അധ്യായം 2. സൂറ ബഖറ- (Ayath 211-215) ജനങ്ങള്‍ എങ്ങനെ ഭിന്നിച്ചു?
മുഴുസമയവും ശരിയായ മുസ്ലിമായി ജീവിക്കാനും, കൃത്യമായി കാര്യങ്ങള്‍ മനസ്സിലായ ശേഷവും വഴിമാറി സഞ്ചരിച്ചാല്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ശിക്ഷാനടപടികള്‍ പേടിക്കേണ്ടതിനെക്കുറിച്ചുമാണ് കഴിഞ്ഞ പേജില്‍ അവസാനമായി നമ്മള് പഠിച്ചിരുന്നത്.
അതിനൊരുദാഹരണം ചൂണ്ടിക്കാണിക്കുകയാണിനി. നിരവധി ദൃഷ്ടാന്തങ്ങള്‍ ലഭിച്ച ടീമാണ് ബനൂഇസ്രാഈല്‍. സൂറയുടെ ആദ്യഭാഗത്ത് ഒന്നാം ജുസ്ഇല്‍ നമ്മളത് വിശദമായി പഠിച്ചിട്ടുണ്ട്. എന്നിട്ടെന്തായിരുന്നു അവരുടെ നിലപാട്? ആനിലപാടുകളുടെ പരിണിതഫലമെന്തായിരുന്നു? ഇതെല്ലാം നിങ്ങളും മനസ്സിലാക്കണം, പാഠമുള്‍ക്കൊള്ളണം.
سَلْ بَنِي إِسْرَائِيلَ كَمْ آتَيْنَاهُمْ مِنْ آيَةٍ بَيِّنَةٍ ۗ وَمَنْ يُبَدِّلْ نِعْمَةَ اللَّهِ مِنْ بَعْدِ مَا جَاءَتْهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ (211)
ഇസ്രാഈല്‍ സന്തതികളോട് താങ്കള്‍ ചോദിച്ചു നോക്കൂ, എത്രയെത്ര പ്രസ്പഷ്ട ദൃഷ്ടാന്തങ്ങളാണ് നാമവര്‍ക്ക് നല്‍കിയത്! ദിവ്യാനുഗ്രഹങ്ങള് കൈവന്നു കഴിഞ്ഞ ശേഷം ആരെങ്കിലുമത് മാറ്റി മറിച്ചാല്‍, നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
മൂസാعليه السلامമുഖേന അല്ലാഹു ബനൂഇസ്രാഈലിന് തൗറാത്ത് നല്കി. അദ്ദേഹം സത്യപ്രവാചകനാണെന്നതിന് പല ദൃഷ്ടാന്തങ്ങളും കാണിച്ചുകൊടുത്തു. മേഘം തണലിട്ടുകൊടുത്തു, അരുവി ഒഴുക്കിക്കൊടുത്തു, മന്നും സല്‍വയും ഇറക്കിക്കൊടുത്തു, അവസാനം അവരുടെ കഠിനശത്രുവായ ഫിര്‍ഔനെ മുക്കിക്കൊന്നു, അതിനുശേഷവും അനുഗ്രങ്ങളെമ്പാടും നല്കി. എന്നിട്ടും അവര്‍ ധിക്കാരം കാണിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവര്‍ അല്ലാഹുവിന്റെ കോപത്തിന് വിധേയരാവുകയും അധഃപതിക്കുകയും ചെയ്തു.
എല്ലാവര്ക്കും പാഠമാണിത്. ശരിയായ മുസ്ലിംകളായി ജീവിച്ചിരുന്ന കാലത്ത് ലോകത്തിന്റെ നേതാക്കളായിരുന്നു ബനൂഈസ്രാഈലുകാര്. വഴി മാറി സഞ്ചരിച്ച്, അന്യരെ അനുകരിക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ നാശവും തുടങ്ങി. മുസ്ലിം സമുദായത്തിന്റെ ഇന്നത്തെ സ്ഥിതിഗതിയും മറ്റൊന്നല്ലല്ലോ.
അടുത്ത ആയത്ത് 212
ദീനൊഴിവാക്കി ദുന്യാവിനു പിന്നാലെ കൂടിയതാണ് ഈ അധഃപതനത്തിന് കാരണം. സത്യവിശ്വാസികളങ്ങനെയാകാന് പാടില്ല. അവിശ്വാസികളാണ് അങ്ങനെ ദുന്യാവിന് പിന്നാല കൂടുന്നത്. അവര്‍ക്കതാണ് വലുത്. പരലോക വിശ്വാസം അവര്‍ക്കില്ലല്ലോ.
ഐഹികജീവിതം സത്യനിഷേധികള്‍ക്ക് അലങ്കാരമായി തോന്നും, അത് വാരിക്കൂട്ടാന്‍ എന്ത് വേണ്ടാത്തരവും ചെയ്യാന്‍ അവര്‍ സന്നദ്ധരാവുകയും ചെയ്യും. സത്യവിശ്വാസികളുടെ കാര്യമങ്ങനെയല്ല. പാരത്രികജീവിതത്തിന് മുന്‍ഗണന നല്കിയവരാണവര്. അതിന് തടസ്സമാകുന്ന ഐഹിക ജീവിത വിഭവങ്ങള്‍ അവര്‍ അവഗണിക്കുകയാണ് ചെയ്യുക.
ഇക്കാരണത്താല്‍ ദരിദ്രരായ, ഉള്ളത് അല്ലാഹുവിന് തൃപ്തികരമായ വിഷയങ്ങളില്‍ മാത്രം വിനിയോഗിക്കുന്ന ഈ സത്യവിശ്വാസികളെ ഭോഷന്മാരെന്നും വിഡ്ഢികളെന്നും മറ്റും പറഞ്ഞ് അവിശ്വാസികള്‍ പരിഹസിക്കും. അത് വിലവെക്കേണ്ടതില്ല. സത്യനിഷേധികള്‍ എന്നും ഇങ്ങനെത്തന്നെയാണ്. പരിഹാസം കൊണ്ടുനടക്കുന്നവരാണ്.
മുഅ്മിനുകളെ മാനസികമായി തളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. എപ്പോഴുമിങ്ങനെ പരിഹാസവിധേയരാകുമ്പോള്, മനസ്സുറപ്പില്ലാത്തവര്‍ പതറിപ്പോകുമല്ലോ. നിങ്ങളത് കാര്യമാക്കേണ്ട. പതറുകയും വേണ്ട. നിങ്ങളാണ് രക്ഷപ്പെടുന്നവര്‍. മുത്തഖീങ്ങളായ നിങ്ങള്‍, ഖിയാമനാളില്‍, ആ പരിഹസിക്കുന്നവരേക്കാള്‍ എത്രയോ ഉയര്‍ന്ന പദവിയിലായിരിക്കും.
ഇവിടത്തെ ജീവിത സുഖങ്ങള്‍, മനുഷ്യന്റെ സൗഭാഗ്യത്തിന്റെയോ വിജയത്തിന്റെയോ അടിസ്ഥാനമല്ല. ചിലര്‍ക്ക് അത് അല്ലാഹു വിശാലമാക്കി കൊടുക്കും. മറ്റു ചിലര്‍ക്ക് പ്രയാസകരമായിരിക്കും. ആരുടെയും നന്മകളോ തിന്മകളോ ഒന്നുമല്ല അതിന്റെ അടിസ്ഥാനം.
زُيِّنَ لِلَّذِينَ كَفَرُوا الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُوا ۘ وَالَّذِينَ اتَّقَوْا فَوْقَهُمْ يَوْمَ الْقِيَامَةِ ۗ وَاللَّهُ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ (212)
സത്യനിഷേധികള്‍ക്ക് ഭൗതികജീവിതം അലംകൃതമാക്കപ്പെട്ടിരിക്കയാണ്. സത്യവിശ്വാസികളെ പരിഹസിക്കയാണക്കൂട്ടര്. എന്നാല്‍ ഭയഭക്തി പുലര്‍ത്തിയിരുന്നവര്‍ പരലോകത്ത് അവരെക്കാള്‍ (പരിഹസിക്കുന്നവരെക്കാള്‍) ഔന്നത്യത്തിലായിരിക്കും. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു കണക്കില്ലാതെ നല്‍കുന്നതാണ്.
ദുന്യാവ് അല്ലാഹു എല്ലാര്ക്കും കൊടുത്തെന്നുവരാം – ദീന് ആര്‍ക്കാണ് കിട്ടുന്നതെന്ന് നോക്കിയാല്‍ മതി. പാരത്രികജീവിതമാണല്ലോ യഥാര്‍ഥ ജീവിതം. അതാണ് യഥാര്‍ത്ഥ സുഖം. ഇക്കാര്യം സത്യവിശ്വാസികള്‍ ഗൗരവപൂര്‍വം ഓര്‍ത്തിരിക്കണം.
وَاللَّهُ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ
അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് കൈയും കണക്കുമില്ലാതെ അനുഗ്രഹങ്ങള്‍ നല്‍കും. രിസ്ഖ് എന്നു പറഞ്ഞാല്‍ ഭക്ഷണം മാത്രമല്ല. ജീവിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും രിസ്ഖാണ്. ഉപജീവനമാര്‍ഗങ്ങള്‍, ആരോഗ്യം, സമ്പത്ത്, വീട്, ഭാര്യ, മക്കള്‍, അറിവ്.... എല്ലാം.
4 ദറജകളാണ് രിസ്ഖിനുള്ളത്. ഏറ്റവും താഴെ ലെവലാണ് സമ്പത്ത്. ടോപ്പ് ലെവലാണ് ആഫിയത്ത്. നല്ല മക്കളുണ്ടാവുക എന്നത് ശ്രേഷ്ഠകരമായ രിസ്ഖാണ്. റബ്ബിന്റെ തൃപ്തി കരഗതമാവുക എന്നത് രിസ്ഖിന്റെ പരിപൂര്‍ണതയാണ് (ഇമാം മുതവല്ലി ശഅ്റാവി).
അടുത്ത ആയത്ത് 213
ആളുകള്‍ എന്നാണ് ഭിന്നിച്ചുതുടങ്ങിയത്? ആദ്യകാലം മുതലേ അങ്ങനെയായിരുന്നോ? അല്ല. എല്ലാവരും സന്മാര്ഗത്തിന്റെ ഒരൊറ്റ വഴിയിലായിരുന്നു. പിന്നീടാണ് ഭിന്നിച്ചത്. ആദം നബി(عليه السلام)ന്റെ സത്യമാര്‍ഗത്തില്‍ തുടര്‍ന്നുപോന്ന ജനത ക്രമേണ വ്യതിചലിക്കുകയും വിഗ്രഹാരാധന തുടങ്ങുകയും വിവിധ വിഭാഗങ്ങളായി മാറുകയും ചെയ്തു. അങ്ങനെയാണ് അല്ലാഹു നൂഹ് നബി عليه السلام മുതല്ക്കുള്ള പ്രവാചകന്മാരെ അയച്ചുതുടങ്ങിയത്.
എന്തിനാണ് അവരെ അയച്ചത്? സന്മാര്ഗത്തില് അടിയുറച്ച് ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനും, വ്യതിചലിക്കുന്നവര്‍ക്ക് താക്കീത് നല്‍കാനും. ആളുകള്‍ ഭിന്നിച്ച വിഷയത്തില്‍ സത്യം ഇന്നതെന്ന് തീരുമാനിച്ചുകൊടുക്കുന്ന ഗ്രന്ഥവും പ്രവാചകന്മാരൊന്നിച്ച് നല്കി.
كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ
മാനവകുലം ഒറ്റ സമുദായമായിരുന്നു. (പിന്നീടവര്‍ ഭിന്നിച്ച് വിവിധ കക്ഷികളായിമാറി). അങ്ങനെ അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ വിധി കല്പിക്കാന് വേണ്ടി ശുഭവാര്ത്താവാഹകരും താക്കീതുകാരുമായി പ്രവാചകന്മാരെ അല്ലാഹു അയക്കുകയും സത്യസമേതം അവരൊന്നിച്ചു ഗ്രന്ഥമവതരിപ്പിക്കുകയും ചെയ്തു.
وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ
വേദം നല്കപ്പെട്ടവര് തന്നെയാണ്-സ്പഷ്ടദൃഷ്ടാന്തങ്ങള് വന്നുകിട്ടിയിട്ടും കേവലം പരസ്പര മാത്സര്യത്താല്‍-അതില്‍ ഭിന്നിച്ചത്.
فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ (213)
എന്നാല്‍ ഏതൊരു യാഥാര്ത്ഥ്യത്തിലവര് വ്യത്യസ്ത പക്ഷക്കാരായോ അതിലേക്ക് തന്റെ അനുഗ്രഹത്താല്‍ അല്ലാഹു വിശ്വാസികളെ നയിച്ചു. താനുദ്ദേശിക്കുന്നവരെ അവന് സന്മാര്ഗത്തിലെത്തിക്കുന്നു.
ഇമാം ഇബ്നു അബ്ബാസ് رضي الله عنهപറയുന്നു: ആദം നബിعليه السلامന്റെയും നൂഹ് നബിعليه السلامന്റെയും ഇടക്ക് പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാവരും സത്യത്തിന്റെ വഴിയിലായിരുന്നു. പിന്നീടവര്‍ ഭിന്നിച്ചു. അപ്പോള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്ന, ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നല്കുന്ന നബിമാരെ അല്ലാഹു അയച്ചു (തഫ്സീര്‍ ഥബ്രി 2:334).
എല്ലാം വിവേചിച്ചറിയാന്‍ ഗ്രന്ഥം കൊടുത്തു. പക്ഷേ, എന്ത് ഫലം?!
സത്യം മനസ്സിലാക്കാന്‍ സ്പഷ്ടമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞിട്ടും സ്പര്‍ദ്ധയും മാത്സര്യവും കാരണം, ആ ഗ്രന്ഥത്തില്‍ തന്നെ ഭിന്നിക്കുകയാണവര് ചെയ്തത്. ഓരോ വിഭാഗവും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വേദഗ്രന്ഥം ദുര്‍വ്യാഖ്യാനം ചെയ്തു. ഭിന്നിച്ചവരെ ഏകീകരിക്കാനാണ് ഗ്രന്ഥം നല്‍കിയത്, പക്ഷേ, ഓരോ വിഭാഗത്തിനും പ്രമാണങ്ങള്‍ വേറെ വേറെയായി മാറുകയാണുണ്ടായത്. ന്യായീകരിക്കാനാവാത്ത ഭിന്നത. പരസ്പരമുള്ള അകല്‍ച്ചയും വിദ്വേഷവും സ്പര്ദ്ധയുമൊക്കെയാണ് ഇത്രയും കടുത്ത ഭിന്നതക്ക് കാരണം.
فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ
അതേ സമയം, അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ സത്യസന്ധമായ നിലപടിലേക്ക് അല്ലാഹു മുഅ്മിനുകളെ മാര്‍ഗദര്‍ശനം ചെയ്തു.
യഹൂദികളുടെയും നസാറാക്കാളുടെയും പല നിലപാടുകളും ഭിന്നിപ്പിന്റേതായിരുന്നു. പരസ്പരം തര്‍ക്കിക്കും. മഹാനായ ഇബ്റാഹീം നബിعليه السلامനെക്കുറിച്ചും അവര്‍ തര്‍ക്കിക്കും. അദ്ദേഹം തങ്ങളുടെ മതാനുയായിയാണെന്ന് ജൂതന്മാരും ക്രിസ്ത്യാനികളും അവകാശവാദമുന്നയിക്കും.
ജൂതന്മാര് ബൈത്തുല്‍മുഖദ്ദസ് ഖിബ്ലയാക്കിയപ്പോള് നസ്വാറാക്കള്‍ കിഴക്കോട്ട് തിരിഞ്ഞു. വാരാന്തസമൂഹ പ്രാര്‍ഥനാദിനം ജൂതന്മാര് ശനിയാഴ്ചയും ക്രിസ്തീയസമൂഹം ഞായറാഴ്ചയുമാക്കി. ഈസാ നബിعليه السلامനെ ക്രിസ്ത്യാനികള്‍ ദൈവവും ദൈവപുത്രനുമൊക്കെയാക്കിയെങ്കില്, ജൂതന്മാര് വരെ ഹീനമായി ചിത്രീകരിക്കുകയാണ് ചെയ്തത്.
ഈ ഭിന്നതകളൊന്നും വിശുദ്ധ ഇസ്ലാം അംഗീകരിച്ചില്ല. സത്യവിശ്വാസികളെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കി. ഇത് വളരെ മഹത്തായ അനുഗ്രഹം തന്നെയാണല്ലോ.
അടുത്ത ആയത്ത് 214
ഇങ്ങനെ അല്ലാഹു നേര്‍മാര്‍ഗം നല്കിയ മുഅ്മിനീങ്ങള്‍ക്ക് ഇവിടെ ദുന്യാവില് പല ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും നേരിട്ടേക്കാം. വലിയ എതിര്‍പ്പുകളും കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിടേണ്ടിവന്നേക്കാം. അത്തരം ഘട്ടങ്ങളില്‍ അടിപതറാതെ സത്യം മുറുകെപ്പിടിച്ച് മുന്നോട്ട് നീങ്ങണം.
ക്ഷമയും ത്യാഗസന്നദ്ധതയും കൂടെയുണ്ടാകണം. എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. അതില്‍ ജയിച്ചവര്‍ക്കേ സ്വര്‍ഗം ലഭിക്കൂ. മെയ്യനങ്ങാതെ, പരിക്കൊന്നുമേല്‍ക്കാതെ എങ്ങനെയെങ്കിലുമങ്ങ് സ്വര്‍ഗത്തില്‍ കയറിക്കൂടാമെന്ന് കരുതരുത്. ഇതൊക്കെയാണിനി പറയുന്നത്.
മുന്‍കാല പ്രവാചകന്മാരുടെ സമുദായങ്ങള്‍ക്കും നിരവധി പ്രയാസങ്ങളും ദുരിതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. രോഗം, യുദ്ധം, ദാരിദ്ര്യം, ക്ഷാമം തുടങ്ങി പലതും. സത്യനിഷേധികളുടെ ഭാഗത്തു നിന്നുള്ള മര്‍ദ്ദനങ്ങളും ആക്രമണങ്ങളും വേറെയും. സഹിക്കവയ്യാതായപ്പോള്‍, ‘എപ്പോഴാണ് അല്ലാഹുവിന്റെ സഹായം വരിക’ എന്ന് സങ്കടപ്പെടുകപോലും ചെയ്തിട്ടുണ്ട്. അത്രയും കടുത്ത പരീക്ഷണങ്ങള്ക്കാണവര് വിധേയരായിരുന്നത്.
അത്തരം പരീക്ഷണങ്ങള്‍ക്ക് നിങ്ങളും വിധേയരാകേണ്ടിവരും. അതൊന്നുമില്ലാതെ, സത്യവിശ്വാസം സ്വീകരിച്ച് കഴിയുമ്പോഴേക്കും സ്വര്‍ഗത്തില്‍ കടന്നുകളയാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല.
أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ ۖ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ (214)
അതല്ല, പൂര്വികന്മാരുടെ ദുരനുഭവങ്ങള്‍ വന്നെത്താതെത്തന്നെ സ്വര്‍ഗത്തില്‍ കടന്നുകളയാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പ്രയാസങ്ങളും വിപത്തുകളും അവരെ പിടികൂടുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴാണുണ്ടാവുക എന്ന് ദൈവദൂതനും സഹവിശ്വാസികളും ചോദിക്കത്തക്കവണ്ണം അവര്‍ (പേടിച്ച്) വിറകൊണ്ടു. അറിയുക, അല്ലാഹുവിന്റെ സഹായം സമീപസ്ഥമാകുന്നു.
أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ
ഇത്തരം പരീക്ഷണ ഘട്ടങ്ങള്‍ക്ക് പിറകെ അല്ലാഹുവിന്റെ സഹായവും വരും. അത് വിദൂരമൊന്നുമല്ല, സമീപത്തുതന്നെയുണ്ട് എന്ന് പറഞ്ഞ് സമാശ്വസിപ്പിക്കുകയാണ്. വിശുദ്ധ ഖുര്‍ആനില്‍ മറ്റു പല സ്ഥലങ്ങളിലും ഈ വിഷയം പരാമര്‍ശിച്ചിട്ടുണ്ട്. സൂറത്തുല്‍ അന്കബൂത്ത് 2,3 ഉദാഹരണം.
അവിടന്ന് ഞങ്ങള്‍ക്ക് വേണ്ടി സഹായം തേടുന്നില്ലേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലേ എന്ന് റസൂലിനോട് ഞങ്ങള്‍ പറയാറുണ്ടെന്ന് ഖബ്ബാബ് ബ്നുല്‍ അറത്ത് رضي الله عنه റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അപ്പോള്‍ തിരുനബി صلى الله عليه وسلم ഇങ്ങനെ മറുപടി പറഞ്ഞത്രെ: നിങ്ങളുടെ മുമ്പുണ്ടായിരുന്നവര് (ഇതിലേറെ വലിയ പ്രയാസങ്ങളനുഭവിച്ചിട്ടുണ്ട്). മൂര്‍ദ്ധാവില്‍ ഈര്ച്ചവാള് വെച്ച് കാലടി വരെ പൊളിക്കപ്പെട്ടവര്‍. പക്ഷേ, അതൊന്നും അവരെ ദീനില്‍ നിന്ന് മാറ്റിയില്ല. ഇരുമ്പിന്റെ ചീര്‍പ്പുകൊണ്ട് മാംസം എല്ലില്‍ നിന്നും ഈര്ന്നെടുക്കപ്പെന്നവര്. അതും അവരെ മതത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല.
പിന്നീട് തിരുമേനി صلى الله عليه وسلم പറഞ്ഞു: നിശ്ചയം, അല്ലാഹു ഈ ദീന്പൂര്ത്തിയാക്കുക തന്നെ ചെയ്യും. (അവന്റെ സഹായം പെട്ടെന്നുണ്ടാകുകതന്നെ ചെയ്യും). ഒരു യാത്രികന് സ്വന്ആഇല് നിന്ന് ഹളര്‍ മൗത്തുവരെ അല്ലാഹുവിനെയും, ആടുകളുടെ കാര്യത്തില്‍ ചെന്നായകളെയും അല്ലാതെ മറ്റൊന്നും പേടിക്കാനില്ലാതെ യാത്രചെയ്യാന്‍ കഴിയും. പക്ഷേ, നിങ്ങള്‍ ധൃതികൂട്ടുകയാണ് ചെയ്യുന്നത്. (ബുഖാരി). (യമനിലെ ഒരു പ്രധാന പട്ടണമായ സ്വന്ആഇല് നിന്ന് ഹളര്‍മൗത്തിലേക്ക് പോകുന്നവര്‍ അറേബ്യാ ഉപദ്വീപിന്റെ തേക്കേ തീരങ്ങളിലും അറബിക്കടലിന്റെ വടക്കേ കരയിലുമുള്ള നിരവധി മലമ്പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ യാത്ര വളരെ ദുര്‍ഘടമാണ്.)
ഇത്തരം പരീക്ഷണങ്ങള്‍ വരുമ്പോള്‍ റബ്ബിലേക്കടുക്കാനാണ് മുഅ്മിനീങ്ങള്‍ ശ്രമിക്കേണ്ടത്. ക്ഷമിച്ച് ജയിക്കണം. കഴിഞ്ഞുപോയ മഹാന്മാരെല്ലാം ജയിച്ചുകയറിയത്, ഈ ത്യാഗശീലം കൊണ്ടാണ്.
എന്തെല്ലാം പരീക്ഷണങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്..... ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും എന്തെല്ലാം അപകടങ്ങള്‍. നിലക്കാത്ത മഴ, വെള്ളപ്പൊക്കം, വരള്‍ച്ചയും ക്ഷാമവും, ഇടി മിന്നല്‍, ബോംബാക്രമണങ്ങള്‍..
ഭൂകമ്പം, വെട്ടുകിളികള്‍ പോലെയുള്ള ചെറുജീവികള്‍ മൂലമുണ്ടാകുന്ന വിപത്തുകള്‍, വിവിധ രോഗാണുവാഹകരായ കൊതുക്, ഈച്ച മൂലമുണ്ടാകുന്ന മാരകമായ സാംക്രമിക രോഗങ്ങള്‍, സ്വേച്ഛാധിപതികളായ ഭരണാധികാരികളും നേതാക്കളും നടത്തുന്ന ക്രൂരവാഴ്ചയും മര്‍ദനങ്ങളും. 2019-2021 കാലയളവില്‍ വന്നുപോയ കൊറോണ.
ഇത്തരം സംഭവവികാസങ്ങളില്നിന്നെല്ലാം മനുഷ്യന് പാഠം ഉള്‍ക്കൊള്ളണം. നമുക്ക് അഹങ്കരിക്കാനൊന്നുമില്ല എന്ന് റബ്ബ് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിത്തരികയാണ്.
مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ
ആപത്തുകള്‍ക്ക് പിന്നില്‍ അല്ലാഹുവിനറിയാവുന്ന പല യുക്തികളുണ്ട്. ചിലത് മനുഷ്യന്റെ തെറ്റുകുറ്റങ്ങള്‍ തന്നെ പൊറുത്തുകൊടുക്കാന്‍ തക്കതാണ്. മുഅ്മിനുകളെ സംബന്ധിച്ച് മുസ്വീബത്തുകള്‍ അനുഗ്രഹമാണ്. കാരണം അത് തെറ്റുകളെ മായ്ച്ച്കളയും. ക്ഷമിച്ചാലോ, മികച്ച പ്രതിഫലം ലഭിക്കുകയും ചെയ്യും. അല്ലാഹുവിലേക്ക് മടങ്ങി, അവനോട് പൂര്‍ണവിധേയത്വം കാണിച്ച് വിനയാന്വിതരായി ജീവിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യും.
ദാരിദ്ര്യം, രോഗം, വിശപ്പ് എന്നിവകൊണ്ടെല്ലാം പരീക്ഷിക്കപ്പെടുമ്പോള്, നിരാശപ്പെടുന്നവരുണ്ട്. സത്യനിഷേധത്തിലേക്ക് വരെ കൂപ്പുകുത്തുന്നവരുണ്ട്, അല്ലാഹു കാക്കട്ടെ-ആമീന്‍.
ക്ഷമിച്ചെങ്കിലേ വിപത്തുകള്‍ പ്രതിഫലം നേടാനാകുന്ന അനുഗ്രഹമായി മാറുകയുള്ളൂ. പാപങ്ങള്‍ പൊറുക്കുന്നതിലുമപ്പുറം അല്ലാഹുവിന്റെ കാരുണ്യവും അതുമൂലം ലഭിക്കുന്നു.
അല്ലാഹു പറയുന്നു:
وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ (155) الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ (156) أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ (157) ۞ البقرة
''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്‍''.
വിപത്തുകളുണ്ടാകുമ്പോള്‍ ആരെല്ലാം ക്ഷമിക്കുന്നു, തൃപ്തരാകുന്നു, ആരെല്ലാം നിരാശരാവുന്നു, ദേഷ്യപ്പെടുന്നു എന്ന് മനസ്സിലാക്കാനാകുന്നതും ഇതിനു പിന്നിലെ ഒരു യുക്തിയാണ്.
തിരുനബി ﷺ പറയുന്നു: 'പരീക്ഷണത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് പ്രതിഫലത്തിന്റെ ആധിക്യം. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കും. പരീക്ഷണങ്ങളില്‍ ആരെങ്കിലും തൃപ്തരായാല് അവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. കോപിച്ചാല്‍ അല്ലാഹുവിന്റെ കോപവുമുണ്ട്' (തിര്‍മിദി).
തൃപ്തരാവുക എന്ന് പറഞ്ഞാല്‍, എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കലും അവനെക്കുറിച്ച് നല്ലവിചാരം വെച്ച് പുലര്ത്തലും പ്രതിഫലത്തില്‍ പ്രതീക്ഷയര്പിക്കലുമാണ്. നമ്മുടെ ഈമാനിനു മാറ്റുകൂട്ടുന്ന, ശക്തിപകരുന്ന ഘടകമാണ് ക്ഷമ.
أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ
മുസ്ലിംകള് ഇത് ഗൗരവത്തോടെ കാണണം. അവരുടെ ലക്ഷ്യം പൂര്വികരുടെയെന്ന പോലെത്തന്നെ സ്വര്‍ഗവും അല്ലാഹുവിന്റെ പ്രീതിയുമാണ്. പക്ഷേ, ആ ലക്ഷ്യപ്രാപ്തിയുടെ മാര്‍ഗം വളരെ ത്യാഗപൂര്‍ണമാണ്.
മുന്‍ഗാമികള്‍ സഹിച്ച വേദനകളുടെ ഫലമാണ് നമ്മളിന്നനുഭവിക്കുന്ന ദീനീ ചൈതന്യമെന്ന് തിരിച്ചറിയണം. അന്ന് ബദ്റില്ലെങ്കില് ഇന്ന് നമ്മളീ കോലത്തുണ്ടാകുമായിരുന്നില്ല. നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ ഉദാഹരണങ്ങള്‍ നിരവധി. മദ്രസാ-മഹല്ലു സംവിധാനങ്ങളൊക്കെ പൂര്‍വികരുടെ ത്യാഗങ്ങളുടെ ഫലമല്ലാതെ മറ്റെന്താണ്!
പൂര്‍വികരുടെ ചരിത്രങ്ങള്‍ പറഞ്ഞുമാത്രമിരിക്കാതെ, ആ മാതൃകകള്‍ സ്വീകരിക്കാനാണ് തയ്യാറാകേണ്ടത്. വരുംതലമുറക്കുവേണ്ടി നമ്മളും ത്യാഗത്തിനും മറ്റും തയ്യാറാകണം.
അടുത്ത ആയത്ത് 215
പൂര്‍വികരുടെ ത്യാഗസന്നദ്ധതയും ക്ഷമയുമൊക്കെയാണല്ലോ ചര്‍ച്ച ചെയ്യുന്നത്. കേവലഭൗതികമായ ചിന്തയല്ല മനുഷ്യന്നാവശ്യമെന്നും പാരത്രിക കാര്യങ്ങളിലാകണം പരമമായ ജാഗ്രതയെന്നും നേരത്തെ പറഞ്ഞു. അങ്ങനെ ആഖിറം രക്ഷപ്പെടാന്‍ വിവിധ ത്യാഗങ്ങള്‍ അനുഷ്ഠിക്കണം.
ത്യാഗങ്ങള്‍ പല വിധമുണ്ട്. പ്രധാനപ്പെട്ട ഒന്നാണ് സമ്പത്ത് ചെലവഴിക്കുക എന്നത്. ഭയഭക്തിയും ധര്‍മബോധവും വ്യക്തമായി അറിയാന്‍ ഏറ്റവും യുക്തമായ ഒരു മാധ്യമമാണത്. കാരണം മനുഷ്യമനസ്സ് വല്ലാതെ കെട്ടുപിണഞ്ഞുകിടക്കുന്നതാണ് സമ്പത്ത്.
റബ്ബ് പറയുമ്പോള്‍ കൊടുക്കുകയും അവന്റെ താല്പര്യമനുസരിച്ച് ക്രയവിക്രയം നടത്തുകയും ചെയ്യുന്നവന് തീര്‍ച്ചയായും അല്ലാഹുവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാം.
ചോദ്യവും മറുപടിയുമായാണ് ഈ ധനവിനിയോഗത്തെക്കുറിച്ച് പറയുന്നത്.
എന്താണ് ചെലവഴിക്കേണ്ടതാണ് ചോദ്യം. അതിന് മറുപടി പറയുന്നു ആദ്യം. അതായത്, പ്രയോജനമുള്ള എന്തും ചെലവഴിക്കാം. അതിനുശേഷം, ആര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് എന്നുകൂടി വ്യക്തമാക്കുന്നുണ്ട്.
എന്താണ് ചെലവഴിക്കേണ്ടത് എന്നതിനെക്കാള്‍ പ്രസക്തം, എങ്ങനെയാണ് ചെലവഴിക്കേണ്ടത് എന്നതാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ശൈലി സ്വീകരിച്ചത്.
എന്തെങ്കിലുമൊരു നന്മയുള്ള (പ്രയോജനമുള്ള) എന്തും ചെലവഴിക്കാവുന്നതാണ്. വലിയ വിലപിടിപ്പുള്ളത്, വലിയ തുക അങ്ങനെയൊന്നുമില്ല. ഓരോരുത്തരുടെയും കഴിവിനുസരിച്ചാകാം.
അതേസമയം, ചെലവഴിക്കുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് ആര്‍ക്കാണ് എന്നതാണ് ഈ ചോദ്യത്തേക്കാള്‍ പ്രധാനം. മാതാപിതാക്കള്‍, അടുത്ത കുടുംബങ്ങൾ, അനാഥകള്‍, സാധുക്കള്‍, സ്വദേശം വിട്ട് ബുദ്ധിമുട്ടുന്ന വഴിയാത്രക്കാര്‍ എന്നിവര്‍ക്കൊക്കെയാണ് മുന്‍ഗണന കൊടുക്കേണ്ടത്. അവരെ ആദ്യം പരിഗണിക്കണം.
يَسْأَلُونَكَ مَاذَا يُنْفِقُونَ ۖ قُلْ مَا أَنْفَقْتُمْ مِنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ (215)
എന്താണു തങ്ങള്‍ ചെലവഴിക്കേണ്ടത് എന്ന് അവര്‍ താങ്കളോടു ചോദിക്കുന്നു. മറുപടി നല്‍കുക: എന്തു ധനം ചെലവഴിക്കുന്നുവെങ്കിലും മാതാപിതാക്കള്‍, അടുത്ത കുടുംബക്കാര്, ദരിദ്രര്‍, യാത്രക്കാര്‍, എന്നിവര്‍ക്കായിരിക്കണം. എന്തു നന്മ നിങ്ങളനുവര്‍ത്തിക്കുന്നുവെങ്കിലും അല്ലാഹു അതു സംബന്ധിച്ചു സൂക്ഷ്മജ്ഞാനിയായിരിക്കും.
ആദ്യം പറഞ്ഞ രണ്ടുവിഭാഗം വ്യക്തിപരമായും തുടര്‍ന്നുള്ള രണ്ടുവിഭാഗം സാമൂഹികമായും പ്രത്യേക പരിഗണനയര്‍ഹിക്കുന്നു എന്നര്‍ത്ഥം. അല്ലാതെ, മറ്റുള്ളവര്‍ക്കു നല്കിക്കൂടാ എന്നല്ല.
ഈയൊരു മുന്‍ഗണനാവിഷയം വിശുദ്ധ ഖുര്‍ആനിലും ഹദീസിലും പലപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞ വിഷയമാണ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ ഉപജീവനത്തിന് വകയില്ലാതെ ബുദ്ധിമുട്ടുകയാണെങ്കില്‍, കുടുംബക്കാര് ഏതായാലും കൈയുംകെട്ടി നില്‍ക്കരുത്. കഴിയുംപോലെ സഹായിക്കണം.
مَا أَنْفَقْتُمْ مِنْ خَيْرٍ
ഈ കൊടുതി നിര്‍ബന്ധവും സുന്നത്തുമുണ്ട്. നിര്‍ബന്ധമായതാണ് സകാത്ത്. കൃത്യമായി കണക്കുവെച്ച് കൊടത്തുതീര്ക്കണം. വീഴ്ച വരുത്തരുത്. കൊടുക്കാതെ മരണപ്പെട്ടാല്‍ മക്കള്‍ക്ക് അനന്തരമായി കിട്ടുന്നതുപോലും ഹറാമാറി മാറും. കാരണം, അത് അര്‍ഹരുടെ അവകാശമാണ്.
ഈ വിഷയം വളരെ ഗുരുതരമാണ്. തലമുറകളോളം ഹറാമായ മുതല്‍ അനുഭവിക്കും. കാരണക്കാരനോ, സകാത്ത് കൃത്യമായി കൊടുത്തുവീട്ടാതെ മരിച്ചുപോയ ആളും.
ഈ ആയത്തില്‍ പറഞ്ഞത് സുന്നത്തായ കൊടുതിയെക്കുറിച്ചാണ്. ആര്‍ക്കാണത് നല്‍കുന്നത് എന്നതനുസരിച്ച് പ്രതിഫലം വ്യത്യസ്തമാകും.
സ്വന്തം കുടുംബത്തിനുവേണ്ടി ചെലവഴിക്കുന്നതിന് വലിയ കൂലിയാണ്. കുടുംബബന്ധമുള്ളവര്ക്കാണ് കൊടുക്കുന്നതെങ്കില്‍ രണ്ട് പ്രതിഫലമാണ്; സ്വദഖയുടെയും കുടംബബന്ധം ചേര്‍ത്തതിന്റെയും.
കൊടുക്കുന്ന ആള്, അയാളുടെ അപ്പോഴത്തെ അവസ്ഥ, കൊടുക്കപ്പെടുന്നവര്‍, കൊടുക്കുന്ന മുതല്‍ - ഇതിനെല്ലാം അനുസരിച്ച് കൂലി വ്യത്യാസപ്പെടും.
സ്വദഖകള്‍ പരമാവധി ചെയ്യുക. ആരും കാണാതെ... ചെറിയ സംഖ്യകളാണെങ്കില്‍ പോലും.
എനിക്ക് റബ്ബ് തന്നതാണിത്. എന്റെ നിലപാട് പരീക്ഷിക്കാന്‍ തന്നാണ്. ഇത് മനസ്സിലാക്കിയാല്‍ കാര്യം എളുപ്പമാണ്. പിന്നെ കൊടുക്കാന്‍ മടിയുണ്ടാകില്ല.
കൊടുത്താല്‍ തീരില്ലേ എന്ന പേടിയും വേണ്ടാ. അങ്ങനെ തീര്‍ന്നുപോകില്ല എന്നാണ് തിരുനബി صلى الله عليه وسلمപറഞ്ഞത് (തിര്‍മിദി).
കൊടുത്തതിന് പകരം തരുമെന്ന് അല്ലാഹുവും ഉറപ്പ് തന്നിട്ടുണ്ട്. (സൂറത്തു സബഅ് 39)
ഒരുപാട് നേട്ടങ്ങളുണ്ട് ദാനധര്‍മങ്ങള്‍ക്ക്:
- അല്ലാഹുവിന്റെ കോപം ഇല്ലാതാക്കും.
- പാപം മായ്ച്ചു കളയും. നബി(صلى الله عليه وسلم) പറയുന്നു: ‘വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മം പാപം നീക്കിക്കളയും’ (തുര്‍മുദി).
- ഖബറില്‍ ആശ്വാസം. തിരുനബി صلى الله عليه وسلم) പറയുന്നു: ‘നിശ്ചയം, സ്വദഖ ഖബറിലെ ചൂട് അകറ്റും (ബൈഹഖി).
- നരക സംരക്ഷണം.തിരുനബി(صلى الله عليه وسلم) പറഞ്ഞു: ‘ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം).
- ശാരീരിക രോഗങ്ങള്‍ക്ക് ശമനം. തിരുനബി(صلى الله عليه وسلم) പറയുന്നു: ‘രോഗികളെ നിങ്ങള്‍ സ്വദഖ കൊണ്ട് ചികിത്സിക്കുക’ (ബൈഹഖി).
- മാനസിക രോഗങ്ങള്‍ക്ക് ശമനം. അബൂഹുറൈറ رضي الله عنهപറയുന്നു: ‘ഒരാള്‍ തിരുനബി (صلى الله عليه وسلم)യോട് ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഹൃദയത്തിന്റെ മൃദുലതയാണ് താങ്കളുദ്ദേശിക്കുന്നതെങ്കില്‍ അഗതിക്ക് ഭക്ഷണം കൊടുക്കുകയും അനാഥന്റെ തലയില്‍ തടവുകയും ചെയ്യുക’ (അഹ്മദ്).
- സമ്പത്തില്‍ ബറകത്ത്. അബൂഹുറൈറرضي الله عنهല്‍ നിന്ന് നിവേദനം. നബി(صلى الله عليه وسلم) പറയുന്നു: ‘ദാനം സമ്പത്തിനെ കുറക്കുകയില്ല’ (മുസ്ലിം).
- ആപത്തുകള്‍ തടയും. നബി(صلى الله عليه وسلم പറയുന്നു: ‘നന്മ നല്‍കുന്നത് ആപത്തുകളെ തടയുന്നതാണ്' (ത്വബ്റാനി).
- സമ്പത്ത് ശുദ്ധിയാക്കും. നബി(صلى الله عليه وسلم) കച്ചവടക്കാരോട് പറയുന്നു: ‘കച്ചവട സമൂഹമേ, നിശ്ചയം പിശാചും കുറ്റവും കച്ചവടത്തില്‍ വന്നു ചേരും. അതുകൊണ്ട് നിങ്ങളുടെ കച്ചവടത്തോട് സ്വദഖയും കലര്‍ത്തുക’ (തുര്‍മുദി).
- അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം. ഖിയാമത്ത് നാളില്‍ സ്വദഖയുടെ തണല്‍ ലഭിക്കുന്നു. ഉഖ്ബതുബ്നു ആമിര്‍رضي الله عنهപറയുന്നു: ‘നബി(صلى الله عليه وسلم) ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ഓരോരുത്തരും അവരവരുടെ സ്വദഖയുടെ തണലിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ തീരുമാനം പറയപ്പെടുന്നത് വരെ’ (അഹ്മദ്).
- മലക്കുകളുടെ പ്രാര്‍ത്ഥന ലഭിക്കും. റസൂല്‍(صلى الله عليه وسلم) പറയുന്നു: ‘ഓരോ പ്രഭാതത്തിലും ഈരണ്ടു മലക്കുകള്‍ ഇറങ്ങിവരും. അവരിലൊരാള്‍ ‘അല്ലാഹുവേ, ദാനം നല്കുന്നവന് നീ പകരം നല്കേണമേ’ എന്നും മറ്റെയാള്‍ ‘അല്ലാഹുവേ, നല്കാത്തവന് നീ നാശം നല്കേണമേ’ എന്നും പ്രാര്‍ത്ഥിക്കും (ബുഖാരി, മുസ്ലിം).
- ഇരട്ടി പ്രതിഫലം. അല്ലാഹു പറയുന്നു: “ദാനം ചെയ്യുകയും അല്ലാഹുവിന് നല്ല കടം കൊടുക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാര്ക്ക് ഇരട്ടി പ്രതിഫലം നല്കപ്പെടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ടുതാനും’ (57/18).
وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ
ദാനധര്മങ്ങളെന്നല്ല, എന്ത് നന്മ ചെയ്താലും വെറുതെയാകില്ല. എല്ലാം അല്ലാഹു അറിയുന്നുണ്ട്, രേഖപ്പെടുത്തുന്നുണ്ട്. അവന് പ്രതിഫലം നല്‍കുക തന്നെ ചെയ്യും
--------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment