ഇയാസുല്‍ മുസനി(റ); അബൂതമാം പോലും ഉദാഹരിച്ച ബുദ്ധിയുടെ മാതൃക

ഉത്തമ നൂറ്റാണ്ടെന്ന് പ്രവാചകര്‍(സ്വ) വിശേഷിപ്പിച്ച ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഭൂജാതനാവുകയും കുശാഗ്ര ബുദ്ധി കൊണ്ട് പ്രസിദ്ധി കൈവരിക്കുകയും ചെയ്ത താബിഉകളില്‍ പ്രമുഖനായിരുന്നു ഇയാസുല്‍ മുസനി(റ). അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അക്കാലത്തെ ഏറ്റവും വലിയ കര്‍മശാസ്ത്ര പണ്ഡിതനെന്ന നിലയിലും എതിരാളികളുടെ കുടില ചിന്താഗതികളെ യുക്തിയുക്തം പ്രതിരോധിച്ച പോരാളി എന്ന നിലയിലും ഇയാസ്(റ) മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി. പണ്ഡിതപ്രഭുക്കന്മാര്‍ പോലും ശിഷ്യരായി അനുഗമിച്ച ഇയാസ്(റ)വിന്റെ ജീവിതം വിസ്മയങ്ങള്‍ നിറഞ്ഞതായിരുന്നു.

ബാല്യകാലം
ഹിജ്‌റ വര്‍ഷം 46ന് നജ്ദിലെ യമാമയില്‍, പ്രശസ്ത മാതൃഗോത്രമായ ഖുറൈശിയ്യയുടെ ഉപഗോത്രമായ മുസന്‍ വംശത്തിലായിരുന്നു ഇയാസ്(റ) ഭൂജാതനായത്. ബാല്യകാല ജീവിതം ബസ്‍റയിലായിരുന്നു. അവിടെയുള്ള പ്രമുഖ ആലിമീങ്ങളില്‍ നിന്നും വിദ്യ നുകര്‍ന്നതിന്ന് ശേഷം ഉപരി പഠനാര്‍ത്ഥം  ഡമസ്‌കസിലെത്തി. അമവീ ഭരണകൂടത്തിന്റെ ആസ്ഥാനമായിരുന്ന ഡമസകസില്‍ ജീവിച്ചിരുന്ന മുതിര്‍ന്ന സ്വഹാബാക്കളില്‍ നിന്നും താബിഉകളില്‍ നിന്നും ശിഷ്യത്വം സ്വീകരിച്ച മഹാന്‍ വ്യത്യസ്ത മേഖലകളില്‍ അഗാധജ്ഞാനിയാവുകയും കര്‍മശാസ്ത്രത്തില്‍ അഗ്രേസരനായി മാറുകയും ചെയ്തു.

ഇയാസ്(റ) ചെറുപ്പത്തിലേ മറ്റുള്ളവരേക്കാള്‍ മികവ് പുലര്‍ത്തിയിരുന്നുവെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് യഹൂദികളുമായി നടന്ന സംഭവം. മഹാന്‍ ഗണിതശാസ്ത്രം അഭ്യസിച്ചിരുന്നത് ഒരു യഹൂദി പണ്ഡിതനില്‍ നിന്നായിരുന്നു. ഒരിക്കല്‍ ചില യഹൂദികള്‍ ഗുരുവിന്റെ മജ്‌ലിസിലെത്തി. അവര്‍ ഗുരുവുമായി ഒരുപാട് മതകീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. മഹാനും ഇത് ശ്രവിക്കുന്നുണ്ടായിരുന്നു. ചര്‍ച്ചയ്ക്ക് ചൂട് പിടിപ്പിക്കാനെന്നോണം ഗുരു പറഞ്ഞു: മുഹമ്മദീയര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ വിസര്‍ജ്ജിക്കുകയില്ല. ആ അഭിപ്രായത്തെ ശരിവെച്ച് യഹൂദികള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. 

ഇത് കേട്ട മഹാന്‍ അവരുടെ സമ്മതത്തോടെ തന്റെ അഭിപ്രായം പങ്കുവെച്ചു. മഹാന്‍ ചോദിച്ചു: ഇഹലോകത്ത് മനുഷ്യന്‍ ഭക്ഷിക്കുന്നതെല്ലാം വിസര്‍ജ്യമാവാറുണ്ടോ?. ഇല്ലായെന്നും പകുതി ശരീരത്തിന്റെ പോഷകമായിത്തീരുന്നുവെന്നും അവരും സമ്മതിച്ചു. ഇഹലോകത്ത് നാം കഴിക്കുന്നതില്‍ പകുതിയും പോഷകമായിത്തീരുന്നുവെങ്കില്‍ സ്വര്‍ഗീയ ലോകത്ത് കഴിക്കുന്നത് പൂര്‍ണ്ണമായും ശരീരത്തിനുള്ള പോഷകമായിത്തീര്‍ന്നാല്‍ എന്താണിത്ര അത്ഭുതവും ആശങ്കയുമെന്ന് ഇയാസ്(റ) മറുപടി പറഞ്ഞു. വളര്‍ന്നുവലുതാവും തോറും ആ ബുദ്ധി വൈഭവവും പാണ്ഡിത്യവും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചു, പലരുടെയും കര്‍മാശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് അദ്ധേഹം തീര്‍പ്പു കല്‍പിച്ചു. 

അധ്യാപനം
കര്‍മശാസ്ത്ര മേഖലയിലെ വിജ്ഞാനപ്രസരണ കേന്ദ്രമായി മാറിയ ഇയാസ്(റ)ന്റെ ശിഷ്യര്‍ അനേകമായിരുന്നു. തങ്ങളുടെ ഗുരുവിന്റെ പേര് പറയുമ്പോള്‍ തന്നെ അവരെല്ലാം അഭിമാനം കൊണ്ടു. പല പണ്ഡിതപ്രഭുക്കന്മാരും ശൈഖുമാരും ഈ യുവ കേസരിയുടെ ശിഷ്യരാവാന്‍ നാഴികകള്‍ താണ്ടി ഡമസ്‌കസിലെത്തി. അങ്ങനെ ഇയാസ്(റ) വിജ്ഞാന വസന്തങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു പ്രശസ്ത അമവീ ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ അദ്ധേഹത്തെ കാണാനിടയായത്. 

പച്ച മേല്‍മുണ്ട് പുതച്ച, നീണ്ട താടിയുള്ള നാല് ഖുര്‍ആന്‍ വിശാരദന്മാരുടെ അകമ്പടിയോടെ മീശ മുളക്കാത്ത ഇയാസ്(റ) നടന്നു വരുന്നതാണ് അദ്ദേഹം കണ്ടത്. ഉടനെ അബ്ദുല്‍ മലിക് പറഞ്ഞു: മീശമുളയ്ക്കാത്തവന്റെ അനുയായികള്‍ക്കെന്തൊരു അപമാനമാണിത്. ശേഷം ഇയാസിന്റെ വയസ്സെത്രെയെന്ന് ചോദിച്ചു. അബൂബക്കറും ഉമറുമടങ്ങുന്ന കരുത്തുറ്റ സൈനികവ്യൂഹത്തിന്റെ സൈന്യധിപനായി പ്രവാചകര്‍(സ്വ) തെരെഞ്ഞെടുത്ത ഉസാമത്തു ബ്‌നു സൈദിന്റെ പ്രായമാണ് തന്റെയും വയസ്സെന്ന ഇയാസിന്റെ മറുപടിയില്‍ അത്ഭുതപ്പെട്ട അബ്ദുല്‍ മലികുബ്‌നു മര്‍വാന്‍ ബഹുമാനപുരസ്സരം ഇയാസിനെ നോക്കി.

ഇയാസ്(റ)നെ കാണാനായി പലരും നാഴികകള്‍പ്പുറത്തു നിന്ന് ഡമസ്‌കസിലെത്തി. ദൂരങ്ങള്‍ക്കപ്പുറമുള്ള ഒരു ഗ്രാമീണസമൂഹത്തിന്റെ നാട്ടു മൂപ്പനായിരുന്ന ഒരാള്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാനെത്തി. മൂപ്പന്‍ ചോദിച്ചു: ശുദ്ധ ജലം ഹറാമല്ല. മുന്തിരിയും ഈത്തപ്പഴവും നിഷിദ്ധമല്ല. ഇവയുടെ സമ്മിശ്ര രൂപമായ വീഞ്ഞ് മാത്രം നിഷിദ്ധമാവുന്നത് എന്ത് കൊണ്ടാണ്? ചോദ്യകര്‍ത്താവിനെ നോക്കി ഇയാസ്(റ) ചോദിച്ചു; ഞാന്‍ നിങ്ങളെ ജലം കൊണ്ടെറിഞ്ഞാല്‍ നിങ്ങള്ക്ക് വേദിനിക്കുമോ? ഇല്ലായെന്നു പറഞ്ഞപ്പോള്‍ വീണ്ടും ചോദ്യം: നിങ്ങളെ മണ്ണ് കൊണ്ട് എറിഞ്ഞാലോ? അതും വേദനിക്കില്ലായെന്നു പറഞ്ഞ ഗ്രാമീണനെ നോക്കി ഇയാസ്(റ) പറഞ്ഞു: കളിമണ്ണും വെള്ളവും മിശ്രിതമാക്കി കുഴച്ചുണക്കിയ മണ്‍കട്ട കൊണ്ടെറിഞ്ഞാല്‍ താങ്കള്‍ക്ക് വേദനിക്കുമോ? വേദനിക്കുമെന്ന് അംഗീകരിച്ച ഗ്രാമീണ സഹേദരനോട് ഇയാസ്(റ) പറഞ്ഞു: മിശ്രിതമാവുന്നതോടെ വിധിയില്‍ മാറ്റം വരുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. ഗ്രാമപ്രമുഖന് മറുപടിയൊന്നുമില്ലായിരുന്നു.

ബസ്വറയുടെ ന്യായാധിപനാകുന്നു
കര്‍മശാസ്ത്ര ലോകത്തെ പ്രമുഖനായി വാഴുന്ന കാലത്തായിരുന്നു അക്കാലത്തെ ഉമവീ ഖലീഫയും പരിത്യാഗിയുമായിരുന്ന ഉമര്‍ ബ്‌നു അബ്ദില്‍ അസീസ്(റ) ഇയാസ്(റ)നെക്കുറിച്ച് ശ്രവിക്കാനിടയായത്. ബസ്രയുടെ പുതിയ ഖാളിയെ നിശ്ചയിക്കുന്നതില്‍ ചിന്താമഗ്നനായിരുന്ന ഖലീഫയുടെ മനസ്സില്‍ ഇയാസിന്റെ പേരും ഇടം പിടിച്ചു. മറ്റൊന്ന് ഖാസിമുബ്‌നു റബീഅയുടേതായിരുന്നു. ധാര്‍മികതയില്‍ അടിയുറച്ച നിലപാട്, സൂക്ഷമജ്ഞാനി, കര്‍മശാസ്ത്ര വിശാരദന്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടുപേരും മികച്ചു നില്‍ക്കുന്നു. ഖലീഫ ഇറാഖിലെ ഗവര്‍ണറെ ഈ ദൗത്യമേല്‍പിച്ചു. ഗവര്‍ണര്‍ ഇരുവരെയും വിളിച്ച് അഭിപ്രായം അന്വേഷിച്ചു. ഗവര്‍ണറെയും അവര്‍ ആശയക്കുഴപ്പത്തിലാക്കി. അവസാനം ഹസനുല്‍ ബസ്വരിയുടെയും മുഹമ്മദ്ബ്‌നു സീരിന്റെയും അഭിപ്രായം മാനിച്ചായിരിക്കണം ഖാളിയെ തീരുമാനിക്കേണ്ടതെന്ന് ഇയാസ്(റ) പറഞ്ഞു. 

തന്നെ ഖാളിയാക്കാന്‍ സാധ്യതയുണ്ടെന്ന് ശങ്കിച്ച ഖാസിം ഗവര്‍ണര്‍ക്കു മുമ്പില്‍ വെച്ച് അല്ലാഹുവിന്റെ മേല്‍ സത്യം ചെയ്തതിനു ശേഷം ഇയാസ്(റ) തന്നേക്കാള്‍ ഉത്തമനും ഖാളീപഥത്തിന് അര്‍ഹതയുള്ളവനുമാണെന്ന് അറിയിച്ചു. ഇതു കേട്ട ഗവര്‍ണര്‍ ഇയാസ്(റ)വിന്റെ ഇരുകരങ്ങള്‍ ചേര്‍ത്തു പിടിച്ച് താങ്കളാണ് ബസ്വറയുടെ ഖാളിയെന്ന് പ്രഖാപിച്ചു.

നിലപാടുകളിലെ ഉറച്ച സ്വരം
ജീവിത പ്രശ്‌നങ്ങളുടെ കെട്ടഴിക്കാനും വിജ്ഞാനം കരഗതമാക്കാനും കര്‍മശാസ്ത്ര വിഷയങ്ങളിലെ ഒത്തുതീര്‍പ്പിന്നും ജനസജ്ഞയം ഇയാസിനെത്തേടി അതോടെ ബസ്വറയിലെത്തി. ഖാളിയായതിനു ശേഷം രണ്ടു പേര്‍ മഹാന്റ മുമ്പില്‍ പ്രശ്‌നം വെക്കാനെത്തി. ഒരാളുടെ കയ്യില്‍ പുതിയ പച്ച പട്ടും മറ്റൊരാളുടെ കയ്യില്‍ ചുവന്ന ഒരു പഴയ പട്ടുമുണ്ടായിരുന്നു. പുതിയ പട്ട് തന്റേതാണെന്നും പൊതുകുളത്തില്‍ കുളിക്കാനായി അഴിച്ചു വെച്ചിടത്ത് നിന്ന് ഒന്നാമന്‍ അത് കൈക്കലാക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമന്റെ പരാതി. ഇത് തന്റേത് തന്നെയാണെന്ന് ഒന്നാമനും. പ്രശ്‌നം സാകൂതം ശ്രവിച്ച ഇയാസ്(റ)  ഒരു ചീര്‍പ്പെടുത്ത് ഇരുവരുടെയും തല ചീകാന്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും തലയില്‍ പറ്റിപ്പിടിച്ച ചെറിയ ധൂളികള്‍ പുറത്ത് ചാടാന്‍ തുടങ്ങി. ചുവപ്പ് ചാടിയവന്ന് ചുവപ്പും പച്ച വീണവന്ന് പച്ചയും നല്‍കി ഇയാസ്(റ) ആ പ്രശ്നം ബുദ്ധിപൂര്‍വ്വം പരിഹരിച്ചു. 

ബുദ്ധികൗശലക്കാരനായ ഇയാസ്(റ)ന്റെ കുശാഗ്ര ബുദ്ധി ജനസമ്മതിയായിരുന്നു. ഒരിക്കല്‍ അദ്ധേഹം മൂന്ന് സ്ത്രീകളടങ്ങുന്ന തന്റെ സദസ്സില്‍ ഭീതിപൂര്‍ണ്ണമായ ഒരു സംഭവം വിവരിക്കുകയായിരുന്നു. സംസാരത്തിനടയില്‍ അദ്ധേഹം മൂന്ന് സ്ത്രീകളെ ചൂണ്ടി പറഞ്ഞു: ഇതിലൊരാള്‍ ഗര്‍ഭിണിയും മറ്റൊരുത്തി മുലകുടിക്കുന്ന പിഞ്ചുപൈതലുള്ളവളും മൂന്നാമത്തവള്‍ കന്യകയുമാകുന്നു. ഇത് എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഏതൊരാളും ഭയാനകമായ സാഹചര്യത്തില്‍ താനേറ്റവും സംരക്ഷിക്കുന്ന ശരീര ഭാഗത്തായിരിക്കും കൈകള്‍ വയ്ക്കുക. ഇവരില്‍ ഗര്‍ഭിണി തന്റെ ഉദരത്തിലും കന്യക തന്റെ ഗുഹ്യത്തിലും കൈകുഞ്ഞുള്ളവള്‍ തന്റെ സ്തനങ്ങളിലുമായിരുന്നു കൈകള്‍ വെച്ചത്. 

ബുദ്ധിയുടെ ഉദാഹരണമായി ഇയാസ്(റ) തന്റെ മരണ ശേഷവും  പ്രസിദ്ധിയാര്‍ജ്ജിച്ചു.  പ്രശസ്ത കവി അബൂതമ്മാമിന്റെ വരികള്‍ അറബി സാഹിത്യത്തില്‍ ആ പേരിനെ അനശ്വരമാക്കി. പ്രശ്ത അബ്ബാസി ഖലീഫയായ മഅ്മൂനെ വാഴ്ത്തി പാടിയതായിരുന്നു ആ വരികള്‍. അത് ഇങ്ങനെ വായിക്കാം, അംറു ബ്‌നു മഅദീ കരിബയുടെ സാഹസികതയും ഹാതിമുത്ത്വാഇയുടെ ഔദാര്യവും അഹ്‌നഫിന്റെ സഹനശീലവും ഇയാസുല്‍ മുസനിയുടെ കുശാഗ്ര ബുദ്ധിയും സമ്മിശ്രമായ മഹനീയമായ വ്യക്തിത്വത്തിനുടമയാണ് താങ്കള്‍.

മരണം
ഏകദേശം അരനൂറ്റാണ്ടോളം കാലം ബസ്വറയിലെ ഖാളി പഥമലങ്കരിക്കുകയും  ധിഷണാ വൈഭവം കൊണ്ട് സാമൂഹ്യ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്ത ഇയാസുല്‍ മുസനി(റ) ഇഹലോക വാസം വെടിഞ്ഞത് തന്റെ 76-ാം വയസ്സിലായിരുന്നു. മരണത്തിന്റെ തൊട്ട് മുമ്പുള്ള രാത്രി ഉറങ്ങുന്നതിനു മുമ്പ് അദ്ധേഹം മക്കളോട് പറഞ്ഞുവത്രെ, ഈ വയസ്സിലായിരുന്നു  എന്റെ പിതാവ് മരണപ്പെട്ടത്. 
അല്ലാഹു മഹാന്റെ കൂടെ സ്വര്‍ഗീയാരാമങ്ങളില്‍ നമ്മെ ഒരുമിച്ചു കൂട്ടിയനുഗ്രഹിക്കുമാറാവട്ടെ ആമീന്‍.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter