അധ്യായം 3. സൂറ ആലു ഇംറാന്‍ (Ayath 01-09)നജ്‌റാൻ സംഘം മുഹ്‌കം, മുതശാബിഹ്
ആമുഖം
വിശുദ്ധ ഖുര്‍ആനിലെ ക്രമപ്രകാരം മൂന്നാമത്തെ സൂറയാണിത്. മദനീവിഭാഗങ്ങളിലെ സുദീര്‍ഘമായ, ഥിവാല്‍ വിഭാഗത്തില്‍ പെട്ട സൂറ. (ദൈര്‍ഘ്യം അടിസ്ഥാനപ്പെടുത്തി പണ്ഡിതന്മാര്‍, സൂറത്തുകളെ ത്വിവാല്‍, മിഈന്‍, മസാനി, മുഫസ്സ്വല്‍ (الطوال ، المئين ، المثاني ، المفصل) എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ടല്ലോ).
200 ആയത്തുകളാണുള്ളത്. 3,503 പദങ്ങളും, 14,605 അക്ഷരങ്ങളും.
ആലു ഇംറാന്‍ എന്നാണ് സൂറയുടെ പേര്. ഇംറാന്‍ കുടുംബം എന്നര്‍ത്ഥം. മഹാനായ ഈസാ നബിعليه السلامയുടെ ഉമ്മ മര്‍യം ബീവിയുടെ ഉപ്പയാണ് ഇംറാന്‍ എന്ന പുണ്യപുരുഷന്‍. അദ്ദേഹത്തെയും മര്‍യം ബീവിയെയും മകന്‍ ഈസാ നബി(عليه السلام)യെയും കുറിച്ച് പല വിവരങ്ങളും ഇതില്‍ വരുന്നുണ്ട്.
അല്ലാഹുവിന്‍റെ ഖുദ്‌റത്തിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി, പുരുഷസ്പര്‍ശമേല്‍ക്കാതെ ഒരു കുഞ്ഞിനെ പ്രസവിച്ചത്, ഇദ്ദേഹത്തിന്‍റെ മകളായ മര്‍യം ബീവിയാണ്. ആ സംഭവം ഈ സൂറയില്‍ പറയുന്നുണ്ട്. അങ്ങനെയാണ് ആ അനുഗൃഹീത കുടുംബത്തിന്‍റെ പേരുതന്നെ സൂറത്തിന് ലഭിച്ചത്. അല്‍അമാന്‍ الأمان , അല്‍കന്‍സ് الكنز, അല്‍ഇസ്തിഗ്ഫാര്‍ الإستغفار പോലെയുള്ള മറ്റു ചില പേരുകളും ഈ സൂറത്തിനുണ്ട്.
നിരവധി ശ്രേഷ്ഠതകളുണ്ട്‍ ഈ സൂറക്ക്. സൂറത്തുല്‍ ബഖറ പഠിച്ചപ്പോള്‍ നാം ചിലതെല്ലാം പറഞ്ഞിരുന്നു.
തിരുനബി صلى الله عليه وسلم പറഞ്ഞു: ഖുര്‍ആനും അതനുസരിച്ച് പ്രവര്‍ത്തിച്ചവരെയും അന്ത്യനാളില്‍ ഹാജറാക്കപ്പെടും. അവരുടെ മുമ്പിലായി അല്‍ബഖറയും ആലു ഇംറാനുമുണ്ടായിരിക്കും (മുസ്‌ലിം).
പ്രമേയം
മദീനയിലിറങ്ങിയതായത് കൊണ്ട് ഒട്ടേറെ മതവിധികള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസകാര്യങ്ങള്‍ സംബന്ധിച്ച വിവരണങ്ങളും കുറേ സൂക്തങ്ങളിലുണ്ട്. പ്രധാനമായി തൗഹീദ് തന്നെ.
അല്ലാഹുവിന്‍റെ ഏകത്വം സ്ഥാപിക്കുന്ന വിവിധ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുന്നു. ആ ഏകത്വത്തില്‍ വിശ്വസിക്കേണ്ടത് അനിവാര്യമാണെന്നും മറ്റെല്ലാ വിശ്വാസങ്ങളും ശിഥിലമാണെന്നും സമര്‍ഥിക്കുന്നു.
അല്ലാഹുവിന്‍റെ ഏകത്വം, തിരുനബി صلى الله عليه وسلمയുടെ പ്രവാചകത്വം, ഖുര്‍ആനിന്‍റെ അപ്രമാദിത്വം, ഇസ്‌ലാമിനും ഖുര്‍ആനും തിരുനബി صلى الله عليه وسلمക്കുമെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കുള്ള മറുപടികള്‍… എല്ലാം ഈ സൂറയിലുണ്ട്.
ഹിജ്‌റക്ക് മുമ്പ് മക്കയില്‍ അറബിമുശ്‌രിക്കുകളുടെ എതിര്‍പ്പാണ് തിരുനബി صلى الله عليه وسلمക്ക് അഭിമുഖീകരിക്കേണ്ടിവന്നതെങ്കില്‍, ഹിജ്‌റക്കു ശേഷം മദീനയില്‍ ജൂതരുടെയും ക്രിസ്ത്യാനികളുടെയും വെല്ലുവിളികളും ഉപരോധങ്ങളുമാണ് പ്രധാനമായും നേരിടേണ്ടിവന്നത്.
ജൂതന്മാരുടെ വിശ്വാസ-നടപടികളുടെ അര്‍ഥശൂന്യത അല്‍ബഖറ സൂറയില്‍ നിരവധി സൂക്തങ്ങളിലൂടെ തുറന്നുകാണിച്ചു. ഈ അധ്യായത്തില്‍, ഈസാനബി عليه السلامയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന നസ്വാറാക്കളുടെ വാദങ്ങളുടെയും മൂഢവിശ്വാസങ്ങളുടെയും ഉള്ളുകള്ളികളാണ് തുറന്നുകാണിക്കുന്നത്.
അല്ലാഹുവിന്‍റെ ദൂതനും അടിമയുമായ ഈസാ നബിعليه السلامയെ ദൈവമാക്കി ചിത്രീകരിക്കുകയാണവര്‍ ചെയ്തത്. മാത്രമല്ല, അതേ ദുരാഭിജാത്യത്തിന്‍റെ പേരില്‍ മുഹമ്മദ് നബി صلى الله عليه وسلمയെയും ഖുര്‍ആനിനെയും നിഷേധിക്കുകയും ചെയ്തു. അവരുടെ ഈ വിശ്വാസവും നിലപാടുകളും അടിസ്ഥാനരഹിതമാണ്. ഈ അധ്യായം പഠിച്ചുകഴിയുമ്പോള്‍ അത് വ്യക്തമാകും.
സൂറത്തിന്‍റെ ഏകദേശം പകുതിഭാഗവും നസ്വാറാക്കളെക്കുറിച്ച പരാമര്‍ശങ്ങളാണ്. ത്രിയേകത്വം, ക്രിസ്തു ദേവന്‍, കുരിശുമരണം തുടങ്ങി പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഈ സൂറയിലെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം മതനിയമങ്ങളും വിധികളുമാണ്. ഹജ്ജ്, പലിശ, ജിഹാദ്, സകാത്ത് തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നുണ്ട്. സകാത്ത് നല്‍കാന്‍ വിസമ്മതിക്കുന്നവരെക്കുറിച്ചും പ്രതിപാദ്യമുണ്ട്.
യുദ്ധമുറകളും മര്യാദകളും പഠിപ്പിക്കുന്നുണ്ട്. ബദ്‌റിലെയും ഉഹുദിലെയും ശ്രദ്ധേയമായ പല സംഭവങ്ങളെക്കുറിച്ചും, മുസ്‍ലിംലോകത്തിന് എക്കാലത്തും പാഠമാകേണ്ട സംഭവങ്ങളെക്കുറിച്ചും പറയുന്നുണ്ട്.
സൂറത്ത് അവസാനിക്കുന്നത്, ഈമാന്‍, തഖ്‌വ, ക്ഷമ തുടങ്ങിയവയെക്കുറിച്ച് പറഞ്ഞും അതനുസരിച്ച് ജീവിക്കാന്‍ ആഹ്വാനം ചെയ്തുമാണ്. വിജയത്തിന്‍റെയും നന്മയുടെയും അടിസ്ഥാനം ഈ ഗുണങ്ങളാണെന്നതില്‍ തര്‍ക്കമില്ലല്ലോ.
അവതരണ കാരണം
ഹിജ്റ എട്ടാം വര്‍ഷം മക്കം ഫത്ഹ് കഴിഞ്ഞ ശേഷം പല സംഘങ്ങളും തിരുനബി صلى الله عليه وسلمയെ കാണാനെത്തിയിരുന്നു. ഹിജ്‌റ ഒമ്പതാം വര്‍ഷം ഒരു സംഭവമുണ്ടായി. നജ്‌റാന്‍ നാട്ടുകാരായ ഒരു ക്രിസ്തീയ നിവേദക സംഘം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കാണാനെത്തി. അവരുമായി തിരുനബി صلى الله عليه وسلم സംവദിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ആദ്യം മുതലുള്ള എണ്‍പതോളം ആയത്തുകളില്‍ മിക്കതും അവതരിച്ചത് – ഇതാണ് പല മുഫസ്സിറുകളുടെയും അഭിപ്രായം.
ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ട ആ സംഭവമൊന്ന് ചുരുക്കിപ്പറയാം: ഇന്നത്തെ സഊദി അറേബ്യയുടെ തെക്കേ അറ്റത്തുള്ള നജ്‌റാന്‍ അന്നൊരു ക്രിസ്തീയകേന്ദ്രമായിരുന്നു. അവിടെ നിന്ന് ഒരറുപത ദൗത്യസംഘം തിരുബി صلى الله عليه وسلمയുടെ അടുത്തുവന്നു. 14 പേര്‍ പ്രമുഖ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മൂന്ന് നേതാക്കളും. ഇസ്‌ലാമിനെയും പ്രവാചകനെയും നേരില്‍ കണ്ടു പഠിക്കുകയാണ് ആഗമനോദ്ദേശ്യം.
ഈ മൂന്ന് നേതാക്കളിലൊരാളാണ് സംഘത്തലവന്‍ - അബ്‍ദുല്‍മസീഹ്. മറ്റൊരാള്‍ ഉപദേഷ്ടാവാണ്-ഐഹം എന്നാണ് പേര്. 'സയ്യിദ്' എന്നായിരുന്നു ആളുകളദ്ദേഹത്തെ വിളിച്ചിരുന്നത്. അബൂഹാരിസതബ്‌നു അല്‍ഖമ എന്ന മൂന്നാമന്‍ നല്ല പണ്ഡിതനും മതനേതാവുമാണ്. മതരംഗത്തെ സേവനങ്ങള്‍ക്ക്, റോം രാജാക്കള്‍ ആദരിക്കുകയും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്ത വ്യക്തി കൂടിയാണ് അബൂഹാരിസ.
മദീനയിലേക്കുള്ള ഇവരുടെ യാത്രാമധ്യേ ഒരു സംഭവമുണ്ടായി: അബൂഹാരിസയുടെ തൊട്ടടുത്ത വാഹനപ്പുറത്ത് യാത്ര ചെയ്തിരുന്നത് സഹോദരന്‍ കുര്‍സുബ്‌നു അല്‍ഖമ ആയിരുന്നു. നടക്കുന്നതിനിടയില്‍ അബൂഹാരിസയുടെ മൃഗം കാല്‍തെറ്റി നിലത്തു വീണു. ഉടനെത്തന്നെ 'ആ ശൂന്യന്‍ നശിക്കട്ടെ' എന്ന് തിരുനബി صلى الله عليه وسلم യെ ഉദ്ദേശിച്ച് കുര്‍സ് ശാപവാക്കുകള്‍ ചൊരിഞ്ഞു.
ഇതുകേട്ടപ്പോള്‍ അബൂഹാരിസ പ്രതികരിച്ചത്രേ: 'നീ തന്നെയാണ് നശിച്ചുപോകേണ്ടത്!' കുര്‍സിനെ സംബന്ധിച്ചിടത്തോളം ഈ പ്രതികരണം ഇടിത്തീ പോലെയായിരുന്നു. അത്ഭുതസ്തബ്ധനായ അദ്ദേഹം ചോദിച്ചു: ‘താങ്കളെന്താണ് ഇങ്ങനെ പറയുന്നത്?’
'നാം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനാണദ്ദേഹം'-അബൂഹാരിസ പ്രതികരിച്ചു. 'എങ്കില്‍ പിന്നെ നിങ്ങള്‍ക്കിതറിയുമെങ്കില്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തതെന്ത്' - കുര്‍സ് ചോദിച്ചു.
അബൂഹാരിസ പറഞ്ഞു: 'റോം രാജാക്കള്‍ നമുക്ക് കുറെ സമ്പത്ത് നല്‍കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദിനെ നാം അംഗീകരിച്ചാല്‍ അതെല്ലാമവര്‍ തിരിച്ചുവാങ്ങും.'
കുര്‍സ് ഇതുകേട്ട് അത്ഭുതപ്പെട്ടു. പിന്നീട് മുസ്‍ലിമായ ശേഷം ഈ സംഭവം അദ്ദേഹം പരസ്യമാക്കുകയുണ്ടായി.
നിവേദക സംഘം മദീനയിലെത്തി.
അസ്വർ നമസ്‌കാരം കഴിഞ്ഞ ഉടനെയായിരുന്നു അവര്‍ പള്ളിയിലെത്തിയത്. അവരുടെ പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ പള്ളിയില്‍വെച്ചു തന്നെ അത് നിര്‍വ്വഹിക്കാന്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുമതി നല്‍കി. പതിവ് പ്രകാരം കിഴക്കോട്ട് തിരിഞ്ഞ് അവരത് നിര്‍വ്വഹിക്കുകയും ചെയ്തു.
മേല്‍പറഞ്ഞ മൂന്നു പേര്‍ (അമീര്‍, സയ്യിദ്, അബൂഹാരിസ), തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സംഭാഷണം നടത്തി. തിരുനബി(صلى الله عليه وسلم) അവര്‍ക്ക് വിശദമായി ഇസ്‌ലാം പരിചയപ്പെടുത്തിക്കൊടുത്തു, ആശയസംവാദം നടന്നു.
ഈസാനബിعليه السلام, അല്ലാഹുവാണെന്നും അവന്‍റെ പുത്രനാണെന്നും മൂന്ന് ദൈവങ്ങളിലൊരാളാണെന്നുമൊക്കെ അവര്‍ മാറിമാറിപ്പറഞ്ഞു.
മരിച്ചവരെ ജീവിപ്പിക്കുക, ജന്മനാ കണ്ണുകാണാത്തവരെയും വെള്ളപ്പാണ്ടുകാരെയും മാറാവ്യാധികളുള്ളവരെയും സുഖപ്പെടുത്തുക, അദൃശ്യകാര്യങ്ങള്‍ പറയുക, കളിമണ്ണില്‍ നിന്ന് പക്ഷിയുടെ രൂപമുണ്ടാക്കി ജീവന്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തിരുന്നുവെന്നതാണ് ഈസാ നബിعليه السلام ദൈവമാണെന്നതിന് അവരുന്നയിച്ച തെളിവുകള്‍.
പിതാവില്ലാതെ ജനിച്ചു എന്നതിനാല്‍, അല്ലാഹു തന്നെയാണ് പിതാവ് എന്നവര്‍ വിധിയെഴുതുകയും ചെയ്തു.
നാം പറഞ്ഞു, നാം ചെയ്തു, നാം സൃഷ്ടിച്ചു എന്നിങ്ങനെയുള്ള ദൈവികശൈലി പ്രമാണമായെടുത്തുകൊണ്ടാണ് ത്രിയേകത്വം അവര്‍ അവതരിപ്പിച്ചത്. അല്ലാഹു ഒരുവനേ ഉള്ളുവെങ്കില്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ചെയ്തു, ഞാന്‍ സൃഷ്ടിച്ചു എന്നിങ്ങനെയാണ് പറയേണ്ടതെന്ന് അവര്‍ വാദിച്ചു.
തിരുനബി അവരോട് സംസാരിച്ചു. അവര്‍ ഉത്തരം മുട്ടിപ്പോയി.
അവസാനം അവരോട് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തിരുനബി صلى الله عليه وسلم നിര്‍ദ്ദേശിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മുസ്‌ലിംകളായിക്കഴിഞ്ഞിട്ടുണ്ടല്ലോ. തിരുനബി صلى الله عليه وسلم പ്രതികരിച്ചു: 'പച്ചകള്ളമാണ് നിങ്ങള്‍ പറയുന്നത്. അല്ലാഹുവിന് സന്താനമുണ്ടെന്ന് വിശ്വസിക്കുകയും കുരിശ് ആരാധിക്കുകയും പന്നിമാംസം തിന്നുകയും ചെയ്യുന്ന നിങ്ങളെങ്ങനെ മുസ്‌ലിംകളാകും?'
അങ്ങനെയാണെങ്കില്‍ ഈസാനബിعليه السلامയുടെ പിതാവാരാണെന്നായി അവരുടെ ചോദ്യം. തിരുനബി صلى الله عليه وسلم അല്‍പനേരം മൗനമായിരുന്നു. തല്‍സമയമാണ്, ഈ അധ്യായത്തിന്‍റെ ആരംഭം മുതലുള്ള എണ്‍പതില്‍ പരം ആയത്തുകള്‍ അവതീര്‍ണമായത് (റാസി 7:154). ശേഷം വീണ്ടും തിരുനബി صلى الله عليه وسلمഅവരുമായി സംസാരിച്ചു.
അവര്‍ക്ക് സത്യം ബോധ്യപ്പെട്ടു. പക്ഷേ, അവര്‍ക്ക് കേവല ഭൗതികമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. സത്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും അതു അനിഷേധ്യമാം വിധം ബോധ്യപ്പെടുകയും ചെയ്തിട്ടും അവഗണിക്കുകയാണവര്‍ ചെയ്തത്. ഇതെത്ര മാത്രം തരംതാഴ്ന്നതും ബുദ്ധിശൂന്യവുമായ നടപടിയാണ്?!
തിരുനബി صلى الله عليه وسلم അവരോടുന്നയിച്ച ചോദ്യങ്ങളും അവരുടെ മറുപടിയും:
തിരുനബി صلى الله عليه وسلم: അല്ലാഹു ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനും ആണെന്നും ഈസാനബിعليه السلامക്ക് മരണമുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടേ? സംഘം: അതെ.
തിരുനബി صلى الله عليه وسلم: മകന് പിതാവിനോട് സാദൃശ്യമുണ്ടായിരിക്കും എന്നത് നിങ്ങള്‍ക്കറിയില്ലേ? സംഘം: അതെ.
തിരുനബി صلى الله عليه وسلم: നമ്മുടെ റബ്ബാണ് എല്ലാറ്റിന്‍റെയും നിയന്താവെന്നും അവനാണ് എല്ലാറ്റിനും ഭക്ഷണം നല്‍കുന്നതും സംരക്ഷിക്കുന്നതുമെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഈസാക്ക് ഇപ്പറഞ്ഞവയില്‍ വല്ലതും ചെയ്യാന്‍ കഴിയുമോ? സംഘം: ഇല്ല.
തിരുനബി صلى الله عليه وسلم: പ്രപഞ്ചത്തിലുള്ളതൊന്നും അല്ലാഹുവിന് ഗോപ്യമല്ലെന്ന് നിങ്ങള്‍ക്കറിയില്ലേ? എന്നാല്‍ അല്ലാഹു അറിയിച്ചുകൊടുത്തതല്ലാതെ ഈസാക്ക് അവയില്‍ വല്ലതും അറിയുമോ? സംഘം: ഇല്ല.
തിരുനബി صلى الله عليه وسلم: ഉമ്മാന്‍റെ ഗര്‍ഭാശയത്തില്‍ താനുദ്ദേശിച്ച പ്രകാരം ഈസാ നബിയെ രൂപപ്പെടുത്തുകയാണ് അല്ലാഹു ചെയ്തത്. നമ്മുടെ രക്ഷിതാവായ അല്ലാഹു ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യില്ലെന്നും മാനുഷികമായ ലക്ഷണങ്ങളൊന്നും അവനുണ്ടാവുകയില്ലെന്നും നിങ്ങള്‍ക്കറിയാമല്ലോ? അതേപോലെ ഈസായെക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഒരു സ്ത്രീയാണ് അവരെ ഗര്‍ഭം ധരിച്ചത്. സ്ത്രീകള്‍ പ്രസവിക്കുന്നപോലെ പ്രസവിക്കുകയും ചെയ്തു. അവര്‍ അന്നപാനീയങ്ങള്‍ കഴിക്കാറുണ്ടായിരുന്നു. മാനുഷികമായ സവിശേഷതകളുമൊക്കെ ഉണ്ടായിരുന്നു ഈസാനബിക്ക്. ഇതൊക്കെ നിങ്ങള്‍ക്കറിയില്ലേ? സംഘം: അതെ, ഇവയൊക്കെ ഞങ്ങള്‍ക്കറിയാം.
തിരുനബി صلى الله عليه وسلم: എങ്കില്‍ പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞ പോലെയാകുന്നത്?
ഒരു മറുപടിയും അവര്‍ക്ക് പറയാനില്ല. എന്നാലോ, സത്യം അഗീകരിക്കാനൊട്ട് മനസ്സുമില്ല.
സത്യം മനസ്സിലായിട്ടും അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന അവരെ 61-ആം ആയത്തില്‍ കാണുന്നത് പോലെ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘മുബാഹല’ക്കു (പരസ്പര ശാപ പ്രാര്‍ത്ഥന നടത്തുന്നതിന്) ക്ഷണിച്ചു. പക്ഷേ, തന്ത്രപൂര്‍വം ഒഴിഞ്ഞു മാറുകയാണവര്‍ ചെയ്തത്. അവസാനം, കപ്പം തരാമെന്ന് കരാര്‍ ചെയ്ത് വിശ്വസിക്കാതെ മടങ്ങിപ്പോയി.
അവരുടെ ഇടയിലുണ്ടായിരുന്ന ചില അഭ്യന്തര വഴക്കുകളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പറ്റിയ വിശ്വസ്തനായ ഒരാളെ തങ്ങളൊന്നിച്ചു അയച്ചു തരണമെന്ന് അവര്‍ അപേക്ഷിച്ചിരുന്നു. അതനുസരിച്ച് أَمِينُ الأُمَّة(സമുദായത്തിലെ വിശ്വസ്തന്‍) എന്നറിയപ്പെടുന്ന അബൂഉബൈദ (رضي الله عنه)യെ അവരൊന്നിച്ച് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അയച്ചു കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവത്തിന്‍റെ ചുരുക്കം.
ഇനി ആയത്തുകള്‍ പഠിച്ചുതുടങ്ങാം.
ആയത്ത് 1
الم (1)
അലിഫ് ലാം മീം
ഇതേ കേവലാക്ഷരങ്ങള്‍ കൊണ്ടാണല്ലോ സൂറത്തുല്‍ബഖറയും ആരംഭിച്ചിട്ടുള്ളത്. ഈ അക്ഷരങ്ങളെക്കുറിച്ച് നമ്മളവിടെ പറഞ്ഞിരുന്നു. മറ്റു ചില അധ്യായങ്ങളും ഇതുപോലെയുള്ള കേവലാക്ഷരങ്ങള്‍ കൊണ്ട് ആരംഭിച്ചിട്ടുണ്ട്.
ഇതുസംബന്ധമായി പല മുഫസ്സിറുകളും പറഞ്ഞതിന്‍റെ ചുരുക്കം: വിശുദ്ധ ഖുര്‍ആന്‍റെ അമാനുഷികതകയിലേക്കുള്ള സൂചനയാണിത്. അറബികള്‍ക്ക് വളരെ സുപരിചിതമായ ഇത്തരം അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്നതാണല്ലോ വിശുദ്ധ ഖുര്‍ആന്‍. എന്നിട്ടും തത്തുല്യമായ ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നില്ല. (വേറെയും അഭിപ്രായങ്ങളുണ്ട്.)
അടുത്ത ആയത്ത് 2
ലോകത്തിന്‍റെ ഇലാഹായിരിക്കുവാനുള്ള അര്‍ഹത അല്ലാഹുവിനു മാത്രമാണ്. ഈസാനബിعليه السلامന് അതിന് തീരെ അര്‍ഹതയില്ല. അതായത് അല്ലാഹു എപ്പോഴും ജീവിച്ചിരിക്കുന്നവനും പരാശ്രയം കൂടാതെ സ്വയം നിലനിന്നുവരുന്നവനുമാണ്. ഈസാനബിعليه السلام അങ്ങനെയല്ലെന്ന് അനുയായികള്‍തന്നെ സമ്മതിക്കുന്നതാണ്.
اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ (2)
അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ എപ്പോഴും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു.
അടുത്ത ആയത്ത് 3,4
യഹൂദികളും നസ്വാറാക്കളും അവരുടെ പ്രവാചകന്മാരുടെ കാലശേഷം സ്വീകരിച്ചുവന്ന നിലപാടെന്തായിരിന്നു? തൗറാത്തിലും ഇന്‍ജീലിലും പല കൈകടത്തലുകളും നടത്തി. സത്യങ്ങളും അസത്യങ്ങളും കൂട്ടിക്കുഴച്ചു. ഇത്തരം സത്യാസത്യങ്ങളെ വേര്‍തിരിക്കുക കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്.
نَزَّلَ عَلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ (3)
അവന്‍ ഖുര്‍ആനെ സത്യസന്ധമായും അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതായും താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. തൗറാത്തും ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരുന്നു.
മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ട് താങ്കള്‍ക്കവന്‍ സത്യസമേതം ഗ്രന്ഥമിറക്കി. തൗറാത്തും ഇന്‍ജീലും അവനവതരിപ്പിച്ചിരുന്നു.
مِنْ قَبْلُ هُدًى لِلنَّاسِ وَأَنْزَلَ الْفُرْقَانَ ۗ إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَاللَّهُ عَزِيزٌ ذُو انْتِقَامٍ (4)
മുമ്പ് (ഖുര്‍ആന്‍ ഇറങ്ങുന്നതിനു മുമ്പ്), ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി (തൗറാത്തും ഇന്‍ജീലും അവന്‍ അവതരിപ്പിച്ചിരുന്നു). സത്യാസത്യവിവേചക പ്രമാണവും അവന്‍ ഇറക്കി. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അവന്‍ പ്രതാപശാലിയും ശിക്ഷാമുറകള്‍ സ്വീകരിക്കുന്നവനുമാണ്.
نَزَّلَ عَلَيْكَ الْكِتَابَ
الْكِتَابَ കൊണ്ടുദ്ദേശ്യം ഖുര്‍ആന്‍ തന്നെ. വിശ്വാസ സിദ്ധാന്തങ്ങളിലും, അടിസ്ഥാനപരമായ കാര്യങ്ങളിലും എല്ലാ വേദഗ്രന്ഥങ്ങളും ഒരുപോലെയാണല്ലോ. അതാണ് ഖുര്‍ആന്‍ അതിന്‍റെ മുമ്പുള്ള ഗ്രന്ഥങ്ങളെ ശരിവെക്കുന്നുവെന്ന് പറഞ്ഞത്.
وَأَنْزَلَ التَّوْرَاةَ وَالْإِنْجِيلَ
രണ്ടും പ്രത്യേകം എടുത്തു പഞ്ഞത് - മുന്‍വേദഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തമായതും തൗറാത്തും ഇന്‍ജീലുമാണല്ലോ. അവയുടെ അനുയായികളെന്ന് അറിയപ്പെടുന്ന രണ്ട് സമുദായങ്ങളും നിലവിലുണ്ട്താനും.
പ്രത്യേകം ശ്രദ്ധിക്കേണ്ടൊരു കാര്യം, ഇവിടെയും ഖുര്‍ആനിലെ മറ്റെല്ലാ സ്ഥലങ്ങളിലും തൗറാത്തും ഇന്‍ജീലും കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, നിലവിലുള്ള ബൈബിളും, അതിലെ പഴയ നിയമങ്ങളും പുതിയ നിയമങ്ങളും അല്ല. മൂസാ നബി (عليه السلام) നും ഈസാ നബി (عليه السلام)നും യഥാക്രമം അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ തൗറാത്തും യഥാര്‍ത്ഥ ഇന്‍ജീലുമാണ്.
ഇതു രണ്ടിന്‍റെയും ശരിയായ പകര്‍പ്പ്- ഏറ്റക്കുറവില്ലാത്ത സാക്ഷാല്‍ പകര്‍പ്പ് – എവിടെയുമില്ല. പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ തൗറാത്തിന്‍റെ ഏതെങ്കിലും ചില ഭാഗങ്ങളും, പുതിയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ ഇന്‍ജീലിന്‍റെ ഏതെങ്കിലും ചില ഭാഗങ്ങളും ഉണ്ടായിരിക്കുമെന്ന് മാത്രം. പല കൂട്ടിച്ചേര്‍ക്കലുകളും നടന്നതുകൊണ്ട് ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് വേര്‍തിരിച്ചറിയാന്‍പോലും സാധ്യമല്ല.
അപ്പോള്‍, വിശുദ്ധ ഖുര്‍ആന്‍ ശരിവെക്കുന്നു എന്ന് പറഞ്ഞത്, അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ തൗറാത്തിനെയും ഇന്‍ജീലിനെയും മാത്രമാണ്.
وَأَنْزَلَ الْفُرْقَانَ
സത്യവും അസത്യവും വേര്‍തിരിക്കുക എന്നാണ് الْفُرْقَانَ എന്ന വാക്കിന്‍റെ ഉദ്ദേശ്യം. മുന്‍വേദഗ്രന്ഥങ്ങളെ ശരിവെക്കുക മാത്രമല്ല ഖുര്‍ആന്‍ ചെയ്യുന്നത്, സത്യാസത്യങ്ങളെ വേര്‍തിരിച്ച് വിവരിക്കുകകൂടി ചെയ്യുന്നുണ്ട്.
إِنَّ الَّذِينَ كَفَرُوا بِآيَاتِ اللَّهِ لَهُمْ عَذَابٌ شَدِيدٌ ۗ وَاللَّهُ عَزِيزٌ ذُو انْتِقَامٍ
ഇതെല്ലാം അവതരപ്പിച്ചത് അല്ലാഹു ആണെന്നറിഞ്ഞിട്ടും സത്യനിഷേധം സ്വീകരിച്ചവരെ കഠിനമായി ശിക്ഷിക്കുമെന്ന് താക്കീത് നല്‍കുകയാണ്. അത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല.
അടുത്ത ആയത്ത് 5,6
ഈസാനബിعليه السلامനുള്ളതായി ആരോപിക്കപ്പെടുന്ന ദിവ്യത്വങ്ങളെൊക്കെ അങ്ങനെ പറയുന്നവരുടെ സ്വന്തം വകയാണ്. മറ്റെല്ലാ മനുഷ്യരെയുമെന്ന പോലെതന്നെ ഈസാ നബിعليه السلامനെ, ഉമ്മാന്‍റെ ഗര്‍ഭാശയത്തില്‍വെച്ചാണ് ഉദ്ദേശിച്ചപോലെ അല്ലാഹു രൂപപ്പെടുത്തിയത്. മജ്ജയും മാംസവും ശരീരാവയവങ്ങളുമൊക്കെയുണ്ട് മഹാനവര്‍കള്‍ക്ക്. അപ്പോള്‍പിന്നെ, അല്ലാഹുവിന്‍റെ സൃഷ്ടിയായ ഒരടിമ ആവുകയല്ലാതെ, എങ്ങനെയാണദ്ദേഹം അല്ലാഹു ആകുന്നത്? ഈ വാദം അതിവിചിത്രമാണെന്നാണിനി പറയുന്നത്.
ഇനി, പിതാവില്ലാതെ ജനിച്ചു എന്നതുകൊണ്ട് ഈസാനബിعليه السلامനെ ദൈവമാക്കാമോ? അതും പറ്റില്ല. കാരണം, മാതാവും പിതാവുമില്ലാതെയാണ് ആദം നബിعليه السلام ജനിച്ചത്. എല്ലാരും അംഗീകരിക്കുന്ന വസ്തുതയാണിത്. എന്നാല്‍പിന്നെ ആദം നബിعليه السلامനെ അല്ലേ ദൈവമാക്കേണ്ടത്.
ചുരുക്കത്തില്‍, അല്ലാഹു മാത്രമാണ് ഇലാഹ്-ആരാധ്യന്‍. അക്കാര്യം വേദക്കാരെ ഓര്‍മിപ്പിക്കുകയാണ്.
إِنَّ اللَّهَ لَا يَخْفَىٰ عَلَيْهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ (5)
ആകാശത്തോ ഭൂമിയിലോ ഉള്ള യാതൊന്നും അവനു ഗോപ്യമാവില്ല.
هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ۚ لَا إِلَٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (6)
താനുദ്ദേശിക്കുംവിധം ഗര്‍ഭാശയങ്ങളില്‍ നിങ്ങളെ രൂപപ്പെടുത്തുന്നതവനാണ്. അവനല്ലാതെ മറ്റൊരു ദൈവമില്ല. പ്രതാപശാലിയും യുക്തിമാനുമാണവന്‍.
അല്ലാഹുവിന്‍റെ മഹത്തായ ശക്തിയിലേക്ക് വിരല്‍ചൂണ്ടാനും കൂടിയാണ് ഗര്‍ഭാശയ രൂപപ്പെടുത്തല്‍ പറഞ്ഞത്. മാതാപിതാക്കളോ മറ്റാരെങ്കിലുമോ ആഗ്രഹിക്കുന്നതുപോലെയല്ല, അല്ലാഹുവിന്‍റെ ഇംഗിതപ്രകാരം മാത്രമാണ് ഗര്‍ഭസ്ഥശിശു രൂപംപ്രാപിക്കുന്നത്.
ഇവിടെ ചേര്‍ത്തുമനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈസാനബിعليه السلامനെക്കുറിച്ച് ദിവ്യത്വം ആരോപിക്കാനായി ക്രിസ്ത്യാനികള്‍ ഉന്നയിക്കുന്ന ഓരോ കാര്യത്തിന്‍റെയും ഖണ്ഡനം ബൈബിളില്‍ തന്നെയുണ്ട് എന്നതാണ്. ദൈവം ഏകന്‍ മാത്രമാണെന്നും 'സത്യവേദപുസ്തകം' പ്രഖ്യാപിക്കുന്നുണ്ട്.
ഉദാഹരണങ്ങള്‍: യഹോവ തനിയെ അവനെ നടത്തി. അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല (ആവര്‍ത്തനം 32:12). നിനക്കറിഞ്ഞുകൂടെയോ? നീ കേട്ടില്ലെയോ? യഹോവ നിത്യദൈവവും; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നെ. അവന്‍ ക്ഷീണിക്കുന്നില്ല. തളര്‍ന്നുപോകുന്നതുമില്ല. അവന്‍റെ ബുദ്ധി അപ്രമേയമത്രെ (യെശയ്യാവ് 40:28,29). ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവന്‍ ആകുന്നു (യോഹന്നാന്‍ 17:3). ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല (മാര്‍ക്കോസ് 10:18).
അടുത്ത ആയത്ത് – 7
മഹാനായ ഈസാനബിعليه السلامനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുന്നിസാഅ് 171 ആം ആയത്തിലൊരു പരാമര്‍ശമുണ്ട്. 'ഈസാ നബി മര്‍യമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത അവന്‍റെ വചനവും അവനില്‍ നിന്നുള്ള ആത്മാവുമാണ്' എന്നതാണത്.
)يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَآمِنُوا بِاللَّهِ وَرُسُلِهِ ۖ وَلَا تَقُولُوا ثَلَاثَةٌ ۚ انتَهُوا خَيْرًا لَّكُمْ ۚ إِنَّمَا اللَّهُ إِلَٰهٌ وَاحِدٌ ۖ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ ۘ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَكَفَىٰ بِاللَّهِ وَكِيلًا (171) النساء(
ഈ പരാമര്‍ശം പൊക്കിപ്പിടിച്ചാണ്, മഹാനവര്‍കള്‍ ദൈവമാണെന്നും ദൈവപുത്രനാണെന്നും പറയുന്നവര്‍, അതിന് ഖുര്‍ആനില്‍തന്നെ തെളിവുണ്ടെന്ന് വാദിക്കുന്നത്.
നജ്‌റാനിലെ ക്രിസ്തീയ നിവേദക സംഘം തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ഈ സൂറത്തിലെ ഏതാനും വചനങ്ങള്‍ അവതരിച്ചതെന്ന് മുമ്പ് പറഞ്ഞല്ലോ. ഈസാ നബി عليه السلام ക്കുറിച്ച് ‘അല്ലാഹുവിന്‍റെ വാക്കും, അവന്‍റെ പക്കല്‍ നിന്നുള്ള ആത്മാവും’ എന്ന് ഖുര്‍ആനില്‍ പറഞ്ഞത്, മഹാനവര്‍കള്‍ ദൈവമാണെന്ന കാര്യം ഖുര്‍ആനും അംഗീകരിക്കുന്നു എന്നതിന് തെളിവാണെന്ന് സമര്‍ത്ഥിക്കാന്‍ ആ സംഘത്തിലെ ചിലര്‍ ശ്രമിച്ചുവത്രെ. അതാണിനി പറയുന്നത്.
പക്ഷേ, അതല്ല വസ്തുത. വിശുദ്ധ ഖുര്‍ആന്‍ അതംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല, ഈസാനബി عليه السلام, അല്ലാഹുവിന്‍റെ സൃഷ്ടിയും ദൂതനും അടിമയും മാത്രമാണെന്ന് സ്പഷ്ടമായി, സുവ്യക്തമായ (മുഹ്‍കമായ) പല ആയത്തുകളിലൂടെയും വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരം മുഹ്കമായ ആയത്തുകളുടെ അടിസ്ഥാനത്തിലായിരിക്കണം, അല്ലെങ്കില്‍ അതിനോട് യോജിച്ചായിരിക്കണം, മേല്‍പറഞ്ഞ വചനങ്ങളെ (മുതശാബിഹായ-അവ്യക്തമായ, അല്ലെങ്കില്‍ പരസ്പരസാദൃശമുള്ളവയെ) വ്യാഖ്യാനിക്കേണ്ടതും മനസ്സിലാക്കേണ്ടതും.
പക്ഷേ, ഈ വാദക്കാരെന്താണ് ചെയ്തത്? ഈ വാക്യങ്ങളെ സുവ്യക്തമായ ആയത്തുകളോട് യോജിച്ച നിലയില്‍ വ്യാഖ്യാനിക്കാതെ, ജനങ്ങളെ വഴിതെറ്റിക്കാന്‍ വേണ്ടി, റൂഹ്, കലിമത് എന്ന പദങ്ങളെ
സ്വന്തം ഇഷ്ടപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്തു.
ഇത്തരം പ്രയോഗങ്ങള്‍ (പിതാവ്, പുത്രന്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പോലെത്തന്നെ) അതിന്‍റെ സാധാരണ അര്‍ഥത്തില്‍ അല്ല, ആലങ്കാരികമായി പറഞ്ഞതാണ് എന്ന് മനസ്സിലാക്കണം. പുരോഹിതന്മാരെ ഫാദര്‍ (അച്ഛന്‍) എന്നാണല്ലോ സാധാരണ പറയാറുള്ളത്. സാക്ഷാല്‍ അര്‍ഥമല്ലല്ലോ അവിടെ ഉദ്ദേശിക്കുന്നത്. ആലങ്കാരികമാണ്.
هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ (7)
അങ്ങയുടെ മേല്‍ ഗ്രന്ഥമിറക്കിയതവനാണ്. അവയില്‍ സുവ്യക്തമായ സൂക്തങ്ങളുണ്ട്; ഗ്രന്ഥത്തിന്‍റെ അടിസ്ഥാനം അവയാണ്. മറ്റു ചില ആയത്തുകള്‍ പരസ്പര സദൃശമായുമുണ്ടാകും. എന്നാല്‍ ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കലും ദുര്‍വ്യാഖ്യാനവും ലക്ഷീകരിച്ച് ആ അസ്പഷ്ട സൂക്തങ്ങളുടെ വഴിയെ പോകുന്നതാണ്. യഥാര്‍ത്ഥത്തില്‍, അല്ലാഹുവിന്നു മാത്രമേ ആ വിഭാഗം വചനത്തിന്‍റെ വ്യാഖ്യാനമറിയൂ. അചഞ്ചല (അടിയുറച്ച) വിജ്ഞാനമുള്ളവര്‍ ഇങ്ങനെയാണിതില്‍ പ്രതികരിക്കുക: രണ്ടു വിഭാഗം ആയത്തുകളും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം അല്ലാഹുവിങ്കല്‍ നിന്നവതീര്‍ണമാകുന്നു! ബുദ്ധിമാന്‍മാര്‍ മാത്രമേ കാര്യങ്ങള്‍ ഗ്രഹിച്ചു പാഠമുള്‍ക്കൊള്ളുകയുള്ളൂ.
തിരുനബി(صلى الله عليه وسلم) പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ അല്ലാഹു ഇറക്കിയതാണെന്ന് ആദ്യം പറയുന്നത്, അതിന്‍റെ ആധികാരികതയും വിശ്വാസ്യതയും അപ്രമാദിത്വവും പ്രകടിപ്പിക്കാനാണ്.
പിന്നെ പറയുന്നത്, രണ്ടുതരം വര്‍ഗീകരണം അവയിലുണ്ടെന്നാണ്. ഒന്ന് മുഹ്ക്കം, മറ്റൊന്ന് മുതശാബിഹ്.
مُحْكَمَ എന്ന വാക്കിന് ദൃഢമായത്, സുവ്യക്തമായത്, നിയമബലമുള്ളത് എന്നൊക്കെ സന്ദര്‍ഭത്തിനനുസരിച്ച് അര്‍ത്ഥം നല്കാം. مُتَشَابِه എന്നാല്‍ പരസ്പര സാദൃശ്യമുള്ളത്, (സാദൃശ്യം കാരണം) വേര്‍തിരിച്ചറിയാത്തത് എന്നൊക്കെയാണര്‍ത്ഥം.
ഈ രണ്ടു പദങ്ങള്‍ കൊണ്ടുള്ള വിവക്ഷയെപ്പറ്റി മുഫസ്സിറുകള്‍ക്ക് പല അഭിപ്രായങ്ങളുമുണ്ട്. സൂക്ഷ്മജ്ഞാനികളായ പലരും പറയുന്ന അഭിപ്രായത്തിന്‍റെ ചുരുക്കം ഇങ്ങനെ മനസ്സിലാക്കാം:
സംശയത്തിനും ആശയക്കുഴപ്പത്തിനും ഇടമില്ലാത്തവിധം അര്‍ത്ഥവും ആശയവും വ്യക്തമായി മനസ്സിലാകുന്നതെല്ലാം ‘മുഹ്കമും’ അല്ലാത്തവ ‘മുതശാബിഹു’മാകുന്നു.
അതായത്, സാധാരണ രീതിയിലുള്ള അവതരണവും ആശയങ്ങള്‍ സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയുന്നവയുമാണ് മുഹ്കം (സ്പഷ്ട സൂക്തങ്ങള്‍.) അല്ലാത്തവ മുതശാബിഹും (അസ്പഷ്ടമായവ). കുറഞ്ഞ സൂക്തങ്ങളാണ് ആ ഗണത്തില്‍ വരിക. ഭാഷാപരമായി വിലയിരുത്തിയാല്‍, ഒന്നുകില്‍ അവയ്ക്ക് വ്യക്തമായ ഒരാശയമുണ്ടാവില്ല; അല്ലെങ്കില്‍ ആശയമുണ്ടാകും, ആ പ്രത്യക്ഷ അര്‍ത്ഥമാണ് വിവക്ഷ എന്ന് പറയാന്‍ പറ്റില്ല.
ഉദാഹരണമായി, ചില സൂറകളുടെ ആരംഭത്തിലുള്ള ഖണ്ഡിത അക്ഷരങ്ങള്‍-അലിഫ് ലാം മീം, അലിഫ് ലാം മീം സ്വാദ്, ഹാ മീം ഐന്‍ സീന്‍ ഖാഫ്, കാഫ് ഹാ യാ ഐന്‍ സ്വാദ്... ഇവയ്‌ക്കൊന്നും ഭാഷയില്‍ പ്രത്യേക അര്‍ത്ഥമില്ല.
ഇനി ഭാഷാര്‍ത്ഥമുണ്ടെങ്കില്‍ തന്നെയും അതറിഞ്ഞതുകൊണ്ടുമാത്രം ചില സൂക്തങ്ങളുടെ അകംപൊരുള്‍ മനസ്സിലാകണമെന്നില്ല. ഉദാഹരണമായി, എന്‍റെ രണ്ടു കൈകൊണ്ട് സൃഷ്ടിച്ച ആദം... (38:75) അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെ... (48:10), എന്‍റെ കണ്‍മുമ്പില്‍ തന്നെ മൂസാ വളര്‍ത്തപ്പെടാന്‍... (20:39), അല്ലാഹു അര്‍ശിന്മേല്‍ ആസനസ്ഥനായി (20:15) തുടങ്ങിയ സൂക്തങ്ങള്‍. അതുപോലെ, അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങള്‍, പരലോകത്തെ അനുഭവങ്ങള്‍, സ്വര്‍ഗനരകങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍, മീസാന്‍, സ്വിറാഥ് പോലെയുള്ള കാര്യങ്ങള്‍. ഇവയെല്ലാം എങ്ങനെയാണ്, യഥാര്‍ത്ഥരൂപം എന്താണ് എന്നൊക്കെ അല്ലാഹുവിനല്ലാതെ ആര്‍ക്കുമറിയില്ല? ഭാഷാപ്രയോഗങ്ങളുടെ അപര്യാപ്തത മൂലം, അതൊന്നും ശരിയായി ട്രാന്‍സ്‍ലേറ്റ് ചെയ്യാന്‍ പോലും പലപ്പോഴും കഴിയാറുമില്ല.
ഇത്തരം കാര്യങ്ങള്‍ പറയുന്ന അസ്പഷ്ട സൂക്തങ്ങള്‍ മുഹ്ക്കമിനെ അവലംബമാക്കിയാണ് വ്യാഖ്യാനിക്കുക. അതായത്, ഉദ്ദേശ്യം സുവ്യക്തമായ മുഹ്കമായ ആയത്തുകളോട് യോജിച്ചുകൊണ്ടായിരിക്കണം ഇവയെ വ്യാഖ്യാനിക്കേണ്ടത്. സംശയമുണ്ടെങ്കില്‍ സുവ്യക്തമായ ആയത്തുകളെ അവലംബിക്കണം. هُنَّ أُمُّ الْكِتَابِ 'അവ ഗ്രന്ഥത്തിന്‍റെ അടിസ്ഥാനമാണ്' എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം അതാണ്.
ഇബ്‌നു അബ്ബാസ് (رضي الله عنهما) വിന്‍റെ പരാമര്‍ശം ഇവിടെ ശ്രദ്ധേയമാണ്: നാലു രൂപത്തിലാണ് തഫ്‌സീര്‍. ‘അറബികള്‍ക്ക് അവരുടെ ഭാഷയിലൂടെ ഗ്രഹിക്കാവുന്നത്, എല്ലാവര്‍ക്കും എന്തായാലും അറിയുന്ന മതവിധികള്‍ ഉള്‍ക്കൊള്ളുന്നത്, പണ്ഡിതന്‍മാര്‍ക്ക് മനസ്സിലാകുന്നത്, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്തത്.’
മുഹ്കമായ വചനങ്ങളാണ് ഖുര്‍ആന്‍റെ മൂല പ്രധാനമായ ഭാഗം (هُنَّ أُمُّ الْكِتَابِ). അതിന്‍റെ ആശയപരിധികള്‍ക്കു പുറത്തുകടന്ന്, മുതശാബിഹുകളെ വ്യാഖ്യാനിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. മാത്രമല്ല, പലപ്പോഴും അപകടത്തില്‍ കലാശിക്കുകയും ചെയ്യും. അതാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്:
فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ
വക്ര മനസ്സുള്ള ദോഷൈകദൃക്കുകളും തല്‍പരകക്ഷികളും, ഈ അസ്പഷ്ട സൂക്തങ്ങള്‍ ഉയര്‍ത്തിക്കാട്ടി, അവ വിവാദവിഷയമാക്കി ആശയക്കുഴപ്പങ്ങളുണ്ടാക്കും. ജനങ്ങളെ വഴിതെറ്റിക്കാനും സ്വന്തം പാളയത്തിലേക്ക് ആളെക്കൂട്ടാനും, സ്വയം ഇഷ്ടത്തിനനുസരിച്ച് മുതശാബിഹുകളെ വ്യാഖ്യാനിക്കാന്‍ മുതിരും.
ഖുര്‍ആനിന്‍റെ അനുയായികളാണെന്ന് അവകാശപ്പെടുന്നവര്‍ തന്നെ, പണ്ടുമുതലേ ഇത്തരം അവ്യക്തമായ വാക്യങ്ങളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്തുപോന്നിട്ടണ്ട്. ഇപ്പോഴും ചെയ്യുന്നുമുണ്ട്. ആദ്യമായി രംഗത്തു വന്നത് ഖവാരിജുകളാണ്. പിന്നെ അവരില്‍തന്നെ പല അവാന്തരവിഭാഗങ്ങളുമുണ്ടായി. പിന്നെ ഖദ്‌രിയ്യാക്കള്‍, മുഅ്തസിലികള്‍, ജഹ്മികള്‍ തുടങ്ങി പലരും രംഗത്തുവന്നു.
ഈ വചനം ഓതിയിട്ട് തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞത്രെ: ഖുര്‍ആനിലെ മുതശാബിഹാത്തിന്‍റെ പിന്നാലെ കൂടുന്നവരെ നിങ്ങള്‍ കണ്ടാല്‍, അവര്‍ തന്നെയാണ് ‘ഹൃദയങ്ങളില്‍ വക്രതയുള്ളവര്‍’ എന്ന് അല്ലാഹു വിളിച്ച വിഭാഗം (എന്ന് മനസ്സിലാക്കണം). നിങ്ങള്‍ അവരെക്കുറിച്ച് ജാഗ്രത പുലര്‍ത്തുകയും വേണം (ബുഖാരി).
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
വിശുദ്ധ ഖുര്‍ആന്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുക എന്നത് വക്രബുദ്ധിയുടെ അടയാളമാണ്. അടിയുറച്ച പണ്ഡിതന്മാര്‍ അങ്ങനെ ചെയ്യില്ല. അവ്യക്തമായ വാക്യങ്ങളെ സുവ്യക്തമായ വാക്യങ്ങളുടെ അടിസ്ഥാനത്തിലേ അവര്‍ വ്യാഖ്യാനിക്കുകയുള്ളൂ.
എല്ലാ വാക്യങ്ങളും ഒരേ ഒരു കേന്ദ്രത്തില്‍ നിന്ന്-അല്ലാഹുവിങ്കല്‍ നിന്നല്ലേ- അവതരിച്ചത്, അതുകൊണ്ടുതന്നെ പരസ്പര വൈരുധ്യമുണ്ടാന്‍ പാടില്ലെന്നും, ദുര്‍വ്യാഖ്യാനം ചെയ്താല്‍ അല്ലാഹുവിന്‍റെ സന്നിധിയില്‍ മറുപടി പറയേണ്ടിവരുമെന്നും മുഅ്മിനുകള്‍ വിശ്വസിക്കുന്നു.
وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ എന്നത് ഒരു വാചകവും وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ – الخ എന്നത് മറ്റൊരു വാചകവുമാണെന്നാണ് ഭൂരിഭാഗം മുഫസ്സിറുകളുടെും അഭിപ്രായം. അതനുസരിച്ച്, إِلَّا اللَّهُ എന്നിടത്തു വഖഫ് ചെയ്യണം. ഇതുവരെ നമ്മള്‍ വിശദീകരിച്ചത് ഈ അഭിപ്രായമനുസരിച്ചാണ്.
മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം, وَمَا يَعْلَمُ മുതല്‍ فِي الْعِلْمِ വരെ ഒരു വാചകമാണെന്നാണ്. يَقُولُونَ മുതല്‍ അടുത്ത വാചകം തുടങ്ങുകയും ചെയ്യുന്നു. ‘അതിന്‍റെ വ്യാഖ്യാനം അല്ലാഹുവും, അടിയുറച്ച അറിവുള്ളവരുമല്ലാതെ അറിയുകയുമില്ല’ എന്നായിരിക്കും അപ്പോഴര്‍ത്ഥം.
മുതശാബിഹുകളെക്കുറിച്ച്, അറിവും വിവേകവുമുള്ളവരുടെ നിലപാട് ക്ലിയറാണ്: آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا (ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു, എല്ലാം നമ്മുടെ റബ്ബില്‍ നിന്നുള്ളത് തന്നെ). അവരത് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മുതിരുകയില്ല. കാരണം, അവര്‍ വക്രമാനസരല്ല.
അല്ലാഹു ഒശാരമായി നല്‍കിയ സന്മാര്‍ഗത്തില്‍ നിന്ന് തെറ്റാതെ ജീവിച്ച്, അല്ലാഹുവിന്‍റെ കാരുണ്യത്തിന് വിധേയരായി, അവന്‍റെ കോപത്തിന് വിധേയരാകാതെ ഖിയാമനാളില്‍ രക്ഷപ്പെടണമെന്നായിരിക്കും അവരുടെ ലക്ഷ്യം. അതിനായി അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
ആ പ്രാര്‍ത്ഥനയാണ് അടുത്ത ആയത്തുകളിലുള്ളത്- 8, 9
നല്ല ഉറച്ച അറിവുള്ളവരും സത്യവിശ്വാസികളുമായ ആളുകളാണിങ്ങനെ ദുആ ചെയ്യുന്നത്. അതായത്, അല്ലാഹു കനിഞ്ഞുനല്‍കിയ സന്മാര്‍ഗത്തിന്‍റെ വെളിച്ചം നിരന്തരം നിലനിന്നുകിട്ടാനുള്ള ദുആ. അതിനെപ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം.
തിരുനബി صلى الله عليه وسلم യുടെ ദുആകളിലെ നിറസാന്നിധ്യവുമായിരുന്നു അത്-يَا مُقلِّبَ القُلُوبِ، ثَبِّتْ قَلْبِي عَلَى دِينِك (ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്‍റെ ഹൃദയം നിന്‍റെ ദീനില്‍ അടിയുറപ്പിച്ചുനിറുത്തേണമേ).
അതുപോലെ, മഹ്ശറില്‍ സമ്മേളിക്കപ്പെടുന്ന ദിവസം വളരെ പ്രധാനമാണ്. അത് സംഭവിക്കുമെന്നതില്‍ ഒരു സംശയവുമില്ല. സത്യവിശ്വാസികള്‍ക്കും മുത്തഖികള്‍ക്കുമന്ന് പ്രയാസപ്പെടേണ്ടിവരില്ല, സങ്കടപ്പെടേണ്ടിയും വരില്ല. അത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. അത്തരം വിജയികളുടെ കൂട്ടത്തില്‍ തങ്ങളെയും ചേര്‍ക്കണേ എന്നാണീ ദുആയുടെ താല്‍പര്യം.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً ۚ إِنَّكَ أَنْتَ الْوَهَّابُ (8)
അവരിങ്ങനെ പ്രാര്‍ത്ഥിക്കും: നാഥാ, നേര്‍മാര്‍ഗത്തിലാക്കിയ ശേഷം ഞങ്ങളുടെ മനസ്സുകള്‍ നീ വഴിതെറ്റിക്കരുതേ. നിന്‍റെ പക്കല്‍ നിന്നുള്ള അനുഗ്രഹം ഞങ്ങള്‍ക്കു ചൊരിയേണമേ. ഏറെ സൗജന്യം നല്‍കുന്നവന്‍ തന്നെയാണു നീ.
رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَا رَيْبَ فِيهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ (9)
നാഥാ, നിസ്സംശയം സംഭവിക്കുന്ന ഒരു ദിവസം മാനുഷ്യകത്തെ നീ സംഗമിപ്പിക്കുക തന്നെ ചെയ്യും. അല്ലാഹു വാഗ്ദാനം ലംഘിക്കുകയേയില്ല (എന്നുമവര്‍ പ്രാര്‍ത്ഥിക്കും).
------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment