കേരളമുസ്ലിംകളുടെ വര്‍ത്തമാനവും ഭാവിയും

 ഭാവിയെക്കുറിച്ചുള്ള സ്വപനം നെയ്യുകയാണ് നാമിപ്പോള്‍. കേരളത്തിലെ മുസ്‌ലിം ഭാവിയെക്കുറിച്ചുള്ള ആലോചനകളില്‍ പങ്കെടുക്കുന്നത് സന്തോഷകരമായ അനുഭവമാണ്.  സ്വാഭാവികമായും ഭാവിയെക്കുറിച്ചുള്ള ഏത് ചര്‍ച്ചകളും തുടങ്ങുന്നത് കഴിഞ്ഞ കാലത്തില്‍ നിന്നാണ്. ഭൂതത്തില്‍ നിന്ന് തുടങ്ങി വര്‍ത്തമാനത്തിലൂടെ സഞ്ചരിച്ച് മാത്രമേ ഭാവിയില്‍ എത്താന്‍ പറ്റുകയുള്ളൂ. കേരള മുസ്‌ലിംകളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം പറയുന്ന ചരിത്രത്തിലേക്ക് നാം കണ്ണയക്കുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനെക്കുറിച്ച് മതപാഠശാലകളില്‍ നടക്കുന്ന ചര്‍ച്ച മുസ്‌ലിം ചരിത്രം രേഖപ്പെടുത്തിയ ഒരു ഗ്രന്ഥം എന്ന രീതിയിലായിരിക്കാം. കേരളത്തില്‍ ചരിത്ര ഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ ആധികാരിക ചരിത്ര ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. അത് കൊണ്ടാണ് കേരളത്തില്‍ ചരിത്രം പഠിപ്പിക്കുന്ന മുഴുവന്‍ സര്‍വകലാശാലകളിലെയും ചരിത്രം പഠിപ്പിക്കുന്നവര്‍ തുഹ്ഫത്തുല്‍ മുജാഹിദീനിലൂടെ കടന്നു പോകുന്നത്.

സിലോണിലേക്ക് പോയ, അറേബ്യയില്‍ നിന്ന് പുറപ്പെട്ട ഒരു കൂട്ടം  മുസ്‌ലിംകളെക്കുറിച്ച് തുഹ്ഫയില്‍ പറയുന്നുണ്ട്. പോകുന്ന വഴി അവര്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുകയും രാജാവിനെ കാണുകയും ചെയ്തു. തിരിച്ചു പോകുമ്പോള്‍ ഈ വഴി വരാനും തന്നെ കൂടെ കൂട്ടാനും രാജാവ് ആവശ്യപ്പെടുകയുണ്ടായി. സിലോണില്‍ നിന്ന് മടങ്ങിയ സംഘത്തോടൊപ്പം രാജാവും അറേബ്യയിലേക്ക് പുറപ്പെട്ടു. വഴി മധ്യേ ദേഹം വിയോഗം നടത്തിയ രാജാവ് കൂട്ടാളികള്‍ക്ക് കത്ത് നല്‍കി. അതുമായി കേരളത്തിലേക്ക് തിരിച്ച സംഘത്തിന്-മാലിക് ബ്‌നു ദീനാറിനും കൂട്ടുകാര്‍ക്കും-ഇവിടെയുണ്ടായിരുന്ന ഭരണാധികാരി ഹൃദ്യമായ സ്വീകരണം നല്‍കി. ആഗതര്‍ക്ക്  വീടും പള്ളി നിര്‍മിക്കാനുള്ള സ്ഥലവും ഒരുക്കി അവരെ സ്വീകരിച്ച് ആനയിക്കുകയായിരുന്നു തദ്ദേശീയര്‍. കേരളീയര്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഊഷ്മളമായി ഇവിടേക്ക് കുടിയിരുത്തുകയായിരുന്നു.

അവിടുന്നങ്ങോട്ട് ഇസ്‌ലാം കേരളത്തില്‍ വളരെ പെട്ടെന്ന് പ്രചരിക്കുകയുണ്ടായി. ഈ പ്രചാരത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത് അന്നത്തെ പണ്ഡിതന്‍മാരുടെയും പ്രബോധകന്‍മാരുടെയും ജീവിതമായിരുന്നു. ഈ ജീവിതമാണ് ഇസ്‌ലാമിന്റെ മനോഹര തീരത്തേക്ക് കേരളീയരെ അടുപ്പിച്ചത്. വളരെ വേഗത്തില്‍ വളര്‍ന്ന ഇസ്‌ലാം മതവും മുസ്‌ലിം സമുദായവും ഇവിടെ ഒരു രാജവംശം-കണ്ണൂരിലെ അറക്കല്‍ രാജവംശം- സ്ഥാപിക്കാവുന്നത്ര വിപുലപ്പെടുകയുണ്ടായി. ചരിത്രം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ബ്രിട്ടീഷുകാരുള്‍പ്പെടെയുള്ള വിദേശ ശക്തികള്‍ വന്നു. മിഷണറി പ്രവര്‍ത്തകര്‍ വന്നു. കേരളത്തില്‍ ക്രിസ്തു മതം പ്രചരിച്ചു. കേരളത്തെക്കുറിച്ചുള്ള പഠനങ്ങളില്‍,  ഊന്നല്‍ നല്‍കി വരുന്ന ഒരു കാര്യമാണ് കേരളത്തിലെ മത സൗഹാര്‍ദ്ദം,സഹിഷ്ണുത എന്നിവ. ഹിന്ദു-മുസ്‌ലിം-ക്രിസ്തു മതസ്ഥര്‍ ഒരുമയോടെ ജീവിക്കുന്നു എന്നത് പുറത്തു നടക്കുന്ന പഠനങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ പഠനങ്ങള്‍ ഇപ്പോഴും ഇതിനെക്കുറിച്ച് നടക്കുന്നുണ്ട്.

ഈ സംഗതികളില്‍ നിന്ന് ഉളവാകുന്ന ചരിത്രബോധം  മുന്‍നിര്‍ത്തി വേണം കേരള മുസ്‌ലിംകളുടെ വര്‍ത്തമാനത്തെക്കുറിച്ചുള്ള ആലോചനകള്‍ ആരംഭിക്കാന്‍. ഇങ്ങനെ സമാധാനപൂര്‍വം വളര്‍ന്ന മുസ്‌ലിം സമുദായത്തിന്റെ വര്‍ത്തമാനവും ഭാവിയുമാണ് നാം നോക്കിക്കാണുന്നത്.  ഇവിടെ മതത്തിന്റെ പ്രചാരമുണ്ടായത് അതില്‍ വിശ്വസിക്കുന്ന ആളുകളുടെ ജീവിതം കണ്ടാണ്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇസ്‌ലാം പ്രചരിച്ചത് പോലെയല്ല കേരളത്തിലെ ഇസ്‌ലാമിന്റെ വ്യാപനം നടന്നത്. ഉത്തരേന്ത്യയിലൊക്കെ ഇസ്‌ലാം മതം പ്രചരിക്കുന്നത് രാജഭരണത്തിന്റെയും മറ്റുമൊക്കെ തണലിലാണ്.  അത് കൊണ്ട് കേരളത്തിലെ മുസ്‌ലിം വിഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ച കേരളത്തിനു പുറത്തുള്ളവരുമായി താരതമ്യപ്പെടുത്തിയും അതേ രീതി ഉപയോഗപ്പെടുത്തിയുമാകുമ്പോള്‍ ഒരു പക്ഷേ, അബദ്ധമാകും.

ഭാവിയിലേക്ക് കണ്ണോടിക്കും വഴി കേരളമുസ്‌ലിംകളുടെ വര്‍ത്തമാനത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണ്. കേരളത്തെ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ധാരാളം പഠനവിവരങ്ങള്‍ വന്നിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെയും അതിന് കീഴിലുള്ള വിവധ ഘടകങ്ങളുടെയും പഠനങ്ങളില്‍ പറയുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അമ്പത് വര്‍ഷം മുമ്പില്‍ പറക്കുന്ന സംസ്ഥാനമാണ് കേരളം എന്നാണ്. ജീവിത നിലവാരം അളക്കുന്ന അന്താരാഷ്ട്ര ഏകകങ്ങളുടെ  പല തലങ്ങളില്‍- ജീവിത രീതികളില്‍, ആരോഗ്യ നിലവാരത്തില്‍,വിദ്യാഭ്യാസ ബോധത്തില്‍, അഭ്യസ്ത വിദ്യരുടെ എണ്ണത്തില്‍,സാക്ഷരതയില്‍-കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ നാല്‍പത്തഞ്ചോ അമ്പതോ ആണ്ട് മുന്നിലാണ്. ഇത് പെട്ടെന്ന് ഉണ്ടായതല്ല. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നടന്ന ധാരാളം നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായാണ് കേരളം മൊത്തത്തില്‍ വളര്‍ന്നത്.

ഈ വളര്‍ച്ചയുടെ ഭാഗമായി ഇവിടത്തെ മുസ്‌ലിംകളും മറ്റിടത്തവരേക്കാള്‍ മുന്നോട്ട് പോകുകയുണ്ടായി. സാക്ഷരതയുടെ കണക്കുകള്‍ ഒരു ഉദാഹരണമായി സ്വീകരിക്കാം. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ സാക്ഷരത 93.91 ശതമാനമാണ്. ഇത് മറ്റു മുസ്‌ലിം രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്. ഈജിപ്തില്‍ 56.9 ശതമാനമാണിത്. മൊറോക്കോ(50.8), യമന്‍(48.9), ബംഗ്ലാദേശ്(42.6), പാകിസ്ഥാന്‍(44.9) എന്നിങ്ങനെയാണ് സാക്ഷരതയുടെ ശതമാനക്കണക്ക്. കേരത്തിലെ മുസ്‌ലിം സമുദായത്തെ മറ്റ് രാജ്യങ്ങളിലെ മുസ്‌ലിംകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വ്യത്യാസം നമ്മുടെ മനസ്സിലുണ്ടായിരിക്കണം. വിദ്യഭ്യാസ അവസരങ്ങളുടെ കാര്യത്തിലും വികസിത രാജ്യങ്ങളുടെതിനു തുല്യമായ നിലവാരം കേരളത്തിലുണ്ട്. മതവിദ്യാഭ്യാസത്തിന്റെ അവസരവും ഇവിടെ എടുത്തു പറയാവുന്നതാണ്. പതിനായിരത്തോളം പാഠശാലകള്‍ ഉള്‍ക്കൊള്ളുന്ന കാര്യക്ഷമമായ ഒരു മദ്‌റസാ സംവിധാനം കേരളം പോലൊരു ചെറിയ പ്രദേശത്തുണ്ട്. ഇത്രയും വ്യവസ്ഥാപിതമായ ഒരു ഘടന- കൃത്യമായ സിലബസ്, കരിക്കുലം, അധ്യാപക പരിശീലനം, മൂല്യനിര്‍ണയം-വ്യവസ്ഥാപിതമായി നടത്തുന്ന മതപഠന സംവിധാനങ്ങള്‍ മറ്റ് രാജ്യങ്ങളിലില്ല. ആരോഗ്യ രംഗത്തും കേരളത്തെ തുല്യപ്പെടുത്താറുള്ളത് പടിഞ്ഞാറന്‍ രാജ്യങ്ങളുമായാണ്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ജനസംഖ്യാ പിരമിഡ് എന്നുള്ളത്. ജനസംഖ്യാ ഘടനയില്‍ വരുന്ന മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ഒരു വികസനത്തെക്കുറിച്ചും നമുക്ക് സ്വപ്നം കാണാന്‍ കഴിയില്ല. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് ഈയിടെ പുറത്ത് വന്നിട്ടുണ്ട്. കേരളത്തിലെ ജനസംഖ്യാ ഘടന പറയുന്നിടത്ത് മൂന്ന് ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടു പറയുന്നത് കേരളത്തിലെ ജനസംഖ്യാ ഘടന നിങ്ങള്‍ ഇന്ത്യന്‍ പിരമിഡുമായി താരതമ്യം ചെയ്യരുത്. അതിന് കുറെക്കൂടി നല്ലത് അമേരിക്കയുടെതാണെന്നാണ്. ഓരോ പ്രായത്തിലുള്ള എത്ര ആളുകള്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന ത്രികോണാകൃതിയിലുള്ള ചിത്രങ്ങളെയാണ് ജനസംഖ്യാ പിരമിഡുകള്‍ എന്ന് പറയുന്നത്. കേരളത്തിന്റെ ജനസംഖ്യാ പിരമിഡ് സ്ഥിരതയുള്ളതാണെന്ന് പറയാം. പ്രായമുള്ളവരുടെതും ചെറുപ്പക്കാരുടെയും പ്രാതിനിധ്യം അതിനകത്ത് തുല്യതയോടെ ഉണ്ട്. ഇത് നമ്മുടെ മുമ്പിലുള്ള അവസരവും അലോസരവുമാണ്. അതിനെക്കുറിച്ച് ഭാവി വിശദീകരിക്കുന്നിടത്ത് പറയാം.

സംഘടിതമായ മതബോധന സംവിധാനം കേരളത്തിന്റെ ഒരു അതുല്യതയാണ്. ദാറുല്‍ ഹുദാ പോലുള്ള ഇസ്‌ലാമിക് സര്‍വകലാശാലകള്‍ അതിന് ഉദാഹരിക്കാവുന്നതാണ്. മതബോധനം നിര്‍വഹിക്കുന്ന മദ്‌റസകള്‍ എന്നതിലുപരി മറ്റു പഠനശാഖകളെ കൂടി ഉള്‍പ്പെടുത്തിയുള്ള മാതൃകകള്‍ എന്തായാലും നമുക്ക് കുറവാണ്. കേരള മുസ്‌ലിംകളുടെ വര്‍ത്തമാനമാണ് സാമാന്യമായി ഇവിടെ അവതരിപ്പിച്ചത്.

വര്‍ത്തമാനകാലം പറയുന്നതിതിനിടയില്‍ ചില ആകുലതകള്‍ കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സമഗ്രതല സ്പര്‍ശിയായ മതവിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും പത്രവാര്‍ത്തളില്‍ നിറയുന്ന കുറ്റവാളികളില്‍ പകുതിയോളം മുസ്‌ലിം പേരുകാരാണ് എന്നുള്ളത് തീര്‍ച്ചയായും പങ്ക് വെക്കപ്പെടേണ്ട വേവലാതിയാണ്. വിദ്യാഭ്യാസം എന്തിനാണ് എന്നുള്ള തിരിച്ചറിവ് നമുക്ക് ഇല്ല എന്നുള്ളതാണ് മറ്റൊരു സങ്കടം. മുന്‍ഗണനാ ക്രമം പുലര്‍ത്തി വിദ്യാഭ്യാസത്തിന്റെ ആവശ്യകതകള്‍ തിരിച്ചറിയുന്നതില്‍ മറ്റു സമുദായങ്ങളേക്കാള്‍ നാം പിറകിലാണ്. തൊഴിലും പണവും അതിലൂടെ കൈവരുന്ന സാമൂഹിക അന്തസ്സുമാണ് വിദ്യാഭ്യാസത്തിലൂടെ പലപ്പോഴും സമുദായം ലക്ഷ്യം വെക്കുന്നത്. ചെറുപ്പക്കാരെ പിടികൂടുന്ന അലസത സമുദായത്തെ തീര്‍ച്ചയായും ബാധിക്കുന്നതാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് 55.2% മുസ്‌ലിം ചെറുപ്പക്കാരും കാര്യമായ പണിയെടുക്കാതെ നടക്കുന്നവരാണെന്നാണ്. ഇത് ക്രിസ്ത്യാനികള്‍ക്കിടയില്‍ 30% വും മുന്നാക്ക ഹിന്ദുക്കള്‍ക്കിടയില്‍ 36% വും ആണ്. അത് പോലെ മുസ്‌ലിംകള്‍ക്കിടയില്‍ കോളജില്‍ പോകുന്നവരുടെ എണ്ണം 8.1% വും ഹിന്ദുക്കള്‍ക്കിടയില്‍ 18.7% വും ക്രിസ്താനികള്‍ക്കിടയില്‍ 20.5% വും ആണ്. വര്‍ത്തമാനത്തിന്റെ ആകുലതകള്‍ക്കിടയില്‍ പ്രവാസത്തിന്റെ അനന്തരഫലങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്. പ്രവാസം മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഗള്‍ഫുകാരില്ലാത്ത വീടുകള്‍ വളരെ പരിമിതമാണ്. പ്രവാസം സൃഷ്ടിച്ച ഒരു അനാഥത്വം ഉണ്ട്. പിതാവ് ജീവിച്ചിരിക്കെ തന്നെ യത്തീമായി തീര്‍ന്നവരാണ് പ്രവാസിയുടെ മക്കള്‍. മകന് മുപ്പത് വയസ്സാകുന്നതിനിടക്ക് അഞ്ചോ ആറോ തവണയായിരിക്കും പിതാവിനെ കണ്ടിരിക്കുക. വൈകാരികമായ ഒരു തരം ശൂന്യത ഇത് കുട്ടികളില്‍ ഉണ്ടാക്കുന്നുണ്ട്. പ്രവാസത്തിന്റെ മറ്റൊരു പ്രത്യാഘാതം ജോലിയില്ലാതെ തിരിച്ചു വരുന്ന പ്രവാസികള്‍ സൃഷ്ടിക്കാന്‍ പോകുന്ന അങ്കലാപ്പാണ്. കേരള സര്‍ക്കാറിനു കീഴിലുള്ള തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡിവലെപ്പമെന്റ് സ്റ്റഡീസിലെ പ്രവാസത്തെക്കുറിച്ച് പഠിക്കുന്ന ഇരുതിയ രാജ എന്ന ഇക്‌ണോമിസ്റ്റ് ഇതു സംബന്ധമായ ചില കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗള്‍ഫ് ജോലി ഉപേക്ഷിച്ച് തിരിച്ചു വരുന്നവരില്‍ 56 ശതമാനവും മുസ്‌ലിംകളാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും ചേര്‍ന്ന് തിരിച്ചു വരുന്നവര്‍ 47 ശതമാനമേ ആകുന്നുള്ളൂ. 26 ശതമാനം മുസ്‌ലിം വീടുകളിലും ഒരു ഗള്‍ഫ് റിട്ടേണ്‍ ഉണ്ട്. ഹിന്ദു-ക്രിസ്തു വീടുകളില്‍ ഇത് 7% മാത്രമാണ്. നമ്മള്‍ കണ്ണ് തുറക്കേണ്ട ചില വസ്തുതകളാണ് ഇത്.

ഇതു മുന്‍നിര്‍ത്തി ഭാവിയെക്കുറിച്ചു ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. ഭാവി മുസ്‌ലിം കേരളത്തിന്റെ സാധ്യതകളാണ് നാം അന്വേഷിക്കുന്നത്. വര്‍ത്തമാനം ഇങ്ങനെയൊക്കെ നിരാശാജനകമാണ് എന്നു കരുതേണ്ടതില്ല. നമുക്ക് പ്രത്യാശ നല്‍കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഒന്നാമതായി നേരത്തേ സൂചിപ്പിച്ച കേരളത്തിലെ മുസ്‌ലിം ജനസംഖ്യാ ഘടനയിലുള്ള മാറ്റമാണ്. ഒന്നു മുതല്‍ അഞ്ച്, അഞ്ച് മുതല്‍ പത്ത് എന്നിങ്ങനെ ഓരോ അഞ്ചു വയസുകളിലായാണ്  ജനസംഖ്യ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ മുസ്‌ലിം ജനസംഖ്യ ശ്രദ്ധിച്ചാല്‍ ഇരുപത്തി ഒമ്പതു വയസ്സിനു താഴെയുള്ളവരുടെ എണ്ണം ആനുപാതികമായി കൂടുതലാണെന്ന് മനസ്സിലാക്കാം. ഇതു അല്ലാഹു നല്‍കിയ ഒരു അനുഗ്രഹും സമ്പത്തുമാണെന്ന് തിരിച്ചറിയണം. ഇവര്‍ക്ക് കൃത്യമായി വിദ്യാഭ്യാസവും പരിശീലനവും നല്‍കി തൊഴില്‍ മേഖലകളിലേക്ക് നയിക്കുകയാണെങ്കില്‍ ഖൈറു ഉമ്മ എന്ന പ്രതീക്ഷിക്കപ്പെടുന്ന ഇടത്തേക്ക് എത്താന്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അത് മതി. ഇവിടെ ഒരു അപകടം പതിഞ്ഞിരിക്കുന്നുണ്ട്. ഇവരെ യഥാവിധി വഴിനടത്താന്‍ കേരളത്തിലെ മുസ്‌ലിം മത-രാഷ്ട്രീയ-അക്കാദമിക നേതൃത്വം രംഗത്തെത്തുന്നില്ലെങ്കില്‍ കേരളത്തിലെ മുസ്‌ലിംകള്‍ ഏറ്റവും വിനാശകാരികളും വിലകെട്ടവരുമാണെന്ന് പേര് വരുത്താന്‍ ഈ വിഭാഗം തന്നെ മതിയാകും.

രണ്ടാമത്തെ കാര്യം പ്രവാസത്തിന്റെ ചില നല്ല വശങ്ങളാണ്. അതിന്റെ ചില നിഷേധാത്മകമായ ഫലങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിക്കുയുണ്ടായി. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ഇന്ന് ആകാംക്ഷാഭരിതരായിരിക്കുന്നത് മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഏറ്റവും നല്ല വിദ്യഭ്യാസം മക്കള്‍ക്ക് നല്‍കണമെന്ന ആഗ്രഹം അവര്‍ക്കുണ്ട്. പല തരത്തിലുള്ള ആളുകളെ അവര്‍ കാണുന്നതും വിദ്യാഭ്യാസമില്ലാത്തതു കാരണം വളരെ താഴ്ന്ന ജോലികള്‍ ഏറ്റെടുക്കേണ്ടി വരുന്നതും മറ്റും ഈ ആകാംക്ഷയുടെ കാരണങ്ങളായിരിക്കാം. പ്രവാസത്തിന്റെ ഏറ്റവും നല്ല ഫലങ്ങളിലൊന്നാണ് ദാറുല്‍ ഹുദാ പോലുള്ള സ്ഥാപനങ്ങളെന്ന് നാം സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടിയിരിക്കുന്നു. ആകാംക്ഷാഭരിതരായ ഈ രക്ഷാകര്‍ത്താക്കളെ നല്ല നിലക്ക് മാര്‍ഗ ദര്‍ശനം ചെയ്യാനും ഏതു തരത്തിലുള്ള വിദ്യാഭ്യാസം നല്‍കണമെന്ന് ഉപേദശിക്കാനും പറ്റിയ സംവിധാനം നിലവില്‍ വരുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ മുസ്‌ലിം സമുദായത്തിന് അത് വലിയ മുതല്‍ക്കൂട്ടായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

മൂന്നാമതായി വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തിനുണ്ടായിരിക്കുന്ന ഉണര്‍വാണ്. 2004 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കൊണ്ട് മുസ്‌ലിംകള്‍ക്ക് -പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍- ഉണ്ടായ നേട്ടമെന്ത് എന്നാണ് അതിന്റെ തലക്കെട്ട്. അതില്‍ പലയിടത്തും ആവര്‍ത്തിച്ചു പറയുന്ന കാര്യം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ ചേരാന്‍ തയ്യാറാകുന്നില്ല എന്നാണ്. ആറ് വര്‍ഷം മുമ്പ് വന്ന പഠനമാണ്. ഇതിലെ വിവരങ്ങള്‍ പത്ത് വര്‍ഷം പഴക്കമുള്ളതായിരിക്കാം. ഈ പത്ത് വര്‍ഷത്തിനിടക്ക് എന്തെല്ലാം മാറ്റങ്ങളുണ്ടായി. ഇന്ന് കോളേജിലേക്ക് പോകാത്ത കുട്ടികള്‍ കുറവാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ഇന്ന് കോളേജുകളിലേക്ക് അടിച്ചു കയറുകയാണ്. ഉന്നത പഠനത്തിനു വേണ്ടി നമ്മുടെ കുട്ടികള്‍ ജെ.എന്‍.യു, പോണ്ടിച്ചേരി, ഹൈദരബാദ് മുതലായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ പോകുന്നു. ഇവയൊക്കെ സമുദായത്തിന് ഉല്‍സാഹം നല്‍കുന്ന പ്രവണതകളാണ്.

നാലാമതായി മതപണ്ഡിതന്‍മാര്‍ക്കിടയില്‍ വളര്‍ന്നു വളരുന്ന പുതിയ ആലോചനയും ബോധവുമൊക്കെയാണ്. ഇത് വളരെ പ്രധാനപ്പെട്ട മാറ്റമാണ്. നാളിതുവരെ സമുദായത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നാം കുറ്റപ്പെടുത്തിയിരുന്നത് മതപണ്ഡിതന്‍മാരെയാണ്. എന്നാല്‍ പുതിയ തലമുറയിലെ ഉലമാക്കള്‍ കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സന്നദ്ധരാണ്. ഇന്ന് പലയിടങ്ങളിലും മനഃശാസ്ത്രത്തിന്റെ ഒന്നോ രണ്ടോ വര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞാണ് ഉസ്താദ് ഖുത്ബ നിര്‍വഹിക്കുന്നതും ആളുകളോട് ആശയവിനിമയം നടത്തുന്നതും. ഇത്തരം മാറ്റങ്ങള്‍ സമുദായത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുമെന്നതില്‍ സംശയമില്ല.

ഡോ.ഇസെഡ്.എ അശ്‌റഫ്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter