സ്‌പെയിനിലെ സുവര്‍ണ്ണ കാലഘട്ടം

ഖലീഫ വലീദുബ്‌നു അബ്ദുല്‍മലിക്കിന്റെ കാലഘട്ടം. സൈന്യാധിപരിലൊരാളായിരുന്നു മുസബ്നുനുസൈര്‍, എ.ഡി 710ല്‍ (ഹിജ്‌റ 91) ത്വരീഫുബ്നു മാലികെന്ന ബര്‍ബര്‍ വംശജനായ സൈനികന്റെ കീഴില്‍ ഒരു സംഘത്തെ സ്‌പെയിനിനെ കുറിച്ച് പഠിച്ചറിയാനായി നിയോഗിച്ചു. സംഘം പൂര്‍ണ്ണമായി അന്വേഷിച്ചതിന് ശേഷം മൂസബ്‌നു നുസൈറിനെ കൃത്യമായി കാര്യങ്ങള്‍ അറിയിച്ചു. അതോടെ മൂസബ്‌നു നുസൈര്‍ എന്ന സൈന്യാധിപ പ്രബോധകന്റെ സ്വപ്നങ്ങള്‍ സ്‌പെയിനില്‍ ഇസ്‍ലാമിക വെളിച്ചം വ്യാപിക്കുന്നതിനെ കുറിച്ചായിരുന്നു.

എ.ഡി 711ല്‍ ത്വാരിഖ് ബ്നു സിയാദിന്റെ കീഴില്‍ ഏഴായിരം പേരടങ്ങുന്ന സൈന്യം സ്പെയ്നിലെക്ക്  യാത്ര തിരിച്ചു. ത്വരീഫു ബ്നു  മാലികിന്റെ നേതൃത്വത്തില്‍ അയ്യായിരം പേരടങ്ങുന്ന സൈന്യം സഹായമായും എത്തിച്ചേര്‍ന്നു. അങ്ങനെ 12000 വരുന്ന മുസ്‍ലിം സൈന്യം ലുദ്രീകിന്റെ ഒരു ലക്ഷത്തോളം വരുന്ന സൈന്യവുമായി ഏറ്റുമുട്ടി. എട്ടു ദിവസത്തോളം യുദ്ധം നീണ്ടുനിന്നു. അവസാനം മുസ്‍ലിം സൈന്യത്തിന്റെ ഈമാനിന്റെ പിന്‍ബലം തുണയായി. അങ്ങനെ എ.ഡി.714 ആകുമ്പോഴേക്കും സ്പെയ്ന്‍ മുഴുവന്‍ മുസ്‍ലിം അധീനതയിലായി. ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍തുടങ്ങി, പിന്നീടങ്ങോട്ട് എട്ടു ശതാബ്ദകാലം (എ.ഡി.-710-1492) വരെ വിജ്ഞാന വിപ്ലവത്തിനും അനേകായിരം പുരോഗതികള്‍ക്കും സ്പാനിഷ്‌ മണ്ണ് സാക്ഷിയായതാണ് പിന്നീട് ചരിത്രം കണ്ടത്.

‘അല്‍ഹകം’ സ്പെയ്നിന്റെ ഭരണത്തില്‍ കയറിയപ്പോള്‍ പല വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു. വിജ്ഞാനം നുകരുന്നവര്‍ക്കും പകരുന്നവര്‍ക്കും ഒട്ടനേകം സമ്മാനങ്ങളും സൗജന്യ വിദ്യാഭ്യാസം പോലുള്ള ഉചിതമായ നടപടിക്രമങ്ങളും അല്‍ഹകം നടപ്പിലാക്കി. അദ്ദേഹത്തിന്റെ പരിശ്രമത്തില്‍ നിന്ന് നിര്‍മിതമായതാണ് ലോക പ്രശസ്തമായ ‘കൊര്‍ഡോവ’ യുണിവേഴ്സിറ്റി. ലോകത്തിന്റെ പല രാജ്യങ്ങളില്‍നിന്നും ജനം അറിവ് പുല്‍കാനായി അങ്ങോട്ട് ഓടിയെത്തി. നാലു ലക്ഷത്തോളം പുസ്‌തകങ്ങള്‍വരെ കൊര്‍ഡോവ യുണിവേഴ്സിറ്റിയില്‍ അന്നുണ്ടായിരുന്നു എന്നാണ് കണക്ക്. ലോകശ്രദ്ധനേടിയ സ്പെയിന്‍ ലോകത്തിന് തന്നെ വെളിച്ചം കാട്ടി. യൂറോപ്പിന് പേപ്പര്‍ നിര്‍മാണത്തിന്റെ ഘടന പഠിപ്പിച്ചത് പോലും സ്പെയ്നായിരുന്നു എന്ന് ചരിത്രം.

അന്ന് വിദഗ്ദ്ധ ചികിത്സക്കായി എല്ലാരും ഓടിയെത്തിയത് സ്പെയ്നിലേക്കായിരുന്നു. ലോകം ചുറ്റിക്കറങ്ങി രചന നടത്തിയ ഇബ്നു ബതൂതയും ലോക ചരിത്രമെഴുതിയ ഇബ്നു ഖല്ദൂനും സ്പെയ്ന്‍മൊറോക്കോ സംഭാവനകളാണ്. റൈറ്റ് സഹോദരന്മാര്‍ വിമാനം നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ, വിമാനം രൂപകല്‍പന ചെയ്ത് അബ്ബാസ് ഇബ്നു ഫര്‍നാസ് കൊര്‍ഡോവ പള്ളി മിനാരത്തില്‍ നിന്ന് പറന്നുപൊങ്ങിയിരുന്നു. അറബി വ്യാകരണത്തിന്റെ സമഗ്രകൃതിയായ ‘അല്‍ഫിയ്യ’ യുടെ രചയിതാവ് ഇബ്നു മാലികും സ്പെയ്നിന്റെ പുത്രനാണ്.

സ്പെയ്നിന്റെ ഉയര്‍ച്ചക്ക് ഹേതുവായത് ഭരണാധികാരികള്‍ ആണങ്കില്‍ അതിന്റെ തകര്‍ച്ചക്കും മുഖ്യഹേതു ഭരണാധികാരിക്കിടയിലെ ഭിന്നിപ്പുതന്നെയാണ്. അതോടെ തക്കം പാര്‍ത്തിരുന്ന ക്രിസ്ത്യന്‍ ശക്തികള്‍ സ്പെയ്ന്‍‍ തങ്ങളുടെ അധീനതയിലാക്കി. ഇസ്‍ലാമിന്റെ എല്ലാ അടയാളങ്ങളും  സ്മാരകങ്ങളും തച്ചുതകര്‍ത്തു. ലൈബ്രറികള്‍ കത്തിച്ച് ചാമ്പലാക്കി. അതോടെ മുസ്‍ലിം സ്പെയ്ന്‍എന്ന പാഠഭാഗത്തിന് തിരശ്ശീല വീണു. ഇന്നും നഷ്ടപ്രതാപത്തിന്റെ ശിഷ്ട പ്രതീകമായി സ്പെയ്നും കൊര്‍ഡോവയും ചരിത്രത്താളുകളില്‍ ബാക്കി നില്ക്കുകയാണ്, ലോകമുസ്‍ലിംകളുടെ മനോമുകുരങ്ങളിലും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter