അധ്യായം 2. സൂറ ബഖറ (Ayath 142-145) ഖിബ്‍ല മാറ്റുന്നു

അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്താല്‍ ഒന്നാം ജുസ്അ് പഠിച്ചുകഴിഞ്ഞ്, 2-ആം ജുസ്ഇലേക്ക് പ്രവേശിക്കുകയാണ് നമ്മള്‍.

 

ഈ സൂറയിലെ 40 മുതല്‍ 141 വരെയുള്ള ആയത്തുകളില്‍ മിക്കവാറും വേദക്കാരെയും, അവരുടെ ചെയ്തികളെയും കുറിച്ചായിരുന്നു  ചര്‍ച്ച ചെയ്തിരുന്നത്. അടുത്ത ആയത്ത് 142 മുതല്‍ പറയുന്നത്, ഖിബ്‍ല മാറ്റവുമായി ബന്ധപ്പെട്ട് വേദക്കാരും മുനാഫിഖുകളും ഉണ്ടാക്കിയ ഒച്ചപ്പാടുകളും പ്രശ്നങ്ങളും അതിനുള്ള കൃത്യമായ മറുപടിയുമാണ്.

 

ഇസ്‌ലാമിക ചരിത്രത്തിൽ ശ്രദ്ധേയമായ ഒരധ്യായമാണ് ഖിബ്‌ല മാറ്റം. മക്കയിൽ വെച്ച് തിരുനബിصلى الله عليه وسلم ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞാണ് നിസ്‌കരിച്ചിരുന്നത്. അത് അമ്പിയാക്കളുടെ ഖിബ്‌ലയായിരുന്നു. ജൂതൻമാരും അങ്ങോട്ടാണ് തിരിഞ്ഞിരുന്നത്.

 

അതേ ദിശയില്‍ തന്നെയാണ് കഅ്ബയും വരുന്നത് എന്നതുകൊണ്ട്, ബൈത്തുൽ മുഖദ്ദസിലേക്കു തിരിയുമ്പോൾ തന്നെ കഅ്ബയും മുന്നിൽ വരുന്ന വിധം നിസ്‌കരിക്കാൻ സാധിക്കുമായിരുന്നു. മൂന്ന് വർഷക്കാലം ഇങ്ങനെയാണ് മക്കയില്‍ നിസ്‌കാരം നടന്നത്.

മക്കാമുശ്‌രിക്കുകളില്‍ നിന്ന് അസഹനീയമായ ഉപദ്രവങ്ങളേല്‍ക്കേണ്ടിവന്നതിനാല്‍, ജന്മദേശമായ മക്കയും അവിടെയുള്ള സര്‍വവും ഒഴിവാക്കി മദീനയിലെത്തിയപ്പോഴും ബൈത്തുൽ മുഖദ്ദസിലേക്ക് തന്നെ തിരിഞ്ഞാണ് നിസ്‌കരിച്ചത്. പക്ഷേ ഭൂമിശാസ്ത്ര പ്രകാരം അവിടെയെത്തിയപ്പോൾ വിശുദ്ധ കഅ്ബാലയം പിന്നിലായിപ്പോയി. കഅ്ബ പിന്നിലായുള്ള നിസ്‌കാരം നബി صلى الله عليه وسلم യെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. വിശുദ്ധ കഅ്ബയിലേക്കുതന്നെ ഖിബ്‍ല മാറ്റിക്കിട്ടണം എന്നാഗ്രഹിക്കുകയും അതിന് റബ്ബിനോട് തേടുകയും ചെയ്തുകൊണ്ടിരുന്നു.

 

16 മാസം മദീനയില്‍ വെച്ചും ബൈതുല്‍മുഖദ്ദസിനെ ഖിബ്‌ലയാക്കിത്തന്നെ തിരുനബി صلى الله عليه وسلم യും മുസ്‍ലിംകളും നമസ്‌കരിച്ചുപോന്നു. ശേഷം ഖിബ്‌ല മാറ്റി അല്ലാഹുവിന്‍റെ ഉത്തരവുണ്ടായി. പരിശുദ്ധ കഅ്ബയെ ഖിബ്‌ലയാക്കി നമസ്‌കരിക്കാനാണ് കല്‍പനയുണ്ടായത്. അതിനുസരിച്ച് തിരുനബി صلى الله عليه وسلم യും സ്വഹാബികളും അങ്ങനെ ചെയ്തുതുടങ്ങുകയും ചെയ്തു.

 

ഇതോടുകൂടി യഹൂദികളും മുശ്‌രിക്കുകളും മുനാഫിഖുകളുമെല്ലാം രംഗത്തുവന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആക്ഷേപിക്കാനും താറടിക്കാനും ലഭിച്ച ഒരസുലഭ സന്ദര്‍ഭമായി ഇതവര്‍ മുതലെടുത്തു.

 

മുശ്‌രിക്കുകള്‍ പറഞ്ഞു: “മുഹമ്മദ് നമ്മുടെ ഖിബ്‌ലയിലേക്ക് തിരിച്ചുവന്നതു പോലെ നമ്മുടെ പഴയ മതത്തിലേക്കും തിരിച്ചുവരും എന്നാണ് തോന്നുന്നത്. നമ്മുടെ ഖിബ്‌ലയാണ് സത്യം എന്നതുകൊണ്ടുതന്നെയാണ് മുഹമ്മദ് അതിലേക്ക് മടങ്ങിയത്.”

ജൂതന്‍മാര്‍ തിരുനബി صلى الله عليه وسلمയോട് ചോദിച്ചു:"നീ പൂര്‍വ്വ പ്രവാചകന്മാരുടെ പാതയിലാണെന്ന് പറയുന്നു, പക്ഷേ, അവരുടെ ഖിബ് ലയില്‍ നിന്ന് മാറുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ ഖിബ്‍ലയിലേക്ക്‌ തന്നെ നീ തിരിയുകയാണെങ്കില്‍ നിന്നെ ഞങ്ങള്‍ പിന്‍പറ്റാം”.

 

വെറുതെ തട്ടിവിടുകയാണ്. മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ആവശ്യം തിരുനബിصلى الله عليه وسلم തള്ളിക്കളഞ്ഞു.

 

സത്യത്തില്‍ ആദ്യം ജൂതന്മാര്‍ക്ക് വലിയ സന്തോഷമായിരുന്നു. കാരണം, അവര്‍ വിശുദ്ധരായിക്കാണുന്ന ഇബ്റാഹീം നബി  عليه السلامയുടെയും മറ്റുള്ളവരുടെയുമൊക്കെ പുണ്യസ്ഥലവും ഖിബ്‍ലയുമായിരുന്ന ബൈത്തുല്‍ മുഖദസ്സിലേക്കാണല്ലോ ആദ്യം തിരിഞ്ഞുനിസ്കരിച്ചിരുന്നത്.

ഇബ്‌റാഹീം നബിعليه السلامയും ശേഷമുള്ള പ്രവാചകന്മാരുമെല്ലാം, ജൂതന്മാരും ക്രിസ്ത്യാനികളുമായിരുന്നുവെന്ന് ഇസ്രാഈല്യര്‍ തട്ടിവിട്ടിരുന്ന കാര്യം നമ്മള്‍ പഠിച്ചല്ലോ. ആ പ്രവാചകന്മാരുടെയൊക്കെ പുണ്യസ്ഥലവും ഖിബ്‌ലയുമായിരുന്ന ബൈതുല്‍മുഖദ്ദസിലേക്ക് തിരിഞ്ഞ് നബി صلى الله عليه وسلم യും സ്വഹാബികളും നമസ്‌കരിക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നു എന്ന് മാത്രമല്ല, സന്തോഷവുമായിരുന്നു.

 

പക്ഷേ, ബൈത്തുല്‍മുഖദ്ദസ് മാറ്റി, കഅ്ബാശരീഫ് ഖിബ്‌ലയാക്കിയപ്പോള്‍ അവരുടെ നിലപാടുമാറി. കൊട്ടും കുരവയുമെടുത്ത് കുപ്രചാരണങ്ങള്‍ക്കിറങ്ങി.

 

കപട വിശ്വാസികളും രംഗത്തുവന്നു. അവര്‍ പറഞ്ഞു: “എവിടേക്ക് തിരിഞ്ഞാണ് നമസ്‌കരിക്കേണ്ടതെന്ന് മുഹമ്മദിന് തന്നെ അറിയില്ല. ആദ്യം തിരിഞ്ഞ ഭാഗമാണ് ശരിയെങ്കില്‍, ആ ശരി ഇപ്പോള്‍ മുഹമ്മദ് ഉപേക്ഷിച്ചിരിക്കുന്നു. അതല്ല, ഇപ്പോള്‍ തിരിഞ്ഞ ഖിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യത്തെ ഖിബ്‍ല തെറ്റായിരുന്നില്ലേ.”

ചുരുക്കിപ്പറഞ്ഞാല്‍, ഖിബ്‌ല മാറ്റം ശത്രുക്കളെല്ലാവരും മുതലെടുത്തു.  ഇസ്‍ലാമിന്‍റെ അടിത്തറ തന്നെ പൊളിഞ്ഞുപോയെന്ന് അവര്‍ ആരോപിച്ചു.  

ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ വിശദീകരിക്കാതെ, എല്ലാവര്‍ക്കും ഒരൊറ്റവാക്യംകൊണ്ട് അല്ലാഹു മറുപടി പറഞ്ഞിരിക്കുകയാണ് അടുത്ത ആയത്തില്‍: ‘കിഴക്കും പടിഞ്ഞാറുമെല്ലാം (ഭൂമിയുടെ മുഴുവന്‍ ഭാഗവും)  അല്ലാഹുവിന്നുള്ളതാണ്. ഏതെങ്കിലും ഒരു നിശ്ചിത സ്ഥാനം ഖിബ്‌ലയാക്കി ആ ഭാഗത്തേക്ക് തിരിയാന്‍ അവന്‍ കല്‍പിച്ചാല്‍ അങ്ങോട്ട് തിരിയണമെന്നല്ലാതെ, ഇന്നഭാഗത്തേക്കേ തിരിയാന്‍ പാടുള്ളൂ എന്നൊന്നുമില്ല.’

ഇങ്ങനെ ആക്ഷേപിക്കുന്നവര്‍ വെറും വിഡ്ഢികളാണെന്നും അല്ലാഹു പറയുന്നുണ്ട്. ചില വിഷയങ്ങളില്‍   കാലോചിതമായ മാറ്റങ്ങള്‍ അല്ലാഹു വരുത്തും. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ആക്ഷേപിക്കാനും ബഹളം വെക്കാനും മുതിരുന്നത് തനി വിഡ്ഢിത്തമാണ്.

 

 

سَيَقُولُ السُّفَهَاءُ مِنَ النَّاسِ مَا وَلَّاهُمْ عَنْ قِبْلَتِهِمُ الَّتِي كَانُوا عَلَيْهَا ۚ قُلْ لِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ (142)

 

അവരെ (മുസ്‌ലിംകളെ) ഇതുവരെയുണ്ടായിരുന്ന ഖിബ്‌ലയില്‍ നിന്നു വ്യതിചലിപ്പിച്ചതെന്താണ് എന്നു വിഡ്ഢികളായ ജനങ്ങള്‍ ചോദിക്കും. താങ്കള്‍ ഇങ്ങനെ പറയുക: പൗരസ്ത്യവും പാശ്ചാത്യവും അല്ലാഹുവിന്നുള്ളതാണ്. താനുദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു.

 

ഖിബ്‌ല മാറ്റിയുള്ള അറിയിപ്പിന് മുമ്പേയാണ് ഈ സൂക്തം ഇറങ്ങിയതെന്ന് പ്രത്യേകം മനസ്സിലാക്കണം. അതുകൊണ്ടാണ് ചോദിക്കും (യഖൂലു) എന്ന ക്രിയയില്‍ സീന്‍ ചേര്‍ത്തിട്ടുള്ളത്-സയഖൂലു. വഴിയെ അല്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കുന്നതിനെ സൂചിപ്പിക്കാനുള്ളതാണ് ഈ അവ്യയം. അതായത്,

ഇത്തരം ഒരു പ്രതിസന്ധി വരാന്‍പോകുന്നുണ്ടെന്നും അത് കാലേക്കൂട്ടി കരുതിയിരിക്കണമെന്നും തിരുനബി صلى الله عليه وسلم ക്ക് അല്ലാഹു ഇവിടെ നിര്‍ദേശം നല്‍കുകയാണ്.

 

ഖിബ്‌ല മാറ്റുന്ന സമയത്ത് സത്യവിശ്വാസികള്‍ക്ക് ആശയക്കുഴപ്പവും ചാഞ്ചല്യവും ഇല്ലാതിരിക്കാനാണ് ഇങ്ങനെ നേരത്തെ അറിയിച്ചത്. ഇങ്ങനെ നേരത്തെ അറിയിച്ചതുകൊണ്ട്, കരുതിയിരിക്കാനും ശത്രുക്കള്‍ നടത്തിയ ജൽപനങ്ങളും ആരോപണങ്ങളും അവഗണിക്കാനും മുസ്‍ലിംകള്‍ക്ക് സാധിച്ചിട്ടുമുണ്ട്. അവരുടെ കുപ്രചാരണങ്ങളൊന്നും വിലപ്പോയില്ല. പൊതുസമൂഹത്തിനിടയില്‍ യാതൊരു പ്രതിഫലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞതുമില്ല. എന്നു മാത്രമല്ല, അല്ലാഹു അവരെ വിഡ്ഢികളെന്ന് പരാമര്‍ശിച്ചതുകൊണ്ട് ഇളിഭ്യരാവുകയാണുണ്ടായത്. ഇത്തരം പരാമര്ശം ആര്‍ക്കും സുഖിക്കില്ലല്ലോ.

 

قُلْ لِلَّهِ الْمَشْرِقُ وَالْمَغْرِبُ

പശ്ചിമ പൂര്‍വ ചക്രവാളങ്ങളും ഉത്തര ദക്ഷിണധ്രുവങ്ങളും പ്രപഞ്ചമൊന്നടങ്കം തന്നെയും അല്ലാഹുവിന്‍റെ അധീശാധിപത്യത്തിലാണ്. അവന്‍റെ നിയമനിര്‍ദേശങ്ങളാണ് പരമോന്നതം. അത് ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ വിഡ്ഢികളാണ്. അവന്‍ എങ്ങോട്ട് തിരിയാന്‍ കല്‍പിക്കുന്നുവോ അങ്ങോട്ട് തിരിയുക എന്നത് മാത്രമാണ് മനുഷ്യന്‍റെ ചുമതല. 'അങ്ങോട്ടെന്തുകൊണ്ട് തിരിഞ്ഞില്ല, ഇങ്ങോട്ടെന്തുകൊണ്ട് തിരിഞ്ഞു' എന്നെല്ലാം ചോദിക്കുന്നത് വിഡ്ഢിത്തമാണ്.

 

ഇങ്ങനെ ഒരു പ്രത്യേക സ്ഥലം ഖിബ്‍ലയാക്കി നിശ്ചയിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് പൊതുവെ ചില നേട്ടങ്ങളുണ്ട്. മനസ്സിന്‍റെ ഏകാഗ്രതക്ക് അത് ഏറ്റവും സഹായകമാണ്. മാത്രമല്ല, അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ ഒറ്റ മനസ്സായി കഴിയേണ്ട മനുഷ്യരെല്ലാം ഒരേ കേന്ദ്രത്തെത്തന്നെ അഭിമുഖമാക്കുമ്പോള്‍, അത് അവരുടെ ഐക്യം വിളിച്ചോതുന്ന പ്രത്യക്ഷ അടയാളവുമാണ്. സാമൂഹികമായ ഏകീകരണത്തിനും അത് സഹാകയമാണ്.

 

അടുത്ത ആയത്ത് 143

 

വിശുദ്ധ കഅ്ബയെ ഖിബ്‌ലയാക്കി നിശ്ചയിച്ചതുപോലെ, ഒരു കേന്ദ്രബിന്ദുവാക്കിയതുപോലെ, മുസ്‌ലിംസമുദായത്തെ അല്ലാഹു ഒരുല്‍കൃഷ്ട സമുദായമാക്കിയിട്ടുണ്ടെന്ന് പറയുകയാണിനി.

 

 وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ

 

ഇപ്രകാരം മുസ്‌ലിംകളായ നിങ്ങളെ നാം ഒരുത്തമ സമുദായമാക്കിയിരിക്കുന്നു-നിങ്ങള്‍ എല്ലാ ജനപഥങ്ങള്‍ക്കും, റസൂല്‍ നിങ്ങള്‍ക്കും സാക്ഷികളാകാന്‍.

 

وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنْتَ عَلَيْهَا إِلَّا لِنَعْلَمَ مَنْ يَتَّبِعُ الرَّسُولَ مِمَّنْ يَنْقَلِبُ عَلَىٰ عَقِبَيْهِ

ഇതുവരെ താങ്കളുണ്ടായിരുന്ന ഖിബ്‌ല നാം നിശ്ചയിച്ചുതന്നത്, റസൂലിനെ അനുഗമിക്കുന്നവരെ അവഗണിക്കുന്നവരില്‍ നിന്നു തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു.

 

وَإِنْ كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ ۚ إِنَّ اللَّهَ بِالنَّاسِ لَرَءُوفٌ رَحِيمٌ (143)

അല്ലാഹു മാര്‍ഗദര്‍ശനം ചെയ്തവരല്ലാത്തവര്‍ക്ക് അത് ഭാരമേറിയതുതന്നെയായി. അല്ലാഹു നിങ്ങളുടെ വിശ്വാസം വൃഥാവിലാക്കില്ല. അവന്‍ ജനങ്ങളോട് പരമദയാലുവും കരുണാമയനും തന്നെയാകുന്നു.

 

وَكَذَٰلِكَ  (അപ്രകാരം തന്നെ) എന്നാല്‍, ബൈതുല്‍മുഖദ്ദസ് മാറ്റി കഅ്ബയെ ഖിബ്‌ലയാക്കി നിശ്ചയിച്ച പ്രകാരം എന്നര്‍ത്ഥം.

 

ലോകത്തിന്‍റെ അഭിമുഖ കേന്ദ്രമായിരിക്കാനുള്ള അര്‍ഹത എന്തുകൊണ്ടും വിശുദ്ധ കഅ്ബക്കുതന്നെയാണ്. അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി ഈ ലോകത്ത് ഒന്നാമതായി സ്ഥാപിതമായ ഗേഹമാണത്. പ്രവാചക ശ്രേഷ്ഠനായ ഇബ്രാഹീം നബിعليه السلام അതിന്‍റെ സമുദ്ധാരണം നടത്തി. പിന്നീട് ഖുറൈശ് പുതുക്കിപ്പണിതു. അന്ന് തിരുനബി صلى الله عليه وسلم യായിരുന്നു ഹജറുല്‍അസ്‌വദ് യഥാസ്ഥാനത്ത് വെച്ചുകൊടുത്തത്. ആ വിശുദ്ധ ഭവനം സ്ഥിതിചെയ്യുന്നത്, തിരുനബി صلى الله عليه وسلم യുടെ ജന്മഭൂമിയായ, ഇസ്‌ലാമിന്‍റെ കേന്ദ്രമായ മക്കാപട്ടണത്തിലാണ്.

 

അത്രയും പരിപാവനമായ കഅ്ബയെ ഖിബ്‌ലയാക്കി നിശ്ചയിച്ചതുപോലെത്തന്നെ, മുസ്‍ലിംകളേ, നിങ്ങളെ അല്ലാഹു ഒരുല്‍കൃഷ്ട സമുദായമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സമുദായങ്ങളുടെ മേല്‍ സാക്ഷി നില്‍ക്കുന്നത് നിങ്ങളാണ്; നിങ്ങളുടെ സാക്ഷി തിരുനബി صلى الله عليه وسلم യും. അതായത്, പരലോകത്ത് ചില സമുദായങ്ങള്‍ അവരവരുടെ പ്രവാചകന്മാരുടെ മേല്‍ കുറ്റാരോപണം നടത്തുമ്പോള്‍, മുസ്‌ലിം സമുദായമാണ് പ്രവാചകര്‍ക്കനുകൂലമായി സാക്ഷി പറയുക.

 

ഇമാം ബുഖാരി(رحمه الله) ഉദ്ധരിക്കുന്ന ഹദീസ് നോക്കൂ: തിരുനബി صلى الله عليه وسلم പറയുന്നു: അന്ത്യനാളില്‍ നൂഹ്‌നബിعليه السلام വിളിക്കപ്പെടും. രക്ഷിതാവേ, നിനക്കു ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു എന്നുപറഞ്ഞ് മഹാനവര്‍കള്‍ ഹാജറാകും. അല്ലാഹു ചോദിക്കും: നിങ്ങള്‍ പ്രബോധന കൃത്യം നിര്‍വ്വഹിച്ചിട്ടുണ്ടോ? നൂഹ് നബി عليه السلام: അതെ, നിര്‍വഹിച്ചിട്ടുണ്ട്.

 

ഇദ്ദേഹം നിങ്ങള്‍ക്ക് പ്രബോധനം ചെയ്തിട്ടുണ്ടോ എന്നു നൂഹ് നബിعليه السلامയുടെ ജനതയോട് അല്ലാഹു ചോദിക്കും. 'ഒരു താക്കീതുകാരനും (റസൂലോ നബിയോ) ഞങ്ങളുടെയടുത്ത് വന്നിട്ടില്ല' എന്നാണത്രേ അവര്‍ പ്രതികരിക്കുക!

 

അപ്പോള്‍ അല്ലാഹു നൂഹ് നബിعليه السلام യോട് ചോദിക്കും: നിങ്ങളുടെ വാദത്തിന്ന് ആരാണ് സാക്ഷ്യം വഹിക്കുക? 'മുഹമ്മദ് നബി صلى الله عليه وسلمയും അനുയായികളും സാക്ഷി നില്‍ക്കും' എന്ന് മഹാനവര്‍കള്‍ മറുപടി നല്‍കും.

 

നൂഹ്‌നബിعليه السلام തന്‍റെ ജനതക്ക് ദീനീപ്രബോധനം നടത്തിയിട്ടുണ്ട് എന്ന് മുഹമ്മദ് നബി صلى الله عليه وسلمയും ഉമ്മത്തും അപ്പോള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും. അതാണ്, لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا എന്ന വാക്യാംശത്തിന്‍റെ ഉദ്ദേശ്യം. (ബുഖാരി)

 

وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا

തിരുനബി صلى الله عليه وسلم യിൽ വിശ്വസിച്ച സത്യവിശ്വാസികൾ, അവരുടെ നിലപാടുകൾ കാരണം أمة وسط എന്ന വിശേഷണം നേടിയവരാണ്. അവർക്ക് മുമ്പുണ്ടായിരുന്ന സമുദായങ്ങൾക്കെതിരെ, പ്രവാചകന്മാർക്ക് അനുകൂലമായി സാക്ഷി പറയാൻ യോഗ്യതയുള്ളവരായി അവരുടെ പദവികള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. പ്രവാചകന്മാർക്ക് അനുകൂലമായി സാക്ഷിപറയാനുള്ള നിയോഗം വലിയ മഹത്വം തന്നെയല്ലേ!

 

തിരുനബിصلى الله عليه وسلم യോടൊപ്പം നിന്ന് ഖിബ്‌ല മാറ്റമടക്കം എല്ലാം സർവാത്മനാ അംഗീകരിക്കുന്ന സത്യവിശ്വാസികൾക്ക് ലഭിക്കുന്ന ബഹുമതിയാണിത്.

 

ഈ ഖിബ്‌ല മാറ്റവും, അതവര്‍ അപ്പടി അംഗീകരിച്ചതും, അതിന്‍റെ പേരിലുയര്‍ന്ന ആരോപണങ്ങളെയും ബുദ്ധിമുട്ടുകളെയും തൃണവല്‍ഗണിച്ചതും ഈ സമുദായത്തിന് പ്രത്യേകമായ ആദരവ് ലഭിക്കാൻ കാരണമായിട്ടുണ്ടെന്ന് ഇവിടെ നിന്ന് മനസ്സിലാക്കാം.

 

വിശ്വാസത്തിലും പ്രവൃത്തിയിലും മുസ്‌ലിംകള്‍ മറ്റു സമുദായങ്ങള്‍ക്ക് മാതൃകയായിരിക്കണമെന്നും, മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് തിരുനബി  صلى الله عليه وسلم യെ ആയിരിക്കണമെന്നും ഇവിടെ നിന്ന് ചേര്‍ത്തുമനസ്സിലാക്കാം.

 

ഖിബ്‍ല മാറ്റം മുസ്‌ലിംകള്‍ക്ക് വലിയൊരു പരീക്ഷണമായിരുന്നു. കുറെ കാലമായി അഭിമുഖീകരിച്ചുവന്ന കേന്ദ്രത്തില്‍ നിന്ന് മാറാനാണ് കല്‍പന. തികഞ്ഞ ഹൃദയസാന്നിദ്ധ്യവും തിരുനബി صلى الله عليه وسلم യുടെ നിര്‍ദേശങ്ങളോട് സമ്പൂര്‍ണമായ അനുസരണബോധവും ഉള്ളവര്‍ക്കേ ഇത് ഉള്‍ക്കൊള്ളാനാകൂ.

 

ഏത് സമുദായമോ സംഘമോ ആയാലും, അവരുടെ നേതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനുമുള്ള സന്നദ്ധത അനുയായികള്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണമല്ലോ. ആ സമൂഹത്തിന്‍റെ വിജയത്തിന് അത് അത്യാവശ്യവുമാണ്.

 

വിശുദ്ധ ഇസ്‌ലാമിന്‍റെ കാര്യവും അങ്ങനെത്തന്നെയാണ്. ആ ദീന്‍ തലയെടുപ്പോടെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍, തികഞ്ഞ അച്ചടക്കവും അനുസരണശീലവുമുള്ള അനുയായീവൃന്ദം തിരുനബി صلى الله عليه وسلمയോടൊപ്പം ഉണ്ടായിരിക്കണം. എന്തെങ്കിലും വല്ല മാറ്റവും നിര്‍ദേശിക്കുമ്പോഴേക്കും സംശയാലുക്കളായി പിന്നോട്ടുമാറുന്ന ദുര്‍ബല ഹൃദയരുണ്ടെങ്കില്‍, അവരെ കൃത്യമായി തിരിച്ചറിയുകയും വേണം. അത്തരമൊരു വേര്‍തിരിക്കലും സമുദായ ശുദ്ധീകരണവും കൂടി ഖിബ്‌ലമാറ്റത്തിന്‍റെ പിന്നിലുണ്ട്.

 

ജൂതരടക്കമുള്ള ശത്രുക്കള്‍, ദുര്‍ബലരായ പല സത്യവിശ്വാസികളെയും ഈ കാര്യം പറഞ്ഞ് ആശയക്കുഴപ്പത്തിലാക്കിയിരുന്നു, ചിലര്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു. മുസ്‍ലിംകളുടെ കൂട്ടത്തില്‍ കയറിക്കൂടിയ കപടന്മാരെ തിരിച്ചറിയാന്‍ ഇത് കാരണമായി. അത്തരമാളുകള്‍ അവരുടെ പഴയ നിലപാടുകളിലേക്കുതന്നെ തിരിച്ചുപോയതുകാരണം മുസ്‍ലിം അണികള്‍ കൂടുതല്‍ ഭദ്രവും കെട്ടുറപ്പുള്ളതുമായി മാറുകയും ചെയ്തു.

 

എപ്പോഴാണ് ഖിബ്‍ല മാറ്റമുണ്ടായത്?

 

ഹിജ്റ രണ്ടാം വര്‍ഷം റജബ് മാസത്തിലാണ് ഖിബ്‍ല മാറ്റമുണ്ടായത്. ഒരിക്കല്‍, ബനൂ സലമയിലെ ബിശ്ര്‍ ഇബ്നു ബറാഅ് എന്നവരുടെ ഉമ്മയെ തിരുനബിصلى الله عليه  وسلمസന്ദര്‍ശിച്ചു, അവിടെ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ളുഹര്‍ നിസ്കാരത്തിന്‍റെ സമയമായി. അവിടെയുള്ള ഒരു പള്ളിയില്‍ നിന്ന് തിരു നബിصلى الله عليه وسلم നിസ്കാരം തുടങ്ങി. നിസ്കാരം പകുതി ആയപ്പോള്‍ ഖിബ്‍ല കഅ്ബയിലേക്ക് മാറ്റിയ കല്പനയുമായി ജിബ്രീല്‍ عليه السلام വന്നു.
ഉടനെത്തന്നെ, നിസ്കാരത്തില്‍ നിന്ന് വിരമിക്കാതെ തിരുനബിصلى الله عليه وسلمയും കൂടെയുണ്ടായിരുന്നവരും വിശുദ്ധ കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നിസ്കാരം പൂര്‍ത്തിയാക്കി.

 

ഈ നിസ്കാരത്തില്‍ പങ്കെടുത്ത ഉബാദ് ബിന്‍ ബിശ്ര്‍  رضي الله عنهഈ വാര്‍ത്തയുമായി അന്‍സാറുകളുടെ അടുത്തെത്തി. അവരപ്പോള്‍ അസര്‍ നിസ്കരിക്കുകയായിരുന്നു. വിവരം അറിഞ്ഞ അവരെല്ലാവരും കഅ്ബയിലേക്ക് തിരിഞ്ഞു.

 

ഈ വിവരം ഖുബാഇല്‍ എത്തിയപ്പോള്‍ അടുത്ത ദിവസം സുബ്ഹ് നിസ്കാരം ആയിരുന്നു. വിവരം അറിഞ്ഞതോടെ അവരും കഅ്ബയിലേക്ക് തിരിഞ്ഞു.

 

അല്ലാഹുവിനോടും റസൂലി  صلى الله عليه وسلمനോടും മഹാന്മാരായ സ്വഹാബത്തിനുണ്ടായിരുന്ന പരിപൂര്‍ണ വിധേയത്വവും അനുസരണയും കാരണം, അവര്‍ ഈ പരീക്ഷണത്തില്‍ പരിപൂര്‍ണ്ണ വിജയം നേടി.

 

പുതിയ ഖിബ്‌ലയിലേക്കുതിരിഞ്ഞ് നമസ്‌കരിക്കാന്‍ തുടങ്ങിയപ്പോള്‍ പല സംശയങ്ങളുമുണ്ടായി: മുമ്പ് ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചവരുടെ അവസ്ഥ എന്താണ്, അത് സ്വീകരിക്കപ്പെടുമോ ഇല്ലേ എന്നെല്ലാം ചിലര്‍ ചോദിക്കാന്‍ തുടങ്ങി. അതിനു മറുപടിയായിട്ടാണ് وَمَا كَانَ اللَّهُ لِيُضِيعَ إِيمَانَكُمْ 'നിങ്ങളുടെ നമസ്‌കാരത്തെ ഒട്ടും തന്നെ അല്ലാഹു പഴാക്കുന്നതല്ല' എന്നു പറഞ്ഞത്. ഇവിടെ ഈമാന്‍ എന്നതുകൊണ്ടുള്ള വിവക്ഷ നമസ്‌കാരമാണ്.

 

ആദ്യം ബൈത്തുല്‍മുഖദ്ദസിലേക്ക് തിരിഞ്ഞതും പിന്നീട് കഅ്ബയിലേക്ക് തിരിഞ്ഞതും അല്ലാഹുവിന്‍റെ നിര്‍ദേശമനുസരിച്ചാണല്ലോ. അവന്‍റെ നിര്‍ദേശമനുസരിച്ചു ചെയ്യുന്നതൊന്നും പാഴായിപ്പോവുകയില്ല.

 

ഇമാം ഇബ്‌നുഅബ്ബാസ്  رضي الله عنهماപറയുന്നു: സ്വഹാബികളുടെ കൂട്ടത്തില്‍ ആദ്യഖിബ്‌ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരുന്ന ചിലര്‍ മരണപ്പെട്ടുപോയിരുന്നു. അസ്അദ്ബ്‌നു സുറാറ, ബനുന്നജ്ജാര്‍ ഗോത്രത്തിലെ അബൂ ഉമാമ, ബനൂസലമ ഗോത്രത്തിലെ ബറാഉബ്‌നു മഅ്‌റൂര്‍ എന്നിവരും മറ്റു കുറെ പേരും(رضي الله عنهم)  അക്കൂട്ടത്തില്‍പെടും.

 

ഖിബ്‌ല മാറ്റിയുള്ള കല്‍പന വന്നപ്പോള്‍ ഈ പരേതരുടെ കുടുംബം തിരുനബി صلى الله عليه وسلم യുടെ സന്നിധിയിലെത്തി സങ്കടം പറഞ്ഞു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങളുടെ സഹോദരങ്ങള്‍ മരിച്ചുപോയി. അവരൊക്കെ ആദ്യഖിബ്‌ലയിലേക്കു തിരിഞ്ഞാണ് നമസ്‌കരിച്ചിരുന്നത്. ഇപ്പോഴാകട്ടെ, ഇബ്‌റാഹീം നബിയുടെ ഖിബ്‌ല (കഅ്ബ)യിലേക്ക് അല്ലാഹു താങ്കളെ തിരിച്ചിരിക്കുകയാണ്. അപ്പോള്‍ മരിച്ചുപോയ ഞങ്ങളുടെ സഹോദരങ്ങളുടെ അവസ്ഥ എന്താണ്?’ അപ്പോഴാണ്, അല്ലാഹു നിങ്ങളുടെ നമസ്‌കാരം ഒട്ടും തന്നെ പാഴാക്കുകയില്ല എന്ന ഈ സൂക്തം അവതരിച്ചത്. (അസ്ബാബുന്നുസൂല്‍ പേജ് 23, തഫ്‌സീര്‍ ത്വബ്‌രി 2:17)

അടുത്ത ആയത്ത് 144

 

പരിശുദ്ധ കഅ്ബയെ ഇസ്‌ലാമിന്‍റെ ശാശ്വതമായ ഖിബ്‌ലയായിക്കിട്ടിയാല്‍ നന്നായിരുന്നുവെന്ന് തിരുനബി صلى الله عليه وسلم ക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി അവിടത്തെ മനസ്സ് അല്ലാഹുവിനോട് കേണു കൊണ്ടിരിക്കുകയും, അവിടത്തെ മുഖം വഹ്‌യ് വരുന്നത് പ്രതീക്ഷിച്ച് ഇടക്കിടെ ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.

അങ്ങനെയാണ് ഹിജ്‌റ രണ്ടാം വര്‍ഷം റജബ് മാസം 15 ന് തിങ്കളാഴ്ച ഖിബ്‍ല മാറ്റം നടന്നത്. (ശഅ്ബാനിലെന്നും അഭിപ്രായമുണ്ട്).

 

 قَدْ نَرَىٰ تَقَلُّبَ وَجْهِكَ فِي السَّمَاءِ ۖ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ

നബിയേ, താങ്കളുടെ മുഖം പലപ്പോഴും ആകാശത്തേക്കുയരുന്നത് നാം കാണുന്നുണ്ട്. അതുകൊണ്ട് താങ്കള്‍ തൃപ്തിപ്പെടുന്ന ഖിബ്‌ലയിലേക്ക് നാം അങ്ങയെ അഭിമുഖീകരിപ്പിക്കുകയാണ്-

 

فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ

- താങ്കള്‍ മസ്ജിദുല്‍ ഹറാമിന്‍റെ ഭാഗത്തേക്ക് മുഖം തിരിക്കുക. നിങ്ങള്‍ എവിടെയാണെങ്കിലും ഇനി ആ ദിശയിലേക്ക് അഭിമുഖീകരിക്കുക.

 

وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ (144)

 

ഇതു തങ്ങളുടെ നാഥന്‍റെ പക്കല്‍ നിന്നുള്ള സത്യം തന്നെയാണെന്നു വേദം നല്‍കപ്പെട്ടവര്‍ക്കറിയാം. അവരുടെ ചെയ്തികളെപ്പറ്റി അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല.

 

ഇമാം ഇബ്‌നു അബ്ബാസ് (رضي الله عنهما) പറയുന്നു: 'ജൂതന്മാരുടെ ഖിബ്‌ല (ബൈത്തുല്‍ മുഖദ്ദസ്) വിട്ട് മറ്റേതെങ്കിലും ഖിബ്‌ലയിലേക്ക് അല്ലാഹു എന്നെ അഭിമുഖീകരിപ്പിച്ചെങ്കില്‍ നന്നായിരുന്നുവെന്നാണ് എന്‍റെ ആഗ്രഹം' എന്ന് ഒരിക്കല്‍ ജിബ്‌രീല്‍ عليه السلام നോട് തിരു നബി صلى الله عليه وسلم പറഞ്ഞത്രെ. ഇത് പറയുമ്പോള്‍ കഅ്ബയായിരുന്നു തിരുനബി صلى الله عليه وسلم യുടെ ഉദ്ദേശ്യം. കാരണം അത് ഇബ്‌റാഹീം നബിയുടെ ഖിബ്‌ലയാണല്ലോ.

 

ജിബ്‌രീല്‍ عليه السلام പ്രതികരിച്ചു: 'ഞാന്‍ താങ്കളെപ്പോലുള്ള ഒരടിമ തന്നെയല്ലേ? നിയമങ്ങള്‍ മാറ്റാന്‍ എനിക്കാവില്ല. താങ്കള്‍ തന്നെ, ഇബ്‌റാഹീം നബിയുടെ ഖിബ്‌ലയാക്കി മാറ്റിത്തരാന്‍ അല്ലാഹുവോടപേക്ഷിക്കുക.' ഇതും പറഞ്ഞു ജിബ്‌രീല്‍  عليه السلامപോയി.

 

അതിനുശേഷം, താനപേക്ഷിച്ച കാര്യവുമായി ജിബ്‍രീല്‍ عليه السلام വരുന്നതും കാത്ത് തിരുനബി صلى الله عليه وسلم എപ്പോഴും ആകാശത്ത് കണ്ണും നട്ടിരിക്കുമായിരുന്നു. അങ്ങനെയാണ് ഈ ആയത്ത് അവതരിച്ചത്.

 

ബൈത്തുല്‍മുഖദ്ദസിനെ ഖിബ്‌ലയാക്കണമെന്ന കല്‍പന അല്ലാഹു നസ്ഖ് ചെയ്ത്(ദുര്‍ബലപ്പെടുത്തി), കഅ്ബയെ ഖിബ്‌ലയാക്കണമെന്ന് കല്‍പിച്ചു. ഇസ്‌ലാമിലെ ഒന്നാമത്തെ നസ്ഖ് ആണിത്.

 

فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ

മസ്ജിദുല്‍ഹറാം എന്ന് പറഞ്ഞത് കഅ്ബയെ ഉദ്ദേശിച്ചാണ്.

തിരുനബി صلى الله عليه وسلم യുടെ അത്യുല്‍കൃഷ്ട സ്ഥാനം പരിഗണിച്ചും അവിടത്തെ ആഗ്രഹം മാനിച്ചും കഅ്ബയിലേക്ക് തിരിയാന്‍ അവിടത്തോട് പ്രത്യേകമായി കല്‍പിച്ചു. ശേഷം അതേപോലെത്തന്നെ ചെയ്യാന്‍ എല്ലാ മുസ്‌ലിംകളോടും പൊതുവായി കല്‍പിക്കുകയും ചെയ്തു.

 

وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ

നിങ്ങളുടെ മുഖങ്ങള്‍ അതിന്‍റെ നേര്‍ക്ക് തിരിക്കണം' എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, എവിടെ വെച്ച് നമസ്‌കരിക്കുകയാണെങ്കിലും കഅ്ബയിലേക്ക് തിരിയണമെന്നാണ്. അതേ സമയം, യുദ്ധം മുതലായ ആപല്‍ഘട്ടങ്ങളില്‍ ഈ തിരിയല്‍ വിഷമമാകുമ്പോള്‍ അങ്ങനെ ചെയ്യേണ്ടതില്ല. അനുവദനീയമായ യാത്രയിലെ സുന്നത്ത് നമസ്‌കാര സമയത്തും ഇതില്‍ ഇളവുണ്ട്. പ്രയാസമില്ലെങ്കില്‍, വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ തക്ബീറത്തുല്‍ഇഹ്‌റാമിന്‍റെ സമയത്ത് ഖിബ്‍ലയിലേക്ക് തിരിയണം. കാല്‍നടയായി യാത്ര ചെയ്യുന്നവന്‍ തക്ബീറത്തുല്‍ഇഹ്‌റാം, റുകൂഅ്, സുജൂദ് എന്നിവയുടെ അവസരത്തിലും ഖിബ്‍ലയിലേക്ക് തിരിയേണ്ടതാണ്.

 

وَإِنَّ الَّذِينَ أُوتُوا الْكِتَابَ لَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ ۗ وَمَا اللَّهُ بِغَافِلٍ عَمَّا يَعْمَلُونَ

ഖിബ്‌ല മാറ്റത്തെത്തുടര്‍ന്ന് യഹൂദികള്‍ പല ആക്ഷേപങ്ങളും പറഞ്ഞുപരത്തി, ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മുകളില്‍ പറഞ്ഞല്ലോ. സത്യം അറിയാത്തതുകൊണ്ടായിരുന്നില്ല അവരങ്ങനെ ചെയ്തത്. ഖിബ്‌ലമാറ്റം ഉള്‍പ്പെടെ തിരുനബി صلى الله عليه وسلم കൊണ്ടുവന്നതെല്ലാം സത്യമാണെന്ന് അറിയുന്നവര്‍ അവരുടെ കൂട്ടത്തില്‍ ധാരാളമുണ്ടായിരുന്നു.

 

പക്ഷേ, സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി, അതെല്ലാം മൂടിവെച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുകയാണവര്‍ ചെയ്തത്. അതിനുള്ള തക്ക ശിക്ഷ, സമയമാകുമ്പോള്‍ അവര്‍ അനുഭവിക്കുക തന്നെ ചെയ്യും എന്നാണിവിടെ സൂചിപ്പിക്കുന്നത്.

 

ആദ്യം ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കാൻ നബിصلى الله عليه وسلمയോട് നിർദേശിക്കപ്പെട്ടത്, ജൂതൻമാർ തിരുനബിصلى الله عليه وسلمയെ നിഷേധിക്കാതിരിക്കാനായിരുന്നു. കാരണം അവരുടെ ഗ്രന്ഥമായ തൗറാത്തിൽ തിരുനബിصلى الله عليه وسلمയുടെ ഒരു വിശേഷണം, രണ്ട് ഖിബ്‌ലയുടെ ആൾ എന്നായിരുന്നു. പക്ഷേ, വിശുദ്ധ കഅ്ബയായിരുന്നു തിരുനബി صلى الله عليه وسلمക്ക് ഏറെ പ്രിയങ്കരം.

 

ഖിബ്‌ല മാറ്റത്തെക്കുറിച്ചുള്ള ഈ ആയത്തുകളിലൂടെ, മുസ്‌ലിം ഉമ്മത്തിന്‍റെ നിലപാടുകളുടെ കൃത്യതയും മഹത്ത്വവുമാണ് അല്ലാഹു വെളിപ്പെടുത്തുന്നത്.

 

ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌കരിച്ചപ്പോൾ ജൂതൻമാർ നടത്തിയ ജൽപനം, കഅ്ബ ഒഴിവാക്കിയെന്ന മക്കക്കാരുടെ ആരോപണം, അഭിപ്രായസ്ഥിരതയില്ലാത്തയാളാണ് തിരുനബി  صلى الله عليه وسلمയെന്ന ആരോപണം, ഖിബ്‌ല മാറ്റത്തോടു കൂടി രണ്ടു ഖിബ്‌ലകളുടെ ആളെന്ന നബിവിശേഷണം ബോധ്യപ്പെട്ടിട്ടും അംഗീകരിക്കാത്ത ജൂതനിലപാട്, മുഹമ്മദ് (صلى الله عليه وسلم)നമ്മുടെ ഖിബ്‌ലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു; വൈകാതെ നമ്മുടെ മതത്തിലേക്കും വരുമെന്ന മക്കക്കാരുടെ പ്രചാരണം, ഖിബ്‌ല മാറും മുമ്പ് മരണപ്പെട്ടവരുടെ കാര്യത്തിൽ വിശ്വാസികൾക്കുണ്ടായ ആശങ്ക – ഇത്തരം കാര്യങ്ങളിലെല്ലാം തിരുത്തേണ്ടത് തിരുത്തുകയും ദൂരീകരിക്കേണ്ടത് ദൂരീകരിക്കുകയും ചെയ്യുന്ന സൂക്തങ്ങൾ ചേർത്തുവച്ചു കൊണ്ടാണ് ഖിബ്‌ല മാറ്റത്തെക്കുറിച്ച് അല്ലാഹു സംസാരിക്കുന്നത്.

 

അതായത്, ഇത്രയൊക്കെ കൃത്യമായി പറഞ്ഞുതന്നിട്ടും, ഇനിയും യാഥാര്‍ത്ഥ്യം അംഗീകരിക്കാത്തവര്‍ വെറും ഭാഗ്യ-വിവരദോഷികൾ മാത്രമാണ്. ഖിബ്‌ല മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും കുപ്രചാരണങ്ങൾക്കും കടിഞ്ഞാണിടുകയും വിശ്വാസികളെ സത്യത്തിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്ത്, അല്ലാഹു നടത്തുന്ന കൃത്യമായ ഇടപെടലുകളാണ് ഈ ആയത്തുകളിലെല്ലാം കാണുന്നത്.

 

അടുത്ത ആയത്ത് 145

 

തിരുനബി صلى الله عليه وسلم യുടെ സത്യപ്രവാചകനാണെന്ന് ഒരു സംശയത്തിനുമിടയില്ലാത്ത രീതിയില്‍ മുന്‍വേദഗ്രന്ഥങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, സ്വാര്‍ഥതാല്‍പര്യക്കാരായ യഹൂദികളും ക്രിസ്ത്യാനികളും അതെല്ലാം മൂടിവെച്ച് തിരുനബി صلى الله عليه وسلم യോട് കടുത്ത ശത്രുതയും മാത്സര്യവും തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ഖിബ്‌ലമാറ്റം സത്യമാണെന്നതിന് എന്തെല്ലാം തെളിവുകള്‍ ഹാജറാക്കിയാലും അവരത് സ്വീകരിക്കുകയില്ലെന്നും അത് കാര്യമാക്കേണ്ടെന്നുമാണ് ഈ ആയത്തിലൂടെ തിരുനബി صلى الله عليه وسلم യെ അല്ലാഹു അറിയിക്കുന്നത്.

 

ഞങ്ങളുടെ ഖിബ്‍ലയിലേക്ക്‌ തന്നെ തിരിയുകയാണെങ്കില്‍, ഞങ്ങള്‍ നിന്നെ പിന്‍പറ്റാം എന്ന വാദവുമായി ജൂതന്മാര്‍ രംഗത്ത് വന്നിരുന്നല്ലോ. മുസ്‍ലിംകളെ ആശയക്കുഴപ്പത്തിലാക്കനായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത്. ഈ ആവശ്യവും നബിصلى الله عليه وسلم തള്ളുകയാണ് ചെയ്തത്.

 

ജൂതന്മാരും ക്രിസ്ത്യാനികളും ഒരു നിലക്കും താങ്കളെ അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യില്ല. ഖിബ്‌ലയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റേത് വിഷയത്തിലും ഇങ്ങനെത്തന്നെയാണ്. സത്യത്തിനെതിരായി മറ്റുള്ളവരുടെ തന്നിഷ്ടത്തിന് വഴങ്ങരുതെന്നും താക്കീത് ചെയ്യുന്നുണ്ട്.

 

وَلَئِنْ أَتَيْتَ الَّذِينَ أُوتُوا الْكِتَابَ بِكُلِّ آيَةٍ مَا تَبِعُوا قِبْلَتَكَ ۚ وَمَا أَنْتَ بِتَابِعٍ قِبْلَتَهُمْ ۚ وَمَا بَعْضُهُمْ بِتَابِعٍ قِبْلَةَ بَعْضٍ ۚ

സകലവിധ ദൃഷ്ടാന്തവും കൊണ്ട് താങ്കള്‍ വേദക്കാരെ സമീപിച്ചാലും അവര്‍ അങ്ങയുടെ ഖിബ്‌ല പിന്തുടരില്ല. അവരുടെ ഖിബ്‍ല താങ്കളും അനുധാവനം ചെയ്യില്ല. അവര്‍ തന്നെ പരസ്പരം അപരരുടെ ആരാധനാ ദിശ പിന്‍പറ്റുകയില്ല.

 

وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ ۙ إِنَّكَ إِذًا لَمِنَ الظَّالِمِينَ (145)

 

വിജ്ഞാനം വന്നുകിട്ടിയ ശേഷവും അവരുടെ താല്‍പര്യങ്ങളെ അനുധാവനം ചെയ്യുകയാണെങ്കില്‍ താങ്കള്‍ അക്രമികളിലകപ്പെട്ടു പോകുന്നതാണ്.

 

സത്യത്തിനെതിരായി മറ്റുള്ളവരുടെ തന്നിഷ്ടത്തിന് വഴങ്ങരുതെന്ന താക്കീത് തിരുനബി صلى الله عليه وسلم യോട് അഭിമുഖമായി പറഞ്ഞതാണെങ്കിലും മുസ്‌ലിം സമുദായമാണ് ഉദ്ദേശ്യം. സത്യം അറിഞ്ഞിട്ടും സ്വേച്ഛക്കും മറ്റുള്ളവരുടെ തന്നിഷ്ടത്തിനും അടിപ്പെട്ട് ജീവിക്കുന്നത് അതിക്രമമാണ്. അത്തരക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശരി.

---------------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter