ജലം, ഖുര്‍ആനിക അധ്യാപനങ്ങളിലൂടെ
ജലം എന്ന അനുഗ്രഹം
പരിശുദ്ധ ഖുർആനിലെ വെള്ളത്തെ പരാമർശിക്കുന്ന പലയിടങ്ങളിലും അതൊരു അനുഗ്രഹമായാണ് പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു, ജീവനുള്ള എല്ലാത്തിനെയും നാം വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു, ഓരോ പ്രദേശങ്ങളിലെക്കും കൃത്യമായി കണക്കാക്കി ആകാശത്ത് നിന്നും ശുദ്ധമായ വെള്ളം ഭൂമിയിലേക്കിറക്കുകയും വെള്ളത്തെ ഭൂമിയിൽ നിന്ന് പുറപ്പെടുവി ക്കുകയും ചെയ്തു. ഭൂമിയതിനെ നിശ്ചിത കാലയളവ് ഉള്ളറകളില്‍ സൂക്ഷിക്കുന്നു.മനുഷ്യനും മറ്റു ജന്തു ജാലങ്ങള്‍ക്കും കുടിക്കുവാനും കൃഷി ഉപയോഗങ്ങള്‍ക്കും മലഞ്ചെരിവുകളിലൂടെ പുഴകളും അരുവികളുമായി അല്ലാഹു ജലത്തെ ഒഴുക്കി, സമുദ്രങ്ങളില്‍ പരസ്പര കൂടിച്ചേരലുകള്‍ക്ക് തടയിടുന്ന മറകളുണ്ടാക്കുകയും അതിവിശാലമായ ജലസംഭരണികളായി അവയെ സംവിധാനിക്കുകയും ചെയ്തു.
ഖുർആനിലെ ജലത്തിന്റെ സവിശേഷതകളും ആധുനിക ശാസ്ത്രവും
ജലവുമായി ബന്ധപ്പെട്ട ഒട്ടനവധി ശാസ്ത്ര സത്യങ്ങളും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. ജീവജാലങ്ങളുടെ അടിസ്ഥാനം വെള്ളമാണെന്നതാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. അല്ലാഹു പറയുന്നു: വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (അമ്പിയാഅ് 30)
എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത് വെള്ളം കൊണ്ടാണെങ്കില്‍ അവയെ സംരക്ഷിക്കുന്നതും വെള്ളം കണ്ട് തന്നെയാണ്. ഓരോ വസ്തുവിലും വെള്ളം അതിന്റെതായ ദൗത്യ നിര്‍വഹണം നടത്തുന്നു. മേഘങ്ങളായും മഴത്തുള്ളികളായും, അരുവികളും പുഴകളുമായും അത് സംവിധാനിക്കപ്പെടുന്നു. അതുപോലെ വൃക്ഷ ശിഖിരങ്ങളിലെ ഹരിതഹേതുവായും സിരകളില്‍ ഒഴുകുന്ന രക്തമായും വെള്ളം രൂപം പ്രാപിക്കുന്നു.
മനുഷ്യ സൃഷ്ടിപ്പ്
ഓരോ മനുഷ്യന്റെയും സൃഷ്ടിപ്പ് വെള്ളത്തിന്റെ ഒരു നേർത്തെറിപ്പിൽ നിന്നാണ് (ഇന്ദ്രിയ തുള്ളിയിൽ നിന്ന്) ആരംഭിക്കുന്നത്. സർവ്വശക്തൻ പറയുന്നു: അവന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ചിന്തിക്കട്ടെ, തെറിച്ച് വരുന്ന വെള്ളത്തിൽ നിന്നാണ് അവന്‍ ഉണ്ടായത്. (അൽ-താരിഖ്: 5, 6)ആദ്യ മൂന്ന് ദിവസത്തിനുശേഷം ഗര്‍ഭപിണ്ഡത്തിന്റെ 97 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ടാകും. 3 മാസമാകുമ്പോൾ ശരീരത്തിലെ ജലത്തിന്റെ അനുപാതം 91 ശതമാനമായി കുറയുന്നു ഒരു നവജാത ശിശുവിലുണ്ടാവുന്ന ജലത്തിന്റെ അനുപാതം 80 ശതമാനത്തിലേക്ക് എത്തുന്നു, ഒരു വര്‍ഷം തികയുമ്പോള്‍ ശരീരത്തിലെ ജലത്തിന്റെ അനുപാതം മുതിർന്നവരെപ്പോലെ 66% ആയി കുറയുന്നു. കൂടാതെ ഓരോ അവയവത്തിലെയും ജലത്തിന്റെ അനുപാതം അതിന്റെ പ്രവർത്തനമനുസരിച്ച് വ്യത്യാസപ്പെടുന്നു, അതിനാൽ മസ്തിഷ്ക കോശങ്ങൾ 70% വെള്ളം ഉൾക്കൊള്ളുമ്പോള്‍, രക്തത്തിൽ ഇത് 82 ശതമാനവും ശ്വാസകോശത്തിൽ 90 ശതമാനവും എത്തുന്നു.
അല്ലാഹു ഇപ്രകാരം പറയുന്നു : അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു. (അൽ-ഫുർഖാൻ: 54)
ഭൂമിയിലെ ജലസ്രോതസ്സ്
വെള്ളത്തിന്റെ സ്രോതസ്സ് ഭൂമിയാണെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. സർവശക്തൻ പറയുന്നു: അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.ജലം ഭൂമിയിൽ നിന്ന് പുറത്തുവന്നതാണെന്ന് ഖുർആൻ ചൂണ്ടിക്കാണിക്കുന്നു, ആധുനിക ശാസ്ത്രം അത് തെളിയിക്കുകയും ചെയ്യുന്നു. ഭൂമി രൂപപ്പെടാൻ തുടങ്ങിയപ്പോൾ, അതിന്റെ ഘടകങ്ങള്‍ കൂട്ടിയിടിച്ചത് മൂലമുണ്ടായ ചൂട് കാരണം അത് ചൂടുള്ളതായിരുന്നു.
കൂടാതെ അതിന്റെ ഗുരുത്വാകർഷണബലവും റേഡിയോ ആക്ടിവിറ്റിയും കാരണം, ഭൂമിയുടെ കാമ്പിനെ രൂപീകരിച്ചു കൊണ്ട് ഭൂമിയുടെ ആന്തരികത്തിൽ മുങ്ങിപ്പോയ ഇരുമ്പിനെ ഉരുക്കും വിധത്തിൽ ചൂടിന്റെ താപനില വർദ്ധിച്ചുകൊണ്ടിരുന്നു. അതോടെ അഗ്നിപർവ്വത സ്ഫോടനം നിലനിൽക്കുകയും ഭൂമി വലിയ അളവിൽ ജല നീരാവിയെയും ചൂടുള്ള ചുവന്ന ലാവകളാലുള്ള കടൽ പോലെ തോന്നിപ്പിക്കുന്ന പർപ്പിൾ ട്യൂണിക് പോലോത്ത ഭൂമിയെ മൂടുന്ന മറ്റ് വാതകങ്ങളെയും പുറന്തള്ളുകയും ചെയ്തു. അതിനുശേഷം ഭൂമി സാവധാനം തണുക്കാൻ തുടങ്ങി, ഭൂമി ഉറച്ചു നിൽക്കുകയും അതിന്റെ ഉപരിതലത്തിൽ പർവതങ്ങൾ ഉയർന്ന് വരികയും ചെയ്തു.
തുടർന്ന് മേഘങ്ങളും നീരാവികളും കട്ടിയാവുകയും മഴ വർഷിക്കുകയും ചെയ്തു. അങ്ങനെ സമുദ്രങ്ങൾ ഉടലെടുത്തു. തുടർന്ന് ഭൂമിയുടെ പുറംതോട് ഘടകങ്ങളുടെ രാസ-കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി സോഡിയവുമായി അഗ്നിപർവ്വത വാതകങ്ങളിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ കൂടിച്ചേർന്നതിന്റെ പശ്ചാതലത്തിൽ സമുദ്രത്തിലെ ജലങ്ങൾ ഉപ്പുരസം ഉള്ളതായി എന്നാണ് ശാസ്ത്രീയ വിശദീകരണം. ചുരുക്കത്തില്‍, ഭൂമിയിലെ ജലസ്രോതസ്സ് അതിന്റെ ആന്തരികഭാഗം തന്നെയാണ് എന്നര്‍ത്ഥം.
വെള്ളമെന്ന രോഗ ശമനി
വെള്ളത്തിന്റെ രോഗം ശമിപ്പിക്കാനുള്ള കഴിവ് ആധുനിക ശാസ്ത്രവും സമ്മതിക്കുന്ന കാര്യമാണ്. ജലത്തെ ഒരു പ്രത്യേക രീതിയിൽ സംവിധാനിച്ചാല്‍, അതിന്റെ തന്മാത്രകളും ധ്രുവങ്ങളും തദനുസൃതമായി ക്രമീകരിക്കപ്പെടുകയും രോഗശമന ശേഷി കൈവരിക്കുകയും ചെയ്യുമത്രെ.വെള്ളം രോഗങ്ങൾക്ക് ശമനമാണെന്ന് നബി (സ്വ) പഠിപ്പിക്കുന്നുണ്ട്. ഒരു മനുഷ്യന് കണ്ണേറ് തട്ടിയാൽ ആ കണ്ണേറ് വെച്ച ആൾ കുളിച്ച വെള്ളം കൊണ്ടോ വുളൂ എടുത്ത വെള്ളം കൊണ്ടോ കുളിപ്പിക്കുക വഴി കണ്ണേറ് ഭേദമാകുമെന്ന് ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. വിവിധ അസുഖങ്ങള്‍ക്ക് ഖുര്‍ആന്‍ സൂക്തങ്ങളോതി വെള്ളത്തില്‍ ഊതിക്കുടിക്കുന്നതും സ്ഥിരപ്പെട്ട രീതികള്‍ തന്നെ.
അല്‍പം കൂടി ആഴത്തിലേക്ക് ചിന്തിച്ചാല്‍, അല്ലാഹുവില്‍നിന്ന് നേരിട്ട് ഭൂമിയിലേക്ക് പതിച്ച രണ്ട് അനുഗ്രഹങ്ങളാണ് ഖുര്‍ആനും വെള്ളവും എന്ന് പറയാം. ഇവ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, സ്വാഭാവികമായും കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന ഏകോദരസഹോദരങ്ങളുടെ വികാരവായ്പുകള്‍ സ്വാഭാവികം. രണ്ടും രോഗശമനശേഷിയുള്ളതാണെന്നത് കൂടി കൂട്ടി വായിക്കുമ്പോള്‍, അവിടെ പിറവി കൊള്ളുന്നത് ഏത് രോഗത്തെയും ശമിപ്പിക്കാനുള്ള അതിശക്തമായ ഒറ്റമൂലി തന്നെയാവുമെന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ.
വെള്ളമില്ലാത്ത ലോകമോ
വെള്ളമില്ലാത്ത ലോകത്തെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ. ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം ഭീകരമായിരിക്കും അതെന്ന് പറയേണ്ടതില്ലല്ലോ. വെള്ളം വറ്റി വിളറി വെളുക്കുന്ന ലോകത്ത്, കൊച്ചു കുട്ടികള്‍ പോലും വൃദ്ധരെപ്പോലെയായിരിക്കും കാണപ്പെടുക എന്നാണ് അനുമാനിക്കപ്പെടുന്നത്, അതും ഏതാനും ദിവസങ്ങള്‍ മാത്രം. ശേഷം മനുഷ്യസമൂഹമെന്ന് മാത്രമല്ല, എല്ലാ ജീവജാലങ്ങളും കൂട്ട മരണത്തിലേക്ക് നീങ്ങുന്നത് നോക്കി നില്‍ക്കാന്‍ പോലും ആളുകളുണ്ടാവില്ലത്രെ. അടുത്ത ലോകമഹായുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് വരെ പറയപ്പെടാറുള്ളത് പോലും ഈ പശ്ചാത്തലത്തിലാണ്.ഇവിടെയാണ് സൂറതുല്‍ മുല്‍കിലൂടെ അല്ലാഹു ചോദിക്കുന്നത് പ്രസക്തവും അതിലേറെ ചിന്തോദ്ദീപകവുമാവുന്നത്, അതിങ്ങനെ വായിക്കാം. ചോദിക്കുക: നിങ്ങളൊന്ന് പറയൂ, നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ നിങ്ങള്‍ക്ക് ഒഴുകുന്ന വെള്ളം കൊണ്ടുവന്നുതരുന്നതാരാണ്? എത്ര അര്‍ത്ഥ ഗര്‍ഭമായ ചോദ്യം. അതിന്റെ തലവൈജാത്യങ്ങളില്‍ അല്‍പമെങ്കിലും മനസ്സിലാക്കുന്നവര്‍ അത് കേള്‍ക്കേണ്ട താമസം അറിയാതെ പ്രാര്‍ത്ഥിച്ചുപോവും, നാഥാ, ഒരിക്കലും ഞങ്ങളോട് അങ്ങനെ ചെയ്യരുതേ... നീ കാരുണ്യവാനും കരുണാവാരിധിയുമല്ലേ...
Leave A Comment