ആ പെണ്‍കുട്ടി തട്ടം അഴിച്ചോ; മുറവിളികൂട്ടിയ മാധ്യമങ്ങള്‍ എവിടെപ്പോയി?

കാസര്‍കോട് മതം മാറിയ ആയിഷയെ മാതാപിതാക്കളോടൊപ്പം വീട്ടില്‍ പാര്‍പ്പിക്കാനായി കോടതി വിട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയെന്നോ അവള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ അതോ അവളും സംഘി നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമായോ എന്നൊന്നും ഇപ്പോള്‍ ആര്‍ക്കും അറിയേണ്ട. ഒരു മാധ്യമവും അതിനെക്കുറിച്ച് ചിന്തിക്കുന്നുമില്ല. മാധ്യമങ്ങളുടെ ഇരട്ടത്താപ്പും കപടതയും ഇതില്‍നിന്ന് വ്യക്തമാണ്. ആയിഷയുടെ വര്‍ത്തമാന അവസ്ഥകളറിയാന്‍ മതേതര കേരളത്തിന് അവകാശമുണ്ട്. കുട്ടിക്ക് നീതി ലഭിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തിയേമതിയാവൂ.

      ആതിര എന്ന മകളെ കാണാനില്ലെന്ന് പറഞ്ഞ് 10.07.2017 നാണ് ബേക്കല്‍ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മകളെ തട്ടിക്കൊണ്ടുപോവുകയോ തടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്‌തേക്കുമോ എന്ന സംശയത്തിലാണ് ഹോബിയസ് ഫയല്‍ ഹൈക്കോടതിയില്‍ മാതാപിതാക്കള്‍ സമര്‍പ്പിച്ചത്. 

      തുടര്‍ന്ന് ബേക്കല്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും മതം പഠിക്കാന്‍ ആവശ്യപ്പെട്ട ആതിരയെ അതിനനുവദിക്കുകയും ചെയ്തു.

     സ്വന്തം ഇഷ്ടപ്രകാരം മതംമാറിയെന്ന് കോടതിയില്‍ അറിയിച്ച ആയിഷയെ മാതാപിതാക്കളോടൊപ്പം വിട്ട ഹൈക്കോടതി വിധി ആയിഷയുടെ സുരക്ഷിതത്വത്തെ സംരക്ഷിച്ചില്ല. മതം പഠിക്കലാണ് തന്റെ ആവശ്യമെന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ പറഞ്ഞ ആയിഷയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ എത്തി. തന്റെ ഇസ്ലാമാശ്ലേഷണം നിര്‍ബന്ധ പരിവര്‍ത്തനമല്ലെന്നും ഐ.എസ് ബന്ധങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നെന്നും ആയിഷ ഹൈക്കോടതിയെ ബേധ്യപ്പെടുത്തി. ആയിഷയെ തീവ്രവാദ സംഘടനകള്‍ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു എന്ന പോലീസ് വാദം കോടതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം വിട്ടയക്കാനുള്ള വിധി പുറപ്പെടുവിപ്പിക്കുകയായിരുന്നു.

       വീട്ടിലെത്തിയ ആയിഷയെ തൃശൂരിലെ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള മാനസാന്തര കേന്ദ്രത്തിലെത്തിച്ചു എന്നതാണ് പിന്നീട് പുറത്തു വന്ന വാര്‍ത്തകള്‍. 

         തൃശൂരിലെ മാനസാന്തര കേന്ദ്രത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പീഡനമേറ്റ ഒരു യുവാവ് കേന്ദ്രത്തിലെ മൂന്നാംമുറകളെ കുറിച്ച് നടത്തുന്ന വീഡിയോ വിവരണം അത്യന്തം ഭീതിജനകമാണ്. അതിമാരകമായ പീഡനമുറകളാണ് കേന്ദ്രത്തില്‍ നടപ്പിലാക്കുന്നതെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. 

      സ്വന്തം ഇഷ്ടപ്രകാരം മതംമാറിയെന്ന് ചാനലുകള്‍ക്ക് മുന്നിലും കോടതിയുടെ അകത്തും ബോധ്യപ്പെടുത്തിയ ആയിഷയെ നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നത് കോടതി വിധിക്കെതിരെയുള്ള കടന്നുകയറ്റമാണ്. സംഘ്പരിവാറുകാരുടെ ഓഫീസ് റിപ്പോര്‍ട്ടുകള്‍ കണക്കെ കോടതികള്‍ വിധിയെഴുതുന്നതാണ് സമീപകാലത്തെ കാഴ്ചകള്‍. ഹാദിയ കേസിലും ഹൈക്കോടതി തഥവസരത്തില്‍ ഇത്തരം വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

      ഇസ്‌ലാം മതത്തിലേക്ക് മാറിയവര്‍ക്കെതിരെ കോടതിയിലെത്തുന്ന തെളിവുകളിലെ വൈചിത്ര്യങ്ങളാണ് ഏറെ ആശ്ചര്യകരം. ഐസിസ് ബന്ധം ആരോപിക്കല്‍, തീവ്രവാദ ബന്ധം ചുമത്തല്‍ തുടങ്ങിയ ഭീകരകഥകള്‍ മെനഞ്ഞ് പോലീസ് റിപ്പോര്‍ട്ട് നിര്‍മ്മിച്ചെടുക്കുന്നതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയണം. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത ആതിരയെന്ന 23 കാരി ആയിഷയായി മതംമാറിയത് ഐസിസിലേക്ക് ചേക്കേറാനത്രേ. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് വിധിയെഴുതിയത് വീട്ടില്‍ ഖുര്‍ആന്‍ കണ്ടെത്തി എന്ന തലക്കെട്ടുകളിലൂടെയാണ്. ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ പോലും  അവഹേളിക്കുന്ന മാധ്യമങ്ങള്‍ ആതിര എവിടെയെന്ന് ചോദ്യശരങ്ങള്‍ ഉയര്‍ത്തിയെങ്കിലും ഇന്ന് ആയിഷയെ തേടാനുള്ള തിടുക്കമില്ല. സംഘ്പരിവാറുകാരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാത്രമാണ് വലിയ 'മാധ്യമ ധര്‍മ്മങ്ങള്‍' ഉപയോഗിക്കാറുള്ളത്.   

    ഇസ്‌ലാമാണ് തെരഞ്ഞെടുക്കപ്പെട്ട മതം എന്ന് കോടതി അറിയുമ്പോള്‍ അതുവരെ കാണാതിരുന്ന നിരീക്ഷണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഒളിച്ചോട്ടങ്ങളിലൂടെ ജീവിതവും കുടുംബവും തകര്‍ക്കുന്ന പെണ്‍കുട്ടികളെ കോടതികള്‍ പൗരാവകാശ മുല്ല്യങ്ങളുടെ മഹത്വം വിളിച്ചോതി അധാര്‍മ്മികത പരത്തുമ്പോഴുണ്ടാകുന്ന കോടതിയുടെ മനം മാറ്റം അപഹാസ്യമാണ്. 

പ്രായപൂര്‍ത്തിയും ബുദ്ധിയും കൈവന്ന ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതത്തിലേക്ക് മാറിയതെന്ന് പറഞ്ഞാലും അവരെ ഒറ്റക്ക് വിട്ടയക്കില്ല. ജാതിയും മതവും നോക്കിയുള്ള കോടതി വിധികള്‍ പൗരന്മാരുടെ വിശ്വസമാണ് നഷ്ടപ്പെടുത്തുന്നത്. ഇത്തരം ഫാഷിസ്റ്റ് ചുവയുള്ള വിധികള്‍ വ്രണപ്പെടുത്തുന്നത് മതവികാരത്തെ കൂടിയാണ്. വ്യക്തികളെയും താത്പര്യങ്ങളെയും സംരക്ഷിച്ച് വിധിപറയുന്ന കോടതികള്‍ രാജ്യത്തിന്റെ പൗരസ്പന്ദനം തിരിച്ചറിയണം.

    മതവും ആശയവും ആദര്‍ശവും ഒരാളുടെ തിരിച്ചറിവിന്റെ ഭാഗമാണ്. അത് വകവെച്ച് കൊടുക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുമുണ്ട്. മതമൗലീക വാദികള്‍ പരിവര്‍ത്തനത്തിന്റെ ക്രെഡിറ്റുകള്‍ക്ക് വേണ്ടി അലമുറയിടുന്നതാണ് സാമൂഹിക പ്രശ്‌നം. കോടതിയില്‍ തുറന്നു പറഞ്ഞവരെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കാതെ വീട്ടുകാരോടൊപ്പം വിട്ടയക്കുന്നതിലുള്ള യുക്തിയും കോടതി ചൂണ്ടിക്കാണിക്കുന്നതും ഇതുതന്നെയാണ്.

    പുതുവിശ്വാസം തേടുന്നവര്‍ റാഡിക്കല്‍ സംഘങ്ങള്‍ സ്വാധീനിക്കുന്നു എന്ന് ആയിഷയെ വീട്ടുകാരോടൊപ്പം അയച്ച് പുറപ്പെടുവിച്ച ജഡ്ജ്‌മെന്റിലെ വാദം ഏറെ ചര്‍ച്ചക്ക് വിട്ട്‌കൊടുക്കണം. കേരളത്തില്‍ ഇക്കാര്യത്തില്‍ പോലീസ് സംഘി പക്ഷത്താണോ നിലയുറപ്പിക്കുന്നത്?  പോലീസും സംഘിപക്ഷത്ത് ചേര്‍ന്നാല്‍ നാടിന്റെ നിയമം കാല്‍പനികതയിലേക്ക് മാറും. അത് വന്‍ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാനിരിക്കുന്നത്. 

ആയിഷ കേസിന് മാസം ഒന്ന് കഴിയുമ്പോള്‍ നിഷ്പക്ഷനായ രാജ്യത്തെ ഓരോ പൗരനും ചോദിച്ചുപോകുന്നു; ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണ്, അവള്‍ തട്ടം അഴിച്ചുവെച്ചോ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter