ്‌ലിമിലും പ്രബലമല്ലാത്ത ഹദീസുകളുണ്ട് എന്നു വാദിക്കാനാവില്ല. പ്രവാചകര്‍(സ) പ്രസ്തുത വചനങ്ങള്‍ മൊഴിഞ്ഞിട്ടില്ല എന്നും പറയാനാവില്ല. പിന്നെ, ഖുര്‍ആനിന്റെയോ അംഗീകരിക്കപ്പെട്ട പൊതുമത നിയമത്തിന്റെയോ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നു വന്നാല്‍ അവ വ്യാഖ്യാനം അര്‍ഹിക്കുന്നുണ്ട്.
ഉദാഹരണത്തിന്, ബുഖാരിയിലെ 205-ാം നമ്പര്‍ ഹദീസ്, വുദു എടുക്കുമ്പോള്‍ നബി(സ) തലപ്പാവിന്‍മേല്‍ തടവി എന്നാണ് ഹദീസിലുള്ളത്. ഖുര്‍ആനില്‍ 'നിങ്ങള്‍ തല തടവുകയും ചെയ്യുക' (മാഇദ) എന്ന് വ്യക്തമായിപ്പറഞ്ഞതാണ്. അപ്പോള്‍ പ്രസ്തുത ഹദീസിനെ വ്യാഖ്യാനിക്കേണ്ടതായി വരുന്നു. തലയില്‍ നിന്ന് അല്‍പം തടവിയതിന് ശേഷം ബാക്കി തലപ്പാവില്‍ പൂര്‍ത്തിയാക്കിത്തടവുകയാണ് നബി(സ) ചെയ്തത് എന്ന് പണ്ഡിതന്‍മാര്‍ വ്യാഖ്യാനിക്കുന്നു. ഇത് കര്‍മശാസ്ത്ര സരണികള്‍ അംഗീകരിച്ച കാര്യമാണ്. ഇങ്ങനെ വ്യാഖ്യാനിക്കേണ്ടിവന്നത് ബുഖാരിയില്‍ പ്രബലമല്ലാത്ത ഹദീസ് വന്നുചേര്‍ന്നു എന്നതിനാലല്ല. ഈ സംഭവം നിവേദനം ചെയ്ത സ്വഹാബി 'തലപ്പാവില്‍ തടവി' എന്ന ആശയം തന്റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും പ്രസ്തുത സംഭവം കണ്ണിമുറിയാതെ ബുഖാരി വരെ എത്തുകയും, തന്റെ വ്യവസ്ഥക്കനുസരിച്ച് സ്വഹീഹാണെന്നു വന്നപ്പോള്‍ ബുഖാരി(റ) സംഭവം രേഖപ്പെടുത്തുകയും ചെയ്തു. പിന്നെ വ്യാഖ്യാനിക്കേണ്ടവരും മറുവിധി പുറത്തെടുക്കേണ്ടവരും പണ്ഡിതന്‍മാരാണ്. അതവര്‍ നിര്‍വഹിക്കുകയും ചെയ്യും. ഇത്തരം ഹദീസുകള്‍ മാത്രം ഉദ്ധരിച്ച് ബുഖാരിയെയും മുസ്‌ലിമിനെയും ചിലയാളുകള്‍ ബോധപൂര്‍വം വിമര്‍ശിക്കുന്നുണ്ട്. ഉല്‍പതിഷ്ണുക്കളായ ഇത്തരം ആളുകള്‍ തങ്ങളുടെ വാദഗതികള്‍ സ്ഥാപിക്കാന്‍ വേണ്ടി, സ്വഹീഹൈനിയില്‍ ബലഹീനവും തെളിവിനു കൊള്ളാത്തവയുമായ ഹദീസുകളുണ്ടെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് അവരിതുകൊണ്ട് ലക്ഷ്യമാക്കുന്നത്. മേല്‍പറയപ്പെട്ട ഇരുന്നൂറ്റിപ്പത്ത് ഹദീസുകള്‍ക്കുമപ്പുറം അവരുടെ വിമര്‍ശനങ്ങള്‍ കടന്നു ചെല്ലുമ്പോള്‍ ഇത് ദുരുദ്ദേശ്യപരമാണെന്നു പറയാതെ നിര്‍വാഹമില്ല.
ഈയടുത്തിറങ്ങിയ ഒരു ഹദീസ് പതിപ്പില്‍ 'വിമര്‍ശനവിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും' എന്ന തലക്കെട്ടില്‍ ഒരു ലേഖനം തന്നെ കാണാം. പൊതുജനങ്ങളുടെ മുന്നില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത്, പ്രത്യേകിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാതിരിക്കുമ്പോള്‍, ഒരു ഗുണവും ചെയ്യില്ല എന്ന തിരിച്ചറിവെങ്കിലും ലേഖകനു ഉണ്ടാകണമായിരുന്നു. ഹദീസ് ഖുദ്‌സി, ഹദീസ് സാങ്കേതിക ശാസ്ത്രം തുടങ്ങി ഒട്ടനേകം വിഷയങ്ങള്‍ ഇനിയും പ്രതിപാദിക്കാനുണ്ട്. ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ- ഇന്ന് ലഭ്യമായ ഹദീസുകള്‍ ലക്ഷോപലക്ഷം ഹദീസുകളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ്. എങ്കില്‍, ലഭ്യമല്ലാത്ത ഹദീസുകള്‍ എത്രമാത്രം ഉണ്ടായിരിക്കും. നമ്മുടെ അനുഷ്ഠാനങ്ങള്‍ക്കും ആരധനാ രീതികള്‍ക്കും നാം അവലംബിക്കുന്ന ഹദീസുകള്‍ ഇന്ന് ലിഖിതമായിക്കിടക്കുന്നവയാണ്. അവയെ ഇനിയും തലനാരിഴ കീറി പരിശോധിച്ച്, അനുവര്‍ത്തിച്ചു വരുന്ന കാര്യങ്ങളെ വിമര്‍ശിക്കുന്നത് മുസ്‌ലിം സമുദായത്തിന് എങ്ങനെ ഗുണം ചെയ്യും?
Leave A Comment