വ്രതം; ചില ആരോഗ്യ വശങ്ങള്‍
നോമ്പിന് ഇസ്‍ലാമില്‍ ഉന്നതസ്ഥാനമാണുളളത്. ഇസ്‍ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് അത്. നബി (സ) തങ്ങള്‍ പറയുന്നു, നിങ്ങള്‍ വ്രതമനുഷ്ഠിച്ച് ആയുരാരോഗ്യം നേടൂ, യാത്ര കൊണ്ട് ഐശ്വര്യം കൈവരിക്കൂ .(ത്വബ്റാനി) നോമ്പ് മനുഷ്യ ശരീരത്തിനുളള സംസ്‌കരണമാണ്, അത് വിശ്വാസികള്‍ക്ക് ശുദ്ധീകരണ പ്രക്രിയയാണ്. പ്രവാചകര്‍ പറയുന്നു: എല്ലാ വസ്തുവിനും സംസ്‌കരണമുണ്ട്. ശരീരത്തിന്റെ സംസ്‌കരണം വ്രതമാണ്. വ്രതം ക്ഷമയുടെ പകുതിയാണ്. (ഇബ്‌നു മാജ) വ്രതം : അര്‍ത്ഥവും വ്യാപ്തിയും ഭാഷാര്‍ത്ഥത്തില്‍ വ്രതം എന്നാല്‍ പിടിച്ചുനില്‍ക്കല്‍ എന്നാണ്. ഖുര്‍ആന്‍ ഈ അര്‍ത്ഥത്തില്‍ ഇങ്ങനെ പ്രയോഗിച്ചതായി കാണാം, അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളുര്‍ക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക, പരമകാരുണികനുവേണ്ടി ഞാന്‍ വ്രതം നേര്‍ന്നിരിക്കുന്നു. അതിനാല്‍ ഇന്ന് ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല(19-26.)
ശറഇല്‍ വ്രതം എന്നാല്‍, പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പ് മുറിക്കുന്ന കാര്യങ്ങളെ തൊട്ട് വിട്ട്‌നില്‍ക്കുക എന്നാണ്. നോമ്പ് കൊണ്ട് ആത്മീയമായും സാംസ്‌കാരികമായും സാമൂഹികമായും വൈദ്യപരമായും ഒരുപാട് ഗുണമേന്മകള്‍ ലഭിക്കാനുണ്ട്. നോമ്പ് നോല്‍ക്കുന്ന നേരത്ത് ശരീരത്തിന്റെ എല്ലാ ആന്തരിക അവയവങ്ങളും വിശ്രമിക്കുന്നു. ഭക്ഷ്യഭോജനം ഇല്ലാത്തതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ചെറിയതോതില്‍ മാത്രമേ നടക്കുകയുളളു. ആയതിനാല്‍ രക്തസമ്മര്‍ദ്ദത്തെ തൊട്ട് പൂര്‍ണമായും മോചനം ലഭ്യമാകും. മിക്ക രോഗങ്ങള്‍ക്കും കാരണം ക്രമരഹിതമായ ഭക്ഷ്യഭോജനമാണ്. അത് കൊണ്ട് തന്നെയാണ് ഭിഷഗ്വരന്മാര്‍ രോഗികളോട് അന്നപാനീയങ്ങള്‍ നിയന്ത്രിക്കാനും പരിമിതിപ്പെടുത്താനും നിര്‍ദേശിക്കുന്നത്. സത്യത്തില്‍ ഇവിടെയും അല്ലാഹു, തന്റെ അടിമകളോട് ഒരു നിശ്ചിത സമയത്ത് അന്നപാനീയത്തെ പാടേ ഉപേക്ഷിക്കാന്‍ കല്‍പിക്കുമ്പോള്‍ അവന്‍ തന്റെ അടിമകളോട് കൂടുതല്‍ കരുണാമയനാവുകയാണ്.
ഇതിന് പുറമേ നോമ്പിനെ ഒരു ആരാധനയായി കൂടി തന്റെ അടിമകളില്‍നിന്ന് സ്വീകരിക്കുമ്പോള്‍, അവന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും വാതായനങ്ങള്‍ കൂടുതല്‍ പ്രകടമാവുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ തന്റെ ശരീരത്തിന് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ ഭക്ഷിക്കുമ്പോള്‍ അധികമായി വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആമാശയത്തിന്റെ അടിത്തട്ടില്‍ കുമിഞ്ഞുകൂടുകയും, അതിനെ തുടര്‍ന്ന് മാറാരോഗങ്ങള്‍ക്കും ദഹനേന്ദ്രിയങ്ങളുടെ നശീകരണത്തിനും കാരണമാകുകയും ചെയ്യുന്നു. ഇത് അതിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹൃദയത്തിനും കരളിനും ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ച, ദഹനക്കേട് സംബന്ധമായി വരുന്ന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തധമനികളുടെ സ്തംഭനം, ഷുഗര്‍, മാംസസന്ധാനം, കരള്‍വീക്കം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് വ്രതത്തിലൂടെ ശമനം നേടാന്‍ സാധിക്കും. വ്രതമനുഷ്ഠിക്കൂ... ആയുരാര്യോഗം കൈവരിക്കൂ എന്ന പ്രവാചകവചനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കാം. ഇതിന് പുറമെ നോമ്പ് കൊണ്ട് ഒരുപാട് ഗുണമേന്മകള്‍ ആധുനിക വൈദ്യശാസ്ത്രം എണ്ണിപ്പറഞ്ഞിട്ടുണ്ട്.
ആമാശയത്തെ ക്രമപ്പെടുത്താനും മ്ലേച്ഛതകളില്‍നിന്ന് മുക്തമാക്കാനും കൊഴുപ്പിനെ ലഘൂകരിക്കാനും പൊണ്ണത്തടി കുറക്കാനും വ്രതാനുഷ്ഠാനം കൊണ്ട് സാധ്യമാകുമത്രെ. വ്രതം: രോഗപ്രതിരോധം വിശ്വാസപരമായ ദൃഢത കൈവരിക്കാനും തെറ്റുകളില്‍നിന്ന് വിദൂരത പാലിക്കാനുമാണ് അല്ലാഹു ഈ സമൂഹത്തിനും മുന്‍കാല സമൂഹങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയത്. ഒരു തലത്തില്‍ വ്രതം ആത്മീയപരിപോഷണത്തിന് വഴിവെക്കുമ്പോള്‍ മറുവശത്ത് ശാരീരികമായ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവുമാണ് അത്. (1) വ്രതം പ്രതിരോധ ഗ്രന്ഥികളെ ശക്തിപ്പെടുത്തുന്നത് കാരണം കോശങ്ങളെ കാര്‍ന്നുതിന്നുന്ന ഒരുപാട് രോഗങ്ങള്‍ക്ക് തടയിടുന്നു. അവയില്‍ പ്രധാനമായ കാന്‍സറിനെ തടയുന്നതില്‍ നോമ്പ് അനല്‍പമായ പങ്ക് വഹിക്കുന്നുണ്ടത്രെ. (2) കൊഴുപ്പിനെയും പൊണ്ണത്തടിയെയും തൊട്ടുളള പ്രതിരോധം: നോമ്പ് നോല്‍ക്കുന്ന പകല്‍ വേളകളില്‍ പേശികളിലും കരളിലും സൂക്ഷിക്കപ്പെടുന്ന ഷുഗര്‍ അംശങ്ങള്‍ കൊണ്ട് ശക്തി സംഭരിക്കുകയും തുടര്‍ന്നുളള ദിവസങ്ങളില്‍ ഷുഗര്‍ അംശങ്ങളുടെ രൂപീകരണത്തിന് വേണ്ടി ശരീരം കൊഴുപ്പിനെ വലിച്ചെടുക്കുകയും അത് കാരണം കൊഴുപ്പിന്റെ അളവില്‍ കുറവ് വരികയും ചെയ്യുന്നു. (3) മുത്രക്കല്ലില്‍ നിന്നുളള സംരക്ഷണം: നോമ്പ് കാരണം രക്തത്തിലെ സോഡിയത്തിന്റെ തോത് കുറയുകയും തുടര്‍ന്ന് മൂത്രത്തിലുണ്ടാകുന്ന ഉയര്‍ന്ന അളവിലുളള കാല്‍സ്യത്തിന്റെ ഘടകങ്ങളെ ലഘൂകരിക്കുയും ചെയ്യുന്നു. ഇതിന് പുറമെ ദിനേന 36 പ്രാവശ്യം നടക്കുന്ന മൂത്ര ഗ്രന്ഥികളുടെ രക്ത ശുദ്ധീകരണ പ്രവര്‍ത്തനത്തെ കുറക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന്റെ തോത് കൂടുംതോറും അതിന്റ പ്രവര്‍ത്തനം കൂടും. ബ്രിട്ടന്‍ ന്യൂട്രീഷന്‍ എന്ന ജേര്‍ണലില്‍ വന്ന ഗവേഷണഫലം നോമ്പ് രക്തത്തിലുളള ഭക്ഷ്യാംശങ്ങളെ ശുദ്ധീകരിക്കുന്നതില്‍ മൂത്രഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ലഘൂകരിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു. അത് പോലെതന്നെ നോമ്പുകാരുടെ മൂത്രത്തില്‍ മൂത്രരോഗികളുടെ അടുക്കല്‍ കാണപ്പെടുന്ന പ്രോട്ടോണ്‍ പോലുളള അംശങ്ങള്‍ കണ്ടെത്താത്തതും ഇതിന് ഉപോല്‍ബലകമായി വര്‍ത്തിക്കുന്നുണ്ട്. (4) വ്രതം വൈകാരിക തൃഷ്ണയെ കുറക്കും: നോമ്പ് കാരണം ശരീരത്തിലടങ്ങിയിട്ടുളള ഹോര്‍മോണുകള്‍ കുറയുകയും അതിലൂടെ വികാരവിചാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുകയും ചെയ്യുമത്രെ. നിങ്ങളില്‍ ആര്‍ക്കെങ്കിലും കുടുംബ ജീവിതം നയിക്കാനുളള ഭൌതികമായ ശേഷി ഇല്ലെങ്കില്‍ അവന്‍ വ്രതമനുഷ്ഠിക്കട്ടെ (ബുഖാരി) എന്ന പ്രവാചകവചനം ഇത് തന്നെയാണല്ലോ പറഞ്ഞുവെക്കുന്നത്. ഇത്തരം മഹത്വമേറിയതും മേന്മയേറിയതുമായ ഒരു ആരാധനായണ് വ്രതം. അത് കൊണ്ട് തന്നെ നോമ്പ് ആത്മീയവും ശാരീരികവുമായ ദൃഢത കൈവരിക്കാന്‍ വേണ്ടി അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹമാണെന്ന് പറയാതെ വയ്യ.
Leave A Comment