ഖബ്ബാബ് ബിന്‍ അറത്ത്(റ)
ഖുസാഇയ്യഃ വംശജയായ ഉമ്മു അന്‍മാര്‍ മക്കയിലെ അടിമച്ചന്തയിലേക്ക് ഒരടിമയെ വാങ്ങാന്‍ വന്നതായിരുന്നു. സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാന്‍ കഴിയുന്ന ഒരടിമയെ വാങ്ങലാണ് അവളുടെ ഉദ്ധേശ്യം. കാരണം, അതില്‍ നിന്നും തനിക്കും ലാഭമുണ്ടാക്കാം. കച്ചവടത്തിനായി പ്രദര്‍ശിപ്പിക്കപ്പെട്ട അടിമകളുടെ മുഖത്തേക്ക് അവള്‍ കണ്ണയച്ചുകൊണ്ടിരുന്നു. പ്രായപൂര്‍ത്തിയെത്താത്ത ഒരു അടിമക്കുട്ടിയിലാണ് അവളുടെ കണ്ണ് പതിച്ചത്. അവന്റെ ആരോഗ്യമുള്ള ദൃഡഗാത്രവും മുഖത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന ബുദ്ധിയുടെ നിദര്‍ശനങ്ങളും അവനെ വാങ്ങാന്‍ അവളില്‍ പ്രേരണയുണ്ടാക്കി.
വിലനല്‍കി അവനെ സ്വന്തമാക്കി അവള്‍ വീട്ടിലേക്ക് പോയി. യാത്രാമധ്യേ അവള്‍ അവന് നേരെ തിരിഞ്ഞ് പരിചയപ്പെടാന്‍ തുടങ്ങി. അവള്‍ ചോദിച്ചു: പേരെന്താ? ''ഖബ്ബാബ്'' അവന്‍ മറുപടി പറഞ്ഞു. അവള്‍: പിതാവിന്റെ പേര്? ഖബ്ബാബ്: അറത്ത്. അവള്‍: നിന്റെ നാട് എവിടെയാണ്? ഖബ്ബാബ്: നജ്ദ്. അവള്‍: അപ്പോള്‍ അറബി വംശജനാണ് അല്ലേ? ഖബ്ബാബ്: അതെ, ബനൂ തമീം ഗോത്രക്കാരനാണ്. അവള്‍: പിന്നെ നീ എങ്ങനെ അടിമ വ്യാപാരികളുടെ കൈകളിലെത്തി? ഖബ്ബാബ് തന്റ കഥ അവള്‍ക്ക് മുമ്പില്‍ വിവരിച്ചു കൊടുത്തു: അറബ് ഗോത്രങ്ങളിലെ ഒരു ഗോത്ര നിവാസികള്‍ ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ ആക്രമണം നടത്തി. അവര്‍ മൃഗങ്ങളെ തെളിച്ചു കൊണ്ടുപോവുകയും സ്ത്രീകളെ ബന്ധികളാക്കുകയും അടിമകളെ പിടിക്കുകയും ചെയ്തു. ബന്ധികളായി പിടിക്കപ്പെട്ടവരില്‍ ഞാനുമുണ്ടായിരുന്നു. പലരുടെ കൈകളിലുമായി കൈമാറ്റം ചെയ്യപ്പെട്ട് മക്കയിലെത്തി. അവസാനമിതാ നിങ്ങളുടെ കൈകളിലെത്തിയിരിക്കുന്നു.
** ** **
വാള്‍ നിര്‍മാണം പഠിക്കാനായി ഉമ്മു അന്‍മാര്‍ അവനെ മക്കയിലെ ഒരു കൊല്ലപ്പണിക്കരന്റെ അടുത്ത് ഏല്‍പ്പിച്ചു. ഖബ്ബാബ് ജോലി പഠിച്ചെടുത്തു നൈപുണ്യം കരഗതമാക്കി. പഠനം പൂര്‍ത്തിയായപ്പോള്‍ ഉമ്മു അന്‍മാര്‍ അവന് വേണ്ടി ഒരു പീടിക വാടകക്ക് വാങ്ങിക്കൊടുത്തു. അതിലേക്ക് വെണ്ട സാധന സാമഗ്രികള്‍ മുഴുവനും അവള്‍ തന്റെ അടിമയ്ക്കായി ഒരിക്കിക്കൊടുത്തു. വാള്‍ നിര്‍മാണത്തിലുള്ള അവന്റെ പാടവത്തില്‍ നിന്നും അവള്‍ പണത്തിന് വഴി കണ്ടെത്തി. താന്‍ വിതച്ച വിത്തില്‍ നിന്നും അവള്‍ വിളവെടുക്കാന്‍ തുടങ്ങി. കുറഞ്ഞ കാലത്തിനുള്ളില്‍ ഖബ്ബാബിന്റെ നാമം മക്കയിലാകെ പരന്നു. ജനങ്ങള്‍ മുഴുവനും അവന്‍ നിര്‍മിച്ച വാള്‍ വാങ്ങാന്‍ വ്യഗ്രതകാട്ടിക്കൊണ്ടിരുന്നു. കാരണം, മികച്ച ഉത്പന്നങ്ങളായിരുന്നു ആ കരങ്ങള്‍ നിര്‍മച്ചിരുന്നത്. സത്യസന്ധതയും വിശ്വസ്തതയും തന്റെ ജോലിക്ക് പൂരണം ചാര്‍ത്തി.
** ** **
യുവാവാണെങ്കിലും ഖബ്ബാബ് പ്രായമേറിയവരുടെ ബുദ്ധിയും കാരണവന്മാരുടെ വിവേകവും പ്രകടിപ്പിക്കുമായിരുന്നു. ദിവസവും ജാലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ അദ്ദേഹം ചിന്താനിമഗ്നനായി ഏറെ നേരം ഇരിക്കുമായിരുന്നു. അപ്പോള്‍ അധാര്‍മികതയില്‍ ആപാദഛൂഢം മുങ്ങിപ്പോയ ജാഹിലിയ്യ സമൂഹത്തിന്റെ ഗതിയോര്‍ത്ത് പരിതപിക്കും. താനും ഒരു ബലിയാടായി കഴിയുന്ന അറബ് ജനതയുടെ അന്ധകാരവും അവിവേകവും അദ്ദേഹത്തില്‍ ഭീതിയുണ്ടാക്കിക്കൊണ്ടിരുന്നു. അദ്ദേഹം സ്വയം പറയും: ഈ ഇരുട്ടിന് ശേഷം ഒരു വെളിച്ചം കടന്നുവരികതന്നെയുണ്ടാവും. ആയുസ്സില്‍ ദൈര്‍ഘ്യം ലഭിക്കുകയാണെങ്കില്‍ ഇരുട്ടിന്റെ തിരോധാനവും വെളിച്ചത്തിന്റെ പുറപ്പാടിനും സാക്ഷിയാവണമെന്ന് അദ്ദേഹം ആഗ്രഹിക്കുമായിരുന്നു.
** ** **
ഖബ്ബാബിന്റെ പ്രതീക്ഷകള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ യാഥാര്‍ത്ഥ്യമായി. ബനൂ ഹാശിം വംശത്തിലെ ഒരു യുവാവായ, അബ്ദുല്ലയുടെ മകന്‍ മുഹമ്മദി(സ്വ)ലൂടെ ആ പ്രകാശത്തിന്റെ കിരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരം ഖബ്ബാബിന്റെ ചെവിയിലുമെത്തി. ഖബ്ബാബ് നബി(സ്വ)യുടെ അടുത്തെത്തി. അവിടുത്തെ സദസ്സിലിരുന്ന് സംസാരം ശ്രവിച്ചു. നബി(സ്വ)യുടെ മുഖകാന്തിയും ജ്യോതിര്‍മാനമായ ശരീരവും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. തന്റെ കൈ നബി(സ്വ)ക്ക് നേരെ നീട്ടി ശഹാദത്ത് ചൊല്ലി ഇസ്ലാം സ്വീകരിച്ചു. ഭൂമുഖത്ത് നബി(സ്വ)യിലൂടെ മുസ്ലിമായവരില്‍ ആറാമത്തെയാളാണ് ഖബ്ബാബ് ബിന്‍ അറത്ത്(റ) എന്ന സ്വഹാബി വര്യന്‍. ** ** **
താന്‍ മുസ്ലിമായ വിവരം ഖബ്ബാബ്(റ) രഹസ്യമാക്കിവെച്ചില്ല. ഖബ്ബാബി(റ)ന്റെ ഇസ്ലാമേശ്ലേഷണ വിവരം ഉമ്മു അന്‍മാറും അറിഞ്ഞു.
അതോടെ കോപം അവളില്‍ കടലിരമ്പി. വിവരം സഹോദരനായ സിബാഅ് ബിന്‍ അബ്ദില്‍ ഉസ്സയെയും അവള്‍ അറിയിച്ചു. ഖുസാഅ് ഗോത്രക്കാരായ ചില യുവാക്കളെയും സംഘടിപ്പിച്ച് അവര്‍ ഖബ്ബാബി(റ)നെ കാണാന്‍ പോയി. ഖബ്ബാബ്(റ) തന്റെ ജോലിയില്‍ വ്യാപൃതനാണ്. അവിടെ പോയി സിബാഅ് ഖബ്ബാബി(റ)നോട് ചോദിച്ചു: വിശ്വസിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്ത നിന്നെ കുറിച്ച് ഞങ്ങള്‍ കേട്ടല്ലോ? ഖബ്ബാബ്(റ): എന്ത് വാര്‍ത്ത? സിബാഅ് പറഞ്ഞു: നീ മതം മാറി ബനൂ ഹാശിമിലെ ഒരു പുരുഷന്റെ പ്രസ്ഥാനത്തില്‍ അംഗമായി എന്ന് കേട്ടുവല്ലോ? ഖബ്ബാബ് ശാന്തമായി പറഞ്ഞു: ഞാന്‍ മതം മാറിയിട്ടില്ല. ഏകനായ മറ്റാരും പങ്ക്‌ചേര്‍ക്കപ്പെടാത്ത അല്ലാഹുവില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങളുടെ ബിംബങ്ങളെ ഞാന്‍ വലിച്ചെറിഞ്ഞിരിക്കുന്നു. മുഹമ്മദ്(സ്വ) അല്ലാഹുവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാക്കുകള്‍ സിബാഇന്റെയും സംഘത്തിന്റെയും കര്‍ണ്ണങ്ങളില്‍ തട്ടും മുമ്പേ അവര്‍ ഖബ്ബാബ് (റ)ന് മേല്‍ ചാടിവീണു. കൈ കൊണ്ട് അടിച്ചും കാല്‍ കൊണ്ട് ചവിട്ടിയും അവര്‍ ഖബ്ബാബ് (റ)നെ ഉപദ്രവിച്ചു. ഇരുമ്പു ദണ്ഢും കുന്തങ്ങളുമായി അവര്‍ അവനെ എറിഞ്ഞുകൊണ്ടിരുന്നു. അവസാനം ബോധം നഷ്ടപ്പെട്ട് ഖബ്ബാബ് (റ) നിലത്ത് വീണു. രക്തം ആ വന്ദ്യ ദേഹത്തില്‍ നിന്നും ധാരയായി ഒഴുകിക്കൊണ്ടിരുന്നു. ഖബ്ബാബും(റ) ഉടമസ്ഥയും തമ്മിലുള്ള സംഭവം മക്കയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഖബ്ബാബ് (റ)ന്റെ ധൈര്യം കേട്ട് ജനങ്ങള്‍ ഞെട്ടി. കാരണം നബി(സ്വ)യില്‍ വിശ്വസിച്ച ഒരാള്‍ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കുകയും അതിന് ധൈര്യം കാണിക്കുന്നതും ആദ്യ സംഭവമാണ്. ഖുറൈശി നേതാക്കള്‍ ഖബ്ബാബ് (റ)നെ വകവരുത്താനായി സടകുടഞ്ഞെഴുന്നേറ്റു. ഖബ്ബാബ് (റ)ന് പിന്തുണ നല്‍കാനോ, സംരക്ഷണം ഏര്‍പ്പെടുത്താനോ കുടുംബക്കോരൊ ബന്ധുക്കളൊ ഇല്ല. ഉമ്മു അന്മാറിന്റെ കൊല്ലപ്പണിക്കരനെപ്പോലെ ഒരാള്‍ ഇങ്ങനെ അവളുടെ രാജാവിനെതിരെ ഇറങ്ങിപ്പുറപ്പെടാനും ദൈവങ്ങളെ ചീത്തവിളിക്കാനും പ്രപിതാക്കളുടെ മതത്തെ മൗഢ്യവത്ക്കരിക്കാനും ധൈര്യം കാണിക്കുമെന്ന് അവള്‍ നിനച്ചിരുന്നുല്ല. ഇന്നത്തേത് പോലെ തന്നെ നാളെയും അവന്‍ ഇതു പോലെ പ്രവര്‍ത്തിക്കുമെന്ന് അവള്‍ ഉറപ്പിച്ചു. ഖുറൈശികളുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. ഖബ്ബാബ് (റ) പ്രകടിപ്പിച്ച മനോധൈര്യം പുതുതായി ഇസ്ലാം ആശ്ലേിശച്ച ഒരുപാടു പേര്‍ക്ക് തങ്ങളുടെ ഇസ്ലാമാശ്ലേഷണം പരസ്യപ്പെടുത്താന്‍ ധൈര്യം പകര്‍ന്നു. അവര്‍ ഓരോരുത്തരും സത്യവാചകം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
** ** **
ഖുറൈശി പ്രമാണിമാര്‍ കഅ്ബക്ക് സമീപം യോഗം കൂടി. അബൂ സുഫ്യാന്‍ ബന്‍ ഹര്‍ബ്, വലീദ് ബിന്‍ മുഗീറഃ, അബൂ ജഹ്ല്‍ തുടങ്ങിയവരാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്. മുഹമ്മദി(സ്വ)ന്റെ പ്രസ്ഥാനത്തെ കുറിച്ച് ഓരോരുത്തരും സംസാരിച്ചു. അവന്റെ മതം ഓരോ ദിവസവും നിമിഷങ്ങളിലും ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത് മുളയിലേ നുള്ളിക്കളയണമെന്ന് അവര്‍ തീരുമാനിച്ചു. ഓരോ ഗോത്രക്കാരും തങ്ങളില്‍ പെട്ട മുഹമ്മദി(സ്വ)ന്റെ മതം വിശ്വസിക്കുന്നവരെ പ്രതിരോധിക്കാന്‍ അവര്‍ക്കിടയില്‍ ധാരണയായി. അവര്‍ മരിക്കുന്നത് വരെയോ, മതത്തില്‍ നിന്നും പിന്മാറുന്നത് വരെയോ പീഢനമുറകള്‍ തുടരാന്‍ യോഗത്തില്‍ തീരുമാനമുണ്ടായി.
** ** **
സിബാഇനും സംഘത്തിനുമായിരുന്നു ഖബ്ബാബ് (റ)നെ ശിക്ഷിക്കേണ്ട ചുമതല. സൂര്യന്‍ മധ്യത്തിലെത്തി ഉച്ചവെയില്‍ കനത്താല്‍ അവര്‍ ഖബ്ബാബ് (റ) നെയും കൂട്ടി മക്കയിലെ ചുട്ടുപൊള്ളുന്ന മണല്‍പരപ്പിലേക്ക് പോകും. ധരിച്ചിരുന്ന വസ്ത്രം അഴിപ്പിച്ച് ഇരുമ്പിന്റെ അങ്കി ധരിപ്പിച്ചാണ് മുരുഭൂമിയിലേക്ക് കൊണ്ടുപോവുക. ഒരിറ്റ് വെള്ളം നല്‍കാതെ അവര്‍ ഖബ്ബാബ് (റ) നെ ബുദ്ധിമുട്ടിക്കും. ക്ഷീണം മൂര്‍ദ്ധ്യന്യ ദശയിലെത്തിയാല്‍ പീഢനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങും. അവര്‍ ഖബ്ബാബ് (റ) നോട് ചോദിക്കും: മുഹമ്മദി(സ്വ)നെ സംബന്ധിച്ച് എന്താണ് നിന്റെ അഭിപ്രായം? ഖബ്ബാബ്(റ): അല്ലാഹുവിന്റെ അടിമയും പ്രവാചകരുമാണവര്‍. അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിന്റെ തൂവെള്ള പാന്ഥാവിലേക്ക് ജനതയെ നയിക്കാന്‍ സത്യമതവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണവര്‍. ഇതു കേട്ട അവര്‍ അവനെ അടിക്കുകയും ചവിട്ടുകയും ചെയ്യും. അടുത്ത ചോദ്യം വര്‍ഷിക്കും: ലാത്ത, ഉസ്സ എന്നീ ദൈവങ്ങളെ കുറിച്ച് നിന്റെ അഭിപ്രയമെന്താണ്? ഖബ്ബാബ്(റ): ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത മൂകരും ബധിരരുമായ രണ്ടു ബിംബങ്ങള്‍. ഇതു കേട്ട അവരുടെ ദേഷ്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ചൂടുള്ള കല്ലെടുത്ത് ഖബ്ബാബ്(റ)ന്റെ പുറത്ത് വെക്കും. കുറേ സമയം കഴിയാതെ ആ കല്ല് അവിടെ നിന്ന് എടുത്ത് മാറ്റില്ല.
** ** **
സഹോദരന്‍ സിബാഇനെക്കാള്‍ ഖബ്ബാബ് (റ)നോട് ക്രൂരത കുറഞ്ഞവളൊന്നുമായിരുന്നില്ല ഉമ്മു അന്മാര്‍. ഒരിക്കല്‍, നബി(സ്വ) ഖബ്ബാബ്(റ)ന്റെ പീടികക്ക് സമീപത്ത് കൂടെ നടന്നു പോവുകയും ഖബ്ബാബ് (റ)നോട് സംസാരിക്കുകയുമുണ്ടായി. ഇതു കണ്ട ഉമ്മു അന്മാറിന് ഭ്രാന്തിളകി. ഓരോ ദിവസവും ഉമ്മു അന്മാര്‍ ഖബ്ബാബ് (റ)ന്റെ അടുത്ത വരും. ഉലയില്‍ നിന്നും ചൂടുള്ള ഇരുമ്പെടുത്ത് ഖബ്ബാബി(റ)ന്റെ തലയില്‍ വെക്കും. തലചൂടായി പുകയുന്നത് വരെ അവിടെ തന്നെ അതുണ്ടാവും. ബോധമറ്റ് ഖബ്ബാബ് (റ) നിലത്ത് വീഴും. അപ്പോഴെല്ലാം തന്നെ ഉപദ്രവിക്കുന്ന ഉമ്മു അന്മാറിനെയും സഹോദരനെയും എതിരെ ഏകനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് ഖബ്ബാബ് (റ) തന്റെ വ്യഥതീര്‍ക്കും.
** ** **
പുണ്യ നബി(സ്വ) തന്റെ അനുയായികളോട് മദീനയിലേക്ക് ഹിജ്‌റ പോകാന്‍ സമ്മതം നല്‍കിയപ്പോള്‍ ഖബ്ബാബും(റ) പുറപ്പെടാന്‍ ഒരുങ്ങി. പക്ഷെ, ഉമ്മു അന്മാറിനെതിരെ താന്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനക്ക് അല്ലാഹുവി ഉത്തരം നല്‍കിയതിന് ശേഷമാണ് ഖബ്ബാബ് (റ) മക്ക വിട്ടത്. അവള്‍ക്ക് തലവേദന ബാധിച്ചു. വേദന കഠിനമായിരുന്നു. ഇതിനു മുമ്പ് ഒരാള്‍ക്കും അത്തരമൊരു വേദന അനുഭവപ്പെട്ടതായി കേട്ടിട്ടില്ല. വേദന കൊണ്ട് പുളഞ്ഞ അവള്‍ പട്ടികളെ പോലെ കുരച്ചുകൊണ്ടിരുന്നു. അവളുടെ മക്കള്‍ സര്‍വ്വ സ്ഥലങ്ങളിലും പോയി മാതാവിന് വേണ്ടി ചികിത്സ തേടി. അവസാനം ഒരു ഭിഷഗ്വരന്‍ പറഞ്ഞു: വേദനയില്‍ നിന്ന് ശമനം ലഭിക്കണമെങ്കില്‍ തല തീ കൊണ്ട് കരിക്കുന്ന ചികിത്സ നടത്തണം. അങ്ങനെ അവളെ ചൂടുള്ള ഇരുമ്പു കൊണ്ട് തല കരിക്കാന്‍ തുടങ്ങി. അതിന്റെ കാഠിന്യത്താല്‍ അവള്‍ തലവേദന മറന്നു. സത്യവിശ്വാസിയായ തന്റെ അടിമയെ വിശ്വാസത്തിന്റെ പേരില്‍ നടത്തിയ പീഢനമുറകള്‍ അവള്‍ക്ക് സ്വയം അനുഭവിക്കേണ്ടി വന്നു.
** ** **
മക്കയില്‍ ദീര്‍ഘകാലമായി വിലക്കപ്പെട്ട സുഖജീവിതം മദീനയില്‍ അന്‍സ്വാറുകളുടെ സംരക്ഷണത്തില്‍ ഖബ്ബാബി(റ)ന് ലഭിച്ചു. നബി(സ്വ)യോടുള്ള സാമീപ്യം ആ നയനങ്ങളെ കുളിരണിയിപ്പിച്ചു. ആ ശാന്ത തീരത്ത് അശാന്തി പരത്താനോ തെളിമയില്‍ കലര്‍പ്പുണ്ടാക്കാനോ ഒരാളും ഉണ്ടായില്ല. നബി(സ്വ)യോടൊപ്പം ബദ്‌റില്‍ ഖബ്ബാബ് (റ) സംബന്ധിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പതാകക്ക് കീഴില്‍ ഖബ്ബാബ് (റ) ധീരമായി പോരാടി. പിന്നീട് ഉഹ്ദ് യുദ്ധം. തന്റെ നയനങ്ങള്‍ക്ക് കുളിര് പകര്‍ന്ന നിമിഷങ്ങളായിരുന്ന ഈ രണഭൂമിയില്‍ ഖബ്ബാബി(റ)ന് അനുഭവിക്കാനായത്. ഉമ്മു അന്മാറിന്റെ സഹോദരനായ തന്റെ ശത്രു സിബാഅ് ബിന്‍ അബ്ദില്‍ ഉസ്സയെ അസദുല്ലാ ഹംസാ(റ)ന്റ വാളിന് ഇരയായി ഗളഛേദം നടത്തപ്പെടുന്ന കാഴ്ച ഖബ്ബാബി(റ)നെ സന്തോഷിപ്പിച്ചു. ഖബ്ബാബ് (റ) പിന്നീട് നാല് ഖലീഫമാരുടെ കാലത്തും ജീവിക്കുകയുണ്ടായി. അവരെല്ലാം മഹാനവര്‍കളെ അത്യധികം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
** ** **
ഉമര്‍(റ)വിന്റെ ഖിലാഫത്ത് കാലത്ത് മഹാനവര്‍കളുടെ സദസ്സിലേക്ക് ഒരിക്കല്‍ ഖബ്ബാബ് (റ) കടന്നു ചെന്നു. ഉമര്‍(റ) ഖബ്ബാബി(റ)നെ ആദരിക്കുകയും വന്ദിക്കുകയും ചെയ്തു. ഉമര്‍(റ) പറഞ്ഞു: ''നിങ്ങളും ബിലാലും(റ) അല്ലാതെ ഈ സദസ്സിന് ഏറ്റവും അര്‍ഹരായി ആരുമില്ല.'' സത്യനിഷേധികളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളില്‍ നിന്നും ഏറ്റവും കഠിനമായതിനെ സംബന്ധിച്ച് ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു. മറുപടി പറയാന്‍ ലജ്ജിച്ച് ഖബ്ബാബ് (റ) അല്‍പ നേരം നിന്നു. നിര്‍ബന്ധിച്ചപ്പോള്‍ തന്റെ വസ്ത്രം അഴിച്ച് കാണിച്ചു കൊടുത്തു. ഇതു കണ്ട ഉമര്‍(റ) ഓടിപ്പോയി. മഹാന്‍ ചോദിച്ചു: '' എങ്ങനെ ഉണ്ടായി ഇത്?'' ഖബ്ബാബ് (റ) പറഞ്ഞു:'' മക്കയിലെ കാഫിറുകള്‍ എന്നെ ശിക്ഷിക്കാനായി വിറക് കൂട്ടി കത്തിച്ച് കനലാക്കി. വസ്ത്രം അഴിപ്പിച്ച് അതിലൂടെ എന്നെ വലിച്ചിഴച്ചു. അപ്പോള്‍ എന്റെ മുതുകില്‍ നിന്നും ഇറച്ചിക്കഷ്ണം അതില്‍ വീണു. എന്റെ ദേഹത്തില്‍ നിന്നും ഉതിര്‍ന്നിറങ്ങുന്ന നീര് മാത്രമാണ് തീയണച്ചത്.''
** ** **
ആയുസ്സിന്റെ രണ്ടാം പാദത്തില്‍ ഖബ്ബാബ് (റ) സമ്പന്നനായി ജീവിച്ചു. താന്‍ സ്വപ്നത്തില്‍ പോലും കാണാത്ത കനകവും വെള്ളിയും തന്റെ കരങ്ങളിലെത്തി. പക്ഷെ, ഒരാളുടെ മനസ്സിലും ഉദിച്ചിട്ടില്ലാത്ത രീതിയിലാണ് ഈ സമ്പത്തെല്ലാം അദ്ദേഹം വിനിയോഗിച്ചത്. ദിര്‍ഹമും ദീനാറും വീടിന്റെ ഒരു ഭാഗത്ത് ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി സൂക്ഷിച്ചു വെച്ചു. എല്ലാവര്‍ക്കും എടുക്കാന്‍ സാധിക്കും വിധം വീടിന്റെ പുറം ഭാഗത്താണ് ഇവയെല്ലാം സംവിധാനിച്ചത്. ആവശ്യക്കാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് ചോദിക്കാതെയും സമ്മതം ആവിശ്യമില്ലാതെയും തങ്ങളുടെ ആവിശ്യങ്ങള്‍ക്കായി എടുത്ത് കൊണ്ട് പോകും. എന്നിരുന്നാലും ഖബ്ബാബി(റ)ന് അപ്പോഴും തന്റെ സമ്പത്തിനെ സംബന്ധിച്ച് നാളെ ചോദിച്ചക്കപ്പെടുന്നതിനെ കുറിച്ചും ശിക്ഷിക്കപ്പെടുന്നതിനെ കുറിച്ചുമുള്ള ഭയാശങ്കകളായിരുന്നു മനസ്സില്‍ അലതല്ലിയിരുന്നത്.
** ** **
ഖബ്ബാബി(റ)ന്റെ അനുയായികളില്‍ പെട്ട ചിലര്‍ പറയുന്നു: '' മരണ ശയ്യയില്‍ ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: ഈ സ്ഥലത്ത് എണ്‍പതിനായിരം ദിര്‍ഹം ഉണ്ട്. അവിടെ ഒളിപ്പിച്ചു വെച്ചിട്ടില്ല. ചോദിക്കുന്നവരെ ഞാന്‍ അതില്‍ നിന്നും വിലക്കിയിട്ടില്ല.'' പിന്നീട് അദ്ദേഹം കരയാന്‍ തുടങ്ങി. അവര്‍ ചോദിച്ചു: താങ്കള്‍ എന്തിനാണ് കരയുന്നത്? ഖബ്ബാബ് (റ) പറഞ്ഞു: എന്റെ അനുയായികള്‍ ഈ ലോകത്ത് ഒരു പ്രതിഫലവും ലഭിക്കാതെയാണ് കഴിഞ്ഞു പോയത്. ഞാന്‍ ഇവിടെ അവശേഷിച്ചു. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി ഇവിടെ നിന്നും ഈ സമ്പത്ത് എനിക്ക് ലഭിച്ചതാണോ എന്ന് ഭയമുണ്ട്.
** ** **
ഖബ്ബാബ്(റ) വഫാത്തായപ്പോള്‍ ഖലീഫ അലി(റ) ഖബറിന് സമീപം നിന്നുകൊണ്ട് പറഞ്ഞു:'' അല്ലാഹു ഖബ്ബാബി(റ)നെ അനുഗ്രഹിക്കട്ടെ. സ്വേഷ്ട പ്രകാരം ഇസ്ലാം സ്വീകരിച്ചു. അനുസരണയോടെ പലായനം നടത്തി. പോരാളിയായി ജീവിച്ചു.( അല്ലാഹു നന്മ ചെയ്തവരുടെ പ്രതിഫലം നഷ്ടപ്പെടുത്തുകയില്ല.)''
സുവര്‍ മിന്‍ ഹയാത്തിസ്വഹാബ
Leave A Comment