ശൈഖ് ഖളിര്‍ അദ്നാനും തുര്‍കി തെരഞ്ഞെടുപ്പും നിറഞ്ഞു നിന്ന ദിനങ്ങള്‍
ഇസ്‍റാഈല്‍ നടത്തുന്ന അധിനിവേശത്തിനെതിരെയും അക്രമപരമായി തുടര്‍ന്നുപോവുന്ന തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെയും നിരാഹാര സമരം നടത്തി രക്തസാക്ഷ്യം വരിച്ച ഖളിര്‍ അദ്നാൻ എന്ന പലസ്തീൻ പോരാളിയാണ് ഈ ആഴ്ചയിലെ മുസ്‍ലിം ലോകത്തെ താരം എന്ന് പറയാം. അതേ സമയം, സുഡാനിലെ ആഭ്യന്തര സൈനിക കലഹം വരുത്തി വെച്ച പ്രതിസന്ധിയും അഭയാർത്ഥി പ്രവാഹവുമെല്ലാം പരിഹാരമോ നിയന്ത്രണമോ ഇല്ലാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. സിറിയൻ പ്രതിസന്ധിക്ക് അറുതി വരുത്താനുള്ള ശ്രമങ്ങൾക്ക് പുതിയ പ്രതീക്ഷകള്‍ നൽകുന്ന അമ്മാൻ ഉച്ചകോടിയും തുർക്കിയിലെ തിരഞ്ഞെടുപ്പുമാണ് മുസ്‍ലിം ലോകത്തു നിന്നുള്ള ഈ ആഴ്ചത്തെ മറ്റു വിശേഷങ്ങൾ.
ഖളിര്‍ അദ്നാൻ വധം ഉയർത്തുന്ന ചോദ്യങ്ങൾ
ഇസ്രാഈൽ ജയിലിൽ വെച്ച് 87 ദിവസം നിരാഹരസമരം ചെയ്ത് മരണപ്പെട്ട ശൈഖ് ഖളിര്‍ അദ്നാന്‍ ഫലസ്തീന്റെ പുതിയ രക്തസാക്ഷിയായി മാറിയിരിക്കുന്നു. അതോടൊപ്പം, അധിനിവേശത്തിനെതിരെയുള്ള പതറാത്ത ആവേശത്തിന്റെ പ്രതീകവും. 45കാരനായ ഖളിര്‍ അദ്നാനെ ഇസ്രായേൽ അധികൃതർ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നുവെന്നും അത് മനപ്പൂര്‍വ്വമുള്ള കൊലപാതകമായിരുന്നുവെന്നുമാണ് ഫലസ്തീനികള്‍ വിശ്വസിക്കുന്നത്. ഫലസ്തീനികൾക്കെതിരെയുള്ള പുതിയ ആക്രമണത്തിലേക്ക് ഇസ്റാഈല്‍ നീങ്ങുകയാണെന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നതായി ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ ബർഗൂതി നിരീക്ഷിച്ചു. ഫലസ്തീൻ തടവുകാരെ പിന്തുണയ്ക്കാനും അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കാനും ഒരു സമ്പൂർണ ജനകീയ പ്രക്ഷോഭം ഉണ്ടായില്ലെങ്കിൽ ജീവനും നിലനില്‍പ്പിനും തന്നെ ഭീഷണിയാകുന്ന വരാനിരിക്കുന്ന വലിയ ഒരു അപകടത്തെക്കുറിച്ചും ബർഗൂതി മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ ഫലസ്തീനികളെ രോഷാകുലരാക്കി പുതിയ അക്രമണ പരമ്പര സൃഷ്ടിച്ചുകൊണ്ട് ജനകീയ പരിവേഷത്തോടെ ഇസ്രായേലിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും വിവാദപരമായ നീതിന്യായ പരിഷ്കാരങ്ങൾ സൃഷ്‌ടിച്ച ഭരണകൂട വിരുദ്ധ വികാരത്തിൽ നിന്നും തലയൂരാനുള്ള നെതന്യഹുവിന്റെ ശ്രമമായും അദ്ദേഹം ഇതിനെ വിലയിരുത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് ചൂടിൽ തുർക്കി
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന, തുര്‍കിയിലെ പ്രസിഡൻഷ്യൽ, പാർലമെന്റ് തെരഞ്ഞെടുപ്പുകളുടെ ദിവസം അടുക്കും തോറും തുടർഭരണം ഉറപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടിരിക്കുകയാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഊർജ വ്യവസായ മേഖലയുമായി ബന്ധപ്പെട്ടുള്ളതാണ് ഉറുദുഗാന്റെ പുതിയ പ്രഖ്യാപനങ്ങൾ. എണ്ണ-പ്രകൃതി വാതക പാടങ്ങൾ, ആദ്യ ടർക്കിഷ് ആണവ നിലയമായ "അക്കുയു" യുടെ ഉദ്ഘാടനം, തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹമായ "ഇമാജ്" വിക്ഷേപണം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. യൂറോപ്പിലെയും മുസ്‍ലിം ലോകത്തെയും സുപ്രധാന ശക്തിയായ തുർക്കിയിലെ തെരഞ്ഞെടുപ്പ് ലോകരാജ്യങ്ങൾ ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഒന്നാണ്.
ഉർദുഗാന്റെ ഭരണതുടർച്ചക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകൂടത്തിനെതിരെ വ്യത്യസ്ത വിഷയങ്ങളിലായി അമർഷമുള്ള ജനവിഭാഗങ്ങളെയെല്ലാം അണിനിരത്തി ശക്തമായ ഒരു പ്രതിപക്ഷ കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ച് നില്ക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളുണ്ടെങ്കിലും അവയൊന്നും കാര്യമായി ഫലം കണ്ടിട്ടില്ലെന്നാണ് അവസാന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മെയ് പതിനഞ്ചിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക. ആ ദിവസം സൂര്യനുദിക്കുന്നത് തുര്‍കിയുടെ ചരിത്രത്തിലെ നാഴികക്കല്ല് തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ കണക്ക് കൂട്ടലുകള്‍.
സുഡാന്‍, പരിഹാരം ഇനിയുമകലെ
മൂന്നാഴ്ചയോളമായി അഞ്ഞൂറിലേറെ പേരുടെ മരണത്തിനും ലക്ഷകണക്കിനു പേരുടെ അഭയാർത്ഥി പ്രവാഹത്തിനും കാരണമായ സുഡാനിലെ ആഭ്യന്തര സൈനിക കലഹം സമവായത്തിന്റെ പച്ചതുരുത്തുകൾ കണ്ടെത്താൻ സാധിക്കാതെ, ദിശ തെറ്റി അന്ധവും അനന്തവുമായി സഞ്ചരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണപ്പെടുന്നത്. സൌദി അറേബ്യയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും രാജ്യം സാധാരണയിലേക്ക് തിരിച്ച് വരാന്‍ ഇനിയും സമയം എടുക്കുമെന്ന് തന്നെയാണ് മനസ്സിലാവുന്നത്.
വെടി നിർത്തൽ പ്രഖ്യാപനങ്ങളും മധ്യസ്ഥ ശ്രമങ്ങളുമെല്ലാം തന്നെ അന്താരാഷ്ട്ര വിമർശനങ്ങളെ ലഘൂകരിക്കാനും ലോക രാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും ഉപകരണങ്ങളായി മാത്രമായിട്ടാണ് ഇരു സൈനിക വിഭാഗങ്ങളും കാണുന്നത്. ഇതിനിടെ സുഡാൻ കലാപത്തിനു പരിഹാരം കാണുന്നതിൽ തങ്ങൾ പൂർണ പരാജിതരായെന്ന് യു. എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് തുറന്നുപറയുകയും ചെയ്തു.
അമ്മാൻ ഉച്ചകോടി നൽകുന്ന പ്രതീക്ഷകൾ
ജോർദാനിന്റെ തലസ്ഥാനമായ അമ്മാനിൽ അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത, തിങ്കളാഴ്ച സമാപിച്ച അമ്മാൻ ഉച്ചകോടി മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെ കാലങ്ങളായി കുഴക്കുന്ന, അതിസങ്കീർണമായ സിറിയൻ ആഭ്യന്തര പ്രതിസന്ധിക്ക് അറുതി വരുത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾക്ക് പുത്തനുണർവേകുന്നതാണ്.
ജനജീവിതത്തെ ദുരിത പൂര്‍ണ്ണമാക്കിയ സിറിയൻ പ്രതിസന്ധിക്ക്, അറബ് ലീഗിലേക്കുള്ള സിറിയൻ പ്രവേശനം അടക്കം വിവിധ നയരൂപീകരണങ്ങളിലൂടെയും രാഷ്ട്രീയ മാർഗങ്ങളിലൂടെയും എന്നന്നേക്കുമായി തീർപ്പു വരുത്താനുള്ള ശ്രമങ്ങൾക്ക് പൂർണ സഹകരണം പ്രഖ്യാപിച്ചു കൊണ്ടാണ് ഉച്ചകോടി പിരിഞ്ഞത്. ഉച്ചകോടിയുടെ സദ്ഫലങ്ങള്‍ വരും ദിനങ്ങളില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് സിറിയന്‍ ജനത.
Leave A Comment