ധൂര്‍ത്തും ആഭാസങ്ങളും: സ്ത്രീകള്‍ക്കുമില്ലേ ചെയ്യാനേറെ...
മുആവിയ(റ) നാട് ഭരിക്കുന്ന കാലം. ഹമദാന്‍ ഗോത്രത്തിലെ കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പിക്കപ്പെട്ട ഇബ്നു അര്‍ത്വഅ എന്ന ഉദ്യോഗസ്ഥന്‍ അവരോട് അല്‍പം മോശമായി പെരുമാറുകയും അധികാരം ഉപയോഗിച്ച് ജനങ്ങളില്‍നിന്ന് പലതും പിടിച്ച് വാങ്ങുകയും ചെയ്തു. വിഷയം മുആവിയ(റ)ന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഗോത്രത്തിലെ പുരുഷന്മാര്‍ ആരും തയ്യാറായില്ല. ഉടനെ, സൗദ ബിന്‍ത് അമാറ എന്ന് പേരുള്ള അവരിലെ ഒരു സ്ത്രീ, ഏതാനും ആളുകളെയും കൂട്ടി ഖലീഫയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. മുആവിയ(റ)ന്റെ മുന്നിലെത്തി, അവര്‍ ഉറച്ച ശബ്ദത്തില്‍ ഇങ്ങനെ പറഞ്ഞു,
അമീറുല്‍മുഅ്മിനീന്‍, നിങ്ങള്‍ ഞങ്ങളുടെ നേതാവാണ്, ഞങ്ങളുടെ കാര്യങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ കൈയ്യിലാണ്, തീര്‍ച്ചയായും അല്ലാഹു അതേ കുറിച്ച് നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും. നിങ്ങള്‍ നിയോഗിച്ച ഇബ്നു അര്‍ത്വഅ ഞങ്ങളോട് ദ്രോഹം ചെയ്യുന്നുണ്ട്. അവരെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല, ഖലീഫയെ അനുസരിക്കണമെന്ന അടിസ്ഥാന നിയമം ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ അതിന് മുതിരാത്തത്. അത് കൊണ്ട്, എത്രയും വേഗം അയാളെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക. എങ്കില്‍ ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. അല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം.
ഇത് കേട്ട മുആവിയ(റ) പറഞ്ഞു, ഈ സ്ത്രീക്ക് പൂര്‍ണ്ണമായ നീതിയും ന്യായവും ഉറപ്പ് വരുത്തുക. അക്കാര്യം ഇബ്നു അര്‍ത്വഅയെ അറിയിക്കുക. ഉടനെ ബിന്‍ത് അമാറയുടെ ചോദ്യം വീണ്ടും ഉയര്‍ന്നു, ഖലീഫാ, ഈ ഉറപ്പ് എനിക്ക് മാത്രമാണോ, അതോ എന്റെ ഗോത്രക്കാര്‍ക്ക് മുഴുവനുമാണോ. മറ്റുള്ളവരുടെ കാര്യം നീ എന്തിന് നോക്കണം എന്നായിരുന്നു മുആവിയ(റ)ന്റെ മറുപടി. ഉടനെ അവര്‍ ശക്തമായ ഭാഷയില്‍ ഇങ്ങനെ പ്രതിവചിച്ചു, അങ്ങനെയെങ്കില്‍ അത് നീതിയല്ല, ഏറ്റവും വലിയ അന്യായമാണ്. അതെനിക്ക് വേണ്ട. എല്ലാവര്‍ക്കും ലഭ്യമാവുന്ന നീതിയാണെങ്കില്‍ മാത്രമേ ഞാന്‍ അത് സ്വീകരിക്കുകയുള്ളൂ. അല്ലെങ്കില്‍ എന്റെ ഗോത്രക്കാരോട് നിങ്ങള്‍ സ്വീകരിക്കുന്ന നിലപാട് എന്താണോ, അത് തന്നെ മതി എനിക്കും. ബാക്കി ഞങ്ങള്‍ നോക്കിക്കോളാം. ഉടനെ ഖലീഫയുടെ കല്പനയുണ്ടായി, അവള്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യുക.
ഇസ്‍ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ നിര്‍വ്വഹിച്ച സാമൂഹിക ഇടപെടലുകളെ ഒരു ഉദാഹരണമാണ് മേല്‍പറഞ്ഞത്. സാമൂഹ്യ മുന്നേറ്റങ്ങളിലും നവോത്ഥാനങ്ങളിലുമെല്ലാം പുരുഷന്മാരാണ് എപ്പോഴും മുന്നില്‍ നില്ക്കാറ്. എന്നാല്‍, സ്ത്രീകള്‍ക്കും പലയിടത്തും അവരുടേതായ പങ്ക് നിര്‍വ്വഹിക്കാനുണ്ട് എന്നാണ് ഈ സംഭവം കാണിക്കുന്നത്.
ഇന്ന് ദൈനം ദിനം നാം കേട്ടുകൊണ്ടിരിക്കുന്നത്, വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യച്യുതികളാണ്. വിശിഷ്യാ, ഏറ്റവും മഹത്തരമായി ഇസ്‍ലാം കണക്കാക്കുന്ന വിവാഹങ്ങളുമായി ബന്ധപ്പെട്ട്. വിവാഹ വീട്ടിൽ പടക്കം പൊട്ടിച്ച് നവജാത ശിശു തീവ്രപരിചരണത്തിൽ എന്ന സങ്കടകരമായ വാർത്ത പോലും ഇയ്യിടെയായി നാം കേട്ട് കഴിഞ്ഞു. വിവാഹാഘോഷത്തിന്റെ പേരിൽ നടക്കുന്ന ആഭാസങ്ങളുടെ വാർത്തകളിൽ ഒന്ന് മാത്രമാണ് ഇത്.
ആഘോഷങ്ങളും ആചാരങ്ങളും കൊണ്ട് എന്താണ് ലക്ഷ്യമിടുന്നത്? പരസ്പര ബന്ധങ്ങളും സ്നേഹവും ഊട്ടിയുറപ്പിക്കലാണെന്നു പൊതുവെ പറയാം. എന്നാൽ ഇന്നത്തെ പല ആചാരാഘോഷങ്ങളും കാണുമ്പോൾ ഈ ലക്ഷ്യത്തിലേക്കൊന്നുമല്ല നാം നടന്നടുക്കുന്നതെന്നു തോന്നിപ്പോകും. കാട്ടിക്കൂട്ടലുകൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലും പിടച്ചിലും മാത്രമായി വിവാഹം അടക്കമുള്ള ആഘോഷങ്ങൾ അധഃപതിചിരിക്കുന്നു. മഹത്തായ ഇത്തരം മുഹൂർത്തങ്ങളെ ആർഭാടത്തിന്റെ അരോചകത്തിൽ മലീമസമാക്കുന്നതു വഴി ഇതിന്റെ വക്താക്കൾ സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്?
ഇത്തരം ആർഭാട ചടങ്ങുകളിൽ മുന്നിൽ നിൽക്കുന്നത് മിതത്വം മുഖമുദ്രയാക്കേണ്ട നാമാണ് എന്നത് ഖേദകരമായ യാഥാർഥ്യമാണ്. വരവിലും പോക്കിലും വിരുന്നിലും വിളമ്പലിലും അലങ്കാരത്തിലും ആചാരങ്ങളിൽ പോലും 'ട്രെൻഡിനൊപ്പം' എന്ന ലേബലിൽ പൊങ്ങച്ചത്തിന്റെ ഘോഷയാത്രകൾ പ്രയാണം തുടരുമ്പോൾ ആരെയും ഇത് കാര്യമായി അലോസരപ്പെടുത്തുന്നില്ലന്നു മാത്രമല്ല, ഇതിന്റെയൊക്കെ ഭഗമാവാൻ ആളുകൾ മല്‍സരിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു നേരത്തെ ഭക്ഷണത്തിനോ മരുന്നിനോ പോലും വകയില്ലാതെ അനേകായിരം മനുഷ്യർ ജീവിതം തള്ളി നീക്കുന്ന ഈ ലോകത്തു തന്നെയാണ് ഈ ആഭാസങ്ങളൊക്കെ, കടം വാങ്ങിയിട്ടാണെങ്കില്‍ പോലും കൊണ്ടാടപ്പെടുന്നത്. ആഘോഷങ്ങൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ മരണ വീടുകൾ പോലും ധൂർത്തിന്റെയും പൊങ്ങച്ചത്തിന്റെയും കേന്ദ്രങ്ങളായി മാറുകയാണ്.
കുടുംബത്തിലെ ഇത്തരം ചടങ്ങുകളെ കുറിച്ചുള്ള തീരുമാനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നവര്‍ എന്ന നിലയില്‍ സ്ത്രീകളായ നമുക്ക് ഇവിടെ ഏറെ ചെയ്യാനുണ്ട്. അതിലുപരി, പല ആഘോഷങ്ങളെയും അതിര് കടന്ന ആഭാസങ്ങളും ആര്‍ഭാടങ്ങളുമാക്കി മാറ്റുന്നതിലും സ്ത്രീകളുടെ പങ്ക് വലുത് തന്നെയാണ്. അപ്പുറത്തെ വീട്ടിലെ കല്യാണം ഇങ്ങനെയായിരുന്നു, മിഠായി കൊടുക്കലിന് ഇത്ര തരം മിഠായികളുണ്ടായിരുന്നു എന്നെല്ലാം പറഞ്ഞ് ഓരോ ആചാരവും ദൈനംദിനം വളര്‍ത്തി കൊണ്ടുവരുന്നതില്‍ നാമും പങ്കാളികളാണ്.
ഇതിനെല്ലാം കാശ് കണ്ടെത്തേണ്ടവര്‍ എന്ന നിലയില്‍ പരമാവധി ലളിതമാക്കാനായിരിക്കും പുരുഷന്മാര്‍ പൊതുവെ ആഗ്രഹിക്കുക. അവര്‍ക്ക് പിന്തുണയും ആശ്വാസവും നല്കി, കൂടെ നില്‍ക്കാന്‍ നാം തയ്യാറായാല്‍ വലിയ ഒരളവോളം ഇത്തരം ആര്‍ഭാടങ്ങളെ ഇല്ലാതാക്കാനാവും.
വിദ്യാഭ്യാസവും ഉത്തരവാദിത്ത ചിന്തയും സാമൂഹ്യ ബോധവുമുള്ള സ്ത്രീകള്‍ ഉണ്ടാവുക എന്നതാണ് ഇതിന് പരിഹാരം. പുതിയ ട്രെന്ഡുകളെ മഹത്വവല്‍ക്കരിക്കുന്ന റീല്‍സും വീഡിയോകളും കാണുന്നതിന് പകരം, ഇസ്‍ലാമിക ചരിത്രത്തിലെ മാതൃകാ മഹിളകളെ വായിക്കാനും പഠിക്കാനും നാം തയ്യാറാവുക. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്ത്രീകൾ ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും അവബോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ. സാമൂഹിക ബോധമുള്ള തലമുറയാണ് പുരോഗതിതയുടെ അടിത്തറ. ചിന്താശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ മാതാവ്, ഗ്രഹനാഥ എന്നീ മഹത്തായ പദവികള്‍ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ക്രിയാത്മകമായ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. കമ്പോളവും കച്ചവട താല്‍പര്യങ്ങളും കുടുംബങ്ങളെ പോലും കീഴടക്കുന്നത് അതിരുകടക്കുമെന്നു തീർച്ചയായിടത്താണ് ഇത്തരം ഉണർന്നു പ്രവർത്തിക്കലുകൾക്ക് പ്രസക്തിയേറുന്നതും. അത്യാവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിയാൻ പ്രാപ്തിയുള്ള, ചിന്താ ശേഷിയുള്ള വിദ്യാഭ്യാസത്തിലേക്കു സ്ത്രീകൾ കടന്നു വന്നാൽ അവരുടെ കുടുംബവും അത് വഴി സമൂഹവും മാറി ചിന്തിക്കാൻ കാരണമാകും. ലോകചരിത്രത്തിൽ തന്നെ പ്രസിദ്ധരായ സാമൂഹിക പരിഷ്കർത്താക്കളായ
മാതാക്കൾ വഴിനടത്തിയ മഹാന്മാർ സമൂഹത്തിൽ കൊണ്ട് വന്ന മാറ്റങ്ങൾ സ്മരണീയമാണ്. വായനയിലൂടെയും ചിന്തയിലൂടെയും മാത്രമേ ഒരു സമൂഹത്തിനു സർഗാത്മകമായ മാറ്റം കൊണ്ടുവരാൻ കഴിയുകയുള്ളൂ. അതിനായി അവരെയും അവര്‍ നിര്‍വ്വഹിച്ച ദൗത്യങ്ങളെയും മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് നാം ആദ്യം നടത്തേണ്ടത്. ഗര്‍ഭകാലത്ത് പോലും ഭര്‍ത്താവിന് ഭക്ഷണവുമായി ഹിറാ ഗുഹയിലേക്ക് മല കയറി പോവുന്ന ഖദീജാ ബീവിയാവട്ടെ നമ്മുടെ മാതൃക. ഹിജ്റ വേളയില്‍ സൗര്‍ ഗുഹയില്‍ ഒളിച്ചിരിക്കുന്ന പിതാവിനും പ്രവാചകര്‍ക്കും ഭക്ഷണം കൊണ്ട് പോവുമ്പോള്‍, ആ പൊതി കെട്ടാന്‍ കയറ് കിട്ടാതെ സ്വന്തം വസ്ത്രത്തിന്റെ അരഭാഗം കെട്ടുന്ന കയറ് രണ്ടായി കീറി പരിഹാരം കണ്ട ദാതുന്നിത്വാഖതൈന്‍ എന്ന അപരനാമം ലഭിച്ച അസ്മാ ബീവിയായിരിക്കട്ടെ നമ്മുടെ വഴികാട്ടി. മുആവിയ(റ)ന്റെ മുന്നിലെത്തി സമൂഹത്തിന്റെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങിയ ബിന്‍ത് അമ്മാറയായിരിക്കട്ടെ നമ്മുടെ റോള്‍ മോഡല്‍. എങ്കില്‍ ഇത്തരം ആഭാസങ്ങള്‍ക്കും കാട്ടിക്കൂട്ടലുകള്‍ക്കും ഒരു പരിധി വരെ പരിഹാരം ഉണ്ടാവും, തീര്‍ച്ച.
Leave A Comment