ഇസ്‌ലാമും ശാസ്ത്രവും
ശാസ്ത്രം അജയ്യമാണെന്നും യുക്തിക്ക് പ്രാധാന്യം നല്‍കാത്ത മതങ്ങള്‍ അപ്രസക്തമാണെന്നുമുള്ള ചര്‍ച്ചകള്‍ നടക്കാറുണ്ട് ലോകത്ത്. ശാസ്ത്രം മതവിരുദ്ധമാണെന്നും ഇസ്‌ലാം നൂറു ശതമാനം ശാസ്ത്ര ബന്ധിതമാണെന്നുമുള്ള രണ്ടു തരം പ്രതികരണങ്ങളുമായി മുസ്‌ലിം ബുദ്ധിജീവികളും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. ഇതിനിടയില്‍, ഖുര്‍ആനും ശാസ്ത്രവും മുന്നില്‍ വെച്ചുകൊണ്ടുതന്നെയുള്ള ചര്‍ച്ചക്ക് ഇനിയും പ്രസക്തിയുണ്ടോ? ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഇസ്‌ലാമിന്റെ വര്‍ധിത വ്യാപനത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഓറിയന്റലിസ്റ്റ്-പടിഞ്ഞാറന്‍ അച്ചുതണ്ട് രൂപപ്പെടുത്തിയെടുത്തതാണ് ഒന്നാം തരം പഠനങ്ങള്‍. പക്ഷേ, അതിനെ പ്രതിരോധിക്കാന്‍ വേണ്ടി മുസ്‌ലിം സമൂഹം ഒപ്പിച്ചെടുത്ത മറ്റു രണ്ടുതരം പ്രചരണങ്ങളും ഇസ്‌ലാമിക പാഠങ്ങളെക്കുറിച്ച് നേരറിവുകള്‍ക്ക് പകരം തെറ്റിദ്ധാരണകളാണ് പരത്തിയത്. മറ്റു പല വിഷയങ്ങളോടുമെന്ന പോലെ ശാസ്ത്രത്തോടുള്ള നമ്മുടെ സമീപനങ്ങളിലും അനുബന്ധ വിശകലനങ്ങളിലും കൃത്യതയുണ്ടായിരുന്നില്ല. സത്യത്തില്‍ വിശുദ്ധ ഖുര്‍ആനിലെ ആറായിരത്തി അറുന്നൂറ്റി അറുപത്തിയാറ് സൂക്തങ്ങളില്‍ ശാസ്ത്ര സംബന്ധിയായിട്ടുള്ള സൂക്തങ്ങള്‍ ആയിരത്തോളമുണ്ട്. പ്രപഞ്ച സൃഷ്ടിപ്പു മുതല്‍ പ്രകൃതി ജീവജാല ഘടനകള്‍ വരെ അതുള്‍ക്കൊള്ളുന്നു. തദനുസൃതമായി ഖുര്‍ആന്‍ ഒരു ശാസ്ത്രീയ ഗ്രന്ഥമായി വിലയിരുത്തപ്പെട്ടു കൂടാ. അതായത് മതത്തിന്റെയും ശാസ്ത്രത്തിന്റെയും ധര്‍മങ്ങള്‍ രണ്ടാണ്. ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ നടത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, പുതിയ കണ്ടെത്തലുകളെയും ഗവേഷണങ്ങളെയും എങ്ങനെ യഥോചിതം ഉപയോഗിക്കാമെന്നും അതുവഴി ദൈവീക സാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ ഉല്‍ബുദ്ധനാകാമെന്നും മതം പഠിപ്പിക്കുന്നു. അതാണ് ഖുര്‍ആനിക സൂക്തങ്ങള്‍ ‘അടയാളങ്ങള്‍, ദൃഷ്ടാന്തങ്ങള്‍’ എന്നൊക്കെ അര്‍ത്ഥമുള്ള ‘ആയാത്ത്’ എന്ന അറബി സാങ്കേതിക പദം കൊണ്ട് വിവക്ഷിക്കുന്നതും. വിനഷ്ടമായിപ്പോയ മുസ്‌ലിം ശാസ്ത്ര പ്രതാപത്തെ കുറിച്ച് അഭിമാനം പറയാറുണ്ട്, നമ്മുടെ സാംസ്‌കാരിക ചര്‍ച്ചാ വട്ടങ്ങളൊക്കെയും; ഇബ്‌നു സീനാ, ഇബ്‌നു റുശ്ദ്, അല്‍ ജാബിര്‍ എന്നിങ്ങിനെ പടിഞ്ഞാറിനും ആധുനിക ശാസ്ത്ര ലോകത്തിനും ശാസ്ത്ര രംഗങ്ങളിലേക്ക് വഴികാട്ടിയവരെ പറഞ്ഞ്. പരീക്ഷണ-പര്യവേഷണങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന അടിക്കടിയുള്ള ഖുര്‍ആനിക അധ്യാപനങ്ങളിലൂടെ അറബ് സമൂഹത്തെ ഇസ്‌ലാം പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തമാക്കുകയായിരുന്നു. അങ്ങനെ അറബികളില്‍ നിന്നും പകര്‍ന്നു കിട്ടിയ ഈ പര്യവേഷണ ചോദനകള്‍ മൂലക്കല്ലാക്കിയാണ് ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ച സംഭവിക്കുന്നത്. അന്ധമായ വിരോധത്തിലോ അമിത ന്യായീകരണങ്ങളിലോ ഊന്നിയതാകരുത് നമ്മുടെ ചര്‍ച്ചകളും പഠനങ്ങളും. അതോടൊപ്പം ഖുര്‍ആന്‍ പകര്‍ന്നു തന്ന അറിവിന്റെയും അന്വേഷണ ത്വരയുടെയും ചുവടുപിടിച്ച് പൂര്‍വ തലമുറ കൈവരിച്ച ശാസ്ത്ര നേട്ടങ്ങള്‍ തിരിച്ചുപിടിക്കേണ്ടതുമുണ്ട്. അങ്ങനെ ശാസ്ത്ര രംഗത്ത് മതത്തിന്റെ സജീവത കൂടി ഉറപ്പിക്കാനാകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter