ഇബ്നു ഹൈഥം; പ്രകാശ ശാസ്ത്രത്തിന്റെ പിതാവ്
ലോകോത്തര ശാസ്ത്ര പ്രതിഭകളിൽ പ്രമുഖനാണ് ഇബ്നു ഹൈഥം. പ്രകാശ ശാസ്ത്രത്തിന്റെ (OPTICS) പിതാവായി ഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ പൂർണ്ണ നാമം അബു അലി അൽഹസൻ ഇബ്നു അൽ ഹസൻ ഇബ്നുൽ ഹൈഥം എന്നാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ അൽ ഹസൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അൽ ബസ്വരി എന്നും ടോളമി രണ്ടാമൻ എന്നും വിളിക്കപ്പെടുന്നുണ്ട്. പ്രകാശ ശാസ്ത്രത്തിന് പുറമെ ഊർജതന്ത്രം, തത്വശാസ്ത്രം, ഗണിത ശാസ്ത്രം, വൈദ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം, സാങ്കേതിക ശാസ്ത്രം എന്നിവയിലും അദ്ദേഹം കഴിവ് തെളിയിച്ചു.
ജനനവും വളർച്ചയും:
എ.ഡി 965 ൽ ബസ്വറയിലാണ് ഇബ്നു ഹൈഥം ജനിച്ചത്. അന്നത്തെ പ്രധാന വിജ്ഞാന കേന്ദ്രങ്ങളായിരുന്ന ബഗ്ദാദിലും സ്വദേശമായ ബസ്വറയിലും വിദ്യാഭ്യാസം നടത്തി. ബസ്വറയിൽ തന്നെ ഉദ്യോഗസ്ഥനായി ജോലി നോക്കിയെങ്കിലും തന്റെ ചിന്തകൾക്ക് വിനയാകുമെന്ന് കരുതി ജോലി ഉപേക്ഷിച്ചു.
Also Read: അബ്ബാസ് ബ്നു ഫിർനാസ്:വായുവിൽ പറന്ന ശാസ്ത്രപ്രതിഭ
നൈൽ നദിയുടെ വെള്ളം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പദ്ധതി ചെയ്യുന്നതിന് അന്നത്തെ ഈജിപ്ത് ഭരണാധികാരി ഇബ്നു ഹൈഥമിനെ അങ്ങോട്ടേക്ക് വിളിപ്പിച്ചു. പക്ഷേ പദ്ധതി പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. രക്ഷപ്പെടാൻ ഭ്രാന്തഭിനയിച്ചെങ്കിലും രാജാവ് വീട്ടുതടങ്കലിലാക്കി. രാജാവിന്റെ മരണശേഷമാണ് അദ്ദേഹം മോചിതനായത്. അൽ അസ്ഹർ യൂണിവേഴ്സിറ്റിക്കടുത്തായിരുന്നു പിന്നീട് താമസം. ഇക്കാലയളവിലൊക്കെ ആരാധനയും ചിന്തയും ഗവേഷണവും എഴുത്തുമായിരുന്നു ഇബ്നു ഹൈഥമിന്റെ പ്രധാന ഹോബി.
ശാസ്ത്ര സംഭാവനകൾ:
നിരന്തരമായ പഠനമനനങ്ങളിൽ ജീവിതം കഴിച്ചു കൂട്ടിയ ഇബ്നു ഹൈഥം ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തത്രയുണ്ട്.
പഠന പരീക്ഷണങ്ങളിൽ ശാസ്ത്രീയ രീതി പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ആധുനിക ശാസ്ത്രീയ രീതിയുടെ ഉപജ്ഞാതാവാണ് അദ്ദേഹമെന്ന് റോസന്ന ഗൊഗിനി അഭിപ്രായപ്പെടുന്നുണ്ട്. നിരീക്ഷണം, പ്രശ്നത്തിന്റെ കൃത്യമായ നിർവ്വചനം, പരികൽപന, പരീക്ഷണം വഴി പരികൽപനയുടെ സാധുത പഠിക്കൽ, അപഗ്രഥനം തുടങ്ങിയ കൃത്യമായ നിരീക്ഷണ രൂപരേഖ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി.
ഭൗതികശാസ്ത്രത്തിലെ നോബേൽ സമ്മാന ജേതാവ് അബ്ദുസ്സലാം, ഇബ്നു ഹൈഥമിനെ എക്കാലത്തെയും മഹാന്മാരായ ഭൗതികശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് എണ്ണുന്നത്. ശാസ്ത്രചരിത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജോർജ് സാർട്ടൺ മധ്യകാലത്തെ ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
പ്രകാശ ശാസ്ത്രവും കിതാബുൽ മനാളിറും
പ്രകാശ ശാസ്ത്രത്തിന്റെ (Optics) പിതാവായിരുന്നല്ലോ ഇബ്നു ഹൈഥം. തന്റെ ലോക പ്രശസ്ത രചനയായ കിതാബുൽ മനാളിറിലാണ് ( Book of Optics) അദ്ദേഹം പ്രകാശശാസ്ത്ര സംബന്ധിയായ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. ഒരുപാട് കാലം യൂറോപ്പിനെ ആഴത്തിൽ സ്വാധീനിക്കുകയും യൂണിവേഴ്സിറ്റികളിലൊക്കെ പഠിപ്പിക്കപ്പെടുകയും ചെയ്ത ഗ്രന്ഥമാണിത്. വിറ്റ് ലോ, റോജർ ബേക്കർ, പെക്ഹാം തുടങ്ങി നിരവധി യുറോപ്യൻ ജ്ഞാനികളെ ഈ പുസ്തകം അതിയായി ആകർഷിച്ചിട്ടുണ്ട്.
Also Read:അൽ ബിറൂനി: ശാസ്ത്രലോകത്തെ ബഹുമുഖ പ്രതിഭ
കാചങ്ങൾ, ദർപ്പണങ്ങൾ, പ്രതിഫലനം, അപവർത്തനം എന്നിവയെക്കുറിച്ച് അനേകം പരീക്ഷണങ്ങൾ നടത്തിയ ഇബ്നു ഹൈഥം പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നുവെന്ന് തെളിയിച്ചു. പ്രതിഫലിതവും അപവർത്തിതവുമായ രശ്മികളെ ആദ്യമായി തിരശ്ചീനവും ലംബവുമായുള്ള ഭാഗങ്ങളാക്കി വിഭജിച്ചതും അദ്ദേഹമാണ്.
യൂക്ലിഡ്, ടോളമി തുടങ്ങിയവരുടെ ചിന്തകളടിസ്ഥാനമാക്കിയുള്ള ഊർജശാസ്ത്ര തത്വങ്ങൾ നിലനിന്നിരുന്ന കാലത്താണ് തീർത്തും വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ഇബ്നു ഹൈഥം കടന്നുവരുന്നത്. കൃത്യമായ പരീക്ഷണമടിസ്ഥാനമാക്കിയുള്ള തെളിവുകൾ കൊണ്ട് തന്റെ വാദഗതികൾ ശരിയാണെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു.ക്യാമറ ഒബ്സ്ക്യൂറ, പിൻഹോൾ ക്യാമറ എന്നിവയുടെ പ്രവർത്തനം ആദ്യമായി വിശദീകരിച്ചതും അദ്ദേഹം തന്നെയാണ്.
ഇബ്നു ഹൈഥമിന്റെ ഈ മേഖലയിലെ സംഭാവനകളെ ആദരിച്ചാണ് ഐക്യരാഷട്രസഭ 2015 ലോക പ്രകാശവർഷമായി ആചരിച്ചത്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചനയായ കിതാബുൽ മനാളിറിന്റെ ആയിരാം വാർഷികം കൂടിയായിരുന്നു 2015. "1001 കണ്ടെത്തലുകള്‍- ഇബ്നുല്‍ ഹൈതമിന്റെ ലോകം” ( 1001 Inventions and the World of Ibn Al-Haytham) എന്നായിരുന്നു അന്തര്‍ദേശീയ തലത്തില്‍ നടത്തിയ ആ കാമ്പയിനിന്റെ മുദ്രാവാക്യം തന്നെ.
ശാസ്ത്ര പഠനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹം എഴുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ പലതും ഇന്ന് യൂറോപ്യൻ പണ്ഡിതന്മാരുടെ പേരിലാണ് അറിയപ്പെടുന്നത്. എ.ഡി 1039 ൽ കയ്റോയിലാണ് ആ സമ്പന്ന ജീവിതത്തിന് അന്ത്യമായത്.
 


            
            
                    
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment