വിശേഷങ്ങളുടെ ഖുർആൻ  (2):  ഖുർആൻ ഖു‌ർആൻ്റെ ദൃഷ്ടിയിൽ

ഖുർആൻ ഖു‌ർആൻ്റെ ദൃഷ്ടിയിൽ

ഖുർആൻ സംബന്ധിച്ച് ഖുർആൻ തന്നെ എന്ത് പറയുന്നുവെന്നറിയാൻ ആർക്കും ആകാംക്ഷ തോന്നുമല്ലാ. ഖുർആൻ എന്ത്? എന്തിന്? അത് ആർക്കാണ് പ്രയോജനപ്പെടുക? അതിനെ എങ്ങനെ സമീപിക്കണം? തുടങ്ങി ഖുർആനുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്. 

114 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഖുർആനിൽ 46 ഓളം അധ്യായങ്ങളിൽ വ്യക്തമായും വ്യംഗ്യമായും ഖുർആൻ പരാമർശവിധേയമായതായി കാണാം. അത് തന്നെ ചില അധ്യായങ്ങളിൽ അനവധി സൂക്തങ്ങളിലായി ആവർത്തിച്ചു പരാമർശിക്കുന്നുണ്ട്. ഒരധ്യായത്തിൻ്റെ പേര് തന്നെ അൽ ഫുർഖാൻ എന്നാണ്. ഖുർആനിൻ്റെ അനേകം പേരുകളിൽ ഒരു പേരാണിത്. സത്യാസത്യ വിവേചനോപാധി എന്ന അർത്ഥത്തിലാണ് ഈ പേർ ലഭ്യമായത്. ഇങ്ങനെയൊരു പേര് നൽകിയതിൻ്റെ അർത്ഥം ആ അധ്യായത്തിൽ ഖുർആനെ പറ്റി മാത്രമേ പരാമർശിക്കുന്നുള്ളൂവെന്നല്ല. ഖുർആനിലെ ഒരധ്യായവും ഏതെങ്കിലും പ്രത്യേക വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല.

'ഖറഅ ' എന്ന അറബി ക്രിയാ നാമത്തിന് വായിച്ചു എന്നാണർത്ഥം. അതിൻ്റെ പദസ്റോതസ്സായ 'ഖുർആൻ' എന്ന പദത്തിൻ്റെ അർത്ഥം വായന എന്നാണ്. ആ പേരിലാണ് നാലാം വേദം പൊതുവേ അറിയപ്പെടുന്നതും. ഖുർആനിൽ  ഖുർആനെ പരിചയപ്പെടുത്തി നടത്തിയ പരാമർശങ്ങളിൽ ഏറ്റവും പ്രകടമായത് വായനയെ കുറിക്കുന്ന ഖുർആൻ എന്ന പദമാണ്. ഈ പദം ഖുർആനിൽ 48 ഓളം സ്ഥലങ്ങളിൽ ആവർത്തിക്കുന്നുണ്ട്. കൂടാതെ ഈ പദത്തിൻ്റെ വകഭേദങ്ങൾ വേറെയും പല സ്ഥലത്തും വന്നിട്ടുണ്ട്. അതിൽ ഒരിടത്ത് ഇഖ്റാ എന്ന പദമാണ് പ്രയോഗിച്ചത്. നീ വായിക്കുക എന്നാണാ വാക്കിൻ്റെ അർത്ഥം. ഖുർആനിൽ നിന്ന് അന്ത്യ പ്രവാചകന് അവതീർണമായ പ്രഥമ സൂക്തം കൂടിയാണിത്. അത് തന്നെ വായിക്കാനുള്ള ആഹ്വാനമാണെന്ന് വരുമ്പോൾ വായനയ്ക്ക് എന്ത് മാത്രം പ്രാധാന്യമാണ് ഇസ് ലാം നൽകുന്നതെന്ന് വ്യക്തമാണല്ലോ.

ചില അധ്യായങ്ങളുടെ ആരംഭത്തിൽ തന്നെ  ഖുർആൻ പരാമർശിക്കപ്പെടുന്നുവെങ്കിൽ ചിലേടങ്ങളിൽ പരിസമാപ്തി കുറിക്കുന്നത് ഖുർആനിനെ പരിചയപ്പെടുത്തിയാണ്. മറ്റു ചിലേടങ്ങളിൽ ഖുർആൻ ശപഥം ചെയ്യാനുളള ഉപാധിയായി സ്വീകരിക്കുന്നു. 
അൽ ബഖറ അധ്യായം ആരംഭിക്കുന്നത് തന്നെ ഈ ഗ്രന്ഥം സംശയാതീതമാണെന്നും ജനങ്ങൾക്ക് മാർഗദർശിയായും സൻമാർഗത്തിൻ്റെയും സത്യാസത്യവിവേചനത്തിൻ്റെയും ദൃഷ്ടാന്തങ്ങളുമായാണ് അവതീർണമായതെന്ന് വ്യക്തമാക്കിയാണ്. 

ഖുർആൻ മനുഷ്യൻ്റെ ചിന്താശേഷിയെ തട്ടിയുണർത്തുന്നതായി കാണാം. അന്നിസാ അധ്യായം സൂക്തം 82 ചോദിക്കുന്നു: "അവർ ഖുർആനിനെ പരിചിന്തനം ചെയ്യുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നാണെങ്കിൽ അതിൽ ധാരാളം വൈരുധ്യങ്ങൾ കണ്ടെത്തിയേനെ." ഖുർആൻ നിഷേധികളെ വെല്ലുവിളിക്കുന്നതും ചില വചനങ്ങളിലൂടെ സാക്ഷ്യപ്പെടുന്നു. "പറയുക: മനുഷ്യ - ഭൂതവർഗങ്ങൾ ഇത് പോലുള്ള മറ്റൊന്ന് കൊണ്ടു വരാനായി സംഘടിച്ചു ശ്രമിച്ചാലും അവർക്ക് അതിനോട് കിടപിടിക്കുന്ന മറ്റൊന്ന്  കൊണ്ട് വരാനാവില്ല; അവർ പരസ്പരം പിന്തുണച്ചാൽ പോലും."(അൽ ഇസ്റാ : 88) 

ഖുർആൻ മുഹമ്മദ് നബി കെട്ടിച്ചമച്ച കൽപ്പിത കഥയാണെന്ന് ആരോപിച്ചവരെ നേരിട്ട് കൊണ്ട് യൂനുസ് അധ്യായത്തിൽ ഇങ്ങനെ ചോദിക്കുന്നു: "അവർ ഇത് മുഹമ്മദ് നബി തട്ടിപ്പടച്ചതാണെന്ന് ജൽപ്പിക്കുന്നു. പറയുക, എങ്കിൽ നിങ്ങൾ അതിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ട് വരിക. നിങ്ങൾ സത്യമാണ് പറയുന്നതെങ്കിൽ അല്ലാഹു അല്ലാത്ത, നിങ്ങൾക്ക് കഴിയുന്നവരുടെയെല്ലാം സഹായം തേടിക്കൊള്ളുക." യൂനുസ്: 38) 

അൽ ഹിജ്റ് അധ്യായം ശക്തമായ വിളംബരമാണ് കേൾപ്പിക്കുന്നത്: "ഈ വചനം അവതരിപ്പിച്ചത് നാമാണ്. നാം അതിനെ സംരക്ഷിക്കുകയും ചെയ്യും.''(സൂക്തം: 9 )
"നിശ്ചയം ഈ ഖുർആൻ ഏറ്റവും ഋജുവായതിലേക്ക് വഴി നടത്തുകയും സച്ചരിതരായ സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ടെന്ന് സുവിശേഷം അറിയിക്കുകയും ചെയ്യുന്നു." (അൽ ഇസ്റാ: 9 ). ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ മുന്നോടിയായി അഭിശപ്തനായ പിശാചിൽ നിന്ന് അഭയം തേടണമെന്ന് ഖുർആൻ ഉണർത്തുന്നു: ( അന്നഹ് ല് : 98)

Also Read:വിശേഷങ്ങളുടെ ഖുർആൻ: 1

" ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ അത് ശ്രദ്ധിച്ച് കേൾക്കുകയും മൗനം പാലിക്കുകയും ചെയ്യണം, നിങ്ങൾ അനുഗൃഹീതരായേക്കാം" എന്നാണ്  അഅറാഫ് അധ്യായം 204 വ്യക്തമാക്കുന്നത്.
കൂടാതെ " നാം ഈ ഖുർആനിൽ എല്ലാ തരം ഉപമകളും പ്രയോഗിച്ചിരിക്കുന്നു. മനുഷ്യൻ ഏറ്റവും വലിയ താർക്കികനായിരിക്കുന്നു" എന്നാണ് അൽ കഹ്ഫ് അധ്യായം 54 ൽ വിവരിക്കുന്നത്. 

അൽ കഹ്ഫ് അധ്യായത്തിൻ്റെ അന്ത്യത്തിൽ ദൈവിക വചനങ്ങളുടെ ആഴവും വ്യാപതിയും വ്യക്തമാക്കാൻ ഉദാഹരണ സഹിതം നൽകിയ വിവരണം ആരെയും ചിന്തിപ്പിക്കാൻ പര്യാപ്തമാണ്. "നബിയേ, പറയുക, എൻ്റെ നാഥൻ്റെ വചനങ്ങൾ കുറിക്കാൻ സമുദ്രം മഷിയായി മാറിയാലും എൻ്റെ വചനങ്ങൾ തീരുംമുമ്പേ കടൽ വറ്റിപ്പോകും. സഹായത്തിന് സമാനമായ മറ്റാരു കടൽ കൂടി കൊണ്ട് വന്നാലും തഥൈവ." അത് പോലെ അൽ ഹശ്റ് അധ്യായം, സൂക്തം 21 ൽ ഖുർആനിൻ്റെ കരുത്തും അത് മനുഷ്യ മനസ്സിൽ സൃഷ്ടിക്കുന്ന ചലനങ്ങളും എത്ര ഉജ്വലമായാണ് വിവരിച്ചിരിക്കുന്നതെന്ന് നോക്കൂ. 

" നാം ഈ ഖുർആനെ ഒരു മലുകളിൽ ഇറക്കി കൊടുത്താൽ ആ പർവതം ദൈവ ഭീതിയാൽ ഭക്തി സാന്ദ്രമായി പൊട്ടിത്തകരുന്നത് കാണാം. അവർ ചിന്തിക്കുന്നവരാകാൻ വേണ്ടിയാണ് നാം ഇത്തരം ഉപമകൾ കൽപ്പിച്ചു നൽകുന്നത്. " ഖുർആന് ഏത് ശിലാ ഹൃദയനെയും ദ്രവീകരിക്കാനുള്ള ശക്തിയുണ്ടെന്ന വസ്തുതയാണിവിടെ ഊന്നിപ്പറയുന്നത്.

അൽ കഹ്ഫ് അധ്യായത്തിലെ സൂക്തം 54 ലെ ആശയം ലുഖ്മാൻ അധ്യായത്തിൽ സൂക്തം 27 ൽ കുറേ കൂടി ആലങ്കാരികമായി വർണിക്കുന്നുണ്ട്. ഭൂമിയിലുള്ള മരങ്ങളെല്ലാം പേനകളായി, കടലും അതിനെ സഹായിക്കാൻ ഏഴ് കടലുകൾ വേറെയും മഷിയായി മാറിയാലും ദൈവിക വചനങ്ങൾ എഴുതിത്തീരുകയില്ല. വിശുദ്ധ ഖുർആൻ ദൈവിക വചനമാണെന്ന കാര്യത്തിൽ തർക്കത്തിന് പ്രസക്തിയില്ല. എന്നാൽ അതിലപ്പുറവും വചനങ്ങളുണ്ടെന്ന കാര്യം  നിഷേധിക്കാവതല്ല. ആ വചനങ്ങൾ ഏതെങ്കിലും ഏടിൽ ക്രോഡീകരിക്കാൻ മാത്രം ഹൃസ്വമോ പരിമിതമോ സങ്കുചിതമോ അല്ലെന്ന് ചൂണ്ടിക്കാട്ടാനാണ് മനുഷ്യ യുക്തിക്ക് പരിചിതമായ ഉപമകൾ കൊണ്ട് വിഷയം വിവരിച്ചു നൽകിയത്.

ഖുർആൻ സംബന്ധിച്ച് ഖുർആനിൻ്റെ വർത്തമാനം (ഹദീസുൽ ഖുർആനി അനിൽ ഖുർആൻ) എന്ന പേരിൽ പ്രമുഖ പണ്ഡിതനും ഗവേഷകനുമായ മുഹമ്മദ് അബ്ദുർ റഹ്മാൻ അൽ റാവി തയ്യാറാക്കിയ ഒരു ബൃഹദ് ഗ്രന്ഥമുണ്ട്.  1994 ൽ പുറത്തിറങ്ങിയ ഈ കൃതിക്ക്  570 ൽ പരം പേജുകളുണ്ട്. അദ്ദേഹം അതിൽ വ്യക്തമാക്കുന്നതനുസരിച്ച് 68 ഓളം സ്ഥലങ്ങളിൽ ഖുർആൻ പരാമർശവിധേയമായിട്ടുണ്ട്. 46 അധ്യായങ്ങളിൽ ഖുർആൻ ചർച്ച ചെയ്യപ്പെടുന്നില്ല. നാം നേരത്തെ സൂചിപ്പിച്ച 48 ന് പുറമെ പദഭേദങ്ങളോടെ ഖുർആൻ പരാമർശിക്കപ്പെട്ട ഇടങ്ങളും കൂട്ടിയാണത്.

ഖുർആനിൽ ഒരിടത്ത് ഇങ്ങനെ വിശേഷിപ്പിക്കുന്നു: "ഇത് നാം ഇറക്കിയ അനുഗൃഹീതമായ, അതിൻ്റെ മുന്നിലുള്ളതിനെ സ്ഥിരീകരിക്കുന്ന ഗ്രന്ഥമാണ്. മക്കാ വാസികൾക്കും( ഉമ്മുൽ ഖുറാ ) ചുറ്റുമുള്ളവർക്കും മുന്നറിയിപ്പ് നൽകാനുമാണിത്. പരലോകത്തിൽ വിശ്വസിക്കുന്നവർ ഇതിലും വിശ്വസിക്കും. അവർ നമസ്കാരങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുകയും ചെയ്യും." (അൽ അൻആം : 216)  ഇവിടെ ഖുർആനെ അനുഗൃഹീതം എന്ന് വിശേഷിച്ചത് പോലെ മറ്റൊരിടത്ത് ജലത്തെയും അനുഗൃഹീതം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. "നാം ആകാശത്ത് നിന്ന് അനുഗൃഹീത ജലം ഇറക്കിക്കൊടുത്തു "

ജലത്തിൻ്റെ അനുഗ്രഹം ഏതെല്ലാം രൂപത്തിൽ ജനങ്ങളിലെത്തുന്നുവെന്ന് നമുക്കെല്ലാം അറിയാം. അത് പോലെ ഖുർആനിൻ്റെ അനുഗ്രഹം ജീവിതത്തിലും ശേഷവും മനുഷ്യനെ എങ്ങനെയെല്ലാം ചൂഴ്ന്നു നിൽക്കുന്നുവെന്ന കാര്യവും വ്യക്തമാണ്. നല്ല ഭൂമിയിൽ ജലം ഇറങ്ങിയാൽ ഭൂമി വെള്ളം സ്വീകരിക്കുകയും അത് വഴി സസ്യലതാദികൾ തളിർത്തു വരികയും ചെയ്യുന്നു. അത് പോലെ നല്ല മനസുകളിൽ ദൈവിക വചനങ്ങൾ എത്തിച്ചേരുമ്പോൾ അവ വചനങ്ങളെ സ്വീകരിക്കുകയും അവയിൽ വിശ്വസിക്കുകയും അത് വഴി നല്ല കർമങ്ങൾ മുളച്ചു വരികയും സൽസ്വഭാവത്തെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. അതിൻ്റെ വിശ്വാസത്തിൽ ചലിക്കുകയും അതിൻ്റെ ദൃഢബോധ്യം ഉൽഭൂതമാവുകയും ചെയ്യും. അല്ലാഹു വിനോടുള്ള ആരാധനയിലും വഴിപാടിലുമായി അന്യോന്യം സഹകരിക്കുന്നു. "പുഷ്ടിപ്പെട്ട്, കരുത്ത് നേടി, കൂമ്പുവെളിപ്പെടുത്തിയ ഒരു കൃഷി. കർഷകരെ സന്തുഷ്ടരാക്കും വിധം തണ്ടിൻമേൽ അത് നിവർന്നു നില കൊണ്ടു. "
(അൽ ഫത്ത് ഹ്: 29 )

പലേടത്തും ഖുർആൻ പരാമർശിക്കപ്പെടുന്ന ഇടങ്ങളിൽ വെള്ളവും കടന്നു വരുന്നത് കാണാം. അവ തമ്മിലുള്ള ബന്ധം ആലോചിച്ചെടുക്കാൻ ബുദ്ധിജീവികളെ പ്രേരിപ്പിക്കും വിധമാണത്. അത് കൊണ്ട് തന്നെ തിരുനബി(സ)യുടെ മറ്റൊരു വചനത്തിന് പ്രസക്തി വർധിക്കുകയാണ്. ഇമാം ബുഖാരിയും മുസ് ലിമും നിവേദനം ചെയ്ത ആ ഹദീസ്: "എന്നെ അല്ലാഹു നിയോഗിച്ചയച്ച സൻമാർഗവും അറിവും ഭൂമിയിൽ പതിക്കുന്ന മഴ പോലെയാണ്." മഴയെ ഭൂമി സ്വീകരിച്ചു അത് വഴി തരിശായി കിടന്ന മണ്ണ് ഫലഭൂയിഷ്ഠമാകുന്നത് പോലെ ആ സൻമാർഗവചനങ്ങളെ സ്വീകരിക്കുന്ന മനസ്സുകൾ പുതിയൊരു ജീവിതത്തിന് പാകമാകുന്നു." 

കടപ്പാട്:ചന്ദ്രിക ദിനപ്പത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter