അധിനിവേശം സമ്മാനിച്ച സാഹിത്യസൃഷ്ടികള്‍
വൈദേശികാധിപത്യത്തിനെതിരെയും അധിനിവേശശക്തികള്‍ക്കെതിരെയും ആദ്യമായി പോരാട്ടത്തിന്റെ ജ്വാലകള്‍ ഉയര്‍ന്നുപൊങ്ങിയ ഭൂമികയാണ് മലബാറിലേത്. 1498ല്‍ കൊളോണിയലിസം ഇന്ത്യയില്‍ കാല് കുത്തുന്നത് പോര്‍ച്ചുഗീസുകാരനായ വാസ്‌കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയപ്പോഴായിരുന്നു. അവിടുന്നങ്ങോട്ട് അധിനിവേശവിരുദ്ധ പോരാട്ട ചരിത്രത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയിട്ടുണ്ട് മലബാറിലെ മാപ്പിളമാര്‍. അടങ്ങാത്ത സമരവീര്യവുമായി പറങ്കികള്‍ക്കും ശേഷം ബ്രിട്ടീഷുകാര്‍ക്കുമെതിരെ സമരം ചെയ്ത മാപ്പിളമാരുടെ ഈ വിപ്ലവപ്രവര്‍ത്തനങ്ങള്‍ ചരിത്ര താളുകളിൽ പ്രസിദ്ധമാണ്. കായികമായി മാത്രമല്ല, സമരത്തിന്റെ ഭാഗമായി രചിക്കപ്പെട്ട സാഹിത്യകൃതികളും അനേകമാണ്. മാത്രമല്ല, കായികമായ പോരാട്ടങ്ങള്‍ക്കെല്ലാം ആവശേം പകര്‍ന്നത് ഈ കൃതികളായിരുന്നു എന്ന് വേണം പറയാന്‍. അധിനിവേശ വിരുദ്ധ സാഹിത്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇവക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഈടുറ്റ ഏടുകളാണവ. ഫത്‍വകൾ മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, കവിതകൾ തുടങ്ങി അറബിയിലും അറബി മലയാളത്തിലുമായി അനവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്.
സമരങ്ങളിലും ചെറുത്തുനിൽപ്പുകളിലും പോരാളികളെ പ്രചോദിപ്പിക്കുന്ന സർഗാത്മക രചനകൾ പിറവിയെടുക്കുക സ്വാഭാവികം. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ മാപ്പിളപ്പാട്ടിന്റെ സ്വാധീനം പ്രകടമാണ്. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പോരാട്ടരംഗത്ത് ഉറച്ചുനിർത്തുന്നതിന് മാപ്പിളപ്പാട്ടുകൾ ഏറെ സഹായകമായിട്ടുണ്ടെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. നിരന്തര സമരത്തിന്റെ പിന്നില്‍ ഊണും ഉറക്കവുമില്ലാതെ നിലകൊണ്ടത് അന്നത്തെ മലബാറിലെ മുസ്‍ലിംകളുടെ ആശാകേന്ദ്രവും ആത്മീയനേതൃത്വവുമായിരുന്ന പണ്ഡിതരായിരുന്നു. അവര്‍ നല്കിയ ഊര്‍ജ്ജത്തിലൂടെ മാപ്പിളമാര്‍ നടത്തിയ പ്രതിരോധം മൂലമാണ് പറങ്കികള്‍ക്കും മറ്റു വിദേശശക്തികള്‍ക്കും ഇവിടെ കാലുറപ്പിക്കാനാകാതെ പോയത്. ഇതില്‍ പ്രഥമ ഗണനീയമായ കൃതികളെ പരിചയപ്പെടാം.
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന പ്രധാന ചെറുത്തുനിൽപ്പുകളിലൊന്നാണ് 1921 ലെ മലബാർ സമരം. മാപ്പിള പോരാളികൾ കടുത്ത ജന്മി വിരുദ്ധരും ഗവൺമെന്റ് വിരുദ്ധരുമായിരുന്നു. ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ തഹ്‌രീളും സൈനുദ്ദീന്‍ മഖദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീനും ഖാളി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീനും പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തില്‍ അതുല്ല്യമായ പങ്കാളിത്തം ഉറപ്പ് വരുത്തിയിട്ടുണ്ട്. പറങ്കികള്‍ക്ക് ശേഷം വന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പിളമാരെ സമരരംഗത്തേക്ക് ഇളക്കിവിട്ടത് മമ്പുറം തങ്ങളുടെ സൈഫുല്‍ബത്താറും പുത്രന്‍ ഫള്ല്‍ തങ്ങളുടെ ഉദ്ദത്തുല്‍ ഉമറാഉമായിരുന്നു. താനൂര്‍ ഖിലാഫത്ത് കമ്മിറ്റി നേതാവും വലിയ കുളങ്ങര പള്ളിയിലെ മുദരിസുമായിരുന്ന ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‍ലിയാരുടെ മുഹിമ്മാത്തുല്‍മുഅ്മീനീനും ബ്രിട്ടിഷുകാര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ വിപ്ലവാത്മക രചനകള്‍ കാരണമായി ഇതിന്റെ രചയിതാക്കളില്‍ ചിലര്‍ക്കെല്ലാം അന്നത്തെ അധിനിവേശ ശക്തികളില്‍ നിന്ന് പല ഭീഷണികളും നേരിടേണ്ടതായി വന്നിട്ടുമുണ്ട്.
തഹ്‌രീള് അഹ്‍ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്വുല്‍ബാന്‍
പറങ്കികളായിരുന്നു ഇന്ത്യയില്‍ ആദ്യമായി അധിനിവേശം നടത്തിയത്. നാടിന്റെ സ്വാതന്ത്ര്യം തടയുന്നതോടൊപ്പം മതസ്വാതന്ത്ര്യത്തിനും വിശ്വാസ ആചാരങ്ങള്‍ക്കുമെതിരെ അവര്‍ രംഗത്തുവരുകയും മുസ്‍ലിംകളെ ദ്രോഹിക്കുകയും ചെയ്തതോടെ അവര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ഇന്ത്യയിലെ തന്നെ ആദ്യ സമരകൃതിയായ തഹ്‌രീളിന്റെ പിറവി. കൊച്ചിയില്‍ നിന്ന് ഇസ്‍ലാമിന്റെ പ്രബോധനാര്‍ത്ഥം പൊന്നാനിയിലെത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്റേതായിരുന്നു 177 വരികള്‍ വരുന്ന ഈ കാവ്യം.
എഴുത്തച്ചന്റെ അദ്ധ്യാത്മരാമായണത്തിനും ശ്രീമദ്ഭാഗവതത്തിനും മുമ്പേ ഈ സാഹിത്യ രചന വിരചിതമായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധത്തിനിറങ്ങേണ്ടത് ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണെന്ന ഈ ആഹ്വാനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടായിരുന്നു മാപ്പിളമാര്‍ കരയിലും കടലിലും പറങ്കികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയത്. തുഹ്ഫതുല്‍മുജാഹിദീനും ഫത്ഹുല്‍മുബീനും മുന്നോടിയായി വിരചിതമായ തഹ്‌രീള് അന്നത്തെ ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു.
തുഹ്ഫയുടെ രചന 1502ല്‍ ഗാമയുടെ പുനരാഗമനത്തിന് ശേഷമായിരിക്കാനാണ് സാധ്യത കല്പ്പിക്കപ്പെടുന്നത്. 1521 ല്‍ ശൈഖിന്റെ വഫാത്തിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മാപ്പിളമാര്‍ സ്വന്തമായി ഒരു നാവികപ്പട വികസിപ്പിച്ചെടുത്തിരുന്നു. ഗാമയുടെ പുനരാഗമനത്തിന് ശേഷമാണു പോര്‍ച്ചുഗീസുകാരുടെ അക്രമം വീണ്ടും വര്‍ദ്ധിച്ചത്. ആയുധം കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും ജിഹാദ് നിര്‍ബന്ധബാധ്യതയാണെന്ന് പ്രസ്താവിക്കുന്ന ഈ കാവ്യത്തില്‍ ശഹീദിന്റെ മഹത്വവും പറയുന്നുണ്ട്. കൊച്ചിയിലെ വ്യാപാരപ്രമുഖനും മഖ്ദൂമിന്റെ ശിഷ്യനുമായിരുന്ന കുഞ്ഞിമരക്കാര്‍ വിവാഹവേദി വിട്ടിറങ്ങി ധർമ്മ സമരത്തിൽ വിരോതിഹാസം രചിച്ചതും പ്രസ്തുത ആഹ്വാനങ്ങളെല്ലാം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം സൃഷ്ടിച്ചു എന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ്. ഇത്തരം പല ഗ്രന്ഥങ്ങളിലും സാമൂതിരിയെ തങ്ങളുടെ നേതാവായി അവതരിപ്പിക്കുന്നതും കാണാം. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യാന്‍ വരെ പറയുന്നുണ്ട് ഈ കവിതകളില്‍. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ സ്വകാര്യ ഗ്രന്ഥശേഖരത്തില്‍നിന്ന് സമാനമായ രണ്ട് കൃതികള്‍ ഈയടുത്ത് കണ്ടെത്തിയിരുന്നു. ഖുതുബാത്തുല്‍ജിഹാദിയ്യ, അല്‍ഖസീദത്തുല്‍ജിഹാദിയ്യ തുടങ്ങിയവയാണവ.
ജിഹാദിനുള്ള ആഹ്വാനമായി ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ എഴുതിയതും മഹല്ലുകള്‍ തോറും പ്രചരിപ്പിക്കപ്പെട്ടതുമായ മറ്റൊരു കൃതിയാണ് അസ്സൈഫുല്‍ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫ്ഫാര്‍ വ യത്തഖിദുഹും മിന്‍ ദൂനില്ലാഹി അന്‍സ്വാര്‍ എന്നാണ് അറബി നാമം. 1841ലെ മുട്ടിച്ചിറ കലാപത്തിന്റെ ശേഷമായരുന്നു ഈ കൃതിയുടെ പിറവി എന്നാണ് ഭുരിപക്ഷം ചരിത്രകാരന്‍മാരുടെയും അഭിപ്രായം. എട്ടുചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിട്ടാണ് ഇത്. വൈദേശിക ഭീകരവാഴ്ചയുടെ നേരെ മുസ്‌ലിംകള്‍ എക്കാലത്തും നിലകൊള്ളേണ്ട നിലപാടിനെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ച ഇത് പ്രദാനം ചെയ്യുന്നുണ്ട്. മലബാറിലെ ജന്മികള്‍ കുടിയന്മാരോട് കാണിച്ചിരുന്ന ക്രൂരതകള്‍ക്കെതിരില്‍ കുടിയാന്‍ പക്ഷത്തോട് അനുഭാവം പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം തന്നെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുന്ന ബ്രീട്ടീഷ് തന്ത്രം മനസ്സിലാക്കിയ തങ്ങള്‍, ഇരുകൂട്ടരുടെയും പൊതുശത്രു ബ്രിട്ടീഷുകാരാണെന്ന നിജസ്ഥിതി ഉയർത്തികൊണ്ട് വരാനാണ് ശ്രമിച്ചത്. ഭിന്നിപ്പികള്‍ സൃഷ്ടിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മുട്ടിച്ചിറ കലാപം ഹിന്ദുമുസ്‌ലിം കലാപമമായി വളര്‍ത്തിയത് ബ്രിട്ടീഷുകാരുടെ കുല്സിത നീക്കമായിരുന്നു.
അധിനിവേശബുദ്ധിയുമായി മുസ്‌ലിം രാജ്യത്തേക്ക് കടന്നുവരുന്ന അന്യമതസ്ഥരോട് എന്ത് നിലപാടെടുക്കണമെന്ന് തങ്ങള്‍ കൃത്യമായി നിഷ്കര്‍ശിക്കുന്നണ്ടതില്‍. പള്ളികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയുമായിരുന്നു സൈഫുല്‍ബത്താറിന്റെ ആശയങ്ങള്‍ പ്രചരിച്ചത്. മര്‍ദ്ദിതരുടെ ഓരം ചാരി മമ്പുറം തങ്ങള്‍ നടത്തിയ ഈ ശ്രമങ്ങളാണ്, ബ്രീട്ടീഷുകാരെ വിറപ്പിച്ച 1843 ലെ പ്രസിദ്ധമായ ചേരൂര്‍ പടയിലേക്ക് വരെ മാപ്പിളമാരെ ഉത്തേജിപ്പിച്ചത്. മമ്പുറം തങ്ങള്‍ നേരിട്ട് ആ യുദ്ധത്തില്‍ പങ്കെടുത്തിരുന്നെന്ന് പറയപ്പെടുന്നു. പ്രസ്തുത യുദ്ധത്തിൽ നിന്ന് ഏറ്റ മുറിവാണ് തങ്ങളുടെ വിയോഗ കാരണമെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. സൈഫുൽ ബത്താറിന്റെ കോപ്പികള്‍ കണ്ടുപിടിച്ച് നശിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. അതിന്റെ ഉള്ളടക്കത്തെ അവര്‍ അത്രത്തോളം ഭയന്നിരുന്നു എന്ന് സാരം. ഗാന്ധിജി നിസ്സഹകരണം എന്ന ആശയം മുന്നോട്ട് വെക്കുന്നതിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്പുറം തങ്ങള്‍ പ്രസ്തുത ആശയവുമായി മുന്നോട്ട് വന്നിരുന്നു എന്നും ഈ ഗ്രന്ഥത്തില്‍നിന്ന് മനസ്സിലാക്കാം.
ഉദ്ദത്തുല്‍ഉമറാഅ്
ഉദ്ദത്തുല്‍ ഉമറാഅ് വല്‍ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്‌നാം എന്നാണ് പൂര്‍ണ്ണനാമം. മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനായ സയ്യിദ് ഫള്ല്‍ തങ്ങളാണ് ഇതിന്റെ രചയിതാവ്. ആദ്യമായി അറേബ്യയില്‍ അച്ചടിക്കപ്പെട്ട ഈ കൃതിയുടെ ലക്ഷ്യം തന്നെ കൊളോണിയല്‍ വിരുദ്ധതയായിരുന്നു.
മലബാറില്‍ മമ്പുറം തങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് വിരുദ്ധപോരാട്ടങ്ങളുടെ പണ്ഡിതമുഖമായിരുന്നു ഫള്ല്‍ തങ്ങള്‍. 1852ല്‍ ബ്രിട്ടീഷുകാര്‍ തന്ത്രപരമായി അദ്ദേഹത്തെ നാടുകടത്തിയതിന് ശേഷമായിരുന്നു തങ്ങള്‍ ഇത് രചിക്കുന്നത്. മക്കയിലേക്കു പോയ ഫള്ല്‍ തങ്ങള്‍ യമനിലുമെത്തിയിരുന്നു. ഈ സമയം ഉസ്മാനിയ്യ ഖിലാഫത്തിനെ നാമാവശേഷമാക്കാന്‍ പഠിച്ചപണി (ക്രീമിയന്‍ യുദ്ധം നടക്കുന്ന കാലം) പതിനെട്ടും പയറ്റി യൂറോപ്യര്‍ അവരോട് യുദ്ധം ചെയ്യുന്ന കാലമായിരുന്നു അത്. സുല്‍ത്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഫസൽ തങ്ങളുടെ ഈ രചന.
മമ്പുറം തങ്ങളുടെ സൈഫുല്‍ ബത്താറും ഇതില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. മലബാറിലെത്തിയ ഈ കൃതി കലക്ടര്‍ കൊണോലിയാണ് നിരോധിക്കുന്നത്. 9 അദ്ധ്യായങ്ങളിലായി 168 പേജുകളുണ്ടായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മമ്പുറം പള്ളിയില്‍ നിന്നും മറ്റുമായി അദ്ദേഹം നടത്തിയ ഖുതുബകള്‍ പ്രസിദ്ധമാണ്. ജന്മിമാരോട് കടുത്ത നിസ്സഹകരണം പ്രഖ്യാപിക്കാന്‍ അന്ന്തന്നെ തങ്ങള്‍ ആഹ്വാനം ചെയ്തിരുന്നു.
വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് പോലെ, ആത്മീയമായി പുരോഗമനമില്ലാത്ത പുതുമുസ്‍ലിംകളായ സാധാരണക്കാരില്‍ അമര്‍ഷവും അവേശവും കുത്തിനിറച്ചുകൊണ്ടും, അവരെ പ്രാകൃത ആയുധങ്ങളണിയിച്ചു കൊണ്ടും ബ്രീട്ടീഷുകാര്‍ക്കെതിരല്‍ യുദ്ധം ചെയ്യിക്കുക എന്നതായിരുന്നില്ല അക്കാലത്തെ കേരളീയ മുസ്‌ലിം സമരനേതാക്കള്‍ ചെയ്തിരുന്നെന്നതിന്റെ ഒന്നാന്തരം സാക്ഷി കൂടിയാണീ കൃതി. ഇസ്‌ലാം മതപ്രബോധനത്തിന്റെ ആവശ്യകതയും രീതിയും പഠിപ്പിക്കുന്ന നാല് ഖുര്‍ആന്‍ സൂക്തങ്ങളുദ്ധരിച്ചു കൊണ്ടാണീ കൃതിയുടെ തുടക്കം. വിജ്ഞാനം, വിദ്യാഭ്യാസം, ഉദ്‌ബോധനം, നന്മയിലേക്കുള്ള പ്രചോദനവും തിന്മയില്‍ നിന്ന് പിന്തിരിപ്പിക്കുലും, മതപണ്ഡിതന്‍മാരുടെയും നേതാക്കളുടെയും സ്ഥാനവും ബാധ്യതയും, അല്ലാഹുവിന്റെ മാര്‍ഗത്തിലള്ള സമരം, ഇസ്‌ലാമിന്റെ അജയ്യത തുടങ്ങി അനവധി മൗലിക വിഷയങ്ങള്‍ പ്രസ്തുത കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.
1921ൽ മേൽ പ്രസ്താവിക്കപ്പെട്ടത് പ്രകാരം തയാറാക്കപ്പെട്ട ഫത്‍വയാണ് പരീക്കുട്ടി മുസ്‍ലിയാരുടെ മുഹിമ്മാത്തുൽമുഅ്മിനീൻ. സമരത്തിന് ആവേശം നൽകുന്നതിൽ പ്രസ്തുത കൃതിയുടെ സ്വാധീനവും ചെറുതല്ല. നാൽപ്പത് പേജുകളുള്ള മുഹിമ്മാത്ത് ഖുർആൻ സൂക്തങ്ങൾ, പ്രവാചക വചനങ്ങൾ, പണ്ഡിതരുടെ ഉദ്ധരണികൾ എന്നിവ ക്രോഡീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന കൃതിയാണ്. ബ്രിട്ടീഷുകാർ ഇത് നിരോധിക്കുകയും കോപ്പികൾ കണ്ടു കെട്ടുകയും പിന്തുണച്ചവർക്കെതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു എന്നത് സ്വാതന്ത്ര്യ സമരത്തിൽ കൃതിയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നുണ്ട്.
മലബാർ സമരവുമായി ബന്ധപ്പെട്ട് അറബി മലയാളത്തിൽ മാത്രമല്ല അറബിയിലും നിരവധി ഫത്‍വകളും കവിതകളും എഴുതപ്പെട്ടിട്ടുണ്ട്. താനൂർ അബ്ദുർറഹ്മാൻ ശൈഖിന്റെ പൗത്രൻ അഹ്മദ് കുട്ടി എന്ന ആറ്റ മുസ്‍ലിയാർ രചിച്ച അറബി കാവ്യം ശ്രദ്ധേയമാണ്. മലബാർ സമര ചരിത്രപഠനത്തിൽ കൂടുതൽ വിശകലന വിധേയമാകാത്ത രചനയാണിത്. 46 വരികളാണ് ആറ്റ മുസ്‍ലിയാരുടെ ഈ കവിതയിലുള്ളത്. ബ്രിട്ടീഷുകാരുടെ ക്രൂരതകൾ, 1921ലെ മലബാർ സമരത്തിലേക്ക് നയിച്ച കാരണങ്ങൾ, രാജകക്ഷി പണ്ഡിതന്മാർക്കെതിരെയുള്ള വിമർശനം തുടങ്ങിയ കാര്യങ്ങളാണ് കവിതയിലെ പ്രതിപാദ്യവിഷയങ്ങൾ. വായനക്കാരന് അനായാസം ആലപിക്കാനും മനഃപാഠമാക്കാനും സാധിക്കുന്ന ശൈലിയാണ് ഇതില്‍ സ്വീകരിച്ചത് എന്നത് കൃതിയുടെ മാറ്റ് കൂട്ടുന്നത്.
മഹാത്മാഗാന്ധി, അലി സഹോദരന്മാർ തുടങ്ങിയവർ ദേശീയതലത്തിലും യാക്കൂബ് ഹസൻ, മൊയ്തീൻകോയ, ഗോപാലൻനായർ, മാധവൻ നായർ തുടങ്ങിയവർ പ്രാദേശികതലങ്ങളിലും നടത്തിയ സമര പ്രഖ്യാപനങ്ങളെയും കവി പ്രശംസിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും രാജ്യ പുരോഗതിക്കും വേണ്ടി എപ്രകാരമാണ് നമ്മുടെ പൂർവികർ സഹകരിച്ചതെന്നതിന്റെ വിളംബരം കൂടിയാണ് ആറ്റ മുസ്‍ലിയാരുടെ കവിത. പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളുടെ ഫത്‍വ, കോക്കൂർ കുഞ്ഞഹമ്മദ് മുസ്‍ലിയാരുടെ മൽജഉൽ മുതവസ്സിലീൻ, കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയുടെ പാട്ടുകൾ തുടങ്ങിയ സർഗാത്മക ആവിഷ്‌കാരങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടത്തിന് അതുല്യ സംഭാവനകളർപ്പിച്ചവയാണ്.
കെ വി എം പന്താവൂരിന്റെ കവിതകളാണ് ഈ രംഗത്തെ മറ്റൊരു കൃതി. പന്താവൂരിന്റെ മാപ്പിള കാവ്യങ്ങളെ വൈവിധ്യമാക്കുന്നത് വിഷയ പ്രാധാന്യവും സുതാര്യമായ ഭാഷാപ്രയോഗങ്ങളുമാണ്. അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകളില്‍ ഏറെ പ്രാധാന്യമർഹിക്കുന്നത്, മലബാര്‍ കലാപത്തെക്കുറിച്ച് കഥാകാവ്യ രൂപത്തില്‍ എഴുതിയ, 'പട്ടാള നിയമം: അഥവാ മാപ്പിള ചരിത്ര ബിന്ദുക്കള്‍' എന്ന കൃതിയാണ്. മലബാര്‍ സമരത്തിലൂടെ കടന്നുപോവുന്ന ഈ കൃതിയിലെ ഓരോ കാവ്യവും വിശദീകരണങ്ങളും സരളമായ ഭാഷാപ്രയോഗങ്ങളാല്‍ സമ്പന്നമാണ്. മലബാര്‍ സമരത്തിന്റെ അടിവേരുകള്‍ അന്വേഷിക്കുന്നവര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴില്‍ പൊറുതിമുട്ടിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ മാപ്പിളകര്‍ഷകരുടെ ജീവിത പരിസരത്താണ് ചെന്നെത്തുക. തന്റെ കഥാകാവ്യം പന്താവൂര്‍ ആരംഭിക്കുന്നത് തന്നെ മലബാര്‍ സമരത്തിന്റെ മൂലകാരണങ്ങളില്‍ നിന്നാണ്. ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനെതിരില്‍ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ അക്കാലത്ത് നിരവധി സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്.
മലബാര്‍ സമരത്തിലെ വിപ്ലവനായകനായിരുന്ന വാരിയംകുന്നത്ത് കഞ്ഞഹമ്മദ്ഹാജിയുടെ വിപ്ലവ വീര്യം പന്താവൂര്‍ പരിചയപ്പെടുത്തുന്നത് ചില വരികള്‍ നോക്കാം:
ഇശല്‍: മാരരന്നബി
ബാല്യകാലം തൊട്ട് ബ്രിട്ടനോടെതിര്‍ത്തു- പോന്ന
പാരമ്പര്യം അമ്മഹാനിലുണ്ട് തീര്‍ത്തും
പാരതന്ത്ര്യം വച്ചു പോറ്റാന്‍ പറ്റുകില്ല – ഹൃദയം
തീരെയാ ധീരന്ന് സമ്മതിക്കുകില്ലാ
പോരടിക്കാനും മരിക്കാനും
ഒരുക്കം – പക്ഷേ ഭീരുവാം
അടിമയാകാന്‍ ഇല്ലൊരുക്കം…...
മലബാര്‍ സമരത്തെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം തങ്ങളുടെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്താനുറച്ചു. അത് മനസിലാക്കിയ ദേശക്കൂറും വിശ്വാസ ദാര്‍ഢ്യവുമുള്ള മാപ്പിളമാര്‍ പൊരുതി മരിക്കാനുറച്ചു. അവരുടെയുള്ളില്‍ നുരഞ്ഞു പൊന്തിയ ബ്രിട്ടീഷ് വിരോധം പന്താവൂര്‍ പാട്ടാക്കിയത് ഇങ്ങനെ വായിക്കാം:
ഇശല്‍: ബിലമതേറവെ…
ക്ഷുഭിതരാം ജനം ഒരു പരീക്ഷണം അഭിമുഖീകരിച്ചതിലവര്‍ ക്ഷമയറ്റൂ
പക്ഷെ, കടിച്ചമര്‍ത്തിക്കൊ ണ്ടണപ്പല്ലങ്ങനെ ഞെരിക്കലായ്
തകര്‍ക്കണം, ഇതൊന്നമര്‍ത്തണം
വെള്ള പടയെ മുഴുക്കയും നുറുക്കണം
പൊരുതണം നമ്മള്‍ മരിക്കണം
ബ്രിട്ടന്‍ നടുങ്ങണം ഇന്ത്യ ഒഴിക്കണം...
ഹിന്ദു- മുസ്‌ലിം മൈത്രിക്ക് ഭംഗം വരുത്തിയാല്‍ മാത്രമേ തങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ മോഹങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് അവര്‍ ധരിച്ചിരുന്നു. അധികൃതരുടെ ഈ ചിന്തയെ പന്താവൂര്‍ തന്റെ പാട്ടിലൂടെ തുറന്നുകാട്ടുന്നത് കാണുക:
ഇശല്‍: താമരപ്പൂങ്കാവനത്തില്‍
ഹിന്ദു -മുസ്‌ലിം വര്‍ഗ്ഗഭാവം കുത്തിവച്ചു
അന്ന് ഹീനരാം ബ്രിട്ടീഷുകാരി നാട്ടി'ലിരുപത്തൊന്നി'ല്‍
മുള്ള് മുള്ള് കൊണ്ടു തന്നെ നീക്കുവാനുറച്ചു
കള്ളവും കാപട്യവും ബ്രിട്ടീഷുകാര്‍ വിതച്ചു
ഹിന്ദു മുസ്‌ലിമൊത്തുചേര്‍ന്നു പോരടിച്ചാല്‍ പിന്നെ
ഇന്ത്യയെ അടിമയാക്കാന്‍ പറ്റുകില്ലതന്നെ...
1921ലെ ഖിലാഫത്ത് സമരത്തിനുശേഷം ദേശീയ പ്രസ്ഥാനത്തിനോടും സ്വാതന്ത്ര്യത്തോടുമുള്ള ഏറനാട്ടിലെ മാപ്പിളമാരുടെ രാഷ്ട്രീയ നിലപാടുകളിലേക്ക് വെളിച്ചം പകരാന്‍ ഉതകുന്നതാണ് ഹൈദറിന്റെ 'ഇന്ത്യയെന്ന പതിക്ക്', 'മുഹമ്മദ് അബ്ദുറഹ്മാന്‍', 'നാം ഇന്ത്യന്‍ പൗരന്‍മാര്‍' തുടങ്ങിയവ.
പതിനഞ്ചാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ പുലര്‍ത്തിയിരുന്ന അധിനിവേശ വിരുദ്ധ മനോഭാവം അവരുടെ സാഹിത്യത്തെയും നന്നായി സ്വാധീനിച്ചിരുന്നു എന്നാണ് ഇവയെല്ലാം മനസ്സിലാക്കിത്തരുന്നത്. അതിലുപരി, ഈ കൃതികള്‍ അന്നത്തെ ജനങ്ങളെ ഏറെ സ്വാധീനിക്കുകയും പലരെയും സമരരംഗത്തേക്ക് എടുത്ത് ചാടാന്‍ ഇത് പ്രചോദിപ്പിക്കുകയും ചെയ്തു. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇവയുടെയെല്ലാം ഫലമായിരുന്നു എന്ന് നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.
Leave A Comment