ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-18 ഹാജി ബെക്താഷ് വേലിയും ബെക്താഷ്കിലി ത്വരീഖത്തും
ബെക്താഷ്ക്ലിയിലൂടെയാണ് ഞാനിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. തുര്‍ക്കിയിലെ മധ്യഅനാട്ടോളിയയിലെ ഒരു ജില്ലയാണ് ബെക്താഷ്ക്ലി. തുര്‍കിയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഭൂമികയാണ് ഇത്. ഒട്ടേറെ പരാക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച ഈ നാട്, റോമൻ സൽജൂഖികളെയും ഒട്ടോമൻ സാമ്രാജ്യത്തെയും കൈ നീട്ടി സ്വീകരിച്ചിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചുപോയ ഒരു സ്വൂഫിയുടെ പേരിലാണ് ഈ ജില്ല തന്നെ അറിയപ്പെടുന്നത്. നാടോടി കാറ്റുകളിലൂടെ വാമൊഴിയായയി മാത്രം കൈമാറ്റം ചെയ്യപ്പെട്ടുന്നുവരുന്ന അദ്ദേഹത്തിന്റെ ചരിത്രവും ജീവിതവും ഇന്നും തുര്‍ക്കി ജനത ഏറെ ആദരവോടെയാണ് നോക്കിക്കാണുന്നത്.
സ്വൂഫികള്‍ക്കും അവരുടെ മാര്‍ഗ്ഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കിയവരായിരുന്നു തുര്‍കി ഭരണാധികാരികള്‍. അത് കൊണ്ട് തന്ന വിവിധ സ്വൂഫി സരണികള്‍ അവിടെ തഴച്ച് വളര്‍ന്നു. സൂഫികൾ പൊതുവെ ക്ഷമയും സഹിഷ്ണുതയുമുള്ളവരായതിനാൽ ഇതര മതസ്ഥര്‍ പോലും അവരുമായി വളരെ അടുത്ത് ഇടപഴകിയിരുന്നു.
മൗലാന ജലാലുദ്ധീൻ റൂമി, യൂനുസ് എമ്രെ തുടങ്ങിയ വലിയ പേരുകൾക്കിടയിൽ അനാട്ടോളിയയിൽ ജീവിച്ചിരുന്ന മറ്റൊരു പ്രമുഖ സൂഫിയായിരുന്നു ഹാജി ബെക്താശ് വേലി. ലിഖിതമായ രേഖകളില്ലെങ്കിലും വാമൊഴികളിലൂടെ ഇന്ന് വരെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും വിവരണങ്ങളും കൈമാറിവന്നിട്ടുണ്ട്. ഒരു മാനിനെയും സിംഹത്തെയും ഒരുമിച്ച് കെട്ടിപിടിക്കുന്ന ഏഷ്യാറ്റിക് വിനയത്തിലാണ് അദ്ദേഹം പൊതുവെ ചിത്രീകരിക്കപ്പെടുന്നത്.
വാമൊഴിയിലൂടെ ലഭിച്ച വിവരങ്ങള്‍ പ്രകാരം, അദ്ദേഹം ഖുറാസാൻ സൂഫിസത്തിന്റെ ഭാഗമായിരുന്നു. ശീഈ ധാരയിലേക്കെത്തുന്ന ഖുറാസാൻ സൂഫിസത്തിലെ ഏറ്റവും വലിയ സൂഫിയായ അഹ്മദ് യസവിയിൽ നിന്ന് ഒരു വസിയ്യത് സ്വീകരിച്ചതിന് ശേഷം, അദ്ദേഹം അനാട്ടോളിയന്‍ ഭൂപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നുവത്രെ. ഒട്ടോമൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ ജാനിസാരി സൈന്യത്തെ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു എന്നും പറയപ്പെടുന്നു. ശീഈ ധാരയിലായിരുന്നു തുടക്കമെങ്കിലും തുര്‍ക്കിയിലെത്തിയതോടെ സുന്നീ ധാരകളുടെ ഒട്ടേറെ വശങ്ങളും അദ്ദേഹം സ്വാംശീകരിച്ചതായാണ് പറയപ്പെടുന്നത്.
മുസ്ലിംകൾക്കെന്ന പോലെ, ക്രിസ്ത്യാനികൾക്കും അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നുവത്രെ. അനാട്ടോളിയൻ ക്രിസ്ത്യനികൾ അദ്ദേഹത്തെ "വിശുദ്ധ ചരംലംബോസ്" എന്ന് നാമകരണം ചെയ്യുകയും അവരുടെ പള്ളികളിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. 1271ലാണ് ഹാജി ബെക്താഷ് വേലി മരണപ്പെടുന്നത്.
അദ്ദേഹത്തിന്റെ ഖബ്റ് നില കൊള്ളുന്ന ഹാജി ബെക്താഷ് വേലി കോംപ്ലക്സ് ബക്താഷി സരണിയുടെ കേന്ദ്രം കൂടിയാണ്. 1925 വരെ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അത്, തുര്‍കിയുടെ ആധുനിക വല്‍കരണത്തിന്റെ ഭാഗമായി, സ്വൂഫി സരണികളെല്ലാം നിരോധിക്കപ്പെട്ടതോടെ, വര്‍ഷങ്ങളോളം അടഞ്ഞ് കിടക്കുകയായിരുന്നു. പിന്നീട് അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചത് അല്‍ബേനിയയിലായിരുന്നു. ബക്താഷി സരണിയുടെ ഒട്ടേറെ ചരിത്രവും സ്മാരകങ്ങളും ഇന്ന് നിലകൊള്ളുന്നത് അല്‍ബേനിയയിലാണ്.
ശേഷം 1964ല്‍ മ്യൂസിയമായി പ്രഖ്യാപിക്കപ്പെട്ട അത്, ഇന്ന് യുനെസ്കോയുടെ ലോക പുരാതന കേന്ദ്രങ്ങളില്‍ ഒന്നാണ്. ദിവസംതോറും നൂറ് കണക്കിന് സന്ദര്‍ശകരാണ് ഇന്നും ഇവിടെ എത്തുന്നത്. 2012 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ വിപുലമായ ആഘോഷപരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. പൊതുവിദ്യാലയങ്ങൾ, തെരുവുകൾ തുടങ്ങിയ നിരവധി സ്ഥലങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഇന്നും ഈ നഗരത്തിൽ സ്ഥിതിച്ചെയ്യുന്നുണ്ട്. തുര്‍കിക്ക് പുറമെ, അല്‍ബേനിയ, ഈജിപ്ത് തുടങ്ങിയ മറ്റു ചില രാജ്യങ്ങളിലും ഈ സരണി സജീവമായി തുടരുന്നുണ്ട്.
ബെക്താഷ് വേലിയുടെ ദര്‍ഗ്ഗ സന്ദര്‍ശിച്ച്, അദ്ദേഹത്തോട് സലാം പറഞ്ഞ് പതുക്കെ ഞാന്‍ നടന്നുനീങ്ങി.
Leave A Comment