ഒരു ദർവിശീന്റെ ഡയറിക്കുറിപ്പുകൾ-33 സുല്‍താന്‍ ബായസീദിന്റെ മണ്ണിലൂടെ...

അയാ സോഫിയയിൽ നിന്ന് ബായസീദ് പള്ളിയിലേക്ക് ഇരുപത് മിനുട്ടിന്റെ നടത്തമുണ്ട്. നടത്തം ദിവാൻ യോലു റോഡിലൂടെയായിരുന്നു. ദിവാൻ യോലു (ഇമ്പീരിയൽ കൗൺസിലിലേക്കുള്ള റോഡ്) ഒരിക്കൽ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് റോമിലേക്കുള്ള സാമ്രാജ്യത്വ പാതയായിരുന്നു. ഒട്ടോമൻ കാലഘട്ടത്തിലാണ് ഇതിന് തുർക്കിഷ് പേര് ലഭിച്ചത്. 

റോഡിലൂടെ നടന്ന് പള്ളിയുടെ സമീപമെത്തിയ ഞാൻ പള്ളിയുടെ നടുമുറ്റത്തേക്ക് പ്രവേശിച്ചു. പുരാതന കോൺസ്റ്റാന്റിനോപ്പിളിലെ തിയോഡോഷ്യസ് ബിൽഡിങ്ങിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ബായസീദ് സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണി കഴിപ്പിക്കട്ടെ ഒട്ടോമൻ പള്ളിയാണ് ബായസീദ് മസ്ജിദ്. വടക്ക്-പടിഞ്ഞാറ് ഭാഗത്തെ നടുമുറ്റത്തിനും ഏതാണ്ട് പള്ളിയുടെ അത്രതന്നെ വിസ്തീർണ്ണമുണ്ട്. മുറ്റത്തിന് മൂന്ന് വശത്തും പ്രവേശന കവാടങ്ങളുണ്ട്. 24 ചെറിയ താഴികക്കുടങ്ങളടങ്ങിയ മേൽക്കൂരയുള്ള ഇതിന് പോളിക്രോം മാർബിളിന്റെ നടപ്പാതയാണ് ഒരുക്കിയിരിക്കുന്നത്.

പള്ളി ഏകദേശം 40 മീറ്റർ (130 അടി) ചതുരാകൃതിയിലും അതിന്റെ താഴികക്കുടം ഏകദേശം 17 മീറ്റർ (56 അടി) വ്യാസത്തിലുമാണ് നിർമിച്ചിട്ടുള്ളത്. പ്രധാന അക്ഷത്തിൽ രണ്ട് അർദ്ധ താഴികക്കുടങ്ങളും ദ്വിതീയ അക്ഷത്തിൽ പ്രവർത്തിക്കുന്ന രണ്ട് കമാനങ്ങളും കേന്ദ്ര താഴികക്കുടത്തെ ബന്ധപ്പെടുത്തിയാണ് നിർമിച്ചിട്ടുള്ളത്. നിറമുള്ള കല്ലുകളും മാർബിളുകളും ഉപയോഗിച്ച് പൂർണ്ണമായും കല്ലിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. 

Read More :ഉലമാ-ഉമറാ സഹവർത്തിത്വത്തിന്റെ മനോഹര കാഴ്ചകള്‍

ഞാൻ പള്ളിയുടെ പിറക് വശത്തേക്ക് നീങ്ങി. അവിടെ രണ്ടു ഖുബ്ബയുള്ള ഒരു മഖ്ബറ കാണാനിടയായി. അത് ബായസീദ് രണ്ടാമന്റെ മഖ്ബറയാണ്. മഴ പെയ്തതിനാൽ മുറ്റത്ത് വെള്ളമുണ്ടായിരുന്നു. മഖ്ബറയുടെ കവാട ഭാഗം മര കഷ്ണങ്ങളാൽ ഭംഗിയായി നിർമിച്ചിരിക്കുന്നു. കവാടത്തിന്റെ അടുത്തായി തന്നെ വാസ്തുശിൽപിയായ മിഅ്മാർ കമാലുദ്ധീൻ ബൈയുടെ (1870-1927) ഖബ്റുമുണ്ട്. ഞാൻ മഖ്ബറയിലേക്ക് പ്രവേശിച്ചു. ഖബ്റ് ചില്ലിനാലും മരപ്പലകകളാലും വലയം ചെയ്യപ്പെട്ടിരുന്നു. ഖുബ്ബയുടെ ഉൾവശം ചിത്രങ്ങളാലും കാലിഗ്രഫിയാലും ഭംഗിയാക്കിയിരിക്കുന്നത് ഏറെ ആകർഷണീയമാണ്. 

എന്തുകൊണ്ടാണ് ഇത്രയും കലകളാൽ അദ്ദേഹത്തിന്റെ ഖബ്റ് അലങ്കരിച്ചിരിക്കുന്നതെന്ന സംശയം എന്നിലുയർന്നു വന്നു. ഇതിന്റെ മറുപടി തേടി, ഞാൻ ഫാത്തിഹിന്റെ മകനായ ബായസീദിന്റെ ജീവിതം വായിച്ചുനോക്കി. പിതാവിനെപ്പോലെ പണ്ഡിതർ അണിയിച്ച തലപ്പാവ് ധരിച്ചിരുന്ന അദ്ദേഹം അതിനിപുണനായ ഒരു വില്ലാളി കൂടിയായിരുന്നു. അമ്പും വില്ലും ഭംഗിയായി നിര്‍മ്മിക്കാൻ തന്നോളം ആർക്കും കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന  അദ്ദേഹം അതിനെക്കുറിച്ച് ഒരു പുസ്തകം പോലും എഴുതിയിട്ടുണ്ട്. അദ്ദേഹം  നിർമ്മിച്ച ഒരു വില്ല് ടോപ്കാപ്പി കൊട്ടാരത്തിൽ ഇന്നും പ്രദർശിപ്പിച്ചിട്ടുണ്ട്.

1481-ൽ മുഹമ്മദ് ഫാത്തിഹ് എന്നറിയപ്പെടുന്ന സുൽത്താൻ മുഹമ്മദ് രണ്ടാമൻ വഫാത്തായപ്പോൾ അനന്തരവകാശികളായി പ്രഖ്യാപിച്ചിരുന്നത്, അമസ്യയുടെ ഗവർണറായിരുന്ന മുപ്പത്തിമൂന്നുകാരനായ ബായസീദിനെയും ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കൊൻയ ഗവർണർ ജെം സുൽത്താനെയുമായിരുന്നു. എല്ലാ മന്ത്രിമാരും പിതാവ് മരണപ്പെട്ടെന്ന് പറഞ്ഞ് ബായസീദിന് കത്തയച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന കാരമാന മുഹമ്മദ് പാഷ മാത്രമായിരുന്നു ജെം സുൽത്താന് കത്തയച്ചത്.

ഷെഹ്‌സാദ് ബായസീദിന്റെ അധികാരാരോഹണത്തെ സൈനികർ പിന്തുണച്ചതോടെ ബായസീദിന് കാര്യങ്ങള്‍ എളുപ്പമായി. ജെം സുൽത്താൻ ബുർസയിലേക്ക് മാർച്ച് ചെയ്യുകയും ഇസ്താംബൂളിൽ നിന്ന് അദ്ദേഹത്തെ നേരിടാൻ അയച്ച സൈനികരെ പരാജയപ്പെടുത്തുകയും ചെയ്തുവെന്നും ശേഷം അദ്ദേഹം ബുർസയിൽ തന്റെ സുൽത്താനേറ്റ് പ്രഖ്യാപിച്ച് ജുമുഅ ഖുതുബയില്‍ തന്റെ പേര് ഉള്‍പ്പെടുത്തുകയും സ്വന്തം നാണയമടിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നുണ്ട്.

രാജ്യം പങ്കിടാമെന്ന് പറഞ്ഞ് ജെം സുല്‍താന്‍ ബായസീദിനടുത്തേക്ക് ദൂതനെ അയച്ചുവെങ്കിലും "ഒരു വധുവിന് രണ്ട് വരൻമാർ ഉണ്ടാകില്ല!" എന്ന് പറഞ്ഞ് മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യം നന്നായി അറിയാമായിരുന്ന സുൽത്താൻ ബായസീദ് രണ്ടാമൻ ജെം സുൽത്താന്റെ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. ശേഷം, ബായസീദിനോടുള്ള യുദ്ധത്തിൽ പരാജയപ്പെട്ട ജെം സുൽത്താൻ തന്റെ കുടുംബത്തോടും പരിവാരങ്ങളോടും കൂടെ പലായനം ചെയ്ത് മംലൂക്കുകളിൽ അഭയം തേടി, സഹോദരനെതിരെയുള്ള നീക്കങ്ങള്‍ തുടര്‍ന്നു. 

സഹോദരനുമായുള്ള ആഭ്യന്തരയുദ്ധം ഇറ്റലിയിൽ നിന്ന് പിന്മാറാൻ സുൽത്താൻ ബായസീദിനെ നിർബന്ധിതനാക്കി. എന്നിരുന്നാലും, ഒട്രാന്റോയിലെ ഏതാനും വർഷത്തെ ഓട്ടോമൻ ഭരണം ഇറ്റലിയില്‍ ഗോപുരങ്ങളും കോട്ടകളും നിർമ്മിക്കാനുള്ള ഹേതുവായി. അതേസമയം, ഹംഗറി, മോൾഡോവിയ, അൽബേനിയ, വെനീസ്, പോളണ്ട്, പെലോപ്പൊന്നീസ് എന്നിവിടങ്ങളിലേക്ക് സൈനികനീക്കങ്ങള്‍ നടത്തുകയും ചില തന്ത്രപ്രധാനമായ സ്ഥലങ്ങൾ കീഴടക്കുകയും ചെയ്തു. ഈ പര്യവേഷണങ്ങളിൽ ചിലത് സുൽത്താൻ ബായസീദിന്റെ തന്നെ നേതൃത്വത്തിലായിരുന്നു നടന്നത്. 

അനാട്ടോളിയയിലെ ഈ ചെറിയ രാഷ്ട്രം വളരുകയും തങ്ങളുമായി അതിർത്തി പങ്കിടുന്നിടത്ത് വരെ എത്തുകയും ചെയ്തതിൽ മംലൂക്കുകൾ അസൂയപ്പെട്ടിരുന്നു. സുൽത്താൻ മുഹമ്മദിന്റെ ഭരണകാലത്ത് കൈറോയിലേക്ക് അയച്ച അംബാസഡർ നയതന്ത്ര നടപടിക്രമങ്ങൾക്ക് വിരുദ്ധമായി പെരുമാറിയത് രാഷ്ട്ര ബന്ധങ്ങളെ വഷളാക്കിയിരുന്നു. മാത്രമല്ല, ഉസ്മാനികളുടെ ശത്രുക്കളായ ബെയ്‌കളെ മംലൂക്കുകൾ സഹായിച്ചതും രണ്ടു ഭരണകൂടങ്ങൾക്കിടയിലുള്ള പിരിമുറുക്കം വർദ്ധിപ്പിച്ചു. ഇതിനിടക്ക് സുൽത്താൻ മുഹമ്മദ് ഇന്ത്യയിലേക്ക് അയച്ച അംബാസഡറെ മടക്കയാത്രയിൽ ജിദ്ദയിൽ വെച്ച് മംലൂക്കുകൾ അറസ്റ്റ് ചെയ്യുകയും ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന സമ്മാനങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. 

ഈ സാഹചര്യത്തിലാണ്, യുദ്ധത്തില്‍ പരാജയപ്പെട്ട ജെം സുല്‍താന്‍ അഭയം തേടി മംലൂകുകളോടൊപ്പം ചേരുന്നത്. അതോടെ, പൊട്ടിപ്പുറപ്പെട്ട ഓട്ടോമൻ-മംലൂക് യുദ്ധം ആറ് വർഷം നീണ്ടുനിന്നെങ്കിലും സൈനികരുടെ അലംഭാവം കാരണം ഇരുപക്ഷത്തിനും നിർണായക വിജയം നേടാൻ കഴിഞ്ഞില്ല. അവസാനം, പ്രശ്നം നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കപ്പെട്ടു.

Read More:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-32 ഹാഗിയ സോഫിയ കഥ പറയുമ്പോൾ

ഇതേ സമയം, ഐബീരിയൻ ഉപദ്വീപിൽ അവശേഷിക്കുന്ന ഒരേയൊരു മുസ്‍ലിം രാഷ്ട്രത്തിന്മേൽ സ്പെയ്നിലെ ക്രിസ്ത്യൻ ഭരണം സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ഇതേതുടര്‍ന്ന്, ഗ്രാനഡയിലെ നാസിർ ഭരണകൂടത്തിലെ അംബാസഡർമാർ ഇസ്താംബൂളിലെത്തി സുൽത്താൻ ബായസീദ് രണ്ടാമനോട് സഹായം അഭ്യർത്ഥിച്ചു. തുർക്കികളെ സംബന്ധിച്ചടുത്തോളം വടക്കേ ആഫ്രിക്കയിൽ താവളങ്ങൾ ഉണ്ടായിരിക്കുക എന്നത് ആവശ്യവുമായിരുന്നു. അത് കൊണ്ട് തന്നെ, അവരെ സഹായിക്കാനായി സുൽത്താൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. ചരിത്രത്തിലാദ്യമായി കപ്പലുകളിൽ ദീർഘദൂര പീരങ്കികൾ സ്ഥാപിച്ച് യുദ്ധം ചെയ്ത നാവികനായ കെമാൽ റഈസിന്റെ നേതൃത്വത്തിൽ ഒരു നാവികസേനയെ സുൽത്താൻ അങ്ങോട്ട് അയച്ചു.

പക്ഷെ, അത് കൊണ്ടൊന്നും സ്പെയ്ന്‍ പിന്തിരിഞ്ഞില്ല. 1492-ൽ ഗ്രാനഡയും ക്രിസ്തീയരുടെ കൈകളിലായി. 711 വർഷം നീണ്ടുനിന്ന സ്പെയിനിലെ മുസ്‍ലിം ഭരണം അതോടെ അവസാനിച്ചു. ഏകദേശം 300,000 മുസ്‍ലിംകൾ മൊറോക്കോയിലേക്കും അൾജീരിയയിലേക്കും കുടിയേറി. അവരയെല്ലാം സംരക്ഷിച്ചത് സുല്‍താന്‍ ബായസീദ് ആയിരുന്നു. സ്പെയ്നിൽ നിന്ന് പുറത്താക്കപ്പെട്ട 100,000 സെഫാരിദി ജൂതന്മാരെ, മറ്റൊരു രാജ്യവും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ക്കും അഭയം നല്കിയത് സുൽത്താൻ ബായസീദ് തന്നെയായിരുന്നു. സലോനിക്ക, ഇസ്മിർ, ഇസ്താംബുൾ തുടങ്ങിയ തുര്‍കിയിലെ വിവിധ നഗരങ്ങളിൽ അവര്‍ താമസമാക്കി. 

1499-ൽ സോഞ്ചിയോ യുദ്ധം എന്നറിയപ്പെടുന്ന സാപിയൻസ് യുദ്ധത്തിൽ 200 കപ്പലുകളുള്ള വെനീഷ്യൻ നാവികസേനയെ ഓട്ടോമൻ നാവികസേന പരാജയപ്പെടുത്തി. ഒട്ടോമൻ സൈന്യം വിജയിച്ച ആദ്യത്തെ തുറന്ന കടൽ യുദ്ധമായിരുന്നു അത്. അതോടെ, പതിനാറാം നൂറ്റാണ്ട് ഓട്ടോമൻ നൂറ്റാണ്ടായി.

തന്റെ ഭരണത്തിന്റെ അവസാനത്തിൽ പിതാമഹന്‍ സുൽത്താൻ മുറാദ് രണ്ടാമനെപ്പോലെ, രോഗിയും ക്ഷീണിതനുമായ സുൽത്താൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. പിൻഗാമിയായി ശഹ്സാദ് സലീമിനെയാണ്  തിരഞ്ഞെടുത്തത്. അധികാരം പ്രതീക്ഷിച്ചിരുന്ന മറ്റു മക്കള്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും, തന്ത്രപരമായ നീക്കങ്ങളിലൂടെ സുൽത്താൻ ബായസീദ് തന്നെ, ഷെഹ്സാദെ സലീമിന് അധികാരം ഉറപ്പിച്ച് കൊടുത്തു.

അധികാരം ഒഴിഞ്ഞ അദ്ദേഹം, തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ ചെലവഴിക്കാൻ ജന്മനഗരമായ ഡിമെറ്റോക്കയിലേക്ക് പുറപ്പെട്ടു. യാത്രയില്‍ കാല്‍നടയായി തന്നെ അനുഗമിച്ച മകന്‍ സലീമിന് അദ്ദേഹം രാഷ്ട്ര കാര്യങ്ങളിൽ പ്രധാനപ്പെട്ട പല ഉപദേശങ്ങളും നൽകി. ആ യാത്രക്കിടെ ഇന്നത്തെ എഡ്രിന്‍ പട്ടണത്തിനടുത്ത് വെച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങി. ഏകദേശം 60 വയസ്സുള്ള അദ്ദേഹം 31 വർഷമാണ് ഭരണം നടത്തിയത്.  അദ്ദേഹത്തിന്റെ മൃതദേഹം ഇസ്താംബൂളിലേക്ക് കൊണ്ടുവന്ന് ഇപ്പോള്‍ ഞാൻ ഇരിക്കുന്ന ഈ പള്ളിയുടെ മുറ്റത്ത് അടക്കം ചെയ്തു. 

സുൽത്താൻ ബായസീദ് രണ്ടാമൻ തന്റെ പിതാവിനുശേഷം ഓട്ടോമൻ സുൽത്താന്മാരിൽ ഏറ്റവും അറിവുള്ളവനായാണ് കണക്കാക്കപ്പെടുന്നത്. മികച്ച വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് അറബിയും പേർഷ്യനും സാഹിത്യവുമെല്ലാം അറിയാമായിരുന്നു. മതവിജ്ഞാനീയങ്ങള്‍ക്ക് പുറമെ, തത്വശാസ്ത്രം, ഗണിതശാസ്ത്രം, സംഗീതം എന്നിവയിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നു. തനിക്ക് സമ്മാനിച്ച എല്ലാ കൃതികളും അദ്ദേഹം വായിക്കുകയും അവയില്‍ പലതും വായിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരു സംഗീതസംവിധായകനും കവിയും കാലിഗ്രാഫറും കൂടിയായിരുന്നു അദ്ദേഹം. അദ്നി എന്ന ഓമനപ്പേരിൽ കവിതകൾ എഴുതിയിരുന്ന അദ്ദേഹത്തിന് ദിവാൻ എന്നൊരു കവിതാസമാഹാരം ഉണ്ടായിരുന്നു.

അതേസമയം, സൂഫിസത്തെ ഏറ്റവും ഇഷ്ടപ്പെട്ട സുൽത്താന്മാരിൽ ഒരാള്‍ കൂടിയായിരുന്നു ശൈഖ് ചെലബിയുടെ ശിഷ്യനായ അദ്ദേഹം. അത്കൊണ്ട് തന്നെ, സൂഫിയെ സൂചിപ്പിക്കാൻ തുർക്കി മുസ്‍ലിംകൾ സാധാരണയായി ഉപയോഗിക്കുന്ന "വാലി" എന്ന പദം ചേര്‍ത്താണ് അദ്ദേഹവും അറിയപ്പെടുന്നത്. കറാമത്തുകളുള്ള ഒരു ദിവ്യനായാണ് പലരും അദ്ദേഹം കണ്ടത്. ഷെഹ്സാദെയായിരിക്കുമ്പോൾ തന്നെ അദ്ദേഹം ഹാൽവെതി ശൈഖ് ചെലെബി ഹലീഫയുടെ ശിഷ്യനായിരുന്നു. അക്കാലത്ത്, ശൈഖുൽ ഇസ്ലാം എബുസ്സുദ് എഫെൻദിയുടെ പിതാവ് ഹൽവെറ്റി ശൈഖ് മുഹമ്മദ് ഇസ്കിലിബിയുടെ (ഷൈഖ് യാവ്സി) മഠത്തിലെത്തി, നാൽപ്പത് ദിവസം നീണ്ടുനിന്ന ഏകാന്തവാസം അനുഷ്ഠിച്ചതായും പറയപ്പെടുന്നുണ്ട്. 

ബായസീദിന്റെ കാലഘട്ടത്തിൽ ഓട്ടോമൻ ചരിത്രരചന ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നപ്പോൾ, ഇബ്‌നു കെമാൽ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശംസുദ്ദീൻ അഹമ്മദും ഇദ്രിസ് ബിറ്റ്‌ലിസിയും ഓട്ടോമൻ ചരിത്രം ക്രോഡീകരിച്ച് പുസ്തകം തന്നെ രചിച്ചു. അദ്ദേഹത്തിന്റെ കാലത്ത്, അതി പ്രശസ്തരായ നിരവധി പണ്ഡിതരും കലാകാരന്മാരുമുണ്ടായിരുന്നു. അദ്ദേഹം അവരെയെല്ലാം സംരക്ഷിക്കുകയും അവർക്കായി പ്രത്യേക ബജറ്റ് അനുവദിക്കുകയും ചെയ്തിരുന്നു. ഓട്ടോമൻ രാജ്യത്തുള്ളവർക്ക് മാത്രമല്ല, ഹെറാത്ത്, ബുഖാറ തുടങ്ങിയ ഇസ്‍ലാമിക ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള പണ്ഡിതന്മാർക്കും അദ്ദേഹം വാർഷിക അലവൻസുകൾ നല്കിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇസ്‌ലാമിക ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. മംലൂകുകള്‍ ഭരിച്ചിരുന്ന ഈജിപ്തിലെ കൈറോവില്‍ പോലും അദ്ദേഹത്തിനായി മയ്യിത് നിസ്കാരം നടന്നു എന്നാണ് പറയപ്പെടുന്നത്.

യൂറോപ്പിലെ കലാകാരന്മാരുമായും അദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നു. ഗോൾഡൻ ഹോണിനും ബോസ്പോറസിനും മുകളിൽ ഒരു പാലം നിർമ്മിക്കാൻ ആവശ്യപ്പെട്ട് ലിയോനാർഡോ ഡാവിഞ്ചി സുൽത്താന് ഒരിക്കൽ ഒരു കത്തെഴുതിയതായും പറയപ്പെടുന്നുണ്ട്. മൈക്കലാഞ്ചലോ ഈ കാലഘട്ടത്തിൽ ഇസ്താംബൂൾ സന്ദർശിച്ചതായും പറയപ്പെടുന്നുണ്ട്. 

കുന്നിന് മുകളിലായി നിര്‍മ്മിക്കപ്പെട്ട ഈ പള്ളിയിലിരുന്ന് ഞാന്‍ ചുറ്റും നോക്കി. ഇസ്താംബൂളിലെ ഏഴ് കുന്നുകളിൽ ഒന്നിന് മുകളിൽ സുൽത്താൻ നിര്‍മ്മിച്ച ഈ മസ്ജിദിനോട് ചേര്‍ന്ന്, മദ്‍റസ, ഇമാററ്റ് (സൂപ്പ് കിച്ചൺ), ലൈബ്രറി, കുട്ടികളുടെ സ്കൂൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സാമൂഹിക സമുച്ചയം തന്നെ നിലകൊള്ളുന്നു. ഇതിന്റെ നിര്‍മ്മാണം 1497 ൽ ആരംഭിച്ച് ഒമ്പത് വർഷം നീണ്ടുനിന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സമുച്ചയത്തിൽ ഓരോ ആഴ്ചയും പൊതുജനങ്ങൾക്കായി, ഖുര്‍ആന്‍ പാഠങ്ങൾ നൽകണമെന്ന് സുൽത്താൻ, അന്നത്തെ ശൈഖുൽ ഇസ്‍ലാമിനോട് വ്യവസ്ഥ ചെയ്യുകയും ഇതിനായി പ്രത്യേകം ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നുവത്രെ. ഇത്, ശേഷം കുറേ കാലം നിലനിന്നിരുന്നുവത്രെ. 

ഞാൻ പള്ളിയിൽ നിന്നിറങ്ങി. ഒരു മഹാനെ കാണാനായി ബോസ്ഫറസിന്റെ മുകളിലുള്ള യാവുസ് സുൽത്താൻ സലീം പാലത്തിലേക്ക് നീങ്ങി. ഉര്‍ദുഗാൻ നിർമിച്ച പാലമാണത്. തുർക്കികളുടെ ആദ്യ ഖലീഫയെ അന്വേഷിച്ചായിരുന്നു ബോസ്ഫറസിലേക്കുള്ള എന്റെ ആ നടത്തം. ആ കഥകളുമായി ഞാന്‍ തിരിച്ചുവരും, ഇന്‍ ശാ അല്ലാഹ്..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter