ബംഗാള്‍ ഭരിച്ച സ്വതന്ത്ര മുസ്‍ലിം ഭരണകൂടങ്ങള്‍

മധ്യകാല ഇന്ത്യയില്‍ മുഗളിനും തുഗ്ലക്കിനുമെല്ലാമപ്പുറം ഒട്ടനവധി സ്വതന്ത്ര മുസ്‍ലിം ഭരണകൂടങ്ങളും ഭരണാധിപന്മാരും നിലനിന്നുപോന്നിരുന്നതായി കാണാം. ഇന്ത്യന്‍ചരിത്രത്തിലുടനീളം ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പല മുന്നേറ്റങ്ങളുടേയും കാതലായി വര്‍ത്തിച്ച പല പ്രമുഖരായ ഭരണാധിപന്മാരും ഇക്കാലയളവില്‍ ഇവിടം ഭരിച്ചിരുന്നു. അതിലേറ്റവും പ്രാധാന്യമേറിയ ഭരണകൂടങ്ങളില്‍  ഒന്നാണ്‌ ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ പ്രവിശ്യയായ ബംഗാളില്‍ നിലനിന്നിരുന്ന മുസ്‍ലിം ഭരണകൂടങ്ങള്‍. ചരിത്രത്തില്‍ ചെറുതല്ലാത്ത പല സംഭാവനകളും ഇവരുടെ വകയായി കൈവന്നിട്ടുണ്ട്‌.

ബംഗാള്‍ ഭരണകൂടങ്ങള്‍

ഒരു പരിധിവരെ ഇസ്‍ലാമിന്റെ സത്യസന്ദേശം ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ പ്രവിശ്യകളില്‍ എത്തുന്നത് ഇത്തരം ചെറുസാമ്രാജ്യങ്ങളെ തുടര്‍ന്നാണെന്നു നമുക്ക്‌ മനസ്സിലാക്കാനാകും. അതിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാമങ്ങളാണ് ഇല്‍യാസ്‌ ഷാഹി ഭരണകൂടവും ഗണേശാ ഭരണകൂടവും ഹുസ്സൈന്‍ ഷാഹി ഭരണകൂടവുമെല്ലാം. പ്രധാനമായും മേല്‍ പറഞ്ഞ മൂന്ന്‌ ഭരണകൂടങ്ങളാണ്‌ ബംഗാള്‍ അടിസ്ഥാനപ്പെടുത്തി ഭരണം നടത്തിയിരുന്ന മുസ്‍ലിം ഭരണകൂടങ്ങള്‍. ഇവിടങ്ങളില്‍ രൂപപ്പെട്ട ഇത്തരം ഭരണകൂടങ്ങളും ഭരണാധിപന്മാരും സാമൂഹികമായും സാംസ്‌കാരികമായും മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും നല്ലമാര്‍ഗങ്ങള്‍ സ്വീകരിച്ചു പോന്നിരുന്നതായി ചരിത്രങ്ങളില്‍ കാണാം. അന്യമതസ്‌ഥര്‍ക്കും സമാധാനപരവും സന്തോഷകരവുമായ നല്ലൊരു ജീവിതാന്തരീക്ഷം സൃഷ്ടിക്കാന്‍ ഇക്കാലയളവിലെ മുസ്‍ലിം രാജാക്കന്മാര്‍ക്കു സാധിച്ചുവെന്നുതന്നെ വേണം മനസ്സിലാക്കാന്‍. ആദ്യമൊക്കെ പേര്‍ഷ്യന്‍ ഭാഷയെ മുഖ്യധാരയില്‍ കൊണ്ടുവന്ന ഇവര്‍ പിന്നീട്‌ അവിടുത്തെ നാട്ടുഭാഷയായ ബംഗാളി ഭാഷയെ പ്രധാനഭാഷയായി അംഗീകരിക്കുന്നുണ്ട്‌. ബംഗാള്‍ മുഖേന ഇസ്‍ലാമിന്റെ വളര്‍ച്ചയില്‍ ഒരു പരിധിവരെ മുഖ്യധാരാ പങ്കുവഹിച്ച ഈ മൂന്നു ഭരണകൂടങ്ങളും അമൂല്യമായ അനവധി നേട്ടങ്ങളൊന്നും കൈവരിച്ചിട്ടില്ലെങ്കിലും പ്രസക്തമായ ചില ചരിത്രങ്ങളും ഇവിടെ നിന്നുമുയര്‍ന്നു വന്നതായി കാണാന്‍ കഴിയും.

ഇല്‍യാസ്‌ ഷാഹി ഭരണകൂടം

1342 മുതല്‍ 1415 വരെ, തലസ്ഥാനമായ പാണ്ടുവ കേന്ദ്രീകരിച്ച്‌ ബംഗാള്‍ പ്രവിശ്യയില്‍ ഭരണംനടത്തിയ ഭരണകൂടമാണ്‌ ഇല്‍യാസ്‌ ഷാഹി രാജകുടുംബം. ഇന്ത്യന്‍ ചരിത്രത്തിന്റെ മദ്ധ്യകാല സൃഷ്ടിപ്പുകളില്‍ ഇന്നുമൊരത്ഭുതമായി നിലനില്‍ക്കുന്ന അദീന മോസ്‌ക് അടക്കം പല സുപ്രധാന സംഭാവനകളും ഇവരുടെ പക്കല്‍ നിന്നായിരുന്നു. ഭരണകൂടത്തിന്റെ തലവനായ ഇല്‍യാസ്‌ ഷാഹ്‌ പിന്നീട്‌ തുഗ്ലക്ക്‌ ഭരണാധിപനായ ഫിറോസ്‌ ഷാഹ്‌ തുഗ്ലക്കുമായുളള പോരാട്ടത്തില്‍ പരാജയപ്പെടുന്നുണ്ടെങ്കിലും അതില്‍പിന്നീട്‌ ഇവരെ ഫിറോസ്‌ ഷാഹ്‌ സ്വതന്ത്രഭരണകൂടമായി പ്രഖ്യാപിക്കുന്നതായി കാണാം. ഇല്‍യാസ്‌ ഷാഹിയുടെ മകനായിട്ടുള്ള സിക്കന്ദര്‍ ഷാഹ്‌ അതിനു ശേഷം മൂന്ന്‌ പതിറ്റാണ്ടു കാലത്തോളം ഭരണംനടത്തി. ഇവര്‍ക്കുശേഷം അവിടം ഭരണം തുടങ്ങിയ മറ്റൊരു വിഭാഗമാണ്‌ ഗണേഷാ ഭരണകൂടം.


ഗണേഷാ ഭരണകൂടം

1414 മുതല്‍ 1432 വരെ ഇവര്‍ നടത്തിയ അതിവിപുലമായ ഭരണപ്രവര്‍ത്തനങ്ങളാണ്‌ പിന്നീട്‌ ഹൗസ്‌ ഓഫ്‌ ഗണേഷാ ഭരണകൂടമെന്ന ഖ്യാതിയില്‍ ചരിത്രത്തിലിടം പിടിച്ചത്‌. ബംഗാളിലെ പ്രമുഖ ജന്മിയും ഭൂവുടമയുമായിരുന്ന രാജ ഗണേഷയുടെ മകനായിട്ടുള്ള ജലാലുദ്ദീന്‍ മുഹമ്മദ്‌ ഷാഹ്‌ ആണ്‌ ഗണേഷാ ഭരണകൂടത്തിലെ ആദ്യ ഭരണാധികാരി. ഇദ്ദേഹം ഇസ്‍ലാമിലേക്ക്‌ മതംമാറി വന്നുവെന്നാണ്‌ ചരിത്രത്തില്‍ കാണപ്പെടുന്നത്‌. ഗൗര്‍ (Ghaur) തലസ്ഥാനമാക്കി ഭരണം തുടങ്ങിയ ജലാലുദ്ദീന്‍ പിന്നീട്‌ ബംഗാളിന്റെ ഭരണകാര്യങ്ങളിലും കലാ-സംസ്‌കാരിക മേഖലകളിലും നടത്തിയ മുന്നേറ്റങ്ങള്‍ സമാനതകളില്ലാത്തവയാണ്‌.

കുറഞ്ഞകാലത്തിനുള്ളില്‍ സര്‍വ്വസമ്പൂര്‍ണ്ണമായൊരു ഭരണം കാഴ്‌ചവെക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഇദ്ദേഹത്തിന്‌ ശേഷം പ്രശസ്‌തരായ മറ്റു ഭരണാധികാരികളൊന്നും തന്നെ അവിടെ നിന്നുമുയര്‍ന്നുവന്നിട്ടില്ലയെന്നിരിക്കെ ഗണേഷാ ഭരണകൂടം ഇത്രമേല്‍ പേര്‌ സമ്പാദിച്ചത്‌ ജലാലുദ്ദീനെന്ന നേതാവിന്റെ ചുമലിലേറിയാണെന്നു വ്യക്തം. ഇവര്‍ക്കു ശേഷം ബംഗാളില്‍ നിന്നും ഉയര്‍ന്നുവന്ന മറ്റൊരു ഭരണകൂടമാണ്‌ ഹുസൈന്‍ ഷാഹി.

ഹുസ്സൈന്‍ ഷാഹി ഭരണകൂടം

1494 മുതല്‍ 1538 വരെ ഭരണം നടത്തിയ വിഖ്യാതരായ ഭരണകൂടമാണ്‌ ഹുസ്സൈന്‍ ഷാഹി. 1494 മുതല്‍ 1519 വരെ ഭരണം നടത്തിയ അലാവുദ്ദീന്‍ ഹുസ്സൈന്‍ ഷാഹ്‌ ആണ്‌ ഭരണകൂടത്തിന്റെ പിതാവും പ്രശസ്‌തനായ ഭരണാധികാരിയുമായി അറിയപ്പെടുന്നത്‌. ബംഗാള്‍ സുല്‍തനേറ്റിന്റെ ഏറ്റവും മഹത്തരമായ കാലഘട്ടമായാണിത്‌ ചരിത്രരേഖകളില്‍ പരിചയപ്പെടുത്തിട്ടുള്ളത്‌. അറാഖാനും ഒറീസയും ത്രിപുരയും ആസാമുമെല്ലാമടങ്ങുന്ന അതിവിശാലമായ പ്രവിശ്യയായിരുന്നു ഹുസ്സൈന്‍ ഷായുടെ കീഴിലെ ബംഗാള്‍ ഭരണപ്രേദേശം. Akbar of Bengal എന്ന സ്ഥാനപ്പേരില്‍ വരെ ഖ്യാതി നേടിയ ഇദ്ദേഹം 1519 വരെ ഭരണതലപ്പത്ത്‌ തുടരുകയും ചെയ്‌തു. പിന്നീട്‌ ബാബറിന്റെ കടന്നുവരവോടെയാണ്‌ ഹുസ്സൈന്‍ ഷാഹി ഭരണകൂടത്തിന്റെ അന്ത്യം സംഭവിക്കുന്നത്‌. പൂര്‍ണ്ണമായും തകര്‍പ്പെട്ടില്ലെങ്കിലും ഈ ഭരണകൂടം പതിയെ പതിയെ മുഗളിലേക്ക്‌ ചേര്‍ക്കപ്പെടുകയാണുണ്ടായത്.

ഇതോടെ ബംഗാളടിസ്ഥാനപ്പെടുത്തി ഭരിച്ച ഇസ്‍ലാമിക ഭരണകൂടങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെട്ടു. പറയത്തക്ക കീഴടക്കലുകളും നിര്‍മ്മിതികളുമൊന്നും തന്നെ ഉയര്‍ന്നുവന്നിട്ടില്ലെങ്കിലും, ഇക്കാലത്താണ് ബംഗാള്‍ ദേശങ്ങളില്‍ ഇസ്‍ലാം വ്യാപിച്ചതെന്ന് മനസ്സിലാവുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter