ഹിന്ദുത്വ ഫാഷിസം: വഴിയും വര്‍ത്തമാനവും
മതേതര ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ഹിന്ദുത്വ ഫാഷിസം. ചരിത്രാതീത കാലത്തെ ഓര്‍മിപ്പിക്കുമാര്‍ തങ്ങള്‍ക്കുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന വംശീയവരേണ്യത ഉയര്‍ത്തിക്കാട്ടി രാജ്യത്തെ തങ്ങളുടെ മാത്രം സ്വകാര്യ സ്വത്താക്കി ചുരുക്കാനാണ് ഇതിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. ഭരണഘടനക്കും രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും വിഘാതമായ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്സും സംഘ്പരിവാറുമാണ് ഇത്തരം വിഷലിപ്തമായ ചിന്തകളുടെ പ്രണേതാക്കള്‍. നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ മതേതര സങ്കല്‍പത്തെ ഇല്ലായ്മ ചെയ്യാന്‍ മാത്രമേ ഇത്തരം ഉദ്ദ്യമങ്ങള്‍ സഹായിക്കുന്നുള്ളൂ.
വര്‍ഗവെറിയുടെയും സഹവിദ്വേഷത്തിന്റെയും കൂട്ടക്കൊലരാഷ്ട്രീയത്തിന്റെയും പാഠങ്ങള്‍ അതിന്റെ ഏറ്റവും വെറുക്കപ്പെട്ട സ്രോതസുകളില്‍ പോയി പഠിച്ച് ഇന്ത്യയില്‍ പ്രയോഗവത്കരിക്കാന്‍ രംഗത്തുവന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. രൂപീകരണത്തിന്റെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകാനിരിക്കുന്ന സംഘത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഇതിനു സാക്ഷിയാണ്. മനുസ്മൃതി വായിച്ച് ഇന്ത്യയെ ഒരു ബ്രാഹ്മണ ക്ഷേത്രമാക്കി മാറ്റാന്‍ കഴിയുമെന്നാണ് അവര്‍ ധരിക്കുന്നത്. മോദി ഭരണത്തിലേറിയതോടെ കൊലവിളി രാഷ്ട്രീയത്തിലൂടെ അവര്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതും. സവര്‍ക്കറും ഗോള്‍വാള്‍ക്കറും താത്ത്വികവത്കരിച്ചത് പ്രയോഗവത്കരിക്കുകയാണ് ഇന്ന് സംഘ്പരിവാര്‍. മതേതര ഇന്ത്യയെ ഇല്ലായ്മ ചെയ്തുകൊണ്ടുമാത്രമേ തങ്ങളുടെ മനസ്സിലെ 'ഏകശിലാത്മക ഭാരതം' അവര്‍ക്ക് പണിയാന്‍ കഴിയുകയുള്ളൂ. ഇത് രാജ്യം മുന്നില്‍ കാണുന്ന വലിയൊരു അപകടത്തെയാണ് സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ ബഹുസ്വര ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഫാഷിസമെന്ന മഹാ ഭീഷണിയെ കൂടുതല്‍ അടുത്തറിയേണ്ടതും രാജ്യത്തിന്റെ അഖണ്ഡതക്കും മതേതരത്വത്തിനും അതെങ്ങനെയാണ് എതിരാവുന്നതെന്ന് തിരിച്ചറിയപ്പെടേണ്ടതുമാണ്.
തീവ്ര കൂട്ടായ്മയുടെ പിറവി
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം രാജ്യത്തെ ഹിന്ദു-മുസ് ലിം ഐക്യത്തിന്റെ ഏറ്റവും വലിയ പ്രകടനമായിരുന്നു. ഇതിനെ ഇല്ലായ്മ ചെയ്യുന്നതിനാണ് പിന്നീട് ബ്രിട്ടീഷുകാര്‍ ഉള്‍പ്പടെയുള്ള വൈദേശിക ശക്തികളും മറ്റു തീവ്ര ശക്തികളും ശ്രമിച്ചിരുന്നത്. 1920 കളുടെ മധ്യത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍ നിര്‍ഭാഗ്യകരമായ ചില പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ വര്‍ഗീയമായ ലൈനില്‍ ചിന്തിക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാരും സാമ്രാജ്യത്വ ഭരണാധികാരികളും ഈ അവസരം നഷ്ടപ്പെടുത്തിയില്ല. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ ആവതായതെല്ലാം ചെയ്തു. നിസ്സഹകരണ പ്രസ്ഥാന കാലത്ത് ശക്തിപ്പെട്ടുവന്നിരുന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തിന് തുരങ്കം വെക്കാന്‍ പല 'തീവ്ര ചിന്താഗതിക്കാരും' രംഗത്തുവന്നു. കോണ്‍ഗ്രസ് വലതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഹിന്ദുമഹാസഭ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. മത സൗഹാര്‍ദ ചിന്തകളെ വെല്ലുവിളിക്കുംവിധം വര്‍ഗീയത ചീറ്റുന്നതായിരുന്നു അവരുടെ നിലപാട്. ഈയൊരു പശ്ചാത്തലത്തിലാണ് 1925 ല്‍ ഹെഡ്ഗവാര്‍ ആര്‍.എസ്.എസ് രൂപീകരിക്കുന്നത്.
തീവ്ര വലതു പക്ഷമായ ഹിന്ദു മഹാസഭയുടെ നേതാവ് ഡോ. ബി.എസ്. മൂഞ്ചെയുമായി ഹെഡ്ഗവാര്‍ വളരെ അടുപ്പത്തിലായിരുന്നു. ഗാന്ധിജിയോട് വിയോജിച്ച മൂഞ്ചെ ബ്രിട്ടീഷുകാരോടൊത്ത് ഭാഗികമായെങ്കിലും സഹകരിച്ചു. വീര സവര്‍ക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന വി.ഡി. സവര്‍ക്കറാണ് ഹെഡ്ഗവാറുടെ മറ്റൊരു വഴികാട്ടി.
ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ സവര്‍ക്കറുമായി ചര്‍ച്ച ചെയ്ത ശേഷം, ഇവിടത്തെ സവര്‍ണ ഹിന്ദു സമൂഹത്തിന് ശക്തിയും അധികാരവും പകര്‍ന്നുനല്‍കാനായി ഒരു സംഘടന രൂപീകരിക്കാന്‍ ഹെഡ്ഗവാര്‍ തീരുമാനിച്ചു. അതായിരുന്നു ആര്‍.എസ്.എസ്.
യുവാക്കള്‍ക്കിടയില്‍, വിശിഷ്യാ ടീനേജ് പ്രായക്കാരായ ആണ്‍കുട്ടികള്‍ക്കിടയില്‍ തീവ്ര കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1925 ല്‍ ആര്‍.എസ്.എസ് സ്ഥാപിക്കപ്പെട്ടത്. യുവാക്കള്‍ക്കിടയില്‍ ഹിന്ദുരാജ്യം എന്ന ആശയത്തെക്കുറിച്ചുള്ള ഹെഡ്ഗവാറിന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ ആര്‍.എസ്.എസ് ശ്രദ്ധ കേന്ദ്രീകരിച്ചു. (അടിസ്ഥാനപരമായും സവര്‍ക്കറിന്റെതായിരുന്നു ഈ ആശയം). ബ്രിട്ടീഷുകാര്‍ക്കെതിരെ സമരങ്ങള്‍ നടത്താനോ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനോ ഈ പുതിയ സംഘടന തുനിഞ്ഞതേയില്ല. പകരം, അതിന്റെ ചുളിവില്‍ സംഘത്തെ ശക്തിപ്പെടുത്തി.
മഹാരാഷ്ട്രയിലെ നഗര വാസികളായ മിഡില്‍ ക്ലാസ് ബ്രാഹ്മണ കുട്ടികളായിരുന്നു തുടക്കത്തില്‍ ഇതിന്റെ ഔപചാരിക ശ്രോതാക്കള്‍. ഇതായിരുന്നു സംഘടനയുടെ ആദ്യകാല സാമൂഹിക അടിത്തറയും. 1927 ല്‍ നാഗ്പൂരില്‍ നടന്ന ഹിന്ദു-മുസ്‌ലിം കലാപത്തെ തുടര്‍ന്ന് സംഘടനയുടെ മെമ്പര്‍ഷിപ്പില്‍ വലിയൊരു കുതിപ്പ് സംഭവിച്ചു. രാജ്യത്ത് ഉടനീളം ആര്‍.എസ്.എസ് അതിന്റെ 'വെറുപ്പ് കാംപയിന്‍' (hate campaign) പ്രചരിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു ഇത്.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുന്നു
രാജ്യം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന കാലത്ത് സമരങ്ങളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. കോണ്‍ഗ്രസ് അടക്കം രാജ്യത്തെ പല പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കി പല രചനകളും പുറത്തുകൊണ്ടുവന്നിട്ടുണ്ടെങ്കിലും സംഘ്പരിവാറിന് ഇന്നുവരെ അതിനു സാധിച്ചിട്ടില്ലെന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്നു പറഞ്ഞ് സമ്മതം ചോദിക്കാന്‍ വന്ന അനുയായികളോടുപോലും നിങ്ങള്‍ പകരം അത്രയും കാലം 'സംഘ'ത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയെന്നാണ് ഗോള്‍വാള്‍ക്കറിനെപ്പോലുള്ളവര്‍ ഉപദേശിച്ചിരുന്നത്. നിഷ്‌കളങ്കമായി രാജ്യത്തെ സ്‌നേഹിച്ചിരുന്ന ആളുകളുടെ ആത്മവീര്യം കെടുത്താന്‍ ആര്‍.എസ്.എസ് നേതൃത്വം തുനിഞ്ഞിരുന്നുവെന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ക്രൂരരായ ബ്രിട്ടീഷ് ഭരണാധികാരികളുടെ മര്‍ദ്ദനപരമായ നിയമങ്ങളെ ആദരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിനു നേരെ ആര്‍.എസ്.എസ് നിലപാട് ശരിയല്ലെന്ന് പൊതു ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നിട്ടുപോലും സ്വാതന്ത്ര്യ സമരത്തില്‍നിന്നും അകന്നുനില്‍ക്കുകയെന്ന തങ്ങളുടെ നിലപാടില്‍നിന്നും ആര്‍.എസ്.എസ് നേതൃത്വം പിന്നോട്ട് പോയില്ല. ഇത് ഗോള്‍വാള്‍ക്കര്‍ സമ്മതിച്ചിട്ടുമുണ്ട്. പലപ്പോഴും ബ്രിട്ടീഷുകാരെ അദ്ദേഹം ന്യായീകരിക്കുന്നതായും കാണാം. ഹെഡ്ഗവാറിന്റെ കാര്യവും ഇതുതന്നെ. അദ്ദേഹം ഇതുവരെയുള്ള ആര്‍.എസ്.എസ്സ് സാഹിത്യത്തിലെവിടെയും വെള്ളക്കാര്‍ക്കെതിരെ പരോക്ഷമായി പോലും വല്ല പ്രസ്താവനയും നടത്തിയതായിട്ട് രേഖകളില്ല. സ്വാതന്ത്ര്യ സമര കാലത്തെ ദേശീയ പത്രങ്ങള്‍ അരിച്ചുപെറുക്കിയാല്‍ പോലും സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസ്സ് ഒരു പങ്കും വഹിച്ചിരുന്നതായി കണ്ടെത്തുക സാധ്യമല്ല.
ഫാഷിസത്തിന്റെ വഴിയില്‍
ഇന്ത്യന്‍ പൊളിറ്റിക്‌സിനെക്കുറിച്ച് റിസര്‍ച്ച് നടത്തിയ ഇറ്റാലിയന്‍ ഗവേഷക മാര്‍സിയ കസൊലാരി ആര്‍.എസ്.എസ് സ്ഥാപകര്‍ക്കും ഫാസിസത്തിന്റെയും നാസിസത്തിന്റെയും സ്ഥാപകര്‍ക്കുമിടയിലെ അവിശുദ്ധ ബന്ധത്തെക്കുറിച്ച് ശ്രദ്ധേയമായമായൊരു പഠനം നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ ആര്‍ക്കൈവ്‌സുകളിലൂടെ ശ്രമകരമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ക്കും ഹിന്ദു ദേശീയവാദികള്‍ക്കുമിടയില്‍ നേരിട്ടുള്ള ബന്ധം നിലനിന്നിരുന്നതായി അദ്ദേഹം തെളിയിക്കുന്നു. അദ്ദേഹം എഴുതുന്നു:
'ഫാസിസത്തിലും മുസ്സോലിനിയിലും ഇന്ത്യന്‍ ദേശീയവാദികള്‍ക്കുള്ള താല്‍പര്യം കേവലം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. ചില വ്യക്തികള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാര്യവുമല്ല ഇത്. മറിച്ച്, അവര്‍ നല്‍കിയ ഊന്നലുകളുടെ ആത്യന്തിക ഫലമായി രൂപപ്പെട്ടതായിരുന്നു ഇങ്ങനെയൊരു ബാന്ധവം. ഹിന്ദു ദേശീയവാദികള്‍ വിശിഷ്യാ മഹാരാഷ്ട്രയിലുള്ളവര്‍ ഇറ്റാലിയന്‍ സ്വേച്ഛാധിപത്യത്തെയും അതിന്റെ നേതാവിനെയുമാണ് മനസ്സില്‍ കണ്ടിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഫാസിസം ഒരു യാഥാസ്ഥിക വിപ്ലവത്തിന്റെ ഉദാഹരണം മാത്രമായിരുന്നു.
ധാരാളം ആര്‍ക്കിവല്‍ തെളിവുകള്‍ നിരത്തിയ ശേഷം ഇങ്ങനെയൊരു ഉപസംഹാരത്തിലേക്ക് ഗവേഷക എത്തുന്നത് കാണാം:
'1920 കളുടെ അവസാനത്തോടെ ഫാസിസ്റ്റ് ഭരണകൂടത്തിനും മുസോലിനിക്കും മഹാരാഷ്ട്രയില്‍ നിര്‍ണായകമായ ജനകീയതയാണ് ഉണ്ടായിരുന്നത്. ജനങ്ങളുടെ പട്ടാളവല്‍കരണവും അവ്യവസ്ഥയില്‍നിന്നും വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന സാമൂഹ്യ പരിവര്‍ത്തനവുമായിരുന്നു ഹിന്ദു ദേശീയവാദികളെ ആകര്‍ഷിച്ച ഫാസിസ്റ്റ് മുഖം. ബ്രിട്ടീഷ് ചിന്തയിലധിഷ്ഠിതമായ ജനാധിപത്യമെന്ന ആശയത്തിന് ബദലായി ജനാധിപത്യ വിരുദ്ധത (anti-democracy) എന്ന ആശയം പരിഗണിക്കപ്പെട്ടു.'
മൂഞ്ചെക്കും മുസോലിനിക്കുമിടയില്‍ ശക്തമായ ബന്ധങ്ങള്‍ നിലനിന്നിരുന്നതായി ഗവേഷക തന്റെ അന്വേഷണത്തിലൂടെ തെളിയിക്കുന്നുണ്ട്. ഫാസിസ്റ്റ് ഭരണകൂടവുമായും സ്വേഛാധിപതിയായ അതിന്റെ തലവനുമായും ആദ്യമായി ബന്ധം സ്ഥാപിക്കുന്ന ഹിന്ദു ദേശീയവാദി ആര്‍.എസ്.എസ്സുമായി വളരെ അടുപ്പത്തിലായിരുന്ന ബി.എസ്. മൂഞ്ചെ എന്ന രാഷ്ട്രീയക്കാരനാണ് എന്നാണ് അവര്‍ പറയുന്നത്. സത്യത്തില്‍, ഹെഡ്ഗവാറിന്റെ തന്നെ വഴികാട്ടിയും ബൗദ്ധിക ഉപദേശകനുമായിരുന്നു മൂഞ്ചെ. ഇരുവരും വളരെ അടുപ്പത്തിലും സൗഹൃദത്തിലുമാണ് കഴിഞ്ഞിരുന്നത്. ആര്‍.എസ്.എസ്സിനെ ശക്തിപ്പെടുത്തുകയും അതിനെ രാജ്യവ്യാപകമായ ഒരു സംഘടനയായി വളര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
ആര്‍.എസ്.എസിന്റെ ഘടന ഹെഡ്ഗവാറിന്റെ ചിന്തയുടെ മാത്രം ഫലമായിരുന്നില്ലെന്നും അതിനെ ഇറ്റാലിയന്‍ ഫാസിസ്റ്റ് വഴിയില്‍ വാര്‍ത്തെടുക്കുന്നതില്‍ മൂഞ്ചെ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഗവേഷക സമര്‍ത്ഥിക്കുന്നുണ്ട്. 1931 മാര്‍ച്ച് 19 വൈകുന്നേരം മൂന്നു മണിക്ക് ഫാസിസ്റ്റ് സര്‍ക്കാരിന്റെ ആസ്ഥാന കേന്ദ്രമായ പ്ലാസോ വെന്‍സിയയില്‍വെച്ച് മൂഞ്ചെ മുസോലിനിയെ കണ്ടുമുട്ടിയതായും ആ കൂടിക്കാഴ്ചയുടെ അനന്തരഫലമാണ് ഇന്ത്യയില്‍ ഹെഡ്ഗവാറിന്റെ നേതൃത്വത്തില്‍ ഫഷിസ്റ്റ് മാതൃകയില്‍ ഇന്ത്യയില്‍ ഒരു തീവ്ര കൂട്ടായ്മയുടെ പിറവി സംഭവിച്ചതെന്നും പഠനം പറയുന്നു.
ഹിറ്റ്‌ലറെയും നാസികളെയും പോലെ ആര്യവംശക്കാരുടെ അധീശത്വത്തിലും പ്രതാപത്തിലും വിശ്വസിക്കുന്നവരായിരുന്നു ഹിന്ദു ദേശീയവാദികളുടെ നേതാക്കന്മാരും. ഈയൊരു വംശീയബോധമാണ് അവരെ പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രധാന ഘടകം. ഹിന്ദുക്കള്‍ ആര്യന്മാരാണെന്നും ആയതിനാല്‍ അവര്‍ ദേശീയ വിഭാഗമാണെന്നും അവര്‍ വിശ്വസിച്ചു. ആര്യനല്ലാത്ത വിദേശ ഭൂമികളില്‍ ജന്മമെടുത്ത മതങ്ങളില്‍ വിശ്വസിക്കുന്നതിനാല്‍ ക്രൈസ്തവരും മുസ്‌ലിംകളും വിദേശികളായും ചിത്രീകരിക്കപ്പെട്ടു. അങ്ങനെ, ഇന്ത്യയിലെ മതങ്ങളെ രണ്ടു വിഭാഗമായി ആര്‍.എസ്.എസ് വിഭജിക്കുകയായിരുന്നു. ഇന്ത്യന്‍ മതങ്ങള്‍, വിദേശ മതങ്ങള്‍ എന്നിങ്ങനെയായിരുന്നു ഈ വിഭജനം. ബുദ്ധിസം, ജൈനിസം, സിക്കിസം തുടങ്ങിയവ ഇന്ത്യന്‍ മതങ്ങളായും എന്നാല്‍ സ്വതന്ത്ര മതത്തിന്റെ സ്റ്റാറ്റസ് ഇല്ലാത്തവയായും പ്രഖ്യാപിക്കപ്പെട്ടു. ഇവയെയെല്ലാം ഹിന്ദൂയിസത്തിന്റെ ഭാഗമായിട്ടുതന്നെയാണ് അവര്‍ പരിഗണിച്ചിരുന്നത്.
ഹെഡ്ഗവാറിനു ശേഷം ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തിലേക്കു വന്ന ഗോള്‍വാള്‍ക്കര്‍ സ്വാഭാവികമായും ഫാസിസത്തിന്റെയും നാസിസത്തിന്റെയും വലിയ പ്രണേതാവു തന്നെയായിരുന്നു. തന്റെ മുന്‍ഗാമികളില്‍നിന്നും ലഭിച്ചതായിരുന്നു തനിക്ക് ഈ ഫാസിസ്റ്റ് ഭ്രമം. 'വംശീയ ഉന്മൂലന'ത്തില്‍ വിശ്വസിച്ചിരുന്ന ഹിറ്റ്‌ലറുടെ നാസിസ്റ്റ് സാംസ്‌കാരിക ദേശീയവാദത്തെ മാതൃകയായി കണ്ട വ്യക്തികൂടിയായിരുന്നു ഗോള്‍വാള്‍ക്കര്‍.
ന്യൂനപക്ഷ ഉന്മൂലനം പ്രഥമ ലക്ഷ്യം
19 ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഉന്നത ജാതിക്കാരായ ഹിന്ദു നേതൃത്വത്തിനു കീഴില്‍ രൂപംകൊണ്ട ഹിന്ദു ദേശീയവാദം എന്ന ആശയത്തിന് രണ്ട് അടിസ്ഥാന ഘടകങ്ങളാണുള്ളത്. തീവ്രമായ മുസ്‌ലിം വെറുപ്പും അക്രമവഴിയിലൂടെ മുസ്‌ലിംകളെ നശിപ്പിച്ചുകളയുകയെന്ന ശക്തമായ ആവശ്യവുമാണ് അതിലൊന്ന്. സാമ്രാജ്യത്വ ഭരണാധികാരികളോട് അടുത്ത ബന്ധവും സ്‌നേഹവും നിലനിറുത്തുകയെന്നതാണ് രണ്ടാമത്തേത്. തങ്ങളുടെ ഹിന്ദു രാഷ്ട്രമെന്ന ആശയത്തില്‍ ഈ രണ്ടു ഘടകങ്ങളും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നു.
1997 മുതല്‍ ഇങ്ങോട്ട് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്‌റംഗ് ദള്‍ തുടങ്ങി ആര്‍.എസ്.എസ്സിന്റെ വിവിധ അനുബന്ധ ഘടകങ്ങള്‍ ഗുജറാത്തിനെ ന്യൂനപക്ഷ ഉന്മൂലനത്തിന്റെ ഒരു ലബോറട്ടറിയായി ഉപയോഗിച്ചുതുടങ്ങിയതായി കാണാം. മതകീയമായ തുടച്ചുനീക്കല്‍ ലക്ഷ്യം വെച്ച അവര്‍ പ്രധാനമായും ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയുമാണ് ഇതിനായി ഇരയാക്കിയിരുന്നത്. ഇന്നവര്‍ ഈയൊരു ആശയത്തെ ഇന്ത്യ മുഴുവനും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇകഴ്ത്തുംവിധം പല തരത്തിലുള്ള പാംലെറ്റുകള്‍ അവര്‍ അടിച്ചിറക്കുന്നു.
ആര്‍.എസ്.എസ് സൈദ്ധാന്തികനായ എം.എസ് ഗോള്‍വാള്‍ക്കറുടെ രചനകളുടെ സമാഹാരമാണ് ബഞ്ച് ഓഫ് തോട്‌സ് അഥവാ ചിന്താധാര. ആര്‍.എസ്.എസ് കേഡര്‍മാര്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി പരിഗണിക്കുന്ന ഒന്നാണിത്. ഇതില്‍ 'അഭ്യന്തര ഭീഷണികള്‍' എന്ന തലക്കെട്ടില്‍ വിശാലമായൊരു അധ്യായമുണ്ട്. അതില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും യഥാക്രമം ഒന്നും രണ്ടും ഭീഷണികളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റുകാരാണ് മൂന്നാം നമ്പര്‍ ശത്രു. ഗോള്‍വാള്‍ക്കര്‍ നെയ്‌തെടുത്ത ഇത്തരം കണ്ടെത്തലുകള്‍ 2002 ല്‍ ഗുജറാത്തില്‍ മുസ്‌ലിം പ്രദേശങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ന്യായീകരണമായി വി.എച്.പി ഗുണ്ടകള്‍ മതപരമായി ഉപയോഗപ്പെടുത്തുകയുണ്ടായി.
ഇതുപോലെയുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ പ്രചോദിതരായ ആര്‍.എസ്.എസ് കേഡര്‍മാര്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ പോലെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്.
മതസ്വാതന്ത്ര്യത്തിനെതിരെ
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ രണ്ടു വിഭാഗമായി വിഭജിച്ചു കാണാന്‍ ആര്‍.എസ്.എസ് എന്നും ശ്രമിച്ചിരുന്നതായി കാണാം. ഇന്ത്യയില്‍ ജന്മംകൊണ്ട മതങ്ങളെ പിന്തുടരുന്നവരെന്നും പുറത്തുനിന്നും വന്ന മതങ്ങളെ പിന്തുടരുന്നവരെന്നും പറഞ്ഞാണ് ആദ്യമവരെ വിഭജിച്ചിരുന്നത്. ജൈനന്മാര്‍, ബുദ്ധന്മാര്‍, സിഖുകാര്‍ എന്നിവരാണ് അതില്‍ ഒന്നാമത്തെ വിഭാഗം. 'വിദേശ' മതങ്ങള്‍ പിന്തുടരുന്ന ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് രണ്ടാമത്തെ വിഭാഗം. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് കൂടുതല്‍ പ്രശ്‌നക്കാര്‍ എന്ന് ആര്‍.എസ്.എസ് അവകാശപ്പെടുന്നു. ആയതിനാല്‍, ഈ വിഭാഗം ഹിന്ദുവല്‍കരിക്കപ്പെടേണ്ടതുണ്ടെന്നതാണ് അവരുടെ ആവശ്യം. എന്നാല്‍, ആദ്യത്തെ ന്യൂനപക്ഷ മതങ്ങള്‍ അവരുടെ ദൃഷ്ടിയില്‍ ഇതുപോലെ പ്രശ്‌നക്കാരല്ല. തദ്ദേശീയമായ ഈ മതങ്ങള്‍ക്ക് സ്വതന്ത്ര മതങ്ങളുടെ സ്ഥാനം പോലും കല്‍പിക്കാത്ത ആര്‍.എസ്.എസ്സിന്റെ നിലപാട് തീര്‍ത്തും വഞ്ചനാപരമാണ്.
രാജ്യസ്‌നേഹം എന്ന കപട ഘോഷം
ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആര്‍.എസ്.എസ്സിന്റെ ദേശീയവിരുദ്ധ പദ്ധതികളെക്കുറിച്ച് കൃത്യമായൊരു ബോധമുണ്ടായിരിക്കല്‍ ഓരോ ഇന്ത്യക്കാരനും അനിവാര്യമാണ്. ഹിന്തുത്വ അജണ്ടകളെ തിരിച്ചറിഞ്ഞ് മുളയില്‍തന്നെ അതിനെ ചെറുത്ത്‌തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസ്സിന്റെതന്നെ ആര്‍ക്കൈവ്‌സില്‍നിന്നും ലഭിച്ച രേഖകളുടെ വെളിച്ചത്തിലുള്ള ഈ അന്വേഷണം ഏറെ സഹായിക്കും. മതേതരത്വ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സ്‌നേഹിക്കുകയും ഹിന്ദുത്വ കടന്നാക്രമണങ്ങളില്‍നിന്നും അതിനെ രക്ഷിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ക്ക് ചരിത്രത്തിനു മറക്കാനാവാത്ത ഈ രേഖകള്‍ വലിയൊരു മുതല്‍ക്കൂട്ടായിരിക്കും.
മുസ്‌ലിംകളുടെ രാജ്യസ്‌നേഹം നിരന്തരം ചോദ്യം ചെയ്യുകയും ക്രിസ്ത്യാനികളെയും ദലിതുകളെയും രാജ്യദ്രോഹികളായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് തങ്ങളുടെ സ്വന്തം ചരിത്രത്തിലേക്ക് ഒരാവര്‍ത്തി തിരിഞ്ഞുനോക്കുന്നത് നല്ലതായിരിക്കും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയില്‍ ആരാണ് യഥാര്‍ത്ഥ രാജ്യ സ്‌നേഹികളെന്നും ദേശവിരുദ്ധരെന്നും. തങ്ങളുടെ ഉല്‍ഭവം മുതല്‍ ഇന്നുവരെ ഇന്ത്യയുടെ സര്‍വ്വവിധ പോളിസികള്‍ക്കും എതിര് നിന്നവരായിരുന്നു ആര്‍.എസ്.എസ്സുകാര്‍. മനുസ്മൃതി ഭരണഘടനയും കാവിക്കൊടി ദേശീയ പതാകയും ഒരു ഹിന്ദു സ്വേച്ഛാധിപതി ഭരണത്തലവനുമായ, ക്രൈസ്തവരും മുസ്‌ലിംകളും ദലിതുകളും ഇല്ലാത്ത, ശക്തമായ ജാതീയ വിഭജനം നിലനില്‍ക്കുന്ന ഒരു ഇന്ത്യയാണ് ആര്‍.എസ്.എസ് എന്നും സ്വപ്‌നം കണ്ടിരുന്നത്. അതിനുവേണ്ടി ഭരണഘടനയെപ്പോലും ചോദ്യം ചെയ്യുകയാണ് അവരിന്ന്. ഇത്തരുണത്തില്‍, തങ്ങളുടെ ദേശീയ വിരുദ്ധ അജണ്ടകളെ ഉയര്‍ത്തിക്കാട്ടി, രാജ്യസ്‌നേഹത്തെക്കുറിച്ചോ ദേശീയതയെക്കുറിച്ചോ സംസാരിക്കാന്‍ ആര്‍.എസ്.എസ്സിന് യാതൊരു ധാര്‍മികാവകാശവുമില്ലെന്ന് തുറന്നുപറയുകയാണ് അവരുടെത്തന്നെ ചരിത്ര രേഖകള്‍.
മതേതരത്വത്തിനും ബഹുസ്വതക്കുമെതിരെ
ഇന്ത്യാരാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായ മതേതരത്വത്തെയും ബഹുസ്വരതയെയും ആര്‍.എസ്.എസ് അംഗീകരിച്ചിരുന്നില്ല. തങ്ങളുടതന്നെ സൈദ്ധാന്തികാചാര്യന്‍മാര്‍ പലതവണ ഇത് തുറന്നു പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
1947 ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കപ്പെട്ട ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍ ഇക്കാര്യം തുറന്നെഴുതുകയും ചെയ്തു. 'മഹത്തായ ഹിന്ദു രാജ്യം' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചുകഴിയുന്ന ഒരു രാജ്യത്തിന്റെ സാധ്യതയെത്തന്നെ പത്രം തള്ളിക്കളയുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തുല്യാവകാശങ്ങളോടെ ഒരുമിച്ചുകഴിയുകയെന്നത് ഒരു ബ്രിട്ടീഷ് ഗൂഢാലോചനയുടെ സൃഷ്ടിയാണെന്നാണ് പത്രം ആരോപിക്കുന്നത്.
തങ്ങളുടെ പ്രതിജ്ഞകളിലൂടെ ആര്‍.എസ്.എസ് കേഡര്‍മാര്‍ തയ്യാറെടുക്കുന്നതും ഈയൊരു സ്വപ്‌നസാക്ഷാല്‍കാരത്തിനുവേണ്ടിയാണ്. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ പതിവായി ചൊല്ലിവരുന്ന പ്രതിജ്ഞ ഇങ്ങനെ വായിക്കാം:
'സര്‍വ്വ ശക്തനായ ദൈവത്തിനും എന്റെ പൂര്‍വ്വ പിതാക്കള്‍ക്കും മുമ്പില്‍ ഞാന്‍ സഗൗരവം പ്രതിജ്ഞയെടുക്കുന്നു. പരിശുദ്ധമായ ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ ശക്തിപ്പെടുത്തുകവഴി ഭാരതവര്‍ഷയുടെ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍.എസ്.എസ്സില്‍ അംഗമാകുന്നു. വളരെ ആത്മാര്‍ത്ഥതയോടെയും സത്യന്തതയോടെയും ഞാന്‍ സംഘത്തിന്റെ ജോലികള്‍ ചെയ്യുന്നതാണ്. എന്റെ ജീവിതത്തിലുടനീളം ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനായി ഞാന്‍ ഉറച്ചുനില്‍ക്കുന്നതായിരിക്കും. ഭാരത് മാതാ കീ ജെയ്.'
ഒരു ഹിന്ദു രാജ്യത്തിനു വേണ്ടി അണികളുടെ മനസ്സൊരുക്കുകയാണ് ഇത്തരം പ്രാര്‍ത്ഥനകളിലൂടെയും പ്രതിജ്ഞകളിലൂടെയും ആര്‍.എസ്.എസ് ചെയ്യുന്നത്. രാഷ്ട്രീയപരമായും നിയമപരമായും സംവിധാനിക്കപ്പെട്ട ഇന്ത്യാരാജ്യത്തോട് കൂറും ആത്മാര്‍ത്ഥതയും തങ്ങള്‍ക്കില്ലെന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു. മറിച്ച്, ഇതിനെയെല്ലാം തകര്‍ത്ത് ഒരു ദൈവരാജ്യം പണിയാനാണ് ആര്‍.എസ്.എസ് പരിശ്രമിക്കുന്നത്. ഇത് അടിസ്ഥാനപരമായും രാജ്യത്തിന്റെ ഭരണഘടനക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ്.
ദേശീയ പതാക അംഗീകരിക്കുന്നില്ല
ആര്‍.എസ്.എസ് 1925 ല്‍ തുടക്കം കുറിച്ചതുമുതല്‍തന്നെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ സംഘടിത പോരാട്ടങ്ങളെ പ്രതീകവല്‍കരിക്കുന്ന യാതൊന്നിനെയും അംഗീകരിച്ചിരുന്നില്ല. ദേശീയ പതാകയുടെ വിഷയം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. 1929 ഡിസംബര്‍ മാസം കോണ്‍ഗ്രസ് 'പൂര്‍ണ സ്വാതന്ത്ര്യം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്നു. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനും അന്ന് ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കാനും അതിനു ആദരുവകളര്‍പ്പിക്കാനും പ്രഖ്യാപനം നടത്തി. ഇതറിഞ്ഞ ഹെഡ്ഗവാര്‍ ആര്‍.എസ്.എസ് ശാഖകളിലേക്ക് സര്‍ക്കുലര്‍ ആയച്ചു. അതില്‍, എല്ലായിടത്തും ദേശീയ പതാകയായി കാവി പതാക പ്രദര്‍ശിപ്പിക്കാനും അതിന് ആദരവുകളര്‍പ്പിക്കാനും അദ്ദേഹം ആജ്ഞാപിച്ചു. മുരളി മനോഹര്‍ ജോഷി, അരുണ്‍ ജയറ്റ്‌ലി പോലുള്ള ആര്‍.എസ്.എസ് നേതാക്കള്‍ അനിവാര്യ ഘട്ടങ്ങളില്‍ ശ്രീനഗറിലും മറ്റും ത്രിവര്‍ണ പതാക ആകാശത്തിലേക്ക് ഉയര്‍ത്തുന്നുണ്ടാകാം. തങ്ങള്‍ക്കുള്ളിലെ കപടമായ രാജ്യ സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവരിത് ചെയ്യുന്നത്. അവരുടെ ഉള്ളില്‍ കാവി പതാക തന്നെയാണ് ഇപ്പോഴും പറക്കുന്നത്. ആര്‍.എസ്.എസ് എന്നും ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിക്കുകയും ഇകഴ്ത്തുകയും ചെയ്തിരുന്നുവെന്നതാണ് ചരിത്രം. താഴെ പറയുന്ന പ്രസ്താവനയില്‍നിന്നും അത് കൂടുതല്‍ വ്യക്തമാകും.
1947 ജൂലൈ 22 നാണ് ത്രിവര്‍ണ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കപ്പെടുന്നത്. ഇതിനു തൊട്ടുമുമ്പ് ജൂലൈ 17 ന് ഓര്‍ഗനൈസറില്‍ 'ദേശത്തിന്റെ പതാക' എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ വന്നിരുന്നു. ദേശീയ പതാകയുമായി ബന്ധപ്പെട്ട് നടന്നുവന്ന ചര്‍ച്ചകളോടുള്ള പ്രതികരണമായിരുന്നു അത്:
'പതാക ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായിരിക്കണമെന്നത് നമ്മളാരും അംഗീകരിക്കുന്നില്ല. ഇതൊരു അസംബന്ധ വാദം മാത്രമാണ്. പതാക രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ഒരേയൊരു രാജ്യം മാത്രമേയുള്ളൂ. അത് ഹിന്ദു രാജ്യമാണ്. 5000 ലേറെ വര്‍ഷം ഇടവിടാത്ത ചരിത്ര പാരമ്പര്യമുള്ള മണ്ണാണത്. അതാണ് നമ്മുടെ രാജ്യം. അതിനെ മാത്രം പ്രതിനിധീകരിക്കുന്നതായിരിക്കണം പതാക. ഇവിടത്തെ എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പതാക കണ്ടെത്തുക നമുക്ക് സാധ്യമല്ല. അത് ഏറെ സങ്കീര്‍ണവും അനാവശ്യവുമായിരിക്കും. ഒരു തെയ്യല്‍കാരാന്‍ കുപ്പായം തെയ്യുന്നപോലെ ഉണ്ടാക്കാവുന്നതല്ലല്ലോ നമ്മുടെ ദേശീയ പതാക.'
നിലവിലെ ദേശീയ പതാക അതൃപ്തികരമാണെന്ന ധ്വനിയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്!
ഭരണഘടനയെ തള്ളിപ്പറയുന്നു
ആര്‍.എസ്.എസ് ഇന്ത്യന്‍ ഭരണഘടനയെ എത്രമാത്രം അംഗീകരിക്കുന്നുണ്ടെന്ന് ഗോള്‍വാള്‍ക്കറിന്റെ ഈ പ്രസ്താവനയില്‍നിന്നും മനസ്സിലാകും:
'പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഭരണഘടനകളുടെ ഒരു സമ്മിശ്ര രൂപം മാത്രമാണ് നമ്മുടെ ഭരണഘടന. അതില്‍ നമ്മുടേതാണെന്നു പറയാന്‍ യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യം, ജീവിത ലക്ഷ്യം തുടങ്ങിയവ എന്താണെന്ന് വ്യക്തമാക്കുന്ന വല്ല പരാമര്‍ശവും അതിലുണ്ടോ? ഇല്ല എന്നതാണ് സത്യം!'
ജനാധിപത്യത്തിനെതിരേ
ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ക്കപ്പുറം ആര്‍.എസ്.എസ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യ ഒരു ഏകാധിപത്യ ഭരണത്തിനു കീഴില്‍ വരണമെന്നതാണ്. 1940 ല്‍ നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് കേഡര്‍മാരുടെ ഒരുന്നത തല സംഗമത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു:
'ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ആശയത്താല്‍ പ്രചോദിതമായ ആര്‍.എസ്.എസ്സാണ് രാജ്യത്തുടനീളം ഹിന്ദുത്വയുടെ ജ്വാലകള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.'
ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ഈയൊരു മുദ്രാവാക്യം ആര്‍.എസ്.എസ് കടമെടുത്തത് യൂറോപ്പിലെ ഫാസിസ്റ്റ്, നാസിസ്റ്റ് പാര്‍ട്ടികളില്‍നിന്നാണെന്നത് വ്യക്തമാണ്.
ഫെഡറല്‍ സംവിധാനത്തിനെതിരെ
ഇന്ത്യന്‍ രാഷ്ട്രീയ ഭരണ സംവിധാനമായി ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറല്‍ വ്യവസ്ഥയെ ശക്തമായി എതിര്‍ക്കുന്നു ആര്‍.എസ്.എസ്. 1961 ല്‍ നടന്ന ദേശീയോദ്ഗ്രഥന കൗണ്‍സിലിലേക്ക് ഗോള്‍വാള്‍ക്കര്‍ അയച്ച അഭിപ്രായത്തില്‍നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്.
'ഇന്നത്തെ ഭരണത്തിലെ ഫെഡറല്‍ സംവിധാനം വിഘടനചിന്തയെ ഉണ്ടാക്കുക മാത്രമല്ല, വളര്‍ത്തുകവരെ ചെയ്യുന്നതാണ്. അത് ഒരു രാജ്യം എന്ന ആശയത്തെ നിരാകരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈയൊരു സംവിധാനം പൂര്‍ണമായും പിഴുത് മാറ്റേണ്ടിയിരിക്കുന്നു. അതിനായി ഭരണഘടന ശുദ്ധീകരിക്കുകയും ഒരു ഏകീകൃത ഭരണ സംവിധാനം രാജ്യത്ത് കൊണ്ടുവരികയും വേണം.'
ഇത് ഇന്ത്യന്‍ ഫെഡറലിസത്തെക്കുറിച്ച് ആര്‍.എസ്.എസ് ആചാര്യന്റെ ഒരു ഒറ്റപ്പെട്ട അഭിപ്രായം മാത്രമല്ല. ഓരോ ആര്‍.എസ്.എസ്സുകാരനും വായിച്ചിരിക്കണമെന്ന് അവര്‍ പറയുന്ന, തങ്ങളുടെ ബൈബിളെന്ന് അവര്‍ വിശ്വസിക്കുന്ന 'വിചാര ധാര'യില്‍ 'ഒരു ഏകീകൃത രാജ്യമാണ് ആവശ്യം' എന്നൊരു അധ്യായം തന്നെയുണ്ട്. ഇന്ത്യയുടെ ഫൈഡറല്‍ സംവിധാനത്തിനുള്ള പരിഹാരമായി ഈ ലേഖനത്തില്‍ അദ്ദേഹം പറയുന്നു:
'ഭരണഘടന മുന്നോട്ടുവെക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം കുഴിച്ചുമൂടാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഭാരതമെന്ന രാജ്യത്തിനുള്ളില്‍ പൂര്‍ണ അധികാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റുകളെയും തൂത്തെറിയേണ്ടതുണ്ട്. ഒരു രാജ്യം, ഒരു സ്റ്റേറ്റ്, ഒരു പാര്‍ലമെന്റ്, ഒരു നിര്‍വഹണ സമിതി എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം.'
ഇന്ത്യയെന്ന നാമകരണത്തിനെതിരെ
കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി രാജ്യത്തിന് ഇന്ത്യയെന്ന നാമകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ് അത് അംഗീകരിച്ചിരുന്നില്ല. ഹിന്ദുക്കളുടെ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന് പേരിടണമെന്നായിരുന്നു അവരുടെ ആവശ്യം. 1947 ജൂലൈ 31 ന് ഹിന്ദുസ്ഥാന്‍ എന്ന ശീര്‍ഷകത്തില്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയലില്‍ ഇക്കാര്യം അവര്‍ തുറന്നു പറയുന്നുണ്ട്.
എഡിറ്റോറിയല്‍ അവസാനിക്കുന്നത് ഈ ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ്:
'അതുകൊണ്ട്, ഇന്ത്യയുടെ ദേശീയ പതാക ഹിന്ദുക്കളുടെ പരമ്പരാഗത പതാക തന്നെയായിരിക്കണം. ദേശീയ ഭാഷ ഹിന്ദിയും പ്രിയപ്പെട്ട നമ്മുടെ മാതൃദേശം ഹിന്ദുസ്ഥാനുമായിരിക്കണം.'
ചുരുക്കത്തില്‍, രാജ്യസ്‌നേഹത്തിന്റെ പേരു പറഞ്ഞ് ഇന്ന് നാടുനീളെ കലാപങ്ങളഴിച്ചുവിടുന്ന ആര്‍.എസ്.എസ് തന്നെയാണ് രാജ്യം കണ്ട ഏറ്റവും വലിയ രാജ്യവിരുദ്ധര്‍ എന്നാണ് അവരുടെ തന്നെ ചരിത്രം വ്യക്തമാക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചെയ്തതു കാരണം ഒന്നിലധികം തവണ നിരോധിക്കപ്പെട്ട സംഘടന മറ്റുള്ളവരെ നന്നാക്കാനായി രംഗത്തുവരുന്നതിനു മുമ്പ് സ്വന്തം ഇന്നലെകള്‍ ഒരാവര്‍ത്തി വായിച്ചുനോക്കുന്നത് നല്ലതായിരിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കപ്പെടുന്ന ഒരു ഇന്ത്യക്കായി നമുക്ക് പ്രവര്‍ത്തിക്കാം.
റഫറന്‍സ്
1. ഫാഷിസം: വഴിയും വര്‍ത്തമാനവും, ഡോ. ശംസുല്‍ ഇസ്‌ലാം, ബുക്പ്ലസ്, ചെമ്മാട്
2. ഫാഷിസവും സംഘ്പരിവാറും, ഡോ. എം.കെ. മുനീര്‍, ഒലീവ് ബുക്‌സ്, കോഴിക്കോട്
3. നോ ദി ആര്‍.എസ്.എസ്, ഡോ. ശംസുല്‍ ഇസ്‌ലാം
4. ബഞ്ച് ഓഫ് തോട്‌സ്, എം.എസ്. ഗോള്‍വാള്‍ക്കര്‍, സാഹിത്യ സിന്ധു, ബാംഗ്ലൂര്‍, 1996
5. വി ഓര്‍ അവര്‍ നാഷന്‍ഹൂഡ് ഡിഫൈന്‍ഡ്, എം.എസ്. ഗോള്‍വാള്‍ക്കര്‍, ഭാരത് പബ്ലിക്കേഷന്‍, നാഗ്പൂര്‍
6. ഓര്‍ഗനൈസര്‍, ആര്‍.എസ്.എസ് മൗത്ത് പീസ്, ഡല്‍ഹി
7. കളക്ടഡ് വര്‍ക്‌സ് ഓഫ് ഗോള്‍വാള്‍ക്കര്‍, ഭാരതീയ വിചാര്‍ സാധന, നാഗ്പൂര്‍
Leave A Comment