ഹജ്ജിന്റെയും പെരുന്നാളിന്റെയും ഉള്‍വിളി

വിശ്വാസിയുടെ ഹൃദയത്തില്‍ ആത്മാര്‍പ്പണത്തിന്റെ ധീരസ്മൃതികളുയര്‍ത്തിയാണ് ഓരോതവണയും ബലിപെരുന്നാള്‍ സമാഗതമാകുന്നത്. ജീവിത പ്രാരാബ്ധങ്ങള്‍ക്കു മുമ്പില്‍ ലക്ഷ്യം നഷ്ടപ്പെട്ടവന് ഹൃദയശുദ്ധി വരുത്താനും ആത്മ വിമലീകരണം സാധിതമാക്കാനും അനുയോജ്യമായ മുഹൂര്‍ത്തം. അനന്തമായ ഉപജീവന തേട്ടത്തിനിടയില്‍ ആത്മീയത മറന്ന് പോയവന് തന്റെ ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര നടത്താന്‍ അനുഗുണമായ സന്ദര്‍ഭം. പാപപങ്കിലമായ ഹൃദയങ്ങള്‍ക്ക് സ്ഫുടീകരണത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ വര്‍ഷത്തിലൊരിക്കല്‍മാത്രം അല്ലാഹു കനിഞ്ഞു നല്‍കിയ അനു്രഗഹീത നിമിഷങ്ങള്‍... അതെ, മനുഷ്യനിവിടെ പുനര്‍ജ്ജനിക്കുകയാണ്. ഭൗതിക സുഖാനുഭൂതികള്‍ക്ക് മുമ്പില്‍ മരവിച്ചുപോയ ചിന്തകള്‍ക്കു ദിവ്യാനുഭൂതിയുടെ സ്വതന്ത്രവിഹായസ്സില്‍ തത്തിപ്പറക്കാന്‍ അവസരമൊരുക്കുകയാണ്. അങ്ങനെ, അധരങ്ങളിലൂടെ ഉതിര്‍ന്ന് വീഴുന്ന തക്ബീറിന്റെ മന്ത്രധ്വനികള്‍ക്ക് മുമ്പില്‍ ഓരോര്‍ത്തരും തന്നിലെ മുസ്‌ലിമിനെയും ഇസ്‌ലാമിലെ തന്നെയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

പൊലിമയുടെ പെരുന്നാള്‍ ഇവിടെ ഒരു കണ്ണാടിയായിട്ടാണ് വര്‍ത്തിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍മാത്രം വിശ്വാസിക്കുമുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കണ്ണാടി. ദിവസവും രാവിലെ കുളിച്ച് മുടിചീകി മുഖം വെടിപ്പാക്കുന്ന പോലെ അവനിവിടെ കണ്ണാടിക്കുമുമ്പില്‍ വന്ന് തന്റെ ഹൃദയത്തെ വെടിപ്പാക്കുകയാണ്. കറകളും മാലിന്യങ്ങളും നീക്കി ഉള്ളകം സംശുദ്ധീകരിക്കാനുള്ള ബദ്ധപ്പാടിലാണ് അവന്‍ അപ്പോള്‍. സാക്ഷാല്‍ മനുഷ്യനെന്നാല്‍ മാംസരൂപങ്ങളുടെ സങ്കരകോലമല്ലായെന്ന് അവനിവിടെ തിരിച്ചറിയുന്നു. കണ്‍മഷിയും മൈലാഞ്ചിയും ഫാഷനുകളും അലങ്കാരചൂര്‍ണ്ണങ്ങളുമല്ല സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന് അവന്‍ മനസ്സിലാക്കുന്നു. മറിച്ച് സൗന്ദര്യമെന്നാല്‍ ഹൃദയ സൗന്ദര്യമാണ്. അതിന് ക്രീമുകളും ആര്‍ഭാട വസ്ത്രങ്ങളും വേണ്ട. അനിയന്ത്രിതമായി വിഭവങ്ങളൊരുക്കി വാരിവിതറുകയും

വേണ്ട. പകരം, അത് ഹൃദയ ബന്ധിതമാണ്. ഹൃദയം ദൈവത്തിലേക്ക് തുറന്ന് വെക്കുമ്പോള്‍ അത് സുന്ദരമാകുന്നു. ഹൃദയബന്ധങ്ങള്‍ വിശാലമാകുമ്പോള്‍ അത് മനോഹരമാകുന്നു. പെരുന്നാള്‍ മൈലാഞ്ചികല്ല്യാണങ്ങളല്ല, മറിച്ച,് ദൈവാരാധനകളാണെന്ന് അവന്‍ തിരിച്ചറിയുകയും ചെയ്യുന്നു.

ജീവിത വഴിത്താരയില്‍ അനുഷ്ഠാനങ്ങള്‍ കേവലാചാരങ്ങളായി അധഃപതിക്കുമ്പോള്‍, പാരമ്പര്യത്തിലേക്കുള്ള മടക്കമാണ് പെരുന്നാള്‍. ചിഹ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളുടെ സൂചകങ്ങളാണ്. മക്കയും മദീനയും മിനയും അല്ലാഹുവിലേക്ക് വിരല്‍ ചൂണ്ടുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്ന പക്ഷം അത് ഹൃദയ പ്രകാശനമാണെന്ന ദിവ്യ സൂക്തം കൂടുതല്‍ ശക്തമായി പുലരുകയാണിവിടെ. വര്‍ഷത്തിലൊരിക്കലെങ്കിലും സ്മൃതികളുടെ പങ്കായമെടുത്ത് മനുഷ്യനിവിടെ അല്ലാഹുവിലേക്ക് തുഴയുകയാണ്. അങ്ങനെ, ഈദുല്‍ അസ്ഹാ ദിവ്യ സ്മൃതികളുടെ അനുഗ്രഹീത ഓര്‍മ്മകളില്‍ കൊണ്ടാടപ്പെടുന്നു.

ബലി പെരുന്നാളിന്റെ സന്ദേശം സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ഓര്‍മകളില്‍ നിന്നും പാഠങ്ങള്‍ സ്വീകരിക്കുകയാണ് വിശ്വാസി ബലിപെരുന്നാളിലൂടെ ചെയ്യുന്നത്. ത്യാഗത്തിന്റെ തീച്ചൂളയില്‍ കാച്ചിയെടുത്ത ഈമാനികാവേശത്തോടെ ഇന്നലെകളുടെ കനല്‍പഥങ്ങളിലൂടെ നടന്നുപോയ ഒരു കുടുംബത്തിന്റെ ഐതിഹാസികമായ ചെയ്തികളുടെ പുന:പ്രകാശനമാണിവിടെ. ഇത് കഥാകഥനത്തിലും ചരിത്ര ചിത്രണത്തിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വരികള്‍ക്കിടയിലൂടെ വായിക്കുക വഴി ആത്മാവിന്റെ തീരങ്ങളില്‍ കോറിയിടപ്പെടേണ്ടതാണ്. ചരിത്രങ്ങള്‍ കാലത്തിന്റെ കേവലം പ്രതികരണങ്ങളല്ല. മറിച്ച് വരും കാലത്തിന്റെ മാര്‍ഗദര്‍ശനവും കെടാവിളക്കുമാണ്. ഇതില്‍ നിന്നും വെളിച്ചം സ്വീകരിച്ച് വഴി തെറ്റാതെ സഞ്ചരിക്കലാണ് വിശ്വാസിലോകത്തിന്റെ ധര്‍മ്മം.

ത്യാഗനിര്‍ഭരമായ മഹല്‍ ജീവിതങ്ങളുടെ പുനര്‍വായനയാണ് പെരുന്നാള്‍. ആ ജീവിത കാല്‍പാടുകള്‍ ഒപ്പിയെടുക്കാനാണ് ചരിത്ര ബിന്ദുക്കള്‍ ചിന്നിച്ചിതറിയ വിശുദ്ധ നിലങ്ങളിലൂടെ അല്ലാഹുവിന്റെ അതിഥികളിന്ന് നഗ്നപാദരായി നടന്നുനീങ്ങുന്നത്. ഇത് അപഥ സഞ്ചാരങ്ങളോ നാടകീയ നൃത്തങ്ങളോ അല്ല. മറിച്ച്, വിശ്വാസത്തിന്റെ ഉത്തുംഗതയില്‍ ദൈവിക പ്രീതി തേടിയുള്ള യാത്രയാണ്. തങ്ങളിലെ ഇസ്‌ലാമിനെ പൂര്‍ണ്ണമാക്കാനുള്ള ചിരകാല സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം.

ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ഹാജറാബീവിയും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഓര്‍മകളിലെ വസന്തമാണ്. പെരുന്നാളുകള്‍ കെങ്കേമമായി ആഘോഷിക്കപ്പെടുമ്പോള്‍ ഈ ത്രി-ശീര്‍ഷകങ്ങളുടെ ജീവിത പിന്നാമ്പുറങ്ങള്‍ അപ്രധാന്യങ്ങളായി വിസ്മരിക്കപ്പെട്ടുകൂടാ. വൈഷമ്യങ്ങളുടെ ആഴങ്ങളില്‍ ജീവിത്തിന്റെ മധുരവും ആകര്‍ഷകത്വവും നഷ്ടപ്പെട്ട സമകാലിക ലോകത്തിനു മുമ്പില്‍ യഥാര്‍ത്ഥ ഇസ്‌ലാമിക ജീവിത്തിന്റെ ആത്മാവും അര്‍ത്ഥവും വരച്ചുകാട്ടിയവര്‍ ഇവരായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ത്യാഗത്തിന്റെ കണ്ണീര്‍ പൂക്കളായിരിന്നു എന്നും ഇവരെ വരവേല്‍കാനായി ഉണ്ടായിരുന്നത്.

ഒന്നിനു പിന്നാലെ മറ്റൊന്നായി വന്ന അസംഖ്യം ദൈവപരീക്ഷണങ്ങള്‍ക്കുമുമ്പില്‍ അടിപതറാതെ ഉറച്ചുനില്‍കാന്‍ സാധിച്ചുവെന്നതാണ് ഇബ്‌റാഹീമിയന്‍ വിശ്വാസത്തിന്റെ കരുത്ത്. ഇത് ആര്‍ക്കോവേണ്ടി ഓക്കാനിക്കലല്ല. മറിച്ച്, ദിവ്യസ്‌നേഹത്തില്‍ ചാലിച്ചെടുത്ത വിശ്വാസമാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നിഷ്‌കളങ്കമായ വിശ്വാസം വരുമ്പോള്‍ അതിനെ ഒരാള്‍ക്കും കീഴ്‌പെടുത്തുക സാധ്യമല്ല. ഒരാള്‍ക്കുമുമ്പിലും പഞ്ചപുഛ മടക്കി ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേടും വന്നുപെടുന്നില്ല. ''നിങ്ങള്‍ വിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമരെ''ന്ന ബോധം ഇവിടെ വിശ്വാസികളില്‍ അങ്കുരിക്കുന്നു. കത്തിപ്പടരുന്ന ഇസ്‌ലാമിക വിരുദ്ധതക്ക് മുമ്പില്‍ ഇബ്‌റാഹീം നബി(അ) സ്വീകരിച്ച നിലപാടും ഇത് തന്നെയായിരുന്നു.

ത്യാഗത്തിന്റെ തീച്ചൂളയിലിട്ട് മിനുക്കിയെടുത്ത മനക്കരുത്തിന്റെ ശക്തിയും ഓജസ്സും കൊണ്ടാണ് ഇബ്‌റാഹീം നബി അല്ലാഹുവിന്റെ അഗ്നിപരീക്ഷണങ്ങളില്‍ വഴുതിപ്പോകാതെ വിജയം വരിച്ചത്. നംറൂദിന്റെ തീകുണ്ഡത്തെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പൂമെത്തയായി സ്വീകരിച്ച നബിക്ക്, ആളിപ്പടര്‍ന്ന അഗ്നിനാളങ്ങള്‍ ശീതള സ്വാന്തന സ്പര്‍ശമായി മാറുകയായിരിന്നു. പ്രയാസങ്ങളും പരീക്ഷണങ്ങളും കൂടൊഴിയാത്ത ആ പ്രവാചകന്‍ തന്റെ ജീവിതം പൂര്‍ണ്ണമായും അല്ലാഹുവിലര്‍പ്പിച്ചു. ജീവിത സായാഹ്നത്തില്‍ അല്ലാഹു കനിഞ്ഞു നല്‍കിയ ഓമനക്കുഞ്ഞിന്റെ കഴുത്തറക്കണമെന്ന ദൈവ കല്‍പന ചഞ്ചല ചിത്തനാകാതെ സ്വീകരിക്കുകയും ചെയ്തു. ജീവിത വീഥിയിലെ തീക്ഷ്ണമായ പരീക്ഷണങ്ങളെ ത്യാഗ സന്നദ്ധതയോടെയും പൈശാചിക പ്രലോഭനങ്ങളോട് സന്ധിയില്ലാ സമരം ചെയുതുമാണ് ഇബ്‌റാഹീം നബിയും കുടുംബവും ചരിത്രത്തില്‍ ഇടം നേടുന്നത്. ആ അര്‍പ്പണ ബോധത്തിന്റെയും ത്യാഗസന്ധദ്ധതയുടെയും വിജയാരവങ്ങളാണ് പെരുന്നാല്‍ ദിനരാത്രങ്ങളില്‍ തക്ബീറിന്റെ അമരധ്വനികളായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.അത്‌കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ പോലും പറഞ്ഞത്: ''നിശ്ചയം ഇബ്‌റാഹീം അല്ലാഹുവിനെ അനുസരിക്കുന്ന ഏകാഗ്രചിത്തതയുള്ള ഒരു സമുദായമായിരുന്നു. അവര്‍ ബഹു ദൈവ വിശ്വാസികളില്‍ പെട്ടവരായിരുന്നില്ല''.(16:120)

ചരിത്ര ചിത്രണം അനുഭൂതിയുടെ മഹാലോകമാണ് ഇബ്‌റാഹീമിയന്‍ സമര്‍പ്പണത്തിന്റെ കഥ. ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാനും മനസ്സാക്ഷിയുള്ളവര്‍ക്ക് വിലയിരുത്താനും ഇത് അനവധി വാതായനങ്ങള്‍ തുറന്ന് വെക്കുന്നു. ചിന്തോദ്ദീപകമായി തോന്നിയത് കൊണ്ട് മാത്രം തിരുമേനി അനുയായികളുമായി പങ്കുവെച്ച ഒരു ഹദീസ് ഇവിടെ ഉദ്ധരിക്കുകയാണ്.

ഹസ്‌റത്ത് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)ല്‍ നിന്നും നിവേദനം: മുലപ്പാല്‍ കുടിക്കുന്ന ഇസ്മായീലിനെയും മാതാവ് ഹാജറയെയും ഇബ്‌റാഹീം നബി(അ) കഅ്ബാലയത്തിനടുത്ത് താമസിപ്പിച്ചു. അന്ന് മക്കയില്‍ ജനവാസം ഉണ്ടായിരുന്നില്ല. എങ്ങും തരിശായ ഭൂമി. ജലലബ്ധിയുടെ സൂചനപോലും എവിടെയും കാണാനില്ല. രണ്ട് തോല്‍പാത്രങ്ങളില്‍ നിറയെ ദാഹജലവും ഈത്തപ്പഴവും അടുത്ത് തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. മടങ്ങിപ്പോകാന്‍ ഒരുമ്പെടുമ്പോള്‍ ഹാജറ ബീവി ഭര്‍ത്താവിനെ അനുഗമിച്ചുകൊണ്ട് ചോദിച്ചു:

''ഒരു മനുഷ്യന്‍ പോലുമില്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെ ഉപേക്ഷിച്ച് നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്''?

ഈ ചോദ്യം പലതവണ ആവര്‍ത്തിച്ചെങ്കിലും ഇബ്‌റാഹീം നബി യാതൊന്നും പ്രതികരിച്ചില്ല, തിരിഞ്ഞ് നോക്കിയതുമില്ല. ഇത് കണ്ടപ്പോള്‍ അവര്‍ ചോദിച്ചു: '' ഇങ്ങനെ ചെയ്യാന്‍ അല്ലാഹു കല്‍പിച്ചതാണോ''? അവര്‍ ''അതെ'' എന്ന് മറുപടി നല്‍കി.

''എങ്കില്‍ നിങ്ങള്‍ പോവുക അല്ലാഹു ഞങ്ങളെ കഷ്ടപ്പെടുത്തുകയില്ല''. ഹാജറ ബീവി പ്രതികരിച്ചു.

ഒടുവില്‍ ഇബ്‌റാഹീം സഞ്ചരിച്ച് സനിയ്യായിലെത്തി. തന്നെ ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോള്‍ കഅ്ബാലയത്തിന് നേരെ തിരിഞ്ഞ് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു: ''ഞങ്ങളുടെ നാഥാ, ഞാനിതാ എന്റെ സന്താനങ്ങളില്‍ നിന്ന് (ഇസ്മായീലിനെ) നിന്റെ ആദരണീയ മന്ദിരത്തിനടുത്ത കൃഷിയില്ലാത്ത  താഴ്‌വരയില്‍ താമസിപ്പിച്ചിരിക്കുന്നു. അവര്‍ നിസ്‌കാരം നിലനിര്‍ത്തിപ്പോരാന്‍ വേണ്ടിയാണിത്. അതിനാല്‍ ഒരു വിഭാഗം ജനങ്ങളുടെ ഹൃദയങ്ങളെ നീ അവരിലേക്ക് തിരിക്കേണമേ, അവര്‍ക്ക് ഭക്ഷണമായി പഴങ്ങള്‍ നല്‍കുകയും ചെയ്യേണമേ, അവര്‍ നന്ദികാണിക്കുന്നവരായേക്കാം''

ഹാജറ കൂടെയുണ്ടായിരുന്ന ജലവും ഈത്തപ്പഴവും ഉപയോഗിച്ച് വിശപ്പടക്കിക്കൊണ്ടിരുന്നു. കുഞ്ഞിനെയും അത് തന്നെ ഭക്ഷിപ്പിച്ചു. കുറേകഴിഞ്ഞപ്പോള്‍ പാത്രങ്ങള്‍ കാലിയായി. വെള്ളവും തീര്‍ന്നു. ഇനി എന്ത് ചെയ്യും? ഹാജറക്ക് ഒരു നിശ്ചയവും തരപ്പെട്ട് വന്നില്ല. ദാഹം കൂടിവരികയാണ്, കുഞ്ഞ് വാവിട്ട് കരയുന്നു. അത് നോക്കി നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ കുഞ്ഞിനെ താഴെ കിടത്തി  അടുത്തുള്ള സഫാ  പര്‍വ്വതത്തിലോക്കോടി.ആരെയെങ്കിലും കാണാന്‍ കഴിഞ്ഞെങ്കിലോ എന്ന് കരുതി താഴ്‌വരയിലേക്ക് നോക്കിക്കൊണ്ടിരിന്നു. എന്നാല്‍ ആരെയും കാണാന്‍ സാധിച്ചില്ല. ശേഷം സഫയില്‍ നിന്നും മര്‍വയിലേക്കോടി. അവിടെയും ആരെയും കണ്ടില്ല. ഈ പ്രവര്‍ത്തനത്തെ അനുസ്മരിച്ചു കൊണ്ടാണ് ഹജ്ജാജിമാര്‍ക്ക് സഫാ-മര്‍വ്വക്കിടയില്‍ ഏഴ് തവണ ഓടല്‍ കടമയായത്.        അവസാനം, ഹാജറ(റ) മര്‍വ്വയിലെത്തിയപ്പോള്‍ ഒരശരീരി കേട്ടു. വീണ്ടും വീണ്ടും അത് ആവര്‍ത്തിച്ചപ്പോള്‍ അവര്‍ പറഞ്ഞു:'' നിന്റെ ശബ്ദം ഞാന്‍ കേട്ടു. നിനക്ക് എന്നെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ സഹായിക്കുക. പെട്ടെന്ന് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. കുഞ്ഞ് കിടന്നിടത്ത് അത് ചിറകുകൊണ്ട് കുഴിക്കേണ്ട താമസം സംസം ഉറവെടുക്കാന്‍ തുടങ്ങി. ഹാജറ(റ)അതില്‍ നിന്നും മുക്കി ശേഖരിച്ചു. പക്ഷെ അത് കുറഞ്ഞ് പോയതേഇല്ല. തിരുമേനി പറഞ്ഞു: ''ഹാജറ(റ) സംസമിനെ അങ്ങനെ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെങ്കില്‍ അത് നിറഞ്ഞൊലിക്കുന്ന ഒരുഅരുവിയായി മാറുമായിരിന്നു''.

അങ്ങനെയവര്‍ സംസമില്‍ നിന്നും വേണ്ടുവോളം കുടിച്ചു.കുഞ്ഞിനെ മുലയൂട്ടി ദാഹം ശമിപ്പിച്ചു. അതിനിടെ മാലാഖ പറഞ്ഞു:

''ഇത് നഷ്ടപ്പെടുമെന്ന് പേടിക്കേണ്ടതില്ല. ഇവിടെയാണ് ഇവനും ഇവന്റെ പിതാവും ചേര്‍ന്ന് അല്ലാഹുവിന്റെ ഗേഹം പണിയുക. അതിന്റെ അവകാശികളെ അല്ലാഹു ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല''.

ഭൂമിയില്‍ ഉയര്‍ന്ന് നില്‍കുന്ന ഒരു പ്രദേശമായിരിന്നു കഅ്ബ സ്ഥിതിചെയ്യുന്ന സ്ഥലം. അതിന്റെ വലതുഭാഗത്തിലൂടെയും ഇടതു ഭാഗത്തിലൂടെയും കൊച്ചരുവികള്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ജുര്‍ഹും ഗോത്രത്തില്‍പെട്ട ഒരു സംഘം അതിലെ പോകാന്‍ ഇടവന്നു. അവിടെ എത്തിയപ്പോള്‍ വല്ലാത്ത ദാഹവും തുടങ്ങി. പക്ഷികള്‍ വട്ടമിട്ട് പറക്കുന്ന ഒരു സ്ഥലം കണ്ടെപ്പോള്‍ അവര്‍ക്ക് സമാധാനമായി. അവര്‍ അന്വേഷിക്കാനായി ആളെ വിട്ടു. നോക്കുമ്പോള്‍ മണലാരണ്യത്തില്‍ അനുഗ്രഹീതജലം. അടുത്ത് തന്നെ ഒരുമ്മയും മകനും. അവര്‍ക്ക് സന്തോഷമായി. കൂട്ടത്തോടെ അവിടെ ഇറങ്ങിനിന്നു.

ഞങ്ങള്‍ ഇവിടെ ഇറങ്ങി താമസിക്കുന്നത് നിങ്ങള്‍ക്ക് സമ്മതമാണോ, സംഘം ചോദിച്ചു. സമ്മതമാണ് പക്ഷേ, ഈ ജലാശയത്തില്‍ നിങ്ങള്‍ക്ക് ഒരുഅവകാശവും ഉണ്ടായിരിക്കില്ല. അവര്‍ പ്രതികരിച്ചു. തീരുമാനം സംഘത്തിനും ഇഷ്ടമായി.

അപ്രതീക്ഷിതമായി വന്നുകിട്ടിയ മനുഷ്യ സമ്പര്‍ക്കത്തിനുള്ള അവസരം ഹാജറ (റ)യെ വല്ലാതെ സന്തോഷിപ്പിച്ചു. അങ്ങനെ അവര്‍ സംസാരവും കുടുംബവുമായി അവിടെ താമസിച്ച്‌പോന്നു. അങ്ങനെ അവര്‍ അവിടത്തുകാരായി മാറി.

ഇസ്മാഈല്‍ വളര്‍ന്നു യുവാവായി. ജുര്‍ഹൂം ഗോത്രത്തില്‍ നിന്നും അറബി പഠിച്ചു. പ്രായമായപ്പോള്‍ അവിടെ നിന്ന് തന്നെ വിവാഹം കഴിച്ചു. അതിനിടെ ഹാജറബീവി ദിവംഗതയായി. അങ്ങനെയിരിക്കവെയാണ് ഒരു ദിവസം ഇബ്‌റാഹിം നബി തന്റെ മകനെ കാണാന്‍ വരുന്നത്. പക്ഷെ, മകനെ കണ്ടില്ല. ഭാര്യയോട് അന്വേഷിച്ചു. ഇസ്മാഈല്‍ ഞങ്ങള്‍ക്ക് ഉപജീവനം തേടി പോയതാണ,് അവര്‍ പറഞ്ഞു. ശേഷം ഇബ്‌റാഹീം മകന്റെ വീട്ടു ചുറ്റുപാടിനെ കുറിച്ച് അന്വേഷിച്ചു. ഭാര്യ പറഞ്ഞു ഞങ്ങള്‍ അത്ര സുഖത്തിലൊന്നുമല്ല. കടുത്ത ദാരിദ്ര്യത്തിലും പ്രയാസത്തിലുമാണ്. ഇബ്‌റാഹീം നബി പറഞ്ഞു: നിന്റെ ഭര്‍ത്താവ് വന്നാല്‍ എന്റെ സലാം പറയണം, വീടിന്റെ ഉമ്മരപ്പടി മാറ്റിവെക്കണമെന്നും പറയണം. ജോലി കഴിഞ്ഞ് ഇസ്മാഈല്‍ വന്നു. എന്തോ മണത്തറിഞ്ഞപോലെ അവര്‍ ചോദിച്ചു: ''ഇവിടെ ആരെങ്കിലും വന്നിരുന്നോ''. ''ഇവിടെ ഒരു വൃദ്ധന്‍ വന്നിരുന്നു'' ഭാര്യ പറഞ്ഞു. നിങ്ങളെ കുറിച്ച് ചോദിച്ചു. നിങ്ങള്‍ ജോലിക്ക് പോയതാണെന്ന് പറഞ്ഞു. നമ്മുടെ ജീവിത ചുറ്റുപാടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ ഞെരുക്കത്തിലാണെന്ന് ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്തെങ്കിലും പറഞ്ഞോ?. ഇസ്മാഈല്‍ ചോദിച്ചു: ''നിങ്ങള്‍ക്ക് സലാം പറഞ്ഞിട്ടുണ്ട്''. ഭാര്യ പറഞ്ഞു. ''ഉമ്മരപ്പടി മാറ്റിവെക്കാനും പറഞ്ഞു''. ഇസ്മാഈല്‍ പറഞ്ഞു ''വന്നത് എന്റെ പിതാവാണ്,നിന്നെ ഉപേക്ഷിക്കാനാണ് എന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത്‌കൊണ്ട് നീ നിന്റെ വീട്ടില്‍ പോവുക''. ഇസ്മാഈല്‍ അവളെ വിവാഹമോചനം നടത്തി. അവളുടെ കുടുംബത്തില്‍ നിന്നും മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

കാലചക്രം കറങ്ങി. മറ്റൊരിക്കല്‍ ഇബ്‌റാഹീം നബി വീണ്ടും വന്നു. അപ്പോഴും ഇസ്മാഈലിനെ കാണാന്‍ കഴിഞ്ഞില്ല. ഭാര്യയോട് ഇസ്മാഈലിനെ കുറിച്ച് അന്വേഷിച്ചു..''അവര്‍ ഞങ്ങള്‍ക്ക് ഉപജീവനം തേടി പോയതാണ്'' ഭാര്യ പറഞ്ഞു.''നിങ്ങളുടെ സ്ഥിതി എങ്ങനെയുണ്ട്?''.''ഞങ്ങള്‍ക്ക് സുഖം തന്നെയാണ്'' അവള്‍ പറഞ്ഞു.അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.

''നിങ്ങളുടെ ഭക്ഷണം എന്താണ്?'' ഇബ്‌റാഹീം നബി ചോദിച്ചു. ''മാംസം'' അവള്‍ മറുപടി നല്‍കി. ''നിങ്ങളുടെ പാനീയം?'' ''വെള്ളം'' ''നാഥാ, മാംസത്തിലും വെള്ളത്തിലും ഇവര്‍ക്ക് നീ ബര്‍ക്കത്ത് ചെയ്യേണമേ''.

തിരുമേനി പറയുന്നു: അവര്‍ക്ക് ധാന്യം ഉണ്ടായിരിന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ അതിലും ബറക്കത്തുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുമായിരിന്നു. മക്കത്തല്ലാതെ മറ്റൊരിടുത്തും ഈരണ്ടണ്ണം മാത്രം ആശ്രയിച്ച് ജീവിക്കാന്‍ കഴിയുകയില്ല.

ഇബ്‌റാഹീം നബി പറഞ്ഞു:''നിന്റെ ഭര്‍ത്താവ് വന്നാല്‍ എന്റെ സലാം പറയണം.ഇപ്പോഴത്തെ ഉമ്മരപ്പടി നിലനിര്‍ത്താനും പറയണം.

ഇസ്മാഈല്‍ നബിവന്നപ്പോള്‍ ചോദിച്ചു: ''ഇവിടെ ആരെങ്കിലും വന്നിരുന്നോ?'' ''സുന്ദരനായൊരു വൃദ്ധന്‍ വന്നിരിന്നു''. ഭാര്യപറഞ്ഞു. ''നിങ്ങളെ കുറിച്ച് ചോദിച്ചു, ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞു കൊടുത്തു. നമ്മുടെ ജീവിതം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ സുഖമാണെന്ന് മറുപടി നല്‍കി''. ''അദ്ധേഹം വല്ലതും പറഞ്ഞോ?''. ''നിങ്ങള്‍ക്ക് സലാം പറഞ്ഞു.ഇപ്പോഴത്തെ ഉമ്മരപ്പടി നിലനിര്‍ത്താനും പറഞ്ഞു''. ''എന്നാല്‍ ആ വന്നത് എന്റെ പിതാവാണ്, നിന്നെ നിലനിര്‍ത്താനാണ് നിര്‍ദ്ദേശം''.

കാലം പിന്നെയും കടുന്നു പോയി. ഒരു ദിവസം ഇബ്‌റാഹീം നബി(അ)വന്നപ്പോള്‍ ഇസ്മാഈല്‍ സംസമിന്റെ അടുത്തുള്ള മരച്ചുവട്ടില്‍ അമ്പ് ശരിയാക്കുകയായിരുന്നു. പിതാവിനെ കണ്ടപ്പോള്‍ പുത്രന്‍ എഴുന്നേറ്റു നിന്നു. രണ്ടുപേരും അന്യോന്യം ഉപചാരം കൈമാറി. ശേഷം ഇബ്‌റാഹീം നബി(അ) പറഞ്ഞു.'' ഇസ്മാഈല്‍ അല്ലാഹു എന്നോട് ഒരു കാര്യം കല്‍പിച്ചിരിക്കുന്നു'' ''അല്ലാഹു കല്‍പിച്ചത് ചെയ്യുക'' ഇസ്മാഈല്‍ പറഞ്ഞു. ''നീ എന്നെ സഹായിക്കുമോ?'' ''തീര്‍ച്ചയായും'' ഒരു ഉയര്‍ന്ന സ്ഥലം കാണിച്ചുകൊണ്ട് ഇബ്‌റാഹീം പറഞ്ഞു: ''ഇവിടെ ഒരു ഭവനം നിര്‍മ്മിക്കാനാണ് അല്ലാഹു എന്നോട് കല്‍പ്പിച്ചിരിക്കുന്നത്''.

താമസിയാതെ നിര്‍മാണം തുടങ്ങി. അതെ സ്ഥലത്ത് തന്നെ കഅ്ബാലയത്തിന്റെ തറയുയര്‍ന്നു. ഇസ്മാഈല്‍ നബി കല്ലെടുത്ത് കൊടുത്തു. ഇബ്‌റാഹീം നബി പടുക്കുകയും ചെയ്തു. കെട്ടിടം ഉയര്‍ന്ന് വന്നപ്പോള്‍ ഒരു കല്ല് കൊണ്ടുവന്ന് അതിന്‍മേല്‍ കയറിനിന്നുകൊണ്ട്  ഇബ്‌റാഹീം കെട്ടിടം പണി തീര്‍ത്തു. ആ സമയത്ത് രണ്ടുപേരും പ്രാര്‍ത്ഥിച്ചു:

''ഞങ്ങളുടെ നാഥാ,ഇത് ഞങ്ങളില്‍ നിന്ന് നീ സ്വീകരിക്കേണമേ. നിശ്ചയം എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ നീ''

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter