ടുനീഷ്യ
ഇഫ്രീഖിയ എന്ന് വിളിക്കപ്പെട്ട നാടാണ് ടുനേഷ്യ. ആഫ്രിക്കയിൽ ഇസ്ലാമിന്റെ പ്രചാരണത്തിൽ മുഖ്യപങ്ക് വഹിച്ച പാരമ്പര്യം ഈ നാടിനുണ്ട്. ഖുലഫാ ഉ റാഷിദിന്റെ നേരിട്ടുള്ള ഭരണത്തിന്റെ കീഴിലായിരുന്നു ടുനേഷ്യ. സിസിലി മുതൽ ദക്ഷിണ ഇറ്റലി വരെ ഇസ്ലാം പ്രചരിച്ചത് ഇവിടെ നിന്നാണ്. അബ്ബാസി ഭരണത്തിൽ അഗ്ബലികൾ ഭരിച്ചിരുന്ന നാടിനെ ഫാഥ്വിമികൾ പിന്നീട് പിടിച്ചെടുത്തു. അവരിൽ നിന്ന് ബനൂഹിലാൽ ഗോത്രക്കാർ നാടിനെ കൈവശപ്പെടുത്തി. അവർ നാടിനെ നശിപ്പിച്ചു. ഇസ്ലാമിക വൈജ്ഞാനികതയുടെയും സാംസ്കാരികതയുടെയും അടയാളമായ ഖൈറാവാൻ പട്ടണം തകർത്തു. ഹിജ്റ ആറാം നൂറ്റാണ്ടിൽ മുവഹ്ഹിദുകളാണ് പിന്നെ നാടിനെ മോചിപ്പിച്ചത്. അവർക്ക് ശേഷം വന്ന ബനൂ ഹഫ്സ് തുനീസ് പട്ടണം നിർമ്മിക്കുകയും രാജ്യത്തിന് തന്നെ ആ പേര് നൽകുകയും ചെയ്തു.
Also Read:ആസ്ത്രേലിയയിലെ ഇസ്ലാമിക ചരിത്രം
ക്രി. 1534ൽ പ്രസിദ്ധനായ ഉസ്മാനി നാവിക മേധാവി ഖൈറുദ്ധീൻ പാഷയാണ് തുനീസ് കീഴടക്കിയത്. ഫ്രാൻസുമായി സഹകരിച്ച് ഉസ്മാനികൾ ഭരണം നടത്തുമ്പോൾ ഇറ്റലി ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചു. 1883 ൽ രാജ്യത്തെ ഫ്രാൻസ് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. അതോട് കൂടി ഇസ്ലാമിനെതിരെ അവർ യുദ്ധം തുടങ്ങി. തുനീസുകാർ ശക്തമായി പ്രതിരോധിച്ച് സ്വാതന്ത്രം പോരാട്ടത്തിൽ ഏർപ്പെട്ടു. 1911 ൽ ഫ്രാൻസ് രാജ്യത്തെ ഒരു മഖ്ബറ പിടിച്ചെടുത്തപ്പോൾ വിമോചന സമരം ആളിക്കത്തി. സമരക്കാർ വധിക്കപ്പെട്ടു. 1956 ലാണ് തുനീസിന് സ്വാതന്ത്ര്യം ലഭിച്ചത്.
ബുറഖീബ ആജീവനാന്ത പ്രസിഡന്റായി തുടരുമ്പോൾ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു, അതോടെ അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നു. തുടർന്ന് സൈനുദ്ധീൻ ബിൻ അലി രണ്ട് പതിറ്റാണ്ട് ഭരിച്ചു. തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യയെ തുടർന്ന് 2011 പ്രക്ഷോഭം ആളിക്കത്തി. സൈനുദ്ധീൻ ബിൻ അലി പ്രക്ഷോഭം നേരിടാനാവാതെ നാടുവിട്ടു. തുടർന്ന് 2011 ഒക്ടോബറിൽ നടന്ന തിരെഞ്ഞെടുപ്പിൽ അന്നഹ്ദ പാർട്ടിയാണ് ജയിച്ചത്.