ഉസ്ബെകിസ്താന്‍

1991 സെപ്റ്റംബര്‍ 1-നു സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഈ രാജ്യം റിപ്പബ്ലിക്ക് ഓഫ് ഉസ്ബെക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നു. താഷ്ക്കന്‍റ് ആണ് തലസ്ഥാനം. അതിരുകളില്‍ വടക്ക് കസാക്കിസ്താനും പടിഞ്ഞാറ് തുര്‍ക്കുമെനിസ്ഥാനുമാണ്. കിഴക്ക് കിര്‍ഗിസ്ഥാനും തെക്ക് അഫ്ഗാനിസ്ഥാനുമാണുള്ളത്. 2,41,139 ച. കി. മി വിസ്തീര്‍ണ്ണമുള്ള രാജ്യത്ത് 29,341,200 ആളുകള്‍ (2011 പ്രകാരം) വസിക്കുന്നുണ്ടെന്നാണ് കണക്ക്. 'സോം' ആണ് നാണയം. ജനസംഖ്യയില്‍ (2009 പ്രകാരം) 96.3% മുസ്ലിംകളും ബാക്കി ക്രൈസ്തവരും മറ്റു മതക്കാരുമാണ്. ഉസ്ബെക് ആണ് ഔദ്യോഗിക ഭാഷയെങ്കിലും താജിക്, റഷ്യന് ഭാഷകള്‍ക്കും പ്രചാരമുണ്ട്.

ചരിത്രം

ഇറാനിയന്‍ നാടോടികളാണ് ഉസ്ബെക്കിലെ ആദ്യ നിവാസികളെന്നാണ് നിഗമനം. ബി. സി അഞ്ചാം നൂറ്റാണ്ടോടെ സോഗ്ദിയന്‍, ബാക്ട്രിയന്‍ വിഭാഗങ്ങള്‍ നാടുവാണു. ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിലാണ് ഉസ്ബെക്കുകാര്‍ സ്വന്തമായി വംശങ്ങള്‍ സ്ഥാപിക്കുന്നത്. ഈ സമയത്ത് ഉസ്ബെക്കിന്റെ അധികാരം പേര്‍ഷ്യ, അഫ്ഗാനിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. എ. ഡി എട്ടാം നൂറ്റാണ്ടില്‍ ഈ രാജ്യം അറബികളുടെ കീഴിലായി. ട്രിഗ്ണോമെട്രി, ആസ്ട്രോണമി, ഫിലോസഫി, കാലിഗ്രഫി തുടങ്ങിയ ശാസ്ത്ര മേഘലകളില്‍ മികവുറ്റ മുസ്ലിം ശാസ്ത്രജ്ഞര്‍ ഇക്കാലത്ത് ഇവിടെ ഉദയം ചെയ്തു. 1917 ല്‍ ഉസ്ബെക് സോവിയറ്റ് ആധിപത്യത്തിന് കീഴിലായി. ഇതോടെ 1924 ല്‍ ഉസ്ബെക് സോവിയറ്റ് സോഷ്യലിസ്റ് റിപ്പബ്ളിക് സ്ഥാപിതമാവുകയും മുസ്ലിം വിദ്യാലയങ്ങള്‍ക്ക് പകരം കമ്യൂണിസ്റ്റ് വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. മുസ്ലിം പണ്ഡിതന്മാര്‍ അക്രമിക്കപ്പെട്ടു. മുസ്ലിം മസ്ജിദുകളും വിദ്യാലയങ്ങളും നിയമപീഠങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിനിടെ പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ്ഖാനും പതിനാലാം നൂറ്റാണ്ടില്‍ തിമൂറും നാടു കീഴടക്കി. തിമൂറിന്റെ മരണ ശേഷം നാടു ഛിന്നഭിന്നമായി. 1990 ല്‍ ഉസ്ബെക് സുപ്രീം സോവിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. 1991 ആഗസ്റ്റില്‍ ഉസ്ബെകില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തിന്റെ ഔദ്യോഗിക നാമം റിപ്പബ്ളിക് ഓഫ് ഉസ്ബെക്കിസ്താന്‍ എന്നാക്കുകയും ചെയ്തു. 1992 ഡിസംബറില്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.

രാഷ്ടീയ രംഗം

ഉസ്ബെക്കിസ്താന്റെ ദേശീയ അസ്സംബ്ലി ഒലിയ് മജ് ലിസ് എന്നപേരിലറിയപ്പെടുന്നു. 150 അംഗങ്ങളടങ്ങുന്ന ഭരണ സമിതിയാണ് അസ്സംബ്ലിയിലുള്ളത്. അഞ്ചു വര്‍ഷക്കാലാവധിയില്‍ ഇവിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇസ് ലാം കരിമോവ് ആണ് ഇപ്പോഴത്തെ പ്രസിഡന്റ്.

മതരംഗം

പ്രമുഖ ഇസ്ലാമിക കേന്ദ്രങ്ങളായിരുന്ന ബുഖാറയും സമര്‍ഖന്തും ഈ രാജ്യത്താണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ പഴയ തനിമയില്ലെങ്കിലും ആ കേന്ദ്രങ്ങള്‍ പുതിയ ഭാവത്തോടെ നിലകൊള്ളുന്നു. രാജ്യത്ത് സോവിയറ്റ് യൂണിയന്റെ വരവോടെ ഇസ്ലാമികതക്ക് മങ്ങലേറ്റെങ്കിലും അവരുടെ ശക്തി ക്ഷയിച്ചതോടെ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു.  96 ശതമാനം മുസ്ലിംകളുള്ള രാജ്യത്ത് ഇസ്ലാമേതര മത പ്രവര്‍ത്തനങ്ങള്‍ക്കും  ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

-റശീദ് ഹുദവി വയനാട്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter