വിശ്വാസം അതല്ലേ എല്ലാം
യൂസുഫ്ബ്‌നു അസ്ബാഥ് (റ) ഔലിയാക്കളില്‍ സമുന്നതനായ സുഫ്‌യാനുസ്സൗരി(റ) യെ സന്ദര്‍ശിക്കുവാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അന്നേരം ആ മഹാത്മാവ് തേങ്ങിക്കരയുന്നതാണ് കണ്ടത്. അന്നു രാത്രി മുഴുവന്‍ യൂസുഫ്ബ്‌നു അസ്ബാഥ് ആ വീട്ടില്‍ താമസിച്ചു. പക്ഷേ കരയാത്ത ഒരു സമയവും കാണാന്‍ കഴിഞ്ഞില്ല. യൂസുഫ്ബ്‌നു അസ്ബാഥ് ആകെ ഉത്ക്കണ്ഠാകുലനായി. ഒടുവില്‍ കരുതലോടെ അദ്ദേഹത്തിന്റെ അടുത്തു ചെന്നു ചോദിച്ചു. അങ്ങെന്തിനാണിങ്ങനെ നിര്‍ത്താതെ കരയുന്നത്? വല്ലപ്പോഴും സംഭവിച്ചുപോയ പാപങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നിട്ടാണോ? കാരുണ്യവാനായ റബ്ബ് നിങ്ങളെപ്പോലുള്ളൊരു സുകൃതവാന് മാപ്പ് തരാതിരിക്കുമോ?
ഇതുകേട്ട മഹാൻ ഒരു പുല്‍ക്കൊടി പൊക്കിപ്പിടിച്ച് പറഞ്ഞു. സഹോദരാ, പാപങ്ങളുടെ കാര്യമോര്‍ത്തല്ല ഞാന്‍ കരയുന്നത്. അതൊക്കെ അല്ലാഹുവിന് ഈ പുല്‍ക്കൊടിയേക്കാള്‍ നിസ്സാരമാണ്. ഞാന്‍ പേടിക്കുന്നത്, ഈമാന്‍ എന്നില്‍ നിന്നെങ്ങാനും ഉയര്‍ന്നുപോകുമോ എന്നതാണ്. ആ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് കരച്ചിലടക്കാന്‍ സാധിക്കുന്നില്ല. (ഇഹ്‌യാ)
ശ്വാസം പോലെത്തന്നെ വിശ്വാസവും അല്ലാഹുവിന്റെ കനിവാണ്. ഏതൊരു നിമിഷവും നമ്മുടെ ശ്വാസം നിലച്ച് പോവാമെന്നപോലെ വിശ്വാസവും കൈവിട്ടുപോവാം. പേടിക്കണം. ശ്വാസം നിലയ്ക്കുംവരെ വിശ്വാസവും കൂടെയുണ്ടാവാൻ അല്ലാഹുവിന്റെ കാരുണ്യത്തിനായി കരഞ്ഞു തേടണം. പ്രഭാതത്തിൽ വിശ്വാസികളാകുന്ന പലരും പ്രദോഷം ആകുമ്പോഴേക്ക് വിശ്വാസം നഷ്ടപ്പെട്ടവരാകുന്നുണ്ട്. പ്രദോഷത്തിൽ വിശ്വാസികളാകുന്ന പലരും പുലരുമ്പോഴേക്ക് വിശ്വാസം വിനഷ്ടമായവരാകുന്നുണ്ട്.
സ്വര്‍ഗ ലോകത്ത് എത്തിപ്പെടാന്‍ പ്രയാസമേറിയ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതായുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കടമ്പ വിശ്വാസം തന്നെയാണ്. അല്ലാഹു കനിഞ്ഞേകിയ വിശ്വാസം നമ്മുടെ മരണംവരെയും നിലനിര്‍ത്തിത്തരും എന്ന് എന്തുറപ്പാണുള്ളത്. ഈമാന്‍ നഷ്ടപ്പെട്ട നിലയില്‍ ആരെങ്കിലും മരിച്ചാല്‍ എല്ലാം നഷ്ടപ്പെട്ട് മാറ്റി നിര്‍ത്തപ്പെട്ടവനായിരിക്കുമയാള്‍ (അയ്യുഹല്‍ വലദ്).
അഹങ്കാരമുള്ള മനസ്സുകളിൽ നിന്ന് സത്യം കര കടക്കും. പാപങ്ങളിൽ വ്യാപൃതരായവരും സമ്പത്തിൽ വിശുദ്ധി പുലർത്താത്തവരും വിശ്വാസം നഷ്ടപ്പെട്ടുപോവൽ ഭയക്കണം. ഹൃദയത്തിന് ചാഞ്ചാടുന്ന ഭാവമാണ്. അതുകൊണ്ടുതന്നെ പ്രവാചക തിരുമേനിയുടെ പോലും നിത്യ പ്രാർത്ഥനകളിൽ ഇങ്ങനെ ഉൾപ്പെട്ടിരുന്നു. 'ഹൃദയങ്ങളെ ചാഞ്ചാടിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തിൽ നീ ഉറപ്പിച്ചു നിർത്തണേ' (തിർമുദി)