വിശേഷങ്ങളുടെ ഖുർആൻ: (20) ഖുർആനിലെ നായ
ഖുർആനിലെ നായ
നായയെ മലിന ജീവിയായി കാണുന്നവരാണ് മുസ് ലിം പണ്ഡിതരിൽ ഒരു വിഭാഗം. അത് നനഞ്ഞ നിലയിലോ അല്ലെങ്കിൽ നനഞ്ഞ വസ്തുവിനേയോ സ്പർശിച്ചാൽ ഏഴ് തവണ കഴുകണമെന്നും അതിൽ ഒരു തവണ മണ്ണ് കൊണ്ടാകണമെന്നും ശാഫിഈ മദ്ഹബിലെ പണ്ഡിതർ വിശദീകരിക്കുന്നു. സഹീഹായ ഹദീസുകളുടെ പിൻബലത്താലാണ് ഈ നിലപാട്.
എന്നാൽ നായ ഒരു ജീവിയെന്ന നിലയിൽ സാധാരണ ജീവികൾക്കുള്ള എല്ലാ പരിഗണനകളും നായയ്ക്ക് ഇസ് ലാം നൽകുന്നുണ്ട്. ഇതിൽ മദ്ഹബുകൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. നായയെ അകറ്റി നിർത്താനുളള നിർദേശം അതിലൂടെ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്നവും അപകട സാധ്യതയും കണക്കിലെടുത്താണെന്ന് സൂക്ഷ്മ വിശകലനത്തിൽ മനസ്സിലാക്കാവുന്നതാണ്.
വിനോദത്തിനും നേരമ്പോക്കിനും വേണ്ടി നായയെ വളർത്തുന്നതിനേയും അതുമായി കൂടിക്കലരുന്നതിനേയുമാണ് നിരുൽസാഹപ്പെടുത്തിയത്. അത്യാവശ്യത്തിനും ഉപകാരപ്രദമായ മേഖലയിലും നായയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വിലക്കില്ല. കൃഷിയുടെയോ മൃഗങ്ങളുടെയോ വീടിൻ്റെ യോ കാവൽ, നായാട്ട്, കുറ്റാന്വേഷണം പോലുള്ള ആവശ്യങ്ങൾക്ക് നായയെ ഉപയോഗിക്കുന്നത് നിയന്ത്രിക്കപ്പെട്ടിട്ടില്ല.
ഖുർആനിൽ മൂന്ന് സന്ദർഭങ്ങളിൽ നായ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടിടങ്ങളിൽ വ്യക്തമായും ഒരിടത്ത് വ്യംഗ്യമായും. ഒരിടത്ത് തന്നെ നാല് വട്ടം നായയുടെ അറബി വാക്കായ 'കൽബ്' പ്രയോഗിക്കപ്പെടുന്നു. അൽ കഹ്ഫ് അധ്യായത്തിൽ ഗുഹാ വാസികളുടെ കഥ പറയുന്ന കൂട്ടത്തിലാണത്.
വ്യംഗമായ പരാമർശം ഭക്ഷ്യയോഗ്യമായ വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിൽ. അൽമാഇദ അധ്യായം നാലാം വചനം ഇങ്ങനെ വായിക്കാം: "തങ്ങൾക്ക് അനുവദനീയമായ ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയെന്ന് താങ്കളോടവർ ചോദിക്കുന്നു. ഇങ്ങനെ മറുപടി നൽകുക: ഉത്തമ വസ്തുക്കളെല്ലാം നിങ്ങൾക്കനുവദനീയമാണ്. അല്ലാഹു അഭ്യസിപ്പിച്ചതനുസരിച്ച് നിങ്ങൾ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങൾ പിടിച്ചു തരുന്നതും തിന്നുക. അതിൻമേൽ ബിസ്മി ചൊല്ലുകയും വേണം. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. അതിവേഗം കണക്ക് നോക്കുന്നവനാണവൻ."
ഈ വചനത്തിൻ്റെ വ്യാഖ്യാന പ്രകാരം പരിശീലിപ്പിച്ചെടുത്ത നായാട്ടുമൃഗങ്ങളോ പറവകളോ പിടിച്ചു കൊണ്ട് വന്ന ഇരകൾ ഭക്ഷ്യയോഗ്യമാണ്. അങ്ങനെ പരിശീലനം നൽകപ്പെടുന്ന വേട്ടമൃഗങ്ങളിൽ മുൻപന്തിയിലുള്ളത് നായയാണ്. അത് കൊണ്ടാണ് ആ പരിശീലനത്തെ കുറിക്കാൻ 'കല്ലബ' എന്ന അറബി വാക്ക് ഉപയോഗിച്ചത്. അത് നായയെ കുറിക്കുന്ന കൽബ് എന്ന ദാതുവിൽ നിന്നുള്ളതാണ്. നരി, കഴുകൻ, രാജ കിളി പോലുള്ളവയും ഇങ്ങനെ വേട്ടയ്ക്ക് ഉപയോഗിക്കാറുണ്ടെങ്കിലും സമാന്യവൽക്കരണത്തിൻ്റെ ഭാഗമായി അവയും കല്ലബ എന്ന വാക്കിൻ്റെ വിവക്ഷയിൽ വരികയാണ്. നമ്മുടെ ഭാഷയിൽ പോലും വേട്ടയ്ക്ക് നായാട്ട് എന്ന് പ്രയോഗമുണ്ടല്ലോ. ആ പദം സ്ഫുരിക്കുന്ന സൂചന വ്യക്തമാണ്.
ഇവിടെ പണ്ഡിതർ സൂചിപ്പിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്. നായ അടക്കമുള്ള മൃഗങ്ങൾ പിടിച്ചു കടിച്ചു കൊണ്ട് വന്ന ഇരകളെ വിശ്വാസികൾക്ക് ഭക്ഷിക്കാം. വഴിക്ക് വച്ച് അവ ജീവൻ വെടിഞ്ഞാലും കുഴപ്പമില്ല. അറുക്കണമെന്നില്ലെന്നർത്ഥം. പക്ഷെ, ആ വേട്ടമൃഗങ്ങൾ അതിൽ നിന്ന് തിന്നരുത്. ഉടമക്ക് വേണ്ടി പിടിച്ച് കൊണ്ട് വരികയാണെന്ന് ഉറപ്പാക്കണം. അത് പോലെ വേട്ടക്ക് അയക്കുമ്പോൾ ബിസ്മി ചൊല്ലണം.
വിശദാംശങ്ങളിൽ പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും പൊതുവേ അംഗീകരിക്കപ്പെടുന്ന കാര്യങ്ങളാണിത്. നായ മലിനമാണെന്നും അസ്പൃശ്യമാണെന്നും കരുതുന്നവരും ആ നായ വേട്ടയാടി പിടിച്ചു കൊണ്ട് വന്ന ഇരയെ ഭക്ഷിക്കുന്നതിന് തടസ്സം പറയുന്നില്ല.
Also Read:വിശേഷങ്ങളുടെ ഖുർആൻ: 19
മറ്റൊരു സ്ഥലം അ'അറാഫ് അധ്യായത്തിലെ 175, 176 വചനങ്ങളിൽ വന്ന പ്രയോഗമാണ്.
" നബിയേ, ഒരു വ്യക്തിയുടെ കഥ അവർക്ക് താങ്കൾ പാരായണം ചെയ്തു കൊടുക്കുക. നാം അയാൾക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകിയിരുന്നു. എന്നാൽ അയാളതിൽ നിന്ന് നിർമുക്തനാവുകയും പിശാച് അയാളുടെ പിന്നാലെ കൂടുകയും അങ്ങനെ അയാൾ ദുർമാർഗികളിൽ ഉൾപ്പെടുകയുമുണ്ടായി. നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ ആ ദൃഷ്ടാന്തങ്ങൾ വഴി അയാൾക്ക് ഔന്നത്യം നൽകിയേനെ. പക്ഷെ, അയാൾ ഭൗതികതയിലേക്ക് കൂപ്പു കുത്തുകയും സ്വേച്ഛകൾ പിൻപറ്റുകയുമായിരുന്നു. ഒരു നായയുടെ ഉപമയാണയാളുടേത് - വിരട്ടിയോടിക്കുകയാണെങ്കിലും വെറുതെ വിടുകയാണെങ്കിലും അത് കിതച്ചു നാവു തൂക്കിയിടും. നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യാജമാക്കുന്നവരുടെ ഉപമയാണിത്. അത് കൊണ്ട്, ചിന്തിക്കാൻ വേണ്ടി അവർക്ക് ഈ കഥ താങ്കൾ പ്രതിപാദിച്ചുകൊടുക്കുക. നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യാജമാക്കുകയും സ്വന്തത്തെ ദ്രോഹിക്കുകയും ചെയ്യുന്നവരുടെ ഉപമ മഹാമോശം തന്നെ."
ഇവിടെ ചില മനുഷ്യരുടെ ദുഷ്ടലാക്കും സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ള നീക്കുപോക്കുകളും ഉദാഹരിക്കാനാണ് നായയെ കൊണ്ട് വന്നത്. വിരട്ടിയാലും വെറുതെ വിട്ടാലും നാക്ക് നീട്ടിയിട്ട് അലയുന്ന നായയുടെ ദൃശ്യം ഏറെ പരിഹാസ്യവും ദയനീയവുമാണല്ലോ. ഇത് ആരെയുദ്ദേശിച്ചാണ് പറഞ്ഞതെന്ന കാര്യത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ബനൂ ഇസ്റായില്യരിലെ വേദ പരിജ്ഞാനിയായിരുന്ന ബൽ ആം ബിൻ ബാഉറായാണ് പ്രതി പുരുഷനെന്ന് ചിലർ. അല്ല, ഉമയ്യത് ബിൻ അബിസ്സിത്താണെന്ന് വേറെ ചിലർ. അത് വിഷയമല്ല. ഈ സ്വഭാവഗുണങ്ങളുള്ള എല്ലാവർക്കും ഇത് ബാധകമാകുന്നതാണ് ശരി.
അൽ കഹ്ഫ് അധ്യായം കഥകളുടെ കലവറയാണ്. ഗുണപാഠങ്ങൾ നിറഞ്ഞ അനേകം കഥകൾ. മനുഷ്യനെ ഇരുത്തിച്ചിന്തിപ്പിക്കാനും പുതിയ നിലപാടുകളിലേക്ക് നയിക്കാനും പ്രേരിപ്പിക്കുന്ന കഥകൾ. അവയിൽ പെട്ട ശ്രദ്ധേയമായ ഒന്നാണ് ഗുഹാ വാസികളുടെ കഥ. ഇതിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് അധ്യായത്തിൻ്റെ പേര് തന്നെ ഗുഹ എന്നർത്ഥം വരുന്ന കഹ്ഫ് (Cave) എന്ന് നൽകിയിരിക്കുന്നു.
ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണത്. അവർ അല്ലാഹുവിൽ വിശ്വസിച്ചു. അത് വഴി അല്ലാഹു അവരെ സൻമാർഗത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. അവർ ജീവിച്ച കാലഘട്ടം അധർമകാരികളുടേതായിരുന്നു. അക്രമിയായ രാജാവ്. അവരുടെ ബഹുദൈവ വിശ്വാസത്തെയും അന്യായങ്ങളേയും എതിർത്ത ചെറുപ്പക്കാരെ അവർ ദ്രോഹിച്ചു കൊണ്ടിരുന്നു.
അവരുടെ കൂടെ തുടർ ജീവിതം പന്തിയല്ലെന്ന് മനസ്സിലാക്കി അവർ നാട് വിട്ടു. പ്രാന്തപ്രദേശത്ത് ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. അവിടെ വച്ച് അവർ ദീർഘനിദ്രയിലായി. മൂന്ന് നൂറ്റാണ്ടിലധികം നീണ്ടു നിന്ന ഗാഢനിദ്ര. അതിനിടയിൽ അവരെ ഇടത്തോട്ടും വലത്തോട്ടും മാറ്റിക്കിടത്തിക്കൊണ്ടിരുന്നു. അവരുടെ ഗുഹാമുഖത്ത് അവരുടെ നായ ഇരു കൈകളും നീട്ടി കിടക്കുകയാണ്. തുറന്ന കണ്ണുമായി അവരുടെ കിടപ്പ് കണ്ടാൽ ഭീതി തോന്നുന്ന അവസ്ഥ. ഇതാണ് ഇത് സംബന്ധിച്ച് വന്ന വചനങ്ങളുടെ രത്ന ചുരുക്കം. അൽ കഹ്ഫ് വചനം എട്ട് മുതലാണ് അവരുടെ വർത്തമാനം ഖുർആൻ വിവരിക്കുന്നത്.
തുടർന്നു വചനം 22 ലാണ് ഇവരുടെ എണ്ണത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഉദ്ധരിക്കുന്ന കൂട്ടത്തിൽ നായ വീണ്ടും കടന്നു വരുന്നത്. അവർ മൂന്ന് പേരും നാലാമൻ നായയുമെന്ന് ഒരു പക്ഷം. അല്ല, അഞ്ച് പേരാണ്, ആറാമൻ നായയെന്ന് വേറൊരു കൂട്ടർ ഊഹിച്ചു പറഞ്ഞു. ഇനിയും ഒരു കൂട്ടർ അവർ ഏഴ് പേരാണ് എട്ടാമൻ നായയെന്ന് പറഞ്ഞു. അവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ചുരുക്കം ചിലർക്കേ ഉള്ളൂവെന്നും ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ തർക്കിക്കേണ്ടതില്ലെന്നും നിജസ്ഥിതി അറിയാൻ ആരോടും അന്വേഷിക്കേണ്ടതില്ലെന്നും കൂടി ഖുർആൻ ഉണർത്തുന്നുണ്ട്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം പൂർവാനുഭവങ്ങൾ ധാരാളമായി ഖുർആൻ വിവരിക്കുന്നുണ്ട്. പക്ഷെ, അവിടെയൊന്നും നടന്ന കാലമോ സ്ഥലമോ കഥാപാത്രങ്ങളോ സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിവരം ഖുർആൻ നൽകുന്നില്ല. അതിലെ ഗുണപാഠത്തിന് ഊന്നൽ നൽകുന്ന ഖുർആൻ, കഥയുടെ വിശദാംശങ്ങൾ കാര്യമാക്കുന്നില്ല. ഈ ഗുഹാ വാസികളുടെ കഥയും അങ്ങനെ തന്നെ. ഇവർ ഏത് കാലക്കാരാണെന്നും എത് രാജാവിൻ്റെ കാലത്താണ് ഇവർ പീഢനം സഹിക്കാനാകാതെ നാട് വിട്ടതെന്നും പിൽക്കാല വ്യാഖ്യാതാക്കൾ കണ്ടു പിടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.
യേശുവിൻ്റെ (ഈസാ നബി) കാല ശേഷം റോമൻ ചക്രവർത്തിയായിരുന്ന ദഖ്യാനൂസിൻ്റെ കീഴിൽ റോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായ ഒരു സ്ഥലത്താണ് നടന്നതെന്ന് പറയപ്പെടുന്നു. ഇന്നത്തെ ജോർദാനിൻ്റെ തലസ്ഥാനമായ അമ്മാനിനടുത്ത് സ്ഥിതി ചെയ്യുന്ന ഗുഹയും പള്ളിയും പ്രസ്തുത ഗുഹയും ഗുഹാ വാസികളുടെ സ്മരണക്ക് പിൽക്കാലക്കാർ നിർമിച്ച പള്ളിയുമാണെന്ന് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.
ഈ നായയെ പറ്റിയും അതിൻ്റെ പേരിനെ പറ്റി പോലും പിന്നീട് അന്വേഷണങ്ങൾ നടന്നു. ഖിഥ്മീർ എന്നാണ് ആ നായയുടെ പേരെന്ന് ചിലർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവർക്കിടയിൽ കൂടി പ്രചാരം നേടിയ കഥയാണ് ഗുഹാ വാസികളുടേത്. യേശുവിന് ശേഷം ക്രൈസ്തവ വിശ്വാസികൾ ജൂതൻമാരിൽ നിന്ന് കടുത്ത അടിച്ചമർത്തലിന് വിധേയമായ സംഭവങ്ങൾ ചരിത്രത്തിൻ്റെ ഭാഗമാണല്ലോ. അതിൽ ഒരധ്യായമായിരിക്കണം ഈ സംഭവം. അതിനാൽ ഗുഹാ വാസികളുടെ പേരും നായയുടെ പേരുമെല്ലാം വേദപണ്ഡിതരിൽ നിന്ന് ഉദ്ധരിച്ച് ഖുർആൻ വ്യാഖ്യാതക്കളിൽ ചിലർ രേഖപ്പെടുത്തി വച്ചിട്ടുണ്ട്.
വിശ്വാസികളെ പിന്തുടർന്നു അവർക്ക് കാവലൊരുക്കി കാത്തിരുന്ന നായ വലിയ മഹത്വത്തിന് പാത്രമായതായും സ്വർഗ പ്രവേശനത്തിന് അർഹത നേടിയതായും ചില വ്യാഖ്യാതാക്കൾ സൂചിപ്പിക്കുന്നുണ്ട്.
അത് പോലെ ദാഹിച്ച് പാരവശ്യം ബാധിച്ച് വലഞ്ഞ ഒരു നായയുടെ ദാഹം തീർക്കാൻ സാഹസിക നീക്കങ്ങൾ നടത്തിയ ദുർനടപ്പുകാരിയായ ഒരു സ്ത്രീ അക്കാരണത്താൽ സ്വർഗാവകാശിയായി മാറിയ കാര്യം തിരുനബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.(ബുഖാരി, മുസ് ലിം)
Leave A Comment