യൂസുഫ് നബ്ഹാനി: ജീവിതവും ദര്‍ശനവും
ഹിജ്റയുടെ 13,14 നൂറ്റാണ്ടുകളില്‍ (ക്രിസ്തു വര്‍ഷം 19,20 നൂറ്റാണ്ടുകള്‍) ജീവിച്ച പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനും പ്രവാചക പ്രേമിയും സുന്നത്തു ജമാഅത്തിന്റെ ആശയാദര്‍ശങ്ങളെ തനതു ശൈലിയില്‍ നിലനിര്‍ത്തുന്നതില്‍ അക്ഷീണ യത്നം നടത്തിയ നവോത്ഥാന നായകനുമായിരുന്നു ഖാസി യൂസുഫുന്നബ്ഹാനി(റ). ഫലസ്ത്വീനിന്റെ ഭാഗമായിരുന്ന 'ഇജ്സിം' (ഇന്നത്തെ 'ഹൈഫ'യില്‍ നിന്ന് 28 കിലോമീറ്റര്‍ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്) എന്ന പ്രദേശത്ത് ഹി. 1265-ല്‍ (ക്രി. 1849ല്‍) ആണ് അദ്ദേഹം ജനിച്ചത്. ഇജ്സിമില് താമസമാക്കിയിരുന്ന 'ബനൂനബ്ഹാന്‍' എന്ന അറബ് ഗോത്രത്തിലേക്ക് ചേര്‍ത്തിയാണ് അദ്ദേഹം 'നബ്ഹാനി' എന്നറിയപ്പെട്ടത്. പിതാവായ ശൈഖ് ഇസ്മാഈല്‍ അന്നബ്ഹാനിയില് നിന്നാണ് പ്രാഥമിക വിദ്യ നുകര്‍ന്നത്.
1283-ല്‍ (ക്രി. 1866) കൈറോയിലെ ജാമിഉല്‍ അസ്ഹറില്‍ പ്രവേശിച്ചു. 1289(ക്രി.1872) വരെ അവിടെ താമസിച്ചു പഠിച്ചു. പ്രഗത്ഭരായ നിരവധി ഗുരുനാഥന്മാരുമായി ബന്ധപ്പെടാന്‍ അദ്ദേഹത്തിനു അവിടെവച്ച് അവസരമുണ്ടായി. ശൈഖ് ഇബ്റാഹീം അസ്സഖ്ഖാ അശ്ശാഫിഈ (വഫാത്ത് ഹി. 1298), ശൈഖ് അബ്ദുല്‍ ഖാദിര്‍ അര്‍റാഫിഈ അല്‍ഹനഫീ (വഫാ. ഹി. 1323), ശൈഖ് യൂസുഫുല്‍ ബര്‍ഖാവി അല്‍ ഹന്‍ബലീ, ശൈഖ് അഹ്മദ് അല്‍ അജ്ഹൂരി തുടങ്ങി നിരവധി ഉസ്താദുമാരുടെ ശിക്ഷണത്തില്‍ വളരാന്‍ അദ്ദേഹത്തിനു സാധിച്ചു. ഇജ്സിമിലേക്കു തിരിച്ചുവന്നശേഷം ബൈറൂത്ത്, ഡമസ്കസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. ഡമസ്കസില്‍ വച്ച് പ്രസിദ്ധ പണ്ഡിതനായിരുന്ന സയ്യിദുശ്ശരീഫ് മുഹമ്മദ് അഫന്‍ദീ ഹംസ(റ)യെ കണ്ടുമുട്ടി. അദ്ദേഹത്തില്‍നിന്ന് സ്വഹീഹുല്‍ ബുഖാരി പഠിക്കുകയും പഠിപ്പിക്കാനുള്ള സമ്മതം വാങ്ങുകയും ചെയ്തു. ശേഷം തുര്‍ക്കിയിലെ കോണ്‍സ്റ്റാന്റി നോപ്പിളിലേക്ക് (ഇന്നത്തെ ഇസ്താംബൂള്‍) പോവുകയും 'അല്‍ ജവാനിബ്' എന്ന അറബി ജേണലിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. ജേണലിനു പുറമെ നിരവധി ഗ്രന്ഥങ്ങളും അവിടെവച്ച് എഡിറ്റു ചെയ്തിട്ടുണ്ട്. ശേഷം ഇറാഖിലെ മൊസ്വൂളിലേക്കു പോയി. അല്പകാലം അവിടെ ഖാസിയായി ജോലി ചെയ്തു. വീണ്ടും തുര്‍ക്കിയിലേക്ക് പോയി.
