പൂക്കോട്ടൂര്‍ യുദ്ധം

1921-ലെ മലബാര്‍ സമരത്തിന്റെ ആസ്ഥാന ഭൂമികയായ മലപ്പുറത്തിന് മറക്കാനാവാത്ത ഒത്തിരി പോരാട്ടപരമ്പരകളുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മാപ്പിളയുടെ സാനിധ്യം കാണിക്കുന്ന ഈ സമരപരമ്പകളില്‍ ഒന്നാണ് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച പൂക്കോട്ടൂര്‍ യുദ്ധം. ഭാരതത്തിന്റെ മോചനത്തിനു വേണ്ടി മിനുറ്റില്‍ നാനൂറ് വെടിയുണ്ടകള്‍ ഉതിര്‍ക്കുന്ന മെഷിന്‍ ഗണ്ണേന്തിയ വെള്ള പട്ടാളത്തോട് നേരിട്ട് എതിര്‍ത്ത് 400-ഓളം മാപ്പിളമാര്‍ ശഹീദായ 1922- ഓഗസ്റ്റ് 26ന് നടന്ന പ്രസതുത പോരാട്ടത്തെ വില്യം ലോഗണ്‍ തന്റെ   'മലബാര്‍ മാന്വലി'ല്‍  'പൂക്കോട്ടൂര്‍ വാര്‍' എന്നാണ് വിശേഷിപ്പിച്ചത്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ആ വിളി തന്നെ അതിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു.

1922 കളില്‍ ബ്രിട്ടീഷുകാരന്റേയും നിലമ്പൂര്‍ തിരുമുല്‍പ്പാടിന്റെയും കീഴിലായിരുന്നു പൂക്കോട്ടൂരിലെ മുസ്‌ലിംകള്‍. അവര്‍ അവരുടെ ചൂഷണങ്ങള്‍ സഹിച്ചു. തിരുമുല്‍പ്പാടിന്റെ കാര്യസ്ഥനായ വടക്കെവീട്ടില്‍ മമ്മദ് തന്റെ സഹോദരന്‍മാരുടെ ദുരിതപൂര്‍ണമായ ജീവിതം കണ്ടുമടുത്തു. കുടിയാന്‍മാര്‍ക്ക് ആശ്വാസം നല്‍കാന്‍ മമ്മദ് തിരുമുല്‍പ്പാടിനെ അറിയിച്ചു. ഇത് തിരുമുല്‍പ്പാടിന് അസ്വാരസ്യമുണ്ടാക്കി, ഭീഷണിയായി. മമ്മദ് ഖിലാഫത്ത് പ്രവര്‍ത്തകനായിരുന്നു. തിരുമുല്‍പ്പാട് മമ്മദിനെ പുറത്താക്കി രാജ്യദ്രോഹിയായി മുദ്രകുത്തി. പൂക്കോട്ടൂരിലെ പോലീസ് മേധാവികളായിരുന്ന പുലാക്കല്‍ കരുണാകര മേനോന്‍, എം. നാരായണ മേനോന്‍ എന്നിവര്‍ തിരുമുല്‍പ്പാടിന്റെ കയ്യിലായിരുന്നു. സംഭവമറിഞ്ഞ ഒരു സംഘം ഖിലാഫത്ത് വോളണ്ടിയര്‍മാര്‍ മമ്മദിനെ സഹായിക്കാനെത്തി. കാരാട്ട് മൊയ്തീന്‍ ഹാജിയായിരുന്നു പൂക്കോട്ടൂരിലെ ഖിലാഫത്ത് നായകന്‍. മമ്മദും സംഘവും കോവിലകം പിടിച്ചടക്കി പള്ളിയാക്കാനും തിരുമുല്‍പ്പാടിനെ മാറ്റാനും ഒരുങ്ങുന്നുവെന്ന് മമ്മദിന്റെ പേരില്‍ പോലീസ് കള്ളക്കേസുണ്ടാക്കി. പോലീസ് മമ്മദിന്റെ വീട് റെയ്ഡ് ചെയ്തു മാപ്പിളമാരെ ഭീഷണിപ്പെടുത്തി. ബ്രിട്ടീഷ് പട്ടാളത്തോടും തിരുമുല്‍പ്പാടിനോടുമുള്ള രോഷം മാപ്പിളമാര്‍ക്കിടയില്‍ അഗ്നിയായി പടര്‍ന്നു. അവര്‍ എന്തിനും സജ്ജരായി.

എരിതീയില്‍ എണ്ണയൊഴിക്കുകയെന്നപോലെ ഇതിലേക്കാണ് ആ കിംവദന്തി പരന്നത് തിരൂരങ്ങാടിപ്പള്ളിക്ക് തീവെച്ചിരിക്കുന്നു, ആലിമുസ്ലിയാരെ അറസ്റ്റ് ചെയ്തിരിക്കുന്നു. നാല് ഭാഗത്ത് നിന്നും മാപ്പിളമാര്‍ തിരൂരങ്ങാടിയിലേക്ക് കുതിച്ചു. കര്‍ഷകരായിരുന്ന അവര്‍ കൊയ്ത്തരിവാളും മണ്‍വെട്ടിയും വാഴക്കുല ത്തണ്ട് വരെയെടുത്ത് വികാരത്തോടെ കുതിച്ചു. പൂക്കോട്ടൂരിലെ മാപ്പിളമാരും എന്തിനും തയ്യാറായി. വെള്ളക്കാരനേയും ജന്‍മിത്വത്തേയും പാഠം പഠിപ്പിക്കാനുള്ള ഒരവസരത്തിനായി അവര്‍ കാത്തിരുന്നു. പള്ളികളില്‍നിന്നും 'നഹാര' മുഴങ്ങി. ബദ്ര്‍ ബൈത്തിന്റെ ഈരടികളോടെ അവര്‍ തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു. ഇതറിഞ്ഞ ഖിലാഫത്ത് നേതാക്കളായ അബ്ദുറഹിമാന്‍ സാഹിബ്, മാധവന്‍ നായര്‍, മൊയ്തു മുസ്‌ലിയാര്‍, മൊയ്തീന്‍കോയ മുസ്‌ലിയാര്‍ എന്നിവര്‍ മാപ്പിളമാരുടെ അടുക്കലേക്ക് ചെന്ന് അവരെ ശാന്തരാക്കി. അബ്ദുറഹിമാന്‍ സാഹിബ് ഒരു കാളവണ്ടിയുടെ മുകളില്‍ കയറി നിന്നു പറഞ്ഞു, ആലി മുസ്‌ല്യാരെ അറസ്റ്റ് ചെയ്യുകയോ പള്ളിക്ക് തീ കൊളുത്തുകയോ ചെയ്തിട്ടില്ല, നിങ്ങള്‍ കേട്ടത് കള്ളമാണ്. നേതാവിന്റെ വാക്കുകള്‍ ജനം ചെവിക്കൊണ്ടു. 

അവര്‍ക്കിടയില്‍ വീണ്ടും കിംവദന്തി. അവര്‍ വീണ്ടും തിരൂരങ്ങാടിയിലെത്തി. ഇവരെ പിന്തിരിപ്പിക്കാനുള്ള ആലി മുസ്‌ലിയാരുടെ ശ്രമം പരാജയപ്പെട്ടു. ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ജനം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. വഴിക്ക് വെച്ച് പട്ടാളം തടഞ്ഞു. നിങ്ങള്‍ക്ക് എന്തുവേണമെന്ന പട്ടാള മേധാവി റൗളിയുടെ ചോദ്യത്തിനുടനെത്തന്നെ ജനക്കൂട്ടത്തിലേക്ക് വെടിയുണ്ട ചീറിപ്പാഞ്ഞു. ഇളകി മറിഞ്ഞ ജനം തക്ബീര്‍ ധ്വനികളോടെ പട്ടാളത്തിനു നേരെ ചാടിവീണു. റൗളിനേയും പോലീസ് മേധാവികളേയും വകവരുത്തി. പതിനേഴ് പേര്‍ രക്തസാക്ഷികളായി. സംഭവം പൂക്കോട്ടൂര്‍ക്കാരുടെ ചെവിയിലുമെത്തി, അവിടെ യുദ്ധത്തിനുള്ള ആഹ്വാനം മുഴങ്ങി. പൂക്കോട്ടൂരിലേയും മേല്‍മുറിയിലേയും യോദ്ധാക്കള്‍ ആവേശഭരിതരായി. അബ്ദു ഹാജി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം നിലമ്പൂര്‍ തിരുമുല്‍പ്പാടിന്റെ അടുത്തേക്ക് മാര്‍ച്ച് ചെയ്തു.

വഴിമധ്യേ എടവണ്ണ പോലീസ് സ്റ്റേഷന്‍ കയ്യേറി ആയുധം കൈക്കലാക്കി കോവിലകം ആക്രമിച്ചു. വെള്ളക്കാരന്റെ ചെരുപ്പ് നക്കിയായ തിരുമുല്‍പാടിനോട് അവര്‍ ദയ കാണിച്ചില്ല. നിലമ്പൂരില്‍ നിന്ന് പൂക്കോട്ടൂരിലേക്ക് തന്നെ ഒരു സംഘം മടങ്ങി. അവര്‍ മഞ്ചേരി സ്റ്റേഷന്‍ ആക്രമിച്ചു. ഖജാന കൈക്കലാക്കി. പൂക്കോട്ടൂര്‍ യുദ്ധത്തിന് കോപ്പ് കൂട്ടുന്നത് ബ്രിട്ടീഷുകാര്‍ അറിഞ്ഞു. ആഗസ്റ്റ് 24ന് മിലങ്കാറുടെ നേതൃത്വത്തില്‍ ഒരു സംഘം സൈന്യം പൂക്കോട്ടൂര്‍ ലക്ഷ്യമാക്കി നീങ്ങി. കൊണ്ടോട്ടിയില്‍ എത്തിയ സൈന്യത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. മാപ്പിളമാര്‍ റോഡ് തടസ്സപ്പെടുത്തിയിരിക്കുന്നു. ആഗസ്റ്റ് 26ന് അവര്‍ പൂക്കോട്ടൂര്‍ 26-ാം മൈലിലെത്തി. പൂക്കോട്ടൂരിന്റെ കണ്ണും കാതും യുദ്ധത്തിന് അണിഞ്ഞൊരുങ്ങി. ബദ്‌രീങ്ങളെ വിളി വീടുകളെയും നാടിനേയും ഭക്തി സാന്ദ്രമാക്കി. വടക്കെ വീട്ടിലെ മമ്മദാണ് മാപ്പിള സൈന്യാധിപന്‍. പരിശീലനം നല്‍കിയ ചെറുപ്പക്കാരെ റോഡിന് ഇരുവശമുള്ള വയലില്‍ ഒളിപ്പിച്ചിരുത്തി. ആംഗലേയ പട്ടാളത്തിന്റെ ബൂട്ടുകള്‍ പൂക്കോട്ടൂരിന്റെ മണ്‍തരികളെ പ്രകമ്പനം കൊള്ളിച്ചു. അവിടെ യുദ്ധക്കളമായി. പട്ടാളമേധാവി ലങ്കാസ്റ്റര്‍ക്ക് മുറിവേറ്റു. അയാള്‍ താമസിയാതെ മരണമടഞ്ഞു. മമ്മദും സഹോദരന്‍ കുഞ്ഞാമുവും വെടിയേറ്റു മരിച്ചു. 5 മണിയോടെ യുദ്ധം അവസാനിച്ചു. ഖിലാഫത്ത് നേതാവ് കാരാട്ട് മൊയ്തീന്‍കുട്ടി ഹാജിയും കുഞ്ഞിത്തങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടു. പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ സ്മാരകം പൂക്കോട്ടൂരില്‍ സ്ഥിതിചെയ്യുന്നു.

പൂക്കോട്ടൂരിന്റെ പഴക്കം ചെന്ന പള്ളി 450 ലേറെ പഴക്കമുള്ള പുല്ലാര ജുമുഅത്ത് പള്ളിയാണ്. പ്രസ്തുത പള്ളി പൊളിക്കാനെത്തിയ പാറനമ്പിയുടെ സൈന്യവുമായുണ്ടായ യുദ്ധത്തില്‍ രക്തസാക്ഷിത്തം വരിച്ച കോലാന്‍തൊടി പോക്കര്‍ അടക്കം 17 രക്തസാക്ഷികളുടെ ഖബര്‍ ഈ പള്ളിപരിസരത്തുണ്ട്. നേതാവായിരുന്ന പോക്കര്‍ ശഹീതിന്റേത് പള്ളിയുടെ മുന്‍ വശത്തും, മറ്റുള്ളവരുടേത് അതിന് തൊട്ടും സ്ഥിതി ചെയ്യുന്നു.

ശഫീഖ് വഴിപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter