ഹസന് അബ്ദുല്ലക്ക് ഹജ്ജിന് വഴിയൊരുങ്ങിയത് ഇങ്ങനെയായിരുന്നു
ഘാനയിലെ നിർധനനായ ഗ്രാമീണ കർഷകനാണ് ഹസൻ അബ്ദുല്ല. ഏറെ കാലമായി കഅ്ബയും റൌളയും കാണണമെന്ന ആഗ്രഹവും താലോലിച്ച് നടക്കുന്നു ഹസന്.
അങ്ങനെയിരിക്കെയാണ്, ഒരു തുര്‍കി സംഘം മീഡിയ ഷൂട്ടിങ്ങിന്റെ ഭാഗമായി ഘാനയിലെത്തുന്നത്. മേല്‍ഭാഗത്ത് നിന്ന് ഷൂട്ട് ചെയ്യാനായി അവര്‍ ഉപയോഗിച്ച ഡ്രോണ്‍ വന്നിറങ്ങിയത് ഹസന് അബ്ദുല്ലയുടെ നേരെ മുന്നിലായിരുന്നു. ആകാശത്ത് കൂടെ ഒരു പൊട്ട് പോലെ പറക്കുന്ന വിമാനങ്ങള്‍ മാത്രം ജീവിതത്തില്‍ കണ്ടിട്ടുള്ള ഹസന് അബ്ദുല്ലക്ക് വല്ലാത്ത അല്‍ഭുതമാണ് തോന്നിയത്. ഒരു കുഞ്ഞുവിമാനമാണോ തന്റെ മുന്നിലിറങ്ങിയിരിക്കുന്നത് എന്നായിരുന്നു അയാളുടെ ചിന്ത.
അതിനെ താലോലിച്ച് കൊണ്ട് ഹസന് ഇങ്ങനെ പറഞ്ഞു, ഇത് അല്പം കൂടി വലുപ്പമുണ്ടായിരുന്നെങ്കില്‍ ഇതില്‍ കയറി എനിക്ക് മക്കയിലേക്ക് പോകാമായിരുന്നു. അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഒലിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് സമീപമെത്തിയ ഷൂട്ടിങ് സംഘം ഹസനോട് കാര്യങ്ങളന്വേഷിച്ചു. ആ സാധാരണക്കാരനായ ഗ്രാമീണന്റെ നിഷ്കളങ്കമായ ആഗ്രഹം കേട്ട് അവര്‍ക്കും കണ്ണ് നിറഞ്ഞു.
അധികം വൈകാതെ, ഡ്രോണുമായി നില്ക്കുന്ന ഹസന് അബ്ദുല്ലയുടെ ഫോട്ടോ സംഘത്തിലെ ഒരാള്‍ ട്വിറ്ററില്‍ പങ്ക് വെച്ചു. തുര്‍ക്കി സാമൂഹ്യമാധ്യമങ്ങളില്‍ ഹസന് അബ്ദുല്ലയുടെ ചോദ്യം വൈറലായി. ട്രീറ്റ് ശ്രദ്ധിച്ച തുര്‍കി വിദേശകാര്യ മന്ത്രി മെവ്ലറ്റ് സാവുസോഗ്ലു ഉൾപ്പെടെയുള്ളവർ വിഷയത്തില്‍ ഇടപെട്ടു. അതിന്റെ ഫലമായി ഹജ്ജ് യാത്രക്ക് ആവശ്യമായ എല്ലാ സഹായങ്ങളും തുർക്കി ഭരണകൂടം ഒരുക്കി കൊടുത്തു. വിവരമറിഞ്ഞ ഹസന് അബ്ബദുല്ലക്ക് തന്റെ കണ്ണുകളെയോ കാതുകളെയോ വിശ്വസിക്കാനായില്ല.
അവസാനം, യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഹസന് ഘാനയില്‍നിന്ന് ഇസ്താംബൂളിലെത്തി. രാജോചിത സ്വീകരണങ്ങളോടെ ഇസ്താംബൂളിലെത്തിയ ഹസന് മാധ്യമങ്ങളോട് പറയാന്‍ വാക്കുകളില്ലായിരുന്നു. ഇസ്താംബൂളിലാണ് ഞാനിപ്പോള്‍ എത്തിയിരിക്കുന്നത്, വല്ലാത്ത സന്തോഷമുണ്ട് ഇതില്‍. അല്ലാഹുവിന്റെ അനുഗ്രഹമാണ് ഇത്, അബ്ദുല്ല അനാട്ടോളിയ ഏജൻസിയോട് തുടര്‍ന്ന് പറഞ്ഞു. ഞാൻ അല്ലാഹുവിനോട് നന്ദിയുള്ളവനാണ്, ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച എല്ലാവർക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. തുർക്കി ഭരണകൂടത്തിന്റെ സഹായം ഏറെ വിലപ്പെട്ടതാണ്. ഇത് മുസ്ലിംകൾ തമ്മിലുള്ള സൗഹൃദവും സാഹോദര്യവും മെച്ചപ്പെടുത്താൻ കൂടി ഇത് സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."
2017 ലെ ഹജ്ജ് സംഗമത്തിന്റെ ഭാഗമായി അറഫയില്‍ ഒരുമിച്ച് കൂടിയ ദശലക്ഷങ്ങളുടെ കൂട്ടത്തില്‍ ഹസന് അബ്ദുല്ലയുമുണ്ടായിരുന്നു. ഹജ്ജ് കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ നില്ക്കുന്ന ഹസൻ അബ്ദുല്ലാഹ് എന്ന ഹാജിയുടെ ചിത്രങ്ങള്‍ ഡെയ്ലി സ്വബാഹ് പ്രസിദ്ധീകരിച്ചിരുന്നു.
Read More: സല്വാവിയുടെ കാന്‍വാസില്‍ പതിയുന്നതെല്ലാം ഹജ്ജ് ആഗ്രഹങ്ങളാണ്
ഉല്‍ക്കടമായ ആഗ്രഹം ഉണ്ടെങ്കില്‍, അവ സാധിച്ചെടുക്കാനുള്ള വഴികള്‍ നാം പോലും ആലോചിക്കാത്ത വിധം പടച്ച തമ്പുരാന് തുറന്ന് തരുമെന്നാണ് ഹസന് അബ്ദുല്ലയുടെ അനുഭവവും നമ്മോട് പറയുന്നത്. കഅ്ബയും റൌളയും കാണാനുള്ള എത്രയോ പേരുടെ ആഗ്രഹങ്ങള്‍ ഇത് പോലെ പൂവണിഞ്ഞതിന്റെ ഒരു പിടി ഉദാഹരണങ്ങളുണ്ട് നമ്മുടെ മുമ്പില്‍. ഘാനക്കാരനായ ഹസന് അബ്ദുല്ലയും ഇപ്പോള്‍ ആ പട്ടികയില്‍ ഇടം പിടിച്ചു എന്ന് മാത്രം.
Leave A Comment