ഉറക്കം: പ്രവാചകാധ്യാപനങ്ങളുടെ ശാസ്ത്രീയത തെളിയിക്കപ്പെടുന്നു
അമേരിക്കയിലെ ലൈഫ് സയന്‍സ് ലാബില്‍ നടന്ന പരീക്ഷണം പ്രവാചകാധ്യാപനത്തിലെ ശാസ്ത്രീയത തെളിയിക്കുന്നതാണ്. വലത് കൈപ്പത്തി വലത്തേ കവിളിനടിയില്‍ വെച്ച് വലത് വശത്തേക്ക് ചെരിഞ്ഞുകിടക്കണമെന്ന പ്രവാചകവചനത്തെ അടിസ്ഥാനമാക്കിയത് പഠനം നടന്നത്. ഇങ്ങനെ കിടക്കുന്നതിലൂടെ ശരീരത്തിന് ഏറെ ആശ്വാസം ലഭിക്കാനും പെട്ടെന്ന് ഉറക്കം കിട്ടാനും സഹായകമാവുമെന്നും ഉറക്കഗുളികകള്‍ കഴിക്കേണ്ട ആവശ്യം വരില്ലെന്നുമാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ ലൈഫ് സയന്‍സ് ലാബ് ഡയരക്ടറായ ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ജമാലുദ്ദീന്‍ ഇബ്റാഹീമിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇത്തരത്തില്‍ പഠനം നടത്തിയത്. മരുന്നുകളും മറ്റു ചികില്‍സാരീതികളുടെയും പാര്‍ശ്വഫലങ്ങളായി ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രകൃതിപരമായ പരിഹാരം കണ്ടെത്തുക എന്ന അമേരിക്കന്‍ ഗവേഷണസ്ഥാപനങ്ങളുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണ് ഈ പഠനം നടത്തിയതെന്ന് ഡോക്ടര്‍ ജമാല്‍ പറയുന്നു. ഇയ്യിടെയായി ബ്രിട്ടനില്‍ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് സമാനമായ പഠനങ്ങള്‍ നടന്നിരുന്നെന്നും വലത് വശത്തേക്ക് ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിലൂടെ സ്വഛന്ദമായ ഉറക്കം ലഭിക്കുന്നതായും പേടിപ്പെടുത്തുന്ന രാത്രിസ്വപ്നങ്ങള്‍ ഇല്ലാതാകുന്നതായും ആ പഠനം തെളിയിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു. അതിനെ അടിസ്ഥാനമാക്കി, മുതിര്‍ന്നവരിലാണ് ഇപ്പോള്‍ പരീക്ഷണങ്ങള്‍ നടത്തിയത്. വലതുഭാഗത്തിന്മേല്‍ കിടക്കുന്നതിലൂടെ, ഇടതുഭാഗത്തുള്ള ഹൃദയം മേലെ വരുകയും താഴ്ഭാഗത്തേക്കുള്ള രക്തപ്രവാഹം സുഗമമാവുകയും ചെയ്യുന്നതിലൂടെ ശരീരത്തിന് ആശ്വാസം ലഭിക്കുകയും സുഖകരമായ ഉറക്കം സാധ്യമാവുകയും ചെയ്യുന്നു. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്റെ തലച്ചോറില്‍ വിവിധയിനം ഇലക്ട്രിക് ചാര്‍ജുകള്‍ വന്നടിയുന്നു. വലത്തേ കൈപ്പത്തി വലത്തേ കവിളിന് താഴെ നിലത്തോട് ചേര്‍ത്തുവെക്കുന്നതിലൂടെ അവ വളരെ വേഗം ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നു. മനുഷ്യശരീരത്തിന്റെ ഇടതും വലതും വശങ്ങള്‍ വൈദ്യുത-കാന്തികപരമായി തുല്യമല്ല, ഹൃദയം സ്ഥിതി ചെയ്യുന്ന ഇടത് ഭാഗത്താണ് ഇത്തരം തരംഗങ്ങള്‍ കൂടുതലായി ഉണ്ടാവുന്നത്. ആപേക്ഷികമായി വലതു ഭാഗത്ത് അവ കുറവായിരിക്കും. ശരീരത്തിന്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിന്റെ വലതു ഭാഗവും വലതുഭാഗത്തെ നിയന്ത്രിക്കുന്നത് ഇടതുഭാഗവുമാണെന്നത് നേരത്തെ തെളിയിക്കപ്പെട്ടതാണ്. തരംഗങ്ങള്‍ ആപേക്ഷികമായി കുറവുള്ള വലതുവശത്തെ കൈ, അവ കൂടുതലുള്ള ഭാഗത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ വലതുഭാഗത്തിന് താഴെ വെക്കുന്നതിലൂടെ അവ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് കൂടുതല്‍ സുഗമമവും വേഗത്തിലുമായിത്തീരുകയും കിടക്കുന്നവന് എത്രയും വേഗം സുഖകരമായ ഉറക്കം ലഭിക്കാന്‍ അത് സഹായകമാവുകയും ചെയ്യുന്നു. ഖുര്‍ആനിക സൂക്തങ്ങളിലെ ശാസ്ത്രീയ സത്യങ്ങള്‍ ഇതിനകം തന്നെ ധാരാളമായി തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. പ്രവാചകാധ്യാപനങ്ങളും അത്തരത്തില്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രവാചകരുടെ വചനങ്ങളൊന്നും തന്നെ സ്വയം പറഞ്ഞതല്ലെന്നും പ്രപഞ്ചനാഥനില്‍നിന്നുണ്ടാകുന്ന ദിവ്യബോധനത്തിലൂടെയാണ് പ്രവാചകര്‍ പറയുന്നതൊക്കെയുമെന്നും വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. ആ സത്യമാണ് ഇത്തരം കണ്ടെത്തലുകളിലൂടെ വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter