ഗ്വാണ്ടനാമോയിലെ പീഡനകാഴ്ചകളില്‍ ഞാന്‍ അല്ലാഹുവിനെ കണ്ടു: ടെറി ഹോള്‍ഡ് ബ്രൂക്സ്
 width=ക്യൂബയിലെ കുപ്രസിദ്ധമായി ഗ്വാണ്ടനാമോ തടവറ. തടവുപുള്ളികളുടെ കാവല്‍ക്കാരനായിട്ടാണ് അമേരിക്കന്‍ സൈന്യത്തിലെ അംഗമായിരുന്ന ടെറി ഹോള്‍ഡ് ബ്രൂക്സ് അവിടെയെത്തുന്നത്. അമേരിക്ക പ്രസ്തുത തടവറ തുറന്നത് 2002 ല്‍. ബ്രൂക്സ് അവിടെ എത്തുന്നതാകട്ടെ 2003 ലും. ഒരു വര്‍ഷം മാത്രമാണ് ടെറിബ്രൂക്സ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിനിടെ ഗ്വാണ്ടനാമോ ബ്രൂക്സിനെ സ്വാധീനിച്ചു. ബ്രൂക്സ് ഇസ്‌ലാമിലേക്ക് കടന്നുവന്നു. ഗ്വാണ്ടനാമോ തടവുപുള്ളികളനുഭവിക്കുന്ന പീഡനങ്ങളെ കാഠിന്യം നേരിട്ട് കാണുക! അപ്പോഴും വിശ്വാസികള്‍ തങ്ങളുടെ ദൈവത്തെ കുറിച്ചും ദൈവത്തിലുള്ള വിശ്വാസത്തിലെ അചഞ്ചലതെയ കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുക! ഇസ്‌ലാമില്‍ മറ്റു മതങ്ങളേക്കാള്‍ വ്യതിരിക്തമാക്കുന്ന എന്തോ ഉണ്ടെന്ന് ബോധ്യപ്പെടാന്‍ ഗ്വാണ്ടനാമോയിലെ കുറച്ച് ദിവസങ്ങളെ വേണ്ടി വന്നുള്ളൂ എന്ന് ബ്രൂക്സ് തുറന്നു സമ്മതിക്കുന്നു. ബ്രൂക്സ് തന്നിലെ ദൈവവിശ്വാസിയെ കണ്ടെത്തിയ കഥയാണ് ഈ കുറിപ്പ്. ഒന്ന് ‘മൃഗീയമായ പീഡനം നടക്കുന്ന തടവറ. എട്ടുമണിക്കൂറുകളോളം ഒരേ നിര്‍ത്തം നിര്‍ത്തിയ കാരണം അവസാനം തടവുപുള്ളി നിന്ന നില്‍പില്‍ മലമൂത്ര വിസര്‍ജനം വരെ നടത്തിയ രംഗം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. 12 വയസ്സുകാരനായ ഒരു പയ്യനുമുണ്ടായിരുന്നു അവിടെ. അവനെ ഭീകരവാദത്തിന്‍റെ പേരിലാണ് അവിടെ തടവിലാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ ക്ഷയരോഗം ബാധിച്ച ഒരാളുമുണ്ടായിരുന്നു, 70 കഴിഞ്ഞ ഒരു പടുവൃദ്ധന്‍. അയാളെയും അമേരിക്ക പരിചയപ്പെടുത്തുന്നത് ഭീകരവാദി എന്ന് തന്നെ! ഈ രണ്ട് വ്യക്തികള്‍ തന്നെ എന്നില്‍ ഗ്വാണ്ടനാമോയെ കുറിച്ച് സംശയമുണ്ടാക്കി തുടങ്ങി. സംശയം പില്‍ക്കാലത്ത് അന്വേഷണത്തിന് വഴിമാറി’- ബ്രൂക്സ് പറഞ്ഞു തുടങ്ങുന്നു. വിവിധ തരം ശിക്ഷാമുറകളുണ്ടായിരുന്നു തടവറയില്‍. മനുഷ്യത്വം പോലുമില്ലാതെയായിരുന്നു അവരോട് തന്‍റെ സഹപ്രവര്‍ത്തകര്‍ പെരുമാറിയിരുന്നതെന്ന് ക്ഷോഭ്യനായി പറയുന്നു ബ്രൂക്സ്. എ.സി ഫിറ്റ് ചെയ്ത ഐസ് വെള്ളം നിറച്ച സെല്ല്. അവിടെ തടവുപുള്ളികളെ ചങ്ങലയില്‍ ബന്ധിച്ച് ഏറെ സമയം അടക്കുക, മണിക്കൂറുകളോളം ഒരേ മ്യൂസിക് ഭയങ്കര ശബ്ദത്തില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കേള്‍പ്പിക്കുക, ആര്‍ത്തവ രക്തമടക്കം പൊതുവെ മനുഷ്യന്‍ വെറുക്കുന്നതെന്തും ചങ്ങലക്കിട്ട തടവുപുള്ളികളുടെ മുഖത്തൊഴിക്കുക... ഗ്വാണ്ടനാമോയിലെ ചില ശിക്ഷാമുറകളെ കുറിച്ച് ബ്രൂക്സ് വിശദീകരിക്കുന്നു. ‘ഗ്വാണ്ടനാമോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൈന്യത്തിലെ ഓരോരുത്തര്‍ക്കും നേരത്തെ തന്നെ പ്രത്യേക ട്രെയിനിംഗ് നല്‍കിയിരുന്നു അമേരിക്ക. അതിലെല്ലാം അവിടത്തെ തടവുകാരെ കുറിച്ച് പരമാവധി മോശമായി ചിത്രീകരിക്കാനാണ് മേലുദ്യോഗസ്ഥര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഏറ്റവും വൃത്തികെട്ടവരായും മൃഗങ്ങളെക്കാള് അധപതിച്ചവരായുമാണ് അവരെ കുറിച്ച് ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നിരുന്നത്. അല്‍ഖായിദ, താലിബാന്‍ പോലുള്ള സംഘങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ക്യാമ്പിലെ ഓരോ സംസാരവും തുടങ്ങിയിരുന്നത്, അവസാനിച്ചിരുന്നതും.’ തടവുപുള്ളികളെ ഓരോരുത്തരെയായി പ്രത്യേക സെല്ലിലേക്ക് വിളിച്ചായിരുന്നു ഇത്തരം ശിക്ഷാമുറകള്‍ നടപ്പാക്കിയിരുന്നതത്രെ. പലപ്പോഴും അതിന് വേണ്ടി അവരെ കൊണ്ടുപോയിരുന്നത് താനായിരുന്നുവെന്ന് പറയുമ്പോള്‍ ബ്രൂക്സിന്‍റെ മുഖത്ത് കുറ്റബോധത്തിന്‍റെ കറുത്ത നിഴല്‍വീഴുന്നു. ‘തടവറയിലെ കടുത്ത പീഡനങ്ങളനുഭവിച്ചതിന് ശേഷവും തങ്ങളുടെ വിശ്വാസം വിടാന്‍ അവരാരും ഒരുക്കമല്ലെന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. തങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ കുറിച്ച് ആ നരകത്തിലിരുന്നും അവര്‍ക്കെങ്ങനെ സംസാരിക്കാന്‍ സാധിക്കും?’ 2003 മുതല്‍ 2004 വരെ ഗ്വാണ്ടനാമോ തടവറയില്‍ കാവല്‍ക്കാരനായി ബ്രൂക്സ് ജോലിനോക്കി. കുട്ടിലടക്കപ്പെട്ട പക്ഷികളേക്കാളും ദുസ്ഥിതിയില്‍ കഴിയുന്ന ഒരു പറ്റം മനുഷ്യര്.  പല്പപോഴും ഒരു തെറ്റുപോലും ചെയ്യാത്തവര്‍. കടുത്ത പീഡനത്തിന് അവര്‍ ഇരയാക്കപ്പെടുന്നു. എന്നിട്ടും ദിവസവും അഞ്ചു പ്രാവശ്യം അവര്‍ നിസ്കരിക്കുന്നു. ദൈവത്തോട് രക്ഷക്കായി പ്രാര്‍ഥിക്കുന്നു. എല്ലാം കഴിയുമ്പോള്‍ പരസ്പരം പുഞ്ചിരിക്കുന്നു. നിത്യവും കണ്ടിരുന്ന ഈ കാഴ്ചകള്‍ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നുവെന്ന് ബ്രൂക്സ്. ‘പൂര്‍ണ സ്വാതന്ത്ര്യത്തില് അധികാരഭാവത്തില് കഴിഞ്ഞിരുന്ന എനിക്ക് പോലും ഇല്ലാത്ത മനസമാധാനമായിരുന്നോ അവര്‍ക്കവിടെ?’- ബ്രൂക്സിന്‍റ മനോഗതം അറിയാതെ പുറത്തുവരുന്നു. രണ്ട്  width=ചെറുപ്രായത്തിലേ അമ്മാമ്മയുടെ കൂടെയായിരുന്നു ബ്രൂക്സ് ജീവിച്ചത്. 18 വയസ്സാകുമ്പോഴേക്ക് ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പം തൊട്ടെ ദൈവത്തിന്‍റെ സത്യം അന്വേഷിച്ചു വിവിധ മത പരിസരങ്ങളില് അലഞ്ഞിട്ടുണ്ട് ടെറി ഹോള്‍ഡ് ബ്രൂക്സ്. ‘ഒരുമതവും സത്യത്തിലേക്ക് വഴിനടത്തുന്നുണ്ടെന്ന് എനിക്ക് തോന്നിയില്ല. എല്ലാ അന്വേഷണവും പാതിയില്‍ മുറിഞ്ഞു പോകുന്നതായി തോന്നി.’ ഗ്വാണ്ടനാമോയിലേക്ക് നിയമിതാകുമ്പോള്‍ മാനസികമായി മതത്തോട് ഏറെ അകന്നുകഴിഞ്ഞിരുന്നു അയാള്‍. ഏകദൈവത്വം ഉദ്ഘോഷിക്കുന്ന എല്ലാ മതങ്ങളും പൈശാചികമാണെന്ന് തന്നെ അയാള്‍ അതിനകം വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്നാല്‍ ജയിലിലെ ഈ അനുഭവങ്ങള്‍ ബ്രൂക്സിനെ വീണ്ടും ചിന്തിപ്പിച്ചു. അയാള്‍ സഹതാപത്തോടെ അവിടത്തെ തടവുപുള്ളികളോട് സംസാരിച്ചു തുടങ്ങി. അര്‍ധരാത്രികളില്‍ നടന്ന ഈ സംസാരം മാസങ്ങളോളം തുടര്‍ന്നു. അതിന്‍റെ തുടര്‍ച്ച ഖുര്‍ആന്‍ നേരിട്ട് വായിക്കുന്നത് വരെ എത്തി. ബ്രൂക്സ് ഒഴിവു സമയങ്ങളില്‍ ഇസ്‌ലാമിനെ കുറിച്ച വായിക്കാന് തുടങ്ങി. ഇന്‍റര്‍നെറ്റില്‍ അതിനായി ഒരുപാടു പരതി വായിച്ചു. ജയിലില്‍ താന്‍ ഏറ്റവും കൂടുതല് സമയം സംസാരിച്ച ഒരു തടവുപുള്ളിയാണ് വായിക്കാനായി ഖുര്‍ആന്‍റെ കോപ്പി തന്നതെന്ന് ബ്രൂക്സ് വെളിപ്പെടുത്തുന്നുണ്ട്. അത് വായിച്ചു തുടങ്ങിയതോടെ പിന്നെ, നാസ്തികതയുടെ മണല്‍ക്കാറ്റ് അടിച്ചുവീശി കൊണ്ടിരിക്കുകയായിരുന്ന മനസ്സിന്‍റെ മരുഭൂമിയില്‍ വിശ്വാസത്തിന്‍റെ ചെറിയ മരുപ്പച്ചകള്‍ വെളിപ്പെട്ടു തുടങ്ങിയെന്ന് ബ്രൂക്സ് സാക്ഷ്യപ്പെടുത്തുന്നു. അത് മനസ്സിലാക്കിയിട്ട് തന്നെയാകണം, തടവറയില്‍ ഡ്യൂട്ടിയിലുള്ള മറ്റു പട്ടാളക്കാര്‍ ബ്രൂക്സിനെതിരെ രംഗത്തു വന്നു തുടങ്ങിയിരുന്നു. ‘ഇതര മതഗ്രന്ഥങ്ങളേക്കാളും വായനാസുഖം നല്കുന്നുണ്ട് ഖുര്‍ആന്‍. അത് മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്നതിനെ കുറിച്ചാണ് തീര്‍ത്തും സംസാരിക്കുന്നത്. ഖുര്‍ആനില്‍ പരസ്പര വൈരുധ്യങ്ങള്‍ കാണുന്നില്ല. അതില്‍ ഇന്ദ്രജാലകങ്ങള്‍ക്ക് തരിമ്പും ഇടമില്ല തന്നെ.’ മനുഷ്യന് ജീവിക്കാന്‍ ഖുര്‍ആന്‍ വലിയൊരു സഹായമാണെന്നതിന് എനിക്ക് കൂടുതല് തെളിവുകള് ആവശ്യമില്ലായിരുന്നു. ഞാനവിടെ തടവുപുള്ളികളുടെ കാവല്‍ക്കാരനായിരുന്നുവെങ്കിലും, അവരെല്ലാവരും ചേര്‍ന്ന് വിശ്വാസത്തിന്‍റെ തടവറയില്‍ എന്നെ പൂട്ടിയിട്ടു കഴിഞ്ഞിരുന്നു. അവര്‍ സത്യത്തില്‍ എനിക്ക് കാവലിരിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് ബ്രൂക്സ്.     (ശേഷം അടുത്ത പേജില്‍)  width=രാത്രിയായിരുന്നു ബ്രൂക്സിന്‍റെ ഡ്യൂട്ടിസമയം. അത് കൂടുതല്‍ പേരുമായി സംസാരം തുടരുന്നതിന് സഹായകമായി. ഓരോരുത്തരോടും വ്യക്തിപരമായി തന്നെ സംസാരിക്കാന്‍ ശ്രമിച്ചു. സെപ്തംബര്‍ 11 ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തെ ഇസ്‌ലാമിന്‍റെ പേരില്‍ ന്യായീകരിക്കാനാകില്ലെന്ന് അവരില്‍ ചിലര്‍ തുറന്ന് പറഞ്ഞത് തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് ബ്രൂക്സ്. മൂന്ന് എനിക്ക് ഉടനെ മുസ്‌ലിമാകണമെന്ന് തോന്നി. ഞാനെന്‍റെ ആഗ്രഹം മേല്പറഞ്ഞ തടവുകാരന് മുന്നില് ‍വെച്ചു. അയാള്‍ വിലക്കി: ‘സമയമായിട്ടില്ല.’ മുസ്‌ലിമാകുക എന്നാല്‍ വെറുതെയുള്ള ഒരേര്‍പ്പാടെല്ലെന്നും മൊത്തത്തില് ജീവിതം തന്നെ മാറ്റിയെഴുതേണ്ടതുണ്ടെന്നും അയാള്‍ പിന്നീട് വിശദീകരിച്ചു തന്നു. അതിന് മുമ്പ് കള്ള്, മയക്കു മരുന്നു തുടങ്ങിയ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. മുസ്‌ലിമാകുന്നതോടെ പിന്നെ ജീവിതം ആകെ മാറേണ്ടി വരുമെന്നും അതു മുഖേന നേരിട്ടേക്കാവുന്ന പ്രതിസന്ധികള്‍ക്ക് നേരത്തെ പരിഹാരം ആലോചിക്കേണ്ടതുണ്ടെന്നുമെല്ലാം അയാള്‍ തെര്യപ്പെടുത്തി. ‘ഞാന്‍ ഓരോ ദിവസവും മാറാന്‍ ശ്രമിച്ചു. ദുശ്ശീലങ്ങള് ഓരോന്നായി  ഒഴിവാക്കി. എന്‍റെ കുടുംബം, ജോലി തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം ഞാന്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. ശരിയാണ്, ഞാന്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയായിരുന്നു; എന്നാല്‍ അതിലേറെ ശക്തിയായി ഇസ്ലാം എന്നിലേക്ക് ഇങ്ങോട്ട് കടന്നുവരുന്നുണ്ടായിരുന്നോ! 2003, ഡിസംബര്‍. അന്നൊരു ദിവസം രാത്രി ഞാന്‍ തടവുകാരുടെ മുന്നില്‍ പോയി. മുസ്‌ലിമാകുകയാണെന്ന് പ്രഖ്യാപിച്ചു. അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിശുദ്ധ കലിമ ഉറക്കെ ഉരുവിട്ടു. അവരെനിക്കത് കടലാസില്‍ കുറിച്ച് തന്നു. ഞാന്‍ ഉറക്കെ വായിക്കാന്‍ ശ്രമിച്ചു. വായിക്കുന്നത് ശരിയാകുന്നില്ലായിരുന്നു. വീണ്ടും ആവര്‍ത്തിച്ചു നോക്കി. അത് ശരിയായി. അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അല്ലാഹുവിന്‍റെര അനുഗ്രഹം. അവനെന്നെ മുസ്‌ലിമാക്കി മാറ്റി.’ width= 2005 ഒക്ടബോറിലാണ് സൈന്യത്തില്‍ നിന്ന് ബ്രൂക്സിനെ പുറത്താക്കുന്നത്. ‘അപരമര്യാദ’ എന്നാണ് അമേരിക്ക നടപടിക്ക് പറഞ്ഞ കാരണം. പിന്നെ ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്തുകയായിരുന്നുവെന്ന് ബ്രൂക്സ്. മദ്യ-ലഹരി പദാര്‍ഥങ്ങളോടെല്ലാം പൂര്‍ണമായും വിടുതിയായി. പുകവലിക്കുന്നത് വരെ ഒഴിവാക്കി. ഉരുവിട്ടു കൊണ്ടിരുന്ന ചെറിയ പ്രാര്‍ഥനകള്‍ പോലും തന്‍റെ വറ്റിവരണ്ട മനസ്സിന്‍റെ ചക്രവാളങ്ങളില്‍ ആശ്വാസത്തിന്‍റെ മഴവില്ല് തീര്‍ത്തു. നാല് സ്വകാര്യജീവിതത്തില്‍ പല നഷ്ടങ്ങള്‍ക്കും ഇത് കാരണമായെന്നും കൂട്ടിച്ചേര്‍ക്കാന്‍ ബ്രൂക്സ് മടിക്കുന്നില്ല. പഴയകാല സുഹൃത്തുക്കളെല്ലാം സൌഹൃദം ഒഴിവാക്കി പോയി. പലരില്‍ നിന്നും ഭീഷണി കോളുകള് ‍വരെ വന്നു. ഏതായാലും ഇനി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രൂക്സ്. അതിന് പിന്നിലെ ചേതോവികാരവും വിശുദ്ധ ഇസ്ലാം തന്നെയാണെന്ന് ബ്രൂക്സ് തുറന്നുപറയുന്നു. ‘ഒരു തിന്മ കാണുമ്പോള്‍ അതിനെതിരെ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ വിശുദ്ധ മതം സമ്മതിക്കുന്നില്ല. കഴിയുന്ന രീതിയില്‍ അതോട് പ്രതികരിക്കണമെന്നാണ് ഈ മതം ആവശ്യപ്പെടുന്നത്.’ ബ്രൂക്സ് തന്‍റെ ഇസ്‌ലാമാശ്ലേഷണത്തിന്‍റെ കഥ വിവരിച്ച് ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട് കഴിഞ്ഞ മാസം. ട്രെയിറ്റര്‍ എന്ന് പേരില്‍ 164 പേജുകളുള്ള പുസ്തകം. ബ്രൂക്സിന്‍റെ കഥ ഗ്വാണ്ടനാമോയുടെ കൂടെ ഉള്‍ക്കഥയാണ്. ഗ്വാണ്ടനാമോ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു നാണക്കേടാണെന്ന് അദ്ദേഹത്തിന്‍റെ ഈ അനുഭവക്കുറിപ്പ് വ്യക്തമാക്കുന്നു. മന്‍ഹര്‍ യു.പി കിളിനക്കോട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter