അധ്യായം 2. സൂറത്തുല്‍ ബഖറ (Aayas 84-88) പരലോകം വിറ്റുതുലച്ചവര്‍
രണ്ടു തരം കരാറുകളാണ് ഇസ്രാഈലുകാരോട് അല്ലാഹു ചെയ്തിരുന്നത്. ഒന്ന് കൊള്ളേണ്ടത്. അതായത്, ജീവിതത്തിലേക്ക് എടുത്ത് ചെയ്യേണ്ടത്. ഇതിനെക്കുറിച്ചാണ് കഴിഞ്ഞ പേജില്‍ അവസാനം 83-ാം ആയത്തില്‍ പറഞ്ഞത്. ആ കരാറും അവര്‍ അവഗണിക്കുകയാണ് ചെയ്തത് എന്നും അവിടെ പറഞ്ഞിരുന്നു.
രണ്ടാമത്തെ കരാര്‍, തള്ളേണ്ടത്. അതായത്, ഉപേക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്. അതാണിനി 84ല്‍ പറയുന്നത്.
وَإِذْ أَخَذْنَا مِيثَاقَكُمْ لَا تَسْفِكُونَ دِمَاءَكُمْ وَلَا تُخْرِجُونَ أَنْفُسَكُمْ مِنْ دِيَارِكُمْ ثُمَّ أَقْرَرْتُمْ وَأَنْتُمْ تَشْهَدُونَ (84)
നിങ്ങളോട് നാം കരാര്‍ വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക)-പരസ്പരം രക്തം ചിന്തരുതെന്നും സ്വന്തം ഭവനങ്ങളില്‍ നിന്ന് നിങ്ങളെതന്നെ പുറത്താക്കുകയില്ലെന്നും. പിന്നീട് നിങ്ങള്‍ തന്നെ അതിന് സാക്ഷ്യം വഹിച്ചുകൊണ്ട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
പരസ്പരം കൊല്ലരുതെന്നും അവരില്‍ പെട്ടവരെത്തന്നെ നാട് കടത്തരുതെന്നും അല്ലാഹു അവരോട് പറഞ്ഞിരുന്നു. തൌറാത്തില്‍ കൃത്യമായി ഇത് പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരതും ചെവിക്കൊണ്ടില്ലെന്നാണ് അടുത്ത ആയത്തില്‍ പറയുന്നത്.
പരസ്പരം കലഹിച്ച് രക്തം ചിന്തുന്നതും ചിലര്‍ ചിലരെ നാട്ടില്‍ നിന്ന് പുറത്താക്കുന്നതുമൊക്കെ ഒരു സമുദായത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും ദോഷം വരുത്തുന്നതല്ലേ. സമുദായത്തിന്റെ മൊത്തം നാശമല്ലേ ഇതുകൊണ്ടുണ്ടാവുക. മാത്രമല്ല, ശത്രുക്കള്‍ക്ക് രാജ്യം അക്രമിക്കാനും കീഴടക്കാനും എളുപ്പമാവുകയും ചെയ്യും. അങ്ങനെ രാജ്യം തന്നെ നശിക്കും. ഇതുകൊണ്ടൊക്കെയാണ് ഇത് കര്‍ശനമായി വിലക്കിയിരുന്നത്.
لَا تَسْفِكُونَ دِمَاءَكُمْ وَلَا تُخْرِجُونَ أَنْفُسَكُمْ مِنْ دِيَارِكُمْ
സ്വന്തം സമുദായത്തില്‍പെട്ടവരെ കൊല്ലുകയോ കുടിയിറക്കുകയോ ചെയ്യുന്നതിനെക്കുറിച്ചാണ്, നിങ്ങളുടെ രക്തം ചിന്തുക എന്നും നിങ്ങളെത്തന്നെ പുറത്താക്കുക എന്നും പറഞ്ഞിരിക്കുന്നത്.
അവര്‍ അവരോടുതന്നെ ചെയ്യുന്ന ഒരു ദ്രോഹമാണതെന്ന് മനസ്സിലാക്കിക്കൊടുക്കാനാണ് അങ്ങനെ പറഞ്ഞത്. സമുദായം ഒരൊറ്റ ശരീരം പോലെയാണെന്നും എപ്പോഴും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമുള്ള സന്ദേശവും അതിലുണ്ട്.
സംഘബലം എന്നത് പ്രധാനമണല്ലോ. ഭിന്നിക്കുകയാണെങ്കില്‍ പിന്നെ നാശം ഉറപ്പുമാണ്. ഇത് വിശദീകരിക്കാനൊന്നും ഇന്നിപ്പോ കുറെ ഉദാഹരണങ്ങള്‍ നിരത്തേണ്ട കാര്യമില്ല. എല്ലാവര്ക്കും പകല്‍വെളിച്ചം അറിയാവുന്നതല്ലേ.
ഏതായാലും ഈ കല്പനയും അവര്‍ അനുസരിച്ചില്ല. അതാണ് അടുത്ത ആയത്തിലുള്ളത്.
അടുത്ത ആയത്ത് 85
എന്താണ് അവര്‍ ചെയത്തെന്ന് ആദ്യം പറയാം. അടുത്ത ആയത്ത് വേഗം മനസ്സിലാകാനും അത് സഹായിക്കും.
തിരുനബി (صلى الله عليه وسلم) വരുന്ന കാലത്ത് മദീനയില്‍ അറബികളും ജൂതന്മാരുമുണ്ടായിരുന്നു. അന്നുണ്ടായിരുന്ന അറബികളാണ് ഔസ്, ഖസ്റജ് ഗോത്രക്കാര്‍. അതായത്, പീന്നീട് അന്സ്വാരികളായി മാറിയവര്‍. ജാഹിലിയ്യത്തുമുതലേ ഇവര്‍ ബഹുദൈവ വിശ്വാസികളായിരുന്നു. പരസ്പരം ശത്രുക്കളായിരുന്നു. കൊലയും കൊള്ളയും പതിവായിരുന്നു.
അന്ന് മദീനയില്‍ 3 യഹൂദി ഗോത്രങ്ങളാണ് ഉണ്ടായിരുന്നത്. ബനു ഖൈനുഖാഅ്, ബനുന്നളീര്‍, ബനൂ ഖുറൈള (بنو قينقاع، بنو النضير، بنو قريظة)
ഇവര്‍ പലരും നേരത്തെ ശാമില്‍ നിന്നും മറ്റും മദീനയില്‍ വന്ന് താമസമാക്കിയവരാണ്, എന്താണങ്ങനെ വരാനുള്ള കാരണം?
അടുത്തൊരു പ്രവാചകന് വരാനുണ്ടെന്നും അദ്ദേഹം ഹിജ്റ ചെയ്തെത്തുന്ന സ്ഥലം മദീനയായിരിക്കുമെന്നും നേരത്തെ അവര്‍ വേദഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. ആ പ്രവാചകന് തങ്ങളുടെ സമുദായത്തില്‍ നിന്നാകണം, അറബികളില്‍ നിന്നാകരുത് എന്ന അതിയായ താല്പര്യം കൊണ്ടായിരിന്നു അവര്‍ ശാമില്‍ നിന്നും മറ്റും മദീനയിലേക്ക് വന്ന് താമസമാക്കിയത്.
യുദ്ധങ്ങളും പ്രശ്നങ്ങളും വ്യാപകമായിരുന്ന കാലമാണല്ലോ.
മദീനയിലുണ്ടായിരുന്ന ഈ 3 യഹൂദി ഗോത്രങ്ങളും ഔസിനോടും ഖസ്റജിനോടും സഖ്യമുണ്ടാക്കിയിരുന്നു.
ബനൂ ഖുറൈള ഗോത്രം ഔസിനോടാണ് സഖ്യമുണ്ടാക്കിയത്.
ബനുന്നളീറും ബനൂ ഖൈനുഖാഉം ഖസ്റജിനോടും കക്ഷി ചേര്‍ന്നു.
അങ്ങനെ ഔസും ഖസ്റജും തമ്മില്‍ നടന്നിരുന്ന നിരവധി യുദ്ധങ്ങളില്‍ ഈ യഹൂദി ഗോത്രങ്ങള്‍ അവരവരുടെ കക്ഷിയെ സഹായിച്ചു. സഹായിക്കാതെ പറ്റില്ലല്ലോ, സഖ്യകക്ഷിയല്ലേ.
അങ്ങനെ സഹായിച്ചപ്പോള്‍ എന്താണുണ്ടായത്? ഈ യുദ്ധങ്ങളില്‍ യഹൂദി യഹൂദിയെത്തന്നെ കൊല്ലുന്ന അവസ്ഥയുണ്ടായി. അവരുടെതന്നെ സ്വത്തുക്കള്‍ കൊള്ളയടിക്കുക, കുടിയിറക്കുക അങ്ങനെ പലതും ചെയ്യേണ്ടിവന്നു.
യുദ്ധമുണ്ടാകുമ്പോള്‍ ഓരോ ഗോത്രവും തങ്ങളുടെ സഖ്യകക്ഷിയുടെ പക്ഷത്ത് ചേര്‍ന്ന് അതില്‍ പങ്കെടുക്കുകയാണല്ലോ ചെയ്യുക. യുദ്ധം തുടങ്ങിക്കഴിഞ്ഞാല്‍ യഹൂദികളെന്നോ, അറബികളെന്നോ നോക്കാതെ പരസ്പരം കൊലയും കൊള്ളയും നടത്തും. വീടുകളില്‍ നിന്ന് ഇറക്കിവിടും. പലരെയും തടവിലാക്കും, അറസ്റ്റ് ചെയ്യും.
ജയിച്ച ടീം തോറ്റ ടീമിനെ യുദ്ധത്തടവുകാരായി പിടിക്കുമല്ലോ. അങ്ങനെ തടവിലാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ സ്വഭാവികമായും യഹൂദികളുമുണ്ടാകും. അങ്ങനെ പിടിക്കപ്പെട്ട യഹൂദികളെ, ഇവര്‍ തന്നെ (മറ്റു യഹൂദികള്‍ തന്നെ) മോചനദ്രവ്യം അടച്ച് രക്ഷപ്പെടുത്തുകയും ചെയ്യും.
അതായത്, അവരവരുടെ ഖൌമില്‍ പെട്ട യഹൂദികളില്‍ നിന്ന് പിടിക്കപ്പെട്ടവരെ മോചിപ്പിക്കുവാന്‍ അവര്‍ തന്നെ പിരിവെടുത്ത് മോചന മൂല്യം കൊടുത്ത് രക്ഷപ്പെടുത്തും എന്നര്‍ഥം.
വിരോധാഭാസമല്ലേ ഇത്! ഇങ്ങനെ തടവിലാക്കാന്‍ ആരാ കാരണം? ഇവര്‍ തന്നെ. ഇവര്‍ തന്നെയല്ലേ സഖ്യകക്ഷിക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത് മറുകക്ഷിയെ പരാജയപ്പെടുത്തിയത്.
ഇതുസംബന്ധമായി അറബികളും മറ്റും അവരോട് ചോദിക്കാനും കളിയാക്കാനും തുടങ്ങി: 'നിങ്ങളുടെ സഹോദരന്മാരെ നിങ്ങള്‍ തന്നെ തടവിലാക്കുകയും പിന്നെ നിങ്ങള്‍ തന്നെ പിഴയടച്ച് രക്ഷപ്പെടുത്തുകയും ചെയ്യുന്നത് എന്തിനാണ്?’
തൗറാത്തില്‍ അങ്ങനെ വിധിയുണ്ട് എന്നവര്‍ നൈസായി മറുപടി പറയും. അതായത്, ബന്ധനസ്ഥരാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ തൗറാത്തില്‍ ഞങ്ങളോട് കല്‍പിക്കപ്പട്ടിട്ടുണ്ട് എന്ന് പറയും.
'എന്നാലാകട്ടെ, സ്വന്തം സഹോദരന്മാരെ മോചിപ്പിക്കണമെന്ന് അതില്‍ കല്പിച്ചതുപോലെ അവരെ കൊല്ലരുതെന്നും, വീടുകളില്‍ നിന്ന് പുറത്താക്കരുതെന്നും അതില്‍ കല്പനയുണ്ടല്ലോ, അതെന്താണ് നിങ്ങള്‍ നിറവേറ്റാത്തത്'?
ഇങ്ങനെ ചോദിച്ചാല്‍ എന്താണ് മറുപടിയെന്നോ:
'ഞങ്ങളുടെ സഖ്യകക്ഷികള്‍ ജയിക്കാന്‍ വേണ്ടിയാണ് സ്വസഹോദരന്മാരെ കൊല്ലുന്നത്', അതായത്, സഖ്യകക്ഷികളെ വഞ്ചിക്കുന്നത് അപമാനകരമാണ്, അതുകൊണ്ടാണ് ഞങ്ങള്‍ അവരൊന്നിച്ച് യുദ്ധം ചെയ്യുന്നത് - നോക്കൂ, എത്രമാത്രം അപഹാസ്യമായ മറുപടിയാണിതെല്ലാം.
ഇനി ആയത്തിന്റെ അര്‍ത്ഥം പഠിക്കാം.
ثُمَّ أَنْتُمْ هَؤُلَاءِ تَقْتُلُونَ أَنْفُسَكُمْ وَتُخْرِجُونَ فَرِيقًا مِنْكُمْ مِنْ دِيَارِهِمْ تَظَاهَرُونَ عَلَيْهِمْ بِالْإِثْمِ وَالْعُدْوَانِ
എന്നിട്ടും നിങ്ങളിതാ സ്വന്തക്കാരെ കൊല്ലുകയും വീടുകളില്‍ നിന്നിറക്കിവിടുകയും പാപമായും അക്രമമായും അവര്‍ക്കെതിരെ പരസ്പരം സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
وَإِنْ يَأْتُوكُمْ أُسَارَى تُفَادُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ
യുദ്ധത്തടവുകാരായി അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍, നിങ്ങള്‍ പിഴയൊടുക്കി അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു! അവരെ വീടുകളില്‍ നിന്ന് പുറത്താക്കുന്നതുതന്നെ നിങ്ങളോട് നിരോധിക്കപ്പെട്ടതാണ്.
أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ (85)
അപ്പോള്‍, വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റുചിലത് അവിശ്വസിക്കുകയുമാണോ നിങ്ങള്‍ ചെയ്യുന്നത്?! അങ്ങനെ ചെയ്യുന്നവര്‍ക്ക് ഐഹിക ജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊന്നുമുണ്ടാവുകയില്ല. ഖിയാമത്തുനാളിലാകട്ടെ, കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു ഒട്ടുമേ അശ്രദ്ധനല്ല.
ബനൂഇസ്രാഈലുമായി അല്ലാഹു ചെയ്ത കരാര്‍ അവര്‍ സമ്മതിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്ന് 84 ല്‍ പറഞ്ഞല്ലോ (ثُمَّ أَقْرَرْتُمْ وَأَنْتُمْ تَشْهَدُونَ ). എന്നിട്ടും അത് പ്രവൃത്തിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ അവര്‍ പിറകോട്ടടിച്ച കാര്യമാണിവിടെ പറയുന്നത്.
ثُمَّ أَنْتُمْ هَؤُلَاءِ تَقْتُلُونَ أَنْفُسَكُمْ وَتُخْرِجُونَ فَرِيقًا مِنْكُمْ مِنْ دِيَارِهِمْ
‘നിങ്ങളുടെ രക്തം’ ‘നിങ്ങളെ തന്നെ കൊല്ലുക,’ ‘നിങ്ങളെ തന്നെ പുറത്താക്കുക’ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍, ഒരേ ദീനിന്റെ അനുയായികള്‍ ഒരൊറ്റ ദേഹം പോലെയാണെന്നും അതിലെ അംഗങ്ങള്‍ സഹോദരന്മാരെപ്പോലെ കഴിയേണ്ടവരാണെന്നും മനസ്സിലാക്കിത്തരാനാണ്.
أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ
സ്വന്തം താല്പര്യങ്ങള്ക്ക് അനുകൂലമായ ബൈബിള്‍ കല്പനകള് ജൂതന്മാര് സ്വീകരിക്കും; അല്ലാത്തത് തള്ളുകയും ചെയ്യും. ഈ ധിക്കാരം സൂചിപ്പിച്ചാണ് 'ചില ഭാഗം വിശ്വസിക്കുകയും ചില ഭാഗം നിഷേധിക്കുകയുമാണോ ' എന്ന് ചോദിച്ച് ആക്ഷേപിക്കുന്നത്.
തൗറാത്തിലും മൂസാ നബി (عليه السلام)യിലും വിശ്വസിച്ചവരാണല്ലോ അവര്‍. അതായത്, വേദഗ്രന്ഥത്തിലെ എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. മാത്രമല്ല, തൗറാത്തിലെ എല്ലാ വിധികളും അനുസരിക്കുകയും പാലിക്കുകയും ചെയ്തുകൊള്ളാമെന്ന് സമ്മതിച്ചവരുമാണ്.
ഇങ്ങനെയൊക്കെയായിട്ടും, ചില വിധികള്‍ മാത്രം അംഗീകരിക്കുകയും ചിലത് തിരസ്കരിക്കുകയും ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാണ്? അത് അതിക്രമമല്ലേ.
فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ
ഇതിന്റെ ഫലം ഇഹലോകത്തു വെച്ച് അപമാനവും പരലോകത്ത് വെച്ച് അതികഠിനമായ ശിക്ഷയുമാണെന്ന് താക്കീത് ചെയ്യുകയാണ്.
നമ്മളും ചില കാര്യങ്ങളിലിങ്ങനെയാണ് അല്ലേ... നമുക്ക് ഇഷ്ടമുള്ള മതിനിയമങ്ങള് അംഗീകരിക്കും, അല്ലാത്തത് തല്ക്കാലം മാറ്റിവെക്കും... എന്താണ് കിട്ടാന്‍ പോകുന്നത്... خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ
അടുത്ത ആയത്ത് 86
ഇത്തരക്കാരെക്കുറിച്ച് ഒന്ന് കൂടി വ്യക്തമാക്കുകയാണിനി. അവര്‍ ദുന്യാവിനു വേണ്ടി ദീന് വിറ്റവരാണെന്നാണ് പറയുന്നത്.
أُولَئِكَ الَّذِينَ اشْتَرَوُا الْحَيَاةَ الدُّنْيَا بِالْآخِرَةِ فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْصَرُونَ (86)
പരലോകം വിറ്റ് ഐഹിക ജീവിതം വാങ്ങിയവരാണവര്‍. അതുകൊണ്ട് അവര്‍ക്ക് ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അവര്‍ സഹായിക്കപ്പെടുകയുമില്ല.
ഇവര്‍ ഇത്രത്തോളം അധഃപതിക്കാനും വിരോധാഭാസങ്ങള്‍ ചെയ്യുന്നവരാകാനും കാരണം, ഐഹിക ജീവിതത്തിനുവേണ്ടി പാരത്രിക നന്മകള് ബലികഴിച്ചു എന്നതാണ്.
فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْصَرُونَ
ശാശ്വതമായ പാരത്രിക സൗഭാഗ്യത്തിനു പകരം, ക്ഷണികമായ ഭൗതികലാഭത്തിന് മുന്ഗണനകൊടുക്കുന്നവരെ സഹായിക്കാന്‍ പരലോകത്ത് ആരുമുണ്ടാകില്ല. അവരുടെ ശിക്ഷ ലഘൂകരിക്കപ്പെടുമോ? അതുമില്ല.
ഈ വാക്യം യഹൂദികളെ സംബന്ധിച്ച് അവതരിച്ചതാണെങ്കിലും നമ്മളാരും ശ്രദ്ധിക്കാതെ പോകരുത്.
ഉമര്‍(رضي الله عنه) മുസ്ലിംകളോട് പറയുമായിരുന്നത്രേ: 'ബനൂ ഇസ്രാഈല്‍ കഴിഞ്ഞുപോയ സമൂഹമാണ്; ഈ പറഞ്ഞതു കൊണ്ട് നിങ്ങള്‍ തന്നെയാണ് ഉദ്ദേശിക്കപ്പെടുന്നത്.' അവരെപ്പറ്റി പറഞ്ഞ് നിങ്ങളെ ഉല്ബുദ്ധരാക്കുകയാണ്.
കരാര്‍ ലംഘിച്ചതുകാരണം യഹൂദികള്‍ക്ക് നേരിട്ട ദുരവസ്ഥയില്‍ നിന്ന് മുസ്ലിം സമൂഹം പാഠം പഠിക്കണം. മുസ്ലിംകള് എന്നു പറഞ്ഞാല്‍, ദീനിന്റ വിധിവിലക്കുകള്‍ അനുസരിച്ചുകൊള്ളാമെന്നേറ്റവര് എന്നാണല്ലോ. പക്ഷേ, പലതും നമ്മള് അവഗണിക്കുകയാണ് – ഇതാണ് ഇന്ന് നമ്മുടെ ഖൌമിനെ പിടികൂടിയ പല അപചയങ്ങള്‍ക്കും കാരണമെന്ന് കൂടുതലൊന്നും ആലോചിക്കാതെത്തന്നെ മനസ്സിലാകും.
അല്ലേ, പലരും പല കോലത്തിലല്ലേ? ചിലര്‍ നോമ്പ് നല്ല ഉഷാറായി നോല്‍ക്കും - നമസ്കാരം തീരെ ഉണ്ടാകൂലാ. ചിലര്‍ നമസ്കാരത്തില്‍ കൃത്യനിഷ്ഠ പാലിക്കും, സകാത്ത് തീരെ കൊടുക്കില്ല. ചിലര്‍ ഹജ്ജിനും ഉംറക്കും വലിയ ഉത്സാഹം കാണിക്കും, പലിശ വേണ്ടെന്ന് വെക്കാന്‍ തയ്യാറാകില്ല.
ചിലര്‍ ആരാധനകര്‍മങ്ങളില്‍ ശ്രദ്ധിക്കും, പക്ഷേ, കുടുംബബന്ധങ്ങളും സാമൂഹ്യ ബാധ്യതകളും അവഗണിക്കും. ചിലര്‍ നേരെമറിച്ചും. ഓരോന്നിന്റെയും മതവിധിയും ഗൗരവവും അറിഞ്ഞും സമ്മതിച്ചും കൊണ്ട് തന്നെയാണ് പലരും അങ്ങനെ ചെയ്യുന്നത്!
പലിശ ഹറാമാണെന്ന് ആര്‍ക്കാണ് അറിയാത്തത്? എന്നാലും SB (Saving Bank) എക്കൌണ്ടേ തുറക്കൂ. കറണ്ട് എക്കൌണ്ട് തുറക്കാനുള്ള സൌകര്യമുണ്ട്, പക്ഷേ, അത് ചെയ്യുകയില്ല. ഒരുദാഹരണം പറഞ്ഞെന്നുമാത്രം.
ആഭരണം പണയം വെച്ച് പലിശയധിഷ്ഠിതമായി പൈസ വാങ്ങും. എന്നാല്‍, പലിശ ഒഴിവാകട്ടെ എന്ന് കരുതി ആഭരണം വിറ്റ് കാശിനുള്ള വഴി നോക്കുകയില്ല.
സത്യത്തില്‍ നമ്മള് യഹൂദികളെ അനുകരിക്കയല്ലേ ചെയ്യുന്നത്?! ഗൌരവമുള്ള വിഷയമല്ലേ. നമ്മുടെ സൌകര്യത്തിനുവേണ്ടി ദീനീ നിയമങ്ങളെ മാറ്റിവെക്കും.
أُولَئِكَ الَّذِينَ اشْتَرَوُا الْحَيَاةَ الدُّنْيَا بِالْآخِرَةِ
എല്ലാ കാര്യങ്ങളുമങ്ങനെത്തന്നെയാണ്. ചെറുത് മുതല്‍ വലുത് വരെ.
ഉദാഹരണങ്ങളെമ്പാടും നിരത്താനുണ്ട്. ആഖിറത്തില്‍ നന്നായി ഉപകാരപ്പെടുന്ന ചെറിയ അമലുകള്‍ നമ്മള്, ഇവിടത്തെ കുറഞ്ഞ നേരത്തെ സുഖത്തിനു വേണ്ടി ഒഴിവാക്കും.
സ്വുബ്ഹിക്കു 20 മുമ്പ് എഴുന്നേല്‍ക്കേണ്ട കാര്യമേയുള്ളൂ തഹജ്ജുദിന്. ഈ 20 മിനുട്ടിന് പകരം ആഖിറത്തില്‍ ലഭിക്കുന്ന വലിയ പ്രതിഫലം ആലോചിക്കാതെ കിടന്നുറങ്ങും.
എല്ലാം അങ്ങനെത്തന്ന. ഖുര്‍ആനോത്ത്... സുന്നത്ത് നിസ്കാരങ്ങളും മറ്റും. സ്വദഖകളും മറ്റു ദാനങ്ങളും...
മതപഠന രംഗം – വളരെ ശോചനീയമല്ലേ. ഭൌതികമായി മക്കളെ നന്നായി പഠിപ്പിക്കും – ദീനോ, മദ്രസയില്‍ നിന്ന് കിട്ടിയ ആ ചെറിയ ക്ലാസുകള്‍ മാത്രം. പിന്നെ ആ വഴിക്ക് ശ്രമിക്കൂലാ. വലിയ ഭൌതിക ഡിഗികള് കൊടുക്കും... ദീനീ ബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയില്ല. ഫലമോ, ആ മകന്‍വഴി പിന്നെ വരുന്ന തലമുറകള്‍ ദീനീ ടച്ചില്ലാത്തവരായി മാറും.
ദുന്യാവില് ആ കുട്ടി ഇസ്സത്തോടെ ജീവിക്കാനുള്ള മാര്‍ഗം ഉണ്ടാക്കിക്കൊടുക്കും – ആഖിറിത്തില് രക്ഷപ്പെടാനുള്ള വഴി ഈ ബാപ്പ തരപ്പെടുത്തിക്കൊടുത്തിണ്ടാവില്ല. എല്ലാ സര്‍ട്ടിഫിക്കറ്റുകളും നേടിക്കൊടുക്കും. പക്ഷേ, ആഖിറം രക്ഷപ്പെടാനുള്ള സര്‍ട്ടിഫിക്കറ്റ് ഈ കുട്ടിയുടെയടുത്തുണ്ടാകില്ല.
ഇത്തരം മക്കള്‍ ആഖിറത്തില്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുമെന്നതിനുപുറമെ, ഈ ബാപ്പാന്റെ കാല ശേഷം ബാപ്പാക്കുതന്നെ ഉപകരിക്കുമോ എന്ന കാര്യത്തിലും സംശയമല്ലേ. ബാപ്പ ഖബ്റിലാകുമ്പോ മനസ്സറിഞ്ഞൊന്നു ദുആ ചെയ്യാന്‍ ഈ മകന് കഴിയുമോ?
അപ്പോ നമ്മള് നന്നായി ശ്രദ്ധിക്കുക – 2 വിജ്ഞാനവും മക്കള്‍ക്ക് കൊടുക്കണം. ദുന്യാവിലും ആരുടെ മുന്നിലും അവര്‍ കൈ നീട്ടരുത് – ആഖിറത്തിലും കൈനീട്ടരുത്.
ആഖിറത്തിനു പകരമായി ദുന്യാവ് വാങ്ങരുത് – ആകെ കുറച്ചുകാലമേ ഇവിടെ ജീവിക്കാനുള്ളൂ. പിന്നെ സ്ഥിര താമസം ആഖിറത്തിലാണ്... അപ്പോപ്പിന്നെ ഒരുങ്ങേണ്ടത് അതിനല്ലേ..
ഇവിടെ കുറച്ച് പ്രയാസപ്പെട്ടാലും സാരമില്ല, താല്ക്കാലികമല്ലേ...
ഇപ്പോ പൈസയില്ല, കുറച്ച് കാത്തുനില്ക്കുക... റബ്ബ് തരും. എന്നാലും പലിശയോട് ഞാന്‍ അടുക്കില്ല. ഇങ്ങനെ തീരുമാനിക്കണം.
അല്ലാഹു തരുന്ന ഔദാര്യം പ്രതീക്ഷിച്ച് കുറച്ച് കാത്തുനിന്നാല്‍ ഹറാമായ ലോണെടുക്കാതെത്തന്നെ വീടുപണി പൂര്‍ത്തിയാക്കാം. ആ വീട്ടില്‍ ബറകത്തുമുണ്ടാകും. പക്ഷേ, കാത്തുനില്‍ക്കാനൊന്നും വയ്യ – ആഖിറം നോക്കുന്നില്ല. എന്നാലോ, വേഗം ഓടും ബാങ്കിലേക്ക്, ലോണെടുക്കാന്‍. ഫലമോ, ലോണ്‍ അടച്ചാലും അടച്ചാലും തീരുകയുമില്ല, പുതിയ വീട്ടില്‍ ബറകത്തുണ്ടാവുകയുമില്ല, കാരണം, ഹറാമായ മുതലുപയോഗിച്ച് കെട്ടിപ്പൊക്കിയ വീടല്ലേ.
أُولَئِكَ الَّذِينَ اشْتَرَوُا الْحَيَاةَ الدُّنْيَا بِالْآخِرَةِ
ഇങ്ങനെ ഓരോന്നും ആലോചിച്ചുനോക്കൂ... ആഖിറത്തിന് പകരം ദുന്യാവ് വാങ്ങാനല്ലേ നമ്മള് മെനക്കെടുന്നത്?!
എന്നിട്ടെന്താണ് നമുക്ക് കിട്ടാന്‍ പോകുന്നത് – ആഖിറം നഷ്ടപ്പെടും, കടുത്ത ശിക്ഷയുമുണ്ടാകും.
فَلَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْصَرُونَ
ആരും അവിടെ സഹായിക്കാനുണ്ടാവുകയില്ല. ഇവിടെനിന്ന് പിന്നാലെ കൂടി ലോണെടുപ്പിച്ചവരും എക്കൌണ്ട് തുറന്നുതന്നവരും ഹറാമുകള്‍ക്ക് കൂട്ടുനിന്നവരും ആരുമുണ്ടാകില്ല.
അടുത്ത ആയത്ത് 87
സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം ജീവിച്ചവരായിരുന്നു ഇസ്രാഈലുകാര്‍ എന്നാണിനി പറയുന്നത്. അവരുടെ പ്രവാചകന്മാരോട് കാണിച്ചിരുന്ന ധിക്കാര മനോഭാവം, ഭിന്നിപ്പ്, അഹങ്കാരം എന്നിവയെക്കുറിച്ചും പറയുന്നുണ്ട്.
മൂസാ നബി (عليه السلام) മുതല്‍ ഈസാ നബി (عليه السلام) വരെയുള്ള നിരവധി പ്രവാചകന്മാരുടെ കല്പനകള് ധിക്കരിച്ചവരാണ് അവര്‍. പല പ്രവാചകന്മാരെയും കൊന്നവരുമാണ്.
ദൈവിക സന്ദേശങ്ങളും പ്രവാചകന്മാരുടെ ഉപദേശങ്ങളും അവരുടെ ഇഷ്ടത്തിനൊക്കാത്തതുകൊണ്ട് അംഗീകരിച്ചില്ലെന്നു മാത്രമല്ല, പല മാറ്റത്തിരുത്തലുകളും വരുത്തുകയാണവര്‍ ചെയ്തത്.
وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَقَفَّيْنَا مِنْ بَعْدِهِ بِالرُّسُلِ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ
തീര്‍ച്ചയായും മൂസാ നബിക്ക് നാം വേദഗ്രന്ഥം നല്കുകയുണ്ടായി. അദ്ദേഹത്തിനു ശേഷം തുടരെത്തുടരെ ദൂതന്മാരെ നിയോഗിക്കുകയും ചെയ്തു. മര്‍യമിന്റെ മകന് ഈസാ നബിക്ക് നാം സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ നാം ബലപ്പെടുത്തുകയും ചെയ്തു.
أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لَا تَهْوَى أَنْفُسُكُمُ اسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ (87)
എന്നിട്ട് നിങ്ങളിഷ്ടപ്പെടാത്ത കാര്യങ്ങളുമായി ഓരോ ദൂതന് വരുമ്പോഴും നിങ്ങള്‍ അഹങ്കരിക്കുകയും ചിലരെ നിഷേധിക്കുകയും ചിലരെ വധിക്കുകയുമാണോ ചെയ്യുന്നത്?
وَلَقَدْ آتَيْنَا مُوسَى الْكِتَابَ
മൂസാനബി(عليه السلام)ന് തൗറാത്ത് നല്‍കിയത് അവരുടെ മാര്‍ഗദര്‍ശനത്തിനാണ്. എല്ലാതരം നിയമനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണത്. അത് സത്യമാണെന്നതിന് പല ദൃഷ്ടാന്തങ്ങളും അവര്‍ കണ്ടിട്ടുമുണ്ട്. എന്നിട്ടും, അതവര് മാറ്റിമറിച്ചു, ദുര്‍വ്യാഖ്യാനം ചെയ്തു. വിധിവിലക്കുകള്‍ തള്ളിക്കളയുകയും ചെയ്തു.
മൂസാനബി(عليه السلام)നു ശേഷം തൗറാത്തിന്റെ നിയമങ്ങള്‍ പ്രബോധനം ചെയ്യാന്‍ പല ദൂതന്മാരെയും തുടരെത്തുടരെ അല്ലാഹു അയച്ചു.
وَقَفَّيْنَا مِنْ بَعْدِهِ بِالرُّسُلِ
എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. പക്ഷേ, ഈ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അവരുടെ താല്പര്യങ്ങള്ക്ക് എതിരായതുകൊണ്ട്, ഈ ദൂതന്മാരെല്ലാം വ്യാജന്മാരാണെന്ന് പറഞ്ഞ് നിഷേധിക്കുകയാണ് ചെയ്തത്. ചില അമ്പിയാക്കളെ കൊന്നുകളയുക പോലും ചെയ്തു.
അങ്ങനെ നിരവധി പ്രവാചന്മാര്‍ക്കു ശേഷം ഈസാ നബി(عليه السلام)നെ അല്ലാഹു ദൂതനായി അയച്ചു.
وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ
അല്പം ചില കാര്യങ്ങില്‍ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും, പൊതുവെ തൗറാത്തിന്റെ നിയമസംഹിതപോലെത്തന്നെയായിരുന്നു ഈസാ നബി عليه السلام യുടെ ശരീഅത്തും.
ചുരുക്കം ചില വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് പറഞ്ഞല്ലോ, ആ വ്യത്യാസങ്ങളുടെ പേരില്‍ ഈസാ നബി عليه السلامയെ ആക്ഷേപിക്കാനാണ് അവര്‍ മുതിര്‍ന്നത്. തൗറാത്തിനെ നിഷേധിക്കുകയാണദ്ദേഹം എന്ന് പറഞ്ഞ് ആക്ഷേപിച്ചു.
ഈസാ (عليه السلام) സത്യപ്രവാചകനാണെന്ന് സ്ഥാപിക്കുന്ന വ്യക്തമായ പല തെളിവുകളും മുഅ്ജിസത്തുകളും അല്ലാഹു നല്‍കിയിരുന്നു. മരിച്ചവരെ ജീവിപ്പിക്കുക, കുഴച്ച മണ്ണ് കൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി അതില്‍ ഊതിയാല്‍ പക്ഷിയായി മാറുക, മാറാരോഗികളെ സുഖപ്പെടുത്തുക, അദൃശ്യകാര്യങ്ങളെക്കുറിച്ച് വിവരം നല്‍കുക തുടങ്ങിയ മുഅ്ജിസത്തുകള്‍ നല്‍കിയിരുന്നു.
ജിബ്രീല്‍ എന്ന മലക്കുമുഖേന ഈസാ നബിعليه السلام ക്ക് പിന്‍ബലമേകുകയും ചെയ്തു. ഇതെല്ലാം മഹാനവര്കള് അല്ലാഹുവിന്റെ റസൂലാണെന്ന് സമര്‍ത്ഥിക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു.
പക്ഷേ, എന്ത് പ്രയോജനം? അവര്‍ ഈസാ നബിعليه السلامയെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. കൊല്ലാന്‍ വരെ ശ്രമിച്ചു. പക്ഷേ, അത്ഭുതകരമായി അല്ലാഹു മഹാനവര്‍കളെ രക്ഷിച്ചു. ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ടുപോയി.
ശേഷം, അന്ത്യപ്രവാചകനായി നിയോഗിക്കപ്പെട്ട തരുനബി (صلى الله عليه وسلم) യോടുള്ള അവരുടെ പെരുമാറ്റമോ, ഒട്ടും വ്യത്യസ്തമായിരുന്നില്ല. മാരണം ചെയ്തും വിഷം കൊടുത്തും മറ്റു പല വിധേനയും തിരുനബി صلى الله عليه وسلمയെ കൊല്ലാന്‍ ശ്രമിച്ചു.
അതുംകൂടി സൂചിപ്പിക്കാനാണ് ഈ ആയത്തില്‍ ‘تَقْتُلُونَ -കൊലപ്പെടുത്തുന്നു’ എന്ന് വര്ത്തമാനകാലരൂപത്തില് പറഞ്ഞത്.
അതായത് പണ്ടും കൊന്നിരുന്നു, ഇപ്പോള്‍ ഈ അന്ത്യപ്രവാചകനെയും കൊല്ലാന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
وَأَيَّدْنَاهُ بِرُوحِ الْقُدُسِ
പരിശുദ്ധാത്മാവ് എന്നാല്‍, ജിബ്രീല്‍(عليه السلام) ആണ് ഉദ്ദേശ്യം.
ആത്മാവ് കൊണ്ടാണല്ലോ ശരീരത്തിന് ജീവനുണ്ടാകുന്നത്, അതായത് ശരീരം സജീവമാകുന്നത് - അതുപോലെ ജിബ്രീല്‍ عليه السلام നല്കുന്ന ദിവ്യസന്ദേശങ്ങള്‍ കൊണ്ടാണ് ഹൃദയം സജീവമാകുന്നത്. – ഇതുകൊണ്ടാണ് റൂഹ് എന്ന് പേര് കിട്ടിയത്. അല്ലാഹുവിനെ തീരെ ധിക്കരിക്കാത്തയാള് എന്ന നിലക്ക് പരിശുദ്ധന് എന്നര്‍ഥമുള്ള ഖുദുസ് എന്നും ചേര്‍ത്തുപറയുന്നു.
وَأَيَّدْنَاهُ ബലം നല്കി എന്ന് പറഞ്ഞാല്‍, ഈസാ നബി(عليه السلام) സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം കൂടെ സഞ്ചരിച്ച് ജിബ്രീല്‍ (عليه السلام)ഉം അദ്ദേഹത്തിന് പിന്‍ബലമേകി എന്നര്‍ത്ഥം.
رُوحِ الْقُدُسِ എന്നതിന് വേറെയും വ്യാഖ്യാനങ്ങളുണ്ട്:
(1) ഇന്‍ജീല്‍ എന്ന വേദഗ്രന്ഥമാണ് പരിശുദ്ധാത്മാവുകൊണ്ടുള്ള ഉദ്ദേശ്യം. ഐഹികവും പാരത്രികവുമായ വിജയങ്ങളും, ആത്മീയ പരിശുദ്ധിയും നേടിത്തരുന്നതാണല്ലോ ഇന്‍ജീല്‍.
(2) ഈസാ (عليه السلام) ന്റെ ആത്മാവാണുദ്ദേശ്യം. അതായത്, മഹാനവര്‍കളെ പരിശുദ്ധമായ ആത്മാവ് കൊണ്ട് ശക്തിപ്പെടുത്തി (പിതാവില്ലാതെ ജനിച്ച ആളാണല്ലോ.) തന്റെ മാതാവില്‍ അല്ലാഹു അവന്റെ വക പ്രത്യേകമായി ആത്മാവ് ഊതിയിട്ടുണ്ടെന്ന് (21:91ല്‍) പറഞ്ഞിട്ടുണ്ടല്ലോ. وَالَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَاهَا وَابْنَهَا آيَةً لِّلْعَالَمِينَ (الأنبياء 91) ഇതാണ് ഈ അഭിപ്രായക്കാര്‍ പറയുന്ന ന്യായം.
(3) ജിബ്രീല്‍ (عليه السلام) എന്ന മലക്കാണ് പരിശുദ്ധാത്മാവു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതാണ് നമ്മള് നേരത്തെ പറഞ്ഞ, പ്രബലമായ അഭിപ്രായം. ഈ അഭിപ്രായത്തിന് വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും പിന്‍ബലവുമുണ്ട്.
ഖുര്‍ആനിനെപ്പറ്റി نَزَّلَهُ رُوحُ الْقُدُسِ مِن رَّبِّكَ (താങ്കളുടെറബ്ബിങ്കല് നിന്ന് അതിനെ പരിശുദ്ധാത്മാവ് ഇറക്കിയിരിക്കുന്നു. (നഹ്ല് :102) എന്ന് പറയുന്നുണ്ട്. ഇത് ജിബ്രീല്‍ (عليه السلام) നെ ഉദ്ദേശിച്ചതാണെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമില്ല.
പ്രശസ്ത കവിയും സ്വഹാബിയുമായിരുന്ന ഹസ്സാനുബ്നു സാബിത്ത് (رضي الله عنه)നു വേണ്ടി اللهمَّ أيِّدْهُ بروحِ القُدُسِ (അല്ലാഹുവേ, അദ്ദേഹത്തെ നീ റൂഹുല്‍ ഖുദ്സിനെക്കൊണ്ട് ബലപ്പെടുത്തേണമേ!) എന്ന് തിരുനബി صلى الله عليه وسلم ദുആ ചെയ്തിട്ടുണ്ട്. ‘ജിബ്രീല്‍ താങ്കളോടു കൂടെയുണ്ടായിരിക്കും’ എന്ന് തിരുനബി صلى الله عليه وسلم അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. (ബുഖാരി, മുസ്ലിം)
وَأَيَّدْنَاهُ بِرُوحِ الْقُدُسِ
ഈസാനബി(عليه السلام) നടക്കുന്നേടത്തെല്ലാം ജിബ്രീല്‍(عليه السلام) ഉം കൂടെയുണ്ടാകും. ഇങ്ങനെയൊരു സപ്പോര്‍ട്ട്, ഈസാ നബിയേ, താങ്കള്‍ക്ക് നാം നല്കി എന്ന് സൂറ മാഇദയിലും പറയുന്നുണ്ട്.
(المائدة 110) إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا
(തൊട്ടിലില്‍വെച്ചും, മദ്ധ്യവയസ്കനായിരുന്നപ്പോഴും താങ്കള്‍ ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കവെ, പരിശുദ്ധാത്മാവിനെക്കൊണ്ട് നാം പിന്‍ബലം നല്കിയ സന്ദര്‍ഭം ഓര്‍ക്കുക…. (മാഇദഃ : 110)
പിതാവില്ലാതെ ഈസനബി(عليه السلام) ജനിച്ചപ്പോള്‍, മര്‍യം ബീവിയെക്കെതിരെ യഹൂദികള്‍ അപവാദം പറഞ്ഞിരുന്നു. അപ്പോഴാണ് ശിശുവായ ഈസാ(عليه السلام) തന്റെ മാതാവ് പരിശുദ്ധയാണെന്ന് തൊട്ടിലില്‍ കിടന്ന് സംസാരിച്ച് തെളിയിച്ചത്.
അടുത്ത ആയത്ത് 88
കിട്ടുന്ന അവസരങ്ങളിലെല്ലാം പരിശുദ്ധ ഖുര്‍ആനിനെ കളിയാക്കുകയും പരിസഹിക്കുകയും ചെയ്യുന്നവരായിരുന്നു യഹൂദികള്‍. അതാണിനി പറയുന്നത്.
ഞങ്ങള്‍ക്കത് മനസ്സിലാകുന്നേയില്ല എന്നാണവര്‍ പറഞ്ഞുകൊണ്ടിരുന്നത്.
സത്യത്തില്‍, വിശുദ്ധ ഖുര്‍ആനിന്റെ വിവരണങ്ങള്‍ ഏത്ര ലളിതമാണ്! എന്നിട്ടും മനസ്സിലാകുന്നില്ലെന്നവര് പറഞ്ഞത് പരിഹസിക്കാന്‍ വേണ്ടി മാത്രമാണ്.
وَقَالُوا قُلُوبُنَا غُلْفٌ بَلْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَقَلِيلًا مَا يُؤْمِنُونَ (88)
അവര്‍ പറയുന്നു: 'ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികളിട്ടടക്കപ്പെട്ടിരിക്കുകയാണ്. അല്ല, അവരുടെ സത്യനിഷേധം മൂലം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ വളരെ തുച്ഛമാണവരുടെ വിശ്വാസം.
ഹൃദയങ്ങളിലേക്ക് പുതുതായൊന്നും കടക്കാത്തവിധം അത് ഉറയിട്ട് മൂടപ്പെട്ടുകിടക്കുകയാണ്.
അവരുടെ ഹൃദയങ്ങളിലേക്ക് വേണ്ടതൊന്നും കടക്കുന്നില്ല. അത് ശരിതന്നെയാണ്. പക്ഷേ, കാരണം അവരിപ്പറയുന്നതല്ല - മൂടപ്പെട്ടിരിക്കുന്നതോ മറ്റോ അല്ല കാരണം. ഖുര്‍ആനിക സന്ദേശങ്ങള്‍ മനസ്സിലാകാന്‍ പ്രയാസമുള്ളതുകൊണ്ടുമല്ല അവര്‍ വിശ്വസിക്കാതിരുന്നത്.
പിന്നയോ, അവരുടെ അവിശ്വാസവും സത്യനിഷേധവും കാരണം, അല്ലാഹുവിന്റെ ശാപത്തിന് വിധേയരായതാണ് ശരിയായ കാരണമെന്ന് അല്ലാഹു മറുപടി നല്‍കുകയാണ്.
بَلْ لَعَنَهُمُ اللَّهُ بِكُفْرِهِمْ
സത്യനിഷേധത്തിലും വേണ്ടാവൃത്തികളിലും മൂടുറച്ചുപോയതിനാല് അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് അവര്‍ അകറ്റപ്പെട്ടിരിക്കുകയാണ്.
പേരില്‍ അവര്‍ മതവിശ്വാസികള്‍ തന്നെയാണ്. പക്ഷേ, മതത്തിന്റെ വിധികള്‍ അംഗീകരിക്കുകയോ, അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയോ ചെയ്യാത്തവരായിരുന്നു എന്നതുകൊണ്ട് അവരുടെ വിശ്വാസം, കേവലം തുച്ഛമായിരുന്നു.
അറബികള്‍ വിശ്വസിക്കുന്നില്ല എന്നതിനേക്കാള്‍ ഗൌരവം, യഹൂദികള്‍ വിശ്വസിക്കാതിരിക്കുക എന്നതല്ലേ. കാരണം അടുത്ത വചനത്തില്‍ പറയുന്നതുപോലെ, തിരുനബിصلى الله عليه وسلم സത്യപ്രവാചകനാണെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും മനപ്പൂര്‍വ്വം നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്.
അതുകൊണ്ടാണ്, ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടപ്പെട്ടിരിക്കുകയാണ് എന്നതുപോലെയുള്ള പരിഹാസവാക്കുകള്‍ അവര്‍ പറയുന്നത്.
അവരുടെ ആ വാക്ക് നിഷേധിക്കുകയാണ് അല്ലാഹു ഇവിടെ. بَل لَّعَنَهُمُ اللَّهُ بِكُفْرِهِمْ (പക്ഷേ, അവരുടെ അവിശ്വാസം മൂലം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്) അതായത്, എല്ലാം മനസ്സിലായിട്ടും കളിയാക്കുകയാണ്, അസൂയ കൊണ്ട് വിശ്വസിക്കാതിരിക്കുകയാണ്.
സൂറ നിസാഇലും (ആയത്ത് 155) ഇതേപോലെയുള്ള പ്രയോഗമുണ്ട്.
ഈ രൂപത്തില്‍, അല്ലാഹുവിന്റെ ശാപകോപത്തിന് വിധേയരായതുകൊണ്ട്, അവരില്‍ നിന്ന് അധികമൊന്നും വിശ്വാസം പ്രതീക്ഷിക്കേണ്ടതില്ല -അവര്‍ വളരെ കുറച്ചേ വിശ്വസിക്കുകയുള്ളൂ- എന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുകയാണ്.
فَقَلِيلًا مَا يُؤْمِنُونَ ‘അവര്‍ വളരെ കുറച്ചേ വിശ്വസിക്കൂ’ എന്ന് പറഞ്ഞതിന് രണ്ടു തരത്തില്‍ വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.
- യഹൂദികളില്‍ നിന്ന് വളരെ കുറഞ്ഞ ആളുകളേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയുള്ളൂ. സത്യം അങ്ങനെത്തന്നെയാണ്താനും. യഹൂദികളില്‍ നിന്ന് വളരെ കുറച്ചുപേരെ ഇസ്ലാമിലേക്ക് വന്നിട്ടുള്ളൂ.
(2) പൂര്‍ണമായ വിശ്വാസം അവരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ -വളരെ കുറഞ്ഞ വിശ്വാസമേ അവര്‍ക്കുണ്ടാകുകയുള്ളൂ.
അവര്‍ വേദക്കാരാണല്ലോ. അതുകൊണ്ട് ചില കാര്യങ്ങളിലൊക്കെ അവര്‍ക്ക് വിശ്വാസമുണ്ടാകും. അത് സ്വാഭാവികമാണ്. പക്ഷേ, എല്ലാ കാര്യങ്ങളിലും വിശ്വസിക്കാന്‍ അവരെ കിട്ടില്ല. ഉള്ള വിശ്വാസം തന്നെ പൂര്ണമായിരിക്കുകയുമില്ല.
---------------------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment