ബാബരി മസ്ജിദ്‌ ; ചരിത്രത്തിന്‍റെ നാൾ വഴികൾ

വീണ്ടും ഒരു ഡിസംബര്‍ 6 കൂടി കടന്നുവരുമ്പോള്‍ ബാബരി മസ്ജിദിന്റെ ഓര്‍മ്മകള്‍ക്ക് 28 ആണ്ട് തികയുന്നു. 1992 ഡിസംബര്‍ 6 നാണ് ബാബരി മസ്ജിദ് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളാല്‍ ധ്വംസിക്കപ്പെട്ടത്. തകര്‍ക്കപ്പെട്ട ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികക്കുടങ്ങളുടെ ഓര്‍മ്മയില്‍ വീണ്ടും ഒരു  കറുത്ത ദിനം കൂടി.ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും ലഖ്‌നൗവിലെ പ്രത്യേക സിബി.ഐ കോടതി വെറുതെ വിട്ട ശേഷമുള്ള ആദ്യത്തെ വാര്‍ഷികം കൂടിയാണിത്.

1528: മുഗൾ ചക്രവർത്തി ബാബറുടെ ഗവർണർ ജനറലായിരുന്ന മീർബാഖി ബാബരിമസ്ജിദ് പണിതു.

1853: പുരാതനമായ രാമക്ഷേത്രം തകർത്താണു മുഗൾ ചക്രവർത്തി ബാബർ പള്ളി പണിതതെന്ന് ആരോപിച്ച് നിർമോഹി എന്ന ഹിന്ദുവിഭാഗം ബാബരിമസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.

1853-55: അയോധ്യയിൽ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്‌ലിം സംഘർഷം.

1883 മെയ്: ഒരു പ്ളാറ്റ്ഫോമിൽ ക്ഷേത്രം പുനസ്ഥാപിക്കുന്നതിനു മുസ്‌ലിംകളുടെ എതിർപ്പിനെ തുടർന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നിഷേധിക്കുന്നു.

1885: പുരോഹിതനായ രഘുബീർദാസ് ക്ഷേത്രം പണിയാൻ അനുമതി തേടി കോടതിയിൽ ഹരജി നൽകുന്നു.

1886 മാർച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു, അപ്പീൽ തള്ളുന്നു.

1870: ബ്രിട്ടീഷുകാരനായ എച്ച്.ആർ. നെവിൽ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിൽ ബാബരി മസ്ജിദ് എന്നതിനു പകരം ജന്മസ്ഥാൻ-മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശം തർക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചതായും പരാമർശം.

1934: പള്ളിക്കുനേരെ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകർത്തു. പ്രദേശത്തെ ഹിന്ദുക്കൾക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സർക്കാർ പള്ളി സർക്കാർ ചെലവിൽ കേടുപാടു തീർത്തു.

1949 ഡിസംബർ 22: ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന്, ഹൈന്ദവരും മുസ്‌ലിംകളും പള്ളിയിൽ കടക്കുന്നതു ജില്ലാ ഭരണകൂടം തടയുന്നു.

1950 ജനുവരി: ആരാധനാസ്വാതന്ത്ര്യം തേടി ഗോപാൽസിങ് വിശാരദ് കോടതിയിൽ. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു. വിഗ്രഹം നീക്കുന്നതിൽ നിന്നും ആരാധനയ്ക്കു ഭംഗം വരുത്തുന്നതിൽ നിന്നും സർക്കാരിനെയും മുസ്‌ലിംകളെയും തടയണമെന്നു രണ്ടു ഹരജികളിലൂടെ ആവശ്യം.

1959: തർക്കസ്ഥലത്തിന്റെ മാനേജർ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികൾ കോടതിയിൽ.

1961: പള്ളിയിൽ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കോടതിയിലെത്തി.

1984 ഒക്ടോബർ: ബാബരിമസ്ജിദ് തർക്കം ദേശീയപ്രശ്നമാക്കുന്നതിന് വി.എച്ച്.പിയുടെ തീരുമാനം.

1984 ഒക്ടോബർ 8: അയോധ്യയിൽ നിന്നു ലഖ്നോയിലേക്ക് വി.എച്ച്.പിയുടെ 130 കിലോമീറ്റർ ലോങ് മാർച്ച്.

1984 ഒക്ടോബർ 14: ക്ഷേത്രം പുനസ്ഥാപിക്കുക, ഹിന്ദുക്കൾക്കു പൂജയ്ക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളുമായി ലോങ് മാർച്ച് ലഖ്നോയിൽ.

1985: പള്ളിയുടെ പരിസരം ഉപയോഗിക്കാൻ പുരോഹിതർക്ക് പ്രാദേശിക കോടതിയുടെ അനുമതി.

1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകൾ തുറന്ന് ഹൈന്ദവർക്കു ദർശനത്തിന് അനുമതി. മുസ്‌ലിംകൾ പ്രശ്നമുണ്ടാക്കരുതെന്ന് യു.പി. വഖ്ഫ് മന്ത്രി.

1989 ജൂൺ: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം അംഗീകരിക്കുന്നു.

1989 നവംബർ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സർക്കാർ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനൽകുന്നു. തർക്കസ്ഥലത്തു നടത്തിയ തറക്കല്ലിടൽ തർക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാൻ ഗൂഢനീക്കം.

1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിർമ്മാണം തടയണമെന്നു സ്പെഷ്യൽ ജുഡീഷ്യൽ കോടതി മുമ്പാകെ അപേക്ഷ.

1990 ഫെബ്രുവരി 14: ക്ഷേത്രനിർമ്മാണം തുടങ്ങാൻ ശുഭസമയം വി.എച്ച്.പി. പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി വി.പി. സിങ് തിയ്യതി മാറ്റിവയ്ക്കുന്നതിൽ വിജയിക്കുന്നു.

1990 ജൂൺ 8: ക്ഷേത്രനിർമ്മാണത്തിനുള്ള പുതിയ അന്തിമ തിയ്യതിയായി വി.എച്ച്.പി. ഒക്ടോബർ പ്രഖ്യാപിക്കുന്നു.

1990 ആഗസ്ത്: എൽ.കെ. അഡ്വാനി അയോധ്യയിൽ സമാപിക്കുന്ന പതിനായിരം കിലോമീറ്റർ രഥയാത്ര ആരംഭിക്കുന്നു.

1990 സെപ്തംബർ: എൽ.കെ. അഡ്വാനി സോമനാഥ് - അയോധ്യ രഥയാത്ര തുടങ്ങുന്നു.

1990 ഒക്ടോബർ: അഡ്വാനിയെ ബിഹാറിൽ അറസ്റ് ചെയ്തു. വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിൻവലിച്ചു.

1990 നവംബർ: വി.പി. സിങ് മന്ത്രിസഭ തകർന്നു.

1991: തർക്കപ്രദേശത്തിനുമേലുള്ള ചരിത്രപരവും പുരാവസ്തുഗവേഷണ പഠനപരവുമായ അവകാശവാദങ്ങൾ പരിശോധിക്കുന്നതിനായി നാലു വിദഗ്ധ സംഘങ്ങളെ നിയോഗിക്കാൻ വി.എച്ച്.പിയും ആൾ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങൾ വി.എച്ച്.പി. നിരാകരിക്കുന്നു.

1992 ജൂലൈ: സ്ഥിരം നിർമ്മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയർന്നു. നിർമ്മാണം നിർത്തിവയ്ക്കണമെന്നു യു.പി. സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം.

1992 നവംബർ 23: അയോധ്യാപ്രശ്നത്തിൽ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൗൺസിൽ (എൻ.ഐ.സി.) പ്രധാനമന്ത്രിക്ക് പൂർണസമ്മതം നൽകി.

1992 ഡിസംബർ 6: കർസേവകർ ബാബരിമസ്ജിദ് തകർത്തു. രാജ്യമെങ്ങും സംഘർഷം. എൽ.കെ. അഡ്വാനിക്കും മറ്റു വി.എച്ച്.പി, ബി.ജെ.പി, നേതാക്കൾക്കും മറ്റും എതിരേ കേസ്.

1992 ഡിസംബർ 7: ബാബരിമസ്ജിദ്
അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി റാവു.

1992 ഡിസംബർ 16: ലിബർഹാൻ കമ്മീഷനെ നിയമിച്ചു.

1992 ഡിസംബർ 27: പള്ളി തകർത്ത സ്ഥാനത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി.

1993: ബാബരി തകർത്തതിനുശേഷം പ്രദേശത്തെ നിലവിലുള്ള അവസ്ഥ തുടരും വിധം പ്രധാനമന്ത്രി റാവുവിന്റെ സർക്കാർ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നു.

1993 ജനുവരി: അയോധ്യയിൽ അലഹബാദ് ഹൈക്കോടതി ദർശനം അനുവദിച്ചു.

1994 ഒക്ടോബർ 24: പള്ളി നിന്ന സ്ഥലത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി (അറബ് ന്യൂസ്, 2000 ഡിസം. 7).

1997 ഫെബ്രുവരി: സർക്കാർ അക്വയർ ചെയ്ത ജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

2005-ൽ മന്ദിരം അക്രമിക്കപ്പെടുകയും അക്രമികൾ സുരക്ഷാസേനയുടെ വെടിയേറ്റ്‌ വീഴുകയും ചെയ്തു. ആ സംഭവത്തിൽ 3 സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു.

2009 ജൂൺ 30: ലിബർഹാൻ കമ്മീഷൻ റിപോർട്ട് സമർപ്പിച്ചു.

2009 നവംബർ 23: ലിബർഹാൻ റിപ്പോർട്ട് ചോർന്നു.

2009 നവംബർ 24: ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വച്ചു.

2010 സപ്തംബർ 23: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അലഹബാദ് ഹൈക്കോടതി വിധി പറയാൻ ഒരു ദിവസം ശേഷിക്കെ സുപ്രിം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

2010 സെപ്റ്റംബർ 30: തർക്കഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി.

2011 മെയ് 8: രാജ്യത്തെ പരോമോന്നത കോടതി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.

2014 ഡിസംബർ 3: ബാബരി മസ്ജിദ് തർക്ക കേസിൽ നിന്ന് പിന്മാറുന്നതായി ഹർജിക്കാരിൽ ഒരാളായ ഹാഷിം അൻസാരി പ്രഖ്യാപിച്ചു.

40 ദിവസത്തോളം നീണ്ടു നിന്ന വാദം കേട്ടതിനു ശേഷം
2019 നവംബർ 9: രാവിലെ 10:30 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്നത്തിൽ വിധി പറയുകയുകയുണ്ടായി. തർക്ക ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് പൂർണമായും വിട്ടുകൊടുക്കാൻ കോടതി വിധിച്ചു. തർക്കഭൂമിയ്ക്ക് പുറത്ത് അയോധ്യയിൽ 5 ഏക്കർ മസ്ജിദ് നിർമാണത്തിന് കൊടുക്കാനും വിധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter