ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനം

ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തെ വ്യത്യസ്‌ത വീക്ഷണകോണിലൂടെ സമീപിച്ച അനേക ഗ്രനഥങ്ങളും ഉപന്യാസങ്ങളും നമുക്ക്‌ സുപരിചിതമാണ്‌. കര്‍തൃനിഷ്‌ഠമായ താത്‌പര്യങ്ങളാലും വ്യത്യസ്‌ത ചരിത്ര സന്ദര്‍ഭങ്ങളുടെ സവിശേഷമായ സമ്മര്‍ദ്ദങ്ങളാലും അത്തരം ചരിത്രാഖ്യാനങ്ങള്‍ സങ്കീര്‍ണമായ അനേകം സമസ്യകളുയര്‍ത്തി നിലനില്‍ക്കുകയാണ്‌. കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ തന്ത്രപരമായ ഇടപെടലുകളാലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യന്‍ ദേശരാഷ്‌ട്ര രൂപവത്‌കരണത്തിലുളവായ ഭൂരിപക്ഷഹിതത്തിന്റെ ദേശീയ താത്‌പര്യങ്ങളാലും മുസ്‌ലിം ചരിത്രം വികലമാക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ ഒരു പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്‌. മുസ്‌ലിംകളുടെ ചരിത്രം പൊതു ആഖ്യാനങ്ങളില്‍ ഈ വിധം വികലമാക്കപ്പെടാനുള്ള കാരണങ്ങളെ സംബന്ധിച്ച്‌ സവിസ്‌തരം പ്രതിപാദിക്കേണ്ടതില്ല. അധിനിവേശവിരുദ്ധതയുടെ സമരതീക്ഷ്‌ണമായ ഒരുജ്ജ്വല ചരിത്രം രചിച്ച ജനത എന്ന നിലക്ക്‌ കൊളോണിയല്‍ അധികാര ഘടനയുടെ അപരസ്ഥാനത്ത്‌ ഇസ്‌ലാമും മുസ്‌ലിംകളും പ്രതിഷ്‌ഠിക്കപ്പെട്ടത്‌ സ്വാഭാവികം മാത്രമാണ്‌. വിഭജനത്തിന്റെ മുറിവുകള്‍ ഇന്ത്യന്‍ ദേശരാഷ്‌ട്ര രൂപവല്‍ക്കരണത്തില്‍ നിര്‍ണായകമായതിനാല്‍ ദേശീയമായ ചരിത്രാഖ്യാന ശ്രമങ്ങളിലും `മുസ്‌ലിം’ എന്നത്‌ പലപ്പോഴും ഒരു `അപര’ സാന്നിദ്ധ്യമായാണ്‌ പരിഗണിക്കപ്പെട്ടുവന്നത്‌. അതുകൊണ്ടു തന്നെയായിരിക്കാം അക്രമങ്ങളുടെയും വെട്ടിപ്പിടിത്തത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രമായി ഇന്ത്യന്‍ മുസ്‌ലിംകളുടെ ചരിത്രം വായിക്കപ്പെട്ടത്‌. ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം മുസ്‌ലിം നാമധാരികളായ ചില ഗോത്രവര്‍ഗങ്ങളുടെ വെട്ടിപ്പിടിത്തത്തിലൂടെയും നിര്‍ദ്ദയമായ അക്രമങ്ങളിലൂടെയുമാണ്‌ സംഭവിച്ചത്‌ എന്ന ഒരു സാമാന്യ ധാരണ നിലനില്‍ക്കുന്നുണ്ട്‌. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനചരിത്രം സമാധാന പൂര്‍ണമായിരുന്നുവെങ്കിലും ഉത്തരേന്ത്യയിലുള്ള ഇസ്‌ലാമിക പ്രചാരണം നിര്‍ദ്ദയമായ ഹിംസകളിലൂടെയാണ്‌ സാധിച്ചത്‌ എന്ന ഒരു പൊതുധാരണ രൂഢമൂലമാണിന്ന്‌. പ്രമാണികമായി പരിഗണിക്കപ്പെട്ടുവരുന്ന ഈ പൊതുധാരണ വസ്‌തുനിഷ്‌ഠമല്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. മുസ്‌ലിം സ്വത്വത്തേയും കര്‍തൃത്വത്തേയും മുന്‍നിര്‍ത്തി ഇന്ത്യയിലെ ഇസ്‌ലാമിന്റെ ചരിത്രത്തെ പുനരവലോകനം ചെയ്യുക എന്നതിനപ്പുറം ലഭ്യമായ പ്രമാണങ്ങള്‍ മുന്നില്‍ വെച്ച്‌ ഈ വിഷയകമായി നൈതികമായ ഒരു സമീപനം വികസിപ്പിക്കുക എന്നതാണ്‌ ഇന്ന്‌ ഏറെ അനിവാര്യമായിട്ടുള്ളത്‌. ഇന്ത്യയിലെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള വിശാലമായ ഭൂമികയില്‍ ഇസ്‌ലാം പ്രചരിച്ചതിന്റെയും വികസിച്ചതിന്റെയും ചരിത്രം സാമാന്യമായൊരു പുനരവലോകത്തിന്‌ വിധേയമാക്കുകയാണിവിടെ. 

 

ഇസ്‌ലാമിക പ്രബോധനവും സൂഫികളും 

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രചാരണം സാധിച്ചത്‌ സാത്വികരും വിശുദ്ധരുമായ സൂഫികളിലൂടെയാണ്‌. ആഗോള ഇസ്‌ലാമിക ചരിത്രത്തിന്റെ ദിശ ഖിലാഫത്തില്‍ നിന്നു രാജവാഴ്‌ചയിലേക്ക്‌ ഗതി മാറിയപ്പോള്‍ ഉളവായ സ്വേച്ഛാധിപത്യപരമായ പ്രവണതകളും ജനജീവിതത്തെ ബാധിച്ച ഭൗതികാസക്തിയും, ശരിയായ വിശ്വാസികളില്‍ സൃഷ്‌ടിച്ച പ്രതികരണമായാണ്‌ സൂഫിസമായി വികാസം കൊണ്ടത്‌. ആത്മ ശുദ്ധീകരണത്തിലും പരലോകോന്മുഖതയിലും ഊന്നിനിന്നുകൊണ്ട്‌ ഒരു സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്‌ലാമിക പ്രതിനിധാനം നിര്‍വ്വഹിച്ച മഹാമനീഷികളായ പണ്ഡിതന്മാരിലൂടെയാണ്‌ തസ്വവ്വുഫിന്റെ ധാര ഇസ്‌ലാമിക സമൂഹത്തില്‍ പ്രാബല്യം നേടുന്നത്‌. ഓരോ മനുഷ്യന്റെയും ഉള്ളില്‍ പ്രകാശം നിറയ്‌ക്കുന്ന സവിശേഷ ജ്ഞാനങ്ങളാണ്‌ ഇങ്ങനെ വികാസം കൊള്ളുന്നത്‌. ഇസ്‌ലാമിക വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രമുഖമായ കേന്ദ്രങ്ങളില്‍ നിന്ന്‌ ഉജ്ജ്വലമായ ധാര്‍മിക കരുത്തോടും സമഗ്രസ്‌പര്‍ശിയായ വൈജ്ഞാനിക നിലവാരത്തോടും കൂടി മുസ്‌ലിം ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നതിന്‌ അനേകം പണ്ഡിതന്‍മാര്‍ ഈ വിധം ഉയര്‍ന്നുവന്നു. അവരുടെ ശിക്ഷണങ്ങള്‍ക്ക്‌ വിധേയരായ ധാരാളം സാത്വിക വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിന്റെ പ്രബോധന ദൗത്യവുമായി ലോകത്തിലെ വ്യത്യസ്‌ത പ്രദേശങ്ങളിലെത്തുകയും അവിടങ്ങളിലെ തദ്ദേശീയ ജനസമൂഹങ്ങളെ സന്മാര്‍ഗത്തിലേക്ക്‌ നയിക്കുകയും ചെയ്‌തു. ഇങ്ങനെ ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെത്തിയ സാത്വികരായ സൂഫികളിലൂടെയാണ്‌ ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുന്നത്‌. 

അല്ലാഹുവില്‍ നിന്നുള്ള സവിശേഷ ജ്ഞാനവും സംരക്ഷണവും ലഭ്യമായിരുന്ന, ഈ മഹത്തുക്കളുടെ സംസ്‌കരണപ്രധാനമായ ശിക്ഷണരീതികള്‍ പ്രത്യേക ആത്മീയ സരണികളായി (ത്വരീഖത്തുകള്‍) വികസിപ്പിക്കുകയും തലമുറകളോളം ഇന്ത്യന്‍ ഗ്രാമാന്തരങ്ങളിലെ മനുഷ്യരുടെ ഇസ്‌ലാമാശ്ലേഷത്തിന്‌ ദിശ നല്‍കുകയും ചെയ്‌തുകൊണ്ടിരുന്നു. ഇങ്ങനെ മറ്റ്‌ പ്രദേശങ്ങളില്‍ ഉത്ഭവിച്ച ചില ത്വരീഖത്തുകള്‍ക്ക്‌ ഇന്ത്യയില്‍ പ്രചാരമുണ്ടാകുകയും, ഒരുപക്ഷേ, ഈ ത്വരീഖത്തുകളുടെ തന്നെ വികാസഫലമായി ചില പുതിയ ധാരകള്‍ ഉടലെടുക്കുകയും ചെയ്‌തു. ഖാദിരിയ്യ, നഖ്‌ശബന്ദിയ്യ, സുഹറവര്‌ദിയ, ചിശ്‌തിയ്യ പോലുള്ള പ്രമുഖ ത്വരീഖത്തുകളെല്ലാം ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു. 

സൂഫികള്‍ക്ക്‌ എളുപ്പം ഫലം കൊയ്യാവുന്ന തരത്തില്‍ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അസമത്വപൂര്‍ണമായിരുന്നു. കാലങ്ങളായി ഉച്ചനീചത്വങ്ങളനുഭവിച്ച്‌ നിന്ദിതരും പീഡിതരുംഅടിമകളുമായിക്കഴിഞ്ഞിരുന്ന മനുഷ്യര്‍ക്ക്‌ സാമാന്യ മനുഷ്യപദവിയിലേക്കുള്ള മോചനമാര്‍ഗമായിരുന്നു ഇസ്‌ലാമാശ്ലേഷം. നിന്ദ്യമായ അവമതികളോടെ അടിസ്ഥാന ജനവര്‍ഗത്തെ പ്രാന്തവത്‌കരിക്കുന്ന ചാതുര്‍വര്‍ണ്യം അതിന്റെ എല്ലാ പ്രതിലോമതകളോടെയും നിലനിന്ന കാലമായിരുന്നവല്ലോ അത്‌. ജന്മം തന്നെ ശാപമായി മാറുന്ന ഈ അടിമത്തത്തില്‍ നിന്ന്‌ മോചനം നേടാനുള്ള അവസരമായിക്കൂടിയാണ്‌ ഇസ്‌ലാം സ്വീകരണത്തെ ഇന്ത്യയിലെ അടിസ്ഥാന ജനവര്‍ഗങ്ങള്‍ പരിഗണിച്ചത്‌. സൂഫികള്‍ പ്രകടിപ്പിച്ച ദയാവായ്‌പിലും സ്‌നേഹത്തിലും വിനയത്തിലും ആകൃഷ്‌ടരായി സാമൂഹിക ശ്രേണിയുടെ ഉന്നതിയില്‍ കഴിഞ്ഞിരുന്നവരും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. സൂഫികളുടെ പ്രവര്‍ത്തന ശൈലി ഏതുതരം സാധാരണക്കാരനേയും ആകര്‍ഷിക്കുന്നതായിരുന്നു എന്നത്‌ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. മനുഷ്യ സ്‌നേഹത്തിനും സഹാനുകമ്പയോടെയുള്ള സഹവര്‍ത്തിത്വത്തിനും സാക്ഷികളായി ഓരോ മനുഷ്യനേയും മാറ്റിയെടുക്കുന്ന ശിക്ഷണങ്ങളാണ്‌ ഈ സൂഫികള്‍ തങ്ങളുടെ അനുയായികള്‍ക്ക്‌ നല്‍കിയത്‌. സ്വന്തം വ്യക്തിത്വത്തെ അല്ലാഹുവിന്റെ പ്രീതിയിലേക്ക്‌ സ്‌ഫുടം ചെയ്‌തെടുത്ത്‌ ദുന്‍യാവിന്റെ പ്രലോഭനങ്ങളെ അതിജയിക്കാനാണ്‌ അവര്‍ ജനസമൂഹങ്ങളെ പരിശീലിപ്പിച്ചത്‌. 

ജനങ്ങളുടെ ദുരിതമകറ്റാനുള്ള അഭയ കേന്ദ്രമായും സന്മാര്‍ഗദായകമായ വൈജ്ഞാനിക കേന്ദ്രങ്ങളായും ഒരേ സമയം പ്രവര്‍ത്തിച്ച സൂഫിഖാന്‍ഗാഹുകള്‍ യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങള്‍ തന്നെയായിരുന്നു. ഭക്ഷണം ലഭിക്കാത്തവന്‌ ഭക്ഷണവും രോഗപീഡയനുഭവിക്കുന്നവന്‌ ശുശ്രൂഷയും അനാഥത്വം അനുഭവിക്കുന്നവന്‌ സംരക്ഷണവും തുടങ്ങി എല്ലാതരം സേവനങ്ങളും ഈ ഖാന്‍ഗാഹുകളില്‍ നിന്ന്‌ ലഭ്യമായിരുന്നു. അഥവാ ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ദാരിദ്ര്യത്തെ ദൂരീകരിക്കുന്നതിനുള്ള ശരിയായ അഭയ സങ്കേതങ്ങള്‍ തന്നെയായിരുന്നു അത്‌. സമ്പത്തും സൗകര്യവുമുള്ള അനുയായികളില്‍ നിന്ന്‌ അത്‌ ശേഖരിക്കുകയും നിര്‍ധനരും നിരാലംബരുമായവര്‍ക്കിടയില്‍ വീതിക്കുകയുമായിരുന്നു അവരുടെ പതിവ്‌. `അവരിലെ ധനികരില്‍ നിന്നെടുത്ത്‌ ദരിദ്രര്‍ക്ക്‌ നല്‍കും’ എന്ന പ്രവാചക മൊഴിയെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വയം ദാരിദ്ര്യവും കഷ്‌ടപ്പാടുകളും സഹിച്ച്‌ ഈ സൂഫികള്‍ ജനങ്ങളെ ഊട്ടുകയും അവര്‍ക്ക്‌ ആവശ്യമായ ശുശ്രൂഷ നല്‍കുകയും ചെയ്‌തു. ഇങ്ങനെ വിവിധ പ്രശ്‌നങ്ങളുമായി ഖാന്‍ഗാഹുകളില്‍ അഭയം തേടിയെത്തുന്നവരുടെ എണ്ണം ഓരോ ഘട്ടത്തിലും വര്‍ധിച്ചുകൊണ്ടിരുന്നു. ഈ ജനകീയാടിത്തറയെ കൂടുതല്‍ പ്രബലപ്പെടുത്തുന്ന സവിശേഷമായ ചില അമാനുഷിക സിദ്ധികളും അല്ലാഹു പ്രത്യേകമായി അവര്‍ക്ക്‌ കനിഞ്ഞനുഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച്‌ ചിശ്‌ത്തി സില്‍സിലയില്‍ പെട്ടവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇത്‌ പ്രകടമായിരുന്നു. സമൂഹത്തിന്റെ രക്ഷയും ഇസ്‌ലാമിലേക്കുള്ള ആഗമന സമൃദ്ധിയും ലക്ഷ്യം വെച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍. അശരണരെ രക്ഷിക്കുക, രോഗികളെ സുഖപ്പെടുത്തുക പോലുള്ള കാര്യങ്ങളാണ്‌ അവര്‍ നിര്‍വഹിച്ചത്‌. പകര്‍ച്ചവ്യാധി, വരള്‍ച്ച പോലുള്ള പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളിലൂടെ ജനസമൂഹങ്ങളെ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നവരാക്കുക, അതിന്‌ തല്‍സമയ പ്രതിഫലനം ജനങ്ങള്‍ അനുഭവിക്കുക പോലുള്ള സവിശേഷ സിദ്ധികളാണ്‌, അല്ലാഹു അവര്‍ക്ക്‌ കനിഞ്ഞനുഗ്രഹിച്ചത്‌. ആഗ്രഹനിവൃത്തിക്കായി സന്യാസി മഠങ്ങളെയും വിഗ്രഹപ്രതിഷ്‌ഠകളെയും സമീപിച്ചിരുന്ന പാമരന്‍മാരും ബഹുദൈവ വിശ്വാസികളുമായ ജനങ്ങളെ കൃത്രിമ ദൈവങ്ങളില്‍ നിന്ന്‌ രക്ഷിക്കാന്‍ അല്ലാഹു സവിശേഷമായി അനുഗ്രഹിച്ചു നല്‍കിയതായിരുന്നു അവരുടെ ശേഷികളെല്ലാം. അവിശ്വാസികളെ ഇസ്‌ലാമിലേക്കാകര്‍ഷിക്കാനും നാമമാത്ര മുസ്‌ലിംകളെ ഇസ്‌ലാമിലേക്ക്‌ പുനരാനയിക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദങ്ങളായി എന്നതാണ്‌ ചരിത്ര യാഥാര്‍ത്ഥ്യം. ഇങ്ങനെ വിശ്വാസം ദൃഢപ്പെടുത്തിയതിനു ശേഷം സവിശേഷമായ പരിശീലനമുറകളിലൂടെ ജനങ്ങളെ സംസ്‌ക്കരിച്ചെടുക്കുന്ന പ്രവര്‍ത്തനരീതിയാണ്‌ അവര്‍ പിന്തുടര്‍ന്നത്‌. 

സൂഫീ പ്രവര്‍ത്തനശൈലിയുടെ ഒരു സാമാന്യ അവലോകനമാണ്‌ ഇവിടെ നിര്‍വ്വഹിച്ചത്‌. വ്യത്യസ്‌ത സൂഫിധാരകളുടെ പ്രവര്‍ത്തനത്തിന്റെ പൊതുവായ രീതിശാസ്‌ത്രം ഇതുതന്നെയായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ വച്ച്‌ ഇന്ത്യയില്‍ ഇസ്‌ലാമിക പ്രബോധനം നിര്‍വ്വഹിച്ച ചിശ്‌ത്തിയ്യ ധാരയില്‍ പെട്ട ചില പ്രമുഖ സൂഫികളുടെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്‌ത രൂപരേഖ ഇവിടെ സംഗതമാകുന്നുണ്ട്‌. 

ചിശ്‌ത്തിയ ത്വരീഖത്തും പ്രമുഖ സൂഫികളും 

ചിശ്‌ത്തി ശാഖയുടെ ഉത്ഭവവും ഏതാനും സൂഫികളുടെ ജീവചരിത്രവും സാമാന്യമായൊരു പുനരവലോകത്തിന്‌ ഇവിടെ വിധേയമാക്കുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ട ചില സൂഫികളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. ഇതിന്നര്‍ത്ഥം മറ്റ്‌ ആത്മീയ സരണികളില്‍ പെട്ട സാത്വികരായ പണ്ഡിതന്‍മാരുടെ പ്രവര്‍ത്തനങ്ങളെ നിരാകരിക്കണം എന്നല്ല. പൊതുവായൊരു `മാതൃകാരൂപം’ വെളിപ്പെടുന്നതിന്‌ ഏതാനും പേരുടെ പ്രവര്‍ത്തനങ്ങളെ പുനരവലോകനം ചെയ്യുന്നുവെന്ന്‌ മാത്രമേയുള്ളൂ. 

അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രദേശമാണ്‌ ചിശ്‌ത്‌. ഹെറാത്തില്‍ നിന്ന്‌ നൂറു കിലോമീറ്റര്‍ അകലെ ഗാരിറൂട്ട്‌ നദിയുടെ കരയിലുള്ള ഈ പ്രദേശം ഇന്ന്‌ ഖാജാ ചിശ്‌ത്ത്‌ എന്ന പേരിലാണറിയപ്പെടുന്നത്‌. പന്ത്രണ്ടാം നൂറ്റാണ്ടോടെ തന്നെ ചിശ്‌ത്തും പരിസരങ്ങളും പ്രധാന ആത്മീയ കേന്ദ്രമായി വികസിച്ചിരുന്നു. സിറിയയില്‍ നിന്നെത്തിയ അബൂ ഇസ്‌ഹാഖ്‌ശാമീ എന്ന സാത്വികനാണ്‌ ചിശ്‌ത്തിലേക്ക്‌ കുടിയേറിയവരില്‍ പ്രമുഖ സ്ഥാനത്തുള്ളത്‌. ഹസ്‌റത്ത്‌ അലി(റ)യില്‍ നിന്നു ഹസന്‍ ബസരി(റ)വിലൂടെ വികാസം കൊള്ളുന്ന ഗുരുപരമ്പരകളായിരുന്നു അദ്ദേഹത്തിന്റേത്‌. ഇസ്‌ഹാഖ്‌ ശാമിയുടെ പില്‍ക്കാല പരമ്പരയിലാണ്‌, ഇന്ത്യയിലെത്തിയ ഖാജാ മുഈനുദ്ദീന്‍ ചിശ്‌ത്തി ഉള്‍പ്പെടുന്നത്‌. പേര്‍ഷ്യയുടെ കിഴക്കു ഭാഗത്തുള്ള സിജിസ്ഥാനായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. അദ്ദേഹത്തിന്റെ ആദ്യകാലത്തെക്കുറിച്ച്‌ ചരിത്രരേഖകള്‍ കുറവാണെങ്കിലും 1141 ല്‍ ജനിച്ചുവെന്നും 1236 ല്‍ മരണപ്പെട്ടുവെന്നുമാണ്‌ സാമാന്യധാരണ. നിശാപൂരിലെ ഖാജാ ഉസ്‌മാന്‍ ഹര്‍വനിയില്‍ നിന്നാണ്‌ അദ്ദേഹം ആത്മീയ വിദ്യകള്‍ നേടാനാരംഭിച്ചത്‌. 

ഖാജാ മുഈനദ്ദീന്‍ ചിശ്‌ത്തി 

മുഈനുദ്ദീന്‍ ചിശ്‌ത്തിയുടെ പതിനഞ്ചാം വയസ്സില്‍ തന്നെ പിതാവ്‌ മരണപ്പെട്ടിരുന്നു. ചില സവിശേഷാനുഭവങ്ങളുടെ പ്രചോദനത്താല്‍ അദ്ദേഹം സമ്പാദ്യമൊക്കെ ദര്‍വേശുകള്‍ക്ക്‌ നല്‍കി വീടു വിട്ടിറങ്ങി. കുറേ കാലം സമര്‍ഖന്ദിലും ബുഖാറയിലുമൊക്കെയായി കഴിച്ചുകൂട്ടി. പിന്നീടാണ്‌ നിശാപൂരിലെ ഉസ്‌മാന്‍ ഹര്‍വാനിയുടെ ശിഷ്യത്വം സ്വീകരിച്ചത്‌. തന്റെ ഒടുങ്ങാത്ത ആത്മീയ ജ്ഞാനാന്വേഷണങ്ങളുടെ ഭാഗമായി ശൈഖ്‌ അബ്‌ദുല്‍ ഖാദിര്‍ ജീലാനി മുതല്‍ ശിഹാബുദ്ദീന്‍ സുഹറവര്‍ദിയുമായി വരെ അദ്ദേഹം സന്ധിച്ചു. മുസ്‌ലിം ലോകത്തെ പ്രമുഖ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. അക്കാലത്തെ ഇസ്‌ലാമിക സമൂഹത്തിലെ അഗ്രേസരന്‍മാരായ സാത്വിക വ്യക്തിത്വങ്ങളേയും പണ്‌ഡിത മഹത്തുക്കളുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്‌തു. നിതാന്തമായ യാത്രകള്‍ക്കും മൗലിക യാഥാര്‍ത്ഥ്യം തേടിയുള്ള ജ്ഞാനാന്വേഷണങ്ങള്‍ക്കും ശേഷമാണ്‌ ഒരു അന്തഃപ്രചോദനത്താല്‍ ഹെറാത്ത്‌ ഗസ്‌ന വഴി അദ്ദേഹം ഇന്ത്യയിലെത്തുന്നത്‌. അജ്‌മീറാണ്‌ അദ്ദേഹം തന്റെ പ്രവര്‍ത്തന മണ്ഡലമായി തിരഞ്ഞെടുത്തത്‌. പൃഥ്വിരാജ്‌ ചൗഹാന്‍ അജ്‌മീര്‍ ഭരിച്ചിരുന്ന കാലമായിരുന്നു അത്‌. ഖാജാ മുഈനുദ്ദീന്‍ ചിശ്‌ത്തിയുടെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ അബുല്‍ ഹസന്‍ അലി നദ്‌വി സംഗ്രഹിച്ചത്‌ ഇങ്ങനെയാണ്‌: “നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഖാജായുടെ പരിശ്രമവും ആത്മാര്‍ത്ഥതയും ത്യാഗമനഃസ്ഥിതിയും സമര്‍പ്പണവും ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി വിഗ്രഹാരാധനയുടെ അന്ധകാരത്തില്‍ മുഴുകിയ രാജ്യത്തെ, മത പണ്ഡിതന്‍മാരുടെയും സൂഫികളുടെയും നാടാക്കി മാറ്റി. ഈ നാട്‌ മതവിജ്ഞാനത്തിന്റെയും ആത്മീയോത്‌ക്കര്‍ഷത്തിന്റെയും ശേഖരമായിത്തീര്‍ന്നു. അദ്ദേഹം കാരണമാണ്‌ ഈ നാടൊട്ടുക്കും അല്ലാഹു അക്‌ബര്‍ നാദം മുഴങ്ങിയതും മുഴുവന്‍ ഇസ്‌ലാമിക ലോകത്തേയും അസൂയപ്പെടുത്തുമാറ്‌ എങ്ങും ഖുര്‍ആന്റെയും ഹദീസിന്റെയും സ്‌നേഹഗീതങ്ങള്‍ നിറഞ്ഞതും.’ 

ബഹുദൈവാരാധനയുടെ ഇരുട്ടിലും ഉച്ചനീചത്വത്തിന്റെ അവസ്ഥിതത്വത്തിലും കാലങ്ങളായി തുടര്‍ന്നുവന്ന ഒരു സമൂഹത്തെയാണ്‌ ഈവിധമുള്ള ഒരു പരിവര്‍ത്തനത്തിനദ്ദേഹം വിധേയമാക്കിയത്‌. തങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്‌തിരുന്ന പ്രകൃതി പ്രതിഭാസങ്ങളെ മുതല്‍ പല തരത്തിലുള്ള ഭൗതിക വസ്‌തുക്കളേയും ആരാധനാ പാത്രമാക്കിയിരുന്ന ഒരു സമൂഹമായിരുന്നു അക്കാലത്ത്‌ ഇന്ത്യക്കാര്‍. അവിശ്വാസത്തിന്റെ അന്ധത ബാധിച്ച അവര്‍ തങ്ങളനുഭവിക്കുന്ന മേധാവിത്തത്തേയും നിന്ദ്യതയേയും വര്‍ണധര്‍മമായാണ്‌ പരിഗണിച്ചത്‌. ഇങ്ങനെ സ്വന്തം അടിമത്തവും ദുരിതങ്ങളും ജന്‍മപാപങ്ങളുടെ ശിക്ഷയായും സ്വന്തം മേധാവിത്തവും സുഖാഢംബരങ്ങളും മുജ്ജന്‍മ സുകൃതങ്ങളുടെ പ്രതിഫലമായും അവരങ്ങനെ അനുഭവിച്ചുപോന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഉച്ചനീചത്വങ്ങളോ അസമത്വങ്ങളോ ഇല്ലാതെ മനുഷ്യരെയെല്ലാം ഏകോദര സഹോദരന്‍മാരായി പരിഗണിച്ചുള്ള, ഖാജാ മുഈനുദ്ദീന്‍ ചിശ്‌ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ ജനതതികളെ ആകര്‍ഷിച്ചു. തത്വവും പ്രയോഗവും തമ്മില്‍ അന്തരമില്ലാതെ, സാക്ഷ്യം വഹിക്കുന്നതിനെ മാത്രം ജീവിതത്തിന്റെ തത്വശാസ്‌ത്രമാക്കിമാറ്റിയ ആ മഹാമനീഷികളുടെ ജീവിതംതന്നെ പ്രകാശ പൂര്‍ണമായിരുന്നു. ജനങ്ങളെ സേവിക്കുന്നതിലും അവരുടെ ദുരിതങ്ങള്‍ ദൂരീകരികരിക്കുന്നതിലും ജീവിതത്തിന്റെ സാഫല്യം ദര്‍ശിച്ചുവെന്നതായിരുന്നു മുഈനുദ്ദീന്‍ ചിശ്‌ത്തിയെപ്പോലുള്ളവരുടെ സവിശേഷത. അതുകൊണ്ടായിരിക്കാം `ഭക്തിയുടെ ഉന്നതമായ രൂപം ദുഃഖിതരുടെ കഷ്‌ടമകറ്റലും നിരാശ്രയര്‍ക്ക്‌ ആശ്രയം നല്‍കലും വിശന്നവനെ ഭക്ഷിപ്പിക്കലുമാണെ’ന്ന്‌ അദ്ദേഹം മൊഴിഞ്ഞത്‌. ഇതേ പാത തന്നെയാണ്‌ ചിശ്‌ത്തി സില്‍സിലയിലെ പില്‍ക്കാല സൂഫികളും പിന്തുടര്‍ന്നത്‌. മുഈനുദ്ദീന്‍ ചിശ്‌ത്തിയുടെ പ്രധാന ശിഷ്യന്‍മാരായിരുന്ന ഹമീദുദ്ദീന്‍ നഗൗറിയും, ഖുത്‌ബുദ്ദീന്‍ ഭക്തിയാര്‍ കാക്കിയുമാണ്‌ പിന്നീട്‌ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്‌. 

ശൈഖ്‌ ഹമീദുദ്ദീന്‍ നഗൗറി 

രജ്‌പുത്താനിലെ ശൈഖ്‌ മുഹമ്മദ്‌ സൂഫിയുടെ പുത്രനായാണ്‌ ശൈഖ്‌ ഹമീദുദ്ദീന്‍ നഗൗറി ജനിച്ചത്‌. ജനിക്കും മുമ്പ്‌ തന്നെ പിതാവ്‌ മരണമടഞ്ഞിരുന്നു. ആദ്യകാലത്ത്‌ സുഖജീവിതം നയിച്ചിരുന്ന അദ്ദേഹം മുഈനുദ്ദീന്‍ ചിശ്‌ത്തിയുമായി സന്ധിച്ചതിനു ശേഷം സമൂലമായ പരിവര്‍ത്തനത്തിന്‌ വിധേയനായി. പില്‍ക്കാലത്ത്‌ സമ്പൂര്‍ണമായ ഭൗതിക പരിത്യാഗത്തിന്റെ ത്യാഗോജ്ജ്വലമായ മാതൃക തന്റെ ജീവിതത്തിലൂടെ പ്രകാശിപ്പിച്ച അദ്ദേഹം `പരിത്യാഗികളുടെ സുല്‍ത്താന്‍’ എന്ന സ്ഥാനപ്പേരിന്‌ ഗുരുവിനാല്‍ തന്നെ അര്‍ഹനായി. 

നഗര ജീവിതത്തിന്റെ തിരക്കിനേക്കാള്‍ ഗ്രാമ്യ ജീവിതത്തിന്റെ സ്വച്ഛന്ദതയെയാണ്‌ അദ്ദേഹം സ്‌നേഹിച്ചത്‌. രജ്‌പുത്താനയിലെ നഗൗറിന്‌ സമീപമുള്ള സിവാല്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരോടൊത്താണ്‌ അദ്ദേഹം ജീവിച്ചത്‌. ഭൗതിക പരിത്യാഗത്തിന്റെ അത്യുന്നതങ്ങളില്‍ ജീവിതത്തെ മെരുക്കിയെടുത്ത അദ്ദേഹം കുറഞ്ഞ ഭക്ഷണം കൊണ്ടും നാണം മറയ്‌ക്കാനാവശ്യമായ ഒറ്റവസ്‌ത്രം കൊണ്ടും തൃപ്‌തിപ്പെട്ടു. കൃഷി ചെയ്‌തായിരുന്നു അദ്ദേഹം ഉപജീവനം കഴിച്ചത്‌. കടുത്ത ദാരിദ്ര്യവും ദുരിതങ്ങളും സഹിക്കുമ്പോള്‍ പോലും അധികാര കേന്ദ്രങ്ങള്‍ വച്ചു നീട്ടിയ യാതൊരു ഔദാര്യവും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അധികാര കേന്ദ്രങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന സൂഫി വേഷധാരികളോട്‌ ഇദ്ദേഹത്തിന്‌ കടുത്ത നിലപാടാണുണ്ടായിരുന്നത്‌. 

ശരീഅത്തിനേയും ത്വരീഖത്തിനേയും ഇസ്‌ലാമിക ജീവിതത്തിന്റെ ബാഹ്യവും ആന്തരികവുമായ മൗലികയാഥാര്‍ഥ്യങ്ങളായാണ്‌ അദ്ദേഹം പരിഗണിച്ചത്‌. ശരീരവും ആത്മാവും പോലെയാണ്‌ ശരീഅത്തും ത്വരീഖത്തുമെന്ന്‌ അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. ശരീഅത്തില്ലാത്ത ത്വരീഖത്തും ത്വരീഖത്തില്ലാത്ത ശരീഅത്തും അപൂര്‍ണമായിരിക്കുമെന്നാണല്ലോ ഇതിന്റെ അര്‍ത്ഥം. ഇത്തരമൊരു സന്തുലനം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലഖിലവും പ്രതിഫലിച്ചിരുന്നു. ഈവിധത്തിലുള്ള അദ്ദേഹത്തിന്റെ സത്യസാക്ഷ്യം തന്റെ ഗ്രാമവാസികളുടെ മുഴുവന്‍ ഇസ്‌ലാമാശ്ലേഷണത്തിനു നിമിത്തമായി. 

ഖുതുബുദ്ദീന്‍ ബക്തിയാര്‍ 

മുഈനുദ്ദീന്‍ ചിശ്‌ത്തിയുടെ മറ്റൊരു പ്രധാന ശിഷ്യനായിരുന്നു ഖുതുബുദ്ദീന്‍ ബക്തിയാര്‍കാക്കി. ഫര്‍ഗാനയിലെ ഔഷ്‌പട്ടണത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. ഒന്നര വയസ്സില്‍ തന്നെ പിതാവ്‌ മരണപ്പെട്ടതിനാല്‍ അനാഥ ബാലനായി വളര്‍ന്നു. അഞ്ചാം വയസില്‍ മൗലാന അബൂ ഹഫ്‌സ്‌ ഔഷിയുടെ ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം അന്നത്തെ പ്രമുഖ ആത്മീയ-വൈജ്ഞാനിക കേന്ദ്രമായിരുന്ന ബാഗ്‌ദാദിലേക്കു യാത്രയാകുകയും മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി, ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി പോലുള്ള ആത്മജ്ഞാനികളുമായി സന്ധിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഖാജാ മുഈനുദ്ദീന്‍ ചിശ്‌ത്തിയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്‌. തന്റെ ശിഷ്യന്റെ സവിശേഷമായ ഔത്സുക്യത്തിലും സമര്‍പണ സന്നദ്ധതയിലും തൃപ്‌തനായ ഗുരു അദ്ദേഹത്തിന്‌ നല്‍കിയ സ്ഥാനപ്പേരായിരുന്നു ബക്തിയാരി (ഭാഗ്യത്തിന്റെ സ്‌നേഹിതന്‍) എന്നത്‌. മുസ്‌ലിം രാജാക്കന്‍മാരുടെ ഭരണ സിരാകേന്ദ്രമായിരുന്ന ഡല്‍ഹിയാണ്‌ ബക്തിയാരി തന്റെ ദീനി ദൗത്യങ്ങളുടെ പൂര്‍ത്തീകരണത്തിന്‌ തിരഞ്ഞെടുത്തത്‌. ബക്തിയാരിയുടെ ആഗമനം അന്നത്തെ അധികാരകേന്ദ്രങ്ങള്‍ ഹൃദ്യമായാണ്‌ വരവേറ്റത്‌. എന്നാല്‍, അധികാര കേന്ദ്രങ്ങളുടെ ഔദാര്യം പറ്റാനോ മറ്റ്‌ വിധേയത്വങ്ങള്‍ പുലര്‍ത്താനോ അദ്ദേഹം തയ്യാറായിരുന്നില്ല. പലപ്പോഴും സുല്‍ത്താന്‍ അനുഗ്രഹം തേടി അദ്ദേഹത്തിനടുത്തെത്താറുണ്ടായിരുന്നു. ഈ വിധത്തിലുള്ള സമര്‍പ്പണ സന്നദ്ധത സുല്‍ത്താന്‍ പുലര്‍ത്തിയപ്പോള്‍ ദരിദ്രരോടും അശരണരോടും ആലംബഹീനരോടും കരുണ കാണിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. ഇത്തരം ഉപദേശങ്ങള്‍ സ്വീകരിച്ച്‌ സുല്‍ത്താന്‍ നടത്തുന്ന പൊതു പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സഹകരണവുമുണ്ടായിരുന്നു. ദുരിതമനുഭവിക്കുന്നവരുടെ ഉറ്റമിത്രമായി വര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതം അനേക സമൂഹങ്ങളെ ഇസ്‌ലാമിന്റെ സന്‍മാര്‍ഗത്തിലേക്കാനയിച്ചു. ഇദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയിലാണ്‌ ചിശ്‌ത്തി ത്വരീഖത്തിന്റെ പില്‍ക്കാല പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ച പല പ്രമുഖരും ഉണ്ടാകുന്നത്‌. അവരില്‍ പ്രമുഖനായിരുന്ന ബാബ ഫരീദുദ്ദീന്‍ ഗന്‍ജെശഖര്‍. 

ശൈഖ്‌ ഫരീദുദ്ദീന്‍ ഗന്‍ജെശഖര്‍ 

മുള്‍ട്ടാന്‌ സമീപം കത്‌വാളിലാണ്‌ ശൈഖ്‌ ഫരീദുദ്ദീന്‍ പിറന്നത്‌. ജന്‍മദേശത്ത്‌ വച്ചു തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടം അദ്ദേഹം പൂര്‍ത്തീകരിച്ചു. നാട്ടിലുള്ള ഒരു പള്ളിയില്‍ വച്ച്‌ ബക്തിയാരെ കണ്ടുമുട്ടിയതായിരുന്നു അദ്ദേഹത്തിന്റെ പരിവര്‍ത്തനങ്ങള്‍ക്ക്‌ പൊതുവായത്‌. ബക്തിയാരുടെ ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം മുള്‍ട്ടാനില്‍ നിന്ന്‌ ഡല്‍ഹിയിലെത്തുകയും ഗുരുവിന്റെ ഖാന്‍ഗാഹില്‍, തീവ്രമായ പരിശീലനങ്ങളിലും ധ്യാനമനനങ്ങളിലും ഏര്‍പ്പെടുകയും ചെയ്‌തു. ആത്മീയമായ ഔന്നത്യങ്ങള്‍ പിന്നിട്ടുകൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ തന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം ഹാന്‍സിയയില്‍ സ്ഥിരതാമസമാക്കി. ബക്തിയാരിയുടെ വിയോഗത്തോടെ തല്‍സ്ഥാനത്തേക്കദ്ദേഹം ഉയര്‍ത്തപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം ആശ്ചര്യകരമായിരുന്നു. സാധാരണക്കാരെ സംബന്ധിച്ച്‌ അതിവിചിത്രമായി തോന്നുന്ന പലതും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. `പിലു’ എന്ന കാട്ടുകായ ഭക്ഷിച്ചാണ്‌ അദ്ദേഹം ഏറെക്കാലം ജീവിച്ചത്‌. സന്ദര്‍ശകരുടെ ബാഹുല്യം കൊണ്ടു യാതൊരു വിശ്രമവുമില്ലായിരുന്നു. മത-ജാതിഭേദമന്യേ സകല മനുഷ്യരും അദ്ദേഹത്തിന്റെ അനുഗ്രഹാര്‍ത്ഥനകള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും വേണ്ടി സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ബഹുദൈവാരാധകരായ വലിയൊരു സമൂഹം തന്നെ അദ്ദേഹത്തിലൂടെ ഇസ്‌ലാം പുല്‍കി. എല്ലാ മനുഷ്യരേയും അദ്ദേഹം തുല്യരായാണ്‌ പരിഗണിച്ചത്‌. ബാബ ഫരീദുദ്ദീന്റെ (റ) ശിഷ്യന്‍മാരില്‍ അഗ്രേസരനായ നിസാമുദ്ദീന്‍ ഔലിയ തന്റെ ഗുരുവിനെക്കുറിച്ച്‌ മൊഴിഞ്ഞത്‌ ഇങ്ങനെയാണ്‌: `ഒരു പഴയ സ്‌നേഹിതനായാലും വളരെക്കാലം തന്നോടൊപ്പം താമസിക്കുന്ന ശിഷ്യനായാലും ആദ്യമായി വരുന്ന അപരിചിതനായാലും എല്ലാവരോടും അദ്ദേഹം ഒരേ തരത്തിലായിരുന്നു പെരുമാറുമായിരുന്നത്‌. 

അല്ലാഹുവോടുള്ള തീക്ഷ്‌ണാനുരാഗത്തിന്റെയും സമ്പൂര്‍ണമായ സമര്‍പണത്തിന്റെയും പ്രകാശമാനമായ അതുല്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. മൃദുല ഹൃദയനായ അദ്ദേഹം തന്റെ സ്വകാര്യ നിമിഷങ്ങളെ പശ്ചാത്താപവിവശമായി കണ്ണീരുകൊണ്ട്‌ ആര്‍ദ്രമാക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭക്തി കാവ്യങ്ങളാണ്‌ പഞ്ചാബീ ഭാഷയിലെ തന്നെ ആദ്യകാല കൃതികളായി പരിഗണിക്കപ്പെട്ടുവരുന്നത്‌. ഇങ്ങനെ പഞ്ചാബി ഭാഷയുടെ ഉത്ഭവത്തില്‍ അദ്ദേഹം നിസ്‌തുലമായ സേവനങ്ങള്‍ നിര്‍വഹിച്ചതായി പറയപ്പെടുന്നുണ്ട്‌. ത്യാഗത്തിന്റെയും സമര്‍പണത്തിന്റെയും സംഭവബഹുലമായ ഒരു ജീവിതത്തിന്‌ ശേഷം 93-ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു. തന്റെ ദൗത്യത്തിന്റെ തുടര്‍ച്ച നിര്‍വ്വഹിക്കാന്‍ പ്രാപ്‌തരായ മഹാസാത്വികരായ ശിഷ്യന്‍മാരെ കണ്ടായിരിക്കാം അദ്ദേഹത്തെ അല്ലാഹു തിരിച്ചുവിളിച്ചത്‌. അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ പ്രമുഖസ്ഥാനത്താണ്‌ നിസാമുദ്ദീന്‍ ഔലിയ. 

നിസാമുദ്ദീന്‍ ഔലിയ 

എഡി 1238 ല്‍ ഉത്തര്‍പ്രദേശിലെ സോത്‌നദിയുടെ കിഴക്കു ഭാഗത്തുള്ള ബുദൗനിലാണ്‌ അദ്ദേഹം ജനിച്ചത്‌. മുഹമ്മദ്‌ ബിന്‍ അഹമ്മദ്‌ ബിന്‍ ദാനിയല്‍ അല്‍ ബുഖാരി എന്നാണ്‌ നിസാമുദ്ദീന്‍ ഔലിയയുടെ പൂര്‍ണനാമം. ചെറുപ്പത്തില്‍ തന്നെ സംഭവിച്ച പിതാവിന്റെ വിയോഗ ശേഷം കഷ്‌ടാരിഷ്‌ടതകള്‍ സഹിച്ച്‌ അദ്ദേഹം തന്റെ ജീവിത യാത്രയാരംഭിച്ചു. പ്രയാസങ്ങള്‍ സഹിച്ചാണെങ്കിലും വിദ്യാഭ്യാസം നേടിക്കൊണ്ടിരുന്ന അദ്ദേഹം പ്രമുഖ പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച്‌ വൈജ്ഞാനികാന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പാണ്ഡിത്യപൂര്‍ത്തിക്കു ശേഷം എന്തെങ്കിലും ഉദ്യോഗം സ്വീകരിച്ച്‌ ഒതുങ്ങിക്കഴിയാന്‍ അദ്ദേഹത്തിനായില്ല. ആത്മീയ ജ്ഞാനാന്വേഷണത്തിന്റെ പാതയിലായിരുന്നു അദ്ദേഹം. തന്റെ അന്വേഷണങ്ങളുടെ ഒരു ഘട്ടത്തില്‍ ഇരുപത്തിയൊന്നാം വയസ്സില്‍ ശൈഖ്‌ ഫരീദുദ്ദീന്‍ ഗന്‍ജെശഖറിന്റെ ശിഷ്യനായി അദ്ദേഹം ബൈഅത്ത്‌ ചെയ്‌തു. അങ്ങനെ വര്‍ഷങ്ങളോളമുള്ള ആത്മീയ ശിക്ഷണങ്ങളിലൂടെ, ആഴം തേടിയുള്ള ധ്യാനമനനങ്ങളിലൂടെ അദ്ദേഹം ഔന്നത്യങ്ങള്‍ കീഴടക്കിക്കൊണ്ടിരുന്നു. പര്‍ണശാലയിലെ പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ഗുരുവിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ഹിന്ദുസ്ഥാനിലേക്ക്‌ പുറപ്പെട്ടു. അക്കാലത്ത്‌ സാമൂഹികമായും ധാര്‍മികമായും ജീര്‍ണിച്ചുകൊണ്ടിരുന്ന ഡല്‍ഹിയുടെ ഇസ്‌ലാമിക പുനരുജ്ജീവനത്തിന്നാണ്‌ അദ്ദേഹം ലക്ഷ്യം വച്ചത്‌. പൂര്‍വഗാമികളെക്കാള്‍ തീക്ഷ്‌ണമായി അധികാര കേന്ദ്രങ്ങളോട്‌ അകലം പാലിച്ചിരുന്നു നിസാമുദ്ദീന്‍ ഔലിയ. ഇങ്ങനെ സാധാരണക്കാരായ അനേകം മനുഷ്യരുടെ അഭയ കേന്ദ്രമായി അദ്ദേഹം വളര്‍ന്നു. ധാരാളം മനുഷ്യര്‍ ഇസ്‌ലാമിന്റെ സന്‍മാര്‍ഗം പുല്‍കുകയും പ്രബോധകരായ അനേകം സാത്വിക വ്യക്തിത്വങ്ങള്‍. അദ്ദേഹം നല്‍കിയ പരിശീലനങ്ങളിലൂടെ പുറത്തിറങ്ങുകയും ചെയ്‌തു. ജനസേവന പ്രവര്‍ത്തന ശൈലിയുടെ അപൂര്‍വ മാതൃകകള്‍ തന്റെ പൂര്‍വഗാമികളെപോലെ അദ്ദേഹവും പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. പ്രകാശപൂര്‍ണമായ ഒരു ജീവിതത്തിനു ശേഷം അദ്ദേഹം 1325ല്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു. 

മറ്റുസൂഫികളും ആത്മീയ ധാരകളും 

ചിശ്‌തി പരമ്പരയില്‍ അനേകം സാത്വിക വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തങ്ങളുടെ പൂര്‍വഗാമികളെപ്പോലെ നേതൃത്വം വഹിച്ചവരായുണ്ട്‌. അവരില്‍ പ്രമുഖ സ്ഥാനത്തുള്ളവരാണ്‌ ശൈഖ്‌ നസീറുദ്ദീന്‍, ഖാജാ ഹുസൈന്‍, മൗലാന ഫഖ്‌റുദ്ദീന്‍, ശൈഖ്‌ അബ്‌ദുല്‍ ഖുദ്ദൂസ്‌ അങ്ങനെ നിരവധി പേര്‍. അധികാര കേന്ദ്രങ്ങളുടെ ആയുധബലം കൊണ്ടോ, സാമ്പത്തിക പശ്ചാത്തലങ്ങള്‍ കൊണ്ടോ നിര്‍വ്വഹിക്കാനാകാത്ത ഇസ്‌ലാമിലേക്കുള്ള മനഃപരിവര്‍ത്തനമാണ്‌ ഈ സൂഫികള്‍ നിര്‍വ്വഹിച്ചത്‌. അഥവാ യാതൊരു വിധ ബാഹ്യസമ്മര്‍ദ്ദവുമില്ലാതെ തന്നെ ഈ സൂഫികളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനശൈലിയിലും നിഷ്‌കളങ്കമായ സ്‌നേഹത്തിലും ആകൃഷ്‌ടരായാണ്‌ ജനസമൂഹങ്ങള്‍ ഇസ്‌ലാമിലേക്ക്‌ ഓടിയടുത്തത്‌. ജനങ്ങളുടെ ദുരിതങ്ങളകറ്റാനും, അവരെ ശാശ്വതമായ രക്ഷയുടെ വഴിയിലേക്ക്‌ നയിക്കാനും ശ്രമിച്ച ഈ സൂഫികള്‍ ഇങ്ങനെ രക്തരഹിതമയ ഒരു നിശബ്‌ദ വിപ്ലവത്തിന്‌ പശ്ചാത്തലമൊരുക്കുകയുണ്ടായി. ദുര്‍വൃത്തരും അക്രമികളുമായി വിരാജിച്ചിരുന്ന മുസ്‌ലിം അധികാര കേന്ദ്രങ്ങളോട്‌ അകല്‍ച്ച പാലിച്ചു. ഇതുകൊണ്ടു തന്നെ സുല്‍ത്താന്‍മാര്‍ക്ക്‌ ഖാന്‍ഗാഹുകള്‍ തേടി വരല്‍ നിര്‍ബന്ധമായി. സാധാരണക്കാരോടൊപ്പം സുല്‍ത്താന്‍മാരും അനുഗ്രഹ പ്രാര്‍ഥനകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി ഈ ഖാന്‍ഗാഹുകളില്‍ എത്തിക്കൊണ്ടിരുന്നു. ഒരുവിധ ഭൗതിക അധികാര ശക്തിയെയും കൂസാത്ത സൂഫികളുടെ വ്യക്തിത്വം തന്നെയായിരുന്നു ഏറ്റവും വലിയ അധികാര കേന്ദ്രം. ഒരര്‍ത്ഥത്തിലും വൈയക്തികമായി ഈയൊരു രാജത്വത്തിന്റെ ഗര്‍വ്‌ അവര്‍ പ്രകടിപ്പിച്ചില്ല. ജനങ്ങള്‍ അണിനിരക്കുംതോറും അല്ലാഹുവോട്‌ കൂടുതല്‍ വിനയാന്വിതരായ ദാസന്‍മാരായി ഈ സൂഫികള്‍ മാറിക്കൊണ്ടിരുന്നു. 

ഇന്ത്യയില്‍ സൂഫി ത്വരീഖത്തുകളിലെ പ്രമുഖ സില്‍സിലകളെല്ലാം ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചിട്ടുണ്ട്‌. സുഹ്‌റവര്‍ദി, ശതാരി സില്‍സിലകളും ഖാദിരി, നഖ്‌ശബന്ദി പോലുള്ള സവിശേഷ ധാരകളും ഇന്ത്യയിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചിട്ടുണ്ട്‌. എന്നാല്‍, ഇന്ത്യന്‍ സമൂഹവുമായുള്ള സാംസ്‌കാരിക സങ്കലനത്തിലൂടെ ഇസ്‌ലാമിനെ സംബന്ധിച്ച്‌ ധാരാളം പ്രതിലോമ അംശങ്ങള്‍ പേറുന്ന പ്രവണതകള്‍ ഈ സൂഫീധാരകളുടെ പേരില്‍ തന്നെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള രൂപാന്തരം വിശ്വാസ രംഗത്തും അനുഷ്‌ഠാനങ്ങളിലുമെല്ലാം ഈ സാംസ്‌കാരിക സങ്കലനം വഴി ഉളവായിരുന്നു. ചില ശിയാ ആത്മീയ ധാരകള്‍ ഇസ്‌ലാമില്‍ നിന്ന്‌ തന്നെ വഴിപിരിഞ്ഞു പോകുംവിധം രൂപാന്തരപ്പെട്ടിരുന്നു. ഇത്തരം വഴികേടുകളില്‍ നിന്ന്‌ ദീനീവിജ്ഞാനങ്ങളേയും ഇസ്‌ലാമിക സംസ്‌ക്കാരങ്ങളേയും മോചിപ്പിക്കാനുള്ള യത്‌നങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ അല്ലാഹു സവിശേഷ സിദ്ധികളുള്ള പണ്ഡിതന്‍മാരെ ഉയര്‍ത്തിക്കൊണ്ടുവന്നു. ഇങ്ങനെ ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ വ്യതിചലനങ്ങളെ തിരിച്ചറിഞ്ഞ്‌ മൗലിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിക ചിന്തയേയും സംസ്‌ക്കാരത്തേയും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചവരില്‍ ഉന്നത സ്ഥാനത്തുള്ളവരായിരുന്നു ശൈഖ്‌ അഹ്‌മദ്‌ സര്‍ഹിന്ദിയും ശൈഖ്‌ ശാഹ്‌ വലിയുല്ലാഹിദ്ദഹ്‌ലവിയും. ഇത്തരം പുനരുജ്ജീവന ധാര ഇന്ത്യയിലേയും ഇതര പ്രദേശങ്ങളിലേയും ഇസ്‌ലാമിക ചരിത്രത്തില്‍ വ്യത്യസ്‌ത കാലങ്ങളിലായി തുടര്‍ന്നു വരുന്നതും കാണാം. 

ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിക ആഗമനത്തിന്റെ സംഗ്രഹചരിത്രം പൂര്‍ണമാകണമെങ്കില്‍ കേരളത്തിലേക്കുള്ള ഇസ്‌ലാമികാഗമനത്തിന്റെ ചരിത്രവും ഒരു പുനരവലോകനത്തിന്‌ വിധേയമാക്കേണ്ടിവരും. 

കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം 

കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തെക്കുറിച്ച്‌ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നത്‌ വിസ്‌മരിക്കുന്നില്ല. പൊതു ചരിത്ര വ്യാഖ്യാനങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌ ഒമ്പതാം നൂറ്റാണ്ടോടെയാണ്‌ ഇസ്‌ലാമിന്റെ പ്രചാരണം കേരളത്തില്‍ ശക്തിപ്പെടുന്നത്‌ എന്നാണ്‌. എന്നാല്‍, അത്തരം ആഖ്യാനങ്ങളെ നിരാകരിക്കാന്‍ പോന്ന മതിയായ തെളിവുകള്‍ മറുഭാഗക്കാര്‍ ഉന്നയിക്കുന്നുണ്ട്‌. കേരളത്തിലേക്കുള്ള അറേബ്യന്‍ നാടുകളുടെ വാണിജ്യ ബന്ധത്തിന്റെ പാരമ്പര്യം പരിഗണിക്കുമ്പോള്‍ പ്രവാചകന്റെ കാലം തൊട്ടേ ഇസ്‌ലാമിക പ്രബോധനം കേരളത്തില്‍ നടന്നിട്ടുണ്ടെന്ന വാദത്തിന്‌ പ്രാബല്യമേറുന്നുണ്ട്‌. ചില പഴയകാല ഖബറുകളുടെ അടയാളക്കല്ലില്‍ രേഖപ്പെടുത്തിയ ഹിജ്‌റയുടെ ആദ്യവര്‍ഷങ്ങളിലെ രേഖകള്‍ വരെയുള്ള പ്രമാണങ്ങള്‍ ഈ വീക്ഷണക്കാര്‍ ഉന്നയിക്കുന്നുണ്ട്‌. ഒറ്റപ്പെട്ടുണ്ടായിരുന്ന അത്തരം പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ വ്യവസ്ഥാപിതത്വവും വ്യാപകത്വവും കൈവരുന്നത്‌ ഒമ്പതാം നൂറ്റാണ്ടോടെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഭ്യൂഹങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കുമപ്പുറം ലഭ്യമായ പ്രമാണങ്ങളെ പുനഃപരിശോധിച്ച്‌ ഈ വിഷയകമായ അവ്യക്തതകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇപ്പോള്‍ പ്രസക്തിയുണ്ട്‌. സൂക്ഷ്‌മമമായി പ്രമാണങ്ങള്‍ പരിശോധിച്ച്‌ മൗലികമായി ചില വസ്‌തുതതകള്‍ സ്ഥാപിക്കുന്ന ചില ഉദ്യമങ്ങള്‍ക്ക്‌ വേണ്ടവിധം തുടര്‍ച്ചകളുണ്ടായിട്ടില്ല. ഡോ.സി.കെ കരീം വ്യവസ്ഥാപിത ഭാഷ്യങ്ങളെ തിരുത്തുന്ന ഇത്തരമൊരന്വേഷണത്തിന്‌ തുടക്കിമിട്ടിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഈ വിഷയകമായ നിരീക്ഷണം ശ്രദ്ധിക്കുക. “നബി തിരുമേനിയുടെ കാലത്ത്‌ കേരളത്തിലെത്തിയ ശൈഖ്‌ ബഹീറുദ്ദീനുബ്‌നു തഖിയുദ്ദീനും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരുമാണ്‌ ആദ്യത്തെ മുസ്‌ലിം മിഷണറി സംഘം.” അക്കാലത്ത്‌ സര്‍വമതാനുയായികളാലും തീര്‍ഥാടന കേന്ദ്രമായി പരിഗണിക്കപ്പെട്ടിരുന്ന ശ്രീലങ്കയിലെ ആദംമല സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ ഇസ്‌ലാം പ്രബോധനം ചെയ്യുകയുമായിരുന്നു അവരുടെ ആഗമനോദ്ദേശ്യം. യാത്രാമധ്യേ വിശ്രമത്തിനായി കൊടുങ്ങല്ലൂരിലിറങ്ങിയ അവരുടെ സാന്നിദ്ധ്യം അന്നത്തെ ഭരണാധികരായായിരുന്ന ബാണപ്പള്ളി പെരുമാള്‍ അറിയുകയും ചെയ്‌തു. പ്രവാചകന്റെ ആഗമനത്തെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുമൊക്കെ അവര്‍ സംസാരിച്ചു. ബുദ്ധമതത്തിനെതിരായ വൈദികാക്രമങ്ങള്‍ സംഘടിതമായി നടന്നുകൊണ്ടിരുന്ന അക്കാലത്ത്‌ വിശ്വാസത്തകര്‍ച്ചയിലെത്തിപ്പെട്ട ബാണപ്പള്ളി പെരുമാള്‍ക്ക്‌ ഈ സംഘത്തിന്റെ വര്‍ത്തമാനങ്ങള്‍ ശ്രദ്ധിക്കാന്‍ താത്‌പര്യമുണ്ടായിരുന്നു. ഇങ്ങനെ പ്രവാചകന്റെ സത്യതയെ തന്റെ നിഷ്‌കളങ്കമായ സത്യാന്വേഷണ വാഞ്‌ഛയാല്‍ ബോധ്യപ്പെട്ട അദ്ദേഹം ഈ മിഷണറി സംഘം തിരിച്ചു പോകുമ്പോള്‍ അവരോടൊപ്പം യാത്ര തിരിക്കുകയും നബി(സ) യെ സന്ദര്‍ശിക്കുകയും ചെയ്‌തു. നബിയുടെ 57-ാം വയസ്സിലായിരുന്നു ഈ കണ്ടുമുട്ടലെന്നു കേസരി എ ബാലകൃഷ്‌ണപ്പിള്ള പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഖണ്ഡിതമായി സമര്‍ത്ഥിക്കുന്നുണ്ട്‌. 

ആദ്യകാല പ്രബോധകര്‍ 

ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യകാല ശൈലിയെയും രീതി ശാസ്‌ത്രത്തെയുമാണ്‌ ഈ അന്വേഷണത്തില്‍ ഊന്നുന്നത്‌ എന്നതിനാല്‍ ആഗമന ചരിത്രത്തെക്കുറിച്ച സവിസ്‌തരമുള്ള പ്രതിപാദ്യം ഇവിടെ അസംഗതമാണ്‌. എന്തായാലും ആദ്യസംഘത്തിനു ശേഷം പെരുമാളുടെ കത്തുമായി സംഘടിതമായി എത്തിയ മാലിക്‌ബ്‌നു ദീനാറും അദ്ദേഹത്തോടൊപ്പമുള്ള 44 പേരുമാണ്‌ കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ജീവിത വിശുദ്ധിയും ലളിതശൈലിയും വിനയാന്വിതത്വവും കൈമുതലായ സാത്വികരായ അവരുടെ `ജീവിതം’ തന്നെയാണ്‌ ജനതതികളെ ആകര്‍ഷിച്ചത്‌. രിഹ്‌ലത്തുല്‍ മുലൂക്ക്‌ എന്ന ഗ്രന്ഥത്തില്‍ നിന്ന്‌ മാലിക്‌ബ്‌നു ദീനാറിന്റെ സ്വഭാവ വിശുദ്ധിയെ സംബന്ധിച്ച്‌ ഉദ്ധരിക്കുന്ന ഈ ഭാഗം ശ്രദ്ധിക്കുക. “ദൈവം അനുഗ്രഹിച്ച സന്യാസിയെപ്പോലെ അദ്ദേഹം പെരുമാറി. മഹാജ്ഞാനികളായിരുന്ന മുഹമ്മദ്‌ നബിയുടെ സഹചാരികളില്‍ നിന്നാണ്‌ അദ്ദേഹം വിജ്ഞാനം ആര്‍ജിച്ചിരുന്നത്‌. ഒരു രാജകുടുംബാംഗമായിരുന്നു. ജനസേവനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജനങ്ങളോട്‌ വളരെ സ്വതന്ത്രമായാണ്‌ അദ്ദേഹം പെരുമാറിയത്‌. പ്രാര്‍ഥനയും വ്രതവും അദ്ദേഹം ചിട്ടയായി നിര്‍വഹിച്ചു. ഒരു നേരം മാത്രമാണ്‌ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്‌.” ഈ വിവരണത്തില്‍ നിന്നു തന്നെ അവരുടെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്‌ത ചിത്രം ലഭ്യമാണ്‌. ജാതീയമായ ഉച്ചനീചത്വത്തിന്റെയും സാമൂഹികമായ അസമത്വത്തിന്റെയും നൃശംസമായ ഒരു ചുറ്റുപാടിലാണ്‌ ഈ വിധമുള്ള സ്വഭാവ വിശേഷതകളും സംസ്‌കാര വിശുദ്ധിയുമായി ഒരു സംഘം ആഗതരാകുന്നത്‌. അവരുടെ ഭാഷ മാത്രമേ ഇവിടുത്തെ ജനതക്ക്‌ അപരിചിതമായിരുന്നുള്ളൂ. അവരുടെസംസ്‌ക്കാരത്തിന്റെ വിശുദ്ധിയും ജീവിതത്തിന്റെ പ്രകാശവും ഇവിടുത്തെ പരമ്പരാഗത ജനതതികള്‍ക്ക്‌ എളുപ്പത്തില്‍ തന്നെ സംവേദനം ചെയ്യാനായി. ഇങ്ങനെ ഇവിടത്തെ സാധാരണ ജനങ്ങളാലും, അന്നത്തെ അധികാര കേന്ദ്രങ്ങളാലും പിന്തുണക്കപ്പെട്ട്‌ തങ്ങളുടെ ദീനി ദൗത്യം ഭംഗിയായി നിര്‍വഹിച്ച അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അതേ രീതിയിലുള്ള പിന്തുടര്‍ച്ച തന്നെയായിരുന്നു പില്‍ക്കാലത്തുമുണ്ടായിരുന്നത്‌. 

അധികാര കേന്ദ്രങ്ങളുടെ പിന്തുണ 

ഇസ്‌ലാമിക പ്രചാരണത്തിന്റെ വ്യത്യസ്‌ത ഘട്ടങ്ങളില്‍ അന്നത്തെ അധികാര കേന്ദ്രങ്ങളുടെ പിന്തുണയും ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനത്തെ സ്വാധീനിച്ചിട്ടുണ്ട്‌. ഇതിലേക്ക്‌ സൂചന നല്‍കുന്ന അനേകം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ പ്രധാനമായ ഒന്ന്‌ ഇപ്രകാരമാണ്‌. `വെട്ടത്തു രാജാവിന്റെ കുലഗുരുവായ കല്‍പകഞ്ചേരി തമ്പ്രാക്കള്‍ക്ക്‌ വിജാതീയ വിവാഹത്തിലുണ്ടായ കൃഷ്‌ണനും ഗോവിന്ദനുമാണ്‌ കല്‍പകഞ്ചേരിയിലെ മുസ്‌ലിം മൂപ്പന്‍മാരുടെ പൂര്‍വികന്‍മാരെന്ന്‌ കരുതപ്പെടുന്നു. മുസ്‌ലിംകളുടെ സംഘടിത നിസ്‌കാരത്തിന്റെ അച്ചടക്കത്തില്‍ ആകൃഷ്‌ടരായ അവര്‍ മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതായി രാജാവിനെ അറിയിക്കുകയുണ്ടായത്രെ. രാജാവ്‌ വേണ്ടത്ര സ്വത്ത്‌ നല്‍കി അവരെ കുടിയിരുത്തി. ഇങ്ങനെ മതപരിവര്‍ത്തനത്തിന്‌ ഹിന്ദു നാടുവാഴികള്‍ പ്രോത്സാഹനവും സഹായവും നല്‍കിയതിനു നിരവധി ഉദാഹരണങ്ങളുണ്ട്‌.” 

കോഴിക്കോട്ടെ സാമൂതിരിമാരുടെ ഭരണകാലത്തും ഇസ്‌ലാമിക പ്രചാരണത്തിന്‌ അനുകൂലമായ പശ്ചാത്തലമാണുണ്ടായിരുന്നത്‌. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള കുഞ്ഞാലിമാരുടെ നേതൃത്വത്തിലുള്ള നാവികപ്പടയുടെ സംഘാടനത്തിനും പ്രാബല്യത്തിനും വേണ്ടി തീരദേശങ്ങളിലെ മുക്കുവ കുടുംബങ്ങളില്‍ നിന്ന്‌ ഒന്നോ രണ്ടോ പേര്‍ ഇസ്‌ലാമിലേക്കു മതം മാറാന്‍ സാമൂതിരി നിര്‍ദ്ദേശിച്ചിരുന്നതായി പ്രമാണങ്ങളുണ്ട്‌. ഇങ്ങനെ അധികാര കേന്ദ്രങ്ങളുടെ ആനുകൂല്യവും ജനങ്ങളുടെ പിന്തുണയും കൊണ്ട്‌ കേരളത്തില്‍ ഇസ്‌ലാം വ്യാപിച്ചു കൊണ്ടിരുന്നു. 

ഇസ്‌ലാമിക വിശ്വാസങ്ങളുടെ പ്രചാരണത്തിന്‌ ആദ്യകാല മാതൃകകള്‍ സ്വകരിച്ചുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങളാണ്‌ പില്‍ക്കാലത്തും നടന്നിട്ടുള്ളത്‌. സാത്വികരായ പണ്ഡിതന്‍മാരും അല്ലാഹുവിന്റെ ആരിഫീങ്ങളായ സൂഫികളുമാണ്‌ കേരളത്തിലെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചവര്‍. പ്രത്യേകിച്ച്‌ ഉത്തരേന്ത്യയിലെപ്പോലെ തന്നെ ത്വരീഖത്തുകളുടെ സ്വാധീനം ഇസ്‌ലാമിക പ്രബോധനത്തിന്റെ പില്‍ക്കാല ചരിത്രത്തില്‍ നിന്ന്‌ കണ്ടെടുക്കാനാകുന്നുണ്ട്‌. ഈ മേഖലയില്‍ മാതൃകായോഗ്യരായി വര്‍ത്തിച്ച ഏതാനും പ്രമുഖരുടെ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്‌ത ചിത്രം ഇവിടെ വരച്ചിടാം. 

ത്വരീഖത്ത്‌ സ്വാധീനവും കേരളത്തിലെ പില്‍ക്കാല പ്രബോധകരും 

കേരളത്തിലെ ഇസ്‌ലാമികമായ ഉണര്‍വിന്‌ പില്‍ക്കാലത്ത്‌ നേതൃത്വം വഹിച്ച സൈനുദ്ദീന്‍ മഖ്‌ദൂ(കബീര്‍)മിന്റെ പ്രവര്‍ത്തനങ്ങള്‍ വിസ്‌മരിക്കാനാവുകയില്ല. കേരള മുസ്‌ലിം വൈജ്ഞാനിക നവോത്ഥാനത്തിന്‌ നേതൃത്വം വഹിച്ച അദ്ദേഹം പ്രബോധന മേഖലയിലും സവിശേഷമായ പങ്ക്‌ നിര്‍വഹിച്ചിട്ടുണ്ട്‌. ത്വരീഖത്ത്‌ ബന്ധമായിരുന്നു അദ്ദേഹത്തിന്റെ പ്രചോദന കേന്ദ്രം. ശൈഖ്‌ ഫരീദുദ്ദീന്‍ അജോധനിയുടെ പരമ്പരയില്‍ പെട്ട ശൈഖ്‌ ഖുതുബുദ്ദീനില്‍ നിന്നാണ്‌ സൈനുദ്ദീന്‍ മഖ്‌ദൂം ത്വരീഖത്തും ഇജാസത്തും നേടിയത്‌. ഖാദിരിത്വരീഖത്തിന്റെ ശൈഖായിരുന്നു അദ്ദേഹം. ശൈഖ്‌ ഖുതുബുദ്ദീനുമായുള്ള സഹവാസകാലത്ത്‌ സൈനുദ്ദീന്‍ മഖ്‌ദൂം തന്റെ സഹപാഠികള്‍ക്ക്‌ തര്‍ബിയത്തും ത്വരീഖത്തുമുറകളും അഭ്യസിപ്പിക്കുന്നതിന്‌ തന്റെ ഗുരുവിനാല്‍ നിയമിക്കപ്പെടാറുണ്ടായിരുന്നു. ഇതുപോലെ ശൈഖ്‌ സാബിത്‌ബിന്‍ ഐന്‍ബിന്‍ മഹ്‌മൂദുസ്സാഹിദില്‍ നിന്ന്‌ അദ്ദേഹം ശതാരിയ്യ ത്വരീഖത്തിന്റെ ഇജാസത്തും നേടിയിരുന്നു. കഠിനമായ ആത്മീയ ശിക്ഷണത്തിലൂടെ ആത്മശുദ്ധീകരണത്തിന്റെ ഔന്നിത്യങ്ങളിലെത്തിയ അദ്ദേഹം ഒരു ജനതയുടെ അഭയവും ആശ്രകേന്ദ്രവുമായിരുന്നു. അഗതികളെ സഹായിക്കുക, അനാഥകളെ സംരക്ഷിക്കുക, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക പോലുള്ള ജനസേവനപരമായ ഇടപെടലുകളില്‍ അദ്ദേഹം തന്റെ പൂര്‍വഗാമികളെ പോലെ നിരതനായിരുന്നു. അല്ലാഹുവിലേക്കടുക്കാനുള്ള ഇബാദത്തുകളുടെ മാര്‍ഗത്തില്‍ ദിക്‌റുകളോടും, ഔറാദുകളോടുമൊപ്പമാണ്‌ ഈ പ്രവര്‍ത്തനങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞത്‌. അദ്ദേഹത്തിന്റെ ആത്മ വിശുദ്ധിയും വ്യക്തിമാഹാത്മ്യവും കണ്ടാകൃഷ്‌ടരായി അനേകം അമുസ്‌ലിംകള്‍ ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ട്‌. അസാന്‍മാര്‍ഗിക ജീവിതം നയിച്ചിരുന്ന പരശ്ശതമാളുകള്‍ അദ്ദേഹം മുഖേന തൗബ ചെയ്‌ത്‌ വിശ്വാസത്തിലേക്ക്‌ തിരിച്ചു വന്നിട്ടുണ്ട്‌. 

സൈനുദ്ദീന്‍ മഖ്‌ദൂം രണ്ടാമനും ഈ ഗണത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിത്വമാണ്‌. അദ്ദേഹവും ഖാദിരിയ്യാ ത്വരീഖത്തില്‍ ബൈഅത്ത്‌ ചെയ്‌തിരുന്നു അധ്യാത്മ പണ്ഡിതനായിരുന്നു. അബുല്‍ ഹസന്‍ സിദ്ദീഖ്‌ അല്‍ ബഖരിയില്‍ നിന്നാണ്‌ ആത്മീയ വിജ്ഞാനവും ഖാദിരിയ്യാ ത്വരീഖത്തില്‍ ശിക്ഷണവും ഇജാസത്തും നേടിയത്‌. സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. 

ഖാദിരിയ്യ ത്വരീഖത്തിന്റെ തന്നെ ഒരു ധാരയായ ബാ അലവി വിഭാഗവും കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ചിട്ടുണ്ട്‌. യമനില്‍ നിന്നെത്തിയ ജിഫ്രി തങ്ങന്‍മാരാണ്‌ ഈ മേഖലയില്‍ കാര്യമായ സംഭാവനകളര്‍പിച്ചിട്ടുള്ളത്‌. അവരില്‍ പെട്ട സെയ്‌തലവി തങ്ങള്‍ക്ക്‌ അമുസ്‌ലിംകളായ ധാരാളം അനുയായികള്‍ തന്റെ സാമ്രാജ്യത്വവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയുമായുണ്ടായിരുന്നു. മമ്പുറം ഫസല്‍ പൂക്കോയ തങ്ങളാകട്ടെ തന്റെ കൃതികളില്‍ ഇസ്‌ലാമിക പ്രബോധനത്തിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞയാളായിരുന്നു. മമ്പുറം തങ്ങളുടെ ശിഷ്യനും സഹകാരിയുമായ വെളിയംകോട്‌ ഉമര്‍ഖാളിയും ജാതിമത ഭേദമന്യേ ജനപിന്തുണയുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്‌ടരായി പലരും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിച്ച അദ്ദേഹത്തിന്റെ ധീരതയും ചങ്കൂറ്റവും സ്വാതന്ത്ര്യബോധമുള്ള സര്‍വ മനുഷ്യരേയും ആകര്‍ഷിക്കുന്നതായിരുന്നു. 

കേരളത്തിലെ ഇസ്‌ലാം മത പ്രചാരണ രംഗത്ത്‌ സ്‌മരണീയ സംഭാവനകളര്‍പ്പിച്ചയാളായിരുന്നു നൂഞ്ഞേരി ശൈഖ്‌. 1237-ല്‍ കണ്ണൂര്‍ ജില്ലയിലെ നൂഞ്ഞേരി ഗ്രാമത്തിലായിരുന്നു അദ്ദേഹം ജനിച്ചത്‌. സൂഫി എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു സാത്വികനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. തന്റെ ജന്മദേശത്ത്‌ തന്നെയാണ്‌ അദ്ദേഹം പ്രാഥമിക പഠനം നടത്തിയത്‌. പിന്നീടദ്ദേഹം വളപട്ടണത്തെ ബലാഫതനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ത്വരീഖത്ത്‌ സ്വീകരിക്കുകയും ആത്മീയ വിദ്യയില്‍ അവഗാഹം നേടുകയും ചെയ്‌തത്‌ അവിടെ വെച്ചാണ്‌. ചെറുപ്പത്തില്‍ തന്നെ ഒടുങ്ങാത്ത വൈജ്ഞാനിക കുതുകിയായിരുന്നു. ഹജ്ജിനായി മക്കയില്‍ പോയപ്പോള്‍ അന്നത്തെ പ്രമുഖ സൂഫിവര്യനും നഖ്‌ശബന്ദി ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അശൈഖ്‌ യഹ്‌യാ ദിഗസ്ഥാനില്‍മക്കിയുമായി സന്ധിച്ചു. നഖ്‌ശബന്ദി ഖലീഫയായിരുന്ന അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പന്ത്രണ്ട്‌ കൊല്ലം കഴിച്ചുകൂട്ടി. അതുല്യമായ ആത്മീയോത്‌ക്കര്‍ഷം നേടുകയും വൈജ്ഞാനികമായ ആഴങ്ങളെ തൊട്ടറിയുകയും ചെയ്‌ത അദ്ദേഹത്തിന്‌ മലബാറില്‍ ഇസ്‌ലാം മത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനും സാമൂഹിക പരിവര്‍ത്തനത്തിന്‌ യത്‌നിക്കുന്നതിനുമുള്ള ഉപദേശവും ഇജാസത്തും നല്‍കി ഗുരു പറഞ്ഞയച്ചു. നഖ്‌ശബന്ദി, ശാദുലി ത്വരീഖത്തുകളുടെ ഖലീഫസ്ഥാനവുമായായിരുന്നു അദ്ദേഹം നാട്ടിലെത്തിയത്‌. 

ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ജനങ്ങളെ ആകര്‍ഷിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട മൂല്യം അതായിരുന്നു. ദീനി വ്യക്തിത്വത്തിന്‌ മാറ്റുകൂട്ടുന്ന സവിശേഷമായ ചില സിദ്ധികള്‍ അല്ലാഹു അദ്ദേഹത്തിന്‌ നല്‍കിയിരുന്നു. ദീനിലേക്കുളള ജനതതികളുടെ ആകര്‍ഷണത്തെ ഈ സവിശേഷ സിദ്ധികള്‍ ത്വരിതപ്പെടുത്തി. ഭൗതിക വിരക്തനായ അദ്ദേഹം തന്റെ കഠിനമായ പരിശീലനങ്ങളിലൂടെ ആത്മീയ വിജ്ഞാനത്തിന്റെ ഔന്നത്യങ്ങളിലെത്തിയിരുന്നു. തങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടാനും ആത്മീയോപദേശങ്ങള്‍ നേടാനും ജാതിമത ഭേദമന്യേ അനേകം ആളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും സവിശേഷ സിദ്ധികളിലും ആകൃഷ്‌ടരായി അനേകം അമുസ്‌ലിംകള്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്‌. 

നൂഞ്ഞേരി ശൈഖിന്റെ ശിഷ്യന്‍മാരില്‍ പ്രമുഖനായ താനൂര്‍ അബ്‌ദുര്‍റഹ്‌മാന്‍ ശൈഖും ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ അതുല്യമായ സേവനങ്ങള്‍ അര്‍പിച്ചിട്ടുണ്ട്‌. ഇസ്‌ലാമികതത്വചിന്തയുടെ ഔന്നത്യങ്ങള്‍ കീഴടക്കിയിരുന്ന അദ്ദേഹത്തെ അക്കാലത്തെ ഇബ്‌നു അറബി എന്നാണ്‌ വിളിച്ചിരുന്നത്‌. ഭൗതിക പരിത്യാഗികളുടെ ഗുരുവെന്ന സ്ഥാനവും അദ്ദേഹത്തിന്‌ തന്നെയായിരുന്നു. ഇദ്ദേഹം മുഖേനയും ധാരാളം അമുസ്‌ലിംകള്‍ ഇസ്‌ലാമിലേക്ക്‌ ആകൃഷ്‌ടരായതായി പറയപ്പെടുന്നുണ്ട്‌. അദ്ദേഹവും നഖ്‌ശബന്ദി ധാരയില്‍ തന്നെയായിരുന്നു. 

ഇതുപോലെ അനേകം പണ്ഡിതന്‍മാരും സവിശേഷ ജ്ഞാനികളായ സാത്വിക വ്യക്തിത്വങ്ങളും കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വവും പങ്കാളിത്തവും വഹിച്ചിട്ടുണ്ട്‌. 

ഇസ്‌ലാമിക സമൂഹത്തിന്റെ ആദ്യകാല ചരിത്രത്തില്‍ പണ്ഡിതന്മാരുടെയും സാത്വിക വ്യക്തിത്വങ്ങളുടേയും ജീവിതം മാത്രമല്ല, മിക്കവാറും ഓരോ മുസ്‌ലിമിന്റെയും ജീവിതം തന്നെയും ഈ വിധത്തില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന സത്യസാക്ഷ്യത്തിന്റേതായിരുന്നു. മനുഷ്യസാഹോദര്യത്തിന്റെയും ഔന്നത്യപൂര്‍ണമായ ജീവിത മൂല്യങ്ങളുടെയും പ്രതിനിധികളായി ജീവിച്ച മുസ്‌ലിംകളുടെ സാമൂഹികത തന്നെ ഇവിടത്തെ അധഃസ്ഥിതരായ പരമ്പരാഗത സമൂഹങ്ങളില്‍ മതിപ്പുളവാക്കിയത്‌ സ്വാഭാവികം മാത്രമാണ്‌. അതുകൊണ്ടുതന്നെ ധാര്‍മികവും നൈതികവുമായ മൂല്യങ്ങളുടെ പ്രതിനിധികള്‍ എന്ന നിലക്ക്‌ സാംസ്‌കാരികമായി മികച്ചു നില്‍ക്കുന്ന ഒരു സവിശേഷത അന്നത്തെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. തത്വവും പ്രയോഗവും തമ്മില്‍ അന്തരം കുറവായിരിക്കുകയും ജീവിതത്തിന്റെ പ്രായോഗിക പ്രകാശനമായിത്തീരുന്ന മുല്യങ്ങള്‍ മാത്രം തത്വമായി പറയുകയും ചെയ്‌ത ഒരു സമൂഹം ഇങ്ങനെ സ്വന്തം ജീവിത സാക്ഷ്യത്തിലൂടെ ഇസ്‌ലാമിനെ വിജയിപ്പിച്ചെടുത്തു. 

ഇന്ന്‌ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ പാരമ്പര്യരീതിയുടെ വിശുദ്ധി നഷ്‌ടമാവുകയും ഒരുതരം യുക്തിപരതയ്‌ക്ക്‌ പ്രാമുഖ്യമുള്ള ബൗദ്ധികാഭ്യാസമായി അത്‌ തരംതാഴുകയും ചെയ്യുമ്പോള്‍ ഈ ചരിത്രാനുഭവങ്ങളുടെ പാഠങ്ങളില്‍ നിന്ന്‌ ഇസ്‌ലാമിക പ്രബോധനത്തിന്റെ തനത്‌ രീതീശാസ്‌ത്രങ്ങള്‍ പുനരാവിഷ്‌ക്കരിക്കേണ്ടത്‌ അനിവാര്യമായിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter