ശാസ്ത്രവും ഇസ്‌ലാമും: ചില സന്ധിസംഭാഷണങ്ങള്‍
ശാസ്ത്ര സാങ്കേതിക വിദ്യയോട് പൊതുവിലും വിവര സാങ്കേതിക വിദ്യയോട് പ്രത്യേകിച്ചും ഇസ്‌ലാമിന്റെ നിലപാട് എന്ത് എന്ന് പരിശോധിക്കാനുള്ള ഒരെളിയ ശ്രമമാണ് നടത്തുന്നത്. 1983ല്‍ പതിനേഴ് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത തല പ്രതിനിധികള്‍ പങ്കെടുത്ത ഒരു ഹൈ ലെവല്‍ കോണ്‍ഫറന്‍സ് നടന്നു കുവൈത്തില്‍. അറബ്- മുസ്‌ലിം രാജ്യങ്ങളിലെ ശാസ്ത്ര രംഗത്തെ പിന്നാക്കാവസ്ഥ ചര്‍ച്ചചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജന്‍ഡ. പ്രതീക്ഷിച്ചതിനു വിപരീതമായി, ചര്‍ച്ച മുഴുവന്‍ കേന്ദ്രീകരിച്ചത് ഒരൊറ്റ വിഷയത്തിലാണ്; ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഇസ്‌ലാമിക മാനം; ചോദ്യം ഇതായിരുന്നു, ശാസ്ത്രവും സാങ്കേതിക വിദ്യയും ഇസ്‌ലാമികമാണോ? യോഗത്തില്‍ പങ്കെടുത്ത ചില പ്രതിനിധികളുടെ നിലപാട് വിചിത്രമായിരുന്നു. ശുദ്ധ ശാസ്ത്രം സെക്യുലര്‍ ചിന്താഗതിയെ വളര്‍ത്തുന്നു; ആയതിനാല്‍ അത് ഇസ്‌ലാമിക വിരുദ്ധവും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. എന്നാല്‍, സാങ്കേതിക വിദ്യകള്‍ക്ക് അത്തരം ദൂഷ്യങ്ങളില്ലാത്തതിനാല്‍ അവ ആകാവുന്നതാണ്. യോഗം ഉന്നയിച്ച പ്രധാന ചോദ്യത്തിനുള്ള ഉത്തരം ഈ നിലപാടില്‍ തന്നെയുണ്ട്. ഓയില്‍ റിഫൈനറികള്‍ മുതല്‍ കാന്‍ ഓപ്പണര്‍ വരെ പാശ്ചാത്യരില്‍ നിന്ന് വിലക്കുവാങ്ങുന്ന സാങ്കേതികതകള്‍ അറബ് രാജ്യങ്ങളില്‍ പുഷ്പിച്ച് നില്‍ക്കുമ്പോഴും സ്വന്തമായി ഒരു മിസൈല്‍ പോയിട്ട് കളിക്കോപ്പു പോലും ഉല്‍പാദിപ്പിക്കാന്‍ പല മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ഇന്നും കഴിയാതെ പോകുന്നത് ശാസ്ത്രവിദ്യകളെ കുറിച്ചുള്ള ഈ നിലപാടിന്റെ കൂടി ഫലമാണ്. ശാസ്ത്രസാങ്കേതിക രംഗത്തെ ഇസ്‌ലാമിന്റെ പൈതൃകത്തെ കുറിച്ച് ‘ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന് മേനിനടിക്കുമ്പോഴും വര്‍ത്തമാനലോകത്തെ മുസ്‌ലിം രാഷ്ട്രങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ പോയിട്ട് പല പൗരസ്ത്യ വികസ്വര രാഷ്ട്രങ്ങള്‍ക്കും വരെ പിറകിലായിപ്പോയത്; പാക്കിസ്താനി ഭൗതിക ശാസ്ത്രജ്ഞന്‍ അമീറലി ഹുസ്‌ബോയിയുടെ വാക്കുകള്‍ കടമെടുത്താല്‍, ശാസ്ത്രവിദ്യകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന എവിടെയോ രൂഢമൂലമായ ഈ തെറ്റിദ്ധാരണയാണ്. ഈ തെറ്റിദ്ധാരണക്ക് പല കാരണങ്ങളുമുണ്ട്. ശാസ്ത്രീയ വിപ്ലവത്തിന്റെ പിന്‍ബലത്തില്‍ കോളനിവത്കരിക്കപ്പെട്ട രാഷ്ട്രങ്ങള്‍ക്ക് ഈ വിദ്യകളോട് വെറുപ്പുണ്ടായത് സ്വാഭാവികമായിരുന്നു; കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും ശാസ്ത്രത്തിന്റെ ഇസ്‌ലാമിക പൈതൃകം മായ്ച്ചുകളയാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനൊക്കെയപ്പുറം സൈദ്ധാന്തിക ശാസ്ത്രത്തിനും മതത്തിനും പൊതുവായ പല മേഖലകളിലും ഇസ്‌ലാമിലും ശാസ്ത്രത്തിലും പ്രകടമായ വൈരുധ്യങ്ങളുണ്ടെന്ന കാര്യമാണ് ഏറ്റവും പ്രധാന കാരണം. ഉദാഹരണമായി മനുഷ്യോത്പത്തിയെ കുറിച്ച് ഇസ്‌ലാമിനും ശാസ്ത്രത്തിനുമുള്ള കാഴ്ചപ്പാടുകള്‍; നീണ്ട പരിണാമ പ്രക്രിയക്കൊടുവില്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യജീവി ആവിര്‍ഭാവം ചെയ്തുവെന്ന് ശാസ്ത്രം വിഭാവനം ചെയ്യുമ്പോള്‍, കളിമണ്ണില്‍ നിന്ന് ഒരു പൂര്‍ണമനുഷ്യനെ പൊടുന്നനെ സൃഷ്ടിച്ച് അതില്‍ ജീവന്‍ സന്നിവേശിപ്പിച്ചുവെന്ന് ഇസ്‌ലാം വെളിപ്പെടുത്തുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചവും അതിലുള്ളതും സൃഷ്ടിച്ച് അല്ലാഹു എല്ലാറ്റിനെയും ശുദ്ധ ശൂന്യതയിലേക്ക് മടക്കും എന്ന് മതം വിശദീകരിക്കുമ്പോള്‍ ആദ്യവും അന്ത്യവുമായ നിലകൊള്ളുന്നൊരു പദാര്‍ത്ഥിക സങ്കല്‍പത്തെ ശാസ്ത്രത്തിന്റെ ഭൗതിക തത്വശാസ്ത്രം പരിചയപ്പെടുത്തുന്നു. ഏഴ് ആകാശങ്ങളെയും ഏഴു ഭൂമികളെയും കുറിച്ച് പരിചയപ്പെടുത്തുന്ന ഖുര്‍ആനും ആകാശങ്ങളെ കുറിച്ചോ ഒന്നില്‍ കൂടുതല്‍ ഭൂമിയെ കുറിച്ചോ ഒന്നുമറിയാത്ത ശാസ്ത്രവും വിവിധ ധ്രുവങ്ങളിലേക്ക് നീങ്ങുന്നു. രക്ത ചംക്രമണം ഹൃദയത്തിന്റെ പ്രധാന കര്‍ത്തവ്യമായി കാണുന്ന ശാസ്ത്രവും നന്മ- തിന്മകളുടെ പ്രഭവകേന്ദ്രമായി ഹൃദയത്തെ വീക്ഷിക്കുന്ന ഖുര്‍ആനും വിവിധ ചേരികളിലേക്ക് നീങ്ങുന്നു. പ്രകടമായ ഇത്തരം വൈരുധ്യങ്ങള്‍ ഒരാളെ മതനിരാസത്തിലേക്ക് നയിക്കുമോ എന്ന ഭയം ഇപ്പോഴും പലരിലുമുണ്ട്; അതുകൊണ്ട് ഇത്തരം ശാസ്ത്ര പഠനത്തിന് ഇസ്‌ലാം എതിരാണ് എന്ന ധാരണയും. ഇസ്‌ലാം ശാസ്ത്രവിരുദ്ധമാണോ എന്ന ധാരണയെ പ്രതിരോധിക്കുന്നതില്‍ ഇന്ന് നമ്മുടെ പഠനങ്ങള്‍ വേണ്ടപോലെ വിജയിച്ചിട്ടില്ല. ശാസ്ത്രം ഇസ്‌ലാമികമാണോ? എന്ന ചോദ്യത്തെ പലപ്പോഴും നമ്മുടെ ചിന്തകള്‍ നേരിടുന്നത് ഇസ്‌ലാം ശാസ്ത്രീയമാണ് എന്ന് തെളിയിച്ചു കൊണ്ടാണ്. വ്യക്തമായിപ്പറഞ്ഞാല്‍, ഇസ്‌ലാം-ശാസ്ത്ര താരതമ്യ പഠനത്തില്‍ മിക്കതും ഉടക്കിനില്‍ക്കുന്നത് ഒന്നുകില്‍ ഖുര്‍ആനും ഹദീസും ഉള്‍ക്കൊള്ളുന്ന ചില ശാസ്ത്ര സൂചനകള്‍ വിശദീകരിക്കുന്നതിലോ, അല്ലെങ്കില്‍ ശാസ്ത്രത്തിന്റെ മുസ്‌ലിം പൈതൃകത്തെ കുറിച്ച് അവകാശവാദം ഉന്നയിക്കുന്നതിലോ മാത്രമാണ്. ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും ശാസ്ത്രീയത സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ചിലരെങ്കിലും അതിരു കടക്കുകയും ചെയ്തു. ഖുര്‍ആന്‍ പറയുന്നത് ഇന്നല്ലെങ്കില്‍ നാളെ ശാസ്ത്രം അംഗീകരിക്കേണ്ടി വരും എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇതിനു തെളിവാണ്. പര്‍വതീകരണ സ്വഭാവമുള്ള ഇത്തരം നിരീക്ഷണങ്ങളില്‍ പലതും ഇസ്‌ലാമിന്റെ വിമര്‍ശകരെ വിമര്‍ശനാത്മകമായി കാര്യങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം ഖുര്‍ആനിലും ശാസ്ത്രത്തിലും ഈ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ശാസ്ത്രം ഈ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിന് മുമ്പ് എന്തുകൊണ്ട് നിങ്ങള്‍ അത് പുറത്തുകൊണ്ടുവന്നില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ അവര്‍ മുന്നോട്ടുവെക്കുന്നു. ശാസ്ത്രത്തിനു പിണഞ്ഞ ഭീമാബദ്ധങ്ങളെയും തെറ്റുതിരുത്തല്‍ പരമ്പരകളെയും ഉയര്‍ത്തിക്കാട്ടി നമ്മുടെ ചിന്തകര്‍ പ്രത്യാക്രമണം നടത്തുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഖുര്‍ആന്‍ സൂര്യന്‍ ചലിക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍, സൂര്യന്‍ ചലിക്കുന്നില്ലെന്നു പറഞ്ഞ ശാസ്ത്രം പിന്നീടത് തിരുത്തി; ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നു പറഞ്ഞ ശാസ്ത്രം പിന്നീടത് തിരുത്തി സൂര്യനാണെന്നും ഇപ്പോഴതും തിരുത്തി അങ്ങനെയൊരു കേന്ദ്രമില്ലെന്നും ഉണ്ടെങ്കിലത് ഏത് ബിന്ദുവുമാകാമെന്നും തിരുത്തി.. ഇങ്ങനെ പോകുന്നു നമ്മുടെ പ്രത്യാക്രമണങ്ങള്‍. ഈ ആക്രമണ- പ്രത്യാക്രമണ പരമ്പരകള്‍ ശാസ്ത്രവും ഇസ്‌ലാമും സംഘട്ടനത്തിലാണെന്ന ധാരണ തിരുത്തുന്നതിനു പകരം അതിനെ അരക്കിട്ടുറപ്പിക്കുന്നു. ശാസ്ത്രീയമായി ഈ വിഷയം വിശകലനം ചെയ്യുന്നതിലെ അപാകതകളാണ് ഇതിനു കാരണം. മേല്‍ സൂചിപ്പിച്ച ഇരുവിഭാഗത്തിന്റെയും വാദഗതികള്‍ നിരര്‍ത്ഥകങ്ങളാണ്. ശാസ്ത്രത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള നമ്മുടെ സങ്കല്‍പങ്ങളിലെ പാളിച്ചകളാണ് ഇത്തരം തെറ്റിദ്ധാരണകള്‍ക്കാധാരം. എന്താണ് യഥാര്‍ത്ഥത്തില്‍ ശാസ്ത്രം? ഐന്‍സറ്റീന്‍ ശാസ്ത്രത്തെ നിര്‍വചിക്കുന്നത് It is the methodical thinking directed towards finding regulative connections between our sensual experiences നമ്മുടെ ഐന്ദ്രികാനുഭവങ്ങള്‍ക്കിടയിലെ പൊതുവായ ബന്ധം കണ്ടെത്താനായി വ്യവസ്ഥാപിതമായ ചിന്ത എന്ന്. അക്കാദമിക് പ്രസ് ഡിക്ഷ്‌നറി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ നിര്‍വചനം ഇങ്ങനെയാണ്: Science is the systematic observation of natural events and conditions, inorder to discover facts about them to formulate principles based on these facts. പ്രകൃതി പ്രതിഭാസങ്ങളെ വ്യവസ്ഥാപിതമായി നിരീക്ഷിച്ച് അതുവഴി യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുകയും ഈ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കി നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക. ഈ നിര്‍വചനങ്ങളില്‍ നിന്നും വ്യക്തമാകുന്ന സുപ്രധാന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 1. ശാസ്ത്രത്തിന്റെ അടിസ്ഥാനം പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് (Experiments and observations). പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അപ്രാപ്യമായത് ശാസ്ത്രത്തിന്റെ മേഖലയല്ല. എന്നാല്‍, മതത്തിന്റെ അടിസ്ഥാനം, Revelation അഥവാ വെളിപാടും അതില്‍ ആധാരമായ ഗവേഷണങ്ങളുമാണ്. വെളിപാടു സത്യങ്ങള്‍ക്ക് ആധികാരികതയാണ് പ്രധാനം. ആധികാരിക സത്യങ്ങള്‍ പരീക്ഷണ- നിരീക്ഷണങ്ങള്‍ക്ക് അപ്പുറത്താണെങ്കിലും മതത്തില്‍ തീര്‍ത്തും അംഗീകൃത വസ്തുതകളാണ്. 2. മിക്ക ശാസ്ത്ര തത്വങ്ങളും നിഗമനങ്ങളോ സിദ്ധാന്തങ്ങളോ ആണ് (Theories or hypothesis). ഇവ രണ്ടും താല്‍ക്കാലിക സത്യങ്ങളാണ്. ഇതുവരെയുള്ള നിരീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ കണ്ടെത്തലുകള്‍ സംഭവിച്ചാല്‍ പഴയത് പാടെ ഉപേക്ഷിക്കുകയോ പരിഷ്‌കരിക്കുകയോ വേണ്ടിവരും. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാത കൃതിയില്‍ സ്റ്റീഫന്‍ ഹോക്കിങ് ഈ വസ്തുതയെക്കുറിച്ച് ഇങ്ങനെ നിരീക്ഷിക്കുന്നു; ഒരു ഭൗതിക സിദ്ധാന്തം എപ്പോഴും താല്‍ക്കാലികം മാത്രമാണ്; അഥവാ, അത് എപ്പോഴും ഒരു നിഗമനം മാത്രമാണ്. പുതിയ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് പഴയത് പരിഷ്‌കരിക്കുകയും മുന്‍ കണ്ടെത്തലുകള്‍ തെറ്റായിരുന്നാല്‍ അത് തിരുത്തിപ്പറയുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. അതിന് ശാസ്ത്രത്തെ പഴിക്കരുത്. ടെലസ്‌കോപ്പിന്റെ കണ്ടുപിടുത്തവും ഗലീലിയോയുടെ നിരീക്ഷണങ്ങളും ശാസ്ത്രത്തെ ടോളമിയുടെ പഴയ ജിയോസെന്‍ട്രിക് കണ്‍സെപ്റ്റ് തിരുത്താന്‍ പ്രേരിപ്പിച്ചത് അതുകൊണ്ടാണ്. എന്നാല്‍, മതത്തിലാകട്ടെ താല്‍ക്കാലിക സത്യങ്ങളില്ല. ഇന്നലെ ശരിയായിരുന്നത് നാളെ മതത്തിലോ ഖുര്‍ആനിലോ അസത്യമായി മാറുന്നില്ല. ‘മുന്നിലൂടെയോ പിന്നിലൂടെയോ അസത്യമായത് അതിലേക്ക് വ്യാപരിക്കുകയേ ഇല്ല.’ (വി.ഖു 41:42) ‘ഖുര്‍ആനെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ലേ, അത് അല്ലാഹുവല്ലാത്ത മറ്റൊരാളില്‍ നിന്നായിരുന്നുവെങ്കില്‍ ധാരാളം വൈരുധ്യങ്ങള്‍ അതിലവര്‍ എത്തിക്കുമായിരുന്നു.’ (4:82) ഇവിടെ ഒരു ചോദ്യമുദിക്കുന്നു; പൗരാണികമായ ചില ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലെങ്കിലും അശാസ്ത്രീയ പ്രസ്താവനകള്‍ കടന്നുകൂടുകയും ഇന്ന് നാമവ തിരുത്തുകയും ചെയ്യുന്നില്ലേ? ആധുനിക ശാസ്ത്ര നിഗമനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് നാം നടത്തുന്ന ചില വ്യാഖ്യാനങ്ങളെങ്കിലും നാളെ തിരുത്തേണ്ടി വരില്ലെന്നുണ്ടോ? എങ്കില്‍ പിന്നെ ഖുര്‍ആനിക സത്യങ്ങള്‍ സാര്‍വകാലിക സത്യങ്ങളാണെന്ന് അവകാശപ്പെടുന്നതെങ്ങനെ? ഇസ്‌ലാമിക പ്രാമാണിക ശാസ്ത്രത്തിലെ ഒരു സുപ്രധാന ചര്‍ച്ചയിലേക്ക് ഇവിടെ നമ്മുടെ ശ്രദ്ധ തിരിയേണ്ടതുണ്ട്. ഖുര്‍ആനിക വാക്യങ്ങളുടെ വചനങ്ങള്‍ (നുസ്വൂസുകള്‍) നൂറുശതമാനവും സംശയലേശമന്യെ സ്ഥിരപ്പെട്ടവയാണ്. എന്നാല്‍, അവയുള്‍ക്കൊള്ളുന്ന ആശയങ്ങളും അങ്ങനെത്തന്നെയാണോ? ഇസ്‌ലാമിലെ പ്രാമാണിക ശാസ്ത്ര പണ്ഡിതര്‍, ഖുര്‍ആനിക വചനങ്ങളെ അവയുടെ അസ്തിത്വം, ആശയം എന്നിവയെ അടിസ്ഥാനമാക്കി രണ്ടായി തരം തിരിക്കുന്നു. ഖുര്‍ആനിക വചനങ്ങള്‍ അവയുടെ അസ്തിത്വം അടിസ്ഥാനമാക്കി ഖത്വ്ഇയ്യ് (സംശയ ലേശമന്യെ സ്ഥിരപ്പെട്ടവ) ആണ്. എന്നാല്‍, വചനങ്ങള്‍ അവ ഉള്‍ക്കൊള്ളുന്ന ആശയം അടിസ്ഥാനപ്പെടുത്തി ഖത്വ്ഇയ്യ്, ളന്നിയ്യ് എന്നിങ്ങനെ രണ്ടുവിധമാകാം. വ്യാഖ്യാന വിധേയമാകാതെ, ഒരേയൊരാശയം പ്രതിനിധാനം ചെയ്യുന്നവയെ ഖത്വ്ഇയ്യ് എന്നും ഒരാശയം ദ്യോതിപ്പിക്കുന്നുവെങ്കിലും മറ്റു ആശയങ്ങള്‍ക്കും സാധുത കല്‍പിക്കാവുന്നവ ളന്നിയ്യ് എന്നും പറയപ്പെടുന്നു. ആധുനിക ശാസ്ത്ര സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിക വചനങ്ങളും രണ്ടാം ഗണത്തില്‍ പെടുന്നവയാണ്. Expanding universeനെ കുറിച്ച് ഖുര്‍ആനിലെ സൂറ അദ്ദാരിയാത്ത് 47ാം വചനം നല്‍കുന്ന സൂചന ളന്നിയ്യ് മാത്രമാണ്. ഈ ആയത്തിന്റെ വ്യാഖ്യാനം വികസിക്കുന്ന പ്രപഞ്ചത്തെ കുറിച്ച് മാത്രമാണ് എന്നു പറയാവതല്ല. ഖുര്‍ആനിലെ സൂറ അന്‍ബിയാഅ് 3-ാം വചനം: ‘ഭൂമിയാകാശങ്ങള്‍ കൂടിച്ചേര്‍ന്നതായിരുന്നെന്നും ശേഷം അതിനെ നാം പിളര്‍ത്തുകയും ജലത്തില്‍ നിന്ന് സര്‍വ ജീവജാലങ്ങളെയും സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നുവെന്നും അവിശ്വാസികള്‍ കാണുന്നില്ലേ?’ എന്ന വചനം ബിഗ്ബാങ് തിയറിയെക്കുറിച്ച് നല്‍കുന്ന സൂചനയും ളന്നിയ്യ് മാത്രമാണ്. അഥവാ ഈ ആയത് കൊണ്ട് ബിഗ്ബാങ് തിയറി തന്നെയാണ് ഉദ്ദേശിക്കപ്പെട്ടത് എന്ന് സംശയ ലേശമന്യെ തീര്‍ത്തുപറയുക വയ്യ. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പല മുസ്‌ലിം ചിന്തകരുടെയും ഖുര്‍ആന്‍-ശാസ്ത്ര താരതമ്യങ്ങളെ ഈ യാഥാര്‍ത്ഥ്യം ഊന്നല്‍ കൊടുക്കാതെയാണ് അവതരിപ്പിക്കുന്നത്; അത്‌കൊണ്ട് തന്നെ വ്യാഖ്യനങ്ങളിലെ പാളിച്ചകള്‍ പലപ്പോഴും ഖുര്‍ആനിനെ ഇകഴ്ത്തിക്കാട്ടാന്‍ ഇടവരുന്നു. ഇവിടെ മറ്റൊരു ചോദ്യമുദിക്കുന്നത്, ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ അവയുടെ ദൈവികതക്ക് തെളിവാണെങ്കില്‍, എന്ത് കൊണ്ട് അവ കൃത്യമായി തുറന്നടിക്കുന്നതിന് പകരം ഖുര്‍ആന്‍ ഇങ്ങനെ ഒരു ശൈലി സ്വീകരിച്ചു എന്നതാണ്. ഇതിന് സാധാരണ പറയാറുള്ള മറുപടി, ഖുര്‍ആന്‍ സംവദിക്കുന്നത് ഈ ശാസ്ത്ര സൂചനകള്‍ പരീക്ഷണ വിധേയമാക്കാന്‍ ഒരു സാഹചര്യവുമില്ലാത്ത ഏഴാം നൂറ്റാണ്ടിലെ അറബികളില്‍ തുടങ്ങുന്ന അനേകം തലമുറകളോടാണ്. ഈ ശാസ്ത്ര സത്യങ്ങള്‍ പച്ചയായി തുറന്നടിച്ചാല്‍ പോലും അതിന്റെ കൃത്യത തെളിയിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ഖുര്‍ആനിന്റെ കര്‍മവും ലക്ഷ്യവും ഈ ശാസ്ത്ര സത്യങ്ങള്‍ സ്ഥാപിക്കലല്ല എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. നേരത്തെ പറഞ്ഞ നിര്‍വചന പ്രകാരം അവ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കില്‍ കൂടി നിരീക്ഷണത്തിലൂടെ സ്ഥിരീകരണത്തിന് വിധേയമാവാതെ അതൊരു ശാസ്ത്ര യാഥാര്‍ത്ഥ്യമാവുന്നില്ല താനും. വ്യക്തമായി പറഞ്ഞാല്‍ മതത്തിനും ശാസ്ത്രത്തിനും നിര്‍വഹിക്കാനുള്ളത് രണ്ട് വ്യത്യസ്ത ഉദ്യമങ്ങളാണ്. 1939 മെയ് 19ന് ഭുവനപ്രശസ്ത ശാസ്ത്രകാരന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍, പ്രന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാറില്‍ ഇത് സംബന്ധമായി തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. വിവരം വിശ്വാസത്തിന് പകരം നില്‍ക്കണമെന്നും വിശ്വാസ സംഹിതകള്‍ ഉപേക്ഷിക്കപ്പെടണമെന്നുമുള്ള പോയ നൂറ്റാണ്ടിന്റെ മിഥ്യാധാരണയെ ഐന്‍സ്റ്റീന്‍ തിരുത്തുന്നത് ഇങ്ങനെയാണ്: സ്ഥായിയായ വിശ്വാസങ്ങളെ അനുഭവവും ശരിയായ ചിന്തയും സപ്പോര്‍ട്ട് ചെയ്യുമെന്നത് നേര്. എന്നാല്‍ നമ്മുടെ പെരുമാറ്റങ്ങള്‍ക്ക് അനിവാര്യമായ അത്തരം വിശ്വാസ സംഹിതകളെ നല്‍കാന്‍ ശാസ്ത്രത്തിനാവില്ല. എന്താണ് എന്ന് അറിഞ്ഞത് കൊണ്ട്മാത്രം എന്താവണമെന്നതിന്റെ വാതായനങ്ങള്‍ തുറക്കണെമെന്നില്ല. ചില നിശ്ചിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് നല്‍കുന്നു. എന്നാല്‍ ആദ്യന്തികമായ ലക്ഷ്യം എന്താവണമെന്നോ അതെത്തിപ്പിടിക്കാനുള്ള അഭിനിവേഷവും മറ്റൊരു സ്രോതസ്സില്‍ നിന്ന് വരേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിച്ചു കൊടുക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മതത്തിന് നിര്‍വഹിക്കാനുള്ള ഏറ്റവും വലിയ ഫങ്ഷന്‍. ഈ ഉത്തരവാദിത്വം തന്നെയാണ് ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്. ഖുര്‍ആന്‍, ശാസ്ത്ര താരതമ്യ പഠനങ്ങള്‍ ഖുര്‍ആന്‍ ശാസ്ത്ര താരതമ്യ പഠനങ്ങള്‍ അപ്രസക്തമാണെന്ന് ഇതിന് അര്‍ത്ഥമില്ല. ഖുര്‍ആനിലെ ആറായിരത്തില്‍ പരം വചനങ്ങളില്‍ ആയിരത്തോളം വചനങ്ങള്‍ വിവിധ ശാസ്ത്ര സൂചനകള്‍ ഉള്‍കൊള്ളുന്നു. ഖുര്‍ആനിക കാഴ്ചപ്പാടുകള്‍ പ്രകാരം പ്രകൃതിയും പ്രകൃതിവസ്തുക്കളഖിലവും അവയുടെ വൈവിധ്യങ്ങള്‍ക്ക് ഒരേയൊരു ഏകകവുമായി കടപ്പെട്ടിരിക്കുന്നു. അവ ആ ശക്തിയുട ഉണ്‍മയുടെ നിദര്‍ശനങ്ങളായി മാറുമ്പോള്‍, അവ കേവലം things എന്നതിനപ്പുറം signs ആയി മാറുന്നു. ഖുര്‍ആനിക വചനങ്ങള്‍ക്ക് signs, ആയാത്ത് എന്ന നാമം ഇവിടെ പ്രസക്തമാവുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഖുര്‍ആന്‍ ശാസ്ത്ര പുസ്തകമല്ല, അതൊരു ദൃഷ്ടാന്ത ഗ്രന്ഥമാകുന്നു. ഈ അടയാളങ്ങളെ (signs) അടിസ്ഥാനമാക്കി നീങ്ങുന്ന പരീക്ഷണങ്ങള്‍ അതോടെ കൃത്യലക്ഷ്യം കൈവരിക്കുന്നു. കൃത്യവും ശക്തവുമായ ഒരു ക്രമം പ്രപഞ്ചത്തിനു പിന്നിലുണ്ടെന്ന ബോധത്തില്‍ നിന്നാണ് ക്രമാനുഗതമായ ആ പ്രാപഞ്ചിക സത്യങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രകാരന് പ്രേരണ ലഭിക്കുന്നത്. ഐന്‍സ്റ്റീന്റെ തന്നെ വാക്കുകളില്‍, ‘ The cosmic religious feeling is the strongest and noblest motive for scientific research’ പ്രപഞ്ചത്തിന്റെ ഈ പരിപൂര്‍ണതയുണ്ടെന്നും എന്നെങ്കിലും അവിടെ എത്തിച്ചേരുമെന്നുമുള്ള പ്രതീക്ഷയാലാണ്, ന്യൂട്ടനെയും കെപ്ലറെയും പോലുള്ള ശാസ്ത്രകാരന്‍മാര്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന് പ്രേരിതരായത്. 1930ല്‍ ന്യൂയോര്‍ക് ടൈംസ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഐന്‍സ്റ്റീന്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. ‘In these meterialistic age of ours, serious scientific workers are the only profoundly religious people’ നമ്മുടെ ഈ ഭൗതിക ചിന്താധാരയുടെ ലോകത്ത്, ഗൗരവ തരമായ ശാസ്ത്ര നിരീക്ഷകര്‍ മാത്രമാണ് ശരിയായ മതവിശ്വാസികള്‍. ഈ ക്രമബന്ധതയെക്കുറിച്ച് ചിന്തിക്കാനും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനുമാണ് ഖുര്‍ആന്റെ അസംഖ്യം വചനങ്ങള്‍ അടിക്കടി ഉപദേശിക്കുന്നത്; ‘അവര്‍ കാണുന്നില്ലേ’, ‘അവര്‍ ചിന്തിക്കുന്നില്ലേ’ എന്നിങ്ങനെ. ഈ ഖുര്‍ആനിക പ്രേരണയില്‍ നിന്ന് ജന്മമെടുത്ത് അറബികളിലൂടെ യൂറോപ്പിലെത്തിയെ പരീക്ഷണ രീതികളാണ് ശാസ്ത്ര ലോകത്തിന് ഇസ്‌ലാം നല്‍കിയ ഏറ്റവും വലിയ സംഭാവന. അതല്ലാതെ മധ്യകാലഘട്ടത്തിലെ ചില മുസ്‌ലിം ശാസ്ത്രജ്ഞരുടെ കൃതികളാണെന്ന് ധരിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമായിരിക്കും. മാര്‍ഗോളിയത്തിന്റെ വാക്കുകളില്‍, The Greek philosophy of astronomy, mathematics and science were for centuries based on Latin orginals. They were ultimately based on Arabic orginals and it was the Quran which gave inspiration for these studies among the Arabs and their allies. ഈ ചര്‍ച്ച ഇങ്ങനെ സംഗ്രഹിക്കാം; ശാസ്ത്രത്തിന്റെ മേഖല വളരെ പരിമിതമാണ്. വിശാലമായ അതിഭൗതികത സങ്കല്‍പങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആന്റെ ലോകമാകട്ടെ വളരെ വിശാലവും. ശാസ്ത്രത്തിന്റെ പരിധിക്കു പുറത്തുള്ളവയെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാന്‍ അതിന് സാധ്യമല്ല. ശാസ്ത്രവും മതവും രണ്ട് വ്യത്യസ്തങ്ങളായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. എന്നാല്‍ മനുഷ്യ ജീവിതവും ശാസ്ത്ര പ്രയത്‌നവും ലക്ഷ്യപൂര്‍ണമാക്കാന്‍ അനിവാര്യമായ ആത്യന്തിക ജീവിതലക്ഷ്യം മതം വിഭാവന ചെയ്യുന്നു. മതവും സാങ്കേതിക വിദ്യകളും ശാസ്ത്രത്തിന്റെയും ശാസ്ത്ര വിദ്യകളുടെയും ഇസ്‌ലാമിക മാനത്തെക്കിറിച്ചാണ് നാം ഈ പറഞ്ഞതൊക്കെ. ഇനി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അടക്കമുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എന്ത് എന്ന് നോക്കാം. അപ്ലൈഡ് സയന്‍സിനെയാണ് നാം ടെക്‌നോളജി എന്ന് പറയുന്നത്. മിക്കപ്പോഴും അത് കാഷ് കൊടുത്ത് സ്വന്തമാക്കാവുന്ന സയന്റിഫിക് പ്രൊഡക്റ്റുകളാണ്. അതുകൊണ്ട്തന്നെ ശാസ്ത്ര പുരോഗതിയില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന നേരത്തെ സൂചിപ്പിച്ച അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ ടെക്‌നോളജിയില്‍ ഏതൊരു യൂറോപ്യന്‍ രാജ്യത്തിന്റെയും ഒരുപടി മുമ്പിലോ അല്ലെങ്കില്‍ ഒപ്പമോ ആണ്. വിവര സാങ്കേതിക വിദ്യ കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അറിവ് വിവരവും വിനിമയം ചെയ്യാനും സൂക്ഷിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. സാറ്റലൈറ്റ്‌സ്, ടിവി സ്റ്റേഷന്‍, ഇന്റര്‍നെറ്റ്, വെബ് പേജ്, ഇ-മെയില്‍, കോംപാക്റ്റ് ഡിസ്‌ക്, ഐപോഡ് തുടങ്ങി ഇതിന്റെ മേഖല വളരെ വിസ്തൃതമാണ്. ടിവി, കംപ്യൂട്ടര്‍, കാര്‍, എയര്‍ കണ്ടീഷനര്‍ തുടങ്ങി ഏതുതരം ടെക്‌നോളജിയും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ കേവലം നിഷ്പക്ഷ ഉപകരണങ്ങളാ (neutral elemants)ണ്. ഇവ എന്തിന് ഉപയോഗപ്പെടുത്തപ്പെടുന്നു എന്നതാണ് അവയുടെ നന്മ തിന്മകള്‍ തീരുമാനിക്കുന്നത്. ഇസ്‌ലാമിക പണ്ഡിതര്‍ ഇവയെ വസാഇല്‍ അഥവാ മാധ്യമങ്ങള്‍ (means) എന്ന ഗണത്തില്‍ പെടുത്തുന്നു. അവ സ്വന്തമായി നന്മയോ തിന്മയോ ആയി മാറുന്നില്ല. അത്‌കൊണ്ട് തന്നെ വിവര സാങ്കേതിക വിദ്യയടക്കം ടെക്‌നോളജിയെക്കുറിച്ച് ഒരു പൊതു ഇസ്‌ലാമിക കാഴ്ചപ്പാട് രൂപീകരിക്കുക സാധ്യമല്ല. എന്നിരുന്നാലും രണ്ട് കാര്യങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടിയിരിക്കുന്നു. 1- ഏതൊക്കെ പുതിയ കാര്യത്തിന്റെയും പ്രാമാണികമായി ഇസ്‌ലാമിന്റെ അടിസ്ഥാനം അത് അനുവദനീയമാണെന്നതാണ്. അബുദ്ദര്‍ദ്ദാഇ(റ)ല്‍ നിന്ന് ത്വബ്‌റാനി നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: അല്ലാഹു എന്ത് അനുവദനീയമാക്കിയോ അവ അനുവദനീയവും നിഷിദ്ധമാക്കിയത് വര്‍ജിക്കപ്പെടേണ്ടതുമാണ്. ഇനി എന്തിനെയെങ്കിലും കുറിച്ച് മൗനം പാലിച്ചിട്ടുണ്ടെങ്കില്‍ അവിടെ ഇളവ് നല്‍കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ അവ സ്വീകരിക്കുക. തുര്‍മുദിയും ഇബ്‌നു മാജയും ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്; അല്ലാഹു കുറേ കാര്യങ്ങള്‍ നിര്‍ബന്ധമാക്കി. നിങ്ങള്‍ അവ നഷ്ടപ്പെടുത്തരുത്. ചിലതൊക്കെ അവന് നിഷിദ്ധമാക്കി. നിങ്ങള്‍ അവ ഭജ്ഞിക്കുകയുമരുത്. ചില അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്തു. അവ മറികടക്കരുത്. ചില കാര്യങ്ങളെക്കിറിച്ച് മൗനം പാലിച്ചു. അവ ചികഞ്ഞന്വേഷിക്കരുത്. ഈ ഹദീസുകളും ഖുര്‍ആനിലെ, ‘ഭൂമിയുലുള്ളതിനെയെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചിരിക്കുന്നു’ എന്ന സൂക്തം രണ്ട്, 29-ാം വാക്യവും അടിസ്ഥാനമാക്കി ഭൂരിഭാഗം പണ്ഡിതരും അഭിപ്രായപ്പെട്ടത് എല്ലാത്തിന്റെയും അടിസ്ഥാനം അനുവദനീയമാണ്, മറിച്ചൊരു തെളിവ് ലഭിക്കുന്നത് വരെ എന്നാണ്. എന്നാല്‍ ഇവിടെ പരിഗണിക്കേണ്ടുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. ടെലിവിഷനും ഇന്റര്‍നെറ്റുമടക്കം വിവര സാങ്കേതിക ഉത്പന്നങ്ങള്‍ യുവതലമുറയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ബീഭത്സമായ ധാര്‍മികച്യുതി വിലയിരുത്തുമ്പോള്‍, പ്രായോഗിക തലത്തില്‍ ആധുനിക സമൂഹത്തില്‍ വിവര സാങ്കേതിക ഉപകരണങ്ങളുടെ ദൂഷ്യവശങ്ങളാണ് ഗുണവശത്തേക്കാള്‍ എത്രയോ വലുത് എന്ന് കാണാവുന്നതാണ്. ഇവിടെ, വിവര സാങ്കേതികതയുടെ കുത്തൊഴുക്കില്‍ ഈ സംസ്‌കാരത്തിന് അടിമപ്പെട്ട് പോയ ഒരു സമൂഹത്തെ സംസ്‌കരിക്കാന്‍, ദൈവത്തിന് ഏറ്റവും അസന്തുഷ്ടകരമായ സ്ഥലം അങ്ങാടികളാണെന്ന് പറഞ്ഞ അതേ പ്രവാചകന്‍, പ്രബോധനത്തിനായി ഉക്കാള് പട്ടണത്തിലിറങ്ങിയ പാരമ്പര്യം പിന്തുടര്‍ന്ന്, വഴിതെറ്റുന്ന യുവതയെ വഴിനടത്താനും ആധുനിക ലോകത്ത് ഇസ്‌ലാമിക ദഅ്‌വാ പ്രവര്‍ത്തനത്തിന് എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്നതുമാണ്, ഇനി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter