നോമ്പ് വിവിധ സമൂഹങ്ങളില്‍
ഹിജ്റകലണ്ടര് പ്രകാരം ഒന്പതാമത്തെ മാസമായ റമദാനിലാണ് മുസ്ലിംകളുടെ നിര്‍ബന്ധമായ നോമ്പ്. ശക്തമായ ചൂട് എന്നര്ത്ഥമുള്ള റമദ് എന്ന അറബി പദത്തില് നിന്നാണ് അതിന്റെ നിഷ്പാദനമെന്നാണ് പ്രബലമതം. ശക്തമായ ചൂട് മറ്റുള്ള വസ്തുക്കളെ കരിച്ചുകളയുന്ന പോലെ മനുഷ്യരുടെ പാപങ്ങള് കരിച്ചുകളയാന് പക്വമാണ് വിശുദ്ധ റമദാന് എന്ന് പണ്ഡിതര് പറയുന്നു.
ഹിജ്റ രണ്ടാം വര്ഷം ശഅ്ബാനിലാണ് റമദാനിലെ നോന്പ് നിര്ബന്ധമാക്കപ്പെടുന്നത്. സത്യവിശ്വാസികളേ, നിങ്ങളുടെ മേല് നോന്പ് നിര്ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ മുന്പുള്ളവര്ക്ക് മേല് അത് നിര്ബന്ധമാക്കപ്പെട്ടപോലെ, നിങ്ങള് ഭയഭക്തിയുള്ളവരാവാന് വേണ്ടി (സൂറതുല് ബഖറ-183)
സൌമ് എന്ന അറബി പദത്തിന് വര്ജ്ജിക്കുക എന്നാണ് അര്ത്ഥം. സാധാരണ സമയങ്ങളില് അനുവദനീയമായ ഭക്ഷണം, പാനീയം, ഭാര്യാ-ഭര്‍തൃബന്ധം എന്നിവ നിര്ബന്ധമായും വര്ജ്ജിച്ച് പ്രഭാതം മുതല് സൂര്യാസ്തമയം വരെ നിലകൊള്ലുന്നതിനാണ് ഇസ്ലാമില് സൌമ് (നോന്പ്) എന്ന് പറയുന്നത്. റമദാന്‍ ചന്ദ്രമാസപ്പിറവിമുതല്‍ ശവ്വാല്‍ പിറവി കാണുന്നത് വരെയോ മുപ്പത് ദിവസം പൂര്‍ത്തിയാകുന്നത് വരെയോ ആണ് വിശ്വാസി നോമ്പെടുക്കേണ്ടത്.
രൂപത്തില് വ്യത്യാസമുണ്ടെങ്കിലും പുരാതനസമൂഹങ്ങളിലെല്ലാം ഇത് നിലനിന്നിരുന്നുവെന്നാണ് വ്യത്യസ്ത രേഖകള് മനസ്സിലാക്കിത്തരുന്നത്. പുരാതന ഈജിപ്ഷ്യന് സമൂഹത്തിലും ഗ്രീസ്, റോം തുടങ്ങിയ ഇടങ്ങളിലും നോന്പ് നില നിന്നിരുന്നതായി കാണാം. ഇന്ത്യയിലെ ഹിന്ദു സമൂഹം ഇന്നും നോന്പ് അനുഷ്ഠിച്ചുപോരുന്നവരാണ്.
ജൂത-ക്രിസ്തീയ സമൂഹങ്ങള്ക്ക് നോന്പ് നിര്ബന്ധമാക്കപ്പെട്ടത് അവരുടെ നിലവിലെ ഗ്രന്ഥങ്ങളില് വ്യക്തമായി കാണുന്നില്ലെങ്കിലും നോന്പിനെ പ്രകീര്ത്തിക്കുന്ന പല സൂക്തങ്ങളും അവയിലും കാണാവുന്നതാണ്.
ഇന്ന് നിലവിലുള്ള മതസമൂഹങ്ങളൊക്കെയും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നോമ്പ് അനുഷ്ടിക്കുന്നവരാണ്. ക്രിസ്തീയര്‍ക്കും ഒരു മാസം നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്നാണ് ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ശേഷം അവരുടെ മതപുരോഹതിരുടെയും രാജക്കന്മാരുടെയും കൈകടത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കാരണമായി അത് അമ്പത് ദിവസം വരെ ആകുകയും കാലവസ്ഥക്കനുയോജ്യമായി നോമ്പ്കാലം അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയും ചെയ്തു. ശേഷം സമൂഹത്തില്‍ അത് പ്രഹസനമാവുകയും കൃത്യമായി നോമ്പനുഷ്ഠിക്കുന്ന പതിവ് ഇല്ലാതാവുകയും ചെയ്തെന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാക്കാം. എല്ലാം വര്‍ജ്ജിക്കുന്ന നോമ്പുകളും എന്നാല്‍ മാംസ-മല്‍സ്യാദികള്‍ മാത്രം വര്ജ്ജിക്കുന്ന നോമ്പുദിനങ്ങളും അവര്‍ക്കിടയിലുണ്ട്.
ജൂതവിശ്വാസികള്‍ക്കും വിവിധ രൂപങ്ങളിലായി വിവിധ ദിവസങ്ങളില്‍ നോമ്പ് നിയമമാണ്. 25 മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന ചെരുപ്പ് പോലും ധരിക്കാന്‍ അനുവാദമില്ലാത്ത ശക്തമായ നോമ്പ് രീതിയാണ് ചില ദിവസങ്ങളില്‍ അവര്‍ക്കുള്ളതെങ്കില്‍ മറ്റു ചില ദിവസങ്ങളില്‍ അല്‍പം ലഘുവായ രൂപങ്ങളാണ് അവരുടെ മതാചാരങ്ങളുടെ ഭാഗമായി അവര്‍ ആചരിച്ചുപോരുന്നത്.
ഹൈന്ദവ വിശ്വാസത്തിലും നോമ്പ് നിലവിലുണ്ട്. ചില പ്രത്യേക ആചാരങ്ങളുടെ ഭാഗമായാണ് അവര്‍ നോമ്പെടുക്കുന്നത്. മല്‍സ്യാദികളും ധാന്യഭക്ഷണങ്ങളും വര്‍ജ്ജിക്കുന്നതാണ് അവരുടെ ഒരു വിഭാഗം നോമ്പ്. പഴങ്ങളും തേങ്ങവെള്ളം പോലോത്തവയും ഉപയോഗിക്കാവുന്നതാണ്. ഋതുഭേദങ്ങളിലെ ആദ്യഒമ്പത് ദിവസങ്ങള്‍ അവര്‍ നോമ്പെടുക്കുന്നു. തൊട്ടടുത്തദിവസം സൂര്യാസ്തമയം മുതല്‍ ഉദയം വരെയും അവര്‍ നോമ്പെടുക്കുന്നു.
ചൈനക്കാരിലെ ഒരു വിഭാഗമായ താവിയക്കാര്‍ മാംസം, മല്‍സ്യം, പാല്, കോഴിമുട്ട എന്നിവ ഒഴിവാക്കിയാണ് നോമ്പ് അനുഷ്ടിക്കുന്നത്.
ദിവസത്തില്‍ ഏതെങ്കിലും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നതിലൂടെ കണ്‍ഫ്യൂഷാനിസ്റ്റുകളുടെ നോമ്പായിത്തീരുന്നു.
മാര്‍ച്ച് 2മുതല്‍ 21 വരെയുള്ള 19 ദിവസമാണ് ബഹായികളുടെ നോമ്പ്. ഉദയം മുതല്‍ അസ്തമയം വരെ അവര്‍ ഭക്ഷണം പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നു. നോമ്പ് കഴിയുന്നതോടെ അവരുടെ പെരുന്നാള്‍ സുദിനമാണ്. നൈറോസ് എന്ന പേരിലാണ് അതറിയപ്പെടുന്നത്.
ബുദ്ധമതക്കാരുടെ നോമ്പ് സമയവും ഉദയം മുതല്‍ അസ്തമയം വരെ തന്നെ. ചന്ദ്രമാസത്തിലെ നാല് ദിവസമാണ് അവരുടെ നോമ്പ്. നോമ്പ് സമയത്ത് ഭക്ഷണം കഴിക്കല്‍ മാത്രമല്ല, തയ്യാറാക്കുന്നത് പോലും നിഷിദ്ധമാണ്. അത്കൊണ്ട് തന്നെ നോമ്പ് തുറക്കാനാവശ്യമായത് അവര്‍ ഉദയത്തിന് മുമ്പ് തന്നെ തയ്യാറാക്കിവെക്കുന്നു.
Leave A Comment