അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 92-100) ബക്കയിലെ ആദ്യഗേഹം
സത്യനിഷേധികള്‍ ഭൂമി നിറയെ സ്വര്‍ണം ചെലവു ചെയ്താലും വിശ്വാസത്തിന്റെ അടിത്തറയില്ലാത്തതുകൊണ്ട്, പരലോകത്തു ചെല്ലുമ്പോള്‍ പ്രതിഫലം ലഭിക്കില്ലെന്ന് കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവല്ലോ.
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. അവര്‍ ചെയ്യുന്ന ഏതു നല്ല കാര്യവും, അതെത്ര ചെറുതായാലും അല്ലാഹു സ്വീകരിക്കും. എന്നാലും, ചെലവഴിക്കുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, അത് കൂടുതല്‍ പുണ്യകരമാക്കാനും കൂടുതല്‍ പ്രതിഫലം നേടിയെടുക്കാനും സാധിക്കും. അത്തരമൊരു കാര്യമാണിനി അല്ലാഹു പറയുന്നത്. അതായത്,
സ്വന്തത്തിന് ഇഷ്ടമുള്ള വസ്തുക്കളില്‍ നിന്ന് ചെലവഴിക്കുക.
മുഅ്മിനീങ്ങള്‍ ചെലവു ചെയ്യുന്നതിന് - അതെത്ര ചെറുതാണെങ്കിലും - പുണ്യമുണ്ട്. പക്ഷേ, തനിക്ക് വേണ്ടാത്ത മോശം സാധനങ്ങളല്ല ചെലവു ചെയ്യേണ്ടത്, അവരിഷ്ടപ്പെടുന്ന നല്ല സാധനങ്ങളായിരിക്കണം. പരലോകത്താണല്ലോ അനശ്വരജീവിതം. അതുകൊണ്ടുതന്നെ അവിടേക്കുള്ള സജ്ജീകരണങ്ങളാണ് കൂടുതല്‍ നന്നായിരിക്കേണ്ടത്. സൂറത്തുല്‍ ബഖറ 267 ലും നമ്മളിക്കാര്യം പഠിച്ചിട്ടുണ്ട്.
ഇങ്ങനെ ഇഷ്ടമുള്ളതുതന്നെ കൊടുക്കുമ്പോള്‍, മറ്റെന്തിനേക്കാളും അല്ലാഹുവിന്റെ പ്രീതി കിട്ടണം, നല്ല പ്രതിഫലം നേടണം എന്നായിരിക്കുമല്ലോ ചിന്ത. നമ്മള് കൊടുക്കുന്ന വസ്തുവിനോട് നമുക്ക് എത്ര ഇഷ്ടമാണോ അത്രയും പുണ്യവും പ്രതിഫലവും കൂടും.
നമുക്ക് വേണ്ടാത്ത, ഇഷ്ടമില്ലാത്ത, മോശം വസ്തുക്കള്‍ കൊടുത്തൊഴിവാക്കുക എന്നത് മോശം സ്വഭാവം തന്നെയാണല്ലേ.
لَنْ تَنَالُوا الْبِرَّ حَتَّىٰ تُنْفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ(92)
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നു ചെലവു ചെയ്യുന്നതു വരെ പുണ്യം നേടാനാകില്ല. എന്തു നിങ്ങള്‍ വ്യയം ചെയ്താലും അല്ലാഹു അതിനെക്കുറിച്ചു സൂക്ഷ്മജ്ഞാനമുള്ളവനത്രേ.
സമ്പത്ത് ചെലവഴിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണം തന്നെയാണ്. മനുഷ്യമനസ്സുമായി വല്ലാതെ പൂണ്ടുപിടിച്ചുകിടക്കുന്നതാണത്.
അല്ലാഹുവിന്റെ ഇവിടത്തെ കല്പന നോക്കൂ. എന്തെങ്കിലും കൊടുക്കണമെന്നല്ല പറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ടതുതന്നെ കൊടുക്കണമെന്നാണ്. അതേതായാലും വല്ലാത്തൊരു പരീക്ഷണം തന്നെയാണ്.
ഈ തിരുസൂക്തം മഹാന്മാരായ സ്വഹാബികളെ വല്ലാതെ സ്വാധീനിച്ചു. അവതരിച്ചപ്പോള്തന്നെ അവരുടെ പ്രതികരണം ആശ്ചര്യകരമായിരുന്നു.
അന്‍സ്വാരികളിലെ വലിയ മുതലാളിയായിരുന്നു അബൂഥല്‍ഹ (رضي الله عنه). തനിക്കേറ്റവും പ്രിയങ്കരമായത്, മദീനാപള്ളിയുടെ തൊട്ടടുത്തുണ്ടായിരുന്ന ‘ബൈറുഹാ’ (بَيْرُحاء) എന്ന തോട്ടമായിരുന്നു. തിരുനബി (صلى الله عليه وسلم) ഇടക്കിടെ അവിടെ പോകാറുണ്ടായിരുന്നു, വെള്ളം കുടിക്കാറുണ്ടായിരുമുന്നു.
ഈ ആയത്തവതരിച്ചപ്പോള് അബൂഥല്‍ഹ(رضي الله عنه) തിരുനബി (صلى الله عليه وسلم) യുടെ സന്നിധിയിലെത്തി പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹു നമ്മോട് സമ്പത്ത് ചെലവഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. നിങ്ങള്‍ ഇഷ്ടപ്പെടുന്നവയില്‍ നിന്ന് ചെലവഴിക്കാതെ പുണ്യം ലഭിക്കുകയില്ല എന്നും പറയുന്നു. അതുകൊണ്ട് അങ്ങ് സാക്ഷിയാണ്, ഞാനെന്റെ തോട്ടം അല്ലാഹുവിന് നല്കിയിരിക്കുന്നു!
ഉമര്‍ (رضي الله عنه)ന് ഏറ്റവും ഇഷ്ടം, ഖൈബറിലെ ‘ഗനീമത്ത്’ ഭാഗിച്ചപ്പോള്‍ കിട്ടിയ ഒരു തോട്ടമായിരുന്നു. തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ആലോചിച്ചശേഷം അതദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ‘വഖ്ഫാ’യി നല്കി. (ബുഖാരി, മുസ്ലിം).
ഈ വചനം അവതരിച്ചപ്പോള്‍, ഇബ്നു ഉമര്‍ (رضي الله عنه) തന്റെ സ്വത്തുക്കളെക്കുറിച്ച് ആലോചിച്ചുനോക്കി. റോമക്കാരിയായ ഒരു അടിമ സ്ത്രീയാണ് തനിക്ക് പ്രിയങ്കരമായി തോന്നിയത്. അവളെയദ്ദേഹം സ്വതന്ത്രയാക്കി വിട്ടു.
തിരുനബി (صلى الله عليه وسلم) യുടെ വളര്ത്തുപുത്രനാണല്ലോ സൈദുബ്നു ഹാരിസ رضي الله عنه. യുദ്ധക്കളങ്ങളിലെല്ലാം മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ്. കുതിരകളായിരുന്നു ഏറ്റവും പ്രിയങ്കരം. ഈ സൂക്തമവതരിക്കുമ്പോള് വിലപിടിച്ചൊരു മുന്തിയ തരം കുതിര കൈവശമുണ്ടായിരുന്നു. സബല്‍ എന്നാണതിന്റെ പേര്. ആയത്ത് കേള്‍ക്കേണ്ട താമസം മഹാനവര്കള് ആത്മഗതം ചെയ്തു: 'അല്ലാഹുവേ, ഈ കുതിരയേക്കാള്‍ എനിക്ക് പ്രിയങ്കരമായ മറ്റൊന്നുമില്ലെന്ന് നിനക്കറിയാമല്ലോ.' നേരെ തിരുനബി (صلى الله عليه وسلم) യുടെ സന്നിധിയില്‍ ചെന്ന് അത് ദാനം ചെയ്തു.
അത് സസന്തോഷം സ്വീകരിച്ച തിരുനബി (صلى الله عليه وسلم) അപ്പോഴവിടെയുണ്ടായിരുന്ന, സൈദ് رضي الله عنهവിന്റെ തന്നെ മകനായ ഉസാമ(رضي الله عنه)വിന് ആ കുതിരയെ നല്കി. തന്റെതന്നെ മകനാണല്ലോ അത് ലഭിച്ചത് എന്നോര്‍ത്ത് സൈദ് (رضي الله عنه)വിന് വിഷമം തോന്നി. ഇത് മനസ്സിലാക്കിയ തിരുനബി (صلى الله عليه وسلم) സൈദ് رضي الله عنهനെ ആശ്വസിപ്പിച്ചു: അല്ലാഹു നിങ്ങളില്‍ നിന്നത് സ്വീകരിച്ചിരിക്കുന്നു. മകനാണ് കിട്ടിയതെന്നതുകൊണ്ട് നിങ്ങളുടെ പ്രതിഫലം നഷ്ടപ്പെടില്ല.
നമ്മളും ശരിക്ക് ആലോചിക്കണം. നമ്മളെന്താണ് കൊടുക്കാറുള്ളത്? ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ? അതാര്‍ക്കെങ്കിലും കൊടുത്തേക്ക്, നമുക്കേതായാലും വേണ്ടല്ലോ എന്നാണ് പലരും പലപ്പോഴും പറയാറ്. കൊടുത്തൊഴിവാക്കുകയാണ് ചെയ്യുന്നത്.
ഈ ശീലം മാറ്റണം. നല്ലത്, ഇഷ്ടപ്പെട്ടതുതന്നെ കൊടുത്തു ശീലിക്കുക. സ്വദഖകളും ഗിഫ്റ്റുകളും ഹദ്യകളുമൊക്കെ മുന്തിയതുതന്നെ കൊടുക്കുക. കൊടുക്കാനല്ലേ, ക്വാളിറ്റി കുറഞ്ഞത് മതി എന്ന നയം ഒവിവാക്കുക. റബ്ബ് സഹായിക്കട്ടെ-ആമീന്‍.
അടുത്ത ആയത്ത് 93, 94
യഹൂദികളുടെ ഓരോ വാദത്തിനും വിശുദ്ധ ഖുര്‍ആന്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നത് നമ്മളിതുവരെ പല ആയത്തുകളിലായി പഠിച്ചു. വിശുദ്ധ ശരീഅത്തിലെ മൗലികമായതൊന്നും തള്ളിക്കളയാന്‍ കഴിയാത്ത തരത്തിലുള്ളതാണ് ആ മറുപടികളെല്ലാം.
ഇങ്ങനെ എല്ലാറ്റിനും കൃത്യമായ മറുപടി വന്നുതുടങ്ങി നില്ക്കക്കള്ളിയില്ലാതായപ്പോള് മറ്റു ചില അടവുകള്‍ പയറ്റാനൊരുങ്ങുകയാണവര്. പല ദുരാരോപണങ്ങളും ഉന്നയിക്കാന്‍ തുടങ്ങി. അത്തരം ഒരാപോരണത്തെക്കുറിച്ചാണിനി പറയുന്നത്.
ഇബ്റാഹീം നബി(عليه السلام)ന്റെ മാര്‍ഗമാണ് പിന്പറ്റുന്നതെന്നാണല്ലോ തിരുനബി (صلى الله عليه وسلم) പറയുന്നത്. അങ്ങനെയെങ്കില്‍ ചില ഭക്ഷണസാധനങ്ങള്‍ ഇബ്റാഹീം നബി (عليه السلام) നിഷിദ്ധമാക്കിയിരുന്നു, ഇസ്രാഈല്യര് പാരമ്പര്യമായി അത് അംഗീകരിച്ചുവരികയും ചെയ്തിരുന്നു. ഇസ്രാഈല്യര് ഒട്ടകമാംസം തിന്നിരുന്നില്ല. തിരുനബി(صلى الله عليه وسلم) വന്നപ്പോഴാകട്ടെ അതനുവദനീയമാണെന്നു പഠിപ്പിച്ചു.
ഇബ്രാഹീം നബി عليه السلامയുടെ ശരീഅത്ത് പിന്തുടരുന്നു എന്നവകാശപ്പെടുന്ന മുഹമ്മദ് صلى الله عليه وسلم എന്തു കൊണ്ടാണ് ഒട്ടകം അനുവദനീയമാക്കുന്നത് എന്നു ചോദിച്ചുകൊണ്ട് വേദക്കാര്‍ കുപ്രചാരണം നടത്തി.
അതിനു മറുപടിയാണിനി പറയുന്നത്. സംഗ്രഹമിതാണ്: ജനങ്ങള്‍ പൊതുവെ ഭക്ഷിച്ചുവരുന്ന ഒന്നും ഇബ്റാഹീം നബി(عليه السلام) നിഷിദ്ധമാക്കിയിട്ടില്ല; ഇസ്രാഈലുകാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്നുമില്ല. അതേസമയം, ചില ഭക്ഷണസാധനങ്ങള്‍ കഴിക്കില്ല എന്ന് പറഞ്ഞ് യഅ്ഖൂബ് നബി عليه السلام സ്വയം ഉപേക്ഷിച്ചിരുന്നു. അല്ലാതെ മതത്തില്‍ നിഷിദ്ധമായതു കൊണ്ടല്ല.
അതിന്റെ കാരണം മഹാന്മാരായ മുഫസ്സിറുകള്‍ രേഖപ്പെുത്തുന്നുണ്ട്: യഅ്ഖൂബ് നബി(عليه السلام)ന് ഒരസുഖം ബാധിച്ചു. അന്നേരം മഹാനവര്കള് ഇങ്ങനെ നേര്‍ച്ചയാക്കി: 'ഈ രോഗം അല്ലാഹു സുഖപ്പെടുത്തിയാല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപാനീയം ഞാന്‍ സ്വയം നിഷിദ്ധമാക്കുന്നതാണ്.' ഇത്തരം നേര്‍ച്ചകള്‍ മഹാനവര്‍കളുടെ ശരീഅത്തില്‍ അനുവദനീയമായിരുന്നു.
യഅ്ഖൂബ് നബി(عليه السلام)ന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണ-പാനീയം ഒട്ടകത്തിന്റെ മാംസവും പാലുമായിരുന്നു. അസുഖം ഭേദമായി. നേര്‍ച്ച വീട്ടാന്‍വേണ്ടി അത് രണ്ടും കഴിക്കുന്നത് നിര്‍ത്തുകയും ചെയ്തു. മഹാനവര്കളങ്ങനെ ചെയ്തപ്പോള്‍ പില്ക്കാലത്ത് അനുയായികളും അതു പിന്തുടര്‍ന്നുവെന്നു മാത്രം.
ഇതൊക്കെ കഴിഞ്ഞ് പല നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് മൂസാ നബി(عليه السلام) വരുന്നതും തൗറാത്ത് അവതരിക്കുന്നതും. അതായത്, ഈ സംഭവമുണ്ടായത് തൗറാത്ത് അവതരിക്കുന്നതിന്റെ എത്രയോ മുമ്പാണെന്നര്ത്ഥം.
അതുകൊണ്ട്, ഇപ്പറഞ്ഞതിനെതിരായി തൗറാത്തില്‍ എന്തെങ്കിലും തെളിവുണ്ടോ? ഒട്ടകമാംസവും പാലും നിഷിദ്ധമാണെന്നു തൗറാത്തിലുണ്ടോ? ഉണ്ടെങ്കില്‍ അതൊന്ന് തിരുനബി (صلى الله عليه وسلم) യെ വായിച്ച് കേള്‍പ്പിക്കൂ എന്ന് യഹൂദികളെ വെല്ലുവിളിക്കുകയാണ് അല്ലാഹു.
യാഥാര്‍ഥ്യം ഇന്നതാണെന്ന് തെളിഞ്ഞിട്ടും അല്ലാഹുവിനെപ്പറ്റി പച്ചക്കള്ളം കെട്ടിയുണ്ടാക്കി പറയുന്നവര്‍, അവരാരായാലും അക്രമികള്‍ തന്നെയാണ്.
كُلُّ الطَّعَامِ كَانَ حِلًّا لِبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِنْ قَبْلِ أَنْ تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِنْ كُنْتُمْ صَادِقِينَ (93)
സകല ഭക്ഷ്യവസ്തുക്കളും ഇസ്രാഈല്യര്‍ക്ക് അനുവദനീയമായിരുന്നു; തൗറാത്തിന്റെ അവതരണത്തിനു മുമ്പ് യഅ്ഖൂബ് നബി തന്റെ സ്വന്തത്തിന്നു നിഷിദ്ധമാക്കിയതൊഴികെ. താങ്കള്‍ പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില് തൗറാത്ത് കൊണ്ടുവന്നു പാരായണം ചെയ്യുക!
فَمَنِ افْتَرَىٰ عَلَى اللَّهِ الْكَذِبَ مِنْ بَعْدِ ذَٰلِكَ فَأُولَٰئِكَ هُمُ الظَّالِمُونَ (94)
ഇങ്ങനെ സത്യം വ്യക്തമായതിനു ശേഷവും അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവരാരോ അവര്‍ തന്നെയാണ് അതിക്രമികള്‍.
ഇവിടെ ചേര്ത്തുമനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. മൂസാ(عليه السلام) വന്ന ശേഷം യഹൂദികള്‍ മഹാനവര്‍കളെ ധിക്കരിച്ചപ്പോള്‍, ചില ശിക്ഷാനടപടികള്‍ അല്ലാഹു എടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായി ചില ഭക്ഷണസാധനങ്ങള്‍ അവര്‍ക്ക് നിഷിദ്ധമാക്കിയിട്ടുമുണ്ട്. സൂറത്തു ന്നിസാഅ് 160 ല്‍ അക്കാര്യം പറയുന്നുണ്ട്:
فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّهِ كَثِيرًا (160) النساء
(അക്രമപ്രവര്ത്തനങ്ങളനുവര്ത്തിക്കുക, ദൈവമാര്‍ഗത്തില്‍ നിന്ന് ആളുകളെ ധാരാളമായി തടയുക, [നിരോധിക്കപ്പെട്ടിട്ടും പലിശ വാങ്ങുക, ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുക] എന്നീ കുറ്റങ്ങള്‍ ചെയ്തതുമൂലം അനുവദനീയമായിരുന്ന പല നല്ല വസ്തുക്കളും ജൂന്മാര്ക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി).
സൂറ അല്‍അന്‍ആം 146 ലും ഈ വിഷയമുണ്ട്:
وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ ۖ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَاهُم بِبَغْيِهِمْ ۖ وَإِنَّا لَصَادِقُونَ (146)
(നഖമുള്ള മുഴുവന്‍ ജീവികളും ആടു-മാടുകളുടെ കൊഴുപ്പും ജൂതന്മാര്ക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി; അവയുടെ മുതുകിലും കുടലിന്മേലും എല്ലിലും ചേര്ന്നുനില്ക്കുന്നതൊഴികെ. അവരുടെ ധിക്കാരത്തിന് നാം പ്രതിഫലം നല്കിയതാണത്.)
അടുത്ത ആയത്ത് 95
തൗറാത്ത് വായിച്ച് കാണിച്ചുതരൂ എന്നായിരുന്നല്ലോ വെല്ലുവിളി. അതേറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല. അതിന് ധൈര്യവുമില്ല. തൗറാത്തില്‍ അങ്ങനെയില്ല എന്നതുതന്നെ കാരണം. ആ ആരോപണം അടിസ്ഥാനരഹിതമാണ്. അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചതാണ്.
വിശുദ്ധ ദീനിനെ അവഹേളിക്കാനും തിരുനബി (صلى الله عليه وسلم) യെ ഇകഴ്ത്തിക്കാട്ടാനും വേദക്കാര്‍ എന്ത് ഗൂഢാതന്ത്രങ്ങള് മെനഞ്ഞാലും അതൊന്നും വിലപ്പോവില്ല. പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നതുതന്നെ കാരണം.
ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് അവരെന്താണ് ചെയ്യേണ്ടിയിരുന്നത്? മഹാനായ ഇബ്റാഹീം നബി عليه السلام സ്വീകരിച്ചുപോന്നിരുന്ന യഥാര്‍ത്ഥ മാര്‍ഗം പിന്പറ്റേണ്ടിയിരുന്നു. അതിനവര്‍ ബാധ്യസ്ഥരുമാണ്. മഹാനവര്‍കളുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണല്ലോ അവര്‍.
അങ്ങനെ അനുധാവനം ചെയ്യാന്‍ അവരോട് ആഹ്വാനം ചെയ്യുകയാണ് 95 ആം ആയത്ത്. അതോടൊപ്പം, വേദക്കാരിലും അറബികളിലും കടന്നുകൂടിയിരുന്ന ശിര്‍ക്കുകളൊന്നും ലവലേശം ഏശാത്ത, വക്ര ചിന്താഗതികളൊന്നുമില്ലാത്ത ഋജുമാനസനായ ഏക ദൈവവിശ്വാസിയായിരുന്നു മഹാനവര്കളെന്നും പറയുന്നുണ്ട്.
قُلْ صَدَقَ اللَّهُ ۗ فَاتَّبِعُوا مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ (95)
നബിയേ, പ്രഖ്യാപിക്കുക: അല്ലാഹു സത്യം വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ട് ഋജുമാനസനായ ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുക; ബഹുദൈവാരാധകരുടെ കൂട്ടത്തിലല്ലായിരുന്നു അദ്ദേഹം.
അടുത്ത ആയത്ത് 96
ഇനി പറയുന്നത് ഒരു സംവാദത്തെക്കുറിച്ചാണ്. മുസ്ലിംകളും യഹൂദികളും തമ്മില്‍ നടന്നൊരു സംവാദം. മസ്ജിദുല്‍ ഹറാമാണോ മസ്ജിദുല്‍ അഖ്സ്വയാണോ ഏറ്റവും ശ്രേഷ്ഠം? ബൈത്തുല്‍ മുഖദ്ദസിലെ മസ്ജിദുല്അഖ്സ്വയാണെന്ന് ജൂതന്മാര് വാദിച്ചു. മസ്ജിദുല്ഹറാമാണെന്ന് മുസ്ലിംകളും തറപ്പിച്ചുപറഞ്ഞു. തല്‍സമയമാണ് ഈ രണ്ടു സൂക്തങ്ങളവതരിച്ചത് (അസ്ബാബുന്നുസൂല്‍ 65).
ബൈതുല്‍ മുഖദ്ദസ് പ്രവാചകന്മാരുടെ പലായനസ്ഥലമാണന്നും വളരെ ശ്രേഷ്ഠമായ നാട്ടിലാണത് സ്ഥിതി ചെയ്യുന്നതെന്നുമൊക്കെയായിരുന്നു ജൂതന്മാരുടെ ന്യായീകരണം.
അവര്‍ തീര്‍ത്ഥാടന കേന്ദ്രവും പുണ്യസ്ഥലവുമായി അംഗീകരിച്ചിരുന്നത് ബൈത്തുല്‍ മുഖദ്ദസായിരുന്നു. അതുകൊണ്ടാണവര്‍, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കഅ്ബ ഖിബ്ലയാക്കി നിശ്ചയിച്ചത് വല്ലാതെ ആക്ഷേപിച്ചിരുന്നതും.
ഈ ആക്ഷേപം ഇച്ചിരി കട്ടികൂടിയതായതുകൊണ്ടുതന്നെ ഒന്നിലധികം സ്ഥലത്ത് അല്ലാഹു തആലാ അതിന് മറുപടി പറഞ്ഞിട്ടുണ്ട്. അത്തരമൊരു മറുപടിയാണിനിയുള്ളത്. സൂറത്തുല്‍ ബഖറ പഠിച്ചപ്പോഴും ഇക്കാര്യം നമ്മള് പഠിച്ചിട്ടുണ്ട്.
വിശുദ്ധ കഅ്ബ ഏറ്റവും അനുഗ്രഹപൂര്‍ണമായ പവിത്രഭവനമാണ്. ഹജ്ജിനും ഉംറക്കുമായി അവിടെയെത്തുന്ന ജനകോടികള്‍ ആ അനുഗ്രഹം ആസ്വദിക്കുന്നു. മാത്രമല്ല, ഭൂമിയിലാകമാനം പ്രഭ ചൊരിയാനും സന്മാര്ഗം വ്യാപിപ്പിക്കുവാനും ആ ഭവനം പര്യാപ്തമാണ്. അങ്ങോട്ടുതിരിഞ്ഞ് നിസ്കരിക്കുന്ന ജനകോടികള്‍ ആ ബിന്ദുവില്‍ കണ്ണും ഹൃദയവും കേന്ദ്രീകരിക്കുന്നു. അവര്‍ സന്മാര്ഗനിഷ്ഠരാണ്, സച്ചരിതരാണ്. അങ്ങനെ എത്രയെത്ര മഹത്ത്വങ്ങള്‍!
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ (96)
മാനവതയ്ക്കുവേണ്ടി സ്ഥാപിതമായ പ്രഥമ ആരാധനാഗേഹം ബക്കയിലുള്ളതാകുന്നു. അനുഗൃഹീതവും ലോകര്‍ക്ക് മാര്‍ഗദര്‍ശകവുമാണത്.
മക്കക്ക് ബക്ക എന്നും പേരുണ്ട്.
ഒന്നാമതായി സ്ഥാപിക്കപ്പെട്ട ആരാധനാഗേഹം എന്നതുമാത്രമല്ല വിശുദ്ധ കഅ് ബയുടെ പ്രാധാന്യം. പ്രത്യേകം ബറകത്തുള്ള സ്ഥലം കൂടിയാണത്, അനുഗൃഹീതമാമണത്, മാര്‍ഗദര്‍ശന കേന്ദ്രവുമാണത്.
അവിടത്തെ ആരാധനകള്‍ക്ക് മഹത്തായ അനുഗ്രഹങ്ങളും, വലിയ പ്രതിഫലവും ലഭിക്കും. മറ്റു പള്ളികളില്‍ വെച്ച് ചെയ്യുന്നതിനെക്കാള്‍ അനേകമിരട്ടി പ്രതിഫലം ലഭിക്കും. ലക്ഷമിരട്ടി പ്രതിഫലം വരെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് തിരുഹദീസുകളില്‍.
വിശുദ്ധ കഅ്ബയുള്ക്കൊള്ളുന്ന മസ്ജിദുല്‍ ഹറാമിന് പുറത്തുപോലും, അതായത് വിശുദ്ധ ഹറമിന്റെ പരിധിക്കുള്ളില്‍ വെച്ച് ചെയ്യുന്ന ഇബാദത്തുകള്ക്കടക്കം, മറ്റു സ്ഥലങ്ങളില്‍ വെച്ച് ചെയ്യുന്നവയെക്കാള്‍ അനേകമിരട്ടി കൂലിയുണ്ട്.
ലോകത്തിനാകെ വെളിച്ചം നല്കിയ വിശുദ്ധ ഖുര്‍ആന്‍ പ്രകാശിച്ചുതുടങ്ങിയത് ആ നാട്ടില്‍ നിന്നാണ്. ഇങ്ങനെ നിരവധി കാരണങ്ങള്‍ നിരത്തി, യഹൂദികളുടെ വാദം അടിസ്ഥാനരഹിതമാണെന്ന് സമര്‍ത്ഥിക്കുകയാണ് അല്ലാഹു.
എല്ലാ നന്മകള്ക്കുമുള്ള മാര്‍ഗദര്‍ശനം ആരംഭിച്ചത് അവിടെ നിന്നാണ്. ആ മാര്‍ഗദര്‍ശനം ഏതെങ്കിലുമൊക്കെ രൂപത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടുമിരിക്കുന്നു. അതിന്റെ പ്രാധാന്യതയും പവിത്രതയും തെളിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങളും നിലവിലുണ്ട്. അതാണിനി അടുത്ത ആയത്തില്‍ പറയുന്നത്.
അടുത്ത ആയത്ത് 97
വേദക്കാരുടെയും അറബികളുടെയും ഗോത്രപിതാവായ ഇബ്റാഹീം നബി(عليه السلام) ആണ് ആ മന്ദിരം-വിശുദ്ധ കഅ്ബ-പുനരുദ്ധരിച്ചതെന്ന് സൂചിപ്പിച്ച് അതിന്റെ മഹത്ത്വങ്ങള്‍ പറയുന്നത് തുടരുകയാണ്. അതിന്റെ ശ്രേഷ്ഠത സ്പഷ്ടമാക്കുന്ന പല ദൃഷ്ടാന്തങ്ങളും അവിടെത്തന്നെയുണ്ട്.
ഇബ്റാഹീം മഖാം അവയില്‍ വളരെ പ്രധാനമാണ്. വിശുദ്ധ കഅ്ബ നിര്‍മിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇബ്റാഹീം നബി عليه السلام കയറി നിന്ന കല്ലാണത്. (സൂറത്തുല്‍ ബഖറ 125 ല്‍ ഇതിനെപ്പറ്റി കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്.)
അതുപോലെ, വിശുദ്ധ മക്ക ഒരു നിര്‍ഭയ കേന്ദ്രമാണ്. നിശ്ശൂന്യമായിരുന്ന അവിടെ ഫലവര്‍ഗങ്ങളും കായ്കനികളും എപ്പോഴും കിട്ടും. സഹസ്രാബ്ദങ്ങളായവിടെ ഹജ്ജ്കര്‍മം നടന്നുവരുന്നു. ഇബാദത്തുകള്‍ക്ക് ലക്ഷമിരട്ടി കൂലിയാണ്... ഇങ്ങനെ വേറെയും നിരവധി ദൃഷ്ടാന്തങ്ങള്‍.
فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ ۖ وَمَنْ دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ (97)
വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അതിലുണ്ട്, വിശിഷ്യ ഇബ്രാഹീം മഖാം. അവിടെ ആരു പ്രവേശിക്കുന്നുവോ അവന് നിര്‍ഭയനായി. ആ പുണ്യഗേഹത്തിലെത്താന്‍ കഴിവുള്ളയാളുകള്‍ അങ്ങോട്ടു തീര്‍ത്ഥാടനം നടത്തല്‍ (ഹജ്ജ് ചെയ്യല്‍) അല്ലാഹുവിനോടുള്ള ബാധ്യതയാണ്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍, അല്ലാഹു ലോകരില്‍ നിന്നൊക്കെ സ്വയം പര്യാപ്തനത്രേ.
ബൈത്തുല്‍മുഖദ്ദസിലെ മസ്ജിദുല്‍ അഖ്സ്വായുടെ നിര്‍മാണം ആരംഭിച്ചത് മഹാനായ ദാവൂദ് നബി(عليه السلام) ആണ്. സുലൈമാന്‍ നബി(عليه السلام) ആണത് പൂര്‍ത്തിയാക്കിയത്.
മൂസാ നബി (عليه السلام)ന്റെ കാല ശേഷം നാനൂറോ അഞ്ഞൂറോ കൊല്ലം കഴിഞ്ഞിട്ടാണ് സുലൈമാന്‍ നബി പണി പൂര്‍ത്തിയാക്കുന്നത്. മൂസാ നബി عليه السلام വന്നതോ, ഇബ്റാബീം നബി (عليه السلام) ന്റെ ശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞാണുതാനും.
അങ്ങനെ നോക്കുമ്പോള്‍, ഭൂമിയില്‍ അല്ലാഹുവിനെ ആരാധിക്കാന്‍ സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ മന്ദിരം വിശുദ്ധ കഅ്ബയാണെന്നതില് സംശയത്തിന് വകയില്ല.
അതുകൊണ്ടുതന്നെ, ഇബ്റാഹീം നബി (عليه السلام) പുനരുദ്ധാരണം നിര്‍വഹിച്ച ആ വിശുദ്ധ മന്ദിരം ആരാധനാകേന്ദ്രമായി അംഗീകരിക്കുന്നതില്‍, യഹൂദികളേ, നിങ്ങളെന്തിന് വിഷമിക്കുന്നു? തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് ഖിബ്ലയായി സ്വീകരിച്ചതില്‍ ആക്ഷേപിക്കാനെന്തിരിക്കുന്നു?!
فِيهِ آيَاتٌ بَيِّنَاتٌ
മക്ക ഒരു നിര്ഭയസ്ഥാനമാക്കിയത് ഇബ്റാഹീം നബി(عليه السلام)യുടെ പ്രാര്ഥനാഫലമാണെന്നത് മറ്റൊരു ദൃഷ്ടാന്തമാണ്. പണ്ട് കാലം മുതലേ എല്ലാവരും അംഗീകരിച്ചു വരുന്നതാണത്. അവിടെ ആര് പ്രവേശിച്ചാലും അയാള്‍ നിര്‍ഭയനാണ്. അതെത്ര വലിയ കുറ്റവാളി ആയാലും ശരി. അയാള്‍ പിന്നെ ഉപദ്രവിക്കപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്യില്ല. സ്വന്തം മാതാപിതാക്കളുടെ ഘാതകനെ അവിടെ വെച്ച് കണ്ടാല്‍, അയാള്‍ പുറത്തെത്തുന്നതും നോക്കിനില്‍ക്കാനേ ഭരണാധികാരികള്‍ക്കുപോലും നിര്‍വ്വാഹമുണ്ടായിരുന്നുള്ളു. അവിടെവെച്ച് പ്രതികാര നടപടി എടുത്തുകൂടാ എന്നതുതന്നെ കാരണം.
മാത്രമല്ല, വിദൂരദിക്കുകളില്‍ നിന്ന് ഹജ്ജിനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കാന്‍, നിര്‍ഭയരായി വന്നുപോകാന്‍, ഹജ്ജുമാസത്തിലും അതിന്റെ മുമ്പും പിമ്പുമായി ദുല്‍ഖഅ്ദ, മുഹര്‍റം എന്നീ മാസങ്ങളിലും പണ്ടു മുതലേ യുദ്ധം നിരോധിക്കപ്പെട്ടിട്ടുമുണ്ട്. ഇടക്കുവെച്ച് ഉംറ ചെയ്യാന്‍ വരുന്നവരുടെ സൗകര്യാര്‍ത്ഥം റജബ് മാസവും യുദ്ധം നിരോധിച്ചിരുന്നു. ഇതെല്ലാം ജാഹിലിയ്യാ കാലത്തും, ഇസ്ലാമിലും നിലവിലുള്ള കാര്യങ്ങളാണ്. മക്കാഹറമില്‍ വെച്ച് ആയുധം ധരിക്കാനോ ജീവികളെ വേട്ടയാടാനോ പാടില്ല. വൃക്ഷങ്ങളും ചെടികളും നശിപ്പിക്കുന്നതുപോലും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിരോധിച്ചിട്ടുണ്ട്.
ആ വിശുദ്ധ ഭവനം പണികഴിഞ്ഞ ശേഷം, അവിടെയെത്തി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അല്ലാഹുവിന്റെ കല്പനപ്രകാരം മഹാനവര്കള് സര്‍വരോടും ആഹ്വാനം ചെയ്തതും അന്നു മുതല്‍ ഇന്നുവരെ അനുസ്യൂതമത് നടന്നുവരുന്നതും മറ്റൊരു ദൃഷ്ടാന്തമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, അല്ലാഹുവിനെ ആരാധിക്കാന്‍വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവനമെന്ന നിലക്കും, അനുഗൃഹീതവും മാര്‍ഗദര്‍ശകവും അഭയസ്ഥാനവുമായ കേന്ദ്രമെന്ന നിലക്കും വേദക്കാരടക്കം എല്ലാവരും ആ ഭവനം, ആരാധനാ കേന്ദ്രവും തീര്‍ത്ഥാടന കേന്ദ്രവുമായി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്.
ആ മന്ദിരത്തില്‍ ചെന്ന് ഹജ്ജ് നിര്‍വ്വഹിക്കുക എന്നത്, ശാരീരികമായും സാമ്പത്തികമായും യാത്രാസംബന്ധമായും സൗകര്യങ്ങളുള്ളവര്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ് (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا).
കഴിവുള്ളവര്‍ക്കുപോലും എല്ലാ വര്‍ഷവും ഹജ്ജ് നിര്‍വ്വഹിക്കുക എന്നത് പ്രയാസകരമാകാമല്ലോ. അതുകൊണ്ട് ജീവിതകാലത്ത് ഒരേയൊരു പ്രാവശ്യം മാത്രമേ നിര്‍ബന്ധ ബാധ്യതയുള്ളൂ.
മഹാനായ ഇബ്റാഹീം (عليه السلام) നു ശേഷം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ലോകം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി. എന്നിട്ടും അന്നുതൊട്ട് ഇന്നുവരെ ഒരു മുടക്കവും വരാതെ ആ മന്ദിരം ആദരിക്കപ്പെട്ടും ശുശ്രൂഷിക്കപ്പെട്ടും കൊണ്ടേ ഇരിക്കുന്നു. ആ ഗേഹം നശിപ്പിക്കാനൊരുങ്ങി വന്ന ആനപ്പട്ടാളമടക്കമുള്ള എല്ലാ പ്രതിലോമശക്തികളെയും അല്ലാഹു തുരത്തിയോടിച്ചു.
സഫാ, മര്‍വാ, മിനാ, സംസം തുടങ്ങിയവയും ആ അനുഗൃഹീത പ്രദേശത്തുള്ള ദൃഷ്ടാന്തങ്ങള്‍ തന്നെയാണ്.
وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ
വിശുദ്ധ കഅ്ബയുടെ പ്രാധാന്യവും മഹത്വവും ഇതുവരെ പറഞ്ഞതില്‍നിന്ന് വ്യക്തമാണല്ലോ. ആരാധനാ കേന്ദ്രവും തീര്‍ത്ഥാടനകേന്ദ്രവുമായി ആ ഗേഹത്തെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമായി. ഇനിയും ഇതൊന്നുമംഗീകരിക്കാന് ആര്‍ക്കെങ്കിലും കഴിയുന്നില്ലെങ്കില്‍, അത് തികച്ചും അവിശ്വാസമാണ്, സത്യനിഷേധവുമാണ്. അതിന്റെ ദോഷഫലം അത്തരക്കാര്‍ അനുഭവിക്കുമെന്നല്ലാതെ, അല്ലാഹുവിനതുകൊണ്ട് ഒരു ദോഷവും വരാനില്ല. ആരുടെയും ആശ്രയം ആവശ്യമില്ലാത്ത സ്വയംപര്യാപ്തനാണല്ലോ അവന്. ലോകത്തുള്ള സര്‍വരും അവിശ്വാസികളായാലും, ഒരാളു പോലും കഅ്ബത്തിങ്കല്‍ ചെന്ന് ഹജ്ജ് കര്‍മം നിര്വ്വഹിക്കാതായാലും അല്ലാഹുവിനതുകൊണ്ട് യാതൊരു കോട്ടവും വരാനില്ല എന്ന് സാരം.
അടുത്ത ആയത്ത് 98
വിശുദ്ധ കഅ്ബയുടെ മഹത്വവും മറ്റുമൊക്കെയാണല്ലോ ഇതുവരെ വിശദീകരിച്ചത്. വേദക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാതെ, തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അത് അംഗീകരിച്ചതിന്റെ പേരില്‍ ആക്ഷേപിച്ചതുകൊണ്ടാണല്ലോ ഇങ്ങനെ വിശദീകരിച്ചത്. അവരുടെ അവിശ്വാസ നിലപാടു കാരണമാണ് ഇങ്ങനെ ആക്ഷേപമുന്നയിക്കുന്നത് എന്നാണിനി വ്യക്തമാക്കുന്നത്. അതവരോട് നേരിട്ട് ചോദിക്കാനും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അല്ലാഹു ആഹ്വാനം ചെയ്യുകയാണ്.
قُلْ يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّهِ وَاللَّهُ شَهِيدٌ عَلَىٰ مَا تَعْمَلُونَ (98)
നബിയേ, ചോദിക്കുക: ഹേ വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്നത്? അവന് നിങ്ങളുടെ ചെയ്തികള്‍ക്കൊക്കെ സാക്ഷിയത്രേ.
നിങ്ങള്‍ എന്തിനാണ് ഖുര്‍ആന്‍ നിഷേധിക്കുന്നത്, മുഹമ്മദ് നബി (صلى الله عليه وسلم) യെ എന്തുകൊണ്ടാണ് തള്ളിക്കളയുന്നത് എന്ന് ചോദിക്കാതെ, നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുന്നത് എന്ന് ചോദിച്ചത് ബോധപൂര്‍വമാണ്.
അതായത്, നിങ്ങള്‍ അല്ലാഹുവിന്റെ ആളുകളാണ്, അവനെ അനുസരിക്കുന്നവരാണ്, അവന്റെ വചനങ്ങള്‍ പ്രയോഗവല്‍ക്കരിക്കാന്‍ സന്നദ്ധരാണ് എന്നൊക്കെ നാഴികക്ക് നാല്പത് വട്ടം പറയുന്നവരാണല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങളിത് നിഷേധിക്കുന്നത്? ഇതെല്ലാം ദൈവവചനങ്ങളും ദൃഷ്ടാന്തങ്ങളും തന്നെയാണല്ലോ. എല്ലാം വെറും വീരവാദങ്ങളെന്ന് ചുരുക്കം.
ഏതായാലും നിങ്ങളുടെ എല്ലാ കുതന്ത്രങ്ങളും ഹീനകൃത്യങ്ങളും അല്ലാഹു കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. തിക്തഫലം നിങ്ങള്‍ അനുഭവിക്കുകതന്നെ ചെയ്യും.
അടുത്ത ആയത്ത് 99
തൌറാത്ത്, ഇന്‍ജീല്‍ മുഖേനയും കഴിഞ്ഞകാല പ്രവാചകന്മാര് വഴിയും തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും വിശുദ്ധ ഖുര്‍ആന്റെയും സത്യസന്ധത എല്ലാവര്ക്കും കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും അസൂയയും വിദ്വേഷവും കൊണ്ടുമാത്രം വേദക്കാരത് വിശ്വസിക്കാനോ അംഗീകരിക്കാനോ കൂട്ടാക്കുന്നില്ല.
എന്നു മാത്രമല്ല, സത്യവിശ്വാസം സ്വീകരിച്ചവരെ ഏതെങ്കിലും നിലക്ക് പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുകയാണ്. അതെല്ലാം അല്ലാഹു അറിയുന്നുണ്ടെന്നും തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്പിക്കുകയാണിനി.
قُلْ يَا أَهْلَ الْكِتَابِ لِمَ تَصُدُّونَ عَنْ سَبِيلِ اللَّهِ مَنْ آمَنَ تَبْغُونَهَا عِوَجًا وَأَنْتُمْ شُهَدَاءُ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ (99)
വേദക്കാരേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്, അതിനെ വക്രീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് നിങ്ങളെന്തിനു വിശ്വാസികളെ തടയുന്നു? വസ്തുതകള്‍ക്ക് നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചൊന്നും അവന് അശ്രദ്ധനല്ല തന്നെ.
വേദക്കാര്‍ ചെയ്യുന്ന വളരെ ഗുരുതരമായ രണ്ട് തെറ്റുകളാണിവിടെ പറഞ്ഞത്:
സത്യവിശ്വാസികളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുക. വസ്തുതകളൊക്കെ അറിഞ്ഞുകൊണ്ടുതന്നെ ഇസ്ലാമിനെ വക്രമായി ചിത്രീകരിച്ച്, തങ്ങളുടേതാണ് ശരിയായ മതമെന്ന് സ്ഥാപിക്കുക.
കടുത്ത ശിക്ഷയാണിതിന് പ്രതിഫലമായി നിങ്ങളെ കാത്തിരിക്കുന്നത്. ‘അല്ലാഹു ഇതിനെക്കുറിച്ചൊന്നും അശ്രദ്ധനല്ല’ എന്ന് പറഞ്ഞതിന്റെ അര്‍ത്ഥമതാണ്.
അടുത്ത ആയത്ത് 100
ഇത്തം ഹീനകൃത്യങ്ങള്‍ ചെയ്യുന്ന വേദക്കാരുടെ കെണിയില്പെട്ടുപോകരുതെന്ന് സത്യവിശ്വാസികളെ ഉണര്ത്തുകയാണിനി.
മഹാനായ സ്വഹാബിവര്യന് സൈദുബ്നു അസ്ലം(رضي الله عنه) ഉദ്ധരിക്കുന്നു: ഇസ്ലാമിനെയും മുസ്ലിംകളെയും വല്ലാതെ വെറുക്കുകയും നിരന്തരം ദീനിനെതിരെ കരുനീക്കങ്ങളും ഗൂഢാലോചനകളും നടത്തുകയും ചെയ്യുന്ന ജൂതനേതാവായിരുന്നു വയോവൃദ്ധനായ ശാസുബ്നു ഖൈസ്. അദ്ദേഹം ഒരു സ്വഹാബീസംഘത്തിന്റെയടുത്തുകൂടെ ഒരിക്കല്‍ നടന്നുപോയി.
സ്വഹാബീസംഘം നല്ല സ്നേഹത്തോടെ, സഹവര്‍ത്തിത്വത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകണ്ടപ്പോളയാള്ക്ക് ഭയങ്കര അസൂയ. സഹിക്കാന്‍ കഴിയുന്നില്ല!
ഇന്നലെവരെ പരസ്പരം കടിച്ചുകീറിയിരുന്ന, അങ്കം വെട്ടിയിരുന്ന ഔസും ഖസ്റജും ഇന്നിതാ ഒറ്റക്കെട്ടായിരിക്കുന്നു; സഹോദരങ്ങളെപ്പോലെയായി മാറിയിരിക്കുന്നു! ഈ സാഹോദര്യവും സ്നേഹവും പടര്‍ന്നുപിടിച്ചാല്‍ ഇന്നാട്ടില് ഞങ്ങളുടെ അവസ്ഥ എന്താകും? - അയാള്‍ ചിന്തിച്ചു.
അയാളൊരു വേല ഒപ്പിച്ചു. ഒരു ജൂതയുവാവിന്റെയടുത്തു ചെന്ന് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്ത് പറഞ്ഞു: നീ അവരുടെ സദസ്സില്‍ ചെന്നിരിക്കണം. ബുആസ് യുദ്ധത്തിലും അതിനു മുമ്പുമൊക്കെ ഔസും ഖസ്റജുമായുണ്ടായ ശത്രുതയുടെ കഥകള്‍ ഓര്മിപ്പിക്കണം. അന്ന് പരസ്പരം ചൊല്ലിയിരുന്ന കവിതകളും കേള്പിക്കണം. അതവരെ പ്രകോപിതരാക്കട്ടെ!
(മദീനയ്ക്ക് സമീപമുള്ള ഒരു സ്ഥലമാണ് ബുആസ്. അവിടെവെച്ച് ഔസ് ഖസ്റജ് ഗോത്രങ്ങള്‍ തമ്മില്‍ ഘോര യുദ്ധം നടന്നിരുന്നു. ഔസായിരുന്നു ജയിച്ചത്.)
ആ ജൂതയുവാവ് നേതാവിന്റെ കല്പനയനുസരിച്ചു. സ്വഹാബീസംഘത്തിനിടയില് ഭിന്നിപ്പുണ്ടാക്കി. ഒറ്റക്കെട്ടായിരുന്ന അവര്‍ പഴയ പോലെ ഔസും ഖസ്റജുമായി ചേരിതിരിഞ്ഞ് സംസാരം തുടങ്ങി. ചൂടുപിടിച്ച വാദകോലാഹലങ്ങളായി. ശകാരവര്ഷങ്ങളായി. തെറിയഭിഷേകമായി. അധികം വൈകാതെ, ഔസ് ഗോത്രക്കാരനായ ഖൈളിയും ഖസ്റജ് ഗോത്രക്കാരനായ ജബ്ബാറുബ്നുസഖ്റും ഏറ്റുമുട്ടി.
പ്രശ്നം നിയന്ത്രണാതീതമാവുകയാണെന്ന് കണ്ടപ്പോള്‍ അവരെല്ലാവരും പരസ്പരം പ്രഖ്യാപിച്ചു: ഇങ്ങനെയെങ്കില്‍ നമുക്ക് പഴയ പോലെത്തന്നെ യുദ്ധം ചെയ്യാം. (വീറും വാശിയും ആളും അര്‍ഥവുമൊക്കെ സംഘടിപ്പിച്ച് പഴയപടി ഘോരയുദ്ധം തന്നെ നടത്തിക്കളയാമെന്നര്ഥം.)
ശരി, മദീനക്ക് പുറത്തുള്ളൊരു വിജനസ്ഥലത്ത് യുദ്ധമാകാമെന്ന് എല്ലാവരും ഒന്നിച്ച് തീരുമാനിച്ചു. ഔസും ഖസ്റജും തങ്ങളുടെ ഉപഗോത്രങ്ങളെയും കുടുംബങ്ങളെയുമെല്ലാം സംഘടിപ്പിച്ച് ഘോരമായ യുദ്ധത്തിനൊരുങ്ങി.
ഈ വിവരം തിരുനബി (صلى الله عليه وسلم) അറിഞ്ഞു. ഉടനെത്തന്നെ കൂടെയുണ്ടായിരുന്ന മുഹാജിറുകളോടൊപ്പം യുദ്ധസ്ഥലത്തെത്തി വളരെ ഗൌരവതരമായൊരു പ്രഭാഷണം നടത്തി:
'മുസ്ലിംകളുടെ സമൂഹമേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ ജാഹിലിയ്യാവാദഗതിയുമായി വീണ്ടും രംഗത്തിറിങ്ങിയിരിക്കുകയാണോ? ഇസ്ലാമിലേക്ക് അല്ലാഹു നിങ്ങളെ നയിക്കുകയും അതുവഴി നിങ്ങളെ ആദരണീയരാക്കുകയും ജാഹിലിയ്യത്തിന്റെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിക്കുകയും നിഷേധത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്ത ശേഷമാണിതെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങള്‍ മുമ്പുണ്ടായിരുന്ന ആ സത്യനിഷേധത്തിലേക്കുതന്നെ മടങ്ങുകയാണോ?'
സ്വഹാബികള്ക്കീ പ്രഭാഷണം ഇടിത്തീ പോലെയായിരുന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ പിശാചിന്റെ കെണിയില്‍ വീണതാണെന്നവര് മനസ്സിലാക്കി. തങ്ങളുടെ ബദ്ധശത്രുക്കളായ ശാസും കൂട്ടരും ഒപ്പിച്ച വേലയാണിതെന്നും തിരിച്ചറിഞ്ഞു.
ഉടനെത്തന്നെ ആയുധങ്ങളെല്ലാം വലിച്ചെറിഞ്ഞു. ഖേദിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. പരസ്പരം ആലിംഗനബദ്ധരാവുകയും കരയുകയും ചെയ്തു. എന്നിട്ട് തിരുനബി (صلى الله عليه وسلم) യുടെ പിറകെ സമ്പൂര്‍ണമായ അനുസരണത്തോടെ, അച്ചടക്കത്തോടെ നടന്നുപോയി. ഈ പശ്ചാത്തലത്തിലാണ് നൂറു മുതലുള്ള ഏതാനും സൂക്തങ്ങളവതരിച്ചത്.
يَا أَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا فَرِيقًا مِنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُمْ بَعْدَ إِيمَانِكُمْ كَافِرِينَ (100)
ഹേ സത്യവിശ്വാസികളേ, വേദം നല്കപ്പെട്ടവരില് ഒരു സംഘത്തെ അനുസരിക്കുന്നുവെങ്കില്‍, വിശ്വാസികളായിക്കഴിഞ്ഞ ശേഷം നിങ്ങളെയവര് സത്യനിഷേധികളാക്കി മാറ്റുന്നതാണ്.
---------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment