താരിഖ് ബിന്‍ സിയാദ്
ഇസ്ലാമികപ്രതാപത്തിന്റെ ശിഷ്ട പ്രതീകമാണ് ഇന്നും സ്പെയിന്. ആ മഹച്ചരിതത്തിന് അടിത്തറ പാകിയത് താരിഖ്ബിന്സിയാദ് ആയിരുന്നു. ആ ഓര്‍മ്മകളെ അനുസ്മരിപ്പിച്ച് സ്പെയിനിന്റെ തെക്ക് ഭാഗത്തായി ജബല്‍താരിഖ് ഇന്നും തലയുയര്ത്തിനില്ക്കുന്നു. 670 ല്‍ (ഹിജ്റ50) മൊറോക്കോയിലായിരുന്നു താരിഖിന്റെ ജനനം. അമവീ ഭരണാധികാരി വലീദ്ബിന്അബ്ദില്മലികിന്റെ ഗവര്‍ണ്ണറായി ആഫ്രിക്കയിലെ ഭരണം നടത്തിയിരുന്ന മുസബ്നുനുസൈറാണ് അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത്. അതോടെ മുസബ്നുനുസൈറിന്റെ വിശ്വസ്തനും സൈന്യാധിപനുമായിത്തീര്ന്നു താരിഖ്. തന്റെ യുദ്ധപാടവവും ഇസ്ലാമികാവേശവും താരിഖ് അതില്‍ വേണ്ടുവോളം പ്രകടമാക്കി. ആഫ്രിക്കയിലെ ഇസ്ലാമിക വ്യാപനം ത്വരിതഗതിയാര്ന്നത് താരിഖിന്റെ വരവോടെയായിരുന്നു. അധികം താമസിയാതെ മൊറോക്കന്‍ നാടുകളെല്ലാം മൂസബ്നുനുസൈറിന്റെ അധികാരപരിധിയില്‍ വന്നു. സബ്ത പട്ടണം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
അതിശക്തമായ കോട്ടയും സുസജ്ജമായ സൈന്യവും അതിലുപരി സ്പെയിനിലെ ഗോത് രാജാവ് നല്കിപ്പോന്നിരുന്ന സൈനിക-സാമ്പത്തിക സഹായങ്ങളും കാരണം, പല പ്രാവശ്യം ശ്രമിച്ചുനോക്കിയെങ്കിലും സബ്ത കീഴടക്കാനായില്ല. അവസാനം താരിഖ്ബിന്സിയാദിനെ കാര്യങ്ങളേല്‍പ്പിച്ച് മുസബ്നുനുസൈര് ഖൈറുവാനിലേക്ക് തന്നെ മടങ്ങി. താരിഖ്ബിന്സിയാദ് അവസരത്തിനായി തക്കം പാര്‍ത്തിരുന്നു. യുദ്ധതന്ത്രങ്ങളുടെ ഭാഗമായി താരിഖ് സബ്ത രാജാവുമായി നല്ല ബന്ധത്തിനായി ശ്രമങ്ങള്‍ നടത്തുകയും അത് വിജയം കാണുകയും ചെയ്തു. അതിനിടയിലാണ് സ്പെയിനില്‍ ഭരണമാറ്റമുണ്ടായത്. അതോടെ അവിടത്തെ രാഷ്ട്രീയരംഗം കലുഷിതമായി. സ്പെയിന് കീഴടക്കാന്‍ കൊതിച്ചിരുന്ന സബ്ത രാജാവ് താരിഖിനോട് സഹായം തേടി. ഇതുതന്നെ അവസരം എന്ന് മനസ്സിലാക്കിയ താരിഖ് വിവരം മൂസബ്നുനുസൈറിനെ അറിയിച്ചു. ഖലീഫ വലീദിന്റെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ തുറൈഫുബ്നുമാലികിന്റെ നേതൃത്വത്തില്‍ 500 സൈനികരടങ്ങുന്ന സംഘത്തെ നിയോഗിക്കുകയും അവര്‍ കാര്യങ്ങള്‍ വിലയിരുത്തി അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സ്പെയിന് കീഴടക്കാനായി താരിഖിന്റെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം സജ്ജമായി. ഹിജ്റ 92 റജബ് 5നായിരുന്നു സൈന്യം യാത്ര തിരിച്ചത്.
കപ്പലുകളിലായി അവിടെയെത്തിയ സൈനികര്‍ ഒരുമിച്ചുകൂടിയത് ഇന്ന് ജബല്‍താരിഖ് എന്നറിയപ്പെടുന്ന, മധ്യധരണിയാഴിയും അറ്റലാന്റിക് സമുദ്രവും കൂടിച്ചേരുന്ന കടലിടുക്കിലെ മലക്ക് താഴെയാണ്. മുസ്ലിം സൈന്യം തങ്ങളുടെ നാട്ടില്‍ പ്രവേശിച്ചുകഴിഞ്ഞു എന്ന വിവരം അപ്പോള്‍ മാത്രമാണ് സ്പെയിന് രാജാവിന് ലഭിച്ചത്. അദ്ദേഹം വലിയൊരു സൈന്യവുമായി കൊറൊഡോവാ ലക്ഷ്യമാക്കി മുന്നേറി. താരിഖ് ആവശ്യപ്പെട്ടതനുസരിച്ച് മൂസബ്നുനൂസൈര് അയച്ചുകൊടുത്ത സഹായസൈന്യവും സ്പെയിനിലെത്തി. സൈനികരെ മുഴുവന്‍ താരിഖ് അണിനിരത്തി. അവിടെ വെച്ചാണ് അദ്ദേഹം കപ്പലുകള്‍ക്ക് തീകൊളുത്തി, തന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയത്. ആവേശഭരിതരായി സമരരംഗത്തിറങ്ങി ആ സൈന്യമായിരുന്നു ഇസ്ലാമിക ചരിത്രത്തില്‍ സുവര്‍ണ്ണതാളുകള്‍ തുന്നിച്ചേര്‍ത്തത്. ഹിജ്റ 92ലെ റമദാന് അവസാനിച്ചപ്പോഴേക്കും സ്പെയിന് മുസ്ലിംകളുടെ കൈയ്യിലെത്തിക്കഴിഞ്ഞിരുന്നു.
ശേഷം ഹിജ്റ 897ല്‍ ക്രിസ്തീയരുടെ കൈയ്യിലകപ്പെടുന്നത് വരെ എട്ട് നൂറ്റാണ്ടുകളോളം സ്പെയിന് ഇസ്ലാമികലോകത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ തലസ്ഥാനമായി നിലകൊണ്ടു. മുസ്ലിം ചരിത്രത്തിലെ ജാജ്ജ്വലമാനമായ വിജയങ്ങളുടെ ശില്പിയായിരുന്നു താരിഖ് ബിന്സിയാദെങ്കിലും അധികാരികളുടെ വടംവലികള്‍ക്കും ഭരണക്കൊതികള്ക്കും അദ്ദേഹം ഇരയാവുന്നതാണ് പിന്നീട് ചരിത്രം കാണുന്നത്. ഒട്ടേറെ പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്ന അദ്ദേഹം അവസാനം ക്രിസ്ത്വാബ്ദം 720ല്‍ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍, നൂറ്റാണ്ടാകുള്ക്കിപ്പുറം ഇന്നും മുസ്ലിം ലോകത്തിന് ആവേശത്തിന്റെ തിരയിളക്കം സമ്മാനിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും ഒരു താരിഖിന് വേണ്ടി മുസ്ലിം ലോകം എത്ര കാലം കാത്തിരിക്കേണ്ടിവരുമോ ആവോ..
Leave A Comment