സ്ത്രീ സ്വത്തവകാശവും ഇസ്‍ലാമിന്റെ നീതിയും
ഇന്ന് ലോകത്ത് ഒരുപാട് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ഇസ്‍ലാമിൽ സ്ത്രീയുടെ സ്വത്തവകാശം. യഥാർത്ഥത്തിൽ ഇസ്‍ലാമിൽ സ്ത്രീക്ക് സ്വത്തവകാശം ലഭിക്കുന്നുണ്ടോ? ലഭിക്കുന്നുണ്ടെങ്കിൽ തന്നെ നീതിയുക്തമാണോ?
അനന്തരവകാശത്തെ ഇസ്‍ലാമിൽ തരം തിരിച്ചിട്ടുള്ളത് സ്ത്രീ പുരുഷ ലിംഗാടിസ്ഥാനത്തിലല്ല, മറിച്ച് ഉത്തരവാദിത്വത്തെയും അനന്തരവകാശിക്ക് മരണപ്പെട്ടവരോടുള്ള ബന്ധത്തെയും അടിസ്ഥാനമാക്കിയാണ്. മരണപ്പെട്ടവരുടെ സ്വത്താണ് മറ്റുള്ളവർക്ക് കൈമാറേണ്ടത് (വസിയ്യത്ത് പോലെയുള്ള സന്ദർഭങ്ങളിലല്ലാതെ). അതുപോലെ തന്നെ ജീവീച്ചിരിക്കുന്നവർക്ക് മാത്രമേ അനന്തരവകാശമുണ്ടാവുകയുള്ളൂ.
രണ്ട് സ്ത്രീകളുടെ വിഹിതമാണ് ഒരു പുരുഷന് എന്നാണ് അനന്തരവകാശത്തെ കുറിച്ച് ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ളതെങ്കിലും നാല് സന്ദർഭങ്ങളിലൊഴിച്ച് മുപ്പതിലേറെ സാഹചര്യങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യമായും പത്തിലേറെ സന്ദർഭങ്ങളിൽ പുരുഷനേക്കാൾ സ്ത്രീക്ക് കൂടുതലായുമാണ് അനന്തരവകാശം ലഭിക്കുന്നത്.
ഒരു സ്ത്രീ മരണപ്പെടുകയും അവളുടെ സ്വത്ത് പന്ത്രണ്ടു ഓഹരിയായി വിഭജിക്കുകയുമാണെങ്കിൽ രണ്ടു ഭാഗം മാതാവിനും രണ്ടു ഭാഗം പിതാവിനും മൂന്ന് ഭാഗം ഭർത്താവിനും മകനുണ്ടെങ്കിൽ അഞ്ച് ഭാഗം മകനുമാണ് ലഭിക്കുക. ഇവിടെ പുരുഷനായ പിതാവിനും സ്ത്രീയായ മാതാവിനും തുല്യമായാണ് സ്വത്ത് വിഹിതം ലഭിക്കുന്നത്. ഇനി മരണപ്പെട്ട സ്ത്രീക്കുള്ളത് മകളാണെങ്കിൽ അഞ്ചിനു പകരം ആറു ഭാഗമാണ് ലഭിക്കുക.
ഇനി പുരുഷനാണ് മരണപ്പെട്ടതെങ്കിൽ അദ്ദേഹത്തിന്റെ മാതാവിനും പിതാവിനും തുല്യമായും സഹോദരന്മാർക്കും സഹോദരിമാർക്കും തുല്യമായുമാണ് അനന്തരവകാശം നൽകപ്പെടുക.
ഭർത്താവ് (മക്കളില്ലാത്ത അവസ്ഥയിൽ) മരണപ്പെട്ടാൽ ഭാര്യക്ക് നാലിലൊരു ഭാഗവും മക്കളുണ്ടെങ്കിൽ (ഈ ഭാര്യയിൽ നിന്നോ വേറെ ഭാര്യയിൽ നിന്നോ) എട്ടിലൊരു ഭാഗവുമാണ് ലഭിക്കുക.
സ്വത്തവകാശത്തിൽ ഏറ്റവും വലിയ വിഹിതമായ രണ്ടിലൊരു ഭാഗം ലഭിക്കുന്നതും സ്ത്രീക്ക് തന്നെയാണ്. മാതാവ് ജീവിച്ചിരിക്കുമ്പോൾ മകൻ മരണപ്പെട്ടാൽ മാതാവിന് സ്വത്ത് നൽകുന്ന ഏക മതം ഇസ്‍ലാം മാത്രമാണ്. ഇങ്ങനയൊക്കെയാണെങ്കിലും സ്ത്രീക്ക് പുരുഷനോട് തുല്യമായ അവകാശമില്ലാത്ത നാല് സന്ദർഭങ്ങളാണ് പലരുടെയും വിമർശന വിഷയം. പരിശുദ്ധ ഖുർആനിൽ (للذكر مثل حظ الانثيين) ഒരു പുരുഷന് രണ്ട് സ്ത്രീകളുടെ വിഹിതത്തിന് തുല്യമാണെന്നാണ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഈ സൂക്തത്തിനെ ഇന്ന് പലരും വിവാദമാക്കുകയാണ. പക്ഷേ, നബി(സ്വ) തങ്ങളുടെ കാലത്ത് തന്നെ സ്വഹാബി വനിതകൾ ഇതിനെ കുറിച്ച് ചർച്ചകൾ നടത്തിയപ്പോൾ മറുപടിയായി മറ്റൊരു സൂക്തം അവതരിച്ചു:
(الرجال قوّامون على النساء بما فضّل الله بعضهم على بعض و بما أنفقوا من أموالهم)
പുരുഷന്‍മാര്‍ സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കളാവുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തെ മറ്റു വിഭാഗത്തേക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്.
പുരുഷന് സ്ത്രീക്കുള്ളതിന്റെ ഇരട്ടിയാണ് എന്ന് പറയുന്നതിൽ പല യുക്തികളുമുണ്ട്. ഒന്നാമതായി സ്വത്ത് സംബന്ധമായ എല്ലാ ഉത്തരവാദിത്വങ്ങളുമുള്ളത് പുരുഷന്മാർക്കാണ്. സ്ത്രീക്ക് അവളുടെ ജീവിതത്തിലുടനീളം പണം ചെലവഴിക്കേണ്ട ഒരു ഉത്തരവാദിത്വവുമില്ല. മറിച്ച് അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവൾ മറ്റുള്ളവരുടെ സംരക്ഷണത്തിലും ഉത്തരവാദിത്വത്തിലുമാണ്. മകളാകുമ്പോൾ പിതാവിന്റെയും ഭാര്യയാകുമ്പോൾ ഭർത്താവിന്റെയും വൃദ്ധയാകുമ്പോൾ ആൺമക്കളുടെയും ഉത്തരവാദിത്വത്തിലാണ് മുസ്‍ലിം സ്ത്രീ. മക്കളുടെ പണച്ചെലവുകൾ മാതാവിനോ ഭർത്താവിന്റെ പണച്ചെലവുകൾ ഭാര്യക്കോ മാതാപിതാക്കളുടെ പണച്ചെലവുകൾ പെൺമക്കൾക്കോ നിർബന്ധമില്ല. എത്ര വലിയ സമ്പാദ്യമുള്ള സ്ത്രീയാണെങ്കിലും അവളുടെ ഭർത്താവ് ദരിദ്രനാണെങ്കിൽ പോലും, ഒരു രൂപ പോലും മറ്റുള്ളവർക്ക് വേണ്ടി അവൾ ചിലവഴിക്കേണ്ടതില്ല. അപ്പോൾ പുരുഷനും സ്ത്രീക്കും തുല്യമായി നൽകലല്ലേ അനീതി.
അസാധാരണമായി കുറേ അവിവാഹിതരായ പെൺമക്കളും
ഉണ്ടായിരിക്കെ ഒരു പിതാവ് മരണപ്പെട്ടാൽ സാധാരണ ഗതിയിൽ സഹോദരിമാരെ വിവാഹം കഴിപ്പിക്കേണ്ട സഹോദരന് മറ്റുള്ളവരുടെ വിഹിതത്തിന്റെ ഇരട്ടി കൊടുത്തില്ലങ്കിലല്ലേ അനീതി.
നബി(സ്വ) തങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് ജോലിക്ക് പോകാനുള്ള ചിന്തയില്ലാത്തതിനാലാണ് ശറഇൽ ഇത്തരത്തിലുള്ള നിയമങ്ങളെന്നാണ് പലരുടെയും പുത്തൻ വാദം. പക്ഷേ, നബി (സ്വ) തങ്ങളുടെ കാലത്തും സ്ത്രീകൾ ജോലി ചെയ്യുന്നതിനെ കുറിച്ചൊക്ക ചിന്തിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്, പ്രവാചക പത്നിയായിരുന്ന ഖദീജ ബീവി(റ) ഏറ്റവും വലിയ കച്ചവടക്കാരി കൂടിയായിരുന്നു എന്നത്.
ഇസ്‍ലാമിൽ സ്ത്രീ ബലഹീനയല്ല, തരംതാഴ്ന്നവളല്ല, അടിച്ചമർത്തപ്പെട്ടവളല്ല, പ്രവാചകൻ പഠിപ്പിച്ച വഴിയിൽ അവളാണ് കുടുംബമെന്നതും അവളെ ഇസ്‍ലാം രാജ്ഞിയായി കണക്കാക്കുന്നു എന്നതുമാണ് യാഥാര്‍ത്ഥ്യം. നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് ഇസ്‍ലാമിക അധ്യാപനങ്ങളിലും മുസ്‍ലിം സമൂഹങ്ങളിലും ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ചെമ്മാട് ഫാതിമാ സഹ്റാ ഇസ്‍ലാമിക് വനിതാ കോളേജ് വിദ്യാര്‍ത്ഥിനിയാണ് ലേഖിക
3 Comments
-
-
-
Islamonweb Admin
1 month ago
ആകെയുള്ളതിന്റെ 2/3 പെണ്മക്കള്ക്ക് ലഭിക്കും. ശേഷിക്കുന്നത്, ഉമ്മ, വാപ്പ, ഭാര്യ ഇവരില് ജീവിച്ചിരിപ്പുള്ളവര്ക്ക് ലഭിക്കും. എന്നിട്ട് വല്ലതും ബാക്കിയുണ്ടെങ്കില് (സഹോദരീസഹോദരന്മാര് ഇല്ലെങ്കില്) അവരുടെ മക്കള്ക്ക് ആയിരിക്കും, അത് വളെര കുറഞ്ഞ വിഹിതമേ ഉണ്ടാവൂ.
-
-
Leave A Comment