ജ്യോതിഷം: ഒരു ശാസ്ത്രപക്ഷ വായന
ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പത്രമാധ്യമങ്ങളുടെയും കലണ്ടറുകളുടെ പോലും മുഖ്യ ഇനമായി മാറിയിട്ടുണ്ട് നക്ഷത്ര വാരഫലങ്ങളിപ്പോള്‍. പത്രമാസികകളിലെ പ്രധാന വാര്‍ത്തകള്‍ വായിക്കുന്നതിന് മുമ്പ് ഇത്തരം ഭാവി പ്രവചനങ്ങള്‍ വായിച്ച് സമയം കളയാനാണ് പല അനുവാചകര്‍ക്കും താത്പര്യം. തങ്ങള്‍ ജനിക്കുമ്പോള്‍ ഉദിച്ച് നിന്നിരുന്ന ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നിലയും അവ മൂലം ജീവിതത്തിലുണ്ടാവുന്ന സുഖൈശ്വര്യങ്ങളും മനസ്സിലാക്കാന്‍ കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ തിടുക്കമാണ്. രാശികളുടെ ഗുണദോഷങ്ങള്‍ക്കനുസരിച്ചാണ് വൈവാഹിക ബന്ധവും പലരും നടത്താറുള്ളത്. ജ്യോതിഷം സമൂഹമനസ്സില്‍ എത്രമാത്രം വേരൂന്നിയിട്ടുണ്ടെന്ന് അടയാളപ്പെടുത്താന്‍ ഇത്രയും അനുഭവങ്ങള്‍ ധാരാളം.
ജ്യോതിര്‍ഗോളങ്ങളുടെ സ്ഥാനം നിര്‍ണയിച്ച് മനുഷ്യജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പ്രവചിക്കുന്ന സമ്പ്രദായമാണ് ജ്യോതിഷം. ബി.സി മൂന്നാം സഹസ്രാബ്ദത്തില്‍ മെസപ്പെട്ടോമിയയിലാണ് ഈ സമ്പ്രദായം ആദ്യമായി തുടങ്ങിയതതെന്ന് കരുതപ്പെടുന്നു. ഗ്രീക്കുകാരാണ് ഇതിനെ സാര്‍വത്രികമാക്കിയത്. അവര്‍, മനുഷ്യസ്വഭാവം ഗ്രഹങ്ങളിലാരോപിക്കുകയും ഭൂമിയിലെ സംഭവങ്ങള്‍ക്ക് ഗ്രഹങ്ങള്‍ കാരണമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ചൈനയിലും ഇന്ത്യയിലുമെല്ലാം വിവിധ മാനങ്ങളോടെ ഇത് നിലനിന്നിരുന്നു. ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ജ്യോതിഷ സംബന്ധിയായ പരാമ ര്‍ശങ്ങള്‍ ഇക്കാരണത്താല്‍ തന്നെ ഒട്ടധികം കണ്ടെത്താനാവും.
ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന സുഖ-ദുഃഖങ്ങള്‍ അയാളുടെ ജനനസമയത്തെ ഗ്രഹനിലയെ ആശ്രയിച്ചിരിക്കുന്നുവെന്നതാണ് ജ്യോതിഷത്തിന്റെ അടിസ്ഥാന തത്വം. ആകാശത്തെ ആകമാനം ജ്യോതിഷ് ചക്രമെന്ന് വ്യവഹരിച്ചിരിക്കുകയാണെങ്കില്‍ ജ്യോതിഷ ചക്രത്തിന് ഏറ്റവും മുകളിലായി നക്ഷത്രങ്ങളും അതിന് താഴെ ക്രമമായി ശനി, വ്യാഴം, ചൊവ്വ, സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, രാഹു, കേതു എന്നീ ഗ്രഹങ്ങളും ഇതിന്റെയെല്ലാം അടിയിലായി ഭൂമിയും സ്ഥിതി ചെയ്യുന്നുവെന്നതാണ് സങ്കല്‍പം. മേല്‍ഭാഗത്ത് പടിഞ്ഞാറോട്ടും കീഴ്ഭാഗത്ത് കിഴക്കോട്ടും ജ്യോതിഷ് ചക്രം നിരന്തരമായി ചലിച്ച് കൊണ്ടിരിക്കുന്നു. ഇതിനെ മേടം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, എടവം എന്നിങ്ങനെ പന്ത്രണ്ട് രാശികളാക്കി ഭാഗിച്ചിരിക്കുന്നു. ഇതിന് പുറമെ ആകാശത്തിലെ ഇരുപത്തിയേഴ് നക്ഷത്രങ്ങളെയും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു.
കറങ്ങിക്കൊണ്ടിരിക്കുന്ന ജ്യോതിഷ് ചക്രത്തില്‍ ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകകയും ചെയ്യുന്നു. ഒരാള്‍ ജനിക്കുമ്പോള്‍ ഇവ ഏത് ജ്യോതിഷ ചക്രത്തിന്റെ ഏതേത് ഭാഗത്താണ് എന്ന് കണ്ടുപിടിച്ച് എഴുതുന്നതിനെയാണ് ജാതകം (horoscope) എന്ന് പറയുന്നത്. ജ്യോത്സ്യന്‍ ഇത്തരം കാര്യങ്ങള്‍ അവലംബമാക്കി പ്രവചനം നടത്തുന്നു.
പ്രശ്‌നം, നിമിത്തം, മുഹൂര്‍ത്തം എന്നിവയാണ് ജ്യോതിഷത്തിന്റെ മറ്റു ഭാഗങ്ങള്‍. ദേവ പ്രശ്‌നം, കുടുംബ പ്രശ്‌നം, മോഷണ പ്രശ്‌നം തുടങ്ങിയ ധാരാളം പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം നിര്‍ദ്ദേശിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ശകുനം, ഭൂതാഗമനം കൊണ്ടുള്ള ഫലപ്രവചനം എന്നിവ നിമിത്ത ശാഖയില്‍ പെടുന്നു. മുഹൂര്‍ത്ത ശാഖ ശുഭകര്‍മങ്ങള്‍ക്ക് പറ്റിയ സമയം കണ്ടെത്താന്‍ സഹായിക്കുന്നു.
രാശി ചിഹ്നങ്ങളെ അവലംബമാക്കിയാണ് ഗുണദോഷങ്ങള്‍ പ്രവചിക്കപ്പെടുന്നത്. നിശാകാശത്തില്‍ നമുക്ക് കാണാന്‍ കഴിയുന്ന നക്ഷത്ര സമൂഹങ്ങളാണീ രാശികള്‍. സൂര്യന്‍ ഭൂമിക്ക് ചുറ്റും തിരിയുമ്പോള്‍ ഓരോ രാശിയിലും ഒരു മാസം തങ്ങുമെന്നും ഒരു വര്‍ഷം കൊണ്ട് 12 രാശികളെയും പൂര്‍ത്തിയാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ഈ രാശികള്‍ക്ക് മൃഗങ്ങളുടെയും മറ്റ് വസ്തുക്കളുടെയും രൂപങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് കര്‍ക്കിടകത്തിന് ഞെണ്ടിന്റെയും ചിങ്ങത്തിന് സിംഹത്തിന്റെയും മീനത്തിന് മത്സ്യത്തിന്റെയും തുലാമിന് തുലാസിന്റെയും രൂപങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. സൂര്യന്‍ ഏത് രാശിയിലാണെന്ന് നോക്കി ഓരോ വ്യക്തിക്കും നിശ്ചിത രാശികള്‍ നല്‍കപ്പെടുന്നു. ഉദാഹരണത്തിന് ജനുവരി 15ന് ജനിച്ച വ്യക്തിയാണെങ്കില്‍, ആ വ്യക്തിയുടെ രാശിചിഹ്നം മകരമായിരിക്കും. കാരണം, സൂര്യന്‍ രാശിയില്‍ ഡിസംബര്‍ 23ന് പ്രവേശിക്കുകയും ജനുവരി 19 വരെ നിലനില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ വിവിധ സമയങ്ങള്‍ക്കനുസരിച്ച് രാശികള്‍ മാറിക്കൊണ്ടിരിക്കും. മാത്രമല്ല, ആ രാശിയുടെ സവിശേഷ ഗുണങ്ങള്‍ ആ രാശിയില്‍ ജനിച്ച വ്യക്തിയില്‍ പ്രകടമാവുമെന്നും വിശ്വസിക്കപ്പെടുന്നു. മീനത്തില്‍ ജനിച്ചവന് മത്സ്യ സ്വഭാവവും ചിങ്ങത്തില്‍ ജനിച്ചവന് സിംഹത്തിന്റെ നേതൃപാടവവുമുണ്ടാകുമെന്ന് ജോത്സ്യന്മാര്‍ പറയും.
ആധുനിക ശാസ്ത്ര പഠനങ്ങളുടെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ രാശി ചിഹ്നങ്ങള്‍ അയഥാര്‍ത്ഥങ്ങളാണെന്ന് കാണാം. ഭൂമിയില്‍ നിന്ന് കാണുന്നത് പ്രകാരം അവ നക്ഷത്ര സമൂഹങ്ങള്‍ (constellation) മാത്രമാണ്. ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ള എണ്‍പത്തെട്ട് നക്ഷത്ര സമൂഹങ്ങളിലെ പന്ത്രണ്ടെണ്ണം മാത്രമാണ് ഈ രാശികള്‍. ഈ പന്ത്രണ്ട് നക്ഷത്ര സമൂഹങ്ങള്‍ക്ക് പുറമെ ഊഴ്‌സ മേജര്‍, ഊഴ്‌സ മൈനര്‍, ബൂട്ടസ്, ഓറിയോണ്‍, ആണ്‍ട്രോമിഡ, പെഗാസസ് തുടങ്ങി മറ്റു നക്ഷത്രങ്ങളെക്കൂടി നിശാകാശത്തില്‍ കാണാന്‍ കഴിയും.
സൂര്യന്റെ ക്രാന്തിവൃത്ത (ecliptic) (ആകാശത്തിലെ സൂര്യന്റെ സാങ്കല്‍പിക വഴി)ത്തിനു ചുറ്റും കാണപ്പെടുന്ന നക്ഷത്ര സമൂഹങ്ങളാണിവ. സൂര്യകുടുംബത്തിലുള്ള എല്ലാ അംഗങ്ങളെയും വൃത്താകൃതിയിലുള്ള ഒരു സ്‌റ്റേജില്‍ നൃത്തംവെക്കുന്നവരെന്ന് സങ്കല്‍പിച്ചാല്‍, സ്‌റ്റേജിനു ചുറ്റും പരന്നുകിടക്കുന്നവയായിരിക്കും രാശികള്‍. സൂര്യ സാമ്രാജ്യത്തിലെ അംഗമായ ഭൂമിയിലുള്ള നാം അപ്പോള്‍ രാശികളുടെ മുന്നില്‍ നിന്ന് ആകാശനൃത്തം ദര്‍ശിക്കുന്നവരുമായിരിക്കും. പുരാതന മനുഷ്യന്‍ ആകാശത്തിലേക്ക് വളരെ ആകാംക്ഷയോടെയും വിസ്മയത്തോടെയുമാണ് ദര്‍ശിച്ചിരുന്നത്. മഴയെയും ഇടിമിന്നലിനെയും ദുഷ്ടാത്മാക്കളുടെ പ്രവര്‍ത്തനങ്ങളോ ദൈവ കോപമോ ആണെന്ന് അവര്‍ വിശ്വസിച്ചു. ഈ വിശ്വാസം, ആകാശത്തില്‍ ദൈവങ്ങളും മൃഗങ്ങളും മറ്റുമുണ്ടെന്ന് ന്യായീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഈ രാശികള്‍ക്ക് വിവിധ പേരുകള്‍ നിലവില്‍ വന്നത്.
ഈ നക്ഷത്രങ്ങളുടെ രൂപങ്ങള്‍ നാഗരികതകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരുന്നു. ഉദാഹരണമായി, ഓറിയോണ്‍ എന്ന നക്ഷത്ര സമൂഹത്തിന് പുരാതന ഗ്രീക്കുകാര്‍ ഒരു വേട്ടക്കാരന്റെ ചിത്രമാണ് നല്‍കിയിരുന്നത്. അതേസമയം, ഈജിപ്തുകാര്‍ അതിന് മാനുകളുടെ രൂപം നല്‍കി. തെക്കേ അമേരിക്കയിലെ ചിമു, മോക് വര്‍ഗങ്ങള്‍ വെള്ളപ്പരുന്തിന് എറിയപ്പെട്ട മോഷ്ടാവിന്റെ ചിത്രമാണ് നല്‍കിയത്. ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ച്, ലബോറട്ടറി ഓഫ് പ്ലാനറ്ററി സ്റ്റഡീസ് മുന്‍ ഡയറക്ടറും ബഹിരാകാശത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത കാള്‍ സാഗന്‍ അഭിപ്രായപ്പെടുന്നു: ‘പുരാതന മനുഷ്യര്‍ വേട്ടക്കാരായിരുന്നതിനാല്‍ അവര്‍ നായകളെയും കരടികളെയും അവരെ രസം പിടിപ്പിച്ച മറ്റു വസ്തുക്കളെയും ആകാശത്ത് കണ്ടു. പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ കപ്പല്‍ യാത്രികര്‍ തെക്കേ ആകാശത്ത് ദര്‍ശിച്ചപ്പോള്‍ ആ നൂറ്റാണ്ടിലെ രസകരമായ വസ്തുക്കളായ ടെലിസ്‌കോപ്, മൈക്രോസ്‌കോപ്, വടക്കുനോക്കിയന്ത്രം തുടങ്ങിയവയുടെ രൂപങ്ങള്‍ കണ്ടു. ഇരുപതാം നൂറ്റാണ്ടിലെ നക്ഷത്ര സമൂഹങ്ങള്‍ക്ക് നാമനിര്‍ദേശം നടത്തിയാല്‍ സൈക്കിള്‍, റഫ്രിജറേറ്റര്‍, മറ്റു ഈ നൂറ്റാണ്ടിലെ അത്ഭുത വസ്തുക്കള്‍ കാണുമെന്നാണ് എന്റെ അഭിപ്രായം.’
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ നമുക്ക് തോന്നുന്ന മൃഗങ്ങളുടെയും മറ്റു വസ്തുക്കളുടെയും ചിത്രങ്ങള്‍, പ്രപഞ്ചത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ രാശി ചിത്രങ്ങളോട് തീര്‍ത്തും വ്യത്യസ്തമായിരിക്കും. അതിനാല്‍, നക്ഷത്രങ്ങള്‍ക്ക് സചേതനമോ അചേതനമോ ആയ വസ്തുക്കളുടെ രൂപം നല്‍കുന്നതില്‍ ന്യായമില്ല. മാത്രമല്ല, നക്ഷത്ര സമൂഹങ്ങള്‍ക്ക് ശരിയായ ചലനമുണ്ടെന്നാണ് ആധുനിക ശാസ്ത്ര മതം. അതിനാല്‍ ചലനം മൂലം അവയുടെ രൂപം വ്യത്യാസപ്പെടുകയും പുരാതന ഗ്രീക്കുകാരും സുമേറിയക്കാരും രൂപപ്പെടുത്തിയ ചിത്രങ്ങള്‍ മനസ്സിലാകാതിരിക്കുകയും ചെയ്യും.
സൂര്യന്‍ വ്യത്യസ്ത ദിശകളിലേക്ക് ചലിക്കുന്നുവെന്നതാണ് ജ്യോതിഷത്തിലെ മറ്റൊരു വിശ്വാസം. ഭൂമിയെ കേന്ദ്രമാക്കി ചന്ദ്രനും സൂര്യനും മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും നിശ്ചിത വശങ്ങളിലൂടെ ചുറ്റുന്നുവെന്ന പുരാതന ഗ്രീസിലെ വിശ്വാസമനുസരിച്ചാണിത്. പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍ നിക്കസ് എന്ന ഗോളശാസ്ത്രജ്ഞന്റെ ആഗമനത്തോടെയാണ് ഭൗമകേന്ദ്രീകൃതമായ ഈ സിദ്ധാന്തത്തിന് പ്രസക്തി വിനഷ്ടമായത്. സൂര്യന്‍ കേന്ദ്രമാക്കി (heleo-centric) പ്രദക്ഷിണം നടത്തുന്ന വെറുമൊരു ഗ്രഹമാണ് ഭൂമിയെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ആധുനിക ജ്യോതിശാസ്ത്രം (astronomy) തുടങ്ങുന്നത് ഈ കണ്ടുപിടുത്തത്തോടെയാണ്. അപ്പോള്‍, രാശികളും അതിനെ അടിസ്ഥാനമാക്കിയ ജ്യോതിഷവും ഭൂമി കേന്ദ്രമാക്കിയ പുരാതനവും അശാസ്ത്രീയവുമായ സിദ്ധാന്തത്തിലൂന്നിയതാണെന്ന് വ്യക്തം.
സൂര്യനു ചുറ്റും ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളും അവയുടെ ഭ്രമണപഥങ്ങളും അവക്കടുത്തായി രാശികളും സ്ഥിതി ചെയ്യുന്നു. ഭൂമി സൂര്യനെ കേന്ദ്രമാക്കി ഒരു ബിന്ദുവില്‍ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ചലിക്കുമ്പോള്‍ ഭൂവാസികള്‍ക്ക് സൂര്യന്‍ ഓരോ രാശിയിലും പ്രവേശിച്ചതായി തോന്നിക്കപ്പെടുന്നു. ജ്യോതിഷമനുസരിച്ച് സൂര്യന്‍ ഓരോ രാശിയിലും ഓരോ മാസം തങ്ങുന്നുവെന്നതാണ്. യഥാര്‍ത്ഥത്തില്‍ സൂര്യന്‍ സ്വസ്ഥാനത്തു തന്നെ നില്‍ക്കുകയും നാം ഉള്‍ക്കൊള്ളുന്ന ഭൂമി അതിനെ ചുറ്റുകയുമാണ് ചെയ്യുന്നത്. അതിനാല്‍ ഈ വാദം വെറും ദര്‍ശനമായ (optical illusion) മാത്രമാണ്.
25,800 വര്‍ഷക്കാലയളവില്‍ വളരെ സാവധാനത്തിലൊരു ചലനം ഭൂമിയുടെ അച്ചുതണ്ടിന് സംഭവിക്കുന്നുവെന്നത് ആധുനിക ശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞതാണ്. ഇത് വലിയ ഫലമാണുളവാക്കുന്നത്. അയനങ്ങളാ(equinoxes)യുള്ള, സൂര്യന്റെ സഞ്ചാരപഥത്തിലെ ഒരു ബിന്ദുവായ വസന്തവിഷുവ അയനങ്ങള്‍(vernal of spring equinoxes), സൂര്യന്‍ തെക്കുനിന്ന് വടക്കു ഭാഗത്തേക്ക് ഭൂമധ്യരേഖ മുറിച്ചു കടക്കുമ്പോള്‍ സംഭവിക്കുന്നതാണ്. മാര്‍ച്ചില്‍ ആണിത് നടക്കാറ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മേടം (aries) രാശിയുടെ നേരെയായിരുന്നു ഈ ബിന്ദു കാണപ്പെട്ടത്. ഇതുവരെ വസന്തവിഷുവ അയനത്തില്‍ (മാര്‍ച്ച് 21) ജനിക്കുന്ന ഒരാള്‍ മേടത്തില്‍ ജനിച്ചവനായാണ് ജ്യോതിഷത്തില്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്ന് ഭൂമിയുടെ അച്ചുതണ്ടിന്റെ സാവധാന ചലനം കാരണം വിഷുവ അയനത്തിന്റെ ബിന്ദു പടിഞ്ഞാറ് ഭാഗത്ത് മീന (pisces) ത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അതിനാല്‍ 21 മാര്‍ച്ചിന് ജനിച്ച ഒരാളുടെ രാശി മീനമായിരിക്കും; മേടമായിരിക്കില്ല. പക്ഷേ, ജ്യോതിഷത്തിലിപ്പോഴും പഴയ നാമകരണങ്ങളാണ് നടക്കുന്നത്. ഇങ്ങനെ ഓരോ രാശിയിലും വ്യത്യാസം വരും. ഇതില്‍ നിന്നെല്ലാം രാശികള്‍ക്ക് യാതൊരു അസ്തിത്വവുമില്ലെന്നും, അവ മനുഷ്യ സങ്കല്‍പങ്ങളുടെ സൃഷ്ടി മാത്രമാണെന്നും മനുഷ്യ വ്യക്തിത്വത്തെ സ്വാധീനിക്കുകയും രൂപീകരിക്കുകയും ചെയ്യുമെന്ന വിശ്വാസം ദുരൂഹമാണെന്നും മനസ്സിലാക്കാവുന്നതാണ്.
ശാസ്ത്രത്തിന്റെ ബാലപാഠം പഠിക്കുന്നതിന് മുമ്പ് ജ്യോതിഷവും (astrology) ജ്യോതിശാസ്ത്രവും (astronomy) വേര്‍തിരിക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ ജ്യോതിഷം പല അന്ധവിശ്വാസങ്ങളുടെയും കലവറയാണെന്നും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും പേരില്‍ വരുന്നത് മാത്രമാണതിലെ ശാസ്ത്രം എന്നും ഇന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും നമ്മുടെ പത്രമുത്തശ്ശിമാര്‍ ജ്യോതിഷത്തിനു പിന്നാലെ പായുന്നതിന്റെ യുക്തിയാണ് ഇനിയും സ്ഥിരീകരിക്കേണ്ടതായി ശേഷിക്കുന്നത്.
Leave A Comment