ഹി.1297-ലായിരുന്നു അത്. 1300 വരെ അവിടെ തങ്ങി. അതിനിടയില്‍ തന്റെ പ്രസിദ്ധ ഗ്രന്ഥമായ 'അശ്ശറഫുല്‍ മുഅബ്ബദ്, ലി ആലി മുഹമ്മദ്' രചിച്ചു. ശേഷം സിറിയയിലെ 'ലാദഖിയ്യ'യില്‍ ജസ്റ്റിസായി ജോലി ചെയ്തു. പിന്നീട് ഫലസ്തീനിലേക്കും അവസാനം ബൈറൂത്തിലേക്കും ജോലിമാറ്റം ലഭിച്ചു. ബൈറൂത്തില്‍ നിന്ന് ഖാസി സ്ഥാനം വിരമിച്ച ശേഷം മദീനയില്പോയി. അല്പകാലം അവിടെ താമസിച്ചു. തിരിച്ച് ബൈറൂത്തിലേക്ക് വന്ന് ഹി. 1350(ക്രി.1932) വിശുദ്ധ റമളാന്‍ മാസത്തില്‍ അവിടെ വച്ച് പരലോകം പൂകി. ഗ്രന്ഥങ്ങള്‍ അമ്പതോളം ഗ്രന്ഥങ്ങള്‍ സ്മര്യ പുരുഷന് രചിച്ചിട്ടുണ്ട്. പ്രവാചക പ്രേമവുമായി ബന്ധപ്പെട്ടവയാണ് അവയില്‍ മിക്കതും. ചില ഗ്രന്ഥങ്ങളുടെ പേര് താഴെ ചേര്‍ക്കുന്നു. 1) അശ്ശറഫുല്‍ മുഅബ്ബദ് ലി ആലി മുഹമ്മദ് (അല്‍ മത്ബഅതുല്‍ അദബിയ്യ, ബൈറൂത്ത് 1309) 2) വസാഇലുല്‍ വുസ്വൂല്‍ ഇലാ ശമാഇലിര്റസൂല് 3) അഫ്ദലുസ്സ്വലവാത്ത് അലാ സയ്യിദിസ്സാദാത്ത് 4) സആദത്തുദ്ദാറൈന്‍ ഫിസ്സിലാത്തി അലാ സയ്യിദില്‍ കൗനൈന്‍ 5) അദ്ദലാഇലുല് വാളിഹത്ത്. ഇമാം ജസൂലി(റ)യുടെ ദലാഇലുല്‍ ഖൈറാത്തിന്റെ വ്യാഖ്യാനമാണിത്. പഠനാര്‍ഹമായ ഒരു മുഖവുരയും നബ്ഹാനി ഈ ഗ്രന്ഥത്തിന് എഴുതിയിട്ടുണ്ട്. 6) അഹ്സനുല്‍ വസാഇല്‍ ഫീ നള്മി അസ്മാഇന്നബിയ്യില് കാമില്‍ 7) അല്‍ ഖൗലുല്‍ ഹഖ് ഫീ മൗലിദിസയ്യിദില് ഖല്‍ഖ് 8) ഹാദില്‍ മുരീദ് ഇലാ ത്വുറുഖില് അന്നതീദ് 9) അസ്സാബിഖാത്തുല് ജിയാദ് ഫീ മദ്ഹി സയ്യിദില്‍ ഇബാദ് 10) അല്‍ മജ്മൂഅത്തുന്നബ്ഹാനിയ്യ ഫില്‍ മദാഇഹിന്നബവിയ്യ 11) ജാമിഉ കറാമത്തില്‍ ഔലിയാഅ് 12) ശവാഹിദുല്‍ ഹഖ് ഫില്‍ ഇസ്തിഗാസത്തി ബി സയ്യിദില്‍ ഖല്‍ഖ് 13) മിസാലുന്നഅ്ലിശ്ശരീഫ്-നബി(സ്വ)യുടെ ചെരിപ്പിന്റെ മഹത്വങ്ങളാണ് ഇതില്‍ വിവരിക്കുന്നത്. 14) അല്‍ ഹംസിയ്യത്തുല് അല്‍ഫിയ്യ 15) ജവാഹിറുല്‍ ബിഹാര്‍ ഫീ ഫള്ലിന്നബിയ്യില് മുഖ്താര്‍ 16) അല്ഖസ്വീദത്തുര് റാഇയ്യത്തുല്‍ കുബ്റാ, അല്‍ഖസ്വീദത്തുല്‍ റാഇയ്യത്തു സ്വുഗ്റാ ഇങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
1600-ല്‍ പരം പേജുകള്‍ വരുന്ന ഗ്രന്ഥവും ഇക്കൂട്ടത്തിലുണ്ട്. ഹദീസ്, ഉസ്വൂലുല്‍ ഹദീസ്, സ്വലാത്ത്, തസ്വവുഫ്, ഇല്‍മുല്‍ കലാം, പ്രവാചക ജീവിതം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നബ്ഹാനിയെപ്പോലുള്ള ഫലസ്ത്വീനിയന്‍ ഗ്രന്ഥകാരന്മാരുടെ ഗ്രന്ഥങ്ങളും കവിതകളും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് അഭിനവ സിയോണിസ്റ്റ് ജൂതപ്പിശാചുക്കള് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാചകപ്രേമം തികഞ്ഞ ഒരു ആശിഖുര്‍റസൂല്‍ (പ്രവാചക പ്രേമി) ആയിരുന്നു നബ്ഹാനി. അദ്ദേഹത്തിന്റെ കൃതികളഖിലവും ഹുബ്ബുന്നബിയുമായി ബന്ധപ്പെട്ടതാണ്. സആദത്തുദാറൈന് എന്ന ഗ്രന്ഥത്തിലെ ചില വരികള്‍ കാണുക: അന അബ്ദുന് ലി സയ്യിദില്‍ അമ്പിയാഇ/വ വലാഈ ലഹുല്‍ ഖദീമു വലാഈ/അന അബ്ദുന് ലി അബ്ദിഹി വലി അബ്ദില്‍/അബ്ദി അബ്ദുന് കദാ ബി ഗൈരിന്തിഹാഇ/അന ലന്തഹീ അനില്‍ ഖുര്ബി മിന് ബാ/ബി രിളാഹു ഫീ ജംലത്തി ദുഖലാഇ അമ്പിയാക്കളുടെ നേതാവായ മുഹമ്മദ് നബി(സ്വ)യുടെ പണ്ടു മുതലേയുള്ള ഭൃത്യനാണുഞാന്. അവിടുത്തെ ഭൃത്യന്റെ ഭൃത്യനും ഭൃത്യന്റെ ഭൃത്യന്റെ ഭൃത്യനും.... ഇങ്ങനെ നീളുന്നു എന്റെ അവസ്ഥ. അവിടുത്തെ കരുണാകവാടങ്ങളില് ഞാന്‍ അനവരതം മുട്ടിക്കൊണ്ടേയിരിക്കും. അന്ശുറുല് ഇല്‍മ ഫീ മആലീഹി ലിന്നാസി/വ അശുദ്ദു ബിഹീമഅ ശ്ശഅ്റാഈ/ഫ അസാഹു യഖൂലു ലീ അന്ത സല്‍മാ/ നു വലാഈ ഹസ്സാനു ഹുസ്നി സനാഈ/വബിറൂഹി അഫ്ദീ തുറാബ ഹിമാഹു/വലഹുല്‍ ഫള്ലു ഫീ ഖുബൂലി സനാഈ അവിടുത്തെ മഹത്വങ്ങള്‍ ഞാന്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും കവികള്‍ക്കൊപ്പം പാടിക്കൊണ്ടിരിക്കുകയും ചെയ്യും.
ഒരുപക്ഷേ, അവിടുന്ന് എന്നോട് വിളിച്ചുപറഞ്ഞേക്കാം: ''എന്റെ സഖാക്കളില്‍ സല്‍മാനു തുല്ല്യനല്ലോ നീ. ഹസ്സാനുബ്നു സാബിത്തിനോളം ഉയര്‍ന്നുവല്ലോ നീ.'' എന്റെ ആത്മാവ് അങ്ങേയ്ക്കു ഞാന്‍ ബലിയര്‍പ്പിക്കുന്നു. അങ്ങ് അത് സ്വീകരിച്ചെങ്കില്‍! അല്ഹംസിയ്യത്തുല് അല്‍ഫിയ്യയിലെ വരികള്‍ കാണുക: നൂറുക്കല്കുല്ലു വന്‍ വറാ അജ്സാഉ യാ നബിയ്യുമിനസ്ലിഹില് അമ്പിയാഉ/ഇല്ലത്തുല്‍ കൗനി കുന്ത അന്തവലൗലാ/ക ലദാമത് ഫീ ഗൈബിഹല് അന്ത വലൗലാ/ക ലദാമത് ഫീ ഗൈബിഹല്അശ്യാഉ അങ്ങയുടെ പ്രകാശമാണ് സര്‍വ്വവും. സൃഷ്ടികളഖിലവും അങ്ങയില്‍നിന്ന് ഉയിര്കൊണ്ടു. അമ്പിയാക്കള്‍ മുഴുവനും അങ്ങയില്നിന്നുണ്ടായി. അങ്ങാണ് ലോക സൃഷ്ടിപ്പിന്റെ കാരണക്കാര്‍. അങ്ങില്ലായിരുന്നെങ്കില്‍ ലോകമുണ്ടാകുമായിരുന്നില്ല. പ്രവാചകരുടെ ചെരിപ്പിനെപ്പോലും അദ്ദേഹത്തിന്റെ കവിതകള്‍ മനോഹരമായി വര്‍ണിക്കുന്നു. 'ജവാഹിറുല്‍ ബിഹാര്‍' എന്ന ഗ്രന്ഥത്തിലെ വരികള്‍ ശ്രദ്ധിക്കുക. അലാ റഅ്സി ഹാദല്‍ കൗനി നഅ്ലു മുഹമ്മദി/അലത് ഫജമീഉല് ഖല്ഖി തഹ്ത ളിലാലിഹീ/ലദത്വൂരി മൂസാ നൂദിയഖ്ലിഅ് വ അഹ്മദു/അലല്‍ അര്‍ശി ലം യുഅ്ദന് ബി ഖല്ഇ നിആലിഹീ ഈ ലോകത്തിന്റെ നെറുകയിലാണ് മുഹമ്മദിന്റെ പാദുകങ്ങളുള്ളത്. സമസ്ത ലോകവും അതിന്റെ തണലില്‍ ജീവിക്കുന്നു.
സീനാ പര്വ്വതത്തിലേറുമ്പോള് മൂസ(അ)യോട് ചെരിപ്പൂരാന്‍ ആജ്ഞാപിക്കപ്പെട്ടു. അര്ശിനോളം ഉയര്‍ന്നപ്പോഴും മുഹമ്മദ് നബിക്ക് ചെരിപ്പ് അഴിച്ചുവെക്കാന്‍ ലഭിച്ചില്ല. അല്ഖസ്വീദത്തുര്റാഇയ്യയില് പറയുന്നു. കമാ അന്നനീ ലൗ നില്ത്തു ഖിദ്മത്ത നഅ്ലി ഹീ/ വ ഇന്ദ ജമീഇര്റുസുലി സല്ത്വനത്തന് കുബ്റാ/ലമഖ്തര്ത്തു ഇല്ലാ ഖിദ്മത്തീ ലി നിആലിഹീ/വ ദാലിക ഫഖ്റുന് ലാ അറാ മിസ്ലഹു ഫഖ്റാ ലോകത്തുള്ള മുഴുവന്‍ അമ്പിയാക്കള്ക്കുമിടയില് രാജാധിപത്യം ലഭിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം നബിതിരുമേനി(സ്വ)ക്ക് പാദസേവ ചെയ്യുവാനാണ്. അതിലും വലിയ ഒരു മഹത്വം മറ്റെന്തുണ്ട്! നബ്ഹാനിയന് കവിതകളിലെ പ്രവാചകപ്രേമത്തെക്കുറിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
ബിദഇകള്‍ക്കെതിരെ
സുന്നത്തു ജമാഅത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ബിദ്അത്തുകാരെ തുരത്തുവാനും നബ്ഹാനി അക്ഷീണം യത്നിച്ചു. അദ്ദേഹത്തിന്റെ ജാമിഉ കറാമാത്തില്‍ ഔലിയാഅ്, ശവാഹിദുല്‍ ഹഖ് ഫില്‍ ഇസ്തിഗാസത്തി ബി സയ്യിദില്‍ ഖല്‍ഖ്, അല്ഖസ്വീദത്തുര്റാഇയ്യത്തുല് കുബ്റാ ഫീ വസ്വ ്ഫില് ഉമ്മത്തില്‍ ഇസ്ലാമിയ്യത്തി വല്‍ മിലലില് ഉഖ്റാ, അല്ഖസ്വീദത്തുര്റാഇയ്യത്തുസ്വുഹ്റാ ഫീ ദമ്മില് ബിദ്അത്തി വ അഹ്ലിഹാ വ മദ്ഹിസ്സുന്നത്തില് ഗര്റാ തുടങ്ങിയവ ഈ ഗണത്തിലെ പ്രസിദ്ധ കൃതികളാണ്. അദ്ദേഹം ജീവിച്ച ഹി. 13,14 നൂറ്റാണ്ടുകളില്‍ മുജദ്ദിദുകള്‍ എന്ന വ്യാജേന ബിദ്അത്തിന്റെ വിഷബീജങ്ങള്‍ സമൂഹത്തിനിടയില്‍ വിതച്ച മൂന്നുപേരായിരുന്നു. ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് അബ്ദുവും റശീദ് രിഫ്ദായും. ഇവരില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് കേരളത്തില്‍ പോലും പുത്തന്വാദങ്ങള്ക്ക് വേരോട്ടമുണ്ടാക്കുന്നത്. ഈ മൂന്നുപേരെയും തന്റെ തൂലികയിലൂടെ കശക്കിയെറിയാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. അല്‍ ഖസ്വീദത്തുര്റാഇയ്യയിലൂടെ മൂന്നുേപരുടെയും തനിനിറം തുറന്നുകാട്ടി.
വ ബഅ്ദു ഫ ഇന്നീ സുഖ്ത്തു നഹ്വ ഇഭാത്തിഹീ/അസാഖിറ തുര്ദിഹീം വഇന്‍ ഹുസിബത് ശിഅ്റാ/ നബി(സ്വ)യുടെ ശത്രുക്കളെ തുരിത്തിയോടിക്കാന് കവിതകളുടെ രൂപത്തിലുള്ള സൈന്യങ്ങളെ ഞാന്‍ നിയോഗിക്കുന്നു. മറ്റൊരിടത്ത് പറയുന്നു: ഉജാഹിദുഹും മാ ദുംത്തു ഹയ്യന്‍ ഫഇന്‍ അമുത്/ തര്റക്ത്തു ലഹും ജൈശൈനി നള്മിയ വന്നസ്റാ ജീവിച്ചിരിക്കുന്ന കാലമത്രയും അവര്‍ക്കെതിരെ ഞാന്‍ പോരാടിക്കൊണ്ടിരിക്കും. മരിച്ചുകഴിഞ്ഞാല്‍ അവരെ നേരിടാന്‍ എന്റെ ഗദ്യവും പദ്യവും സജ്ജമായിരിക്കും. ബിദ്അത്തുകാരോട് എതിരിടാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഈ വരികളില്‍ പ്രകടമാണ്. ജമാലുദ്ദീന്‍ അഫ്ഗാനിയെ കുറിച്ച് പറയുന്നു: വ അവ്വലുഹും ഖദ്കാന ശൈഖന്‍ മുശര്റദാ/ബി ഹീ മലികുല്‍ അഫ്ഗാനി അജ്റല്ലദീ അജ്റാ/അറാദ ഫസാദന്‍ ഫീ ദിയാനത്തി ഖൗമിഹീ/അലാ ഖുര്ബിഹീ മിന്ഹു ഫബ്ഉദ്ഹൂ ഖഹ്റാ/തസമ്മാ ജമാലദ്ദീനി മഅ ഖുബ്ഹി ദീനിഹീ/കമാ വളഊ ലഫളല്മഫാസത്തി ലിസ്വഹ്റാ ബിദ്അത്തിന്റെ വിഷബീജം വിതച്ച മൂവര്‍സംഘത്തില്‍ പ്രമുഖന് സമുദായത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ ശ്രമിച്ച ജമാലുദ്ദീന്‍ അഫ്ഗാനിയാണ്. 'ദീനിന്റെ ഭംഗി' എന്നാണ് പേരിനര്‍ത്ഥമെങ്കിലും അദ്ദേഹം ദീനിന് ശാപമായിരുന്നു. അപകടങ്ങള്‍ നിറഞ്ഞ മരുഭൂമിക്ക് 'മഫാസത്ത്' (വിജയസ്ഥലം) എന്നു പേരിട്ടതു പോലെയാണിത്.
മുഹമ്മദ് അബ്ദുവിനെ കുറിച്ച് പറയുന്നു: അലാ ഖല്ബിഹീ സാദല്‍ ഹവാ ഫഹുവ അബ്ദുഹൂ/വഖദ് സകശൈ്വതാനു മിന് റഅ്സിഹീ വക്റാ/അബൂജഹ്ലു ഹാദല്‍ അസ്വ്രി ഖദ്സ്വാറ മുഫ്തിയാ/ബി മിസ്വ്റ ഫ അഹ്യല് ജാഹിലിയ്യത്ത ഫീ മിസ്വ്റാ താന്തോന്നിയും പിശാചിന്റെ ആള്‍രൂപവും അഭിനവ അബൂജഹ്ലുമായ മുഹമ്മദ് അബ്ദുവാണ് മറ്റൊരാള്‍. ഈജിപ്ഷ്യന്‍ മുഫ്തി ചമഞ്ഞുകൊണ്ട് ജാഹിലീ ചിന്തകളെ ജീവിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രശീദ് രിദയെ പറ്റി പറയുന്നു: വ അമ്മാ റശീദു ദുല്‍ മനാരി ഫ ഇന്നഹു/അഖല്ലഹും അഖ്ലന്‍ വ അക്സറുഹും ശര്റാ അല്മനാറുകാരനായ റശീദ് റിദാ ബുദ്ധി കുറഞ്ഞവനും നാശം വര്ധിച്ചവനുമാണ്. മൂന്നു പേരെയും ഉള്കൊള്ളിച്ചുകൊണ്ട് പറയുന്നു: വ ഖുസ്വ രശീദന് ദല്മനാരി വ ശൈഖഹു/വ ശൈഖഹുമാ ഇന്‍ ശിഅ്ത്ത ബില്‍ ഹുസ്വസ്വില് കുബ്റാ/സലാസു അസാഫിന് തഹ്തുഹാ നാറു ഫിതിനത്തിന്/വ മിന് ഫൗഖിഹല് ഇല്‍ഹാദു സ്വാറ ലഹാ ഖിദ്റാ റശീദ്രിദാ, മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഗാനി എന്നീ മൂന്നു പേര്ക്കുമെതിരിലുള്ള പ്രാര്‍ത്ഥനയാണിത്. നിരീശ്വരവാദത്തെ വളര്‍ത്തുന്ന, ഫിത്നകള്‍ക്ക് ആക്കം കൂട്ടുന്ന ഒരു ആശയത്തിന്റെ മൂന്നു പ്രഭവ കേന്ദ്രങ്ങളാണ് അവര്‍ എന്ന് നബ്ഹാനി സമര്‍ത്ഥിക്കുന്നു. ഇമാം ബൂസ്വൂരി(റ), ഇമാം മുഹമ്മദ് ജസൂലി(റ), ഇമാം ഗസാലി(റ) തുടങ്ങിയവരാണ് നബ്ഹാനി(റ)യെ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍. ഹി. 1350 ക്രി. 1932-ല്‍ ബെയ്റൂത്തില്‍ വച്ച് അദ്ദേഹം വഫാത്തായി.
Leave A Comment