വിശേഷങ്ങളുടെ ഖുർആൻ ഭാഗം( 4):  അടുത്തറിത്തവരുടെ നേർ സാക്ഷ്യങ്ങൾ

അടുത്തറിത്തവരുടെ നേർ സാക്ഷ്യങ്ങൾ

വിശുദ്ധ ഖുർആൻ്റെ അകമ്പടിയോടെ അന്ത്യപ്രവാചകൻ (സ) പ്രബോധനം ആരംഭിച്ചപ്പോൾ അറേബ്യയിലെ ഖുറൈശികൾക്കിടയിൽ കടുത്ത അങ്കലാപ്പും ആശയക്കുഴപ്പവുമാണ് പ്രകടമായത്. ചുരുക്കം ചിലർ മാത്രമേ പ്രവാചകനെ അനുഗമിച്ചുള്ളൂ. അത് തിരുനബിയുമായി അടുത്ത ബന്ധമുള്ളവരും സമൂഹത്തിലെ താഴെ തട്ടിലുള്ളവരും.

അല്ലാത്തവർക്കൊന്നും പ്രവാചകൻ്റെ വ്യക്തി ജീവിതത്തിൽ എന്തെങ്കിലും സംശയുള്ളത് കൊണ്ടോ അദ്ദേഹം ഓതികേൾപ്പിക്കുന്ന ഖുർആൻ വചനങ്ങളുടെ മാസ്മരികത അനുഭവപ്പെടാത്തത് കൊണ്ടോ ആയിരുന്നില്ല. മറിച്ച് പുതിയൊരു മതവും അതിൻ്റെ ആചാര്യനായി മുഹമ്മദ് നബിയും സമൂഹത്തിൽ സ്വീകാര്യത നേടിക്കഴിഞ്ഞാൽ നിലവിലുള്ള സാമൂഹിക ഘടന താളം തെറ്റുകയും പലരുടെയും പദവിയും പ്രതാപവും നഷ്ടപ്പെടുകയും ചെയ്യും. പാരമ്പര്യ രീതികൾക്ക് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്ന ഖുറൈശി പ്രമുഖർക്ക് അത് താങ്ങാനാവില്ലായിരുന്നു. 

അതിനാൽ എന്ത് വില കൊടുത്തും അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. തിരുനബിയിൽ നിന്ന് ഖുർആൻ പാരായണം ശ്രവിക്കാനിടയായ പലരും അതിൽ ആകൃഷ്ടരായി ഇസ് ലാം സ്വീകരിച്ചു തുടങ്ങിയപ്പോൾ ഖുറൈശി നേതാക്കൾക്ക് ഉൽകണ്ഠയായി. തങ്ങളുടെ കാലിന്നടിയിൽ നിന്ന് മണ്ണൊലിച്ചു പോകുമോ? അങ്ങനെ അവർ ആരും ഖുർആൻ കേട്ട് പോകരുതെന്ന് തിട്ടൂരം ഇറക്കി. ഖുർആൻ ഇക്കാര്യം 'ഫുസ്സിലത് ' അധ്യായത്തിൽ വ്യക്തമാക്കുന്നു:

Also Read:വിശേഷങ്ങളുടെ ഖുർആൻ: 1

" സത്യനിഷേധികൾ ജൽപ്പിച്ചു - ഈ ഖുർആൻ നിങ്ങൾ ശ്രവിക്കരുത്. അത് പാരായണം ചെയ്യപ്പെടുമ്പോൾ അപശബ്ദമുണ്ടാക്കുക; എങ്കിൽ നിങ്ങൾ ജേതാക്കളായേക്കാം"(സൂക്തം: 26) അത് പോലെ ഖുർആൻ കേൾക്കാനിടയായ ചിലർ മനസ് മാറി ചഞ്ചല ചിത്തരാവുകയും ഗത്യന്തരമില്ലാതെ ഖുർആൻ വചനങ്ങളുടെ വശ്യത തുറന്നു സമ്മതിക്കുകയും ചെയ്തപ്പോൾ അവരെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിൽ നിർത്തിയ അനുഭവങ്ങളും ചരിത്രത്തിൽ വായിക്കാം. 

വലീദുബ്നിൽ മുഗീറ:

അക്കൂട്ടത്തിൽ പ്രമുഖനും ശ്രദ്ധേയനുമാണ് വലീദുബ്നിൽ മുഗീറ: പ്രവാചകത്വത്തിന് മുമ്പേ ദീർഘകാലം ജീവിച്ച ഖുറൈശികളിലെ മഖ് സൂം ഗോത്രക്കാരനായ അദ്ദേഹം വലിയ ധനികനും പ്രതാപിയും പൗരപ്രമുഖനുമായിരുന്നു. ജാഹിലിയ്യ കാലത്ത് കഅബ പുനർനിർമാണം നടന്ന വേളയിൽ കഅബയുടെ മൂന്ന് കോണുകൾ ഖുറൈശികളെല്ലാം കൂടി നിർമിച്ചു നൽകിയപ്പോൾ വലീദ് ഒറ്റയ്ക്ക് ഒരു കോൺ നിർമിച്ചു നൽകി. കൂടാതെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് വേണ്ടി ദിവസേന 10 വീതം ഒട്ടകങ്ങൾ അറുത്തു ഭക്ഷണം നൽകിയിരുന്നു. 

എന്നാൽ പ്രവാചകത്വവുമായി ഖുറൈശി ഗോത്രത്തിലെ ഹാശിം വംശത്തിൽ നിന്നുള്ള മുഹമ്മദ് ബ്നി അബ്ദില്ലാഹ്(സ) രംഗത്ത് വന്നപ്പോൾ മഖ് സൂം ഗോത്രക്കാരനായ വലീദിന് അത് ദഹിച്ചില്ല. ഖുറൈശികളുടെ തലവനും നേതാവുമായ താനും സഖീഫ് ഗോത്രത്തിലെ അബൂ മസ്ഊദ് അംറ് ബ് നി ഉമൈർ സഖഫിയും രണ്ട് പ്രദേശങ്ങളുടെയും തലവൻമാരായി ഉള്ളപ്പോൾ അത്രയൊന്നും യോഗ്യതയില്ലാത്ത മുഹമ്മദിന് ഖുർആൻ ഇറങ്ങുകയോ? ഇങ്ങനെയായിരുന്നു, വലീദിൻ്റെ ന്യായങ്ങൾ. ഈ വിഷയം ഖുർആൻ സുഖ്റുഫ് അധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. "എന്താ ഈ ഖുർആൻ രണ്ട് നാടുകളിലെ ഒരു മഹാ വ്യക്തിക്ക് അവതരിപ്പിക്കാത്തത്?"  
(സൂക്തം: 31). 

വലീദ് ഒരിക്കൽ നടന്നു പോകുമ്പോൾ തിരുനബി(സ) ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഗാഫിർ അധ്യായത്തിലെ ആരംഭ സൂക്തങ്ങളാണ് റസൂൽ ഓതിയിരുന്നത്. വലീദ് ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ റസൂൽ ഒരിക്കൽ കൂടി അത് ആവർത്തിച്ചു. അത് കേട്ട വലീദിൻ്റെ മനസിൽ അവാച്യമായ അനുഭൂതി. അകത്ത് ഇരമ്പി മറിഞ്ഞ ചിന്തയുടെ ഓളങ്ങളെ ഒളിപ്പിക്കാനായില്ല. നേരെ തൻ്റെ കൂട്ടുകാരുടെ സദസിലെത്തിയപ്പോൾ അദ്ദേഹം പ്രസ്താവിച്ചു - "ഞാൻ അൽപ്പം മുമ്പ് മുഹമ്മദിൻ്റെ ഖുർആൻ വചനങ്ങൾ കേൾക്കാനിടയായി. സത്യമായും അത് മനുഷ്യൻ്റെ വാക്കകളല്ല. ജിന്നുകളുടെ മൊഴികളുമല്ല. അതിന് വല്ലാത്തൊരു ഇമ്പമുണ്ട്. അവാച്യമായ അഴകുണ്ട്. അതിൻ്റെ മുകൾഭാഗം പുഷ്കലമാണ്. താഴ്ഭാഗം സമൃദ്ധമാണ്. അത് ഉയർന്നു കൊണ്ടേയിരിക്കും. അതിൻമേൽ മറ്റൊന്ന് ഉയരില്ല."

ഇത്രയും പറഞ്ഞു അയാൾ സ്ഥലം വിട്ടു. എന്നാൽ ഇത് കേൾക്കേണ്ട താമസം അവിടം പ്രക്ഷുബ്ധമായി. ഖുറൈശികൾക്കിടയിൽ വാർത്ത വൈറലായി. വലീദ് മതം മാറിയിരിക്കുന്നു! ഖുറൈശികളുടെ അലങ്കാരമാണദ്ദേഹം. അദ്ദേഹം അങ്ങോട്ട് പോയാൽ പിന്നെ ഖുറൈശികളുടെ ഒഴുക്കായിരിക്കും മുഹമ്മദിൻ്റെ മതത്തിലേക്ക്. അന്നേരം അബൂജഹ് ല് ബ്നു ഹിശാം ഇടപെട്ട് പറഞ്ഞു - പ്രശ്നമാക്കണ്ട. അദ്ദേഹത്തെ ഞാൻ ശരിയാക്കിക്കൊള്ളാം. 

അബു ജഹ് ല് വലീദിൻ്റെ വീട്ടിൽ വന്നു ഖിന്നനായി ഇരുന്നു. 

'എന്താ സഹോദരപുത്രാ വല്ലാണ്ടായിരിക്കുന്നു?'

പിന്നെ എങ്ങനെ വശംകെടാതിരിക്കും? ഖുറൈശികൾ മുഴുവൻ ഈ വാർധക്യകാലത്ത് നിങ്ങൾക്ക് വേണ്ടി പിരിവ് നടത്താനുള്ള ഒരുക്കത്തിലാണ്. നിങ്ങൾ മുഹമ്മദിൻ്റെ മതത്തെ വെള്ളപൂശി ആ അബൂ ഖുഹാഫയുടെ പുത്രൻ്റെയും (അബൂബക്റ് സിദ്ദീഖ് ) മുഹമ്മദിൻ്റെയും എച്ചിൽ പാത്രത്തിൽ വിരുന്നുണ്ണാൻ പോവുകയല്ലേ?'

വലീദ് കുപിതനായി. ' എനിക്ക് വേണ്ടി പിരിവോ? ഞാൻ നിങ്ങൾക്കിടയിലെ ഉയർന്ന പണക്കാരനല്ലേ? പിന്നെ അവരുടെ എച്ചിൽ പാത്രത്തിൽ ഞാൻ ഉണ്ണാൻ പോവുകയോ? അവർ തന്നെ കഞ്ഞിക്ക് വകയില്ലാതെ അരപ്പട്ടിണിയുമായി കഴിയുന്നവരാണല്ലോ.'

തുടർന്നു രണ്ട് പേരും കൂടി ധൃതി പിടിച്ചു ഖുറൈശി ഉന്നതാധികാരികളുടെ സദസ്സിലെത്തി. അവിടെ ഉള്ളവരോട് വലീദ് ചോദിച്ചു, മുഹമ്മദിൻ്റെ കാര്യത്തിൽ എന്താണ് നിങ്ങളുടെ അഭിപ്രായം? ഭ്രാന്തനാണെന്നോ? ഭ്രാന്തൻ്റെ പ്രലപനങ്ങൾ അയാൾ കാണിക്കുന്നുണ്ടോ? അവർ എക സ്വരത്തിൽ പറഞ്ഞു- ഇല്ല.' 

പിന്നെ അയാൾ ജ്യോൽസ്യനാണോ ? എപ്പോഴെങ്കിലും ജ്യോത്സ്യപ്പണി ചെയ്യുന്നതായി കണ്ടിട്ടുണ്ടോ?' ഇല്ലെന്നവർ പ്രതികരിച്ചു. ' പിന്നെ ആരാണെന്നാ താങ്കളുടെ നിലപാട്? അവരുടെ ചോദ്യം വലീദിനോടാണ്. വലീദ് തിരിഞ്ഞും മറിഞ്ഞും നോക്കി. അൽപ്പസമയം ചിന്തയിലാണ്ടു. തുടർന്നു മുഖം ചുളിച്ചു. വലീദ് പറഞ്ഞു തുടങ്ങി:

Also Read:വിശേഷങ്ങളുടെ ഖുർആൻ (2): ഖുർആൻ ഖു‌ർആൻ്റെ ദൃഷ്ടിയിൽ

'അയാൾ ജാലവിദ്യക്കാരനാണ്. ജാലവിദ്യയിലൂടെ കുടുംബാംഗങ്ങളെ പരസ്പരം അകറ്റുന്നത് നിങ്ങൾ കാണുന്നില്ലേ? അയാൾ കാണിക്കുന്നത് കൈമാറി വന്ന ജാലവിദ്യ മാത്രമാണ്.' ഇങ്ങനെയാണ് ഒടുവിൽ വലീദ് ആശ്വസിച്ചത്. സദസ്യർക്കും മറിച്ചൊന്ന് പറയാനില്ലായിരുന്നു. അൽ മുദ്ദസ്സിർ അധ്യായത്തിൽ അയാളുടെ വാക്കുകളും ഭാവങ്ങളും അതേപടി ഖുർആൻ ഉദ്ധരിക്കുന്നുണ്ട്.

തിരു നബി കേൾപ്പിച്ച വചനങ്ങൾ അവരെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന് വ്യക്തം. അത് എന്ത് കൊണ്ടെന്ന് കണ്ടെത്തുന്നതിൽ അവർ പരാജയപ്പെടുക്കയായിരുന്നു. 

ഉത്ബ ഇബ്നി റബീഅ:

ഖുറൈശികളിലെ അബ്ദു ശംസ് ഗോത്രത്തിലെ പ്രമാണിയാണ് ഉത്ബ ഇബ്നി റബീഅ. തിരു നബിയുടെ പുതിയ സന്ദേശവചനങ്ങൾ അവരെ ആശങ്കപ്പെടുത്തിയ തുടക്കകാലം. ഇയാളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അവർക്ക് ഒരു ധാരണയുമില്ല. ഒരു ദിവസം പൗരപ്രമുഖർ ഒന്നിച്ചിരുന്ന് കാര്യങ്ങൾ സംസാരിക്കയാണ്. ഹംസ (റ) ഇസ് ലാം ആശ്ളേഷിച്ചതിനെ തുടർന്ന് കൂടുതൽ പേർ ഇസ് ലാമിലേക്ക് കടന്നു ചെല്ലുന്നതിൽ ഉൽകണ്ഠാകുലരാണവർ. ചർച്ചയ്ക്കിടയിൽ ഉത്ബ ഒരു നിർദേശം വച്ചു. ഞാനൊന്ന് മുഹമ്മദിനെ നേരിൽ കാണട്ടെ. ചില ഓഫറുകൾ നൽകാം. സ്വീകരിച്ചാൽ നാം രക്ഷപ്പെട്ടല്ലോ. അവർ സമ്മതിച്ചു.

തിരു നബി(സ) ഹറം പള്ളിയിൽ ഒറ്റയ്ക്ക് ഇരിക്കുകയാണ്. ഉത്ബ അവിടെ ചെന്ന് ചില കാര്യങ്ങൾ സംസാരിക്കാൻ അനുമതി ചോദിച്ചു. ' പറയൂ, അബുൽ വലീദ് ! എന്താ കാര്യം? റസൂൽ(സ) പ്രതികരിച്ചു. ' നിങ്ങൾ സമൂഹത്തിൽ നിലയും വിലയും ഉള്ള ആളാണല്ലോ. ഇപ്പോൾ നിങ്ങൾ കൊണ്ട് വന്ന പുതിയ ആശയങ്ങളിൽ ജനങ്ങളെല്ലാം പ്രക്ഷുബ്ധരാണ്. നമ്മുടെ പാരമ്പര്യ മൂല്യങ്ങൾ കയ്യൊഴിച്ച് മുന്നോട്ട് പോകാനൊക്കുമോ? അത് കൊണ്ട് ഞാൻ ചില നിർദേശങ്ങൾ വയ്ക്കാം. അതിൽ സ്വീകാര്യമായത് നിങ്ങൾ തെരഞ്ഞെടുക്കാം.' 

നിങ്ങൾക്ക് ധനമോഹമാണ് ഇതിലേക്ക് നിങ്ങളെ നയിക്കുന്നതെങ്കിൽ വേണ്ടത്ര ധനം ഞങ്ങൾ സ്വരൂപിച്ച നൽകാം. വലിയ പദവിയും അധികാരവും വേണോ? ഞങ്ങൾ നിങ്ങളെ അറേബ്യയുടെ നേതാവായി വാഴിക്കാം. രാജാവാണോ? ഞങ്ങൾ അതിനും റെഡിയാണ്. അല്ല; വല്ല ഭൂത ബാധയാണെങ്കിൽ, അതിൽ പെട്ട് നിങ്ങൾക്ക് രക്ഷപ്പെടാൻ പ്രയാസമാണെങ്കിൽ ഞങ്ങൾ വേണ്ട ചികിൽസ നടത്തി അതിൽ നിന്ന് മോചിപ്പിക്കാം '. ഉത് ബ വാചാലനായി. തിരുനബി എല്ലാം ശ്രദ്ധിച്ച് കേട്ടു. 

തുടർന്നു പ്രതികരിച്ചു - 'നിങ്ങൾക്ക് പറയാനുള്ളത് കഴിഞ്ഞല്ലോ. ഇനി ഞാൻ ഏതാനും വചനങ്ങൾ നിങ്ങളെ കേൾപ്പിക്കാം.  അത് കേട്ടശേഷം നിങ്ങൾ തീരുമാനിക്കുക. അദ്ദേഹം സമ്മതിച്ചു. റസൂൽ(റ) ഫുസ്സിലത് അധ്യായത്തിൻ്റെ തുടക്കത്തിലെ ഏതാനും വചനങ്ങൾ ഈണത്തിൽ കേൾപ്പിച്ചു. ഉത് ബ അത് സാകൂതം ശ്രവിച്ചു. ഞാൻ ഓതിയത് കേട്ടല്ലോ, അബുൽ വലീദ് ! ഇനി നിങ്ങൾ തീരുമാനിക്കുക.

നേരെ ഖുറൈശി സഭയിൽ മടങ്ങിയെത്തിയ ഉത്ബയുടെ മുഖത്തെ ഭാവമാറ്റം അവർ ശ്രദ്ധിച്ചു. എന്തോ പന്തികേട് അവർ മണത്തു. 'എന്താ അബുൽ വലീദ്, വിശേഷം പറയൂ.'

'അത്..... ഞാൻ മുഹമ്മദിൽ നിന്ന് ചില വചനങ്ങൾ കേട്ടു. അത് സത്യമായും കവിതയല്ല, ജാലവിദ്യയല്ല, ജോൽസ്യ മന്ത്രങ്ങളുമല്ല. അത് കൊണ്ട് ഞാൻ പറയുന്നത് കേൾക്കൂ. അയാളെ പാട്ടിന് വിട്ടേക്കുക. ഏതെങ്കിലും അറബികൾ അയാളെ വകവരുത്തിയാൽ നമുക്ക് സമാധാനമായി. അല്ല, അയാൾ അറബികളുടെ മേൽ സ്വാധീനം നേടിയാൽ ആ അധികാരം നിങ്ങളുടേത് കൂടിയാണ്. ആ പ്രതാപം നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. അങ്ങനെ നിങ്ങൾ വലിയ ഭാഗ്യവാൻമാരായിത്തീരും. ഇതാണ് എൻ്റെ അഭിപ്രായം. പിന്നെ നിങ്ങളുടെ ഇഷ്ടം പോലെ.'

ഖുർആൻ ഒളിഞ്ഞു കേൾക്കാൻ ഖുറൈശി പ്രമുഖർ : 

അത് പോലെ അബൂസുഫ്യാൻ ബിൻ ഹർബ്, അബൂജഹ് ല് ബിൻ ഹിശാം, അഖ് നസ് ബിൻ ശുറൈഖ് തുടങ്ങിയവർ മൂന്ന് രാത്രികളിൽ റസൂലി(സ)ൻ്റെ പിറക് വശത്തിരുന്ന് തിരുനബിയുടെ  ഖുർആൻ പാരായണം കട്ട് കേട്ടതും അവർ വിസ്മയഭരിതരായി അതിനെതിരെ ഒരു നിലപാടും സ്വീകരിക്കാനാവാതെ നിസ്സഹായവസ്ഥയിൽ പെട്ട കഥയും ചരിത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഖുർആൻ പാരായണം ശ്രവിക്കുന്ന ഭാഷാജ്ഞാനികൾക്ക് അതൃപ്പവും അമ്പരപ്പും അടക്കിവയ്ക്കാനാവാത്ത അവസ്ഥ സംജാതമായതിന് ഇങ്ങനെ എത്ര ഉദാഹരണങ്ങൾ! 

ത്വുഫൈൽ ബിൻ അംറ് അദ്ദൗസി: 

ദൗസ് ഗോത്രത്തിലെ പ്രധാനിയും കുലീനനും സഹൃദയനുമായ തുഫൈൽ ഹജ്ജ് സീസണിൽ മക്കയിൽ വന്നപ്പോൾ മക്കയിലെ പ്രമുഖർ അദ്ദേഹത്തിൻ്റെ ചുറ്റും കൂടി. നാട്ടിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അവർ പറഞ്ഞു - ഇതാ ഇവിടെ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ പുതിയ മതവുമായി പ്രവാചകത്വ വാദവുമായി രംഗത്ത് വന്നിട്ടുണ്ട്. അയാൾ ഉരുവിടുന്ന വചനങ്ങൾ കേട്ടു നിൽക്കുന്നവരെ വിഭ്രമിപ്പിക്കുകയും അറിയാതെ അവർ അതിന് വശംവദരാവുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അത് കേൾക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ഞങ്ങൾ നൽകുന്ന മുന്നറിയിപ്പ്. കേട്ടു പോകാതിരിക്കാൻ ചെവിയിൽ പരുത്തി തിരുകുന്നതാണ് ഉത്തമം.

Also Read:വിശേഷങ്ങളുടെ ഖുർആൻ:( 3) നബിവചനങ്ങളിലൂടെ വിശുദ്ധ ഖുർആൻ 

തുഫൈൽ അവർ പറഞ്ഞത് പോലെ ചെയ്തു. കഅബയുടെ പരിസരത്തെത്തിയപ്പോൾ അവർ മുന്നറിയിപ്പ് നൽകിയ മുഹമ്മദ് നബിയുണ്ട് അവിടെ നമസ്കരിക്കുന്നു. അവിടത്തെ പാരായണം ശ്രദ്ധിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കേട്ട മാത്രയിൽ തന്നെ മനസിൽ അനുരണനം സൃഷ്ടിച്ചു. നിസ്കാരത്തിൽ നിന്ന് വിരമിച്ച ഉടനെ തിരുനബിയെ നേരിൽ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. മക്കക്കാർ  കേൾക്കരുതെന്ന് താക്കീത് ചെയ്തതും കേട്ടപ്പോൾ മനസിൽ ഓളങ്ങൾ സൃഷ്ടിച്ചതുമൊക്കെ. 

തുടർന്നു കൂടുതൽ ഖുർആൻ വചനങ്ങൾ കേൾക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. തിരു നബി(സ) കേൾപ്പിച്ചപ്പോൾ അദ്ദേഹം കോരിത്തരിച്ചു. 'ഇത്ര സുന്ദരമായ വചനങ്ങൾ ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല. ഇതിനേക്കാൾ നീതിയുക്തമായതൊന്നും ഞാൻ അറിഞ്ഞില്ല.' ഉടനെ ശഹാദത് കലിമ ചൊല്ലി അദ്ദേഹം ഇസ് ലാം സ്വീകരിച്ചു. തുടർന്നു കുടുംബത്തിലേക്ക് തിരിച്ചു പോയ അദ്ദേഹം കാര്യങ്ങൾ വിവരിച്ചപ്പോൾ ദൗസ് ഗോത്രത്തിലെ 80 ഓളം കുടുംബങ്ങൾ ഖുർആനിൻ്റെ തണലിലേക്ക് കടന്നു വന്നു.

ഇത് പോലെ ഖുർആനിൻ്റെ സ്വാധീനവും വശ്യതയും കാരണം സ്വന്തം വിശ്വാസം വലിച്ചെറിഞ്ഞു ഇസ് ലാമിലേക്ക് കടന്നു വന്ന അറബ് പ്രമുഖരുടെ കഥകൾ, ഖുർആൻ്റെ ഭാഷയിൽ വൈദഗ്ധ്യമുള്ളവർ  ആ വചനങ്ങളുടെ ആശയഗാംഭീര്യവും വിവരണ ഭംഗിയും ഉൾക്കരുത്തും കണ്ട് വിസ്മയഭരിതരായി, തങ്ങൾ ഇത് വരെ നഖശിഖാന്തം എതിർത്ത സരണി പുൽകാൻ നിർബന്ധിതരായതിൻ്റെ നേർസാക്ഷ്യങ്ങളാണ്. 

കടപ്പാട്:ചന്ദ്രിക ദിനപ്പത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter