ഖുര്‍ആന്‍ പഠനത്തിനു ഇന്ത്യയുടെ സംഭാവന
വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലും വ്യാഖ്യാനത്തിലുമുള്ള ഇന്ത്യയിലെ അമുസ്‌ലിം പണ്ഡിതന്മാരുടെയും എഴുത്തുകാരുടെയും ചില സംഭാവനകളെക്കുറിച്ചാണ്‌ നാം ഇതുവരെ മനസ്സിലാക്കിയത്‌. അപ്രകാരം ഇസ്‌ലാമിക വിജ്ഞാനിയങ്ങളിലും അറബി ഭാഷയിലും പ്രാവീണ്യമുള്ള ധാരാളം മുസ്‌ലിം പണ്ഡിതന്മാരെ ഇന്ത്യ സംഭാവന ചെയ്യുകയുണ്ടായി. അവര്‍ ഇന്ത്യയുടെ സാംസ്‌കാരിക ഉന്നമനത്തിനും മതേതരത്വം, നാനാത്വത്തില്‍ ഏകത്വം, മതസൗഹാര്‍ദ്ദം, വിദ്യാഭ്യാസ സാമൂഹിക- രാഷ്‌ട്രീയ പുരോഗതി എന്നിവക്ക്‌ വലിയ സേവനങ്ങള്‍ അര്‍പ്പിച്ചുട്ടുള്ള മഹത്തുക്കളാണ്‌. ഇസ്‌ലാമിക വിജ്ഞാനങ്ങളുടെയും അറബി ഭാഷയുടെയും വളര്‍ച്ചക്ക്‌ മഹനീയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള മുസ്‌ലിം പണ്ഡിതന്മാര്‍ ഇന്ത്യയില്‍ ധാരാളമായി കഴിഞ്ഞുപോയിട്ടുണ്ട്‌. അവര്‍ നല്ലൊരു ശതമാനം സൂഫികളുമായിരുന്നു.
അവരുടെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിലൂടെയും ആത്മീയമായ ശിക്ഷണത്തിലൂടെയുമാണ്‌ ഇസ്‌ലാം ഇന്ത്യയില്‍ വളര്‍ന്ന്‌ പന്തലിച്ചത്‌. ഇസ്‌ലാമിക വിജ്ഞാനശാഖകളുടെ പരിപോഷണത്തിനും അവര്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുകയുണ്ടായി. തസവ്വുഫിന്റെ വിഷയത്തില്‍ ഇന്ത്യയിലെ സൂഫി ഉലമാക്കള്‍ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്‌തു. അജ്‌മീറിലെ ശൈഖ്‌ മുഈനുദ്ദീന്‍ ചിശ്‌തി (ഖു.സി.)യുടെ പ്രധാന ശിഷ്യനായിരുന്ന ഖുതുബുദ്ദീന്‍ ബഖ്‌തിയാര്‍ കഅക്കിയുടെ `ദലീലുല്‍ ആരിഫീന്‍' അവയില്‍ ഒരു ഉദാഹരണം മാത്രം. ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം, വ്യാകരണം, വൈദ്യം മുതലായ ഒട്ടുമിക്ക ഇസ്‌ലാമിക വിജ്ഞാന ശാഖകളിലും ഇന്ത്യന്‍ ഉലമാക്കളാല്‍ രചിക്കപ്പെട്ട അറബി, ഉറുദു, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലുള്ള രചനകളുണ്ട്‌.
ഖുര്‍ആന്‍ വ്യാഖ്യാനത്തിലും മറ്റ്‌ ഖുര്‍ആനുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖകളിലും ഗ്രന്ഥരചന നടത്തിയ ഇന്ത്യന്‍ ഉലമാക്കള്‍ നിരവധിയാണ്‌. ഖുര്‍ആന്‍ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്മാന്‍ രചിച്ച ഗ്രന്ഥങ്ങളില്‍ കൂടുതലും അറബിയിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനങ്ങളാണ്‌. മറ്റ്‌ ഖുര്‍ആന്‍ വിജ്ഞാനങ്ങളായ നാസിഖ്‌, മന്‍സൂഖ്‌, ഇഅ്‌ജാസുല്‍ ഖുര്‍ആന്‍, അസ്‌ബാബുന്നുസൂല്‍ മുതലായവയില്‍ ലഭ്യമായിട്ടുള്ള ഇന്ത്യന്‍ ഉലമാക്കളുടെ രചനകളധികവും പേര്‍ഷ്യന്‍ ഉറുദു ഭാഷകളിലുമാണ്‌.
അറബി ഭാഷയില്‍ ഇന്ത്യന്‍ ഉലമാക്കള്‍ എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ പൊതുവായി നാലായി തിരിക്കാം. ഖുര്‍ആന്‍ മുഴുവനും ഉള്‍ക്കൊള്ളുന്ന തഫ്‌സീര്‍ ഭാഗികമായ തഫ്‌സീര്‍, പ്രത്യേക വിഷയങ്ങളെയും വിധിവിലക്കുകളെയും അടിസ്ഥാനപ്പെടുത്തിയുള്ള തഫ്‌സീര്‍, ചില പ്രമുഖ തഫ്‌സീര്‍ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനവും വിശദീകരണവും എന്നിവയാണ്‌ ആ നാല്‌ ഭാഗങ്ങള്‍. അപ്രകാരം തന്നെ കാലഗണനയനുസരിച്ച്‌ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ അഞ്ചായിതിരിക്കാം. നബ(സ്വ) സ്വഹാബത്ത്‌ താബിഉകള്‍ എന്നിവരാണ്‌ ഖുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നവര്‍. റസൂലില്‍നിന്നും സ്വഹാബത്തില്‍നിന്നും കേട്ട്‌ മനസ്സിലാക്കി ചില ഖുര്‍ആനിക ആയത്തുകളുടെ മാത്രം വ്യാഖ്യാനമെഴുതിയ ആദ്യകാല മുഫസ്സിറുകള്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നു. ഹിജ്‌റ നാലും അഞ്ചും നൂറ്റാണ്ടുകളിലെ മുഫസ്സിറുകള്‍ ചില പ്രത്യേക മേഖലകളെ അടിസ്ഥാനപ്പെടുത്തി പ്രത്യേക വീക്ഷണ മേഖലകളില്‍ പ്രത്യേക വീക്ഷണ കോണുകളിലൂടെ ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത്‌ ഗ്രന്ഥരചന നടത്തിയ ആറാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, പൗരാണിക തഫ്‌സീറുകളെ അടിസ്ഥാനപ്പെടുത്തി ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ രചിച്ച ആറാം നൂറ്റാണ്ടിന്‌ ശേഷമുള്ള കാലഘട്ടങ്ങളിലെ മുഫസ്സിറുകള്‍ മുതലായവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ഇന്ത്യയില്‍ എഴുതപ്പെട്ട തഫ്‌സീറുകള്‍ അവസാനത്തെ വിഭാഗത്തിലാണ്‌ പെടുന്നത്‌.

ഇന്ത്യന്‍ ഉലമാക്കളില്‍ ആദ്യമായി അറബി ഭാഷയിലുള്ള ഖുര്‍ആന്‍ വ്യാഖ്യാനം രചിച്ചത്‌ നിസാമുദ്ദീന്‍ ഹസന്‍ എന്ന മഹാനാണ്‌. ഗറാഇബുല്‍ ഖുര്‍ആന്‍ വ റഗാഇബുല്‍ ഫുര്‍ഖാന്‍ എന്നാണ്‌ അദ്ദേഹം രചിച്ച തഫ്‌സീറിന്റെ നാമം. ഇന്ത്യയില്‍ വിരചിതമായ തഫ്‌സീറുകളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌ അലാഉദ്ദീന്റെ തബ്‌സ്വീറുറഹ്‌മാന്‍ വ തഫ്‌സീറുല്‍ മന്നാന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനം തഫ്‌സീര്‍ ജലാലൈനിയുടെ ഇടകലര്‍ത്തിക്കൊണ്ടുള്ള വ്യാഖ്യാനരീതിയാണ്‌ ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നത്‌. ഈജിപ്‌തിലെ മന്ത്രി ജമാലുദ്ദീന്റെ കല്‍പനപ്രകാരം നാല്‌ വാള്യങ്ങളിലായി ഇത്‌ മിസ്‌റില്‍നിന്നും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഡല്‍ഹിയില്‍നിന്നും ഇതിന്റെ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്‌. ഖുര്‍ആന്‍ മുഴുവനും ഉള്‍ക്കൊള്ളുന്ന വ്യാഖ്യാനമാണിത്‌. ഇതുപോലെ പ്രസിദ്ധമായ മറ്റൊരു തഫ്‌സീറാണ്‌ സിദ്ധീഖ്‌ ഹസന്‍ഖാന്‍ രചിച്ച ഫത്‌ഹുല്‍ ബയാന്‍ പത്ത്‌ വാള്യങ്ങളിലായി ഇതിന്റെ ഒരു പുതിയ പതിപ്പ്‌ ഈജിപ്‌തില്‍നിന്നും 1965-ല്‍ പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങള്‍ക്ക്‌ മതിയായ പ്രാധാന്യം നല്‍കുന്ന ഈ തഫ്‌സീറില്‍ പ്രഗത്ഭരായ ഖുര്‍ആന്‍ വ്യാഖ്യാതക്കളുടെ വ്യാഖ്യാനരീതികളെകുറിച്ചും വിവിധ ഇനം തഫ്‌സീറുകളെകുറിച്ചും പരാമര്‍ശമുണ്ട്‌.
അതുപോലെ ഖുര്‍ആന്‍ മുഴുവനും ഉള്‍ക്കൊള്ളുന്ന മറ്റൊരു അറബി തഫ്‌സീറാണ്‌ ഡല്‍ഹിക്കാരനായിരുന്ന ശൈഖ്‌ മുഹമ്മദുബ്‌നു യൂസുഫ്‌ അല്‍ഹുസൈനിയുടെ തഫ്‌സീറുല്‍ ഖുര്‍ആന്‍ അലാ നഹ്‌ജില്‍ കശാഫ്‌. മീര്‍സാജാന്‍ ജനാന്‍ എന്ന ഓമനപ്പേരുള്ള പാനിപ്പത്തുകാരനായ ഖാളി സനാഉള്ള രചിച്ച അത്തഫ്‌സീറുല്‍ മള്‌ഹരി ഹനഫി ഫിഖ്‌ഹിന്‌ പ്രാമുഖ്യം നല്‍കുന്ന ഏഴ്‌ വാള്യങ്ങളുള്ള അറബി തഫ്‌സീറാണ്‌. തന്റെ ഗുരുനാഥനായ മള്‌ഹര്‍ ബിന്‍ ജിനാന്‍ എന്ന സൂഫി പണ്ഡിതനാണ്‌ ഈ ഗ്രന്ഥം അദ്ദേഹം സമര്‍പ്പിക്കുന്നത്‌. ഗുജറാത്തുകാരനായ ശൈഖ്‌ മുഹമ്മദുബ്‌നു അഹമദുല്‍ മഹായിമിയുടെ തഫ്‌സീറുല്‍ മുഹമ്മദീ ഖുര്‍ആന്‍ സൂക്തങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള വ്യാഖ്യാനരീതിയാണ്‌ സ്വീകരിച്ചത്‌. സൂഫി മാര്‍ഗത്തിനും, ആത്മീയ ചിന്തകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വ്യാഖ്യാനരീതി സ്വീകരിച്ച ശൈഖ്‌ ത്വാഹിര്‍ബ്‌നു യൂസുഫുസ്സിന്‍ദിയുടെ മജ്‌മഉല്‍ ബഹ്‌റൈന്‍ ഖുര്‍ആന്‍ മുഴുവനും ഉള്‍ക്കൊള്ളുന്ന അറബി വ്യാഖ്യാനമാണ്‌.
വിശുദ്ധ ഖുര്‍ആനിന്റെ അറബി വ്യാഖ്യാനങ്ങളില്‍ എന്തുകൊണ്ടും വേറിട്ട്‌ നില്‍ക്കുന്നതും വളരെ ശ്രദ്ധേയമായതുമായ ഒരു ഖുര്‍ആന്‍ വ്യാഖ്യാനമാണ്‌ സവാത്വിഉല്‍ ഇല്‍ഹാം നാഗൂരുകാരനായിരുന്ന അബുല്‍ഫൈസ്‌ ആണ്‌ ഗ്രന്ഥകാരന്‍. കലാ സാഹിത്യ രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നത വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റെ അറബി സാഹിത്യരംഗത്തുള്ള മികവിന്‌ മതിയായ തെളിവാണ്‌ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച്‌ രചിച്ച ഈ തഫ്‌സീര്‍. ഇത്തരം രചനകള്‍ ലോകത്ത്‌ തന്നെ അപൂര്‍വ്വമാണെന്നിരിക്കെ ഇന്ത്യയിലെ ഒരു പണ്ഡിതനാണ്‌ ഇതിന്റെ കര്‍ത്താവെന്നതും അത്ഭുതാവഹമാണ്‌. പൗരാണിക തഫ്‌സീറുകളുടെ അടിസ്ഥാനത്തില്‍തന്നെ പുതിയ വ്യാഖ്യാന രീതിയാണ്‌ അദ്ദേഹം പിന്തുടര്‍ന്നത്‌. മുഗള്‍രാജാക്കന്മാരുടെ ദര്‍ബാറിലെ പണ്ഡിതനായിരുന്നു അദ്ദേഹം വിസ്‌മയകരമായ ഈ തഫ്‌സീറിന്റെ ഒരു കോപ്പി രാമനാട്ടുകരക്കടുത്ത കക്കോവ്‌ ജുമാ മസ്‌ജിദിലെ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
അലഹബാദിലെ മഹിബ്ബുള്ള എന്ന പണ്ഡിതന്‍ രചിച്ച തര്‍ജുമതുല്‍ കിതാബ്‌ എന്ന തഫ്‌സീര്‍ സൂഫി വീക്ഷണപ്രകാരമുള്ള ഖുര്‍ആന്‍ വ്യാഖ്യാനമാണ്‌. വഹ്‌ദത്തുല്‍ വുജൂദിനെക്കുറിച്ച്‌ ദീര്‍ഘമായ ചര്‍ച്ച ഈ തഫ്‌സീറില്‍ കാണാം. അദ്ദേഹം തന്നെ ഹാശിയത്തു തര്‍ജുമതുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ ഇതിന്‌ ഒരു വിശദീകരണവും തയ്യാറാക്കിയിട്ടുണ്ട്‌. കര്‍മശാസ്‌ത്ര സംബന്ധമായ വിഷയങ്ങള്‍ പ്രതിപാതിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ വ്യാഖ്യാനങ്ങള്‍ മാത്രം എഴുതിയ ഇന്ത്യന്‍ പണ്ഡിതന്മാരുണ്ട്‌. ഹനഫി മദ്‌ഹബിനെ പിന്തുണക്കുന്നവരും ശീഈ അഭിപ്രായങ്ങളെ അനുകൂലിക്കുന്നവരും അവരില്‍ നമുക്ക്‌ കാണാം സയ്യിദ്‌ സിദ്ദീഖു ഹസന്‍ അല്‍ഖനൂജിയുടെ റനയ്‌ലുല്‍ മറാം ഹനഫി മദ്‌ഹബ്‌ പ്രകാരം കര്‍മ്മശാസ്‌ത്ര സംബന്ധമായ മസ്‌അലകള്‍ വിശകലനം ചെയ്യുന്ന ശൈഖ്‌ അഹ്‌മദ്‌ ബ്‌നു അബീസഈദിന്റെ തഫ്‌സീറുല്‍ അഹ്‌മദിയ്യ മറ്റൊന്നാണ്‌.
വിശുദ്ധ ഖുര്‍ആനിന്‌ ഭാഗികമായ വ്യാഖ്യാനം രചിച്ച്‌ അറബി ഭാഷക്കും ഖുര്‍ആന്‍ വിജ്ഞാനീയങ്ങള്‍ക്കും മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച ഇന്ത്യന്‍ ഉലമാക്കളും നിരവധിയാണ്‌. വിശുദ്ധ ഖുര്‍ആനിന്റെ നാലിലൊന്ന്‌ വരുന്ന ഭാഗത്തിന്‌ അറബിയില്‍ വ്യാഖ്യാനം തയ്യാറാക്കിയ ശൈഖ്‌ നഖ്‌ശബന്ദുബ്‌നു അത്വാഉല്ലായുടെ അന്‍വാറുല്‍ ഫുര്‍ഖാന്‍ അല്‍മുഹദ്ദിസ്‌ വലിയുല്ലാഹിബ്‌നു അബ്‌ദിറഹീം ദഹ്‌ലവിയുടെ തഫ്‌സീറു സയ്‌റാവീന്‍ ശൈഖ്‌ അബ്ദുല്‍ ഹക്കീം സയാല്‍കൂതിയുടെ ഫാതിഹ വ്യാഖ്യാനമായ തഫ്‌സീറു സൂറത്തില്‍ ഫാത്തിഹ അനന്തരാവകാശ നിയമങ്ങള്‍ വിവരിക്കുന്ന ആയത്തുകളുടെ വ്യാഖ്യാനമായി ശൈഖ്‌ മുഹമ്മദ്‌ മുഈന്‍ രചിച്ച തഫ്‌സീറുന്‍ ലി ബഅ്‌ളി ആയാത്തിന്‍ മവാരിസ്‌ ബീജാപൂരിലെ ശൈഖ്‌ മുഹമ്മദ്‌ ഹസന്‍ രചിച്ച ഫാതിഹ വ്യാഖ്യാന അല്‍ അസ്‌ഹാര്‍ കാണ്‍പൂരിലെ സയ്യിദ്‌ മുഹമ്മദുബ്‌നു അബീസഈദില്‍ ഹുസൈനി തയ്യാറാക്കിയ സൂറത്തു യൂസുഫിന്റെ തഫ്‌സീര്‍ തഫ്‌സീറു സൂറത്തു യൂസുഫ്‌ മൗലാനാ നഖി അലി അല്‍ബറേല്‍വി രചിച്ച തഫ്‌സീറു അലം നശ്‌റഹ്‌ മുതലായവ വിശുദ്ധ ഖുര്‍ആനിന്റെ ഭാഗികമായ തഫ്‌സീറുകളില്‍ ചിലതാണ്‌.
അമീര്‍ സിദ്ദീഖ്‌ ഹസന്‍ഖാന്റെ പ്രധാന രചനകളില്‍ ഒന്നായ നയ്‌ലുല്‍ മറാം മതവിധികളും ശരീഅത്ത്‌ നിയമങ്ങളും പ്രതിപാദിക്കുന്ന ആയത്തുകളുടെ വിശദീകരണമാണ്‌. ഖുര്‍ആനിന്റെ മറ്റൊരു ഭാഗികമായ തഫ്‌സീറാണ്‌ `തഫ്‌സീറുല്‍ ഖുര്‍ആന്‍' ഖയ്യിം ശൈഖ്‌ മുഹമ്മദ്‌ ഉവൈസ്‌ അന്നദ്‌വിയാണ്‌ ഇതിന്റെ കര്‍ത്താവ്‌. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ മറ്റ്‌ തഫ്‌സീറുകളില്‍നിന്നും വ്യത്യസ്‌തമായ വ്യാഖ്യാന രീതി സ്വീകരിച്ച്‌ സനാഉള്ള അമര്‍ തസരി തയ്യാറാക്കിയ ബയാനുല്‍ ഫുര്‍ഖാന്‍ വിശുദ്ധ ഖുര്‍ആനിനെ ഖുര്‍ആന്‍കൊണ്ട്‌ തന്നെ വ്യാഖ്യാനിക്കുന്ന അദ്ദേഹത്തിന്റെ തന്നെ രചനയായ തഫ്‌സീറല്‍ ഖുര്‍ആന്‍ ബി കലാമി റഹ്‌മാന്‍ എന്നിവ ഈ മേഖലയില്‍ പ്രത്യേകം എടുത്തുപറയേണ്ടവയാണ്‌.
ലോകപ്രസിദ്ധ പണ്ഡിതനും നൂറ്റി അമ്പതോളം അറബി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മൗലാനാ സയ്യിദ്‌ അബുല്‍ ഹസന്‍ അലി നദ്‌വി സാഹിബ്‌ ഖുര്‍ആന്‍ വ്യാഖ്യാന സാഹിത്യത്തിന്‌ സംഭാവന ചെയ്‌ത മഹത്തായ രചനയാണ്‌ അസ്സുറാഉ ബൈനല്‍ ഈ മാനി വല്‍ മാദ്ദിയ്യ. സൂറത്തുല്‍ കഹ്‌ഫിന്റെ വിശദീകരണവും അത്‌ സംബന്ധമായ ചര്‍ച്ചകളുമാണ്‌ ഉള്ളടക്കം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഖുര്‍ആന്‍ ക്ലാസെടുക്കുമ്പോള്‍ നദ്‌വി സാഹിബ്‌ ചെയ്‌ത പ്രസംഗങ്ങളുടെയും ചര്‍ച്ചകളുടെയും സമഹാരമാണ്‌ അല്‍ മദഖല്‍ ദാറുല്‍ ഉലൂമില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന `അന്നദ്‌വ' മാസികയില്‍ തുടര്‍ച്ചയായി വരാറുണ്ടായിരുന്ന ഖുര്‍ആന്‍ വിശദീകരണ സംബന്ധമായ ലേഖന പരമ്പര പിന്നീട്‌ ഈ പേരില്‍ ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയാണുണ്ടായത്‌.
ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത്‌ ഇന്ത്യന്‍ ഉലമാക്കളുടെ സംഭാവനകളില്‍ പ്രത്യേകം പറയേണ്ടതാണ്‌. പാനൂരിലെ സയ്യിദ്‌ ഇസ്‌മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍ (ന.മ.) തയ്യാറാക്കിയ അല ഹാമിശ്‌ത്തഫാസീര്‍ എന്ന തഫ്‌സീര്‍ ഒരു മലയാളി പണ്ഡിതന്‍ രചിച്ച ഏക അറബി തഫ്‌സീര്‍ എന്ന സവിശേഷതകൂടി ഇതിനുണ്ട്‌. പല വിഷയങ്ങളിലും കേരളീയ പണ്ഡിതന്മാര്‍ക്ക്‌ രചനകളുണ്ടെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത്‌ അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍ തീരെ ഇല്ല എന്നുതന്നെ പറയാം. ആദ്യകാല ഉലമാക്കള്‍ അറബി മലയാള ഭാഷയിലാണ്‌ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ രചിച്ചത്‌. ഇവ്വിഷയകമായി വിശദമായ ചര്‍ച്ച നാം നടത്തിയിട്ടുണ്ട്‌. മര്‍ഹൂം പൂക്കോയ തങ്ങള്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്ക്‌ പുറമെ അറബി ഭാഷാ സാഹിത്യത്തില്‍ പ്രത്യേകം കഴിവ്‌ തെളിയിച്ച മഹാനായിരുന്നു. ജലാലൈനിയുടെ വ്യാഖ്യാനമായിട്ടാണ്‌ ഈ തഫ്‌സീറിന്റെ രചന നിര്‍വ്വഹിച്ചത്‌. പേജിന്റ മുകള്‍ഭാഗത്ത്‌ ജലാലൈനിയും താഴെ അതിന്റെ വിശദമായ വ്യാഖ്യാനവും നല്‍കുന്ന രീതിയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ശാസ്‌ത്ര സംബന്ധവും ആധുനികവുമായ വിഷയങ്ങള്‍ ഖുര്‍ആന്‍ ആയത്തുകളുടെ വെളിച്ചത്തില്‍ അദ്ദേഹം ചര്‍ച്ചക്ക്‌ വിധേയമാക്കുന്നു. പൗരാണിക തഫ്‌സീറുകള്‍ ധാരാളമായി തന്റെ ഗ്രന്ഥരചനക്ക്‌ അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.
കേരളത്തിലെ പൗരാണികരായ ഉലമാക്കളുടെ അഞ്ച്‌ രചനകളാണ്‌ ഖുര്‍ആന്‍ സംബന്ധമായി നമുക്ക്‌ ലഭ്യമായിട്ടുള്ളത്‌. കോഴിക്കോട്‌ ഖാളിയായിരുന്ന ഖാളി അബൂബക്കര്‍ കുഞ്ഞി (ന.മ.) ആണ്‌ അവയിലൊരാള്‍. ഖുര്‍ആനില്‍ വഖ്‌ഫ്‌ അനുവദനീയമല്ലാത്ത സ്ഥലങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ശുജാഈ മൊയ്‌തു മുസ്‌ലിയാര്‍ (ന.മ.) രചിച്ച തജ്വീദുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥമാണ്‌ മലപ്പുറം ജില്ലയിലെ കുഴഇപ്പുറം സ്വദേശിയായിരുന്ന കഞ്ഞീനുബ്‌നു മരക്കാര്‍ എഴുതിയ രിസാലത്തുല്‍ ഖിറാഅ്‌ ഖുര്‍ആന്‍ എഴുതുകയും മുദ്രണം നടത്തുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കൃതിയായ അന്നിബ്‌റാസ്‌ ഒരു കാലത്ത്‌ കേരളത്തില്‍ നടന്ന ഒരു വിവാദ വിഷയമായിരുന്ന അല്ലാഹു എന്ന ജലാലത്തിന്റെ ഇസ്‌ലാമിലെ ലാമ്‌ തഫ്‌ഖീമോ തര്‍ക്കീക്കോ ഏതാണ്‌ ചെയ്യേണ്ടതെന്ന വിഷയം ചര്‍ച്ച ചെയ്യുന്നു. തഫ്‌ഖീമാക്കുകയാണ്‌ വേണ്ടതെന്ന്‌ തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. പൊന്നാനിയിലെ മുഹമ്മദുബ്‌നു അലി രചിച്ച ശറഹുല്‍ ബസ്‌മലയാണ്‌ മറ്റൊരു കൃതി. തുന്നന്‍വീടന്‍' എന്നാണ്‌ ഗ്രന്ധകാരന്‍ അറിയപ്പെട്ടിരുന്നത്‌. ബിസ്‌മിയുടെ സുദീര്‍ഘണായ വിശദീകരണമാണ്‌ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ചില പ്രധാന തഫ്‌സീര്‍ ഗ്രന്ഥങ്ങളുടെ ഹശിയകളും ഇന്ത്യന്‍ ഉലമാക്കള്‍ രചിച്ചിട്ടുണ്ട്‌. ബൈളാവിക്ക്‌ മാത്രം പന്ത്രണ്ടോളം ഹാശിയകള്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. ഡല്‍ഹിയിലെ സയ്യിദ്‌ മുഹമ്മദുബ്‌നു യൂസുഫ്‌ രചിച്ച ഹാശിയത്തുല്‍ കശാഫ്‌ ഇവയില്‍ പ്രധാനപ്പെട്ടതാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter