മതേതര ഇന്ത്യയില്‍ മുസ്‌ലിമിനും അവകാശങ്ങളുണ്ട്‌

ഇസ്‌ലാമും മതേതരത്വവും പൊരുത്തപ്പെട്ടു പോകുമോ എന്ന ചോദ്യം സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്-ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും. മതേതരത്വവുമായി യോജിച്ചുപോവാന്‍ ഇസ്‌ലാമിന് ഒരിക്കലും സാധ്യമല്ലെന്ന് കരുതുന്നവരാണ് അമുസ്‌ലിംകളും തീവ്രമതവാദികളും. മുസ്‌ലിം മതമൗലികവാദികളാകട്ടെ അനിസ്‌ലാമികം, നിഷിദ്ധം തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തി മതേതരത്വത്തെ തീര്‍ത്തും നിരാകരിക്കുന്നു. 1948-ല്‍ പാകിസ്ഥാനിലേക്ക് തിരിക്കുമ്പോള്‍ മൗദൂദി പറഞ്ഞത് മതേതര രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാവുന്നവര്‍ അല്ലാഹുവിനും തിരുദൂതനുമെതിരില്‍ വിപ്ലവധ്വജമുയര്‍ത്തുന്നവരാണെന്നാണ്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് മതേതരത്വം എന്നു വാദിച്ചു സഊദി പണ്ഡിതരും അതിനെ തള്ളിപ്പറയാന്‍ രംഗത്തുവന്നിട്ടുണ്ട്.
നേരെമറിച്ച്, ന്യൂനപക്ഷ സാഹചര്യത്തില്‍ മതേതരത്വത്തെ പിന്തുണക്കുകയും ഭൂരിപക്ഷ സാഹചര്യത്തില്‍ അതിനെ തള്ളിപ്പറയുകയും ചെയ്യുകയാണ് മുസ്‌ലിം നയമെന്നാണ് മതമൗലികവാദികളായ ഹിന്ദുക്കള്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത്. ഇതു പൂര്‍ണമായും ശരിയല്ല. സഊദിഅറേബ്യ പോലെ ചില മുസ്‌ലിം രാജ്യങ്ങള്‍ മതേതരത്വത്തെ നിരാകരിക്കുന്നു എന്നത് ശരി തന്നെ. പക്ഷേ, എല്ലാ രാഷ്ട്രങ്ങളുടെയും സ്ഥിതി ഇതല്ല. ജനസംഖ്യയുടെ 85 ശതമാനം മുസ്‌ലിംകളായിട്ടുകൂടി മതേതരത്വത്തെ തള്ളിപ്പറയാത്ത ഇന്തോനേഷ്യ മികച്ച ഒരു ഉദാഹരണമാണ്. എങ്കിലും മിക്ക മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും ഇസ്‌ലാമിക രാജ്യത്തിനായി വാദിക്കുന്നവരോ, കുറഞ്ഞപക്ഷം ഇസ്‌ലാമിനെ രാഷ്ട്രമതമായി ഉയര്‍ത്തണമെന്ന് അഭിപ്രായപ്പെടുന്നവരോ ആണ്.
‘ഇസ്‌ലാമിക രാഷ്ട്രം’ എന്ന സങ്കല്‍പ്പവും ‘ഇസ്‌ലാം ഔദ്യോഗിക മത’മാവണമെന്ന ആശയവും തമ്മില്‍ ശ്രദ്ധേയമായ ചില വ്യത്യാസങ്ങളുണ്ട്. ഇസ്‌ലാമിക രാജ്യത്ത് സര്‍വ്വ നിയമങ്ങളും ഇസ്‌ലാമിക ശരീഅത്തിനോട് അനുയോജ്യമാവല്‍ അനിവാര്യമാണ്. എന്നാല്‍, ഇസ്‌ലാമിനെ ഒരു രാഷ്ട്രമതമായി പ്രഖ്യാപിക്കുന്നിടത്ത് ഇതര മതങ്ങളേക്കാള്‍ പ്രാധാന്യം അതിന് കല്‍പിക്കപ്പെടുമെന്നെയുള്ളൂ. 1948-ല്‍ തന്നെ ഇസ്‌ലാമിനെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യമാണ് പാകിസ്ഥാന്‍. പക്ഷേ, 1970-കളില്‍ ജനറല്‍ സിയാവുല്‍ ഹഖിന്റെ പ്രഖ്യാപനത്തോടെയാണ് അതൊരു ഇസ്‌ലാമിക രാജ്യമായത്. അന്ന് ശരീഅത്ത് നിയമങ്ങള്‍ നടപ്പില്‍വരുത്താനുള്ള ശ്രമങ്ങളും ആ രാജ്യത്ത് അദ്ദേഹം നടത്തി.
‘മതേതര നിയമങ്ങള്‍ ഇസ്‌ലാമില്‍ സ്വീകാര്യമല്ല’, ‘ദൈവിക നിയമങ്ങള്‍ക്ക് മതേതര രാഷ്ട്രത്തില്‍ ഒരു സ്ഥാനവുമില്ല’ തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് ഇസ്‌ലാമും മതേതരത്വവും അനുപൂരകങ്ങളാവില്ലെന്നു പറയപ്പെടുന്നത്. ഇസ്‌ലാമില്‍ മതവും രാഷ്ട്രീയവും രണ്ടല്ല എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ന്യായങ്ങളാണ് തീവ്രമതവാദികളായ മുസ്‌ലിംകളെ  മതേതരത്വത്തില്‍നിന്നകറ്റിയത്.
ഇസ്‌ലാമിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ദൈവനിരാസം മതേതരത്വത്തിലുണ്ട് എന്നുമവര്‍ ചിന്തിക്കുന്നു. ‘മതേതരത്വം’ എന്ന പദം പോലും അവര്‍ക്ക് അരോചകമായത് അതുകൊണ്ടാണ്. ഇസ്‌ലാം പരലോക ജീവിതത്തെ സംബന്ധിച്ചു ഊന്നിപ്പറയുമ്പോള്‍ മതേതരത്വത്തിന് ലൗകിക കാര്യങ്ങളല്ലാതെ മറ്റൊന്നിനോടും മമതയില്ല. മതേതര തത്വശാസ്ത്രത്തില്‍ പരലോകത്തിന് ഒരു പ്രാധാന്യവുമില്ല.
ഈവക ധാരണകളില്‍ സത്യത്തിന്റെ അംശമുണ്ടോ എന്നും യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം മതേതരത്വവുമായി അനുഗുണമാവാത്തതാണോ എന്നും പരിശോധിക്കാനാണ് എന്റെ ശ്രമം. ആദ്യമായി ദൈവശാസ്ത്രപരവും ചരിത്രപരവുമായ വൈജാത്യങ്ങളെ ഗ്രഹിക്കപ്പെടേണ്ടതുണ്ട്. മതവും രാഷ്ട്രീയവും ഒന്നാണെന്ന ആശയം ചരിത്രപരമാണ്.
ഇസ്‌ലാമില്‍ മതം രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിക്കപ്പെടാവതല്ല എന്ന ചിന്ത തന്നെ ഈ മതമൂല്യങ്ങളെപ്പറ്റിയുള്ള പ്രാഥമിക കാഴ്ചപ്പാടില്‍നിന്ന് ജനിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്തിയാല്‍ ഭരണാധികാരികള്‍ മൗലികമായ ഇസ്‌ലാമിക മൂല്യങ്ങളെ പാടെ അവഗണിച്ചു  തങ്ങളുടെ അധികാരക്കൊതി ശമിപ്പിക്കുന്ന രീതിയില്‍ പെരുമാറുമെന്നായിരുന്നു ആദ്യകാല ഇസ്‌ലാമിക പണ്ഡിതരും നീതിനിര്‍വ്വഹകരും ചിന്തിച്ചത്. മാനവികതാതത്വശാസ്ത്രമെന്ന തലത്തിലുള്ള ഒരു മതേതരസങ്കല്‍പം രൂപപ്പെട്ടു വരാത്ത കാലഘട്ടത്തിലായിരുന്നു ഇത്. മതവും രാഷ്ട്രീയവും വേര്‍തിരിക്കപ്പെട്ടാല്‍ അധികാരികളുടെ സ്വഭാവനിയന്ത്രണത്തിന് മാര്‍ഗങ്ങളില്ലാതാവും എന്നായിരുന്നു പണ്ഡിതചിന്ത. ആദ്യകാല ഇസ്‌ലാമിക സ്രോതസ്സുകളിലൊന്നിലും ഇങ്ങനെയൊരു ആലോചന നടന്നതായി കാണുന്നില്ല. ഈ അഭിപ്രായം രൂപപ്പെടുന്നത് തന്നെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ ശരീഅത്തുമായി ബന്ധമില്ലാത്ത മതേതര നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാരംഭിച്ചപ്പോഴാണ്.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ശരീഅത്ത് നിയമങ്ങളല്ലാതെ വേറെ നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇസ്‌ലാമിക രാഷ്ട്രം എന്നത് ഒരു ചരിത്രനിര്‍മിതിയാണ്. നൂറ്റാണ്ടുകളിലൂടെ രൂപാന്തരപ്പെട്ടുവന്നതാണത്. ഈ നവ രാഷ്ട്രത്തിന്റെ പ്രാഥമിക സ്രോതസ്സുകള്‍ ഖുര്‍ആനും ഹദീസും തന്നെയാണ്. ഇസ്‌ലാമിനു മുമ്പ് മക്കയിലോ മദീനയിലോ ഒരു രാഷ്ട്രമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഗോത്രത്തലവന്‍മാരുടെ സഭ ചേര്‍ന്നു കൂട്ടായ തീരുമാനമെടുക്കുകയും താന്താങ്ങളുടെ നീതി നിര്‍വ്വഹണാധികാര പരിധിയില്‍ ഓരോരുത്തരും അവ നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി. ഗോത്രപാരമ്പര്യവും ആചാരങ്ങളുമല്ലാതെ ലിഖിത നിയമങ്ങളൊന്നുംതന്നെ അന്നുണ്ടായിരുന്നില്ല. വേറെ നിയമ സ്രോതസ്സുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ ആചാരങ്ങള്‍ക്കനുസൃതമായിരുന്നു സര്‍വ്വ തീരുമാനങ്ങളും.
എന്നാല്‍, മക്കയുടെ സാമൂഹിക ചക്രവാളത്തില്‍ ഇസ്‌ലാം പ്രത്യക്ഷമായതോടെ രംഗം മാറാന്‍ തുടങ്ങി. മദീനാ ഉടമ്പടി എന്ന പേരില്‍ പ്രവാചകന്‍ അവിടെ ഒരു ഭരണസംവിധാനത്തിന് രൂപം നല്‍കി. ജൂതര്‍, മുസ്‌ലിംകള്‍, വിഗ്രഹാരാധകര്‍ തുടങ്ങി സര്‍വ്വരുടെയും ഗോത്രാചാരങ്ങളെ മാനിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്. ഈ ഉടമ്പടി പ്രകാരം പ്രത്യേക മത പാരമ്പര്യമുള്ള ഓരോ ഗോത്രവും സ്വയംഭരണാവകാശമുള്ള ഘടകങ്ങളായി ഗണിക്കപ്പെട്ടിരുന്നു. പ്രവാചകന്റെ പ്രഥമ ജീവചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖ് ഇതു വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മദീനാ ഉടമ്പടി ആ നഗരനിവാസികളുടെ മതപരവും ഗോത്രപരവുമായ സ്വയംഭരണാവകാശത്തെ ബഹുമാനിച്ചു എന്നു സാരം. നിര്‍മിതമായ ആദ്യഭരണഘടന എന്നും ഇതിനെ വിശേഷിപ്പിക്കാം. ഒരു മതേതര രാഷ്ട്രത്തില്‍ ഇന്നും പ്രസക്തമായ പല തത്വങ്ങള്‍ക്കും ഇത് അസ്തിവാരം നല്‍കി. പ്രവാചകന്‍ ഈ ഉടമ്പടി ഉണ്ടാക്കുമ്പോള്‍ ശരീഅത്തു നിയമങ്ങള്‍ പൂര്‍ണമായും രൂപമെടുത്തു വന്നിരുന്നില്ല. ഈ രേഖയിലൊരിടത്തും ജൂതരെയോ ബിംബാരാധകരെയോ ഇസ്‌ലാമിക നിയമങ്ങള്‍ പിന്തുടരാന്‍ പ്രവാചകന്‍ നിര്‍ബന്ധിക്കുന്നില്ല എന്നത് നിസ്സാര കാര്യമല്ല.
പ്രവാചകന്റെ വിടവാങ്ങലിനു ശേഷം മറ്റു രാഷ്ട്രങ്ങളുടെ ഭാഗമായിരുന്ന പല പ്രദേശങ്ങളും കീഴടക്കപ്പെട്ടു പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴാണ് ഒരു രാഷ്ട്രം അവിടെ രൂപം പ്രാപിച്ചത്. പ്രവാചകന്റെ ജീവിതകാലത്ത് ഒരൊറ്റ നഗരത്തില്‍ മാത്രം പരിമിതമായിരുന്നു ഭരണം. മക്കാ വിജയത്തിനു ശേഷം ദീര്‍ഘനാള്‍ ജീവിക്കാന്‍ പ്രവാചകനായില്ല. പക്ഷേ, അവിടുത്തെ നിര്യാണാനന്തരം ആ രാഷ്ട്രത്തിന്റെ നീതിനിര്‍വ്വഹണാധികാര പരിധി ആറേബ്യയുടെ അതിര്‍ത്തിക്കപ്പുറത്തേക്ക് വികസിച്ചു. പ്രവാചകന്റെ കാലത്ത്, ജനങ്ങളെ അലട്ടിയിരുന്ന വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലെയുള്ള ദൈനംദിന പ്രശ്‌നങ്ങള്‍ക്കും മോഷണം, കൊള്ള, കൊലപാതകം തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങള്‍ക്കും പരിഹാരം കണ്ടിരുന്നത് ഖുര്‍ആന്‍ വഴി പ്രവാചകന്‍ തന്നെയായിരുന്നു. ജനങ്ങള്‍ നബിയെ സന്ദര്‍ശിച്ച് ഉപദേശം തേടുകയും അവിടുത്തെ തീരുമാനങ്ങളും ഖുര്‍ആനികാജ്ഞകളും അപ്പടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതു നടപ്പിലാക്കാന്‍ ഒരു രാഷ്ട്രപ്രക്രിയ നിലവിലുണ്ടായിരുന്നില്ല. നിയമപാലകരോ പട്ടാളമോ ഉണ്ടായിരുന്നില്ല. വേറിട്ടു നില്‍ക്കുന്ന ഒരു നീതിന്യായ സംവിധാനവും അന്നില്ല.
പ്രവാചകന്‍ ഒരേസമയം നിയമ നിര്‍ദേശകനും ന്യായാധിപനും നിയമം നടപ്പിലാക്കുന്ന അധികാരിയുമെല്ലാമായിരുന്നു. മൂന്നു പ്രക്രിയകളും പ്രവാചകന്‍ ഒന്നിച്ചു കൊണ്ടുപോയി.
നീതിയിലധിഷ്ഠിത ഭരണ നിര്‍വഹണത്തിനാവശ്യമായ മൂന്നു ധര്‍മ്മങ്ങളും ഒന്നിച്ചു നിര്‍വഹിക്കാന്‍ കഴിഞ്ഞ നിസ്തുലനായ പ്രവാചകന്റെ കാലത്ത് സ്ഥിരമായ രാഷ്ട്രരൂപമുണ്ടായിരുന്നില്ല എന്ന് ചുരുക്കം. ഒരാള്‍ക്കും നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ് അവിടുന്ന് വിടവാങ്ങിയത്.
മുമ്പ് സൂചിപ്പിച്ചതുപോലെ ഇതര ഭൂപ്രദേശങ്ങള്‍ കീഴടക്കിയത് കൂടുതല്‍ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്തു. പ്രവാചകന്റെ കാലത്തെ മദീനാ നിവാസികളെ പോലെ സന്തോഷപൂര്‍വ്വം മതനിയമങ്ങളനുസരിക്കാന്‍ വിദൂരങ്ങളില്‍ അധിവസിക്കുന്ന, ഇസ്‌ലാമുമായി അത്രത്തോളം കടപ്പാടു കാണിക്കാത്തവര്‍ തയ്യാറായില്ലെന്നതിനാല്‍ നിയമം കര്‍ശനമാക്കുക ഒരു അനിവാര്യതയായി; നിയമപാലക സേനയുടെ രൂപീകരണവും അവശ്യമായി. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ സ്വമേധയാ ജനങ്ങള്‍ രംഗത്തുവന്നിരുന്നതിനാല്‍ ശമ്പളം പറ്റുന്ന ഒരു സൈനികവ്യൂഹത്തിന്റെ ആവശ്യമില്ലായിരുന്നു. ഇപ്പോഴതും ആവശ്യമായി വന്നു. മുമ്പൊരിക്കലും ഇല്ലാതിരുന്ന, അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരമായി കാവലിരിക്കുന്ന സേനയും അനിവാര്യമായി.
ശരീഅത്ത് ഇടപെടേണ്ട രംഗങ്ങള്‍ വികസിക്കുകയും പുതിയ സാഹചര്യത്തില്‍ ഉപദേശം തേടാന്‍ പ്രവാചകന്‍ ഇല്ലാതിരിക്കുകയും ചെയ്ത സമയം. ഖുര്‍ആനിലോ പ്രവാചകന്റെ അനുയായികള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ഹദീസുകളിലോ അന്വേഷിക്കണമായിരുന്നു ഏതൊരാള്‍ക്കും. അല്ലെങ്കില്‍ സമാനസ്വഭാവമുള്ള സാഹചര്യങ്ങളുമായി തുലനം ചെയ്തു തീരുമാനം കാണേണ്ടിവന്നു. പതുക്കെയാണെങ്കിലും ശരീഅത്തിന്റെ ധര്‍മ്മവിശേഷങ്ങള്‍ വികാസപരിണാമത്തിന് വിധേയമാകുന്നത് അങ്ങനെയാണ്. ജനാധിപത്യ സ്വഭാവമായിരുന്നു പ്രാചീന ഇസ്‌ലാമിക രാഷ്ട്രത്തിന്. പലപ്പോഴും ഖലീഫമാര്‍ തങ്ങളുടെ തീരുമാനം ഖുര്‍ആനികമൂല്യങ്ങള്‍ക്കനുസൃതമാണെന്നു ഉറപ്പുവരുത്താന്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയതു കാണാം. ഈ അര്‍ത്ഥത്തില്‍ ഖുര്‍ആനും ഹദീസും തന്നെയായിരുന്നു അന്നത്തെ പ്രധാന നിയമ സ്രോതസ്സുകളെന്നു പറയാം. പക്ഷേ, ഉദ്യോഗസ്ഥവൃന്ദം, പട്ടാളം, നിയമപാലക സംഘം തുടങ്ങിയവയുടെ സംസ്ഥാപനം പോലെയുളള മതേതര കാര്യങ്ങളില്‍ റോം, പേര്‍ഷ്യ തുടങ്ങി ഇതര സ്രോതസ്സുകളില്‍നിന്ന് ആശയങ്ങള്‍ കടമെടുക്കുന്നതില്‍ ഒരു സങ്കോചവും അവര്‍ കാണിച്ചില്ല. ഇങ്ങനെയാണ് സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന ശമ്പളം രേഖപ്പെടുത്തുന്ന ‘ദീവാന്‍’ സമ്പ്രദായം ഖലീഫ ഉമര്‍ കൊണ്ടുവന്നത്. ഭൂവുടമാവകാശം പോലെയുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താനും പട്ടിണിപോലെ അടിയന്തിര ഘട്ടങ്ങളില്‍ ശിക്ഷകള്‍ താല്‍ക്കാലികമായി നീക്കം ചെയ്യാനും ഖലീഫമാര്‍ തുനിഞ്ഞത് ഇതുകൊണ്ടുതന്നെ.
തുടര്‍ച്ചയായ വിജയങ്ങള്‍, മുസ്‌ലിംകള്‍ക്കിടയിലെ ആഭ്യന്തര സംഘര്‍ഷം, വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളും വ്യക്തികളും തമ്മിലുള്ള അധികാര വടംവലി, മറ്റു പല ഘടകങ്ങളും ഖിലാഫത്തിന്റെ അതിജീവനംപോലും അസാധ്യമാക്കുമാറ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയുണ്ടായി.
കോളനി ഭരണകാലത്താണ് മുസ്‌ലിംകള്‍ ജനാധിപത്യത്തിന്റെ വിലയറിയുന്നതും ഖിലാഫത്തിനെ ഇസ്‌ലാമിക ജനാധിപത്യത്തിന്റെ സുവര്‍ണ ദിനങ്ങളെന്ന് വിധിയെഴുതുന്നതും. രാജവാഴ്ചയുടെ കാലത്ത് ശരീഅത്ത് അവഗണിക്കപ്പെട്ടിട്ടില്ലെന്നത് ഒരു വസ്തുതയാണ്. പലപ്പോഴും മതതാല്‍പര്യത്തിനു വിരുദ്ധമായ പ്രവണതകള്‍ കാണിച്ചവരാണെങ്കിലും മതത്തെ നിരാകരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. പത്തൊമ്പതാം ശതകത്തില്‍ ഇസ്‌ലാമിക ലോകത്ത് അധിനിവേശ ഭരണത്തിന്റെ സംസ്ഥാപനത്തോടെയാണ് ഇതിനൊരു അപവാദമുണ്ടാകുന്നത്. അടിസ്ഥാനപരമായി തന്നെ മതേതരവാദികളായ ഈ ഭരണാധികാരികള്‍ പല നിയമങ്ങളും അടിച്ചേല്‍പ്പിക്കുകയുണ്ടായി.
ചര്‍ച്ചുകളായിരുന്നു ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളെ നിയന്ത്രിച്ചിരുന്നത്. പരിഷ്‌കരണപ്രക്രിയകള്‍ ഈയവസ്ഥക്ക് മാറ്റം വരുത്തുകയും ചര്‍ച്ചിനെതിരായുള്ള പോരാട്ടം മതേതരതത്വങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ചര്‍ച്ചിന്റെ ആധിപത്യത്തില്‍ നിന്ന് മോചനം കൊതിക്കുന്ന രാജകുമാരന്‍മാരും ചര്‍ച്ചുമേലധികാരികളും തമ്മില്‍ ഉഗ്രപോരാട്ടം തന്നെ അന്നു നടന്നു. വിശുദ്ധ ഭരണത്തില്‍ നിന്ന് മുക്തി കൊതിച്ച് വന്നവരില്‍ ബൂര്‍ഷ്വാ മുതലാളിമാരുമുണ്ടായിരുന്നു.
ഇതുപോലെ, കൊളോണിയല്‍ ശക്തികളുടെ സാങ്കേതിക മേധാവിത്വം ഇസ്‌ലാമിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. അധിനിവേശത്തിനിരയായ രാജ്യങ്ങളിലുള്ള മതപണ്ഡിതരും ബുദ്ധിജീവികളും ഭൂതപ്രതാപത്തില്‍ അഭിരമിച്ചുവെങ്കില്‍ വേറെ ചിലര്‍ പാശ്ചാത്യമേധാവിത്വത്തില്‍ ആനന്ദം കൊള്ളുകയും മതേതര ആധുനികവത്ക്കരണത്തിന്റെ വക്താക്കളാവുകയും ചെയ്തു. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിരവധി പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഇങ്ങനെ രൂപപ്പെട്ടിട്ടുണ്ട്. ജമാലുദ്ദീന്‍ അഫ്ഗാനി, ഈജിപ്തിലെ മുഹമ്മദ് അബ്ദു തുടങ്ങിയവര്‍ ഉദാഹരണം. മറ്റു ചിലര്‍ പടിഞ്ഞാറിന്റെ മതേതരത്വത്തെ നിരാകരിച്ച് ഭൂതകാലത്തെ തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമങ്ങള്‍ നടത്തുകയുണ്ടായി. സമൂഹത്തിലും രാഷ്ട്രീയത്തിലും ഇടം കണ്ടെത്താന്‍ പരിഷ്‌കര്‍ത്താക്കളും പുനരുദ്ധാരണ പ്രവര്‍ത്തകരും പരസ്പരം അടരാടി. മതത്തെ നിശ്ശേഷം തള്ളി പാശ്ചാത്യ മതേതര മാനവികതയെ പുല്‍കിയ മൂന്നാമതൊരു വിഭാഗമുണ്ടെങ്കിലും അവര്‍ ന്യൂനപക്ഷം മാത്രമാണ്.
ഇസ്‌ലാമിക സമൂഹങ്ങള്‍ക്ക് ഈ മാറ്റത്തെ ഉള്‍കൊള്ളുന്നതും ഇതുമായി സമരസപ്പെടുന്നതും അത്യന്തം ദുസ്സഹമായിരുന്നു. പല സാമൂഹ്യ ശാസ്ത്രജ്ഞരും മാറാനുള്ള ഈ വിമുഖതക്ക് കാരണം ഇസ്‌ലാമികാധ്യാപനങ്ങളാണെന്ന് വാദിക്കുന്നുണ്ട്. ഇത് ഏതായാലും ശരിയല്ല. ഇസ്‌ലാമടക്കം ഒരു മതവും മാറ്റത്തിനെതിരല്ല. മതമല്ല, സമൂഹമാണ് മാറാന്‍ മടിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മിക്ക മുസ്‌ലിം സമൂഹങ്ങളും ജന്മിമാര്‍ക്ക് കീഴിലായിരുന്നു. ആധുനിക മധ്യവര്‍ഗ മുതലാളിത്തം അവിടങ്ങളില്‍ ഇല്ലായിരുന്നു. സാമ്പത്തിക സുസ്ഥിതിയുള്ള വ്യവസായികളും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രമല്ല, ഇതര മുസ്‌ലിം സമൂഹങ്ങളുടെയും അവസ്ഥ ഇതായിരുന്നു. പക്ഷേ, ഹിന്ദുക്കളില്‍ ആധുനിക വ്യാവസായിക മുതലാളിത്തവുമായി സമരസപ്പെട്ട വ്യാവസായിക സമൂഹം ഉണ്ടായിരുന്നു. ഇങ്ങനെ ആധുനിക വ്യാവസായിക മുതലാളിത്തത്തിലേക്ക് ചുവടു മാറ്റിയവര്‍ക്ക് മതേതരത്വവും സാമൂഹിക മാറ്റവും ആവശ്യമാണന്ന് തോന്നി. അവരെ സംബന്ധിച്ചിടത്തോളം മാറിവരുന്ന ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിന്റെ ഫലമാണ് മാറാനുള്ള സമ്മര്‍ദ്ധങ്ങളെല്ലാം.
നേരെമറിച്ച്, ആധുനികതയിലേക്ക് മാറാന്‍ മാത്രം സമൃദ്ധിയുള്ള ഒരു വ്യവസായ വര്‍ഗം ഇല്ലെന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നിയില്ല. മാത്രമല്ല, ഇന്ത്യയടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും സമൂഹത്തിലെ ദുര്‍ബല ജനങ്ങളാണ് ഈ മതത്തെ ആശ്ലേഷിച്ചിരുന്നത്. നീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മതമായതിനാലാണ് അത് അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഈ വിഭാഗങ്ങള്‍ ആധുനികവത്കരണം ആവശ്യമാണെന്ന് ചിന്തിക്കാത്തവരായിരുന്നു.
മുന്നോട്ടുപോകുംമുമ്പ് മതേതരത്വത്തിന്റെ സ്ഥിര പരിമിതികളിലേക്ക് വെളിച്ചം വീശാന്‍ ആഗ്രഹിക്കുന്നു.
യുക്തിവാദികളും മതേതരവാദികളും ബുദ്ധിയെ ആരാധിക്കുകയും മതത്തെ അതൃപ്തിയോടെ തള്ളിപ്പറയുകയും ചെയ്യുന്നു. വിശ്വാസികള്‍ മതേതരത്വത്തെ വെറുക്കുന്നതുപോലെ യുക്തിവാദികള്‍ മതത്തെ വെറുക്കുന്നുണ്ട്. താന്താങ്ങളുടെ പരിമിതികള്‍ അംഗീകരിക്കാന്‍ ഇരു കൂട്ടരും മടിക്കുന്നു എന്നതാണ് സത്യം. മതമൗലിക വാദികളെ പോലെ യുക്തിവാദികളിലും മതേതരവാദികളിലും മൗലിക വാദികളുണ്ടെന്ന് നിസ്സംശയം പറയാം. വിശ്വാസികളെ അന്ധവിശ്വാസക്കാരായി കാണുന്ന ഈ മതേതരമൗലിക വാദികള്‍ക്ക് മറുവിഭാഗത്തോട് ബഹുമാനമേയില്ല. പ്രത്യേക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ നിരാകരിക്കുന്ന ഇക്കൂട്ടര്‍ വൈകാരിക സമൃദ്ധി എന്ന സങ്കല്‍പത്തെ പോലും അംഗീകരിക്കുന്നില്ല.
വിശ്വാസത്തിനും ബുദ്ധിക്കുമിടയില്‍ സന്തുലിതത്വം പാലിക്കണമെന്നാണ് ഞാന്‍ പറയുക. തങ്ങളുടെ ലക്ഷ്യം നേടാന്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന ആയുധമാണ് ബുദ്ധി. ഒരു ഉപായം എന്ന നിലയില്‍ ബുദ്ധിയുടെ ഉപയോഗക്ഷമതയെ കുറച്ചു കാണാനാവില്ലെങ്കിലും പരമാധികാരിയാവാന്‍ അതിനാവില്ല. നേരെമറിച്ച് വിശ്വാസം ആയുധമല്ല, ഉന്നത മൂല്യങ്ങളിലുള്ള മനോദൃഢതയാണ്. ഈ ഭൂമിയില്‍ ഒരു സാര്‍ഥക ജീവിതം നയിക്കാന്‍ അതനിവാര്യമാണ്. ബുദ്ധിക്ക് ഏറിവന്നാല്‍ വിജയപ്രദമായ ഒരു ജീവിതം നല്‍കാനാവും; സാര്‍ത്ഥകമാക്കാനാവില്ല. ദയ, നീതി, സമത്വം, അഹിംസ തുടങ്ങിയ മൂല്യങ്ങളിലുള്ള വിശ്വാസമാണ് മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. അതിനാല്‍ ഭൂമിയില്‍ സാര്‍ത്ഥകവും വിജയപ്രദവുമായ ഒരു ജീവിതം നയിക്കാന്‍ വിശ്വാസത്തിന്റെയും ബുദ്ധിയുടെയും സൃഷ്ടിപരമായ ഒരു സന്തുലനമാണാവശ്യം. മതേതരത്വവും മതവിശുദ്ധിയും വിപരീത ദ്രുവങ്ങളായല്ല പരസ്പര പൂരകങ്ങളായാണ് ഗണിക്കപ്പെടേണ്ടത്.
നിഷേധാത്മക മതേതരത്വം നിരര്‍ഥകവും സമസൃഷ്ടികളോട് നിരുത്തരവാദപരവുമായ ഒരു ജീവിതമാണ് നല്‍കുന്നതെങ്കില്‍ ധിക്കാരാത്മക മതം ഒരു അധികാരത്തിന് അന്തമായി കീഴടങ്ങുന്നതിലേക്കും തജ്ജന്യമായ ചൂഷണമാര്‍ഗങ്ങളിലേക്കുമാണ് നമ്മെ നയിക്കുക. ധിഷണ ഉപയോഗിച്ച് ഇത്തരം സാധ്യതകളെ കുറിച്ച് വിശ്വാസി ജാഗരൂഗനാവണം. ബുദ്ധി ഗര്‍വ്വിഷ്ഠമാവരുത് എന്ന് പറയുന്നതുപോലെ വിശ്വാസം അന്ധമാവുകയും അരുത്.
ഈ അര്‍ത്ഥത്തില്‍ ആലോചിച്ചാല്‍ ബുദ്ധിയും വിശ്വാസവും തമ്മില്‍, മതവും മതേതരത്വവും തമ്മില്‍ ഒരു സംഘട്ടനം ആവശ്യമില്ലെന്നു കാണാം. ഇങ്ങനെ നോക്കുമ്പോള്‍ ഇവ രണ്ടും അനുപൂരകങ്ങളാണ്. മതേതരത്വം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടാല്‍ ഒരു വിശ്വാസിയും അതു സ്വീകരിക്കില്ല. ഒരു മുസ്‌ലിമിന്റെ കാര്യംതന്നെയെടുക്കാം. ദൈവത്തിന്റെ ഏകത്വത്തെയും ഉണ്‍മയെയും ഊന്നിപ്പറയുന്ന മതമാണ് ഇസ്‌ലാം. ഖുര്‍ആന്‍ ദിവ്യസന്ദേശമാണെന്നും മുഹമ്മദ് ദൈവദൂതനാണെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. മതേതരത്വത്തിന്റെ മറവില്‍ ഈ വിശ്വാസങ്ങളെ വെല്ലുവിളിക്കേണ്ടതില്ല. തത്വശാസ്ത്രപരം എന്നതിനേക്കാള്‍ രാഷ്ട്രീയമായി ഗണിക്കപ്പെടേണ്ടതാണ് മതേതരത്വം. രാഷ്ട്രീയാര്‍ത്ഥത്തിലുള്ള മതേതരത്വം സര്‍വ്വമത സമൂഹങ്ങള്‍ക്കും സാമൂഹ്യ രാഷ്ട്രീയ ഇടം നല്‍കുന്നു. ആധിപത്യത്തേക്കാള്‍ ഖുര്‍ആന്‍ ഊന്നല്‍ നല്‍കിയത് ചര്‍ച്ചക്കാണ്. മതേതര വിഷയങ്ങളില്‍ അനുചരന്മാരുമായി പ്രവാചകന്‍ കൂടിയാലോചന നടത്തിയതു കാണാം.
മതവിശ്വാസങ്ങളുടെ നിരാസമല്ല മതേതരത്വമെങ്കില്‍ അത് ഇസ്‌ലാമുമായി പൊരുത്തപ്പെടാത്തതല്ല. വ്യത്യസ്ത മത വിശ്വാസങ്ങളുടെ സൗഹാര്‍ദ്ദപരമായ നിലനില്‍പ്പിനായി ഇന്നു ലോകം കേഴുമ്പോള്‍ ഖുര്‍ആനികാവതരണത്തിന്റെ ആരംഭദശയില്‍ തന്നെ ഈ ബോധം ജനമനസ്സുകളില്‍ സന്നിവേശിപ്പിച്ച മതമാണ് ഇസ്‌ലാം. ഇന്ത്യന്‍ ഇസ്‌ലാമിക പണ്ഡിതര്‍ സ്വാതന്ത്ര്യസമര കാലത്ത് ഈ ബോധം കാത്തുസൂക്ഷിച്ചതു കൊണ്ടാണ് അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായത്.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ സര്‍ക്കാറുകള്‍ക്ക് സമ്പൂര്‍ണ ആധിപത്യം കൈവന്നിട്ടില്ല. ഇവിടെ മതാധ്യാപനങ്ങളിലല്ല ആ രാജ്യങ്ങളുടെ സാമൂഹിക രാഷ്ട്രീയ ചരിത്രങ്ങളിലാണ് കാരണം തേടേണ്ടത്. ഭൂതകാല ജന്മിത്വത്തില്‍ നിന്ന് അവയൊന്നും ഉയിര്‍ത്തെഴുന്നേറ്റുവന്നിട്ടില്ല. ജനങ്ങള്‍ ജനാധിപത്യ പോരാട്ടങ്ങളില്‍ പങ്കാളികളായ ചരിത്രവും ഈ രാജ്യങ്ങള്‍ക്കില്ല. ഇത്തരത്തിലുള്ള മിക്ക രാഷ്ട്രങ്ങളിലും വളരെ ചെറിയ മതന്യൂനപക്ഷങ്ങളുണ്ടെങ്കിലും അവര്‍ ഇസ്‌ലാമിന്റെ ഉന്നതിയെ അംഗീകരിക്കുന്നവരാണ്. ഇവിടങ്ങളില്‍ ജന്മിത്തം ഇപ്പോഴും ശക്ത സാന്നിധ്യമാകയാല്‍ മാറ്റത്തിനു അല്‍പം  സമയമെടുക്കും. കരുത്തുറ്റ സമ്മര്‍ദ്ധപ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ രാഷ്ട്രീയങ്ങളില്‍നിന്ന് ഉദയം ചെയ്യുന്നുണ്ട്. ആഗോളീകരണം പല കാരണങ്ങളാല്‍ അനിഷ്ടകരമാണെങ്കിലും വ്യത്യസ്ത സംസ്‌കാരങ്ങളെയും രാഷ്ട്രീയ വ്യവസ്ഥിതികളെയും ഒന്നിപ്പിക്കാന്‍ അതിനാവും. വിവര വിപ്ലവവും ജീവിതത്തിന്റെ ഓരോ മേഖലയിലും ആഴത്തില്‍ സ്വാധീനം ചെലുത്തുന്ന അപ്രതിരോധ്യമായൊരു തിരമാലയാണ്. മുസ്‌ലിം രാജ്യങ്ങള്‍ ഇതില്‍ നിന്നകന്നു നില്‍ക്കുകയല്ല, നവീന ആശയങ്ങളെയും ശക്തികളെയും തുറന്ന മനസ്സോടെ സ്വീകരിക്കുകയാണു വേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter